ജോസഫ് - സിനിമ അവസാനിച്ചു കഴിയുമ്പോൾ പുറത്തേക്ക് വരാതെ ചങ്കിനുള്ളിൽ വേദനയോടെ അമർത്തിപിടിച്ച ആ കണ്ണു നീരാണ് സാക്ഷി. അക്ഷരം തെറ്റാതെ വിളിക്കാം മലയാള സിനിമയിലെ ലക്ഷണമൊത്ത ഇമോഷണൽ ത്രില്ലറുകളിൽ ഒരെണ്ണം കൂടി എന്ന്....
തിരിച്ചു വരവ്
Posted in
Tuesday, November 13, 2018
എല്ലാവർക്കും നമസ്കാരം. ഏതാണ്ട് എട്ട് വർഷങ്ങൾക്കു മുൻപാണ് ഈ ബ്ലോഗ് ആരംഭിക്കുന്നത്. ആദ്യകാലങ്ങളിൽ ദിവസേന ഒരു പോസ്റ്റ് വീതം ആണ് കണക്കെങ്കിൽ പോകെ പോകെ അത് ആഴ്ചയിൽ ഒന്നും പിന്നീട് മാസത്തിൽ ഒന്നുമായി ചുരുങ്ങി അവസാനം തീരെ ഇലാതാവുകയും ചെയ്തു. ഓർക്കുട്ട് കത്തി നിന്നിരുന്ന സമയത്തു തുടങ്ങിയ ഈ ബ്ലോഗ് ഒര്കുട്ടിന്റെ വീഴ്ചയും ഫേസ്‌ബുക്കിന്റെ രാജവാഴ്ചയും അത് കഴിഞ്ഞു വാട്സാപ്പിന്റെ കടന്നു വരവും ട്വിറ്ററിന്റെ ആധികാരികതയിലും എത്തി നിൽക്കുമ്പോഴും ബ്ലോഗിന് മാത്രം ഒരു മാറ്റവുമില്ല. പോയ കാലങ്ങളിലെ ആ സുന്ദര നിമിഷങ്ങൾ ഓർത്തെടുക്കുന്നതിനിടയിൽ ആണ് ഈ ബ്ലോഗിനൊരു പുനർജീവനം നല്കിയാലോ എന്ന ചിന്ത കടന്നു വന്നത്. കാലം മാറി കോലം മാറി കോലാഹലങ്ങളായി അതിനിടയിലേക്ക് b Studio വീണ്ടും എത്തുന്നു.......
കാറ്റ്
Posted in
Monday, October 16, 2017
സംവിധായകന്റെ അഞ്ച് വർഷത്തെ കഷ്ട്ടപ്പാടും നിർമ്മാതാവിന്റെ കോടിക്കണക്കിനു രൂപയുടെ നഷ്ട്ടവും അണിയറപ്രവർത്തകരുടെ വിയർപ്പിന്റെ വിലയുമൊക്കെ പറഞ്ഞ് കണ്ണീരൊഴുക്കിയില്ല എന്നതാണു ഈ സിനിമ നിങ്ങൾ കാണാതിരിക്കാനുള്ള കാരണമെങ്കിൽ നന്ദി നല്ല നമസ്ക്കാരം.
കട്ടപ്പനയിലെ ഋതിക്ക് റോഷന്‍ - Film Review
Posted in
Saturday, November 19, 2016
പുലിമുരുകൻ വേട്ടയാടിയ മലയാള സിനിമ ബോക്സോഫീസിനു ഒന്ന് ശ്വാസം വിടാൻ അവസാനം നരേന്ദ്രമോഡി വരേണ്ടി വന്നു. നാട്ടിൽ ചില്ലറ ക്ഷാമം വന്നപ്പോൾ മാത്രമാണു ബോക്സോഫീസ് അല്പമെങ്കിലും ശ്വാസം വിട്ടത്. പ്രശ്നങ്ങൾ ഒരു വിധം അവസാനിച്ചപ്പോൾ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടുമെത്തുന്നു കട്ടപ്പനയിലെ ഋതിക്ക് റേഷന്റെ വിശേഷങ്ങളിലൂടെ...!!
