RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

പിന്നെയും - film review


ലോകപ്രശസ്ത സംവിധായകനായ അടൂർ ഗോപാലകൃഷ്ണൻ 8 വർഷങ്ങൾക്ക് ശേഷം സംവിധാനം ചെയ്യുന്ന സിനിമ ആണു പിന്നെയും.  ദിലീപ്, കാവ്യ എന്നിവരാണു ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്. അടൂർ തന്നെ രചന  നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് പ്രശസ്ത ഛായാഗ്രഹകൻ എം ജി രാധാകൃഷ്ണനാണു. ഇന്ദ്രൻസ് , ശൃദ്ധ , നെടുമുടി വേണു, വിജയരാഘവൻ തുടങ്ങിയവരാണു മറ്റ് അഭിനേതാക്കൾ. 

കഥ

പ്രണയവിവാഹം കഴിച്ചവരാണു  പുരുഷോത്തമൻ നായരും ഭാര്യ ദേവിയും. അവർക്ക് ഒരു മകളുമുണ്ട്. പുരുഷോത്തമൻ നായർക്ക് ഇതു വരെ ഒരു സ്ഥിരവരുമാനം ഉള്ള ജോലി കിട്ടിയിട്ടില്ല. അതിന്റെ എല്ലാത്തരം വിഷമതകളും അയാളുടെ കുടുംബത്തിനുണ്ട്. അങ്ങനെയിരിക്കെ പുരുഷോത്തമൻ നായർക്ക് ഗൾഫിലേക്ക് പോകാനായിട്ട് ഒരു വിസ ലഭിക്കുന്നു. ഇനിയങ്ങോട്ട് കഥയുടെ വിശദാംശങ്ങൾ പ്രതിപാദിക്കുന്നത് രസചരട് പൊട്ടിക്കും എന്നതിനാൽ അതിനു മുതിരുന്നില്ല. പ്രത്യേകിച്ച് ഈ സിനിമയുടെ പ്രചോദനം സുകുമാരക്കുറുപ്പിന്റെ തിരോധാനമാണു എന്ന് സംവിധായകൻ തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തിൽ...!!!


വിശകലനം

സ്വയംവരം മുതലുള്ള അടൂർ സിനിമകൾ കണ്ടിട്ടുള്ളവർക്കറിയാം ഒരു അടൂർ സിനിമ എങ്ങനെ ആയിരിക്കും എന്ന്.ഇനി അടൂർ സിനിമകൾ കണ്ടിട്ടില്ലാത്തവരും കോമഡി സ്കിറ്റുകൾ പോലുള്ള പ്രോഗ്രാം വഴി സമാന്താര സിനിമകളുടെ  സ്വഭാവം എന്താണെന്ന് തിരിച്ചറിഞ്ഞിട്ടുള്ളവരാണു. കഴിഞ്ഞ 50 വർഷത്തെ സിനിമ ജീവിതത്തിനിടയ്ക്ക് 12 സിനിമകളാണു അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്തിട്ടുള്ളത്. അതിൽ 11 എണ്ണവും രാജ്യാന്തര പ്രശസ്തി നേടിയവയാണു. എന്നാൽ ഇവയൊന്നും തിയറ്ററുകളിൽ വിജയം കണ്ടിട്ടില്ലാത്തവയാണു. 

തന്റെ സിനിമകൾക്ക് നല്ല വിതരണക്കാരെ കിട്ടാത്തത് കൊണ്ടാണു തന്റെ സിനിമകൾ ജനങ്ങൾ കാണാഞ്ഞത് എന്നും 70 തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന പിന്നെയും എന്ന സിനിമയാണു തന്റെ ഏറ്റവും മികച്ച സിനിമ എന്നും ഇത് തിയറ്ററിൽ നന്നായി ഓടും എന്നുമൊക്കെ സാക്ഷാൽ അടൂർ ഗോപാല കൃഷ്ണൻ തന്നെ പറയുമ്പോൾ അവിടെയാണു ഒരു കച്ചവട സിനിമ എന്ന നിലയിൽ ഈ സിനിമയെ വിശകലനം ചെയ്യുന്നതിലുള്ള പ്രസക്തി. അല്ലായിരുന്നെങ്കിൽ അടൂർ സിനിമ ഒരു സാധാരണ പ്രേക്ഷകന്റെ വിലയിരുത്തലുകൾക്ക് അപ്രാപ്യമായിരുന്നല്ലോ..!!  

വെറുമൊരു പ്രണയകഥയല്ല പിന്നെയും എന്നാണു സിനിമയുടെ ടാഗ് ലൈൻ. ശരിയാണു പിന്നെയും വെറുമൊരു പ്രണയകഥ മാത്രമല്ല. കാലഘട്ടം പരാമർശിക്കാതെ പറയുന്ന ഈ കഥയിൽ മനുഷ്യ മനസ്സുകളുടെ വിവിധ തലങ്ങളിലെ വിവിധ വികാരങ്ങളെ ആവിഷ്ക്കരിച്ചിരിക്കുന്നു.

