Thursday, March 15, 2012

ഇന്ത്യൻ ടീമിലെ സച്ചിന്റെ അവസ്ഥ പോലെയാണു മലയാള സിനിമയിൽ ഇപ്പോൾ മമ്മൂട്ടി എന്ന മഹാനടന്റെ സ്ഥാനം. സച്ചിൻ എന്ന അത്യുല്യ പ്രതിഭയുമായി താരതമ്യത്തിനു പ്രസക്തിയില്ലെങ്കിലും സച്ചിന്റെ നൂറാം സെഞ്ചുറിക്ക് വേണ്ടി ലോകമെമ്പാടുമുള്ള ആരാധകരും ഒരു ശരാശരി ഹിറ്റ് എന്ന പ്രതീക്ഷയുമായി മമ്മൂട്ടി ആരാധകരും കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷം ഒന്ന് കഴിഞ്ഞിരിക്കുന്നു.
തിയറ്ററുകളെ ഇളക്കി മറിച്ച ഒരു മെഗാഹിറ്റ് അവസാനമായി മമ്മൂട്ടിക്ക് ഉണ്ടായത് പോക്കിരിരാജയിലൂടെ 2010ല് ആണു. പ്രാഞ്ചിയേട്ടൻ എന്ന ക്ലാസിക്കൽ ഹിറ്റും കുട്ടിസ്രാങ്കുമൊക്കെയായി 2010ലെ താരം എന്ന പദവി വരെ നേടിയ മമ്മൂട്ടിയുടെ കരിയറിലെ കറുത്ത ഏടാണു 2011 സമ്മാനിച്ചത്. സൂപ്പർതാരങ്ങളുടെ കാലം കഴിഞ്ഞു ഇനി മലയാള സിനിമയിൽ പുത്തൻ പരീക്ഷണങ്ങളുടെയും പുതുതാരങ്ങളുടെയുമൊക്കെ കാലമാണു എന്ന് ശക്തിയുക്തം വാദിക്കുന്നവർക്ക് ശക്തിപകരുന്നതാണു മമ്മൂട്ടിയുടെ തുടർച്ചയായ 6 പരാജയങ്ങൾ.
സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ മലയാള സിനിമയിലെ ഏറ്റവും ബുദ്ധിമാനായ നടൻ എന്ന് വിമർശകർ വരെ വാഴ്ത്തിയ മമ്മൂട്ടിക്ക് പക്ഷെ ഈ 6 ചിത്രങ്ങളിൽ എന്താണു സംഭവിച്ചത്..? അദ്ദേഹത്തിന്റെ തിരുമാനങ്ങൾ തെറ്റായിരുന്നോ നമ്മുക്ക് പരിശോധിക്കാം.
2010 അവസാനം പുറത്തിറങ്ങി കഷ്ടിച്ച് രക്ഷപ്പെട്ട ബെസ്റ്റ് ആക്ടറിനു ശേഷമാണു ഈ നടന്റെ കഷ്ടകാലം ആരംഭിക്കുന്നത്. പ്രാഞ്ചിയേട്ടന്റെയും പോക്കിരിരാജയുടെയും ഗ്ലാമറിലിങ്ങനെ തിളങ്ങി നിൽക്കുമ്പോൾ ഷാജി കൈലാസിനു ആഗസ്റ്റ് 15നു ഡേറ്റ് കൊടുത്ത വാർത്ത കേട്ട് ഞെട്ടാത്തവരായി ആരുമുണ്ടാവില്ല. എന്നാൽ എസ് എൻ സ്വാമി എന്ന പഴയ സിംഹത്തിന്റെ തിരകഥയിൽ വിശ്വാസം അർപ്പിച്ച്, ദ്രോണയിലുണ്ടായ നഷ്ടം അരോമ മണിക്ക് നികത്തി കൊടുക്കാം എന്ന നല്ല ഉദ്ദേശത്തോടെ മമ്മൂട്ടി ചെയ്തത് പക്ഷെ ഫലം കണ്ടില്ല. ക്യാമറകൾ കൊണ്ട് ഗിമ്മുക്കുകൾ കാണിക്കുന്ന ഷാജി കൈലാസ് സംവിധാനം ചെയ്ത ഏറ്റവും പഞ്ച് കുറഞ്ഞ ചിത്രം എന്ന പദവി ആഗസ്റ്റ് 15 കരസ്ഥമാക്കി.
പെരുമാൾ എന്ന ഗംഭീര പോലീസ് ഓഫീസർ കഥാപാത്രത്തെ വളരെ നിസ്സാരമായി സംവിധായകനും തിരകഥാകൃത്തും കൂടി നശിപ്പിച്ചു കളഞ്ഞു. നവാഗത സംവിധായകനായ സോഹൻ സീനു ലാലിന്റെ ഡബിൾസിൽ മമ്മൂട്ടി എന്തിനു തലവെച്ച് കൊടുത്തു എന്നത് ഇനിയും ഒരുപാട് പേർക്ക് ഉത്തരം കിട്ടാത്ത സമസ്യയാണു. ജയരാജിന്റെ ട്രെയിനിൽ അഭിനയിച്ചതിനു മമ്മൂട്ടിക്ക് ന്യായീകരണങ്ങളുണ്ടാകാം. ജയരാജ് ആയത് കൊണ്ട് ഇതിലും വലുത് എന്തോ വരാനിരുന്നത് ട്രെയിനിന്റെ രൂപത്തിൽ വന്നു പോയി എന്ന് ആശ്വസിക്കാം.
യുവതിരകഥാകൃത്തുക്കളിൽ ശക്തമായ പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മിടുക്കനായ ബാബു ജനാർദ്ദനൻ ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രമായിരുന്നു ബോംബെ മാർച്ച്. ഇതിനോടകം ഹാട്രിക്ക് അടിച്ചു കഴിഞ്ഞതിനാൽ ഒരു വലിയ ഹിറ്റൊന്നുമിലെങ്കിലും മുഖം രക്ഷിക്കാൻ ഒരു ആവറേജ് എങ്കിലും കിട്ടിയാൽ മതി എന്നായിരുന്നു മമ്മൂട്ടി ക്യാപിന്റെ പ്രതീക്ഷ. എന്നാൽ എല്ലാം തച്ചുടച്ച് കൊണ്ട് മറ്റൊരു ഫോട്ടോഗ്രാഫറും മറ്റൊരു രജ്ഞൻ പ്രമോദും പുനർസൃഷ്ടിക്കപ്പെട്ടു.
എല്ലാ പരാജയങ്ങൾക്കും അവസാനം കുറിച്ച് കൊണ്ട് മമ്മൂട്ടി ഇതാ തിരിച്ചു വരാൻ പോകുന്നു എന്ന കോലാഹളവുമായി സൂപ്പർഹിറ്റ് സംവിധായകൻ ഷാഫിയും ഹിറ്റ് തിരകഥാകൃത്ത് ജയിംസ് ആൽബർട്ടും ചേർന്നൊരുക്കിയ വെനീസിലെ വ്യാപാരി തന്റെ ശനിദശയ്ക്ക് അവസാനം കുറിക്കും എന്ന് മമ്മൂട്ടി ആഗ്രഹിച്ചെങ്കിലും വ്യാപാരിക്ക് കച്ചവടം മോശമായതിനെ തുടർന്ന് ആദ്യ ആഴ്ച്ചയിൽ തന്നെ കട പൂട്ടേണ്ടി വന്നു. ഇതിനിടക്ക് ഇടിവെട്ടേറ്റവനെ പാമ്പു കടിച്ചവനെ പോലെ കന്നഡ-മലയാളം സിനിമ ശിക്കാരി റിലീസ് ആവുകയും മമ്മൂട്ടി ഡബിൾ ഹാട്രിക്ക് നേടുകയും ചെയ്തു.
