വിപിൻ ആറ്റ്ലി. മലയാളസിനിമ കൃത്യമായി ഫോളോ ചെയ്യുന്നവർക്കല്ലാതെ അധികം പ്രേക്ഷകർക്ക് സുപരിചിതമല്ലാത്ത പേരു. അറിയാത്തവർക്കായി പരിചയപ്പെടുത്താം കുറച്ച് കാലങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത തിയറ്ററുകളിൽ ദയനീയ പരാജയം ഏറ്റു വാങ്ങിയ ഹോമ്മിലി മീൽസ് എന്ന മനോഹര ചിത്രത്തിന്റെ തിരകഥാകൃത്തും നായകനും. ഹോമിലി മീൽസ് എന്ന സിനിമ സിനിമയെ ഇഷ്ടപ്പെടുന്നവരെ ഉദ്ദേശിച്ചിട്ടുള്ളതായിരുന്നു. അവരുടെ കഥയാണു ആ ചിത്രം പറഞ്ഞു പോയത്. അതു കൊണ്ട് തന്നെ സിനിമ ഇഷ്ടപ്പെടുന്ന ബഹുഭൂരിപക്ഷം പ്രേക്ഷകർക്കും ആ സിനിമയോട് ശരിയായ രീതിയിൽ സംവദിക്കാൻ കഴിയാതെ പോയി.
എന്നാൽ ആദ്യ ചിത്രത്തിന്റെ പരാജയത്തിൽ തളരാതെ സംവിധാനത്തിലേക്കു കൂടി കൈവെച്ച് കൊണ്ട് വിപിൻ ഒരുക്കിയ സിനിമയാണു ബെൻ. ഈ കഴിഞ്ഞ വെള്ളിയാഴ്ച്ച റിലീസിനെത്തിയ മലയാള സിനിമകളിൽ ഒന്നായ സോൾട്ട് മാഗോട്രീയും ബെനും തമ്മിലുണ്ടായ സാമ്യത യാദൃശ്ചികം മാത്രമാകാം. സോൾട്ട് മാഗോട്രീയിൽ ഒരു വലിയ സ്കൂളിൽ മകനെ പഠിപ്പിക്കാൻ ആഗ്രഹിക്കുന്ന അതേ അമ്മ തന്നെയാണു ബെനിലും ഉള്ളത്. അമ്മയുടെ ആഗ്രഹം പോലെ ആ വലിയ സ്കൂളിൽ അഡ്മിഷൻ കിട്ടുന്നിടത്ത് സോൾട്ട് മാഗോ ട്രീ അവസാനിച്ചെങ്കിൽ അതിനു ശേഷമുള്ള കാര്യങ്ങളാണു ബെനിൽ പറയുന്നത്.
മുളവുകാട് എന്ന സ്ഥലത്ത് താമസിക്കുന്ന ചൗലോ ചേട്ടനും പ്ലമീനേടത്തിക്കും നാലു മക്കളാണു.അതിൽ നാലമത്തേ ആളിന്റെ മകനായാണു ബെനിന്റെ ജനനം. വീട്ടിലെ മറ്റ് കുട്ടികളായ ചക്കൂച്ചിയോടും ചാമിയോടുമൊപ്പം കളിച്ച് രസിച്ച് ബെൻ അങ്ങനെ വലുതാവുന്നു. എന്നൽ ബെനിന്റെ പഠിപ്പിൽ അവന്റെ അമ്മ തീരെ തൃപ്തയല്ല. ഗ്രാമത്തിലെ സർക്കാർ സ്കൂളിൽ നിന്നും മാറ്റി നഗരത്തിലെ വലിയ സ്കൂളിൽ പഠിപ്പിക്കണം എന്നതാണു അമ്മയുടെ ആഗ്രഹം. അതിനായി ഭർത്താവിനെ നിർബന്ധിച്ച് ഗൾഫിലേക്ക് അയക്കുന്നു. ഭർത്താവിന്റെ വീട്ടിൽ നിന്ന് മാറി നഗരത്തിൽ ഒരു ഫ്ലാറ്റ് വാടയ്ക്കക്ക് എടുത്ത് ബെനും അമ്മയും താമസം മാറുന്നു. ബെനിനെ വലിയ ഒരു സ്കൂളിൽ ചേർക്കുന്നു. സർക്കാർ സ്ക്കൂളിലെ ഒരു ശരാശരി വിദ്യാർത്ഥി മാത്രമായിരുന്ന ബെനിനു പുതിയ സിലബസും ചുറ്റുപാടുകളു താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു. പതിയെ ബെനിന്റെ ജീവിതം താളം തെറ്റാൻ തുടങ്ങി.
കണ്ട് പഴകിയ ശീലങ്ങളെയെല്ലാം മാറ്റി വെച്ച് ഒരു തകർപ്പൻ ഫസ്റ്റ് ഹാഫ് ആണു ബെനിന്റെത്. എല്ലാ വിഭാഗം ആളുകൾക്കും ഒരു പോലെ ആസ്വദിക്കാവുന്ന ഒന്ന്. ബെൻ ആയി വേഷമിട്ട ജഹാംഗീറിനേക്കാളും മികച്ച് നിന്നത് ചാമിയായ കൊച്ചുപയ്യനായിരുന്നു. സുരാജ്, ഛായാഗ്രഹകൻ ജിബു ജേക്കബ്, ബെനിന്റെ അമ്മയായി വേഷമിട്ട നടി എന്നിങ്ങനെ ആദ്യപകുതി എല്ലാവരും തകർത്ത് അഭിനയിച്ചു. സിനിമയുടെ എല്ലാവശങ്ങളും ഭംഗിയാക്കി മനസ്സിനു പരിപൂർണ്ണതൃപ്തി നല്കുന്ന ഇടവേള.
