RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

പാപ്പി അപ്പച്ച


ഈ ബോഗിലെ മുൻ റിവ്യുകൾ വായിച്ചവർ പറയുന്നത് ചിലതെല്ലാം വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നു എന്നാണു. ജനകൻ “ശരിക്കും” ഒരു ഗംഭീര സിനിമ , താന്തോന്നി “ഉഗ്രൻ” എന്ന റിവ്യുകൾ ഒക്കെ വീണ്ടും വായിച്ചു നോക്കിയപ്പോൾ ആ അഭിപ്രായം ശരിയാണു എന്ന് ഞങ്ങൾക്കും മനസിലായി. അതുകൊണ്ട് തന്നെ ഇപ്രാവശ്യം തെറ്റിദ്ധാരണകൾ ഉണ്ടാക്കാതെ സത്യസന്ധമായി പറഞ്ഞുകൊള്ളട്ടെ. പാപ്പി അപ്പച്ച വളരെ മോശം സിനിമയാണു. (തലനാരിഴ കീറി മുറിച്ച് റിവ്യു എഴുതില്ല എന്ന നിലപാടിൽ മാറ്റമില്ല. അതിനു ചിത്രവിശേഷമോ മൂവിരാഗയോ സന്ദർശിച്ചാൽ മതി)
തമാശ എന്ന പേരിൽ എന്തൊക്കെയോ കാട്ടിക്കൂട്ടുകയാണു ഈ സിനിമയിൽ. കാവ്യമാധവനും പഴയ ഹിറ്റ് ഗാനമായ പാപ്പി .. അപ്പച്ച എന്ന പാട്ടും ഉണ്ട് എന്ന ഒരു മെച്ചം മാത്രം ഉണ്ട് ഇതില്‍ .തിരകഥ ഉദയ് സിബി ടീമിനെ കൊണ്ട് എഴുതിച്ചിരുന്നെങ്കില്‍ കണ്ടിരിക്കുകയെങ്കിലും ചെയ്യാമായിരുന്നു. വിദ്യാസാഗറിന്റെ പാട്ടുകള്‍ തരകേടില്ല .എന്തായാലും ദിലീപിന്റെ പരാജയ പരമ്പര അങ്ങിനെ വീണ്ടും തുടരുകയാണു. മമ്മൂട്ടിയ്ക്ക് ആശ്വസിക്കാം എന്റെ പടം മാത്രമല്ലല്ലോ വിഷുവിനു ഇറങ്ങിയിട്ട് പൊളിഞ്ഞത് എന്ന്.

പ്രശാന്ത് മാമ്പുള്ളി ആരാന്നാ വിചാരം...!

മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയങ്ങളിൽ ഒന്നാണു കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഭഗവാൻ. 19 മണിക്കൂർ കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ഭഗവാനു പക്ഷെ 24 മണിക്കൂർ പോലും തികച്ച് തിയറ്ററിൽ കളിക്കാൻ ഭാഗ്യമുണ്ടായില്ല.
മലയാള സിനിമയുടെ പാരമ്പര്യം അനുസരിച്ച് ഇത്രയും കനത്ത പരാജയം നേരിടേണ്ടി വന്ന സംവിധായകനെ അതും ഒരു പുതുമുഖ സംവിധായകനെ എഴുതിത്തള്ളുകയാണു പതിവ്. അത് തന്നെ ഇവിടെയും സംഭവിച്ചു. പ്രശാന്ത് മാമ്പുള്ളി എന്ന സംവിധായകൻ കഴിവില്ലാത്തവനാണു എന്ന വിലയിരുത്തൽ സിനിമാലോകം നടത്തി. ഒരുപാട് കാലം അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്ന് സിനിമ എടുത്ത ആളല്ല പ്രശാന്ത്. സിനിമയിൽ മുൻ പരിചയം വളരെ കുറവായിരുന്നു. വളരെ തഴക്കം ചെന്ന സംവിധായകർ ഇതേ മോഹൻലാലിനെ വെച്ച് തന്നെ ഭഗവാൻ പോലുള്ള സൃഷ്ടികൾ ഇതിനു മുൻപും ഉണ്ടാക്കിയിട്ടുണ്ട്. പൊളി സിനിമകളിൽ അഭിനയിക്കുന്നത് മോഹൻലാലിനു പതിവാണു താനും എന്നിട്ടും പ്രശാന്തിനെ മലയാള സിനിമ ഒതുക്കി. 19 മണിക്കൂർ കൊണ്ട് സിനിമ പൂർത്തിയാക്കിയ പ്രശാന്തിനെ ആരും അഭിനന്ദിച്ചിലെന്നു മാത്രമല്ല വിമർശനങ്ങൾ കൊണ്ട് മൂടുകയാണു ചെയ്തത്.
പ്രശാന്തിനെപ്പോലെ ഒരു പുതുമുഖം അതും ഒരു സഹസംവിധായകൻ പോലും ആവാതെ സിനിമ സംവിധാനം ചെയ്ത ഒരുവൻ പേരെടുക്കുന്നത് മലയാള സിനിമയിലെ താപ്പാനകൾക്ക് സഹിക്കില്ല. (തിലകൻ ഹോളിവുഡ് സിനിമയിൽ അഭിനയിച്ചാൽ ഓസ്ക്കർ കിട്ടും എന്നതു കൊണ്ടാണു തിലകനെ വിലക്കിയത് എന്ന ആരോ പറയുന്നുണ്ടായിരുന്നു.. ആ... ആർക്കറിയാം).
പക്ഷെ പ്രശാന്ത് മാമ്പുള്ളി ഇപ്പോ ആരാ എന്നറിയുമോ.. കന്നഡയിൽ സൂപ്പർഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുന്ന സുഗ്രീവ എന്ന ചിത്രത്തിന്റെ സംവിധായകൻ. ഇതിലെ നായകൻ ചിലറക്കാരനല്ല കന്നഡ സൂപ്പർ സ്റ്റാർ ശിവ് രാജ് കുമാർ. അത് 18 മണിക്കൂർ കൊണ്ട് പൂർത്തിയാക്കിയ സിനിമ.
ഇപ്പോഴാണു നമ്മൾ ശരിക്ക് വിളിച്ച് പോകുക
ഭഗവാനേ........................................! എന്ന്.

