RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

മഗധീര...


ഇത് ഒരു തെലുങ്കു പടം ആണു. ആന്ധ്രയിൽ വൻ ഹിറ്റായി ഓടി കൊണ്ടിരിക്കുന്ന സിനിമ അജിത് തമിഴിൽ റീമേക്ക് ചെയ്യുന്നു, അമീർഖാൻ ഹിന്ദിയിൽ റീമേക്ക് ചെയ്യുന്നു എന്നൊക്കെ കേട്ടപ്പോൾ വളരെ കഷ്ട്ടപ്പെട്ട് ബുദ്ധിമുട്ടി CD സംഘടിപ്പിച്ചു കണ്ടതാണു ഈ സിനിമ. അത്രയും വലിയ ഒരു സംഭവമാണെങ്കിൽ അതൊന്ന് കണ്ടിരിക്കണമല്ലോ.. CD തന്ന കടക്കാരൻ ഓർമ്മിപ്പിച്ചു ഇത് തെലുങ്കു സിനിമയാണു നിങ്ങൾക്ക് ഒന്നും മനസ്സിലാവില്ല..എന്ന്.പക്ഷെ ഈ പടം മനസ്സിലാക്കാൻ തെലുങ്ക് അറിയണമെന്നില്ല..(അല്ലെങ്കിലും ഇംഗ്ലീഷ് പടമൊക്കെ മനസ്സിലായിട്ടാണല്ലോ കാണുന്നത്.)
നമ്മുടെ തിയറ്ററിൽ വരുന്ന അല്ലു അർജുൻ സിനിമകളെ പോലെ അല്ല ഈ സിനിമ. അമീറിനെയും അജിത്തിനെയും കുറ്റം പറയാൻ പറ്റില്ല കാരണം ഈ പടം കണ്ടാൽ ആരും ആഗ്രഹിച്ചു പോകും അതിൽ അഭിനയിച്ചിരുന്നെങ്കിൽ എന്നു... ചിരഞ്ജീവിയുടെ മകനായ രാംചരൻ തേജ് ആണു ഇതിലെ നായകൻ നായിക കാജൽ അഗർവാൾ. ഇതു ശരിക്കും ഒരു മഹത്തായ സിനിമ തന്നെയാണു..
വല്ലപ്പോഴും സംഭവിക്കുന്ന അത്ഭുതം എന്നൊക്കെ പറയുന്ന പോലെ തെലുങ്ക് സിനിമയ്ക്ക് എന്നും അഭിമാനിക്കാവുന്ന ഒരു ചിത്രം. കഴിയുന്നതും വേഗം ഇതിന്റെ CD സംഘടിപ്പിച്ചു കാണാൻ ശ്രമിക്കുക കാരണം അജിത്തിന്റെയോ അമീർഖാന്റെയോ രൂപത്തിൽ ആണു നിങ്ങൾ മഗധീരയിലെ നായകനെ ആദ്യമായി കാണാൻ പോകുന്നത് എങ്കിൽ... അതിനു ശേഷം ആണൂ ഒറിജിനൽ തെലുങ്ക് സിനിമ നിങ്ങൾക്ക് കാണാൻ സാധിക്കുന്നതു എങ്കിൽ ചന്ദ്രമുഖി കണ്ടതിനു ശേഷം മണിച്ചിത്രത്താഴ് കാണുന്ന അനുഭവം ആയിരിക്കും നിങ്ങൾക്ക് ഉണ്ടാവുക..!