എത്ര വലിയ താരമാണെങ്കിലും അഞ്ചാറു പടങ്ങൾ അടുപ്പിച്ച് പൊളിഞ്ഞാൽ പിന്നെ ആദ്യ ഷോ കാണാൻ ആളുണ്ടാവില്ല പക്ഷെ ഈ ഒരു കാര്യത്തിൽ മമ്മൂട്ടി രക്ഷപ്പെട്ടു. മെഗാസ്റ്റാറിന്റെ അടുത്ത റിലീസ് കിംഗ് & കമ്മീഷ്ണറാണു. ഈ സിനിമയുടെ റിലീസ് മലയാള സിനിമയുടെ എല്ലാ ഇനീഷ്യൽ കളക്ഷൻ റിക്കാർഡുകളും തകർത്തെറിഞ്ഞ് ചരിത്രം സൃഷ്ടിക്കുമെന്നാണു സിനിമ ലോകത്തെ കണക്കു കൂട്ടൽ. പക്ഷെ ഖേദകരമെന്ന് പറയട്ടെ ചിത്രത്തിന്റെ പുറത്ത് വന്ന ട്രെയിലർ അമിത പ്രതീക്ഷകൾ വേണ്ട എന്ന സൂചനകളാണു നൽകുന്നത്. ഒരു പക്ഷെ ട്രെയിലർ ഇത്രയും മതി യഥാർത്ഥ കളി സിനിമയിൽ എന്നു അണിയറ പ്രവർത്തകർ തിരുമാനിച്ചിരിക്കാം. എന്തായാലും കിംഗിനു ശേഷം കോബ്ര, താപ്പാന തുടങ്ങി പ്രൊജക്ടുകൾ ഒരുപാടുള്ളത് കൊണ്ട് ആ ഒരു ഹിറ്റ്.. ഒരേ ഒരു ഹിറ്റ് ഈ വർഷമെങ്കിലും സംഭവിക്കും എന്ന് കരുതി സമാധാനിക്കാം..!
Friday, March 9, 2012
2006 ല് കന്നഡയിൽ റിലീസ് ചെയ്ത ചിത്രമാണു മൊങ്കാരു മലൈ. ഇന്ത്യയിൽ ആദ്യമായി ഒരു ചിത്രം ഒരു കൊല്ലത്തോളം മൾട്ടിപ്ലെക്സ് തിയറ്ററിൽ പ്രദർശിപ്പിച്ചു എന്ന റിക്കാർഡ് കരസ്ഥമാക്കിയത് കന്നഡ ഭാഷയിൽ പുറത്തിറങ്ങിയ ഈ ചിത്രമായിരുന്നു. ഒരു കോടി രൂപയിൽ താഴെ ബഡ്ജറ്റിൽ പുറത്തിറങ്ങിയ ഈ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് വാരിയത് 70 കോടിയോളം രൂപയാണു. കന്നഡ സിനിമ പിന്നീട് അറിയപ്പെടുന്നത് മൊങ്കാരു മലൈക്ക് ശേഷവും അതിനു മുൻപും എന്നാണു.
കന്നഡ സിനിമയിൽ ഇത്രയും വിപ്ലവം സൃഷ്ടിച്ച കന്നഡ സിനിമ ലോകത്തെ അടിമുടി മാറ്റി മറിച്ച ഈ സിനിമ എങ്ങനെയിരിക്കും എന്ന് കാണാനുള്ള ആകാംക്ഷ ചിലർക്കെങ്കിലും ഉണ്ടായി കാണും. ഇതേ ആകാംക്ഷയുടെ അടിസ്ഥാനത്തിൽ ഈ പടം കണ്ടത് ഏതാണ്ട് 2 വർഷത്തോളം മുന്നായിരുന്നു. അന്ന് ഈ പടത്തെ മലയാള സിനിമയുമായി താരതമ്യം ചെയ്യാൻ തക്ക ഒരു സിനിമ മഹാരഥന്മാർ വാഴുന്ന നമ്മുടെ സിനിമയിൽ ഉണ്ടായിരുന്നില്ല. അങ്ങനെ അവസാനം സന്തോഷ് പണ്ഡിറ്റ് വേണ്ടി വന്നു മൊങ്കാരു മലൈയോട് കിടപിടിക്കത്തക്ക ഒരു സിനിമ മലയാളത്തിൽ ഒരുക്കുവാൻ. ഇത്രയും പറഞ്ഞത് മഹത്തായ സിനിമ എന്ന് കന്നഡ സിനിമക്കാർ വാഴ്ത്തുന്ന മൊങ്കാരു മലൈക്ക് ഒരു കൃഷ്ണൻ രാധ നിലവാരമേ ഉള്ളുവെങ്കിൽ മറ്റ് സിനിമകളുടെ കാര്യം പറയേണ്ടതില്ലല്ലോ..!!
മികച്ച കുട്ടികളുടെ ചിത്രത്തിനു ദേശീയ അവാർഡ് നേടിയ കന്നഡ സംവിധായകൻ അഭയ് സിംഹ മമ്മൂട്ടിയെ നായകനാക്കി കന്നഡയിലും മലയാളത്തിലും ഒരുക്കിയ ചിത്രമാണു ശിക്കാരി. മമ്മൂട്ടിക്ക് പുറമേ ഇന്നസെന്റ്, ടിനു ടോം, മുരളി കൃഷ്ണ എന്നിവരും നായികയായി പൂനം ബാജ്വയും വേഷമിടുന്നു. കവിത പോലെ മനോഹരമായ ഒരു കഥയാണു ശിക്കാരിയുടേത്. പക്ഷെ ചില കവിതകൾക്ക് സംഭവിക്കാറുള്ളത് പോലെ വായിക്കുമ്പോൾ മനോഹരമായി തോന്നാമെങ്കിലും ചൊല്ലി കേൾക്കുമ്പോൾ ചൊല്ലുന്ന ആളുടെ പാളിച്ച കൊണ്ടാകണം അത് വിരസമായി തോന്നും. ഇതേ അവസ്ഥയാണു ശിക്കാരിയിലും. മനോഹരമായ ഒരു കഥ അതിന്റെ അവതരണ രീതിയിൽ സംഭവിച്ച അല്ലെങ്കിൽ അങ്ങനെ സംഭവിച്ചു എന്ന് നമ്മൾ മലയാളികൾ കരുതുന്ന പാളിച്ചകൾ കൊണ്ട് ശിക്കാരി എന്ന 'മലയാള' സിനിമ പരാജയപ്പെടുന്നു.
ഒരു സോഫ്റ്റ് വെയർ എഞ്ചിനീയർ ആയ അഭിലാഷ് (മമ്മൂട്ടി)ഒരിക്കൽ അവിചാരിതമായി ഒരു നോവൽ വായിക്കാൻ ഇടയാകുന്നു. സ്വതന്ത്ര ഇന്ത്യക്ക് മുൻപുള്ള കാലഘട്ടത്തിലെ കഥ പറയുന്ന ആ നോവലിൽ ഒരു കരുണൻ എന്ന വേട്ടക്കാരന്റെ കഥയാണു പറയുന്നത്. വളരെ ഉദ്വേഗജനകമായ (?) കഥ പറയുന്ന ആ നോവലിൽ അഭിലാഷ് അത്യന്തം ആകൃഷ്ടനാകുന്നു. എന്നാൽ ആ തന്റെ കയ്യിലുള്ള നോവലിൽ മുഴുവൻ പേജുകളും ഇല്ലാത്തത് കൊണ്ട് കഥയുടെ ബാക്കി ഭാഗങ്ങൾ അറിയാനായി നോവലിസ്റ്റിനെ തേടി യാത്രയാകുന്നു.