 ദിലീപ് എന്ന നടൻ ആദ്യമായി അടൂർ സിനിമയിൽ എന്ന് കേൾക്കുമ്പോളുള്ള കൗതുകം കഥാവശേഷൻ പോലെ അവാർഡ് ലക്ഷ്യമിട്ട് സ്വയം നിർമ്മിച്ച് അപഹാസ്യനായ ഒരു നടന്റെ അഭിനയ ജീവിതത്തിലെ ശക്തമായ വെല്ലുവിളി കാണാനുള്ളത് കൂടിയാണെന്നിരിക്കെ പോസ്റ്ററുകളിലും പ്രോമോഷനുകളില്ലും നിറഞ്ഞ് നിന്ന ദിലീപ് സിനിമയിൽ തീരെ ചെറുതായി പോയി എന്ന് എടുത്ത് പറയേണ്ടതാണു.

 ദൈന്യത നിറഞ്ഞ കഥാപാത്രങ്ങൾ അഭിനയിക്കുമ്പോൾ അഭിനയകാലം തുടങ്ങിയ അന്നു മുതല്ക്കേ ഉള്ള സ്ഥായി മുഖഭാവം കൈമുതലാക്കി പുരുഷോത്തമൻ നായർ എന്ന കഥാപാത്രത്തെ ദിലീപ് അവതരിപ്പിച്ചു. നാളെ ചരിത്രത്തിൽ അടൂർ സിനിമയിൽ അഭിനയിച്ചു എന്ന് ഒന്ന് രേഖപ്പെടുത്തി വെക്കാം എന്നല്ലാതെ ഈ കഥാപാത്രം ദിലീപിനു ഒരു ഗുണവും ചെയ്യുന്നില്ല. 

അടൂർ സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങൾക്കെല്ലാം ശക്തമായ ഒരു അവതരണ രീതിയുണ്ട്. ഇവിടെയും കാവ്യ മാധവൻ അവതരിപ്പിച്ച ദേവി എന്ന കഥാപാത്രം മുൻ അടൂർ സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങളെ പോലെ മികച്ച് നിന്നു. വിജയരാഘവൻ , നെടുമുടി വേണു , ഇന്ദ്രൻസ് തുടങ്ങിയ വലിയ നടന്മാരുടെ സാന്നിധ്യമുണ്ടായിരുന്നെങ്കിലും ശ്രദ്ധിക്കപ്പെട്ടത് ഇന്ദ്രൻസിന്റെ കഥാപാത്രം മാത്രമായിരുന്നു. അടൂർ സിനിമകളിൽ പ്രതീക്ഷിക്കാവുന്ന ശാന്തത ഈ സിനിമയിലും കാണാം. എം ജി രാധാകൃഷന്റെ ഫ്രയിമുകളുടെ കൃത്യത സിനിമയുടെ മാറ്റ് കൂട്ടുന്നുണ്ട്. 

ആദ്യമായി ഒരു കോമേഴ്സ്യൽ സിനിമ ചെയ്യുന്നതിന്റെ പരിചയക്കുറവ് എന്ന് 50 വർഷം സിനിമയിൽ അനുഭവ സമ്പത്തുള്ള അടൂരിനെ കുറിച്ച് പറയുന്നത് ശരിയല്ല എന്നറിയാം എങ്കിലും പൊതു ജനം കാണുക എന്ന ലക്ഷ്യത്തോടെ ആണു അങ്ങ് ഈ സിനിമ എടുത്തിരിക്കുന്നതെങ്കിൽ ആ ഉദ്യമത്തിൽ അങ്ങ് പരാജിതനായിരിക്കുന്നു എന്ന് കൂടി പറഞ്ഞ് കൊണ്ട് അവസാനിപ്പിക്കുന്നു.. !!

പ്രേക്ഷക പ്രതികരണം

അടൂർ സിനിമ തിയറ്ററിൽ കണ്ടിട്ടില്ലാത്ത ഒരു തലമുറയിൽ നിന്ന് എന്താവും പ്രതികരണം..??

ബോക്സോഫീസ് സാധ്യത

അങ്ങ് തലസ്ഥാനത്ത് ഈ സിനിമ ഹൗസ് ഫുൾ. ഇങ്ങ് ഈ തിയറ്ററിൽ 8 പേരു.

റേറ്റിംഗ്: അടൂർ സിനിമയ്ക്ക് ഒക്കെ റേറ്റിംഗ് ഇടാൻ നമ്മളില്ലേ...

അടിക്കുറിപ്പ്: മനസ്സിലാവാത്തതിനെ മഹത്തരം എന്ന് പറഞ്ഞ് നടക്കുന്ന നാട്ടിൽ ഇതല്ല ഇതിനപ്പുറവും നടക്കും.. !! 