മഞ്ഞില്‍ വിരിയാത്ത പൂവ്


ഇക്കാര്യത്തിൽ ഇത് ഞാൻ മാത്രം അഭിമുഖീകരിക്കുന്ന പ്രശ്നമല്ല. പഴയ കാല സംവിധായകർ മുഴുവനും ഇതേ അവസ്ഥ നേരിട്ടു കൊണ്ടിരിക്കുകയാണു. IV ശശിയുടെ കാര്യം തന്നെ എടുക്കു, മലയാളത്തിലെ ഏറ്റവു വലിയ സംവിധായകൻ ആയിരുന്നില്ലേ എന്താണ് അദേഹത്തിന്റെ ഇപ്പോഴത്തെ നിലവാരം, അതു പോലെ പണ്ടത്തെ ജോഷി ചിത്രങ്ങളുടെ അടുത്തെത്തുമോ റോബിൻ ഹുഡും മറ്റും. പിന്നെ സത്യന്റെ കഥ ഏകദേശം തീരാറായി, ഇനി ഇതിനു ഒരപവാദമായി നിങ്ങൾ ചൂണ്ടി കാണിക്കുക ഹരിഹരനെയാണു. അതും പഴശി രാജ എടുത്തത് കൊണ്ട്. എംടിയുടെ തിരകഥ കിട്ടിയാൽ ഹരിഹരനെന്നല്ല വിനയൻ വരെ എടുത്തു കളയും നല്ല ഒന്നാന്തരം സിനിമ. അത് ഹരിഹരന്റെ പഴശിക്കു മുമ്പുള്ള സിനിമകൾ പരിശോധിച്ചാൽ മനസിലാക്കാവുന്നതെ ഉള്ളു .
എന്റെ സിനിമകളെ കുറിച്ച് പറയുകയാണെങ്കിൽ ഞാൻ ചെയ്ത സിനിമകളെല്ലാം ഒന്നെങ്കിൽ വൻ വിജയം നേടിയവ അല്ലെങ്കിൽ വൻ പരാജയം നേരിട്ടവ ആയിരുന്നല്ലോ..
മിക്ക സിനിമകളും ഒരു ട്രെന്റ് സെറ്റർ ആയിരുന്നു. അനിയത്തി പ്രാവും മണിച്ചിത്രത്താഴും എല്ലാം.
പക്ഷെ ഈ അടുത്തിടെ ഞാൻ ചെയ്യുന്ന സിനിമകൾ ഒന്നും അത് അർഹിക്കുന്ന വിജയം നേടുന്നില്ല. എനിക്ക് തോന്നുന്നത് പ്രേക്ഷകരുടെ അഭിരുചി എന്റെ അഭിരുചിക്ക് അനുസരിച്ച് മാറുന്നില്ല എന്നാണു.
ഇന്നത്തെ യുവ തലമുറയ്ക്ക് വേണ്ടി ഞാൻ എടുത്ത സിനിമയാണു കൈ എത്തും ദൂരത്ത്. എനിക്കാ സിനിമയിൽ വലിയ പ്രതീക്ഷയും ആയിരുന്നു.അതു കൊണ്ടാണല്ലോ ഞാൻ എന്റെ മോനെ തന്നെ അഭിനയിപ്പിച്ചത്. പക്ഷെ പടം കണ്ടവരു പറഞ്ഞത് ഇത് ഒരു 10 കൊല്ലം മുൻപ് ഇറങ്ങേണ്ട പടം ആയിരുന്നു എന്നാണു. അതാണു ഞാൻ പറഞ്ഞത് പ്രേക്ഷകർ എന്റെ കാഴ്ച്ചപാടിനനുസരിച്ച് മാറുന്നില്ല എന്ന്.
അതു പോലെ വിസ്മയതുമ്പത്ത്.. അതിനു മണിചിത്രത്താഴിനോട് വല്ലാത്ത സാമ്യം ഉണ്ടായിരുന്നത്രെ. എവിടുന്ന്... എനിക്കൊന്നും തോന്നിയില്ല. അല്ലെങ്കിലും സാമ്യം വരാൻ ഒരു സാധ്യതയും ഇല്ല കാരണം മണിചിത്രത്താഴ് സംവിധാനം ചെയ്തത് പ്രിയനും സിദിക്കും ലാലും സിബിയും ഒക്കെ കൂടി ചേർന്നാണല്ലോ. അവസാനമായി ഞാൻ എടുത്ത പടം മോസ് n ക്യാറ്റ് ആയിരുന്നു. വളരെ മനോഹരമായ ഒരു സിനിമ ആയിരുന്നു അത് . പക്ഷെ ഞാൻ ഉദേശിച്ച പോലെ വിജയിച്ചില്ല. ഈ റിയാലിറ്റി ഷോകൾ ഒക്കെ ഉള്ള കാരണം പ്രേക്ഷകർ തീയറ്ററിൽ വരുന്നത് വളരെ കുറവായിരിക്കുന്നു. എനിക്കങ്ങനെ വാരി വലിച്ച് സിനിമ ചെയ്യണം എന്ന വാശിയൊന്നും ഇല്ല. സത്യം പറഞ്ഞാൽ എന്റെ ഏറ്റവും വലിയ ആഗ്രഹം എനിക്ക് ഒരിക്കലും ചിന്തിക്കാൻ പോലും പറ്റാത്ത അത്ര മനോഹരമായ ഒരു സ്ക്രിപ്റ്റുമായി ആരെങ്കിലും എന്റെ അടുക്കൽ വരുകയും അത് ഞാൻ സിനിമ ആക്കുകയും ചെയ്യുക എന്നതാണു. അങ്ങിനെ ഒരാൾ വരുന്നതും നോക്കി ഞാൻ ഇങ്ങനെ കാത്തിരിക്കുകയാണു പക്ഷെ പണ്ട് മധു മുട്ടം വന്നപോലെ ഇപ്പോ ആരും വരുന്നില്ല. പിന്നെ അറിയാവുന്ന പണി മറന്നു പോകരുതല്ലോ എന്ന് കരുതിയാണു ഇടയ്ക്കൊക്കെ സിനിമ സംവിധാനം ചെയ്യുന്നത്.. ഇപ്പോഴത്തെ യൂത്തിനു ഇഷ്ടപ്പെടുന്ന ഒരു കഥ “വർഷങ്ങളായി” എന്റെ മനസിലുണ്ട് അത് ഞാൻ സിനിമയാക്കാൻ പോവുകയാണു. ഒരുപാട് കാമുകന്മാരെ പറ്റിക്കുന്ന ശ്യാമ എന്ന പെൺകുട്ടിയുടെ കഥ. ചിത്രത്തിനു പേരിട്ടട്ടില്ല. ചന്ദ്രകലയിൽ അവസാനിക്കുന്ന ഒരു പേരിനു വേണ്ടിയുള്ള തിരച്ചിലിൽ ആണു. അങ്ങിനെ ഞാൻ വീണ്ടും വരികയാണു.കാമുകന്മാരെ പ്രണയ വലയിൽ വീഴ്ത്തി പറ്റിക്കുന്ന കഥയുമായി.. പ്രേക്ഷകർ പറ്റിക്കാതെ ഇരുന്നാൽ മതിയായിരുന്നു ഇപ്രാവശ്യമെങ്കില്ലും....!