അഭിലാഷിന്റെ ആ യാത്ര ഫലം കാണുമോ നോവലിലെ ആദ്യം പറഞ്ഞ ഉദ്വേഗജനകമായ കഥയുടെ അന്ത്യം എന്താകും എന്നൊക്കെയുള്ള പ്രേക്ഷകന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകുന്നതോടെ ശിക്കാരി പൂർത്തിയാകുന്നു. അഭിലാഷ്, കരുണൻ എന്നീ വേഷങ്ങളിൽ മമ്മൂട്ടി തിളങ്ങി.കന്നഡയിലെ നായകന്മാരുടെ കണ്ണ് തള്ളി പോകും നമ്മുടെ മെഗാസ്റ്റാറിന്റെ ഗ്ലാമർ കണ്ടാൽ..! മറ്റ് വേഷങ്ങളിൽ അഭിനയിച്ചവരെല്ലാം തങ്ങളുടെ ജോലി വൃത്തിയായി ചെയ്തിട്ടുണ്ട്.
പക്ഷെ നമ്മൾ മലയാളികൾക്ക് അഭയ് സിംഹയുടെ സംവിധാന രീതി ഒട്ടും രസിക്കില്ല എന്നു മാത്രമല്ല ഒട്ടേറെ മുഷിപ്പിക്കുകയും ചെയ്യും. സിനിമ മുഖ്യമായും ലക്ഷ്യമിട്ടിരിക്കുന്നത് കന്നഡ പ്രേക്ഷകരെയായത് കൊണ്ടാവണം വിക്രം ശ്രീവസ്തവ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ഒരു മലയാളി ടച്ച് ഇല്ലല്ലോ എന്ന് തോന്നിയാലും സാരമാക്കേണ്ടതില്ല. ഗാനങ്ങൾ, ഫൈറ്റ് എന്നിവക്ക് ഉദ്ദേശിച്ചത്ര പഞ്ച് ഇല്ല. മമ്മൂട്ടി നായകനായ ഒരു ചിത്രത്തിൽ മേല്പറഞ്ഞവക്ക് എത്ര ഉദ്ദേശിച്ചു എന്നത് വേറെരു ചോദ്യം.
ശിക്കാരിയിലൂടെ പരാജയ പരമ്പരക്ക് വിരാമമിടാം എന്ന് മമ്മൂട്ടി പോലും കരുതിയിട്ടുണ്ടാവില്ല. കന്നഡയിലെ തന്റെ ആദ്യ സിനിമ ഇവിടെയും ഇറക്കാം എന്നത് മാത്രമായിരിക്കണം ഇതിനു പിന്നിലുള്ള ചേതോവികാരം. കന്നഡ പ്രേക്ഷകർക്ക് ഈ സിനിമ ഒരു പുത്തൻ അനുഭവമായിരിക്കും എന്നത് തീർച്ചയാണു. സംശയമുള്ളവർക്ക് ബാഷ എന്ന തമിഴ് ചിത്രത്തിന്റെ കന്നഡ വേർഷൻ കണ്ട് തിരുമാനിക്കാം. ..!!!
Sunday, February 26, 2012
ജീവിതം 43,252,003,274,489,856,000 വ്യത്യസ്ത വഴികളുള്ള ഒരു രൂബിക്സ് ക്യൂബ് പോലെയാണു.അതിൽ എണ്ണമറ്റ ട്വിസ്റ്റുകളും വഴിത്തിരിവുകളും ഉണ്ടായെന്നുവരാം. പക്ഷെ ഒരിക്കൽ അത് ശരിയായ രൂപത്തിൽ എത്തിയാൽ പിന്നെ ഏത് കോണിൽ നിന്ന് നോക്കിയാലും അതിനു പൂർണ്ണതയുടെ രൂപം തന്നെയായിരിക്കും..!
രസികൻ എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപി രചന നിർവ്വഹിച്ച കോക്ക്ടെയില് ഫെയിം അരുൺ കുമാർ സംവിധാനം ചെയ്ത ചിത്രമാണു ഈ അടുത്ത കാലത്ത്. ഇന്ദ്രജിത്ത്, മൈഥിലി, ലെന, തനുശ്രീ ഘോഷ്, നിഷാൻ പിന്നെ വളരെ ചെറിയ ഒരു റോളിൽ അനൂപ് മേനോനും (പോസ്റ്ററിൽ തല വലിയതാണെങ്കിലും) ഈ ചിത്രത്തിൽ അണിനിരക്കുന്നു. സ്ഥായിയായ വില്ലൻ നായകൻ പരിവേഷങ്ങളൊന്നും ഈ ചിത്രത്തിലില്ല. തിരുവനന്തപുരം നഗരത്തിലെ വ്യത്യസ്ഥ ജീവിത സാഹചര്യങ്ങളിൽ ജീവിക്കുന്ന കുറച്ച് മനുഷ്യരുടെ ജീവിതത്തിൽ ഈ അടുത്ത കാലത്ത് നടന്ന സംഭവങ്ങളാണു സിനിമയുടെ കഥാതന്തു. സംഗതി സിനിമാറ്റിക് ആയത് കൊണ്ട് വ്യത്യസ്ഥ സാഹചര്യങ്ങളിലെ ആളുകൾ തമ്മിൽ ബന്ധപ്പെടും എന്നത് ഉറപ്പാണല്ലോ. അല്ലെങ്കിൽ പിന്നെ എന്തോന്ന് മലയാള സിനിമ..
ചവറുകൂനയിൽ നിന്ന് സാധനങ്ങൾ പെറുക്കി കളിപ്പാട്ടങ്ങൾ ഉണ്ടാക്കി വിൽക്കുന്ന വെട്ട് വിഷ്ണു(ഇന്ദ്രജിത്ത്)വാണു ഈ കഥയിലെ മുഖ്യ കഥാപാത്രം. വെട്ട് വിഷ്ണു എന്ന വിളിപേരു ക്വട്ടേഷൻ സംഘത്തിൽ ചേർന്നത് കൊണ്ടുണ്ടായതല്ല, ക്രിക്കറ്റ് കളിയിൽ സിക്സർ മാത്രം അടിക്കുന്നത് കൊണ്ട് വീണപേരാണു. ടൈം പാസിനുള്ള ക്രിക്കറ്റ് കളിയല്ല വിഷ്ണുവിന്റെത് വയറ്റിപിഴപ്പുകൂടിയാണത്. വിഷ്ണുവിനു ഭാര്യ(മൈഥിലി) അമ്മ രണ്ട് മക്കൾ. താമസം പത്മനാഭസ്വാമി ക്ഷേത്രത്തിനടുത്തുള്ള ഒരു ബ്രാഹമണ കോളനിയിൽ..
ഇതേ നഗരത്തിലെ ഒരു സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ നടത്തുന്ന അജയ്കുര്യനും(മുരളി ഗോപി) അദ്ദേഹത്തിന്റെ ഭാര്യ മാധുരിയും(തനുശ്രീ) മകനും. അജയ് കുര്യൻ ഒരല്പം മെന്റലാണു. വളരെ സുന്ദരിയും സെക്സിയുമായ ഭാര്യ ഉണ്ടായിട്ടും അവരെ കഴിഞ്ഞ 7 വർഷമായി അദ്ദേഹം ഒന്ന് തൊട്ടിട്ടു പോലുമില്ലത്രെ. മാധുരി ചെറുപ്പത്തിലെ തന്റെ അഛന്റെ നിർബന്ധ പ്രകാരം ബി ഗ്രേഡ് ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അതിന്റെ ക്ലിപ്പുകളെല്ലം ഇന്ന് യൂ ട്യൂബിൽ സുലഭം.