സന്തോഷ്‌ ജോഗി യാത്രയായി.

മലയാളസിനിമയ്ക്ക് ഇപ്പോ നഷ്ടങ്ങളുടെ കാലഘട്ടമാണു. രാജൻ p ദേവ് , കൊച്ചിൻ ഹനീഫ, മുരളി, ഗീരിഷ് പുത്തഞ്ചേരി ഇപ്പോൾ സന്തോഷ് ജോഗിയും..
മറ്റുള്ളവരെയെല്ലാം നിനച്ചിരിക്കാത്ത സമയത്തു മരണമാണു തേടിച്ചെന്നതെങ്കിൽ ജോഗി മരണത്തെ തേടി ചെല്ലുകയായിരുന്നു.ഇനിയും അണിയാനുണ്ടായിരുന്ന ഒരു പാട് വേഷങ്ങൾ ബാക്കി വെച്ച് ജോഗി യാത്രയായി.

ദൈവമേ വീണ്ടും............!


വല്യേട്ടൻ എന്ന വിജയ ചിത്രത്തിനു ശേഷം നീണ്ട 10 വർഷക്കാലം ഷാജി കൈലാസിനു ഡേറ്റ് നല്കാതിരുന്നതിന്റെ പേരിൽ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ മമ്മൂട്ടി ഡേറ്റ് കൊടുത്തില്ല എന്നതിന്റെ പേരിൽ ഷാജി കൈലാസ് എന്ന സംവിധാന പ്രതിഭയ്ക്ക് ഒട്ടും മങ്ങലേറ്റില്ല എന്ന് മാത്രമല്ല മോഹൻലാൽ, സുരേഷ് ഗോപി എന്നീ താരങ്ങളെ വെച്ച് കൊണ്ട് തന്റെ പണി അനുസൂതം തുടരുകയും ചെയ്തു. എന്തിനു പറയുന്നു ദിലീപിനെ വെച്ച് വരെ ഷാജി കൈലാസ് തന്റെ സംവിധാന പാടവം തെളിയിച്ചില്ലേ.. അവസാനം പ്രിത്വിരാജിനെ വെച്ച് നമ്മുടെ ഹിറ്റ് മേക്കർ ഒരു പടം ചെയ്യാൻ തുടങ്ങിയപ്പോഴാണു മമ്മൂട്ടിക്ക് ബോധോദയം ഉണ്ടായത്. ഇനിയും ഷാജി കൈലാസിനു ഡേറ്റ് കൊടുക്കാതിരുന്നാൽ കുഴപ്പമാണു എന്ന്. ഉടനെ വിളിച്ചു ഡേറ്റ് കൊടുത്തു. അങ്ങിനെ നീണ്ട 10 വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒരു മമ്മൂട്ടി - ഷാജി കൈലാസ് ചിത്രം ആരാധകരുടെ പ്രതീക്ഷകളെ വാനോളമുയർത്തി റിലീസ് ആവുകയും മലയാള സിനിമാ ചരിത്രത്തിൽ ഇടം പിടിക്കുകയും ചെയ്തു. എന്നാൽ ഇപ്പോഴിതാ മമ്മൂട്ടി ആരാധകർക്ക് ഒരു “സന്തോഷ വാർത്ത”. മെഗാസ്റ്റാറും മെഗാ ഡയറക്ടറും വീണ്ടും ഒന്നിക്കുന്നു. ഇത്തവണ തിരകഥാകൃത്ത് ആവുന്നത് sn സ്വാമി. ജനകന്റെ “വൻ” വിജയത്തിനു ശേഷം sn സ്വാമിയും കൂടി ഈ കൂട്ടുകെട്ടിൽ ചേരുമ്പോൾ ഒരു “സർവ്വകാല ഹിറ്റിൽ” കുറഞ്ഞതൊന്നും മമ്മൂട്ടി ആരാധകർ പ്രതീക്ഷിക്കേണ്ടതില്ല.!

