RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

പെട്ടിക്കുള്ളിലെ സിനിമകള്‍ !


യന്തിരൻ കോടികൾ മുടക്കി നിർമ്മിക്കുന്ന രജനികാന്ത് ചിത്രം. ഈ സിനിമയക്ക് വേണ്ടി എത്ര കാലം വേണമെങ്കിലും കാത്തിരിക്കാൻ തമിഴ് പ്രേക്ഷകർ തയ്യാറാണു. കാരണം ലേറ്റായ് വന്താലും ലേറ്റസ്റ്റായ് തന്നെയാണു തങ്ങളുടെ അണ്ണൻ എത്തുക എന്ന് അവർക്കറിയാം. ചിത്രീകരണം നീണ്ടു പോകുന്ന ബ്രഹ്മാണ്ഡ സിനിമകൾതമിഴ് സിനിമയിൽ പുതുമയല്ല. എന്നാൽ മലയാള സിനിമയുടെ സ്വഭാവം വെച്ച് നോക്കുമ്പോൾ വൈകുന്ന സിനിമകൾ തകരുന്ന ഒരു പ്രതിഭാസമാണു സാധാരണയായി കണ്ടു വരുന്നത്. പഴശി രാജയും T20 യും മെല്ലാം ഇതു പോലെ നീണ്ടു പോയവയാണെങ്കിലും അതെല്ലം ചിത്രീകരണം പൂർത്തിയാകാത്ത കാരണം വൈകിയവയാണു. എന്നാൽ എല്ലാ വർക്കുകളും പൂർത്തിയാക്കി റിലീസ് ഡേറ്റും പ്രഖ്യാപിച്ച് പിന്നീട് ആ സിനിമ ഒരു പരിധിയിലധികം വൈകിയാൽ ആറിയ കഞ്ഞി എന്ന മനോഭാവമാണു മലയാളി പ്രേക്ഷകർ സ്വീകരിക്കുന്നത്. ചെറിയ താരങ്ങളുടെ സിനിമകൾ ഇതു പോലെ വൈകുന്നത് സാധരണമാണു. പക്ഷെ അതാരുടെയും ശ്രദ്ധയില്പ്പെടാറില്ല. എന്നാൽ സൂപ്പർ താരങ്ങളുടെ സിനിമകളുടെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്നവർ ഇങ്ങനെ വൈകി വരുന്ന സിനിമകൾക്ക് നേരെ മുഖം തിരിക്കാറാണു പതിവ്. മമ്മൂട്ടിയുടെ ദുബായ് ഇത്തരത്തിൽ തിരിച്ചടി നേരിട്ട ഒരു സിനിമയാണു. സിനിമ പ്രഖ്യാപിച്ചപ്പോഴെ മാധ്യമങ്ങളിൽ വൻ വാർത്തയായി മാറിയ ദുബായ് സാമ്പത്തിക പ്രതിസന്ധികൾ മൂലം വളരെയധികം വൈകി തിയറ്ററുകളിൽ എത്തുകയും ഒരു നനഞ്ഞ പടക്കമായി മാറുകയും ചെയ്യുകയാണു ഉണ്ടായത്. പ്രേക്ഷകരുടെ അഭിരുചികൾ വളരെ വേഗം മാറികൊണ്ടിരിക്കുകയാണു എന്ന് മനസ്സിലാക്കിയ മമ്മൂട്ടി പിന്നീട് തന്റെ സിനിമകൾ കഴിയുന്നതും കൃത്യ സമയങ്ങളിൽ തന്നെ റിലീസ് ചെയ്യാൻ ശ്രമിച്ചിരുന്നുവെങ്കിലും ബൽറാം VS താരദാസും തസ്ക്കരവീരനുമെല്ലാം കാലം തെറ്റിയ റിലീസുകളുടെ തിക്ത ഫലങ്ങൾ അനുഭവിചവയാണു. മോഹൻ ലാലിന്റെ ചില സിനിമകളും ഇതു പോലെ വൈകി റിലീസ് ചെയ്യാറുണ്ട്. മേൽ പറഞ്ഞത് പോലെ അവയെല്ലാം പരാജയപ്പെടുക തന്നെയാണു ചെയ്യാറ്. എന്നാൽ ഇവിടെ എടുത്തു പറയേണ്ട ഒരു കാര്യം മലയാള സിനിമയുടെ ചരിത്രത്തിൽ സ്ഥാനം പിടിച്ച ഒരു മോഹൻലാൽ സിനിമ ഇതു പോലെ വൈകി റിലീസ് ചെയ്ത ഒന്നാണു. ഭദ്രന്റെ സ്ഫടികം. പക്ഷെ കാലത്തെ അതി