ആന്‍ മരിയ കലിപ്പിലാണ്. - Film Review


ആട് ഒരു ഭീകരജീവിയാണു എന്ന ചിത്രത്തിനു ശേഷം പുറത്തിറങ്ങിയ മിഥുൻ മാനുവേൽ തോമസിന്റെ സിനിമയാണു ആൻ മരിയ കലിപ്പിലാണു. റിലീസ് ചെയ്ത സമയത്ത് പ്രേക്ഷക പ്രീതി പിടിച്ചു പറ്റാൻ കഴിയാതെ പോയെങ്കിലും പിന്നീട് ഡിവിഡി റിലീസ് ചെയ്തപ്പോൾ ഒരു വലിയ വിഭാഗം ആളുകളുടെ പിന്തുണ നേടാൻ ആടിനായിരുന്നു. അതു കൊണ്ട് തന്നെ മിഥുന്റെ രണ്ടാമത്തെ ചിത്രത്തിന്റെ  റിലീസിംഗിൽ പ്രതീക്ഷകളുണ്ടാകുന്നത് സ്വഭാവികം. വ്യക്തിപരമായി ആടു എന്ന സിനിമ ഇഷ്ട്ടപ്പെടാത്തത് കൊണ്ട് ആൻ മരിയയുടെ അവസ്ഥ എന്താണെന്നറിഞ്ഞതിനു ശേഷം മാത്രം കണ്ടാൽ മതി എന്ന തിരുമാനമെടുത്തത് കൊണ്ടാണു ആദ്യ ദിവസങ്ങളിൽ ആൻ മരിയയുടെ കലിപ്പ് കാണാൻ തിയറ്ററിൽ പോകാതിരുന്നത്. ഓംശാന്തി ഓശാനയുടെ തിരകഥാകൃത്ത് എന്നതിലുപരി മിഥുൻ ഇപ്പോൾ അറിയപ്പെടുന്നത് ആടിന്റെ സംവിധായകൻ എന്ന നിലയിലാണു. എന്നിട്ടും ആൻ മരിയയുടെ റിലീസ് ദിവസങ്ങളിൽ ഒരു വലിയ ആരവമൊന്നും ഉണ്ടായില്ല. നായക കേന്ദ്രീകൃത സിനിമകൾ അല്ലാത്തവയോട് മുഖം തിരിക്കുന്ന മലയാളി സ്വഭാവം ദൈവ തിരുമകൾ ഫെയിം ബേബി സാറയുടെ ചിത്രത്തിനോടും കാണിച്ചു. സണ്ണി വെയ്ൻ എന്ന നടനെ മലയാളികൾ ഇതു വരെ ഒരു സോളോ ഹീറോ പരിവേഷത്തിൽ പരിഗണിച്ചിട്ടുമില്ലല്ലോ..!! ഷാജി പാപ്പന്റെ ആരാധകരെങ്കിലും ഈ സിനിമ ആദ്യം കണ്ടിരുന്നെങ്കിൽ എന്നൊരു ചോദ്യമുയർന്നു വന്നേക്കാം. പക്ഷെ ഷാജി പാപ്പൻ ആരാധകരിൽ ഭൂരിപക്ഷവും ഡിവിഡി ഇറങ്ങുമ്പോൾ മാത്രം സിനിമ കാണാൻ ഭാഗ്യം ലഭിച്ചവരാണു. ആദ്യ ദിവസങ്ങളിൽ ആൻ മരിയ കണ്ട ചുരുക്കം ചില ആളുകൾ സിനിമയെ പറ്റി നല്ല അഭിപ്രായം പറഞ്ഞെങ്കിലും പിന്നീടാകട്ടെ എന്ന തിരുമാനത്തിൽ മാറ്റി വെയ്ക്കുകയായിരുന്നു. ഇതിനിടയിലാണു മിഥുന്റെ ഒരു അഭിമുഖം വായിക്കാനിടയായത്. ആട് എന്ന സിനിമയിൽ പാളിച്ചകൾ സംഭവിച്ചുട്ടുണ്ടെന്ന് സമ്മതിക്കുകയും അത് തിരുത്തിയാണു ആൻ മരിയ ഒരുക്കിയിരിക്കുന്നത് എന്നും അതിൽ സംവിധായകൻ പറയുന്നു. തന്റെ കാഴ്ച്ചപ്പാടുകളെ തള്ളിക്കളഞ്ഞ പ്രേക്ഷകരെ കുറ്റപ്പെടുത്താതെ സിനിമയുടെ പരാജയത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുന്ന , സേഫ് സോണിൽ കളിക്കാൻ താല്പര്യമില്ലെന്ന് പറയുന്ന ധീരനായ ഒരു സംവിധായകന്റെ വാക്കുകളായിരുന്നു അത്. ഇത് ആൻ മരിയയുടെ കലിപ്പ് കണ്ടേ തീരു എന്നതിൽ കൊണ്ടെത്തിച്ചു. ശേഷം തിയറ്ററിൽ..
!