ജയകൃഷ്ണനും ക്ലാരയും വീണ്ടും വരുമ്പോള്‍


മലയാള സിനിമക്ക് ഒരു പിടി നല്ല സിനിമകൾ സമ്മാനിച്ച് യാത്രയായ അതുല്യ കലാകാരനാണു പത്മരാജൻ . വിശേഷണങ്ങൾ ആവശ്യമിലാത്ത ചലചിത്രകാരൻ. കഥപറച്ചിലുകളിൽ എന്നും ഭ്രമാല്മകമായ സൗന്ദര്യം കാത്തു സൂക്ഷിച്ചിരുന്ന പത്മരാജന്റെ മനോഹരമായ സൃഷ്ടികളിൽ ഒന്നായിരുന്ന തൂവാനത്തുമ്പികളിലെ കഥാപാത്രങ്ങൾ വീണ്ടും വെള്ളിത്തിരയിൽ എത്തുകയാണു. പത്മരാജൻ തന്നെ എഴുതിയ ഉദകപ്പോള എന്ന നോവലിൽ നിന്നാണു തൂവാനത്തുമ്പികൾ ഉണ്ടായതെങ്കിൽ പുതിയ കാലത്ത് ഉദകപ്പോള എന്ന നോവൽ മുഴുവനായി സിനിമയാക്കി മാറ്റപ്പെടാന്‍ പോവുകയാണു. ഒരു കാലഘട്ടത്തിലെ സിനിമാ പ്രേക്ഷകർ മുഴുവൻ ആഘോഷമാക്കി മാറ്റിയ ജയകൃഷണന്റെയും ക്ലാരയുടെയും കഥ വീണ്ടും പറയുമ്പോൾ സംവിധായകനാകുന്നത് പത്മരാജന്റെ തന്നെ പ്രിയ സുഹ്രുത്ത് പ്രതാപ് പോത്തൻ ആണു. നോവലിനു ചലച്ചിത്ര ഭാഷ രചിക്കുന്നത് പതമരാജന്റെ മകൻ അനന്തപതമനാഭനും. ഡെയ്സി എന്ന ചിത്രത്തിലൂടെ നഷടപ്രണയത്തിന്റെ നീറുന്ന നോവ് നമ്മെ അനുഭവിപ്പിച്ച പ്രതാപ് പോത്തൻ ഒരു യാത്രാമൊഴിക്കു ശേഷം വീണ്ടും ഒരു മലയാള സിനിമ സംവിധാനം ചെയ്യുമ്പോൾ, അത് പത്മരാജൻ പറയാതെ ബാക്കി വെച്ചു പോയ സ്വപ്നങ്ങളുടെ സാക്ഷാല്ക്കരം തന്നെയാകട്ടെ എന്ന് നമ്മുക്ക് പ്രത്യാശിക്കാം.

സൗകര്യമുണ്ടെങ്കിൽ കണ്ടാൽ മതി.


