മലയാള സിനിമയിൽ വല്ലാത്ത പ്രതിസന്ധി നിലനില്ക്കുന്നു എന്നാണു എല്ലാവരും പറയുന്നത്. നല്ല എഴുത്തുകാർ വരുന്നില്ല, നല്ല പ്രമേയങ്ങൾ ഉണ്ടാകുന്നില്ല, പുതുമുഖങ്ങൾക്ക് അവസരം കൊടുക്കുന്നില്ല തുടങ്ങി ഒരുപാട് പ്രശ്നങ്ങളും ഇതിനൊക്കെ പുറമേ ഇറങ്ങുന്ന സിനിമകൾ കണ്ട് കാശു പോയി എന്ന് പറഞ്ഞ് വിലപിക്കുന്ന ഒരു പ്രേക്ഷക സമൂഹവും. എല്ലാം കൂടി ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണു. സിനിമയെ ഒരുപാട് സ്നേഹിക്കുന്ന സിനിമയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന ഒരു കൂട്ടം എന്ന നിലക്ക് ഞങ്ങൾക്ക് മലയാള സിനിമയുടെ ഈ വിഷമഘട്ടത്തെ കുറിച്ച് സങ്കടമുണ്ട്. ഒപ്പം ഇതിനൊരു പരിഹാരം കാണണമെന്ന് അതിയായ ആഗ്രഹവും ഉണ്ട്. അതുകൊണ്ടു തന്നെ മലയാള സിനിമയ്ക്ക് പുതുമയുടെ ഒരു വസന്ത കാലം സൃഷ്ടിക്കാൻ പോകുന്ന കഥകളുമായി ഞങ്ങൾ നടക്കാൻ തുടങ്ങിയിട്ട് ഒരുപാട് കാലമായി. പറ്റിയ ഒരു പ്രൊഡ്യൂസറെ കിട്ടാത്തതു കൊണ്ടാണു വെള്ളിത്തിരയിൽ A Film By b Studio എന്ന് ഇനിയും തെളിയാത്തത്. ഞങ്ങളുടെ കഥകൾ കേൾക്കുമ്പോൾ പലർക്കും വളരെയധികം ഇഷ്ടപ്പെടുമെങ്കിലും ഞങ്ങളുടെ ആവശ്യം അറിയുമ്പോൾ മിക്കവരും പിന്മാറുകയാണു ചെയ്യുന്നത്. ചിലർ മുന്നോട്ട് വരികയും പക്ഷെ ഞങ്ങളുടെ കണ്ടീഷൻ നടപ്പില്ലാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ഓർത്ത് വേണ്ടന്ന് വെക്കുകയുമാണു. ഇത്ര ബുദ്ധിമുട്ടുള്ള എന്ത് ആവശ്യമാണു ഞങ്ങൾ മുന്നോട്ട് വെച്ചത് എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടാവും അല്ലേ.. പറയാം ഞങ്ങൾ ഞങ്ങളുടെ സിനിമ പോസ്റ്റ് പെയ്ഡ് ആയി ഇറക്കാനാണു ഉദ്ദേശിക്കുന്നത്. എന്നു വെച്ചാൽ ഇപ്പോൾ നമ്മൾ സിനിമ കാണാൻ ഒരുപാട് പ്രതീക്ഷകളുമായി തിയറ്ററിൽ എത്തുന്നു. ടിക്കറ്റ് എടുക്കുന്നു, പടം കാണുന്നു. പടം പൊളിയാണെങ്കിൽ പോയ കാശിനെ ഓർത്ത് ദുഖിച്ച് സിനിമയെകുറിച്ച് മോശം അഭിപ്രായവും പറഞ്ഞ് തിയറ്റർ വിടുന്നു. കാലാകാലങ്ങളായി ഇത് ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു. എന്നാൽ ഞങ്ങളുടെ സിനിമ കാണാൻ വരുന്നവർ ആദ്യം ടിക്കറ്റ് എടുക്കേണ്ട ആവശ്യമില്ല. ഇടവേളക്ക് മുൻപേ സിനിമ ഇഷ്ടപ്പെടാതെ നിങ്ങൾ പുറത്ത് പോവുകയാണെങ്കിൽ ഇതിനു യാതൊരു പൈസയും