ആൻ മരിയയുടെ കലിപ്പിനു കാരണം

റോയ്- തെരേസ ദമ്പതികളുടെ ഏക മകളാണു ആൻ മരിയ. റോയും തെരേസയും ഡോക്ടേർസാണു. റോയ് റെഡ് ക്രോസിലാണു വർക്ക് ചെയ്യുന്നത് ഇപ്പോൾ സിറിയയിലാണു.ആൻ മരിയക്ക് ഒരു വലിയ ലോംഗ് ജമ്പുകാരിയാകണമെന്നാണു ആഗ്രഹം. അതിനായ് പരിശ്രമിക്കുന്നുമുണ്ട്. ഒരു ദിവസം സ്കൂളിൽ വെച്ച് ആൻ മരിയ തന്റെ പിടി മാഷ് മറ്റൊരു ടീച്ചറോട്  സംസാരിക്കുന്നതും ടീച്ചർ കരയുന്നതും  കാണുന്നു. മാഷ് സംസാരിച്ചപ്പോൾ ടീച്ചർ എന്തിനാണു കരഞ്ഞതെന്ന ചോദ്യം ആൻ മരിയ പ്രിൻസിപ്പാളിനോട് ചോദിക്കുന്നു. പ്രിൻസിപ്പാൾ മാഷിനെ ചോദ്യം ചെയ്യുന്നു.  ആൻ മരിയയാണു ഇത് പ്രിൻസിപ്പാളിനോട് പറഞ്ഞതെന്ന് മനസ്സിലാക്കിയ മാഷ് ആനിനെ ലോംഗ്ജമ്പ് സെലക്ഷൻ ട്രയൽസിൽ നിന്ന് പുറത്താക്കുന്നു. മാഷിനോട് പ്രതികാരം ചെയ്യാൻ ആൻ മരിയ ഒരാളെകണ്ടെത്തുന്നു. ഗിരീഷ് .. പൂമ്പാറ്റ ഗിരീഷ്..!!!!!


ഒരൊറ്റ വാക്കിൽ ഒരു മനോഹര ചിത്രം എന്ന് ആൻ മരിയ കലിപ്പിലാണിനെ വിശേഷിപ്പിക്കാം. ഒരു ചെറിയ കഥ അതിൽ ഒരു പാട് അഭിനേതാക്കളെ ഉൾപ്പെടുത്തി ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു സംവിധായകൻ. കുട്ടികളുടെയും വലിയവരുടെയും ചെറുപ്പക്കരുടെയുമൊക്കെ മനസ്സിൽ പതിയാൻ തക്കവണ്ണമുള്ളതെല്ലാം ആൻ മരിയയിലുണ്ട്.  ഒരു കുട്ടി അധ്യാപകനോട് പ്രതികാരം ചെയ്യുക എന്ന് കേൾക്കുമ്പോൾ നെറ്റി ചുളിക്കുന്നവർക്കുള്ള മറുപടി സിനിമയിലുണ്ട്. മാതാപിതാക്കളുടെ കുട്ടികളോടുള്ള സമീപനം എങ്ങനെയായിരിക്കണം എന്ന് സിനിമ കാണിച്ചു തരുന്നു. ഒരു കുട്ടിയുടെ ഏറ്റവും വലിയ ഫ്രണ്ട്സ് അവരുടെ മാതാപിതാക്കളാകണമെന്നത്  സിനിമയിലൂടെ പറയുന്നുണ്ട്. ഇങ്ങനെ ഒരുപാട് ഒരുപാട് കാര്യങ്ങൾ ഈ ചിത്രത്തിലൂടെ പങ്ക് വെക്കുന്നുണ്ടെങ്കിലും ഇതൊന്നും സത്യൻ അന്തിക്കാട് സ്റ്റൈൽ സാരോപദേശ രൂപത്തിലല്ല എന്നാതാണു ഏറ്റവും വലിയ പ്രത്യേകത. ടൈറ്റിൽ റോളിൽ അഭിനയിച്ച ബേബി സാറ മുതൽ  ഗസ്റ്റ് റോളിൽ എത്തുന്ന ദുല്ഖർ ഉൾപ്പെടെ എല്ലാ അഭിനേതാക്കളും ഗംഭീര പ്രകടനമാണു കാഴ്ച്ച വെച്ചിരിക്കുന്നത്. എഡിറ്റിംഗിൽ കാണിച്ച സൂക്ഷമത ചിത്രത്തെ ഒട്ടും ബോറടിപ്പിക്കാത്തതാക്കി മാറ്റി. എന്ത് കൊണ്ട് ആടിന്റെ പരാജയത്തിനു ശേഷവും മിഥുനു ഒരു സിനിമ ചെയ്യാൻ കിട്ടി എന്നതിനു ആൻ മരിയ ഉത്തരം നല്കും. ഈ സിനിമ നിങ്ങൾ കാണാതിരുന്നാൽ ഒന്നും സംഭവിക്കാൻ പോകുന്നില്ല. ആട് പരാജയപ്പെട്ടത് പോലെ ഇതും പരാജയപ്പെടും  ഇതിന്റെ പരാജയം മിഥുൻ എന്ന സംവിധായകനു അടുത്ത സിനിമ ചെയ്യാനുള്ള ഒരു തടസ്സമായി മാറാനും പോകുന്നില്ല. പക്ഷെ ഈ സിനിമ തിയറ്ററിൽ നിന്ന് തന്നെ കാണണ്ണം എന്ന് നിങ്ങൾ തിരുമാനിച്ചാൽ അത് ഒരു പ്രചോദനമാണു ബോക്സോഫീസ് ചേരുവകളെ കുത്തി നിറക്കാതെ സിനിമ ചെയ്യാൻ ചങ്കൂറ്റം കാണിക്കുന്ന നിർമ്മാതാക്കൾക്കുള്ള പ്രചോദനം. ആൻ മരിയ നിങ്ങളെ നിരാശരാക്കില്ല...!!!! 