അമർ അക്ബർ ആന്റണിയുടെ വമ്പൻ വിജയത്തിനു ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന സിനിമയാണു കട്ടപ്പനയിലെ ഋതിക്ക് റോഷൻ. ആദ്യ ചിത്രത്തിന്റെ തിരകഥാകൃത്തുക്കളായ വിഷ്ണുവും ബിബിനും തന്നെയാണു ഈ സിനിമയുടെയും തിരകഥ രചിച്ചിരിക്കുന്നത്. തിരകഥകൃത്തായ വിഷ്ണു ആദ്യമായി നായകനാവുന്ന സിനിമയാണു ഇത്. കുറവുകൾ കൂടുതൽ ഉള്ളവന്റെ കഥയായ കട്ടപ്പനയിലെ ഋതിക്ക് റോഷൻ നിർമ്മിച്ചിരിക്കുന്നത് ദിലീപാണു. സിദിഖ്, പ്രയേഗ , സലീം കുമാർ, ധർമ്മജൻ എന്നിവരാണു ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ
കഥ
തനിക്ക് ആവാൻ കഴിയാതെ പോയത് തന്റെ മക്കളിലൂടെ സാധിക്കണം എന്നത് ഏതൊരു അഛനമ്മമാരുടെയും ഉള്ളിലെ ആഗ്രഹമാണു. ചിലരത് പുറമേ പ്രകടിപ്പിക്കും ചിലരത് പ്രകടിപ്പിക്കാറുമില്ല. മക്കൾക്ക് അവരുടേതായ വഴി തിരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കി കൊടുക്കുന്നു എന്ന് വിശാലമായി പറഞ്ഞാൽ പോലും ആ വഴികാട്ടലിലെ ചില സൂചനകൾ തങ്ങളുടെ നടക്കാതെ പോയ ദിശയിലേക്കാവുന്നത് സ്വഭാവികമാണു. ഇവിടെ സിനിമ നടനാവാൻ ആഗ്രഹിച്ച് നടക്കാതെ പോയി ഒടുവിൽ തന്റെ മകനിലൂടെ ആ ആഗ്രഹം സാധിക്കണം എന്ന് ആഗ്രഹിച്ച് അത് നടപ്പിലാക്കാൻ ശ്രമിക്കുന്ന ഒരഛനും അഛന്റെ ആഗ്രഹം നിറവേറ്റാനായി ഏതറ്റം വരെയും പോകാൻ തയ്യാറായി നില്ക്കുന്ന ഒരു നായക നടനാവാൻ വേണ്ട യാതൊരു ഗുണകണങ്ങളുമില്ലാത്ത ഒരു മകനും, അത്തരമൊരു അഛന്റെയും മകന്റെയും കഥയാണു കട്ടപ്പനയിലെ ഋതിക്ക് റോഷൻ..!!!!
വിശകലനം.
നായകനാവാൻ മലയാള സിനിമയിൽ വേണ്ട മിനിമം യോഗ്യതയാണു സൗന്ദര്യം. കലാഭവൻ മണി അതിനൊരപവാദമായെങ്കിലും സിനിമ ഉണ്ടായ കാലം മുതല്ക്കേ നില നിന്ന് പോകുന്ന ഒരു സാമ്പ്രദായിക രീതി ആണിത്. (സത്യൻ മാഷിനു സൗന്ദര്യം ഇല്ലായിരുന്നു എന്നൊന്നും ഇതിനിടയിൽ പറഞ്ഞ് വരരുത് പ്ലീസ്..!! ) രാജപ്പൻ തെങ്ങുമ്മൂടും മോഹനും സിനിമനടൻ ആകാൻ ആഗ്രഹിച്ചവരായിരുന്നു. മോഹൻ മമ്മൂട്ടിയെ പോലെ ഗ്ലാമർ ഉള്ള ആളായിരുന്നെങ്കിൽ രാജപ്പൻ ശ്രീനിവാസനെ പോലെ ഒരാളായിരുന്നു. ഇവരിൽ രാജപ്പൻ തെങ്ങുമൂട് സരോജ് കുമാർ എന്ന സൂപ്പർ സ്റ്റാർ ആയി മാറിയപ്പോൾ മോഹൻ എവിടെയും എത്താതെ ഒതുങ്ങി. സിനിമ ഭാഗ്യത്തിന്റെ കൂടി കലയാണു. ഇങ്ങനെ സിനിമ നടനാകണം എന്ന് ആഗ്രഹിച്ചു നടക്കുന്നവർക്കെല്ലാം ഒരു സന്ദേശം നല്കുന്ന സിനിമയാണു കട്ടപ്പനയിലെ ഋതിക്ക് റോഷൻ.
മികച്ച കോമഡികളുടെ അകമ്പടിയോടെ ആണു സിനിമ മുന്നേറുന്നത്. നായകനായെത്തിയ വിഷ്ണുവിന്റെ പ്രകടനം കുറ്റമറ്റതയിരുന്നു. മറ്റ് നടന്മാരിൽ ഏറ്റവുമധികം സ്കോർ ചെയ്തത് സലീം കുമാർ ആയിരുന്നു. തന്റെ പ്രതാപ കാലത്തിലേക്കുള്ള ഒരു തിരിച്ച് പോക്ക് ഈ നടനിൽ കാണാം. പ്രേക്ഷകന്റെ പൾസറിഞ്ഞ് ചിരിപ്പിക്കുക എന്ന ലക്ഷ്യം മാത്രം മുന്നിൽ കണ്ട് കൊണ്ട് തിരകഥ ഒരുക്കിയ ബിബിനും വിഷ്ണുവും തങ്ങളുടെ രണ്ടാമത്തെ ചിത്രത്തിലും വിജയം കൈവരിച്ചിരിക്കുന്നു. മനോഹരമായ ദൃശ്യങ്ങളും തരക്കേടില്ലാത്തെ ഗാനങ്ങളും ചിത്രത്തിനു നല്കുന്ന പിന്തുണ വലുതല്ല. വലിയ വലിയ കാര്യങ്ങളെ കുറിച്ച് ആലോചിച്ച് ടെൻഷനടിക്കാതെ ചെറിയ ചെറിയ സന്തോഷങ്ങൾ വരെ ആഘോഷമാക്കുന്നവർക്ക് ഈ സിനിമ ഒരു നല്ല വിരുന്നാണു. മിമിക്രി താരത്തിൽ നിന്നും സംവിധായകനായി മലയാള സിനിമയുടെ മുൻ നിരയിൽ തന്നെ ആദ്യ ചിത്രം കൊണ്ട് കസേരയിട്ടിരുന്ന നാദിർഷ ഈ സിനിമയോട് കൂടി തന്റെ ഇരിപ്പിടം ഒന്നു കൂടി ഉറപ്പിച്ചു. മലയാള സിനിമയിലെ ഏത് നടന്റെയും ഡേറ്റ് ലഭിക്കുമായിരുന്നിട്ടും ഇതു പോലെ ഒരു പരീക്ഷണം നടത്താൻ തയ്യാറായ നാദിർഷായുടെയും നിർമ്മാതാവായ ദിലീപിന്റെയും ധൈര്യത്തിനിരിക്കട്ടെ ഒരു കയ്യടി.. വിജയങ്ങൾ ധീരന്മാർക്കുള്ളതാണു...!!!!!