എന്നാൽ ഇടവേളയ്ക്ക് ശേഷം സകലതും തകിടം മറിഞ്ഞു. ബെനിന്റെ ജീവിതത്തിന്റെ താളം തെറ്റുന്നതിനോടൊപ്പം സിനിമയുടെ താളവും തെറ്റുകയായിരുന്നു. ആദ്യപകുതിയിൽ കഥ പറയാനെടുത്ത ദൈർഘ്യം സിനിമയ്ക്ക് ആസ്വദകരമായെങ്കിൽ രണ്ടാം പകുതിയിലെ ഇഴച്ചിൽ അരോചകമായി തീരുകയാണ്ടായത്. അവസാനം ഹൃദയസ്പർശിയായ ഒരു രംഗം പോലുമില്ലാതെ സിനിമയുടെ രണ്ടാം പകുതി അവസാനിക്കുമ്പോൾ ആദ്യ പകുതി നല്കിയ ആവേശം തണുത്തുറഞ്ഞു പോയിരുന്നു.
വിപിൻ ആറ്റ്ലി എന്ന എഴുത്തുകാരനും സംവിധായകനും പാതിയെ പാകപ്പെട്ടിട്ടുള്ളു എന്ന് മനസ്സിലാക്കി തരും ബെൻ. എങ്കിലും വിപിൻ ആറ്റ്ലിയിൽ പ്രതീക്ഷകൾ ഏറെയാണു. കാരണം. ഈ സിനിമയുടെ ഇടവേള വരെയുള്ള സിനിമ അതിനുശേഷവും അതു പോലെ ആയിരുന്നെങ്കിൽ ഒരു സൂപ്പർ ഹിറ്റ് മലയാളത്തിൽ പിറന്നേനെ. വളർച്ചയുടെ പടവുകൾ ചവിട്ടി കയറി ഒരുനാൾ വിപിൻ അത് സാധിക്കുമെന്നു തന്നെ കരുതാം...!!
ഓഫ് ടോപിക്: ഈ സിനിമയുടെ വളരെ നല്ല അഭിപ്രായങ്ങൾ കേട്ടിട്ടാനു ഈ സിനിമ കാണാൻ അങ്കമാലി കാർണിവലിൽ എത്തിയത്. 5.30ക്കുള്ളഷോക്ക് 5 മണിക്ക് എത്തിയപ്പോൾ കൗണ്ടറിലെ പയ്യൻ പറഞ്ഞു ബെൻ ഇല്ല എന്നു. എന്ത് കൊണ്ട് ഇല്ല എന്നു ചോദിച്ചപ്പൊൾ മിനിമം 10 പേർ എങ്കിലും ഉണ്ടെങ്കിലെ കളിക്കു നിർബന്ധമാണേൽ വെയിറ്റ് ചെയ്യു എന്ന് മറുപടി. അത് ന്യായം. പക്ഷെ വരുന്നവരോട് മുഴുവൻ ബെൻ ഇല്ലന്ന് പറഞ്ഞാൽ പിന്നെങ്ങെനെ 10 പേർ ആവും എന്ന ന്യായമായ ചോദ്യത്തിനു മുന്നിൽ മൾട്ടിപ്ലക്സ് സ്റ്റാഫിനു ഉത്തരം മുട്ടി. കുറച്ച് നേരത്തെ തർക്കത്തിനു ശേഷം മുതലാളിയെ ഫോണിൽ ബന്ധപ്പെട്ട സ്റ്റാഫിനു “എങ്കിൽ പിന്നെ കളിച്ചു തുല” എന്ന മറുപടി കിട്ടിയത് കൊണ്ടാവണം 5 പേർക്ക് വേണ്ടി സിനിമ ഇടാൻ അവർ തയ്യറായി.
സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഞാൻ അപ്പോഴെ പറഞ്ഞതല്ലേ എന്ന മുഖഭാവവുമായി ആ സ്റ്റാഫ് നില്പുണ്ടായിരുന്നു. സത്യത്തിൽ മേലുദ്യോഗസ്ഥന്റെ ആഞ്ജ അനുസരിക്ക മാത്രം ചെയ്ത ആ പയ്യനോട് മന:സ്താപം തോന്നി. ഫേസ്ബുക്കിൽ ഈ സിനിമയുടെ വാഴ്ത്തി പാടലുകൾ സത്യമാണെന്ന് വിശ്വസിച്ച് ഒരു നല്ലസിനിമയെ നശിപ്പിക്കാനുള്ള തിയറ്ററുകാരുടെ നെറികെട്ട നീക്കത്തിനെതിരെ പതഞ്ഞു പൊങ്ങിയ ധാർമിക രോഷം ആയിരുന്നു കൂട്ടുകാരാ എന്നു കണ്ണുകൾ കൊണ്ട് പറഞ്ഞ് പുറത്തിറങ്ങി. എന്നാലും ബെൻ ഇല്ല എന്ന് അവൻ പറയരുതായിരുന്നു...!!!!!!!
0 comments:
Post a Comment