മരുഭൂമിയിലെ ആന - Film Review

വികെ പ്രകാശ് സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയാണു മരുഭൂമിയിലെ ആന. കൃഷ്ണ ശങ്കർ , ബിജു മേനോൻ, ലാലു അലക്സ്റ്റ് എന്നിവരാണു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. വൈ വി രാജേഷ് ആണു ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. 

കഥ 

ഖത്തറിൽ വെച്ച് അവിടുത്തെ ഒരു പ്രശസ്ത ബിസിനസ്സുകാരൻ കൊല്ലപ്പെടുന്നിടത്താണു മരുഭൂമിയിലെ ആന ആരംഭിക്കുന്നത്.  പിന്നീട് ഇങ്ങ് കേരളത്തിൽ തന്റെ അഛന്റെ ആശ്രിതനാൽ ചതിക്കപ്പെട്ട് വീടും സ്വത്തും നഷ്ട്ടപ്പെട്ട സുകുവിന്റെ കഥയാണു കാണിക്കുന്നത്. സുകു തന്റെ അഛനെ ചതിച്ച കമലന്റെ മകളുമായി പ്രേമത്തിലാണു. കമലൻ ചതിച്ച് നേടിയെടുത്ത് വീടും പറമ്പും വീണ്ടെടുക്കാൻ  ഖത്തറിലേക്ക് മയക്കു മരുന്ന് കരിയർ ആയി പോകാൻ സുകു തയ്യാറാവുന്നു.

 30 ലക്ഷം രൂപ പ്രതിഫലം പറഞ്ഞിരുന്നെങ്കിലും ആകെ തൊണ്ണൂറായിരം രൂപയാണു സുകുവിനു ലഭിച്ചത്. നിരാശനായി നാട്ടിൽ മടങ്ങിയെത്തിയ സുകു ഫ്ലൈറ്റിൽ തന്റെ കൂടെ ഉണ്ടായിരുന്ന ഖത്തർ റോയൽ ഫാമിലിയിലെ ഷേയ്ഖ് അൽ.... അങ്ങനെ നീണ്ട ഒരു പേരുള്ള ഷേയ്ഖിനെ എയർപോർട്ടിൽ പോകാൻ കാർ വരാതെ കാത്തു നില്ക്കുന്നത് കാണുന്നു. ഷേയ്ഖിനെ സുകു തന്ത്രപരമായി തന്റെ കൂടെ കൂട്ടുന്നു. പിന്നീടങ്ങോട്ട് ഷെയ്ഖും സുകുവും ചേർന്നൊരു കളിയാണു..!!! 

വിശകലനം

2000 ൽ ആരംഭിച്ച കരിയറിൽ ഇന്നേ വരെ 19 സിനിമകൾ സംവിധാനം ചെയ്തിട്ടുള്ളയാളാണു വി കെ പ്രകാശ്. ഇതിൽ ഹിറ്റായത് രണ്ടേ രണ്ടു സിനിമകൾ മാത്രമാണു എന്ന് അറിയാവുന്ന ആരും സാധാരണ വി കെ പ്രകാശ് സിനിമകളിൽ ഒരു പ്രതീക്ഷയും വെക്കാറില്ല. എന്നാൽ ബിജുമേനോൻ എന്ന ഒരൊറ്റ നടൻ അഭിനയിക്കുന്നു എന്ന കാരണം കൊണ്ട് മാത്രമാണു മരുഭൂമിയിലെ ആന എന്ന ചിത്രം പ്രേക്ഷകരുടെ ഇഷ്ട ചോയ്സ് ആയി മാറിയത്. 

അങ്ങനെ തിയറ്ററിലെത്തിയ പ്രേക്ഷകരുടെ മനം മടുപ്പിക്കുന്ന ഒരു സിനിമയാണു വികെപി ഒരുക്കി വെച്ചിരിക്കുന്നത്. റോമൻസ് പോലൊരു ഹിറ്റ് ചിത്രം എഴുതിയ തിരകഥാകൃത്താണെങ്കിലും ഷാജഹാൻ പരീക്കുട്ടിയിൽ എത്തി നില്ക്കുന്ന വൈ വി രാജേഷിന്റെ നിലവാര തകർച്ച മരുഭൂമിയിലെ ആനയിൽ പൂർത്തിയാകുന്നു. 

കൃഷ്ണ ശങ്കറിന്റെയും സാജു നവോദയുടെയും ബാലു ശങ്കറിന്റെയും കോമഡികൾ പലതും ചിരിയുണർത്തിയെങ്കിലും ബിജുമേനോന്റെ ഒരു പൂണ്ടുവിളയാട്ടം ഇല്ല എന്നത് ചിത്രത്തിനു ഒരു വലിയ തിരിച്ചടിയായി. ഏറെ നാളുകൾക്ക് ശേഷം സ്ക്രീനിൽ മുഴു നീള വേഷം ലഭിച്ച ലാലു അലക്സിനും കാര്യമായി തിളങ്ങാനുള്ള വകുപ്പ് സിനിമയിൽ ഇല്ലായിരുന്നു. നായികയായി പേരിനു എഴുന്നെളിച്ച സംസ്കൃതി ഷേണായി ഇടയ്ക്കിടെ വന്നു പോയി കൊണ്ടിരുന്നു. 