എന്നു തീരും എന്റെ ദുഃഖം....!!


എന്റെ ഒരു ഗതി കേട്.. അല്ലാതെന്തു പറയാൻ.. ജനപ്രിയ നായകൻ ആയിരുന്ന ഞാൻ ഇപ്പോൾ അപ്രിയ നായകൻ ആയിരിക്കുകയാണ് .ആ ട്വന്റി20 വിജയിച്ചപ്പോൾ ഞാൻ കരുതി ഇതോടെ എന്റെ എല്ലാ കഷ്ട്ടകാലവും തീർന്നു എന്ന്. എവിടുന്നു..... ഇതു കണ്ടകശനിയാ എന്നെ കൊണ്ടേ പൂവു.
നിങ്ങൾക്കറിയോ.. എന്റെ ഒരു പടം ശരിക്കും വിജയിച്ചിട്ട് 6 കൊല്ലമായി. എന്റെ ഓർമ്മ ശരിയാണെങ്കിൽ 2004 ൽ റൺ വേ. അതിനു ശേഷം പിന്നെ എന്റെ ഒരൊറ്റ പടം പോലും 100 days ഓടിയിട്ടില്ല. അപ്പോൾ നിങ്ങൾ ചോദിക്കും അതെന്തു വർത്താനമാണു പറയുന്നത് വിനോദയാത്ര ഓടിയില്ലേ എന്ന്. ശരിയാണു വിനോദയാത്ര ഓടി പക്ഷെ അതിന്റെ മുഴുവൻ ക്രെഡിറ്റും സംവിധായകൻ കൊണ്ടു പോയില്ലേ.. ജൂലൈ 4 എന്റെ ഭാഗ്യ ദിവസമാണു എന്ന് പറഞ്ഞ് ഞാൻ ആ പേരിൽ ഒരു പടം എടുത്തു. നല്ല സൂപ്പർ സിനിമ ആയിരുന്നു പക്ഷെ എന്താണു എന്ന് അറിയില്ല പടം ഓടിയില്ല.
പിന്നെ ഞാൻ കല്ക്കട്ടയിൽ പോയി അഭിനയിച്ചു. അത് ഗംഭീര സിനിമ ആയിരുന്നു പക്ഷെ അതും ഓടിയില്ല. അതു കഴിഞ്ഞു രണ്ടും കല്പിച്ച് ഞാൻ ലാൽ ജോസിന്റെ പടത്തിൽ വീണ്ടും അഭിനയിച്ചു. ഒരു ഗുണ്ടയായിട്ടു. അതും ഓടാതെ ആയപ്പോൾ എനിക്ക് മനസ്സിലായി എനിക്ക് ആരോ കൂടോത്രം ചെയ്യുന്നുണ്ട് എന്ന്. അല്ലെങ്കിൽ പിന്നെ എന്റെ ഈ മഹത്തായ സിനിമകൾ ഒക്കെ എങ്ങനെ പൊളിയുന്നു.??
ലാൽ ജോസിന്റെ പടം കൂടി പൊളിഞ്ഞതോടെ എന്നെ പിന്നെ ആരും വിളിക്കാതെയായി. സത്യം പറഞ്ഞാൽ അതുകൊണ്ടാണു ഞാൻ ട്വന്റി20 നിർമ്മിച്ചത്. ദോഷം പറയരുതല്ലോ.നായകൻ ഞാൻ അല്ലായിരുന്നത് കൊണ്ട് പടം വൻ ഹിറ്റ് ആയി. അതോടെ എന്റെ ശുക്രൻ തെളിഞ്ഞു എന്നാണു ഞാൻ വിചാരിച്ചത്. കാരണം ട്വന്റി 20 കഴിഞ്ഞ ഉടൻ എന്നെ ഫാസിൽ സാർ വിളിച്ചു, സിദിക്ക് സാർ വിളിച്ചു ,കമൽ സാർ വിളിച്ചു. അവരുടെയൊക്കെ അടുത്ത സിനിമകളിൽ ഞാനാണു നായകൻ എന്ന് പറയാൻ.
പക്ഷെ ആ പടങ്ങൾ മൂന്നും റിലീസ് ചെയ്തു കഴിഞ്ഞപ്പോള്‍ അതിന്റെ ഒക്കെ നിർമാതക്കൾക്ക് ഞാൻ ചിലവിനു കൊടുക്കേണ്ട അവസ്ഥയായി . നയൻ താര ഒക്കെ അഭിനയിച്ചത് കൊണ്ട് സിദിക്ക് സാറിന്റെ പടത്തെ പറ്റി എനിക്ക് നല്ല പ്രതീക്ഷ ആയിരുന്നു പക്ഷെ.....! എനിക്കറിയാം ആരാണു ഇതിന്റെ ഒക്കെ പിന്നിൽ കളിക്കുന്നത് എന്ന്. ഞാൻ ഇപ്പോ മിണ്ടാതെ ഇരിക്കുന്നത് പേടിച്ചിട്ടൊന്നും അല്ല. ഞങ്ങൾ തമ്മിൽ നേർക്ക് നേർ മുട്ടുന്ന ഒരു ദിവസം വരും അന്ന് തീർക്കും ഞാൻ എല്ലാ കണക്കുകളും.
എന്തായാലും ഈ വിഷുവിനു എന്റെ ഒരു പടം റിലീസ് ചെയ്യുന്നുണ്ട്. ഞാനും കാവ്യാമാധവനും ആണു അഭിനയിക്കുന്നത്.ഞങ്ങൾ രണ്ടു പേരും മലയാളത്തിലെ ഷാരുഖും കാജോളും ആണ് എന്നാണ് അസൂയക്കാരു പറയുന്നത്.. ഈ പടം എന്റെ അനിയൻ ആണു നിർമ്മിക്കുന്നത്. അനിയൻ എന്ന് പറയുമ്പോൾ ഞാൻ തന്നെ... സ്വന്തം പേരിൽ എടുക്കുന്ന പടങ്ങൾ ഒക്കെ പൊളിയുകയാ അതു കൊണ്ടാണു ലാലേട്ടൻ ചെയ്യുന്ന പോലെ വെറെ ആളുടെ പേരിൽ എടുക്കാം എന്ന് വെച്ചത്.. ഈ സിനിമ നിങ്ങൾ എന്തായാലും കാണണം എന്റെ അവസാനം ഇറങ്ങിയ 3 സിനിമകളും നിങ്ങൾ കണ്ടില്ല.. ഇതെങ്കില്ലും ഒന്ന് കണ്ടൂടെ. പ്ലീസ്......ഇല്ലെങ്കിൽ എന്റെ കുടുംബം പട്ടിണിയായി പോവും.
കാണണേ..കാണാൻ മറക്കരുതേ....... !!!

