RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

റെഡ് വൈൻ


യാതൊരു വിധ അമിത പ്രതീക്ഷകളുമില്ലാതെയാണു റെഡ് വൈൻ എന്ന സിനിമ കാണാൻ പോയത്. മോഹൻലാൽ, ഫഹദ്, ആസിഫ് അലി എന്നിവർ ആദ്യമായി ഒന്നിക്കുന്നു എന്ന പബ്ലിസിറ്റിയും പിന്നീട് റിലീസിനോടടുത്തപ്പോൾ കഥ മോഷണവിവാദവുമെല്ലാം ചേർന്ന് റെഡ് വൈൻ കാണാനുള്ള ഒരു ആകാംക്ഷ ആദ്യമുണ്ടായിരുന്നെങ്കിലും പടം റിലീസ് ചെയ്തതിനു ശേഷം അറിഞ്ഞ അഭിപ്രായങ്ങൾ നിരാശ പകരുന്നതായിരുന്നു.

 അഭിപ്രായ സ്വാതന്ത്യമുള്ള നാടാണു നമ്മുടെ ഇന്ത്യ. അതു കൊണ്ട് തന്നെ ഒരോരുത്തർക്കും വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ ഉണ്ടാകുന്നത് സ്വഭാവികം. മാമൻ കെ രാജൻ എന്ന ഒരാളുടെ തിരകഥയിൽ ലാൽ ജോസിന്റ അസോസിയേറ്റ് ആയ സലാം ബാപ്പു ആദ്യമായി സംവിധാനം ചെയ്ത സിനിമയാണു റെഡ് വൈൻ.

വയനാട്ടിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ലോക്കൽ സെക്രട്ടറിയായ അനൂപ് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നു. കേസ് അന്വേക്ഷിക്കുന്ന എസിപിയായ് മോഹൻലാൽ എത്തുന്നു. സിനിമയുടെ തുടക്കത്തിൽ തന്നെ കൊന്നതാരാണെന്ന്  നമുക്ക് കാണിച്ചു തരുന്നുണ്ട്.  ഇടവേള കഴിഞ്ഞ് രണ്ട് മിനിറ്റ് കഴിയുമ്പോൾ എന്തിനു കൊന്നു എന്നതും മനസ്സിലാവും.പക്ഷെ അത് നമ്മുക്ക് മനസ്സിലായാൽ പോരല്ലോ സിനിമയിലെ കഥാപാത്രങ്ങൾക്കും മനസ്സിലാവണ്ടേ. അതിനു വേണ്ട തെളിവുകൾ ശേഖരിക്കാൻ മോഹൻലാലിന്റെ എസിപി ഇങ്ങനെ നടക്കുകയാണു ബാക്കി സമയം.

 അങ്ങനെ എല്ലാം എല്ലാവർക്കും മനസ്സിലായിക്കഴിയുമ്പോൾ മലയാള സിനിമയിൽ ഇന്നു വരെ കാണാത്ത ഒരു ക്ലൈമാക്സ്. അത് ഒരല്പം ഇന്റ്ലക്ച്വൽ ആണു കേട്ടോ. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ദോഷം പറയരുത് കേട്ടോ. ചിത്രത്തിന്റെ ആദ്യപകുതി ഗംഭീരമായിരുന്നു. ഒട്ടും ബോറടിപ്പിക്കാത്ത അവതരണം. ഒരുപാട് സാധ്യതകളുണ്ടായിരുന്നിട്ടും അതൊന്നും പ്രയോജനപ്പെടുത്താതെയിരുന്ന നിർജ്ജീവ തിരകഥയാണു ചിത്രത്തിന്റെ വീഴ്ച്ചക്ക് കാരണം.

 ലാലും, ഫഹദും ആസിഫും സൈജുകുറുപ്പുമെല്ലാം അവരവരുടെ റോളുകൾ ഭംഗിയാക്കിയിട്ടുണ്ട്. വയനാടിന്റെ സൗന്ദര്യം ഭാഗിക്കമായിട്ടെങ്കിലും ചിത്രത്തിൽ കാണാം. ഗാനരംഗങ്ങൾ മികച്ച രീതിയിൽ ചിത്രീകരിച്ചിട്ടുമുണ്ട്. എന്തായാലും സലാം ബാപ്പുവിനു അഭിമാനിക്കാവുന്ന ചിത്രം തന്നെയാണു റെഡ് വൈൻ. ഒരു പുതുമുഖ സംവിധായകന്റെ പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് പരമാവധി മെച്ചപ്പെടുത്താൻ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്.

 സസ്പെൻസ് ഇല്ലാ എന്നതാണു ഈ ചിത്രത്തിന്റെ സസ്പെൻസ് എന്നതാണു ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.   അവസാനമായി രണ്ട് വാക്ക് പറയാനുള്ളത്  തിരകഥാകൃത്തിനോടാണു. ശ്രീ മാമൻ കെ രാജനോട്. അദ്ദേഹത്തിന്റെ ആദ്യത്തെ തിരകഥയാണോ ഇത് എന്നറിയില്ല. എന്തായാലും മറ്റൊരാളുടെ കഥ മോഷ്ടിച്ചാണു ഈ തിരകഥ തയ്യാറാക്കിയിരിക്കുന്നത് എന്ന ഒരു വിവാദം ഉണ്ടായിരുന്നു. എന്റെ പൊന്നു മാമൻ കെ രാജാ.. ചൂണ്ടുമ്പോൾ രാജപ്പൻ തെങ്ങുംമൂട് ചൂണ്ടിയപോലെ വേണ്ടേ.. അല്ലാതെ ഇതൊരുമാതിരി ഹലാക്കിന്റെ അവിലിങ്കഞ്ഞി പോലത്തൊരു സാധനവും കൊണ്ട് വന്നിരിക്കുന്നു...!!

Followers

 
Copyright 2009 b Studio. All rights reserved.