ഒരു ചുക്കും സംഭവിക്കില്ല. കലയോടുള്ള (സിനിമ,സിനിമ) എന്റെ അടക്കാനാവാത്ത അഭിനിവേശം കൊണ്ടാണു ഞാനിതൊക്കെ ചെയ്യുന്നത്. അല്ലാതെ നീയൊക്കെ വന്ന് കാണും എന്ന് കരുതിയല്ല .ഞാൻ നിർമ്മിച്ച ഏറ്റവും പുതിയ സിനിമ കടാക്ഷം April 8 നു റിലീസ് ആയി. അവാർഡ് പടമാണു എന്ന് പറഞ്ഞ് നിങ്ങൾ ആരും അത് തിയറ്ററിൽ വന്ന് കാണില്ല എന്ന് എനിക്കറിയാം. ഒരുത്തനും വന്നിലെങ്കിലും ഒന്നും സംഭവിക്കില്ല. അല്ലെങ്കിലും സിനിമ വിജയിച്ച് കിട്ടുന്ന പൈസ കൊണ്ടല്ല എന്റെ വീട്ടിൽ ബിരിയാണി വെക്കുന്നത്. ഞങ്ങളുണ്ടല്ലോ പാരമ്പര്യമായിട്ട് പണക്കാരാ.. എന്റെ പറമ്പിൽ വെറുതെ നില്ക്കുന്ന കീഴാർ നെല്ലി പറിച്ച് export ചെയ്താൽ കിട്ടും മാസം 10 -30 കോടി. പിന്നെയാണു....
ഞാൻ നിർമ്മിച്ച ആദ്യത്തെ സിനിമ 8 നിലയിൽ പൊട്ടി. രണ്ടാമത് നിർമിച്ച സിനിമ സംവിധാനം ചെയ്തത് മേനോൻ സാർ ആയിരുന്നു. അത് എന്റെ ഒരു ഭാഗ്യമായി ഞാൻ കരുതുന്നു. അദ്ദേഹത്തെ പോലെ മഹാനായ ഒരു കലാകാരന്റെ കൈകളാൽ എന്റെ സിനിമ സംവിധാനം ചെയ്യപ്പെടുക എന്ന് വെച്ചാൽ തീർച്ചയായും അനുഗ്രഹം തന്നെയാണു. ആ സിനിമ പൊളിഞ്ഞു എന്ന് പറയാൻ പറ്റില്ല. കാരണം അങ്ങിനെ പറഞ്ഞാൽ ശരിക്കും പൊളിഞ്ഞ സിനിമകളുടെ നിർമാതാക്കൾ കേസ് കൊടുക്കും അവരെ അപമാനിച്ചു എന്ന് പറഞ്ഞിട്ട്. പക്ഷെ മൂന്നാമത് ഞാൻ നിർമ്മിച്ച പടമുണ്ടല്ലോ അത് ഒരു സംഭവം തന്നെയായി. അതിനു ഏറ്റവും നല്ല സിനിമക്കുള്ള അവാർഡ് കിട്ടി. ഞാൻ കൃതാർഥനായി. അത് കഴിഞ്ഞ് ഞാൻ നിർമ്മിച്ച പടം ഡോക്യുമെന്ററി പോലെയായി, ബോക്സ് ഓഫീസിൽ തകർന്നു എന്നൊക്കെ ആളുകൾ പറഞ്ഞു നടക്കുന്നു. എന്റെ പടം എന്റെ പൈസ. തകർന്നാലും തരിപ്പിണമായാലും ഇവർക്കെന്താ..? വെറും 5 കോടി രൂപയല്ലേ പോയുള്ളു അത് ഞാനങ്ങ് സഹിച്ചു. എന്റെ വീട്ടിലെ മുഖം തുടക്കുന്ന ടിഷ്യു പേപ്പർ ആയി ഉപയോഗിക്കുന്നത് 1000ന്റെ നോട്ടുകളാണു. ആ എനിക്കാണു ഒരു 5 കോടി....! കാശുള്ളവരോട് എല്ലാവർക്കും അസൂയയാ. ഞാനും സുബൈറും കൂടി നിർമ്മിക്കുന്ന പുതിയ ചിത്രത്തിനു ബജറ്റ് കൂടി കൂടി എന്ന് പറഞ്ഞ എന്തൊക്കെ ബഹളമായിരുന്നു 3 കോടിയിൽ കൂടുതൽ ചിലവ് വരാൻ പാടിലാത്രെ.. എന്ത് മണ്ടത്തരമാണു പറയുന്നതെന്ന് നോക്കിയെ. മിനിമം ഒരു 5 കോടിയെങ്കിലും ഇല്ലാതെ ഒരു മൾട്ടി സ്റ്റാർ ചിത്രം എടുക്കാൻ പറ്റുമോ..? ഇവനെക്കെ എവിടുന്ന് വരുന്നതാവോ എന്തോ..
അപ്പോ പറഞ്ഞ് വന്നത് കടാക്ഷത്തിൽ ഞാനും അഭിനയിച്ചിട്ടുണ്ട് ഒരു ചെറിയ റോളിൽ. സംവിധായകൻ കൂറെ നിർബന്ധിച്ച കാരണം ചെയ്തതാ. അല്ലാതെ എനിക്ക് താല്പര്യം ഉണ്ടായിട്ടൊന്നുമല്ല. നമ്മുടെ കളരി നാടകമാണല്ലോ. അത് പറഞ്ഞില്ല അല്ലേ.. ഞാൻ ഭയങ്കര നാടക നടനാണു കേട്ടോ. ഒരു പാട് സമ്മാനങ്ങൾ ഒക്കെ കിട്ടിയിട്ടുണ്ട് നാലാം ക്ലാസിൽ പഠിക്കുമ്പോള്‍ . പിന്നെ ഈ സിനിമ കാണാൻ വരുന്നവർക്ക് ഒരു മെഡിമിക്സ് സോപ്പ് ഫ്രീ ആയി കൊടുക്കുന്നുണ്ട്. ചുമ്മാ വന്ന് കണ്ടിട്ട് പോ.. സോപ്പൊക്കെ തരുന്നതല്ലേ......!