എന്റെ സിനിമ പരാജയപ്പെടുത്തുന്നത് ആർക്കു വേണ്ടി..??


എനിക്ക് മനസ്സിലാവുന്നില്ല എന്താണു സംഭവിക്കുന്നതെന്നു. സങ്കടമുണ്ട്, വളരെയധികം വിഷമമുണ്ട് എന്നാൽ അതിനെക്കാളേറെ സഹതാപവും ഉണ്ട്.. നിങ്ങളോട്.. എന്നെ വളരെയധികം സ്നേഹിക്കുന്ന മറുനാടൻ മലയാളികളോട്.. എന്തിനാണു എന്നല്ലേ.. പറയാം..എന്റെ പുതിയ സിനിമയെ പറ്റി വന്ന റിവ്യുകൾ പലതും നിങ്ങൾ വായിച്ചു കാണും എന്ന് വിചാരിക്കുന്നു.മിക്ക റിവ്യുകളും എന്നോട് മുൻ വൈരാഗ്യം ഉള്ള പോലെ ആണു പലരും എഴുതിയിരിക്കുന്നത്. എന്നോട് ദേഷ്യം തോന്നിക്കോട്ടെ അത് എനിക്ക് വിഷയമല്ല. കാരണം ഞാൻ ഒരു സുന്ദരനായതു കൊണ്ടു പൊതുവെ ചെറുപ്പക്കാർക്ക് എന്നോട് അസൂയയാണു. പക്ഷെ എന്നോടുള്ള ദേഷ്യം ഇവർ എന്തിനാണു എന്റെ സിനിമയോട് തീർക്കുന്നത്.??
നിങ്ങളുടെ ഒക്കെ മനസ്സിൽ എന്റെ പുതിയ സിനിമ ഇപ്പോൾ കേരളത്തിൽ പൊളിഞ്ഞു പാളീസായിരിക്കും എന്നാവും, എനിക്കറിയാം. എന്നാൽ ഇവുടുത്തെ 80 ഓളം തിയറ്ററുകളിൽ എന്റെ സിനിമ തകർത്തോടുകയാണു. സത്യം.....!
പിന്നെ സിനിമ ഒരല്പം ഓവറാണു അത് ഞാനും സമ്മതിക്കുന്നു. പക്ഷെ ഇവരുടെ ഒക്കെ എഴുത്ത് കണ്ടാൽ തോന്നും മലയാള സിനിമയിൽ ഞാനാണു ഇങ്ങനത്തെ ഒരു സിനിമ ആദ്യമായിട്ടു ചെയ്യുന്നത് എന്ന്. മമ്മൂക്കയും ലാലേട്ടനും സുരേഷേട്ടനും ഒക്കെ ഇതു പോലുള്ള റോളുകൾ ചെയ്തിട്ടുണ്ട് അവരു ചെയ്യുമ്പോൾ ഹായ്.. ഹായ്.. ഞാൻ ചെയ്യുമ്പോൾ മാത്രം കൂയ്... കൂയ്..
ഇതിലെവിടെ ന്യായം..?
ഇതിലെവിടെ നീതി....?
എന്റെ സിനിമ ഓടില്ല എന്നാണു പലരും എഴുതിയിരിക്കുന്നത്.. ഞാനൊന്നു ചോദിക്കട്ടെ ഇതിലും എത്രയോ മോശമായ സിനിമകൾ കേരളത്തിൽ ഓടിയിരിക്കുന്നു. നാട്ടുരാജാവ് ഓടിച്ചല്ലോ 50 ദിവസം. മായബസാർ ഓടിയില്ലെ 30 ദിവസം. എന്തിനു അലിഭായ് വരെ ഓടിച്ചില്ലേ 25 ദിവസങ്ങൾ.. എന്നിട്ടാണു എന്റെ സിനിമ ഒരാഴ്ച്ച പോലും ഓടിക്കാൻ പറ്റില്ല എന്ന് തിയറ്ററുകാർ പറയുന്നു എന്ന് പറഞ്ഞ് എഴുതി വിട്ടിരിക്കുന്നത്.. ഹോൾഡ് ഓവർ ആയി പ്പോലും.. ഒക്കെ ചുമ്മാ പറയുന്നതാണെന്നെ..
എന്തായാല്ലും എല്ലാവരും കൂടി അറിയാൻ പറയുകയാണു. ഇതൊരു തുടക്കം മാത്രമാണു. ഇനി വരുന്നത് മമ്മൂക്കയോടൊപ്പം പോക്കിരി രാജ. അതിൽ ശരിക്കും നായകൻ ഞാനാ.. മമ്മൂക്ക വെറും ഗസ്റ്റ് റോൾ .. ആരോടും പറയണ്ട സസ്പൻസ് ആണു.. അത് കഴിഞ്ഞ് സാക്ഷാൽ മണി രത്നത്തിന്റെ പടം.. പിന്നെ അമൽ നീരദ്, അന്വർ റഷീദ്, ഷാജി കൈലാസ്, ലാൽ ജോസ്. എനിക്കു വയ്യ.. എന്നെ കൊണ്ടു ഞാൻ തോല്ക്കും.. 2012 വരെ എനിക്കു ഡേറ്റ് ഇല്ല.. അത് നിങ്ങൾക്കു അറിയോ ഇങ്ങനെ ഉള്ള എന്നെ കുറിച്ച് അപവാദ പ്രചരണങ്ങൾ നടത്തുന്ന, എന്റെ സിനിമയോട് ചിറ്റമ്മ നയം കാണിക്കുന്നവരോടൊക്കെ ദൈവം ചോദിക്കും...ദൈവം..