തരേണ്ടതില്ല. ഇനി ഇന്റർവെൽ ആയിട്ടാണു നിങ്ങൾ പോകുന്നതെങ്കിൽ ടിക്കറ്റിന്റെ പകുതി ചാർജ് മാത്രമേ ഈടാക്കുകയുള്ളു. സിനിമ മുക്കാൽ ഭാഗമാവുമ്പോൾ ക്ലൈമാക്സ് എന്താവും എന്ന് നിങ്ങൾക്ക് മനസ്സിലായി നിങ്ങൾ പോവുകയാണെങ്കിൽ ടിക്കറ്റ് ചാർജിന്റെ 75% തന്നാൽ മതി. അതായത് പടം തീരുന്നത് വരെ നിങ്ങൾ കണ്ടിരിക്കുന്നുണ്ടെങ്കിൽ മാത്രം മുഴുവൻ പണവും തന്നാൽ മതി എന്നർത്ഥം. ഇതാവുമ്പോൾ കാശു പോയി എന്ന ഒരു പരിഭവം പ്രേക്ഷകനു ഉണ്ടാവില്ല താനും. എന്നാൽ ഈ ഒരു വ്യവസ്ഥ അംഗീകരിക്കാൻ നിർമ്മാതാക്കൾ തയ്യാറാവാത്തതാണു ഞങ്ങളുടെ സിനിമാ ഫീൽഡിലേക്കുള്ള വരവ് വൈകിക്കുന്നത്. എന്നെങ്കിലും ഒരിക്കൽ ഒരു നിർമ്മാതാവ് ഞങ്ങൾക്കായി വരും എന്ന പ്രതീക്ഷയിൽ ഞങ്ങൾ കാത്തിരിക്കുകയാണു. വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ ഓട്ടോ റിക്ഷ പിടിച്ചാണെലും അത് വരിക തന്നെ ചെയ്യും. തല്ക്കാലം നിർമ്മാതാവ് ഓട്ടോറിക്ഷയും കാത്ത് ജംക്ഷനിൽ തന്നെ നില്ക്കട്ടെ. നമ്മുക്ക് കാര്യത്തിലേക്ക് വരാം. ഈ അടുത്ത കാലത്ത് റിലീസ് ചെയത മലയാള സിനിമകൾ ഇങ്ങനെ പോസ്റ്റ് പെയ്ഡുകൾ ആയിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു എന്ന് നോക്കാം..
ഇതാണു 2010 ലെ പ്രമുഖ റിലീസ് ചിത്രങ്ങൾ
1.ബ്ലാക്ക് സ്റ്റാലിയൻ
2.ഹാപ്പി ഹസ്ബന്റ്
3.ബോഡി ഗാർഡ്
4.ദ്രോണ
5.യുഗപുരുഷൻ
6.ആഗതൻ
7.സൂഫിപറഞ്ഞ കഥ
8.നായകൻ
9.താന്തോന്നി
10. ഇൻ ഗോസ്റ്റ് ഹൗസ് ഇൻ
11. പ്രമാണി
12. ഏപ്രിൽ ഫൂൾ
13. ജനകൻ
14. പാപ്പി അപ്പച്ച
15. TD ദാസൻ std VI B
ഞങ്ങളെ സംബന്ധിച്ചു പറയുകയാണെങ്കിൽ പടം എത്ര വലിയ വളിപ്പാണെലും അവസാനം വരെ കണ്ടിരിക്കും. അവസാന പന്തിൽ ജയിക്കാൻ 20 റൺസ് വേണം എന്നിരിക്കെ ബ്രെറ്റ് ലീ 3 നോബോളുകൾ എറിയുമെന്നും അതിൽ ആശിഷ് നെഹറ 3 സിക്സറുകൾ അടിച്ച് ഇന്ത്യ കളി ജയിക്കും എന്ന് വിശ്വസിക്കുന്ന ക്രിക്കറ്റ് ഫാൻസിനെ പോലെയാണു ഞങ്ങൾ. അല്ലാതെ പൊതുവിൽ പറയുകയാണെങ്കിൽ അവസാനം വരെ കണ്ടിരിക്കാവുന്ന പടം ഇതിൽ ഇൻ ഗോസ്റ്റ് ഹൗസ് ഇൻ മാത്രമാണു. അതും 2 ഹരിഹർ നഗർ കണ്ടവർ അതുപോലെ ഉള്ള എന്ത് ട്വിസ്റ്റ് ആണു ഇതിന്റെ ക്ലൈമാക്സിൽ ലാൽ ഒളിപ്പിച്ചു വെച്ചിരിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷ കൊണ്ട് ഇരിക്കുന്നെങ്കിൽ മാത്രം..