പെൺകുട്ടികളെ ഫോണിലൂടെ വളച്ച് അവരുടെ സെക്സ് ക്ലിപ്പുകൾ എടുത്ത് നെറ്റിൽ അപ്ലോഡ് ചെയ്യുന്ന വൻറാക്കറ്റിന്റെ കണ്ണിയായ നോർത്ത് ഇന്ത്യൻ പയ്യൻ രുസ്തൻ (നിഷാൻ),പലിശക്കാരനും ക്വട്ടേഷൻ തലവനുമായ ഡിക്സൻ , മാധുരിയുടെ കൂട്ടുകാരിയും ജേർണലിസ്റ്റും പുരുഷവിരോധിയുമായ രൂപ (ലെന), നഗരത്തിൽ വയസ്സന്മാരെ മാത്രം കൊല ചെയ്ത് പണം തട്ടുന്ന ഒരു സീരിയൽ കില്ലറെ പിടിക്കാൻ പാടു പെടുന്ന സിറ്റി പോലീസ് കമ്മീഷ്ണർ ടോം ചെറിയാൻ( അനൂപ് മേനോൻ).
ഇത്രയുമാണു ഈ അടുത്ത കാലത്തിലുള്ളത്. ഇനി ഇവരുടെ ജീവിതത്തിൽ ഈ അടുത്തകാലത്ത് എന്ത് സംഭവിച്ചു എന്നറിയാൻ ആകാംക്ഷയുള്ളവർക്ക് ഈ സിനിമ ധൈര്യമായി കാണാം. രസികൻ എന്ന സിനിമയിൽ നിന്ന് ഈ ചിത്രത്തിലേയ്ക്കെത്തുമ്പോൾ ശക്തമായ ഒരു മുന്നേറ്റമാണു നടൻ എന്ന നിലയിലും തിരകഥാകൃത്ത് എന്ന നിലയിലും മുരളി ഗോപി നടത്തിയിരിക്കുന്നത്. ഒരു തരത്തിലും മുഷിപ്പിക്കാത്ത കഥയുടെ ആദ്യാവസാനം ത്രില്ലിംഗ് ആയി പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഈ തിരകഥ മികച്ചരീതിയിൽ തന്നെ അരുൺ കുമാർ സംവിധാനം ചെയ്തിരിക്കുന്നു.
ഇന്ദ്രജിത്ത് എന്ന നടൻ ഇന്ന് അഭിനയത്തിൽ മലയാളത്തിലെ മറ്റെത് യുവതാരത്തേക്കാളും പരിഗണന അർഹിക്കുന്ന ഒരാളാണു താനെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. വിഷ്ണു എന്ന കഥാപാത്രത്തിന്റെ സ്വാഭാവികതക്ക് 100ല് നൂറു മാർക്ക്. വിഷ്ണുവിന്റെ ഭാര്യയായി മൈഥിലിയും ചെറുതെങ്കിലും മനോഹരമായ പ്രകടനം കാഴ്ചവെച്ചിരിക്കുന്നു. തനുശ്രീ ഘോഷിന്റെ മലയാളത്തിലേയ്ക്കുള്ള അരങ്ങേറ്റം മോശമല്ലെങ്കിലും ചില സീനുകളിലെ ലിപ്സ് മൂവ്മെന്റുകളും ഭാവാഭിനയത്തിന്റെ ഭാരവുമെല്ലാം കല്ലുകടിയാകുമെങ്കിലും തിരകഥയുടെ മികവ് കൊണ്ട് ഇതെല്ലാം മറികടക്കപ്പെടുന്നു.
നിഷാന്റെ ഒരല്പം വില്ലൻ ടച്ചുള്ള വേഷം ഈ നടനു മലയാളത്തിൽ നൽകാൻ പോകുന്ന മൈലേജ് കുറച്ചൊന്നുമായിരിക്കില്ല. ബൈജുവിന്റെ ഡിക്സൻ, ലെനയുടെ രൂപ, അനൂപ് മേനോന്റെ കമ്മീഷണർ എന്നീ കഥാപാത്രങ്ങൾക്ക് അമിതപ്രാധാന്യമില്ലെങ്കിലും സിനിമയുടെ ശുഭാന്ത്യത്തിനു വേണ്ടിയുള്ള പല ഘട്ടങ്ങളിലും ഇവർ വഴിത്തിരിവുകളാകുന്നുണ്ട്.
ചിത്രത്തിന്റെ പശ്ചാത്തല സംഗീതമാണു മറ്റൊരു എടുത്തു പറയേണ്ടുന്ന പ്ലസ് പോയിന്റ്. പോസിറ്റീവുകൾ അങ്ങനെ ഒരുപാടുണ്ടെങ്കിലും ഈ ചിത്രത്തെ ഒരു ഇമിറ്റേഷൻ ചിത്രമെന്ന (കോപ്പിയടിയല്ല ഉദ്ദേശിച്ചത്) നിലയിൽ നിന്ന് ഒരു പരീക്ഷണ ചിത്രത്തിലേയ്ക്ക് ഉയർത്താൻ കഴിയാതെ പോയത് അരുൺകുമാർ എന്ന സംവിധായകന്റെ പോരായ്മ തന്നെയാണു.
ഒരു ചെറിയ പിഴവു പോലും വരുത്താതെ പ്രേക്ഷകനു ഇത്തരത്തിലുള്ള സിനിമകൾ കണ്ടിരിക്കുമ്പോൾ ഉണ്ടായേക്കാവുന്ന എല്ലാ സംശയങ്ങളുടെയും ഉത്തരങ്ങൾ സിനിമയിലൂടെ തന്നെ നൽകി സിനിമ അവസാനിക്കുമ്പോൾ ഒരു പക്ഷെ ഒരു സാധാരണ പ്രേക്ഷകൻ ചോദിച്ചേക്കാവുന്ന ചോദ്യം ഇങ്ങനെയൊക്കെ നമ്മുടെ നാട്ടിൽ നടക്കുമോ എന്നതായിരിക്കും...! അതിനുള്ള ഉത്തരത്തിനായി ബെന്യാമിന്റെ ആടുജീവിതത്തിലെ വരികൾ കടമെടുക്കുന്നു. "നമ്മളറിയാത്ത ജീവിതാനുഭവങ്ങളെല്ലാം നമുക്ക് വെറും കെട്ടു കഥകൾ മാത്രമാണു"
*സിനിമ തുടങ്ങുന്നതിനു മുൻപ് തിയറ്ററിൽ ഫാൻസ് അസോസിയേഷൻ അംഗങ്ങളുടെ അനൂപ് മേനോൻ കീ ജയ് വിളികൾ മുഴുങ്ങുന്നുണ്ടായിരുന്നു..!
**ഫാൻസ് അസോസിയേഷനുകൾ മലയാള സിനിമയ്ക്ക് ഭാരം - അനൂപ് മേനോൻ..!!
**അത് സൂപ്പർ താരങ്ങളുടെ കാര്യത്തിൽ, ഇങ്ങേരുടെ സ്ഥാനം അതിനേക്കാളൊക്കെ വളരെ വളരെ മുകളില്ലല്ലേ...!!!
Monday, February 13, 2012
സിനിമയുടെ പേരിൽ തന്നെ തുടങ്ങുന്ന കൗതുകം മാത്രമല്ല ഈ ചിത്രത്തെ റിലീസിനു മുൻപ് ശ്രദ്ധേയമാക്കിയിരുന്നത്. മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ മകന്റെ അരങ്ങേറ്റ ചിത്രം എന്ന വലിയ വിശേഷണം കൂടിയുണ്ടായിരുന്നു സെക്കന്റ് ഷോയ്ക്ക് കൂട്ടിനു. എന്നാൽ ഈ മുൻ വിധി ഒരു ഭാരമാകാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും ഇതിന്റെ അണിയറപ്രവർത്തകർ എടുത്തിരുന്നു.