പ്രേക്ഷക പ്രതികരണം.
മറ്റൊരു അമർ അക്ബർ പ്രതീക്ഷിച്ച് വന്നവർ എല്ലാം സംതൃപ്തർ..!!!
ബോക്സോഫീസ് സാധ്യത.
സൂപ്പർ ഹിറ്റ്
റേറ്റിംഗ് : 3 / 5
അടിക്കുറിപ്പ്: 14 വർഷം ദേ മാവേലി കൊമ്പത്ത് എന്ന കാസറ്റുമായി മൊത്തം മലയാളികളെ ചിരിപ്പിച്ച നാദിർഷാക്കാണു വെറും രണ്ടര മണിക്കൂർ ആളുകളെ രസിപ്പിക്കാൻ പാട്....!! മാർപ്പാപയെ കുർബാന ചൊല്ലാൻ പടിപ്പിക്കണോ..!!
ഒരു മുത്തശി ഗദ - Film Review
Friday, September 16, 2016
ഓം ശാന്തി ഓശാന എന്ന കന്നി ചിത്രത്തിലൂടെ മലയാള സിനിമയിൽ പ്രശസ്തനായ സംവിധായകനാണു ജൂഡ് ആന്തണി. നടനായും ചില സിനിമകളിൽ കഴിവ് തെളിയിച്ചിട്ടുള്ള അദ്ദേഹത്തിന്റെ രണ്ടാമത്തെ പടമാണു ഒരുമുത്തശി ഗദ. സുരാജ് വെഞ്ഞാറമൂട്, ലെന , വിജയരാഘവൻ, രജനി ചാണ്ടി, ഭാഗ്യലക്ഷ്മി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ തിരകഥ സംവിധായകന്റെ തന്നെയാണു
കഥാസാരം
സിബിച്ചനും കുടുംബവും ആണു കഥയിലെ പ്രധാന കഥാപാത്രങ്ങൾ. കുടുബം എന്നു പറയുമ്പോൾ സിബിച്ചനു ഭാര്യയും രണ്ട് മക്കളും പിന്നെ അയാളുടെ അമ്മയുമാണുള്ളത്. ലീലാമ്മ എന്ന സിബിച്ചന്റെ അമ്മ നാടൻ ഭാഷയിൽ പറഞ്ഞാൽ ഒരു മൂശേട്ടയാണു. അതു കൊണ്ട് തന്നെ സിബിച്ചന്റെ മക്കൾ മുത്തശിക്ക് ഇട്ടിരിക്കുന്ന പേരു റൗഡി ലീലാമ്മ എന്നാണു.
ഒരു അമ്മായി അമ്മ - മരുമകൾ പോരാണു മണക്കുന്നതെങ്കിൽ പരസ്പരം സീരിയലിലെയും സ്ത്രീധനത്തിലെയും ചന്ദനമഴയിലേയുമൊക്കെ അമ്മായി അമ്മമാരെ മറന്നേക്കുക ഇത് വേറെ ലെവൽ..! റൗഡി ലീലാമ്മയുടെ ജീവിതത്തിലേക്ക് സിബിച്ചന്റെ ഭാര്യയുടെ അമ്മയായ സൂസമ്മ കടന്നു വരുമ്പോൾ ഉണ്ടാകുന്ന വഴി തിരുവകളാണു സിനിമ പറയുന്നത്.. അതെ വളവിൽ തിരിവുണ്ട്..!!!!
വിശകലനം
ഓംശാന്തി ഓശാനക്ക് ശേഷം വലിയ സെറ്റപ്പിൽ ഒരു പടം ചെയ്യാമായിരുന്നിട്ടും ജൂഡ് ആന്തണി തിരഞ്ഞെടുത്തത് ഒരു വ്യത്യസ്ഥമായ പ്രമേയമാണു എന്നത് അഭിനന്ദനാർഹമാണു. ഒരു മുത്തശി ഗദ എന്ന് പറഞ്ഞ് തുടങ്ങുന്ന ഈ സിനിമ പ്രായമായവരുടെ പ്രശ്നനങ്ങളെ വളരെ ഹ്യൂമറസായിട്ടാണു അവതരിപ്പിച്ചിരിക്കുന്നത്. എല്ലാവരുടെയും വീട്ടിൽ ഉള്ള പ്രായമായവർ എങ്ങനെ ചിന്തിക്കുന്നു അവർ എന്ത് കൊണ്ട് ഇങ്ങനെ പ്രവർത്തിക്കുന്നു എന്നൊന്നും ആലോചിക്കാൻ ഇന്നത്തെ തലമുറ മിനക്കെടാറില്ല. അതിലേക്ക്ഒരു എത്തി നോട്ടമാണു ഒരു മുത്തശിഗദ.