ജീവിക്കുന്ന ഒരു കഥ ആ സിനിമയിൽ ഉള്ളതു കൊണ്ടാണു സ്ഫടികം വിജയമായി തീർന്നത്. ഒടുവിൽ ഇറങ്ങിയ അല്ക്സാണ്ടർ ദി ഗ്രേറ്റ് പരാജയമായതും വൈകി റിലീസ് ചെയ്തത് കൊണ്ടു തന്നെ. സിനിമ പെട്ടിയിൽ ഇരിക്കുക എന്നാണു ഇങ്ങനെയുള്ള സിനിമകളെ വിശേഷിപ്പിക്കുക. മറ്റൊരു സൂപ്പർ താരമായ സുരേഷ് ഗോപിയുടെ ഒരുപാട് ചിത്രങ്ങളാണു ഇത്തരത്തിൽ ശാപ മോക്ഷം കാത്ത് പെട്ടിക്കുളിൽ കിടക്കുന്നത് . പിന്നെ വൻ ജനപ്രീതി ഉള്ളത് കൊണ്ട് സുരേഷ് ഗോപി ചിത്രങ്ങൾ എപ്പോൾ റിലീസ് ചെയ്താലും, എത്ര വൈകിയാലും കുഴപ്പമില്ല. ജയറാമിന്റെ മാജിക്ക് ലാമ്പ് എന്ന സിനിമ ഇതു പോലെ വന്ന സിനിമയാണു ജയറാം 5 വേഷങ്ങളിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമായി തുടങ്ങിയ സിനിമ 5 വർഷം കഴിഞ്ഞാണു റിലീസ് ചെയ്തത്. അതു കൊണ്ട് തന്നെ 5 ദിവസം തിയറ്ററുകളിൽ കളിക്കാനുള്ള ഭാഗ്യമേ ഇതിനുണ്ടായുള്ളു. ജൂനിയർ ജനപ്രിയ നായകൻ ദിലീപും ഈ തിക്താനുഭവം നേരിട്ടിട്ടുണ്ട്. അടുത്തിടെ ഇറങ്ങിയ ബോഡി ഗാർഡ് ആണു ഈ ചിത്രം. യുവ സൂപ്പർ സ്റ്റാറിന്റെ കഥ എന്ന സിനിമ വൈകി വൈകി അവസാനം CD ആയിട്ടാണു ഇറക്കിയത്. കൂടാതെ നമ്മൾ തമ്മിൽ എന്ന സിനിമ അതിലെ പാട്ടുകൾ കൊണ്ട് ആദ്യം ശ്രദ്ധിക്കപ്പെട്ടെങ്കിലും പടം റിലീസ് ചെയ്തപ്പോഴെക്കും ക്ലാസ്മേറ്റ്സും ചോക്ലേറ്റുമൊക്കെ ഇറങ്ങി കഴിഞ്ഞിരുന്നതിനാൽ ഇതിലെ ക്യാംമ്പസ് പ്രേക്ഷകർക്ക് അരോചകമാവുകയാണ് ഉണ്ടായത്. കൃത്യ സമയത്ത് റിലീസ് ചെയ്തിരുന്നെങ്കിൽ സൂപ്പർ ഹിറ്റ് ആകുമായിരുന്ന ആ സിനിമ അങ്ങിനെ തിയറ്ററിൽ ദയനീയ പരാജയം ഏറ്റുവാങ്ങി.വൈകുന്ന സിനിമകൾ തകരും എന്നറിഞ്ഞിട്ടും സൂപ്പർ താരങ്ങളുടെ പല സിനിമകളുടെയും റിലീസ് അനന്തമായി നീളുകയാണു. മമ്മൂട്ടിയുടെ വന്ദേമാതരം , മോഹൻലാലിന്റെ സ്വപ്നമാളിക, സുരേഷ് ഗോപി- ജോഷി ടീമിന്റെ ജന്മം, അനിൽ സി മേനോൻ-സുരേഷ് ഗോപിയുടെ കളക്ടർ എന്നിവയാണു ഇതിൽ പ്രമുഖ ചിത്രങ്ങൾ. വിവാദങ്ങൾ മൂലം റിലീസ് മാറ്റി വെക്കപ്പെട്ട ഒരു നാൾ വരും ആണു ഇതിൽ അവസാനത്തേത്. വെള്ളിയാഴ്ചകള്‍ കടന്നു പോകുമ്പോള്‍ , കൃത്യമായ ആസൂത്രണത്തിലൂടെ സിനിമ പറഞ്ഞ സമയത്ത് തന്നെ റിലീസ് ചെയ്യാൻ സിനിമക്കാർ ശ്രമിച്ചിലെങ്കിൽ വിജയിക്കാൻ അർഹത ഉണ്ടായിരുന്ന പല സിനിമകളും പെട്ടിക്കുള്ളില്‍ നിന്നും പുറത്ത് വന്ന്‍ ബോക്സ് ഓഫീസിൽ മൂക്കു കുത്തി വീഴുന്ന കാഴ്ച്ച നമ്മുക്ക് കാണേണ്ടി വരും..!!