ഒരു വൻ ബിഗ്ബഡ്ജറ്റ് സിനിമയിൽ ഒരു വലിയ സംവിധായകന്റെ കീഴിൽ ആദ്യ ചിത്രം ചെയ്യാനുള്ള ആളും അർത്ഥവും ആവോളമുണ്ടായിട്ടും അങ്ങനെ സംഭവിക്കാതിരുന്നത് മമ്മൂട്ടിയുടെ മകൻ എന്ന പേരിൽ അറിയപ്പെടാതെ ദുൽക്കർ സല്മാൻ എന്ന നടനായി അറിയപ്പെടണം എന്ന ഒരു വാപ്പയുടെ തിരുമാനമായിരിക്കണം. പുതുമുഖങ്ങളായ നടീനടന്മാരും പുതുമുഖങ്ങളായ അണിയറപ്രവർത്തകരും ഒന്നിക്കുന്ന ഒരു ലോബഡ്ജറ്റ് ചിത്രം. മമ്മൂട്ടി എന്ന പേരിന്റെ വ്യാപ്തിയുടെ നൂറിലൊരംശം പോലുമുൾക്കൊള്ളാൻ ഈ ചിത്രത്തിനു ശേഷിയില്ലാത്തത് കൊണ്ട് മമ്മൂട്ടിയുടെ മകൻ നായകനാകുന്നു എന്ന അലങ്കാരമഴിച്ചു വെച്ച് ഒരു പുതുമുഖ നായക നടന്റെ സിനിമ എന്ന നിലയിൽ നമുക്ക് ഈ ചിത്രത്തെ വീക്ഷിക്കാം .
ജയിൽ മോചിതനായി പുറത്ത് വരുന്ന ലാലു (ദുൽക്കർ) തന്റെ ഫ്ലാഷ്ബാക്ക് വഴിയിൽ വെച്ച് പരിചയപ്പെട്ട ഒരു പയ്യനോട് പറയുന്നിടത്താണു സെക്കന്റ് ഷോ തുടങ്ങുന്നത്. മലയാള സിനിമ എന്നു മുതൽ ക്വട്ടേഷൻ കഥകൾ പറഞ്ഞ് തുടങ്ങിയോ അന്നു മുതൽക്കേയുള്ള അതേ കഥ തന്നെയാണു സെക്കന്റ് ഷോയിലും. സാധാരണ പുത്തൻ ആയുധങ്ങളും തന്ത്രങ്ങളുമായുള്ള ക്വട്ടേഷൻ കഥകളാണു വരുന്നതെങ്കിൽ ഈ ചിത്രത്തിൽ 5 വർഷങ്ങൾക്ക് മുൻപു നടന്ന സംഭവങ്ങളാണു വിവരിക്കുന്നത്. അതു കൊണ്ട് തന്നെ പജീറോയും ഹമ്മറുമൊന്നും ഈ ചിത്രത്തിൽ കാണില്ല. പഴയകാലത്തെ ഗുണ്ടാ രീതികൾ ഒരു പിഴവും കൂടാതെ ചിത്രത്തിലുണ്ട്. അതു കൊണ്ട് തന്നെ ഒരല്പം പഴഞ്ചൻ സ്റ്റൈയിൽ അല്ലേ എന്ന് തോന്നിപോകുന്നത് സ്വാഭാവികം.
നായകനിൽ നിന്ന് ഒരു അത്യുജ്ജ്വല പ്രകടനമൊന്നും ആരും പ്രതീക്ഷിക്കണ്ട. ഇതാ നാളത്തെ സൂപ്പർ സ്റ്റാർ ജനിച്ചിരിക്കുന്നു എന്നൊക്കെയുള്ള കൊട്ടിഘോഷങ്ങൾ കേട്ട് ദുൽക്കറിന്റെ അഭിനയം കാണ്ടാൽ സംഗതി ബോറാണു. അല്ലെങ്കിലും സൂപ്പർ സ്റ്റാറുകളുടെയെല്ലാം ആദ്യ സിനിമകളിലെ അഭിനയം അത്ര പോരായിരുന്നു എന്ന് പറഞ്ഞ് ദുൽക്കർ ഫാൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റിനു ആശ്വസിക്കാം.
വികാര പ്രകടനങ്ങളൊന്നും ആവശ്യമില്ലാത്ത വേഷമായത് കൊണ്ട് അധികം ബുദ്ധിമുട്ടില്ലാതെ ദുൽക്കർ തന്റെ ഭാഗം വൃത്തിയായി ചെയ്തിട്ടുണ്ട്. സാൾട്ട് & പെപ്പറിന്റെ ഹാംഗ് ഓവർ പ്രകടമാക്കാതെ തന്നെ കോമഡി അവതരിപ്പിക്കാൻ ബാബു രാജിനു സാധിക്കുന്നുണ്ട്. പക്ഷെ എത്രകാലം ഇത് ഇങ്ങനെ തുടരും എന്നതാണു ചോദ്യം. നായകൻ ലാലുവാണെങ്കിലും നായകനേക്കാൾ കയ്യടി നേടിയ കഥാപാത്രം നെൽസൺ മണ്ടേല പി.പി അഥവ കുരുടി എന്നറിയപ്പെടുന്ന നടനാണു. ഒരു സ്ലാഗിന്റെയും സഹായമില്ലാതെ ഒരു അംഗവിക്ഷേപങ്ങളും കൂടാതെ കൂളായി ആളുകളെ ചിരിപ്പിക്കാം കഴിയും എന്ന് ഈ നടൻ നമുക്ക് കാണിച്ചു തരുന്നു. ഒതുക്കപ്പെട്ടില്ലെങ്കിൽ മലയാള സിനിമയുടെ കോമഡി താരങ്ങളുടെ മുൻ നിരയിൽ ഈ നടൻ സ്ഥാനം പിടിക്കും തീർച്ച..!.
വില്ലൻ കഥാപാത്രമായ വിഷ്ണൂ ബുദ്ധൻ ലാലുവിന്റെ അമ്മയായി വേഷമിട്ട രോഹിണി അമ്മാവൻ കുഞ്ചൻ എന്നിവരും തങ്ങളുടെ വേഷങ്ങൾ നന്നാക്കി. ലാലു ചെറുപ്പമാണല്ലോ.. അതു പോലെ സുന്ദരനും അതു കൊണ്ട് തന്നെ ലാലുവിനു പ്രേമിക്കാൻ ഒരു നായികയെ വേണം അതും ഈ ചിത്രത്തിലുണ്ട്. അന്നും മിന്നും എന്നും പെണ്ണിനു പണം തന്നെ കാമുകൻ എന്ന ഡയലോഗ് നായകനെ കൊണ്ട് പറയിപ്പിക്കുന്നതിലൂടെയാണു ചിത്രത്തിൽ നായിക പ്രാധാന്യം എന്ത് കൊണ്ട് കുറഞ്ഞ് പോയി എന്നതിന്റെ ന്യായീകരണം സംവിധായകൻ നൽകുന്നത്.