*സിനിമ പോസ്റ്റ് പെയ്ഡിൽ ആയാൽ ബുദ്ധിമുട്ടിലാവുന്ന ഒരു വിഭാഗമുണ്ട്. 50 രൂപയ്ക്ക് സിനിമ കണ്ടു എന്ന ഒരൊറ്റ കാരണം പറഞ്ഞ് അതിനെ തലമുടി നാരുമുതൽ ചെറുവിരലിന്റെ അറ്റം വരെ കീറി മുറിച്ച് വിശകലനം ചെയ്ത് മാർക്കു കൊടുക്കുന്നവർ. ഒരു സിനിമ കാണാൻ കൊള്ളാവുന്നതാണോ അല്ലയോ എന്ന് ആധികാരികമായി വിധിക്കുന്നവർ, വിലയിരുത്തുന്നവർ. ഇനി അവർക്ക് പറയാൻ പറ്റില്ലല്ലോ ഇത് കണ്ടാൽ കാശു പോവും എന്ന്. എന്തായാലും സീരിയലുകൾ ഉള്ളത് കൊണ്ട് അതിന്റെ റിവ്യു എഴുതി കഴിയാം.
Subscribe to:
Post Comments (Atom)








10 comments:
ജഗതി, മലയാളി മാമന് വണക്കം എന്ന ചിത്രത്തില് പറഞ്ഞതു പോലെ നിര്മ്മാതാക്കള് പറയും
"ഐഡിയ ഈസ് ഗുഡ്, ബട്ട് മണി ഈസ് മൈന്" എന്ന് ;)
സെറ്റപ്പ് കൊള്ളാം, ചെറിയ ചില തിരുത്തുകൾ പറയട്ടെ (ഇതിലെ ഹാസ്യം ചോർത്തിക്കളയുകയല്ല ഉദ്ദേശ്യം)
ക്ലൈമാക്സ് അനുസരിച്ചല്ല സിനിമ പ്രേക്ഷകർ ഇഷ്ടപ്പെടുന്നത്. ക്ലൈമാക്സ് മനസിലായാലും, പ്രെഡിക്റ്റബിൾ ആണെങ്കിൽപ്പോലും, സിനിമ മനോഹരമായി എടുത്തിട്ടുണ്ടെങ്കിൽ ആളുകൾ കാണാനുണ്ടാവും (ഇക്കാലത്ത് ഇതുപോലും ധൈര്യമായി പറയാൻ കഴിയില്ല, ഫാൻസ് അല്ലേ ഭരിക്കുന്നത്). സിബിഐ ഡയറിക്കുറിപ്പൊക്കെ ക്ലൈമാക്സ് അറിഞ്ഞിട്ടും പലതവണ ജനം കണ്ടതല്ലെ, ഇപ്പോഴും ടിവിയിൽ വന്നാൽ ജനം കാണുന്നുമുണ്ട്. അപ്പോൾ ക്ലൈമാക്സ് അല്ല കാര്യം.
ഇനി ചില തിരുത്തുകൾ പറയട്ടെ... കുത്തിലേയ്ക്ക് (ടു ദ പായിന്റ്)
ഇന്റർവെല്ലിനുമുൻപ് ആളുകളെ പുറത്തിറക്കാൻ മാത്രം മാരകമാണ് സിനിമയെങ്കിൽ കാശുവേണ്ടാ.
ഇന്റർവെൽ വരെ കണ്ടാൽ (പിടിച്ചിരിക്കാൻ ജനത്തിനോ പിടിച്ചിരുത്താൻ സിനിമയ്ക്കോ കഴിഞ്ഞാൽ) 50%.
അതുകഴിഞ്ഞ് തിരിച്ചു കയറാൻ തോന്നിയവന്മാരിൽ നിന്നും ഫുൾ കാഷ്. സിനിമയുടെ പ്രോഗ്രഷനൊക്കെ വെച്ച് കണക്കുകൂട്ടാൻ ഇത്തിരി പാടല്ലേ.
പിന്നെ, സിനിമയിലെ ഇന്ററസ്റ്റിങ്ങ് സാധനങ്ങൾ (ഐറ്റം ഡാൻസ്, കാബറെ തുടങ്ങിയവയൊക്കെ) ഇന്റർവെല്ലിനു ഇരുപുറത്തും വെയ്ക്കണം. ഇന്റർവെല്ലിനുമുൻപ് വെച്ചാൽ അതുകഴിഞ്ഞാൽ ജനം (പ്രത്യേകിച്ചും മുൻപ് കണ്ടവർ) ഇറങ്ങിപ്പോയേയ്ക്കും, കാശ് നഷ്ടം. ഇന്റർവെല്ലിനു ശേഷമാണെങ്കിൽ സിനിമയിൽ ഇതൊന്നും ഇല്ല എന്നുകരുതി ഇന്റർവെല്ലിനേ ജനം ഇറങ്ങും, പാതി കാശ് നഷ്ടം. (Same holds for the interesting parts of the story/film as well, യുദ്ധം പോലുള്ളവ)
കാണുന്നവർക്കൊക്കെ ഇലക്ഷൻ കമ്മീഷൻ ചെയ്യുന്നതുപോലെ വിരലിൽ (നെറ്റിയിൽ ആയാലും കുഴപ്പമില്ല) അടയാളമിടണം. ഇല്ലെങ്കിൽ അവനവന് ആവശ്യമുള്ളതുമാത്രം കണ്ട് അവന്മാർ ഇറങ്ങിപ്പോകും, അതെങ്ങാനും ഇന്റർവെല്ലിനും മുൻപാണെങ്കിൽ കാര്യം ഗ്വാപി. ഒരിക്കൽ കണ്ടുകഴിഞ്ഞവർക്ക് 50% എന്നുള്ളത് 75% എന്നാക്കണം, 25% ആദ്യമേ വാങ്ങിവെയ്ക്കുകയും വേണം.