ടൈറ്റിൽ റോൾ അവതരിപ്പിച്ച രജനി ചാണ്ടി ആദ്യമായി അഭിനയിക്കുന്നതിന്റെ ബാലാരിഷ്ടതകൾ പ്രകടിപ്പിക്കാതെ വളരെ സ്വഭാവികമായി ലീലാമ്മയെ അവതരിപ്പിച്ചു. ലീലാമ്മ ഇങ്ങനെ ആണു അല്ലെങ്കിൽ ഇങ്ങനെ ആയിക്കൂടെ എന്ന് ചിന്തിച്ചാൽ തീരാവുന്നതേ ഉള്ളു മുത്തശിയുടെ അഭിനയത്തിലെ കല്ലുകടികൾ. ഞാൻ സംവിധാനം ചെയ്യും എന്ന ചിത്രത്തിനു ശേഷം ഭാഗ്യ ലക്ഷിയെ വീണ്ടും സ്ക്രീനിൽ കാണാനും ഒരു നല്ല അഭിനയം ആസ്വദിക്കാനും സാധിച്ചു. സുരാജ് , ലെന വിജയരാഘവൻ, ബാലതാരങ്ങൾ ഉൾപ്പെടെ എല്ലാവരും സിനിമയിൽ നന്നായി തന്നെ തങ്ങളുടെ ഭാഗം അഭിനയിച്ചിട്ടുണ്ട്. ഒരുപാട് നാളുകൾക്ക് ശേഷം നടൻ രാജീവ് പിള്ളയെ വെള്ളിത്തിരയിൽ ഈ സിനിമയിലൂടെ കാണാം. കാര്യമായ പരിക്കുകളിലാതെ രാജീവ് പിള്ളയും തന്റെ വേഷം വൃത്തിയായി ചെയ്തപ്പോൾ അവിടെ തെളിഞ്ഞ് കണ്ടത് ജൂഡ് ആന്തണി എന്ന സംവിധായകന്റെ മികവ് തന്നെയാണു.
വിനീത് ശ്രീനിവാസനെ ഒരൊറ്റ ഗാനരംഗത്തിലേക്ക് ഒതുക്കിയ മാർക്കറ്റിംഗ് മികവും എടുത്ത് പറയേണ്ടതാണു. ഗാനങ്ങൾ പക്ഷെ അവസരത്തിനുത്ത് ഉയർന്നില്ലെങ്കിലും മനോഹരരമായ് വിഷ്വലുകളാൽ ആ കുറവ് ഒരുപരിധി വരെ പരിഹരിക്കപ്പെട്ടിട്ടുണ്ട്. ഓം ശാന്തി ഓശാന വലിയ ഹിറ്റ് ആയത് അതിനു വൈവിധ്യാമാർന്നഒരു തിരകഥയും ആ തിരകഥയ്ക്ക് പാകത്തിനൊത്ത സംവിധാനവും ഉള്ളത് കൊണ്ടാണു. ഓംശാന്തിയുടെ തിരകഥാകൃത്ത് അതിനു ശേഷം സ്വന്തമായി രണ്ട് സിനിമകൾ സംവിധാനം ചെയ്യുകയും മൂന്നാമത്തേതിന്റെ പണിപുരയിൽ ആവുകയും ചെയ്യുന്ന സമയത്താണു ഓംശാന്തിയുടെ സംവിധായകൻ തന്റെ രണ്ടാമത്തെ ചിത്രവുമായി വരുന്നത്. അതും സ്വ്ന്തം തിരകഥയിൽ.!
ഇതിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം ദോഷദൃക്കൾ പറഞ്ഞു പരത്തുന്നത് പോലെ തന്റെ ആദ്യ സിനിമയ്ക്ക് ലഭിച്ച ക്രഡിറ്റ് പങ്കിട്ടെടുത്ത് കൊണ്ട് പോയതിന്റെ ചൊരുക്കിൽ ഇനി സ്വന്തമായി തിരകഥ എഴുതിയിട്ടേ സിനിമ സംവിധാനം ചെയ്യു എന്ന് ജൂഡ് ആന്തണി ശപഥമെടുത്തത് കൊണ്ടൊന്നുമല്ല രണ്ടാം സിനിമ വൈകിയത്. അത് നല്ലൊരു കഥയ്ക്ക് വേണ്ടിയുള്ള ഒരു കാത്തിരിപ്പിന്റെ നീളമായിരുന്നു എന്ന് മാത്രം. എന്നാൽ ഇത്രയധികം സമയമെടുത്ത് ചെയ്ത ഒരു സിനിമ എന്ന നിലയിൽ കാണുമ്പോൾ ഒരു മുത്തശി ഗദ പോര എന്ന് പറയേണ്ടി വരും. തിരകഥയിൽ സംഭവിച്ച പാളിച്ചകൾ സിനിമയെ മൊത്തത്തിൽ ബാധിക്കുന്നു. എങ്കിലുംഒരു വട്ടം വീട്ടുകാരെയെല്ലാം കൊണ്ട് പോയി കാണിക്കാവുന്ന പടമാണു ഒരു മുത്തശി ഗദ.മുത്തശിമാർകൊക്കെ ഒരു സന്തോഷമാവട്ടെന്നെ..!!
പ്രേക്ഷക പ്രതികരണം
ഒരു ജൂഡ് ആന്തണി സില്മ എന്ന് കണ്ട് എന്തോ വലിയ സംഭവമാകും എന്ന് കരുതി കണ്ട ന്യൂജനറേഷൻ ബഡീസിനു ഇത് സീൻ കോണ്ട്ര. എന്നാൽ ജൂഡ് ആന്തണിയെ കുറിച്ചും അദ്ദേഹം ഫേസ്ബുക്കിൽ നടത്തുന്ന ധീരമായ പോരാട്ടങ്ങളെ കുറിച്ചുമൊന്നും അറിയാതെ പടം കണ്ട സാധാരണക്കാരനു ഇതൊരു നല്ല സിനിമ.