വലിയ ആരവങ്ങളും ആഘോഷങ്ങളുമൊക്കെയായി ഇറങ്ങിയിട്ടുള്ള മലർവാടി ആർട്സ് ക്ലബ് പോലുള്ള ശരാശരി നിലവാരമുള്ള ചിത്രങ്ങൾ വിജയങ്ങളാക്കിയിട്ടുള്ള മലയാളികൾക്ക് മുന്നിലേക്ക് പരസ്യ പ്രചരണങ്ങളുടെ കോലാഹലങ്ങളില്ലാതെ വമ്പൻ അവകാശവാദങ്ങളില്ലാതെ കടന്നു വന്ന ഈ കൊച്ചു ചിത്രത്തെ 2012 ലെ ആദ്യ ഹിറ്റ് ചിത്രമാക്കി പ്രേക്ഷകർ ഇതിനോടകം മാറ്റി കഴിഞ്ഞു. അതു കൊണ്ട് തന്നെ സംഭവിച്ച പാളിച്ചകൾക്ക് നേരെയെല്ലാം നമുക്ക് സൗകര്യപൂർവ്വം കണ്ണടയ്ക്കാം. എല്ലാ പിഴവുകളും തിരുത്തി മികച്ച ഒരു ചിത്രവുമായി ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് അടുത്ത വട്ടം വരാൻ സാധിക്കട്ടെ എന്നും അത് ഒരു വൻഹിറ്റായി മാറട്ടെ എന്നും നമുക്ക് ആശംസിക്കാം.
അങ്ങനെ സെക്കന്റ് ഷോ അവസാനിക്കുമ്പോൾ ഒരു ചോദ്യം ബാക്കിയാവുന്നു.. മമ്മൂട്ടിയുടെ മകൻ നായകൻ എന്ന ഒരു ലേബൽ ഇല്ലായിരുന്നെങ്കിൽ ഈ ചിത്രം ഇങ്ങനെയെങ്കിലും ബോക്സോഫീസിൽ സ്വീകരിക്കപ്പെടുമായിരുന്നോ..???
ഉത്തരം: തീർച്ചയായും ഇല്ല..!!
Saturday, February 4, 2012
വർഷങ്ങൾക്ക് മുൻപ് 1996ല് ഒരു മോഹൻലാൽ സിനിമ റിലീസ് ചെയ്തു. മോഹൻലാൽ സിനിമകൾഒരുപാട് ആ വർഷം റിലീസ് ചെയ്തിട്ടുണ്ടെങ്കിലും ഈ സിനിമക്ക് ഒരു പ്രത്യേകത ഉണ്ടായിരുന്നു. ബാഷ എന്ന സൂപ്പർ മെഗാഹിറ്റ് ചിത്രത്തിനു ശേഷം സാക്ഷാൽ സുരേഷ്കൃഷ്ണ സംവിധാനം ചെയ്യുന്നചിത്രം. രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ബാഷ മാജിക്ക്മലയാളത്തിലും ആവർത്തിക്കപ്പെടുമെന്നും ഈ ചിത്രത്തിനു ശേഷം സമാനതകളില്ലാത്തതാരപദവിയിലേക്ക് രജനികാന്തിനെ പോലെ മോഹൻലാലും ഉയർത്തപ്പെടുമെന്നുമൊക്കെ ആരാധകവൃന്ദം സ്വപ്നം കണ്ടു. ആരാധകരുടെ ആവേശത്തിനു എരിവു പകരുന്ന തരത്തിൽ തന്നെയായിരുന്നുചിത്രത്തിന്റെ പേരും. ദി പ്രിൻസ്. എന്നാൽ എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കി കൊണ്ട് പ്രിൻസ്ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞു.
ഇങ്ങനെ പ്രതീക്ഷിച്ചു പ്രതീക്ഷിച്ചു റിലീസ് ചെയ്യുന്ന സിനിമകൾപൊളിയുന്നത് സൂപ്പർ സ്റ്റാറുകളുടെ കാര്യത്തിൽ ഒരു പുതുമ അല്ലാത്തത് കൊണ്ട് ഈ ചിത്രവും അങ്ങനെ മറവിയുടെ കാണാക്കയങ്ങളിലേയ്ക്ക് എറിയപ്പെട്ടു. മലയാള സിനിമക്ക് ഒരുപാട് നല്ല സിനിമകൾസമ്മാനിച്ചിട്ടുള്ള കാസിനോ പിക്ച്ചേഴ്സിന്റെ അന്ത്യ കുന്താശയ്ക്ക് ആരംഭം കുറിച്ചത് ഈ സിനിമയായിരുന്നു..
വർഷങ്ങൾക്ക് ശേഷം ചരിത്രം വീണ്ടും ആവർത്തിക്കുകയാണു. അന്ന് സുരേഷ്കൃഷ്ണ ആയിരുന്നെങ്കിൽ ഇന്ന് അത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സംവിധായകനായ ശങ്കർ.. അന്ന് ബാഷയ്ക്ക് ശേഷമായിരുന്നു പ്രിൻസ് എങ്കിൽ ഇന്ന് നൻപനു ശേഷം..! ഉലകനായകന്റെ തിരകഥയിൽ ആസ്കാർ രവിചന്ദ്രൻ നിർമ്മിക്കുന്ന ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രം. ഹിന്ദി, തമിഴ് , തെലുങ്ക് , മലയാളം എന്നീ ഭാഷകളിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ മലയാള പതിപ്പിലെ നായകൻ നമ്മുടെ സ്വന്തം യൂണിവേഴ്സൽ സ്റ്റാർ മോഹൻലാൽ..
ബിഗ് ബഡ്ജറ്റ് ചിത്രങ്ങളിൽ അഭിനയിച്ച് അഭിനയിച്ച് നല്ല ശീലമുള്ളത് കൊണ്ട് ലാലേട്ടൻ ഇതെല്ലാം പുഷ്പം പോലെ കൈകാര്യം ചെയ്യും. തീർന്നില്ല വിശേഷം ജാക്കിച്ചാനും ഈ സ്വപ്നസിനിമയിൽ അഭിനയിക്കുന്നുണ്ട്. എല്ലാം കൊണ്ടും കാര്യങ്ങൾ അടിപൊളി. സംഗീത സംവിധാനം എ ആർ റഹ്മാൻ പിന്നെ റസൂൽ പൂക്കുട്ടിയും.. അതും കൂടാതെ നാലുഭാഷകളിലെയും ഒട്ടു മിക്ക താരങ്ങളും ഇതിൽ അണിനിരക്കുന്നു. ഈ ചിത്രം ഒരു മികച്ച സിനിമയായി മാറിയാൽ ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ഇടം പിടിച്ച ഒരു ഉദ്യമത്തിൽ പങ്കാളിയാവാൻ നമ്മുടെ ലാലേട്ടനു കഴിഞ്ഞു എന്നോർത്ത് നമ്മൾ മലയാളികൾക്കെല്ലാം കോരിത്തരിക്കാം..ഇനി അഥവ ഇതു പൊളിഞ്ഞാല്ലോ... അപ്പോൾ പിന്നെ ആസ്ക്കാർ രവിചന്ദ്രൻ നല്ല ആസ്തിയുള്ള മനുഷ്യനാണു അതു കൊണ്ട് ഇതു പോലത്തെ ഒരു നാല്ലെണ്ണം പൊളിഞ്ഞാലും ഒരു ചുക്കും സംഭവിക്കില്ല,നിർമ്മാതാവിനില്ലാത്ത ടെൻഷൻ കരക്കാർക്ക് വേണ്ട എന്നൊക്കെ പറഞ്ഞ് ആശ്വസിക്കാം..!!
*സംഗതി ശരിയാണല്ലോ.. നിർമ്മാതാവിനില്ലാത്ത ടെൻഷൻ എന്തിനു കരക്കാർക്ക്...!!!!!!!!