ഞങ്ങള്‍ക്കുമില്ലേ ആഗ്രഹങ്ങള്‍ ..


അമ്മ, ഫെഫ്ക, തിലകൻ, അഴിക്കോടൻ മാഷ്, സൂപ്പർ സ്റ്റാർ, കൂളിംഗ് ഗ്ലാസ്..തേങ്ങാക്കുല.. കൂറെ ദിവസങ്ങളായിട്ടു എന്നും പത്രത്തിലും ടിവിയിലും ഇതൊക്കെ തന്നെ വാർത്ത. ആ ഇന്നസന്റും ഇടവേളയുമൊക്കെ ഞെളിഞ്ഞിരുന്ന് പത്ര സമ്മേളനം നടത്തുന്നു. ടെലിവിഷനിൽ ചർച്ചയിൽ പങ്കെടുക്കുന്നു, പ്രസ്താവനകൾ പുറപ്പെടുവിക്കുന്നു.. അല്ല ഇവനൊക്കെ ആരാ...
ഇവിടെ മലയാള സിനിമയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഞങ്ങളുണ്ട്. എന്നിട്ട് ഒരുത്തൻ പോലും ഞങ്ങടെ അടുക്കൽ വന്നില്ല.. അഹങ്കാരം അല്ലാതെന്ത.. ഒരുത്തനേം വിടില്ല. നീയൊക്കൊ കൂറെ ടീവിയിൽ ഷൈൻ ചെയ്തതല്ലേ ഇനി ഏതവനെയെങ്കിലും ആ പെട്ടിയിൽ കണ്ടാൽ പിന്നെ നിന്റെയൊന്നും മോന്ത ജീവിതത്തിൽ തീയറ്ററിൽ കാണുവേല്ല..ചേമ്പറിനോടാ കളി...! പണ്ടു ഇതു പോലെ വിലക്കിയപ്പോൾ എല്ലാരും കൂടി ഒരുമിച്ച് പാലം വലിച്ച് ഞങ്ങളെ പറ്റിച്ചു. നിങ്ങൾ ഇനി അഭിനയിക്കില്ല.. മലയാള സിനിമ നശിക്കും എന്നൊക്കെ പറഞ്ഞ് പേടിപ്പിച്ച പോലെ ഇത്തവണ നടക്കില്ല മക്കളെ..നീയൊന്നും അഭിനയിച്ചിലെങ്കില്ലും ഞങ്ങൾക്ക് ഒരു ചുക്കും വരാൻ പോകുന്നില്ല. തമിഴിൽ നിന്നും ഹിന്ദിയിൽ നിന്നും ഹോളിവുഡിൽ നിന്നുമൊക്കെ നല്ല സൂപ്പർ സിനിമകൾ വിതരണത്തിനെടുത്ത് ഞങ്ങൾ ഇവിടെ കളിപ്പിക്കും. നിങ്ങടെയൊക്കെ പടത്തിനു 10 ദിവസം കഴിയുമ്പൊൾ 50 ദിവസത്തിന്റെ പോസ്റ്റർ ഒട്ടിക്കുന്ന പോലെ ആവില്ല. ഇതെന്നും..
ഇപ്രാവശ്യം ഒരു ഒത്തു തീർപ്പും ഇല്ല. ഒന്നുങ്കിൽ ടിവി അല്ലെങ്കിൽ തിയറ്റര്‍ ..
ഇനി ഈ പ്രശ്നത്തിൽ ഞങ്ങളും പങ്കെടുക്കട്ടെ ടെലിവിഷനിൽ ചർച്ചയിൽ. ബാക്കി അവിടെ പറയാം.....!

Followers

 
Copyright 2009 b Studio. All rights reserved.