* ഇപ്പൊ നിങ്ങള്‍ ചോദിക്കും സമയത്തിന് റിലീസ് ചെയ്തിട്ടും മിക്ക സിനിമകളും വിജയിക്കുന്നില്ലല്ലോ എന്ന്.......
വിശ്വാസം അതല്ലേ എല്ലാം......!!!

3 comments:

Sherlock Holmes said...

vishwaasam athalle ellaaaaaammmmmmm..................

രഘു said...

"പക്ഷെ കാലത്തെ അതി ജീവിക്കുന്ന ഒരു കഥ ആ സിനിമയില്‍ ഉള്ളതു കൊണ്ടാണു സ്ഫടികം വിജയമായി തീര്‍ന്നത്"
അതുപോലെ ശക്തമായ കഥകള്‍ മാത്രം വിജയിച്ചാല്‍ മതി...
സിനിമ ഒരു കലാരൂപമാണ്, താരാരാധനയുടെ തിര്‍മിരം ഇല്ലാത്തവര്‍ക്ക്!
അത് ഒരു തൊഴില്‍ മേഖലയായും വ്യവസായമായുമൊക്കെ ആയി മാറിയപ്പോളാണെന്നു തോന്നുന്നു നല്ല സിനിമകളും, നല്ല സിനിമാ-സംസ്കാരവും(സംസ്ക്കാരമുള്ള സിനിമാക്കാരും!!!) ഒക്കെ നഷ്ടപ്പെട്ടുതുടങ്ങിയത്!
അങ്ങനെയൊക്കെ നോക്കിയാല്‍ “സംഭവിച്ചതും സംഭവിക്കുന്നതും സംഭവിക്കാനിരിക്കുന്നതുമെല്ലാം നല്ലതിന്” നല്ല സിനിമകള്‍ മാത്രം വിജയിക്കട്ടെ, വിജയിക്കാനുള്ള കാരണം സിനിമയുടെ നന്മ മാത്രമാകട്ടെ!!!!

b Studio said...

ഒരു നല്ല സിനിമ ഒരു പക്ഷേ വിജയിക്കാതിരുന്നേക്കാം പക്ഷെ മികച്ച സിനിമകൾ ഒരിക്കലും പരാജയപ്പെടുന്നില്ല.. ഇനി അഥവാ പരാജയപ്പെടുന്നു എങ്കിൽ അതിനർത്ഥം അവ മികച്ചവയല്ല എന്ന് തന്നെയാണു.
നല്ല സിനിമകൾ ഉണ്ടാക്കണം എന്ന് ആഗ്രഹമുള്ള സംവിധായകർ
അവരുടെ സിനിമകൾ മികച്ചവ ആക്കാൻ കൂടി ശ്രമിച്ചാൽ തീർച്ചയായും അതെല്ലാം വിജയ ചിത്രങ്ങൾ ആകുക തന്നെ ചെയ്യും.
തലപ്പാവ് ഒരു നല്ല സിനിമയാണു എന്നാൽ അതൊരു മികച്ച സിനിമയാക്കി മാറ്റുന്നതിൽ സംവിധായകൻ പരാജയപ്പെട്ടു. ട്വന്റി ട്വന്റി ഒരു മികച്ച സിനിമയാണു എന്നാൽ അത് ഒരിക്കല്ലുമൊരു നല്ല
സിനിമയാണു എന്ന അഭിപ്രായം ഞങ്ങൾക്കില്ല. എന്നാൽ ക്ലാസ്മേറ്റ്സ് എന്ന ചിത്രം ഒരു മികച്ച സിനിമയും ഒപ്പം ഒരു നല്ല സിനിമയും കൂടിയാണു. ക്ലാസ്മേറ്റ്സ് എടുക്കാൻ ലാൽ ജോസ് കാണിച്ച ധൈര്യം എന്ന് മറ്റുള്ള സംവിധായകർ കൂടി കാണിക്കുവാൻ തുടങ്ങുന്നുവോ അന്ന് മുതൽ മലയാള സിനിമയ്ക്ക് വസന്തകാലമായിരിക്കും... തീർച്ച.

Followers

 
Copyright 2009 b Studio. All rights reserved.