ബോക്സോഫീസ് സാധ്യത.
ഒപ്പത്തിനും ഊഴത്തിനും ടിക്കറ്റ് കിട്ടാതെ വരുമ്പോൾ മനസ്സിലാ മനസ്സോടേ കൊച്ചൗവയ്ക്ക് പോകാമെന്ന് തിരുമാനിക്കുകയും അതും ഹൗസ് ഫുളാണെന്നറിയുമ്പോൾ സെണ്ട്രൽ ജയിലിനു തല വെക്കാൻ ത്രാണിയില്ലാത്തവരാണു ഇപ്പോൾ ഈ സിനിമ കാണുന്നത്. വരും ദിവസങ്ങളിൽ ഈ സമവാക്യങ്ങൾ മാറി മറിഞ്ഞാൽ ഇതൊരു ഹിറ്റായി മാറും. കാത്തിരിക്കാം മറ്റൊരു ജൂഡ് ആന്തണി മാജിക്കിനായി..! ഓർക്കുക ഓംശാന്തി ഓശാനയും പ്രദർശനം തുടങ്ങിയത് ഒഴിഞ്ഞ സദസ്സുകൾക്ക് മുൻപിലായിരുന്നു..!!
റേറ്റിംഗ് : 3 / 5
അടിക്കുറിപ്പ്: “എന്റെ സിനിമ മോശമാണെങ്കിൽ അത് തന്റെ ഫേസ്ബുക്കിൽ കുറിച്ചാൽ പോരെ. അതെന്തിനു എന്റെ ഫേസ്ബുക്കിൽ താൻ കുറിക്കണം.. താൻ എന്റെ ഫേസ്ബുക്കിൽ കുറിച്ചാൽ ഞാൻ തന്നെ ബ്ലോക്കും.. കാരണം ഇത് എന്റെ ഫേസ്ബുക്കാണു..തനിക്ക് വേണേൽ തന്റെ ഫേസ്ബുക്കിൽ കുറിക്ക്...എന്നിട്ടെനെ ടാഗ്..! ” അതല്ലേ ഹീറോയിസം..!!
Welcome To Central Jail - Film Review
Wednesday, September 14, 2016
ഈ ഓണക്കാലത്ത് ഏറ്റവും കൂടുതൽ വിജയ പ്രതീക്ഷയുമായെത്തിയ സിനിമ ആണു വെല്ക്കം ടു സെണ്ട്രൽ ജയിൽ. ദിലീപ് നായകനായ ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് സുന്ദർ ദാസാണു. ബെന്നി പി നായരമ്പലമാണു ചിത്രത്തിന്റെ രചയിതാവ്. ദേവിക ദിലീപിന്റെ നായികയായെത്തുന്ന ചിത്രത്തിൽ രൺജി പണിക്കർ , അജു വർഗീസ്, ഷറഫ്ദീൻ , ഷാജോൺ തുടങ്ങി നിരവധി പേർ അണിനിരക്കുന്നു.
കഥ
ജയിലിൽ ജനിച്ചവനാണു ഉണ്ണികുട്ടൻ. മാതാപിതാക്കൾ രണ്ട് പേരും ജയിലിൽ ആയതിനാൽ അവിടെ തന്നെയാണു ഉണ്ണി വളർന്നത്. ചെറുപ്പത്തിലേ അഛനും അമ്മയും ജയിലിൽ കിടന്ന് മരിച്ചത് കൊണ്ട് ജയിൽ വിട്ട് ഒരു ജീവിതം അയാൾക്കില്ല. വലുതായപ്പോൾ പുറം ലോകവുമായി ഒരു ബന്ധവും അവശേഷിക്കുന്നില്ലാത്തത് കൊണ്ട് ഉണ്ണി കുട്ടൻ ജയിലിൽ അങ്ങനെ തുടരുകയാണു. ഒരു കേസ് കഴിയുമ്പോൾ മറ്റേത് പിന്നെ അടുത്തത്
അങ്ങനെ ജയിലിൽ കിടക്കാൻ ചാൻസുണ്ടാക്കുന്ന കേസുകൾ ഏറ്റെടുത്ത് ജയിൽ പുള്ളികളുടെയും ജയിൽ ഉദ്യോഗസ്ഥരുടെയും കണ്ണിലുണ്ണിയായി ഉണ്ണികുട്ടൻ വിലസിക്കൊണ്ടിരിക്കുമ്പോഴാണു അവൾ അവന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്..!!!!
വിശകലനം
മുഖവുരയിലാതെ കാര്യം പറഞ്ഞേക്കാം ഈ ഓണക്കാലത്ത് എന്നല്ല, മലയാള സിനിമയിൽ ഇന്നേ വരെ ഇറങ്ങിയതിൽ വേച്ചേറ്റവും തല്ലിപൊളി സിനിമകളിൽ ഒന്നാണു വെല്ക്കം ടു സെണ്ട്രൽ ജയിൽ . സിനിമ വിജയിക്കുമ്പോൾ അത് നായകന്റെ വിജയവും പരാജയപ്പെടുമ്പോൾ അത് സംവിധായകന്റെ പരാജയവും ആണെന്നു പറയുന്ന ഒരു ചീഞ്ഞ പതിവ് ഉണ്ട് മലയാള സിനിമയിൽ. ശരിയാണു ഈ സിനിമയുടെ അന്ത്യത്തിനു കാരണക്കാരൻ സുന്ദർ ദാസ് എന്ന സംവിധായകൻ തന്നെയണു.