Friday, January 27, 2012
അല്ലെങ്കിലും മലയാളികൾ ഇങ്ങനെയാ.. ഒരു ചെറിയ കാര്യം ചെയ്താൽ മതി പിന്നെ വല്ലാണ്ടങ്ങ് പ്രതീക്ഷിച്ച് കളയും. എന്നിട്ട് ആ പ്രതീക്ഷയ്ക്കൊത്ത് കാര്യങ്ങൾ നടന്നില്ലെങ്കിലോ പിന്നെ ലോകത്തെങ്ങും കേൾക്കാത്ത മുട്ടൻ തെറിയും വിളിച്ചു പറയും സംസ്കാര സമ്പന്നത കൊണ്ട് നിറഞ്ഞ മലയാളി സമൂഹം. അല്ലെങ്കിൽ പിന്നെ ഉദയനാണു താരം എന്ന ആദ്യ ചിത്രത്തിനു ശേഷം നിലവാരമുള്ള ഒരു സിനിമ പോലും സംവിധാനം ചെയ്തിട്ടില്ലാത്ത ഒരു സംവിധായകനും, ട്രാഫിക്ക് എന്ന ഒരൊറ്റ ചിത്രത്തിൽ മാത്രം തങ്ങളുടെ രചന വൈഭവം നല്ല രീതിയിൽ പ്രകടിപ്പിച്ചിട്ടുള്ള തിരകഥാകൃത്തുക്കളും ഒരുമിക്കുന്ന ഒരു സിനിമ ലോക നിലവാരത്തിലുള്ളതായിരിക്കും എന്ന് ചുമ്മാതെ അങ്ങ് പ്രതീക്ഷിച്ച് പോയിട്ട് പടം ഒരു സാദാ തെലുങ്ക് സിനിമയോട് പോലും കിടപിടിക്കില്ല എന്ന് വരുമ്പോൾ ആരാണു കുറ്റക്കാർ..? തീർച്ചയായും അത് പ്രേക്ഷകരായ നമ്മൾ തന്നെയാണു. കാരണം നമ്മളോട് വെറുതെ പ്രതീക്ഷിക്കാൻ ആരാ പറഞ്ഞത്..??
കാസനോവ.. മലയാള സിനിമയിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രം. ഏകദേശം 33 കോടി രൂപയാണു 4 വർഷം ചിത്രീകരണം നടത്തി പൂർത്തിയാക്കിയ ഈ ചിത്രത്തിന്റെ ബഡ്ജറ്റ്. സംശയമുള്ളവർ റോഷൻ സാറിനോട് ചോദിച്ചാൽ മതി. മെഴുകുതിരി വാങ്ങിച്ചതിന്റെയും മൊട്ടുസൂചി വാങ്ങിച്ചതിന്റെയുമൊക്കെ കണക്ക് കിറുകൃത്യം അങ്ങേരുടെ കയ്യിലുണ്ട്. മോഹൻലാലിനിപ്പോ നാട്ടിലെ ലൊക്കേഷനുകളൊക്കെ മടുത്തു എന്ന് തോന്നുന്നു. ഇപ്പോൾ എല്ലാം മലേഷ്യ ദുബായ്, വിയന്ന തുടങ്ങി ഇന്റർനാഷ്ണൽ സെറ്റപ്പുകളോടാണു താല്പര്യം.പണം മുടക്കാൻ മന്ദബുദ്ധികളായ പ്രൊഡ്യൂസർമാർ ഉണ്ടെങ്കിൽ കുട്ടനാട്ടിൽ വെച്ച് ഷൂട്ട് ചെയ്യേണ്ട സീൻ അങ്ങ് കാലിഫോർണിയയിൽ വരെ വെച്ച് എടുക്കാം അല്ല പിന്നെ..!
കാസനോവ വെറും കാസനോവ അല്ല കോൺഫിഡന്റ് കാസനോവ ആണു. പടം കണ്ട് കഴിഞ്ഞാൽ റോയിച്ചൻ മുടക്കിയ കാശ് തിരിച്ചു കിട്ടില്ല എന്ന കോൺഫിഡന്റ് പ്രേക്ഷകർക്കുണ്ടാകും അത്രയ്ക്ക് മനോഹരമാണു ഈ ചിത്രം. കിടിലൻ ഫൈറ്റ് സീനുകളും കാണികളെ ത്രസിപ്പിക്കുന്ന ഫ്രീ റണ്ണിംഗ് സ്വീക്വൻസുകളും, നയനമനോഹരങ്ങളായ ലൊക്കേഷനുകളും അങ്ങനെ നീളുന്നു റിലീസിനു മുൻപ് ഈ ചിത്രത്തെ കുറിച്ച് റോഷൻ സാർ പറഞ്ഞതും പിന്നെ പൊടിപ്പും തൊങ്ങലും വെച്ച് ആരാധകർ പ്രചരിപ്പിച്ചതുമായ കാസനോവയുടെ വീരവാദങ്ങൾ.. ആകാശത്തോളം വാഴ്ത്തി ഇറങ്ങിയ ഈ ചിത്രം കണ്ട് കഴിഞ്ഞ് ഇത് നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എന്നു തോന്നുന്നുവെങ്കിൽ നിങ്ങൾ ഒരു മഹാനായ വ്യക്തിയാണു എന്നർത്ഥം.
ചിത്രം അറുബോറാണു എന്ന മുൻ ധാരണയോട് കൂടി കണ്ടാൽ പോലും കാസനോവയെ ഇഷ്ടപ്പെടാൻ കഴിയുക പ്രയാസം. വൻ ബഡ്ജറ്റ് മാറ്റി വെച്ചാൽ കൂടി ഇതു പോലെ ഒരു കച്ചവട സിനിമയ്ക്ക് വേണ്ട മിനിമം എന്റർടെയ്ന് വാല്യു പോലും ഈ ചിത്രത്തിലില്ല. കാസനോവ എന്ന അന്താരാഷ്ട്ര പൂക്കച്ചവടക്കാരന്റെ പ്രതികാരത്തിന്റെ കഥ. അതാണു ബോബി - സഞ്ജയ് എന്ന മലയാള സിനിമയുടെ ഭാവി വാഗ്ദാനങ്ങൾ എഴുതി വെച്ചിരിക്കുന്നത്. ഈ തിരകഥ തന്നാൽ കഴിയുന്ന വിധത്തിൽ കുളമാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്തു വെച്ചിട്ടുമുണ്ട്.
ഇതേ കൂട്ടു കെട്ടാണു പണ്ട് നോട്ട് ബുക്ക് എന്ന ഒരൊറ്റ ചിത്രത്തിലൂടെ ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് എന്ന വമ്പൻ ബാനറിനെ ഒരു അരുകാക്കിയത്. കാസനോവയുടെ കാര്യത്തിൽ അങ്ങനെ സംഭവിക്കില്ല എന്ന് കരുതാം. കാരണം സിനിമ ഓടി കിട്ടുന്ന കാശു കൊണ്ടല്ല കോൺഫിഡന്റ് ഗ്രൂപ്പുകാർ ഫ്ലാറ്റ് പണിയാൻ മണലു വാങ്ങുന്നത്. റോയിച്ചൻ ഇതൊക്കെ എത്ര കണ്ടതാ..! മോഹൻലാൽ കാസനോവയായി തകർത്ത് അഭിനയിച്ചിരിക്കുന്നു. അതു കൊണ്ട് തന്നെ പടം കഴിയുമ്പോൾ ലാലിന്റെ കാസനോവയല്ലാതെ മറ്റൊരു കഥാപാത്രവും മനസ്സിൽ തങ്ങി നിൽക്കില്ല എന്തിനു കഥ പോലും നിൽക്കില്ല..