പ്രമാണി..


“തന്റേതായ പ്രമാണങ്ങള്‍ ഉള്ളവന്‍ .. പ്രമാണി..”
ഇതായിരുന്നല്ലോ പ്രമാണിയുടെ പരസ്യ വാചകം.
പടം കണ്ടിറങ്ങിയപ്പോൾ ആശ്വാസം തോന്നി.. BC ജോഷിയുടെ ഉള്ള പ്രമാണം പോകാതെ കഷടിച്ചു രക്ഷപ്പെട്ടു ഇത്തവണ... പക്ഷെ ഇനിയൊരവസരം കൂടി ഉണികൃഷ്ണനു കൊടുത്താൽ കുടുബ സ്വത്ത് വില്ക്കേണ്ടി വരും.. തീർച്ച..
പ്രമാണി..
B ഉണികൃഷണന്റെ 4 മത്തെ പടം, മാടമ്പിക്കു ശേഷം BC ജോഷി നിർമ്മിക്കുന്ന ചിത്രം. മമ്മൂട്ടിയുടെ രണ്ട് വിഷു ചിത്രങ്ങളിൽ ആദ്യത്തേത്..
മാടമ്പി എന്ന ശരാശരി ചിത്രം എങ്ങനെ ഒരു വൻ വിജയം നേടിയെടുത്തു എന്നതിന്റെ ഗവേഷണങ്ങൾ ഇന്നും തീർന്നട്ടില്ല മലയാള സിനിമയിൽ ഇതു വരെ..എന്നാൽ മാടമ്പി വഴി തെറ്റി വന്ന ഒരു വിജയമല്ല്ല എന്നു തെളിയിച്ചു കൊണ്ട് ഉണികൃഷണൻ വീണ്ടും കഴിവു തെളിയിച്ചിരിക്കുകയാണു. സ്മാർട്ട് സിറ്റിയിൽ നിന്നും മാടമ്പിയിൽനിന്നും IG യിൽ നിന്നും ഒക്കെ ഒരു സംവിധായകൻ എന്ന നിലയിലും തിരകഥാകൃത്ത് എന്ന നിലയിലും ഉണികൃഷണൻ ഒരുപാടു മുന്നേറിയിരിക്കുന്നു പ്രമാണിയിൽ..പക്ഷെ ഒരു ജനപ്രിയ സിനിമയുടെ സംവിധായകനാകാൻ ഇനിയും ഏറെ ദൂരം ഉണികൃഷണൻ സഞ്ചരിക്കേണ്ടതുണ്ട്.. ദ്രോണയുടെ പരാജയത്തിൽ നിന്നും തല്കാലത്തേക്ക് കരകയറാൻ പ്രമാണി മമ്മൂട്ടിയെ സഹായിക്കും.. തല്ക്കാലത്തേക്കു മാത്രം.... ഫാൻസുകാർക്കും അല്ലാത്തവർക്കും ബഹളങ്ങളൊന്നും കൂടാതെ കണ്ടിരിക്കാൻ പറ്റുന്ന ഒരു ചെറിയ ചിത്രം..എന്തായാലും ഏപ്രിൽ 30 വരെ മലയാള സിനിമയുടെ പ്രമാണി ആയിത്തന്നെ മമ്മൂട്ടിയ്ക്ക് തല ഉയർത്തിപിടിച്ചു നില്ക്കാം...!.