ഈ സിനിമയിൽ നായകനായ ദിലീപിനു തിരകഥ രചിച്ച ബെന്നി പി നായരമ്പലത്തിനും ഇതിൽ പങ്കില്ലേ എന്ന് ചോദിച്ചാൽ ആ രക്തത്തിൽ അവരെ ഒഴിവാക്കുന്നതാണു കാവ്യ നീതി എന്ന് പറയേണ്ടി വരും. ദിലീപിന്റെ ഫെസ്റ്റിവൽ സിനിമകൾക്ക് പൊതുവായ ഒരു സ്വഭാവമുണ്ട്. അതേ ശ്രേണിയിൽ തന്നെയുള്ള തിരകഥയാണു ഈ പടത്തിനും. എന്നാൽ അത് എങ്ങനെയൊക്കെ മോശമാക്കാമോ അതിന്റെ അങ്ങേയറ്റത്ത് കൊണ്ട് ചെന്നെത്തിച്ചത് സംവിധായകന്റെ പിടിപ്പ് കേട് കൊണ്ട് തന്നെയാണു. 155 മിനുറ്റ് നീളമുള്ള ഒരു വധം എന്ന് ഒറ്റവാക്കിൽ ഈ സിനിമയെ വിശേഷിപ്പിക്കാം.
ദിലീപ് സ്വയം അനുകരിച്ച് കാണിച്ചു കൂട്ടുന്ന കോമാളിത്തരങ്ങൾ കണ്ട് ചിരിക്കണോ കരയണോ അതോ എഴുന്നേറ്റ് ഓടണോ എന്നറിയാതെ സ്തംബന്ധരായിരിക്കുന്ന പ്രേക്ഷകർ. കുട്ടികളെ കൊണ്ടൊക്കെയാണു ഈ സിനിമയ്ക്ക് കയറുന്നതെങ്കിൽ അതോടെ തീർന്നു ഈ വർഷത്തെ ഓണം..! ബെന്നി പി നായരമ്പലത്തിന്റെ നിലവാരം അവസാന ചിത്രമായ ഭയ്യ ഭയ്യയിൽ തന്നെ നില്ക്കുകയാണു. നായികയായെത്തിയ ദേവികയ്ക്കും മറ്റ് അഭിനേതാക്കൾക്കും ഈ അസംബന്ധ നാടകത്തിൽ തങ്ങളുടെ വേഷം ചെയ്യുക എന്നതിൽ കവിഞ്ഞ് ഒന്നും ഉണ്ടായിരുന്നില്ല.
അരോചകരമായ ഗാനങ്ങൾ നിറഞ്ഞതാണെങ്കിലും ആദ്യ പകുതി ഒരു പരിധി വരെ സഹിച്ചിരിക്കാമെങ്കിൽ രണ്ടാം പകുതിയിൽ പിന്നെയും തിയറ്ററിൽ ഇരുന്ന ഹതഭാഗ്യരായ പ്രേക്ഷകരെ കൊല്ലാകൊല ചെയ്യുകയാണു ചെയ്യുന്നത്. തന്റെ തുടക്ക കാലത്ത് സഹായിച്ച സംവിധായകരെ ഇപ്പോൾ തിരിച്ച് സഹായിക്കുകയാണു ദിലീപ് ചെയ്തു കൊണ്ടിരുന്നത്. അതിന്റെ ഭാഗമായാണു ജോസ് തോമസ് മായ മോഹിനിയും സന്ധ്യ മോഹൻ മിസ്റ്റർ മരുമകനുമെല്ലാം സംവിധാനം ചെയ്തത്, ഈ കാരുണ്യ പ്രവർത്തിയുടെ തുടർച്ചയെന്നോണമാണു തന്നെ നായകനാക്കിയ സുന്ദർ ദാസിനും ഒരവസരം ദിലീപ് കൊടുത്തത്. അതിപ്പോൾ വെളുക്കാൻ തേച്ചത് പാണ്ടായത് പോലെയായി
. ഇതു പോലെയുള്ള സിനിമകളിൽ വീണ്ടും വീണ്ടും അഭിനയിച്ചാൽ ഇപ്പോൾ ഡേറ്റ് കൊടുത്ത് സഹായിക്കുന്ന സംവിധാകരുടെ അവസ്ഥ വലിയ താമസമില്ലാതെ തനിക്കും വരും എന്ന് ദിലീപ് എപ്പോഴെങ്കിലും മനസ്സിലാക്കിയാൽ മതിയായിരുന്നു..!!
പ്രേക്ഷക പ്രതികരണം
പാണ്ടി ലോറി കയറിയ തവളയെ പോലെ ആയ അവസ്ഥയിൽ എന്തോന്ന് പ്രതികരണം.
ബോക്സോഫീസ് സാധ്യത
ഏറ്റവും മോശം റിവ്യൂസ് വരുന്ന സിനിമകളാണു ദിലീപിന്റെ ഏറ്റവും വലിയ പണം വാരി പടങ്ങൾ. അതു കൊണ്ട് തന്നെ ഇതും ഒരു ബ്ലോക് ബസ്റ്റർ ആയാലും അത്ഭുതപ്പെടാനില്ല.
റേറ്റിംഗ്: ഇല്ല സാർ.. ഇന്നലെ ഞങ്ങൾ ഇല്ല സാർ..!!1
അടിക്കുറിപ്പ്: ഇതിലും നല്ലത് അങ്ങ് തൂക്കി കൊല്ലുന്നതായിരുന്നു..!!!!!