സിനിമ എന്ന പേരിൽ ഇറങ്ങുന്ന ഇത്തരം കെട്ടുകാഴ്ച്ചകൾക്ക് എന്ത് സ്ഥാനമാണോ കൊടുക്കേണ്ടത് അത് അർഹിക്കുന്ന രീതിയിൽ തന്നെ ഈ ചിത്രത്തിനും മലയാള സിനിമ പ്രേക്ഷകർ നൽകും എന്ന് പ്രതീക്ഷിക്കാം. കാരണം കാശ് വാരാൻ സാധ്യതയുള്ള പടങ്ങൾ സ്വയം നിർമ്മിച്ചും അല്ലാത്തവ ഏതെങ്കിലും പാവം പ്രൊഡ്യൂസർമാരുടെ തലയിൽ കെട്ടി വെച്ചും സിനിമ പിടിക്കാൻ ആന്റണി പെരുമ്പാവൂർ ഉള്ളടത്തോളം കാലം മോഹൻലാൽ എന്ന യൂണിവേഴ്സൽ താരം ഇതിനേക്കാൾ ചവറു സിനിമകളിൽ അഭിനയിച്ചെന്നിരിക്കും. അത് അദ്ദേഹത്തിന്റെ കാര്യം.
പക്ഷെ റോഷൻ ആഡ്രൂസുമാരും സഞ്ജയ് ബോബിമാരും ഇത്തരം കോപ്രായങ്ങൾക്ക് കുടപിടിക്കാൻ തുടങ്ങിയാൽ നഷ്ടം മലയാള സിനിമയ്ക്ക് മാത്രമായിരിക്കും. കാരണം ഇവരിൽ നിന്നുമൊക്കെ ഉദയനാണു താരവും ട്രാഫിക്കും പോലുള്ള നല്ല സിനിമകൾ ജനിക്കാനാണു ജനം കാത്തിരിക്കുന്നത്. മലയാള സിനിമയിലെ ഏറ്റവും വലിയ ഫ്ലോപ്പ് സിനിമ എന്ന പേരിൽ അറിയപ്പെടാനായിരിക്കും കാസനോവയുടെ യോഗം. ഇതേ കാസനോവയാണു മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് ചിത്രം എന്നത് മലയാള സിനിമയുടെയും യോഗം..!!!
Monday, January 16, 2012
ഉദയനാണു താരം എന്ന മനോഹര ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന പേരിൽ വന്ന പത്മശ്രീ ഭരത് സരോജ് കുമാർ എന്ന ചിത്രം മലയാള സിനിമയിലെ ജീർണതകളിലേക്കും താരാധിപത്യത്തിലേക്കുമൊക്കെ വിരൽ ചൂണ്ടുന്നതാണു എന്ന് ആരൊക്കൊയെ പറയുന്നുണ്ടെങ്കിലും ചിത്രം വിരൽ ചൂണ്ടുന്നത് ശ്രീനിവാസൻ എന്ന തിരകഥാകൃത്തിന്റെ ദയനീയമായ അവസ്ഥയിലേക്കാണു. ഉദയനാണു താരത്തിൽ സൂപ്പർ സ്റ്റാർ ആയിരുന്ന സരോജ് കുമാർ ഇന്ന് മെഗാസ്റ്റാർ ആണു. പത്മശ്രീയും നാഷ്ണൽ അവാർഡും നേടിയെടുത്ത സരോജിന്റെ അടുത്ത ലക്ഷ്യം കേണൽ പദവിയാണു. ഇത്രയുമാകുമ്പോഴെ മനസ്സിലാക്കാമല്ലോ ഇത് ആരെയാണു ഉദ്ദേശിച്ചിരിക്കുന്നത് എന്ന്.
സരോജ് കുമാറിന്റെ കൂടെ മലയാളത്തിൽ തിളങ്ങി നിൽക്കുന്ന താരങ്ങൾ വട്ടാപിള്ള ജയകുമാറും താനൂർ അബ്ദുള്ളയുമാണു. പിന്നെ റെയിഡ്, ആനകൊമ്പ് സിനിമ സംഘടനകളുടെ ഇടപെടലുകൾ മിലിട്ടിറി ക്യാമ്പിലെ ട്രെയിനിംഗ് അതു കഴിഞ്ഞൊരു അപ്രതീക്ഷിത ട്വിസ്റ്റ് ഇതെല്ലാം കഴിഞ്ഞാൽ നിർത്തുമോ അതുമില്ല അവസാനം ശ്രീനിവാസന്റെ വക ഒരു പ്രഭാഷണവും 2.30 മണിക്കൂർ ഇഴഞ്ഞു വലിഞ്ഞു നീങ്ങുന്ന സിനിമ. ഇതു എഴുതിയതും ശ്രീനിവാസൻ തന്നെയാണു എന്നോർക്കുമ്പോഴാണു അതിലേറെ വിഷമം.
ശ്രീനിവാസനെ തിരകഥയെഴുതാൻ ആരും പഠിപ്പിക്കേണ്ട കാര്യമില്ല. മലയാള സിനിമയിലെ ഏറ്റവും മികച്ച തിരകഥാകൃത്തുക്കളിൽ ഒരാളാണു അദ്ദേഹം. പക്ഷെ ശ്രീനിവാസൻ തിരകഥയെഴുതിയത് കൊണ്ട് മാത്രം ഒരു സിനിമ ഹിറ്റ് ആവുകയില്ല എന്ന പാഠം ഇനിയെങ്കില്ലും ആ അദ്ദേഹം മനസ്സിലാക്കിയാൽ കൊള്ളാം. അങ്ങനെയായിരുന്നെങ്കിൽ ഭാർഗവ ചരിതവും ഒരുനാൾ വരുമൊക്കെ 100 ദിവസങ്ങൾ തിയറ്ററുകളിൽ പിന്നിടുമായിരുന്നു. ജഗതിയുടെ പച്ചാളം ഭാസിയും സലീം കുമാറിന്റെ റഫീഖും മുകേഷിന്റെ ബേബി കുട്ടനുമെല്ലാം ഇതിലുമുണ്ട്. ഫഹദ് ഫാസിലിന്റെ അലക്സ് എന്ന കഥാപാത്രം ഈ നടന്റെ അഭിനയ ശേഷി വിളിച്ചോതുന്നു. ശ്യാം എന്ന പുതുമുഖ നടനായി വിനീത് ശ്രീനിവാസനും ചിത്രത്തിലുണ്ട്. സരോജിന്റെ ഭാര്യയായി മമത വേഷമിടുന്നു.
മോഹൻലാലിനെ ആക്ഷേപഹാസ്യത്തിലൂടെ ഇത്രമാത്രം കളിയാക്കാൻ തക്ക വിരോധം ശ്രീനിവാസനു ഉണ്ടെന്ന് തോന്നുന്നില്ല അദ്ദേഹം ഒരു ബ്ലാക്ക് ഹ്യൂമറായിരിക്കും ഉദ്ദേശിച്ചിരിക്കുക അത് പക്ഷെ അദ്ദേഹത്തിന്റെ കളറു പോലെ ബ്ലാക്ക് ആയില്ല. പകരം ബാഡ് ഹ്യൂമർ ആയി പോയി..!! വേണ്ടെന്നു വെച്ച 500 സിനിമകളാണു ഞാൻ മലയാള സിനിമക്ക് ചെയ്ത സംഭാവന എന്ന് പറഞ്ഞ ശ്രീനിവാസനോടുള്ള ബഹുമാനവും വിശ്വാസവുമാണു ഈ ചിത്രം കളിക്കുന്ന തിയറ്ററിലെ ആൾക്കൂട്ടമായി മാറുന്നത്. പക്ഷെ ഇതു പോലെയുള്ള ചിത്രങ്ങൾ എടുത്ത് അത് കളഞ്ഞ് കുളിക്കരുതേ എന്ന ഒരപേക്ഷ മാത്രമേ ഉള്ളു. എല്ലാവർക്കും മറ്റൊരു റോഷൻ ആൻഡ്രൂസോ മോഹനോ ആകാൻ കഴിയില്ലല്ലോ..!!!