ഇൻ ഗോസ്റ്റ് ഹൗസ് ഇൻ


പല വട്ടം നാം കണ്ടിട്ടുള്ള സിനിമകളുടെ സ്ഥിരം വഴികളിലൂടെ ആണു ഇതിന്റെയും സഞ്ചാരം.. കഥാകഥനത്തിൽ തിരകഥകൃത്ത് കൂടി ആയ സംവിധായകനു മികവു പുലർത്താൻ സാധിച്ചില്ല...
ഇടവേളയക്ക് ശേഷം സംവിധായകന്റെ കൈയ്യിൽ നിന്നും പലപ്പോഴും സിനിമ വഴുതി പോകുന്നു..
നല്ലൊരു സിനിമ കാണാൻ തിയറ്ററിൽ എത്തുന്ന പ്രേക്ഷകനു തൃപ്തി നല്ക്കുന്നതെന്നും ചിത്രത്തിലില്ല.. എന്ന് വേണ്ട ഈ സിനിമയിലെ ഓരോ സീൻ to സീൻ എങ്ങനെ എടുക്കാമായിരുന്നു എന്ന് ഉള്ള നിർദ്ദേശങ്ങൾ അടങ്ങിയ നിരൂപണങ്ങൾ വരെ എഴുതി കളഞ്ഞേക്കും ചില നിരൂപകന്മാർ...
എന്നാൽ ആരു എന്തൊക്കെ എഴുതിയാലും ഞങ്ങൾക്ക് പറയാൻ ഒന്നേ ഉള്ളു..
അതെ ലാൽ വീണ്ടും അത് സാധിച്ചിരിക്കുന്നു..
സൂപ്പർ സ്റ്റാറുകളോ വിദേശ ലൊക്കേഷനുകളോ അല്ല. ഒരു പടത്തിന്റെ വിജയം നിശ്ചയിക്കുന്നത് മറിച്ച് ഒരു വിജയ സിനിമയ്ക്ക് വേണ്ടത് ശക്തമായ ഒരു തിരകഥയാണു എന്ന പ്രാഥമിക പാഠം ലാൽ ഒരിക്കൽ കൂടി കാണിച്ചു തന്നിരിക്കുന്നു......
കഴിഞ്ഞ വിഷുപോലെ ഇത്തവണയും വിഷു ബമ്പർ ലാലിനു തന്നെ....
ധൈര്യമായി പോയി കാണാം ഈ സിനിമ (ഇടയ്ക്ക് കുറച്ച് പേടിക്കുമെങ്കിലും).. ഇതിനു നിങ്ങൾ മുടക്കുന്ന 30 രൂപ അല്ലെങ്കിൽ 50രൂപ നിങ്ങൾക്ക് ഒരിക്കലും ഒരു നഷ്ടമാവില്ല..
ആഘോഷിക്കു.... ഓരോ നിമിഷവും.............................!

കഥ തുടരണോ.. ??