കൊച്ചൗവ പൗലോ അയ്യപ്പ കൊയ്‌ല - Film Review
Saturday, September 10, 2016
മലയാളത്തിലെ ഏറ്റവും വലിയ നിർമ്മാണ കമ്പനി ആയിരുന്ന ഉദയ നീണ്ട വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും നിർമ്മാണ രംഗത്തേക്ക് കടക്കുന്ന ചിത്രമാണു കെ പി എ സി. ഉദായായുടെ പുതു തലമുറക്കാരനായ കുഞ്ചാക്കോ ബോബൻ ആണു ഈ ചിത്രത്തിലെ നായകൻ ദേശീയ അവാർഡ് ജേതാവായാ സിദാർത്ഥ് ശിവ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ നടൻ സുധീഷിന്റെ മകൻ രുദ്രാഷ് , അനുശ്രീ , അജു വർഗീസ് , സുരാജ് എന്നിവരാണു മറ്റ് പ്രധാന അഭിനേതാക്കൾ
കഥ
ഇടുക്കിയിലെ ഒരു ഗ്രാമത്തിലാണു ഈ കഥ നടക്കുന്നത് ഇവിടെ ഗ്രാമീണതയുടെ എല്ലാ നിഷ്കളങ്കതകളും പേറി ജീവിക്കുന്ന ഒരുപറ്റം നാട്ടുകാർ. അവരുടെ ഇടയിലാണു നമ്മുടെ കൊച്ചൗവ ജീവിക്കുന്നത്. നാട്ടുകാർക്ക് എല്ലാകാര്യങ്ങൾക്കും സഹായിയായി ജീവിക്കുന്ന കൊച്ചൗവ പൗലോ കൊയ്‌ലോ എന്ന എഴുത്തുകാരന്റെ വലിയ ആരാധകൻ കൂടിയാണു. കക്ഷിക്ക് ഒരു ചില്ലറ പ്രേമമൊക്കെയുണ്ട്. അങ്ങനെ കൊച്ചൗവയുടെ ജീവിതം സ്വച്ചന്ദമായി നീങ്ങുന്നതിനിടയിലാണു അയാളുടെ ജീവിതത്തിലേക്ക് അയ്യപ്പദാസ് എന്ന കുട്ടി കടന്നു വരുന്നത്.
ജീവിതത്തിൽ ഒരിക്കല്ലെങ്കിലും വിമാനത്തിൽ സഞ്ചരിക്കുക എന്നതാണു അയ്യപ്പദാസിന്റെ ലക്ഷ്യം. ആ ലക്ഷ്യം പ്രത്യക്ഷത്തിൽ അപ്രാപ്യമാണു എന്ന് തോന്നുമെങ്കിലും അയ്യപ്പദാസിനെ സഹായിക്കാതിരിക്കാൻ കൊച്ചൗവയ്ക്ക് കഴിയുമായിരുന്നില്ല. പ്രത്യേകിച്ച് നമ്മുടെ മനസ്സിൽ തീവ്രമായ ഒരു ആഗ്രഹമുണ്ടെങ്കിൽ അത് സാധ്യമാക്കുവാനായി ഈ പ്രപഞ്ചം മുഴുവൻ നമ്മുടെ കൂടെ ഉണ്ടാകും എന്ന തന്റെ ആരാധ്യ പുരുഷന്റെ വാക്കുകളാൽ പ്രചോദിതനായ കൊച്ചൗവയ്ക്ക്..!! അയ്യപ്പദാസിന്റെ ആഗ്രഹം സഫലീകരിക്കുമോ എന്നതാണു കെപി എസിയുടെ ശേഷ ഭാഗം..!!
വിശകലനം
ദേശീയ ബഹുമതി നേടിയ രണ്ട് ചിത്രങ്ങൾ സംവിധാന ചെയ്ത ആളാണു സിദ്ദാർത്ഥ് ശിവ. ഏറ്റവുമൊടുവിൽ ഇറങ്ങിയ ഐൻ എന്ന സിനിമ ഡിവിഡി പ്രേക്ഷകരിലെത്തി ചലനം സൃഷ്ടിച്ചു തുടങ്ങിയിട്ടില്ലെങ്കിലും 101 ചോദ്യങ്ങൾ എന്ന സിനിമ കണ്ട ആരും സിദാർത്ഥ് ശിവയുടെ സംവിധാന മികവിനെ ചോദ്യം ചെയ്യില്ല എന്നുറപ്പ്. ഉദയ സ്റ്റുഡിയോ പോലെയൊരു കമ്പനി ഒരു തിരിച്ചു വരവിനൊരുങ്ങുമ്പോൾ മലയാളത്തിലെ ഏത് വലിയ താരത്തെ വെച്ച് ഏത് വലിയ സംവിധായകനെ കൊണ്ട് വേണമെങ്കിലും എത്ര കോടി മുടക്കിയിട്ടായാലും ഒരു സിനിമ ഒരുക്കാമെന്നിരിക്കെ സിദാർത്ഥ് ശിവയെ പോലെയൊരാളെ വെച്ച് കെ പി എ സി പോലെ ഒരു സിനിമ നിർമ്മിച്ചത് വെറും കച്ചവട സിനിമ എന്നതിലുപരിയായി സാമൂഹ്യ പ്രതിബന്ധതയുള്ള ഒരു നല്ല സിനിമ ഉണ്ടാക്കുക എന്ന ലക്ഷ്യം ഒന്നു കൊണ്ട് മാത്രമാവണം. അതിൽ ഭാഗികമായ അളവിൽ അണിയറക്കാർ വിജയിച്ചു എന്ന് വേണം പറയാൻ.