ഈ സിനിമയുടെ കഥ കഥയായി മാത്രം പറയുമ്പോൾ കേൾക്കാൻ നല്ല ട്വിസ്റ്റും സസ്പെൻസുമൊക്കെയുണ്ട്. അത് വേറെരു തിരകഥാകൃത്തിനെ കൊണ്ട് എഴുതിച്ച് നല്ലൊരു സംവിധായകന്റ്കൈകളിൽ കിട്ടിയിരുന്നെങ്കിൽ ഒരു പക്ഷെ പടം മറ്റൊരു ലെവലിലെത്തിയേനെ.. ഇപ്പോഴും ഒരു ലെവലിൽ ആണു അതു പക്ഷെ ലോ ലെവൽ ആണെന്ന് മാത്രം..!!!

പ്രേക്ഷക പ്രതികരണം

മറ്റൊരു വെള്ളി മൂങ്ങ പ്രതീക്ഷിച്ച് വന്നവരെ പാടേ നിരാശരാക്കി സിനിമ മടക്കി

ബോക്സോഫീസ് സാധ്യത

5 പേരു കണ്ടാൽ 50 ആളോട് മോശം എന്നു പറയുന്ന സിനിമയ്ക്ക് ഇനി എന്ത് ബോക്സോഫീസ് സാധ്യത

റേറ്റിംഗ് : 1.5 / 5

അടിക്കുറിപ്പ്: എന്നാലും ബിജു മേനോൻ ചേട്ടാ.. ഇങ്ങളീ ചതി ചെയ്യുമെന്ന് നമ്മൾ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. മാഫി ഫുലുസ് മാഫി മുഷ്ക്കിൽ..!!

Pretham - Film Review


പുണ്യാളൻ അഗർബത്തീസ്, സു സു വാത്മീകം എന്നീ ചിത്രങ്ങൾക്ക് ശേഷം ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കർ ഒരുക്കിയ ചിത്രമാണു പ്രേതം. അജു വർഗീസ്, ഷറഫുദിൻ,  ഗോവിദ് പത്മസൂര്യ എന്നിവരാണു ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ

കഥ

ഡെന്നി, പ്രിയലാൽ , ഷിബു എന്നീ 3 സുഹൃത്തുക്കൾ ഒരുമിച്ച് ഒരു റിസോർട്ട് വാങ്ങുന്നു. എന്നാൽ അവിടെ താമസിക്കാൻ ആരംഭിക്കുമ്പോഴാണു ആ റിസോർട്ടിൽ അസ്വഭാവികമായ ചില സംഭവങ്ങൾ നടക്കുന്നത്. അത് അവരുടെ സ്വസ്ഥത കളയുന്നു. അതിനിടയിലേക്ക് അവൻ കടന്നു വരുന്നു ജോൺ ഡോൺ ബോസ്കോ എന്ന മെന്റലിസ്റ്റ്..!!!!!


വിശകലനം

പ്രേതകഥകൾ പലതരത്തിൽ പല തലങ്ങളിൽ പലവട്ടം പറഞ്ഞിട്ടുള്ള മലയാള സിനിമയിൽ ഇതാദ്യമായിട്ടാണു പ്രേതം എന്ന പേരിൽ ഒരു സിനിമ ഇറങ്ങുന്നത്. ഇറക്കുന്നത് ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേർന്നായത് കൊണ്ട് ഒരു സാധാരണ പ്രേത സിനിമ ആയിരിക്കില്ല ഇത് എന്ന ഒരുറപ്പ് അല്ലെങ്കിൽ മുൻ വിധി പ്രേക്ഷകർക്ക് ഉണ്ടായിരുന്നു. അതിനോട് മുഴുവനായും നീതി പുലർത്താൻ കഴിഞ്ഞില്ല എങ്കിലും പ്രേതം ഒരിക്കലും ഒരു വളരെ മോശം സിനിമ ആവുന്നില്ല. 

രഞ്ജിത്ത് ശങ്കറിന്റെ സ്ഥിരം ശൈലികളിൽ നിന്ന് വ്യതിചലിച്ച് സഞ്ചരിക്കുന്ന പ്രേതത്തിന്റെ ആദ്യ പകുതി ആസ്വദകരമായിരുന്നെങ്കിൽ രണ്ടാം പകുതിയിൽ ചിത്രത്തിന്റെ താളം നഷ്ട്ടപ്പെടുന്നു. വെൽ ബിഗൻ ഹാഫ് ഡൺ എന്ന ആപ്തവാക്യത്തിൽ വിശ്വസിക്കുന്ന ആളായിരിക്കണം രഞ്ജിത്ത് ശങ്കർ. അതു കൊണ്ട് തന്നെയാണു അദ്ദേഹത്തിന്റെ ഒന്ന് രണ്ട് സിനിമകൾ ഒഴിച്ച് ബാക്കിയുള്ളവയെല്ലാം ഒന്നാം പകുതി മാത്രം മികച്ചവയായി ഒതുങ്ങി പോയത്. 

കൃത്യമായ ഗൃഹപാഠം ഈ സിനിമയ്ക്ക് പിന്നിൽ നടത്തിയിരുന്നെങ്കിൽ പരസ്യ പോസ്റ്ററുകളി വ്യഥാ അച്ചടിച്ച് വെച്ചിരിക്കുന്ന “മലയാളത്തിലെ പ്രേത സിനിമകളിലെ ഒന്നാം നമ്പർ ” എന്ന വാചകത്തിനു ഒരർത്ഥം കൈ വന്നേനെ. അടുത്ത സിനിമയിൽ ഈ കുറവുകൾ പരിഹരിച്ച് സംവിധായകൻ തിരിച്ചു വരുമെന്ന് കരുതാം. 

അഭിനേതാക്കളുടെ  കാര്യമെടുത്താൽ മെന്റലിസ്റ്റ് എന്ന മലയാള സിനിമ കണ്ട് പരിചിതമല്ലാത്ത വേഷത്തിൽ ജയസൂര്യ തിളങ്ങി. ഒരേ ദിവസം രണ്ട് സിനിമകൾ പുറത്തിറങ്ങിയതിൽ ആദ്യത്തേതിന്റെ ക്ഷീണം അഭിനയത്തിൽ നികത്താൻ ജയസൂര്യയ്ക്കായി. ഷറഫുദിൻ - അജു ടീമിന്റെ കോമഡി സെറ്റപ്പുകൾ രസകരമായിരുന്നുവെങ്കിലും സ്ഥിരം ഹാപ്പി വെഡിംഗ് സ്റ്റൈയിൽ നമ്പറുകൾ പരീക്ഷിക്കുന്നത് ഷറഫുദീനു ഭാവിയിൽ ഒരു പാരയായി മാറാൻ സാധ്യത കാണുന്നുണ്ട്. 

ഗാനങ്ങളും പശ്ചാത്തല സംഗീതവും ശരാശരിയിൽ ഒതുങ്ങിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിലവാരം പുലർത്തി. ഏറിയ പങ്കും ഒരേ സ്ഥലത്ത് ചിത്രീകരിക്കുന്നതിന്റെ ന്യൂനതകൾ പ്രേക്ഷകരിലേക്കെത്തിക്കാതിരുന്നതിൽ ഛായാഗ്രഹകന്റെ പങ്ക് വലുതാണു.  ഹൊറർ - കോമഡി ഇഷ്ട്ടപ്പെടുന്നവർക്ക് രണ്ട് മണിക്കൂർ സമയം കളയാൻ പറ്റിയ മരുന്നു പ്രേതത്തിലുണ്ട്. 

പ്രേക്ഷക  പ്രതികരണം

കോൺജറിംഗ് മലയാളം വേർഷൻ ഒക്കെ പ്രതീക്ഷിച്ച് തിയറ്ററിൽ വന്നവരാണെന്ന് തോന്നുന്നു നിർത്താതെ കൂവി കൊണ്ട് തിയറ്റർ വിട്ടത്..!!

ബോക്സോഫീസ് സാധ്യത

ജയൻ - രൺജിത്ത് ശങ്കർ മിനിമം ഗ്യാരണ്ടി വെച്ച് ഒരു ഹിറ്റെങ്കിലും കിട്ടേണ്ടതാണു.

റേറ്റിംഗ് :2.5 /5 

അടിക്കുറിപ്പ്: ക്ലൈമാക്സിലെ വലിയ ട്വിസ്റ്റ് കണ്ട് ഞെട്ടിയേക്കാം എന്ന് കരുതി മസ്സിലു പിടിച്ചിരിക്കരുത്. ഞെട്ടാനുള്ളതൊക്കെ ആദ്യമേ ഞെട്ടിയേക്കണം..!!! 

IDI - Film Review


നടൻ ജയസൂര്യ തന്റെ കരിയറിലെ ആദ്യത്തെ സോളോ ആക്ഷൻ മൂവി ചെയ്യുന്നു എന്ന
അലങ്കാരവുമായി വന്ന സിനിമയാണു ഇടി. (ഇൻസ്പെക്ടർ ദാവൂദ് ഇബ്രാഹീം) മലയാള
സിനിമകളിൽ ചെറു വേഷങ്ങളിൽ മുഖം കാണിക്കുന്ന സാജിത്ത് യാഹിയയുടെ ആദ്യത്തെ
സംവിധാന സംരഭമാണീ ഇടി.

കഥ

ചെറുപ്പം മുതല്ക്കേ സിനിമകളിലെ പോലീസ് വേഷങ്ങൾ കണ്ട് ഹരം കയറി ഒരു
പോലീസുകാരൻ ആകണം എന്ന ആഗ്രഹവുമായി നടക്കുന്നതാണു ദാവൂദ്. വീട്ടുകാരുടെ
ശക്തമായ എതിർപ്പുകളെ അതിജീവിച്ച് അവസാനം ദാവൂദ് ഒരു ഇൻസ്പെക്ടർ ആകുന്നു.
ദാവൂദിനു ആദ്യ പോസ്റ്റിംഗ് കിട്ടുന്നത് കൊമനഹളി എന്ന സ്ഥലത്തേക്കാണു.

ആ സ്ഥലം അപകടകരമയതാണു അവിടേക്ക് ചെല്ലരുത് എന്ന മുന്നറിയിപ്പുകളൊക്കെ
അവഗണിച്ച് ദാവൂദ് അവിടെ ചാർജ്ജ് എടുക്കുന്നു. എന്നാൽ അതിനു ശേഷമാണു
ദാവൂദിനു താൻ അകപ്പെട്ടിരിക്കുന്ന ആപത്തിന്റെ വ്യാപ്തി തിരിച്ചറിയാൻ
സാധിക്കുന്നത്..!!