ഒരേ റൂട്ടിൽ ഓടുന്ന ബസ് പോലെ ആണു എന്റെ സിനിമകൾ എന്നാണു
മലയാളത്തിലെ ഒരു
കോമെഡിയൻ ആയ നടൻ എന്റെ സിനിമകളെ കുറിച്ച് പറഞ്ഞത്.. അത് ഞാൻ അയാളെ എന്റെ സിനിമകളിൽ അഭിനയിപ്പിക്കാത്തതിന്റെ കെറുവ് കൊണ്ടാണു എന്ന് എല്ലാവർക്കും അറിയാം.എനിക്കു വേണ്ടത് ശുദ്ധമായ നർമ്മമാണു അതു കൊണ്ടു തന്നെ ഇവരെയെന്നും എന്റെ സിനിമകളിൽ എനിക്ക് ആവശ്യമില്ല.. ഞാൻ ആരാണെന്നും എന്റെ സിനിമകൾ എന്താണെന്നും കേരളത്തിലെ പ്രേക്ഷകർക്ക് നന്നായിട്ടറിയാം. പ്രത്യേകിച്ച് സ്ത്രീ പ്രേക്ഷകർക്ക്. സംശയമുള്ളവർ എന്റെ സിനിമകൾ റിലീസ് ചെയ്യുമ്പോൾ തിയറ്ററിൽ പോയി നോക്കിയാൽ മതി അപ്പോൾ കാണാം സ്ത്രീജനങ്ങളുടെ നീണ്ട ക്യൂ.. കഴിഞ്ഞ ഏതാനും വർഷങ്ങളായി എല്ല്ലാ കൊല്ലവും വിഷുവിനു ഞാൻ സംവിധാനം ചെയ്യുന്ന സിനിമകൾ റിലീസ് ചെയ്യാറുണ്ട്. അതെല്ലാം 100 ദിവസം ഓടാറുമുണ്ട്.. പക്ഷെ എനിക്കതിന്റെ അഹങ്കാരം ഒന്നും ഇല്ല കേട്ടോ.. മലയാളത്തിലെ മറ്റേത് സംവിധായകനുണ്ട് ഇതു പോലെ വിജയ ചിത്രങ്ങൾ ചെയ്യുന്നത് എന്നൊന്നും ഞാൻ ചോദിക്കില്ല.. പണ്ട് എന്റെ സിനിമകൾക്ക് തിരകഥ എഴുതിയിരുന്നത് ശ്രീനിവാസൻ ആയിരുന്നു. കുറചു കഴിഞ്ഞപ്പോൾ എനിക്ക് മനസ്സിലായി ശ്രീനിവാസനു ഞാന്‍ വിചാരിക്കുന്ന അത്ര വലിയ കഴിവൊന്നുമില്ലെന്ന്. അപ്പോഴാണു ഞാൻ ലോഹിത ദാസിനെ പരിചയപ്പെടുന്നത്. ലോഹി നല്ല എഴുത്തുകാരൻ ആയിരുന്നു. പക്ഷെ സ്വന്തമായി സിനിമ സംവിധാനം ചെയ്യാൻ തുടങ്ങിയതോടെ പിന്നെ എന്റെ സിനിമകൾക്ക് തിരകഥ എഴുതാൻ സമയമില്ലാതെയായി.. അ സമയത്ത് ഞാൻ ശ്രീനിവാസനു വീണ്ടുമൊരവസരം കൂടി കൊടുത്തു. രക്ഷപെടുന്നെങ്കിൽ രക്ഷപ്പെട്ടോട്ടെ എന്ന് കരുതിയിട്ട്.. പക്ഷെ നിരാശയായിരുന്നു ഫലം. ആയിടയ്ക്കാണു ഞാൻ മീശമാധവൻ എന്ന ചിത്രം കാണുന്നത്. എന്റെ സിനിമകളുടെ അടുത്തെങ്ങും വരില്ലെങ്കിലും കുഴപ്പമില്ലാത്ത ഒരു സിനിമ.. അതിന്റെ തിരകഥാകൃത്തിനെ ഞാൻ പതുക്കെ എന്റെ കൂടെ കൂട്ടി.. എന്റെ കൂടെയാവുമ്പോൾ ഇതിലും നല്ല സിനിമകൾ എഴുതാനുള്ള പ്രചോദനം രഞ്ജനു കിട്ടും എന്ന ഒരൊറ്റ കാരണം കൊണ്ടാണു ഞാൻ അങ്ങിനെ ചെയ്തത്. അല്ലാതെ ചിലർ പറയുന്ന പോലെ രഞ്ജൻ പ്രമോദ് - ലാൽ ജോസ് കൂട്ട് കെട്ട് പിന്നെയും ഉണ്ടായാൽ അത് എനിക്ക് ഭീഷണിയാവും എന്ന് കരുതിയിട്ടൊന്നുമല്ല.. ഞാൻ എവിടെ കിടക്കുന്നു ആ ലാൽ ജോസ് എവിടെ കിടക്കുന്നു.. അങ്ങിനെ രഞ്ജനെ കൂടെ കൂട്ടിയപ്പോൾ ആദ്യമൊക്കെ അയാൾ നന്നായിട്ട് എഴുതി. ഞങ്ങൾ ഒരുമിച്ച സിനിമകൾ ഒക്കെ ഹിറ്റുകളും ആയിരുന്നു.. വിജയങ്ങൾ വരുമ്പോൾ മനുഷ്യൻ ഒരിക്കലും അഹങ്കരിക്കാൻ പാടില്ല.. എന്ന് ഒരാൾ അഹങ്കരിക്കാൻ ആരംഭിക്കുന്നുവോ അന്ന് മുതൽ അയാൾ വളരാൻ തുടങ്ങും .. താഴോട്ട്.. ഈ സത്യം രഞ്ജൻ മനസ്സിലാക്കാതെ പോയി.. മനസ്സിനക്കരയും, അച്ചുവിന്റെ അമ്മയും വിജയിച്ചത് അത് സംവിധാനം ചെയ്തത് ഞാൻ ആയതു കൊണ്ടാണു എന്ന് ഇവിടത്തെ കൊച്ചു കുട്ടികൾക്ക് വരെ അറിയാം. രഞ്ജൻ വിചാരിച്ചത് അയാളുടെ തിരകഥാ മികവു കൊണ്ടാണു എന്നാണു. അത് കൊണ്ടാണല്ലോ ഓടി പോയി ഫോട്ടോഗ്രാഫർ സംവിധാനം ചെയ്തത്.. അതിനു ശേഷം ഞാൻ അയാളെ കണ്ടിട്ടെയില്ല.. അങ്ങിനെ ഞാൻ വീണ്ടും ഒറ്റയ്ക്കായി.. പക്ഷെ ഞാൻ അങ്ങിനെ വെറുതെ ഇരുന്നാൽ ആകെ പ്രശ്നമാണു കാരണം വിഷുവിനു എന്റെ പടം ഇറങ്ങുന്നതും കാത്ത് കേരളത്തിലെ സ്ത്രീ പ്രേക്ഷകർ മുഴുവൻ കാത്തിരിക്കുന്നുണ്ട്.. അവരെ നിരാശപ്പെടുത്താൻ വയ്യ..അവസാനം ഞാൻ അത് തിരുമാനിച്ചു. തിരകഥ സ്വന്തമായി എഴുതാം എന്ന്.. അങ്ങിനെ ഞാൻ ആദ്യമായി എഴുതിയ തിരകഥയാണു രസതന്ത്രം.. ഗംഭീരമായിരുന്നു അല്ലേ.. എനിക്കറിയാം അല്ലെങ്കില്ലും ഞാൻ ചെയ്യുന്ന എന്തെങ്കിലും മോശമാവാറുണ്ടോ... ഇതിൽ നിന്നും ഞാൻ ഒരു കാര്യം മനസ്സിലാക്കി ഞാൻ ഒരു മികച്ച തിരകഥാകൃത്ത് തന്നെ ആണെന്ന്.. ഇനി മുതൽ ഒറ്റയ്ക്ക് തിരകഥ എഴുതാം എന്ന് അന്ന് ഞാൻ തിരുമാനിച്ചു.. അടുത്ത പടം വിനോദയാത്ര.. അതും ഹിറ്റ് . അതിന്റെ തിരകഥയ്ക്ക് എന്റെ തന്നെ മുൻ ചിത്രങ്ങളുമായി സാമ്യമുണ്ടായിരുന്നു എന്ന ഒരു ആരോപണം ഉണ്ടായിരുന്നു. അസൂയ അല്ലാതെന്താ.ഇനിയിപ്പോൾ ഉണ്ടെന്ന് തന്നെ വെക്കുക എന്താ കുഴപ്പം എന്റെ തന്നെ സിനിമകളില്ലേ അല്ലേ.. അത് കേരളത്തിലെ ലക്ഷക്കണക്കിനു വരൂന്ന എന്റെ സ്ത്രീ പ്രേക്ഷകർ അങ്ങ് സഹിക്കും.. കാരണം അവർക്ക് അത്രയ്ക്ക് ഇഷ്ട്ടമാണു എന്റെ സിനിമകളെ.. പിന്നെ എടുത്തത് ഇന്നത്തെ ചിന്താവിഷയം ആണു.. എനിക്ക് തിരകഥ എഴുതാൻ അറിയില്ല എന്ന് വരെ പറഞ്ഞു കളഞ്ഞു ചിലർ ആ പടം കണ്ടിട്ട്.. പക്ഷെ കുടുംബ പ്രേക്ഷകർ ആ പടം രണ്ടു കയ്യും നീട്ടി സ്വീകരിച്ചു, എനിക്ക് കേരളാ സര്‍ക്കാരിന്റെ അവാർഡും കിട്ടി.. അപ്പോ ഈ പറഞ്ഞ ഒരുത്തനെം കണ്ടില്ല കേട്ടോ ..
അവസാനമായി ഞാൻ എടുത്തത് ഭാഗ്യദേവത ആണു.. അതിലെ എന്റെ തിരകഥ വൈഭവം കണ്ട് മലയാളത്തിലെ മുൻ നിര തിരകഥാകൃത്തുകൾ വരെ അത്ഭുതപ്പെട്ടു പോയി എന്നാണു റിപ്പോർട്ട് (അതിനു മലയാളത്തിൽ ഇപ്പോ ആരാ മുൻ നിര തിരകഥാ കൃത്ത്.. ഞാൻ തന്നെ.. അല്ലാതാരാ..)
ഈ വിഷുവിനും ഞാൻ വരുന്നുണ്ട്.. എന്റെ സ്ത്രീ പ്രേക്ഷകർക്ക് മനോഹരമായ ഒരു വിഷു കൈ നീട്ടവുമായി.... ജയറാമും മമതയും അഭിനയിക്കുന്ന സിനിമ.. കഥ തുടരും.. മനസിലായില്ലേ.. കേരളത്തിലെ എന്റെ ലക്ഷക്കണക്കിനു വരുന്ന സ്ത്രീ പ്രേക്ഷ്കർക്ക് വേണ്ടി ഞാൻ ഇനിയും കഥ തുടരും എന്ന്..അവരാണു തിരുമാനിക്കേണ്ടത് ഞാൻ കഥ തുടരണോ.. വേണ്ടയോ എന്ന് ....

Followers

 
Copyright 2009 b Studio. All rights reserved.