thanks for comments
@ശ്രീ
പറഞ്ഞത് ശരിയാണു. പക്ഷെ അതുപോലെ പറയാത്ത ഒരു നിർമാതാവിനെ പ്രതീക്ഷിച്ചിരിക്കുകയണു ഞങ്ങൾ. വരും.. വരുമായിരിക്കും അല്ല്ലേ..
@അപ്പൂട്ടൻ.
ഇതിന്റെ സാങ്കേതിക കാര്യങ്ങൾ വിശദമാക്കി തന്നതിനു നന്ദി. ഇതുപോലെയുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കൊണ്ടാണു ഇത് പ്രാവർത്തികമാക്കാൻ പറ്റുകയുള്ളു. ഇനിയും പോരട്ടെ ..
ഹഹഹ ഇത് കലക്കും പക്ഷെ പടം കണ്ട് കഴിഞ്ഞവർ കയ്യിൽ കാശില്ല എന്നു പറഞ്ഞാൽ എന്തു ചെയ്യും
നല്ല ആശയം എല്ലാവിധ ആശംസകളും
അജ്ഞാത ആശംസകൾക്ക് നന്ദി
@vinu
ഭക്ഷണം കഴിച്ചിട്ടു കൈയ്യിൽ കാശില്ല എന്ന് പറഞ്ഞാൽ ഹോട്ടലുകാർ എന്ത് ചെയ്യും അതൊക്കെ തന്നെ..
ഭക്ഷണം കഴിച്ചിട്ടു കൈയ്യിൽ കാശില്ല എന്ന് പറഞ്ഞാൽ ഹോട്ടലുകാർ എന്ത് ചെയ്യും അതൊക്കെ തന്നെ..
അരിയാട്ടാനോ പാത്രം കഴുകാനോ ഇല്ലല്ലൊ, അപ്പോൾ എന്ത് ചെയ്യുമോ ആവോ.
പണ്ടായിരുന്നെങ്കിൽ പ്രൊജക്റ്റർ തിരിക്കാൻ പറയാം, ഇപ്പോ അതും ഫുള്ളി ഓട്ടോമേറ്റഡ് അല്ലെ.
അടുത്ത ഷോയ്ക്ക് കപ്പലണ്ടി, പാട്ടുപുസ്തകം വിറ്റ് കാശുണ്ടാക്കി വരാൻ പറയാം. (ഓസിൽ പഴയകാല സിനിമാകൊട്ടകയുടെ ഫീലിങ്ങ് വരുത്തുകയും ആവാം, ഹൊ, എന്തൊക്കെ ഗുണങ്ങളാ.... ഈ ചേട്ടന്റെ ഒരു ഐഡ്യേ...)
കാശില്ലാത്തവന്മാരുടെ എണ്ണം കൂടിയാലാ പ്രശ്നം....
തിയേറ്ററുകളെ ചുറ്റിപ്പറ്റി പുതിയ തൊഴിലവസരങ്ങൾ ഉണ്ടാകട്ടെ.
അതെ അതു തന്നെ.. ഹോട്ടലുകാർ ചെയ്യുന്നതിന്റെ ഒരു തിയറ്റർ വേർഷ്വൻ..
ഹി ഹി ഹ ഹ സ്റ്റുഡിയോ ഇത് കലക്കി. ഞാന് ലോട്ടറി എടുക്കാം കിട്ടിയാല് നമുക്ക് ഒരു കൈ നോക്കാം:)-
ഷാജി ചേട്ടാ വളരെ നന്ദി.. ചേട്ടനെ പോലെ ഉള്ള ചങ്കൂറ്റമുള്ള നിർമ്മാതാക്കൾ ആണു ഇന്ന് മലയാള സിനിമയ്ക്ക് ആവശ്യം. ഒരു കൈ അല്ല ചേട്ടാ അത് കൂടാതെ 9 കൈകൾ കൂടി b Studio യിൽ റെഡിയാണു നോക്കാൻ.
പിന്നെ ഡെയ്ലി ലോട്ടറി എടുക്കുന്ന കാര്യം മറക്കരുതെ....!
Post a Comment