വിശകലനം

ഒരു മലയാള സിനിമ എങ്ങനെ ആയിരിക്കരുത് എന്നതിനു നിരവധി ഉദാഹരണങ്ങൾ
നമുക്കുണ്ട്. പേരെടുത്ത് പറഞ്ഞ് ആരെയും വേദനിപ്പിക്കാൻ ഉദ്ദേശമില്ലാത്തത്
കൊണ്ട് അതിനു മുതിരുന്നില്ല. ആ കൂട്ടത്തിലേക്ക് അഭിമാനപുരസ്ക്കരം ചേർത്ത്
വെയ്ക്കാവുന്ന ഏറ്റവും പുതിയ സിനിമ ആണു ഇടി എന്ന ഇൻസ്പെക്ടർ ദാവൂദ്
ഇബ്രാഹീം.  സാജിത്ത് യാഹിയ എന്ന ന്യൂജനറേഷൻ പൾസുള്ള സംവിധായകൻ
എന്തെങ്കിലുമൊക്കെ പ്രത്യേകതകൾ കരുതി വെച്ചിട്ടുണ്ടാവും എന്ന്
പ്രതീക്ഷിച്ചവർക്ക് കടുത്ത നിരാശയാണു സിനിമ സമ്മാനിക്കുന്നത്.

ട്രെയിലറുകളിലൂടെ മുന്നോട്ട് വെച്ച സിനിമയുടെ പൊതു സ്വഭാവം പ്രേക്ഷക
അഭിരുചികളോട് ഒട്ടും യോജിക്കാതെ പോയതാണു ഇടിയ്ക്ക് ഒരു അടി ആയത്.
തെലുങ്ക് സിനിമകളെ കളിയാക്കി എടുക്കുന്നത് പോലെ ഒരു ശ്രമമാണു സംവിധായകൻ
ഉദ്ദേശിച്ചതെങ്കിലും ആ ഐറ്റം സൗഭഭ്രമാണെന്ന് തോന്നിപ്പിച്ച്
പുരഞ്ജയമാണെന്ന് തോന്നിപ്പിക്കുന്ന പഴയ പുത്തൂരം അടവാണെന്ന്
വിചാരിക്കുകയും പിന്നീട് പരിചയ്ക്ക് മണ്ണു വാരി കണ്ണിൽ എറിയുന്ന അളിഞ്ഞ
ഏർപ്പാടാണെന്ന് പ്രേക്ഷകർ തിരിച്ചറിയുന്നത്.

ജയസൂര്യ പോലൊരു നടൻ ഏതൊരു റോളിലും മികച്ച പ്രകടനം കാഴ്ച്ച വെക്കുന്നതാണു
പതിവ്. എന്നാൽ ഈ സിനിമയിൽ ആ നടന്റെ പെർഫോമൻസ് പോലും അരോചകമായി തോന്നുന്ന
തലത്തിലേക്ക് നീങ്ങുമ്പോൾ മറ്റ് അഭിനേതാക്കളുടെ കഥാപാത്ര സൃഷ്ടികളുടെ
ദൈന്യതകളെ പറ്റി വിവരിക്കാതിരിക്കുന്നതാണു ഉത്തമം.സാങ്കേതികമായി സിനിമ
ശരാശരിക്കും മുകളിലാണു എന്നത് മാത്രമാണു ഒരാശ്വാസം. പശ്ചാത്തല സംഗീതവും
നായികയായെത്തിയ ശിവദയും വെറുപ്പിക്കൽ ശരാശരിയിലൊതുക്കി.

ഏത് തരം സിനിമയാണു താൻ സംവിധാനം ചെയ്യുന്നതെന്ന് തനിക്കറിയില്ലെങ്കിൽ താൻ
തിരകഥാകൃത്തിനോട് ചോദിക്കുക സിനിമ എങ്ങനാണെന്ന്. അപ്പോ തിരകഥാകൃത്ത്
പറയും താൻ തന്നെയാണു തിരകഥാകൃത്തെന്ന്. താൻ തന്നെ തിരകഥാകൃത്താവുമ്പോൾ
സിനിമ എങ്ങനെന്ന് തനിക്കറിയില്ലെങ്കിൽ പ്രേക്ഷകർ പറയും ഇത് ചവറ്റു
കൊട്ടയിലേക്കുള്ളതാണെന്ന്...!!!

പ്രേക്ഷക പ്രതികരണം

ജയസൂര്യയുടേതായി രണ്ട് സിനിമകൾ ഇന്നിറങ്ങി. അതിൽ ഇതിനു തല വെച്ചവരുടെ
തലയിൽ ഇടി വെട്ടി..!!

ബോക്സോഫീസ് സാധ്യത

ആദ്യ 3 ദിവസത്തിനുള്ളിൽ ഹോൾഡ് ഓവർ

റേറ്റിംഗ്:  0.5/5

അടിക്കുറിപ്പ്: ഇടി ഇടി ഇടി പിന്നെയും ഇടി...!!!

Followers

 
Copyright 2009 b Studio. All rights reserved.