പൗലോ കൊയ്‌ലോ എന്ന എഴുത്തുകാരൻ ആരാണെന്ന് അറിയാത്തവർ വരെ അദ്ദേഹത്തിന്റെ ആല്ക്കമീസിലെ വാക്കുകൾ പല ആവർത്തി പല സിനിമകളിൽ കണ്ട് പരിചിതമായവർ ആണു. ആല്ക്കമീസിലെ വാചകങ്ങൾ ക്വാട്ട് ചെയ്ത് അവതരിപ്പിക്കുക എന്നത് ഒരിടയ്ക്ക് സിനിമകളിൽ ഒരു ഫാഷൻ പോലുമ്മാവുകയുണ്ടായി. അത്തരം സിനിമകളില്ലെല്ലാം സന്ദർഭത്തിനു ഒരു എരിവ് കിട്ടാൻ വേണ്ടി തിരുകി കയറ്റുന്നതാണീ ഡയലോഗ് എങ്കിൽ ഈ സിനിമയിൽ അതങ്ങനെയല്ല. ഈ സിനിമ ആ വാചകങ്ങളുടെ അർത്ഥവ്യാപ്തി കാണിച്ചു തരുന്ന ഒന്ന്നാണു.
അയ്യപ്പദാസ് ആയി എത്തിയ മാസ്റ്റർ രുദ്രാഷ് അടക്കം നിരവധി ബാല താരങ്ങൾ ചിത്രത്തിലുണ്ട്. എല്ലാവരും ഒന്നിനൊന്നു മെച്ചമായി അഭിനയിച്ചിരിക്കുന്നു. കുഞ്ചാക്കോ ബോബന്റെ സ്ഥിരം കോമാളിത്തരങ്ങളിൽ നിന്ന് വേറിട്ട് നില്ക്കുന്ന ഒന്നാണു കൊച്ചൗവ. മനോഹരമായ ദൃശ്യങ്ങൾ കെ പി എസിയുടെ അനുഗ്രഹമാണു. സാമൂഹ്യ പ്രതിബന്ധത എന്ന കാര്യത്തിൽ ഊന്നി എടുക്കുന്ന സിനിമയാണെങ്കിൽ പോലും അതിന്റെ വിപണന സാധ്യത മുൻ നിർത്തി ഈ സിനിമയെ ഒരു ഓണക്കാല എന്റർടെയ്നർ എന്ന വിഭാഗത്തിൽ പരിഗണിക്കാൻ ആവശ്യമായ ചേരുവകൾ കുത്തി നിറക്കാൻ ഒരു പക്ഷെ സിദ്ദാർത്ഥ് ശിവ നിർബന്ധിതനായിരുന്നേക്കാം. എന്നാൽ അതിൽ അദ്ദേഹം ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്.
കുട്ടികളുടെ ചിത്രം എന്ന നിലയിൽ അറിയപ്പെടേണ്ട സിനിമ കുഞ്ചാക്കോ ബോബന്റെ സിനിമ എന്നറിയപ്പെട്ടപ്പോൾ അത് ആ സിനിമയുടെ അസ്ഥിത്വത്തെ തന്നെ മാറ്റി മറിക്കുകയാണുണ്ടായത്. വലിയവർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന മികച്ച സിനിമ ആയിരുന്നിട്ടും മാർക്കറ്റിംഗ് പിന്തുണ ഇല്ലാത്തത് കൊണ്ടാണു 101 ചോദ്യങ്ങൾ തിയറ്ററിൽ ശ്രദ്ധിക്കാതെ പോയത്. എന്നാൽ വലിയ ബാനറിൽ ഒരു സിനിമ ചെയ്തപ്പോൾ അത് കുട്ടികൾക്ക് മാത്രം ഇഷ്ടപ്പെടാൻ സാധ്യത ഉള്ള ഒന്നാക്കി മാറ്റാനെ സിദാർഥ് ശിവയ്ക്ക് കഴിഞ്ഞുള്ളു. അതു കൊണ്ട് തന്നെ നല്ലൊരു പ്രമേയം ഉണ്ടായിട്ടും മികച്ച അവതരണം ഉണ്ടായിട്ടും കെ പി എ സി ശരാശരിയിൽ ഒതുങ്ങുന്ന ഒരു ചിത്രമായി മാറുന്നു. ഒരു കൊച്ചു ചിത്രം..!!!
പ്രേക്ഷക പ്രതികരണം
ആശകൾ , നിരാശകൾ...!!!
ബോക്സോഫീസ് സാധ്യത
ഓണത്തിനിറങ്ങിയ വമ്പൻ സിനിമകളോട് മുട്ടി നില്ക്കാനുള്ള കെല്പൊന്നും പുതിയ ഉദയ സ്റ്റുഡിയോക്കില്ല.
റേറ്റിംഗ്: 2.5 / 5
അടിക്കുറിപ്പ്: പല സിനിമകളിലും കോമാളി വേഷങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള ആളാണു സിദാർത്ഥ് ശിവ. അദ്ദേഹം ഇത്ര കഴിവുള്ള മനുഷ്യനാണെന്ന് സത്യായിട്ടും കണ്ടാൽ പറയുകേലാ കേട്ടാ..!!!
Subscribe to:
Posts (Atom)