RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

എന്ത് കൊണ്ട് പൃഥ്വിരാജ്..??


ഒരു ചെറിയ ഗോസിപ്പ്
ഇന്ന് ഇന്റെർനെറ്റിലെ ചൂടൻ വിഷയങ്ങളിലൊന്നാണു പൃഥ്വിരാജിനെ കളിയാക്കി കൊണ്ട് ഇറങ്ങുന്ന വീഡോയകളും ചിത്രങ്ങളും. ടി‍ന്റു മോൻ തമാശകളെക്കാളും ഏലിയൻ സ്റ്റാർ സന്തോഷ് പണ്ഡിറ്റിന്റെ സിനിമ പാട്ടുകളേക്കാളും വേഗത്തിൽ ഇത് തരംഗമായി കൊണ്ടിരിക്കുകയാണു. ഒരു പക്ഷെ മലയാളത്തിലെ മറ്റ് ഒരു താരത്തിനും ഇത്രയധികം ആക്രമണങ്ങൾ നെറ്റിൽ നിന്ന് ലഭിച്ചിട്ടുണ്ടാവില്ല. പൃഥ്വിയെ ഇഷ്ടപ്പെടുന്നവരേക്കാൾ കൂടുതൽ വെറുക്കുന്നവരാണു ഉള്ളത് എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ളതാണു ഈ വീഡിയോസിനും മറ്റും വരുന്ന കമ‍ന്റുകൾ.

സംഗതി ഇങ്ങനെയൊക്കെ ആയിരിക്കെ ഒരു ചോദ്യം ഉയർന്നു വരുന്നു. എന്ത് കൊണ്ട് പൃഥ്വിരാജ് മാത്രം ഇത്തരത്തിലുള്ള സൈബർ തമാശകൾക്ക് തുടർച്ചയായി വിധേയനാക്കപ്പെടുന്നു. ഉത്തരം വളരെ സിമ്പിൾ ആണു. പൃഥ്വിരാജിന്റെ അഭിമുഖങ്ങളാണു പ്രശ്നമെങ്കിൽ ഇപ്പോഴുള്ളതിനേക്കാൾ വിവാദമായ തരത്തിലുള്ള അഭിമുഖങ്ങൾ പൃഥ്വി മുൻപ് നടത്തിയുട്ടുണ്ട്. അന്നൊന്നും സംഭവിക്കാതെ ഇരുന്ന ഇത്തരം കാര്യങ്ങൾ ഇപ്പോൾ നടക്കുന്നതിന്റെ പിന്നിലെ ചേതോവികാരം എന്താണെന്ന് അന്വേക്ഷിച്ചാൽ ഉത്തരം നീളുന്നത് മറ്റൊരു നടന്റെ പേരിൽ അടുത്തിടെ തുടങ്ങിയ ഒരു ഓൺലൈൻ വെബ്സൈറ്റിന്റെ അണിയറപ്രവർത്തകർക്ക് നേരെയാകും എന്നാണു ചിലരുടെ അടക്കം പറച്ചിലുകൾ.

ഈ ആരോപണം ശരിയാണെങ്കിലും തെറ്റാണെങ്കിലും പൃഥ്വിരാജ് വിരോധികൾക്ക് ഈയിടയായി പൃഥ്വിയോടുള്ള വിദ്വേഷം വല്ലാതെ കൂടിയിട്ടുണ്ട് എന്നത് ഒരു വസ്തുതയാണു.പൃഥ്വിരാജ് അഭിനയം തുടങ്ങിയ കാലം മുതൽക്കേ പൃഥ്വിയെ എതിരാളിയായി കണക്കാകിയിരുന്നവർക്ക് പക്ഷെ ഈ അടുത്ത കാലം വരെ പൃഥ്വി ഒരു പ്രശ്നമല്ലായിരുന്നു. എന്നാൽ അ‍‍ൻ‍വർ നേടിയ വൻ ഇനീഷ്യലും ഉറുമിയുടെ ഗംഭീര വിജയവും മാണിക്യക്കല്ലിനു കിട്ടിയ കുടുമ്പ പ്രേക്ഷകരുടെ പിന്തുണയുമെല്ലാം ഈക്കൂട്ടരെ വിറളിപിടിപ്പിച്ചിരിക്കുകയാണു. നല്ല സിനിമകളിൽ അഭിനയിച്ചാൽ പൃഥ്വിരാജിന്റെ പടവും വിജയിക്കും എന്ന തിരിച്ചറിവ് തിയറ്ററുകളിൽ ആളെ കയറ്റി കൂവിച്ചാൽ മാത്രം കാര്യം നടപ്പില്ല എന്ന് പുനർചിന്തിക്കാൻ ഇവരെ പ്രേരിപ്പിച്ചിരിക്കണം. അതു കൊണ്ട് തന്നെയാണു ഏതുവിധേനയും പൃഥ്വിരാജിന്റെ പ്രതിഛായ തകർക്കുക എന്ന ലക്ഷ്യത്തോടെ എത്ര തരം താണ രീതിയിലേക്കും പോകാൻ അവർ തയ്യാറാവുന്നത്.

ഫോട്ടോഷോപ്പിലും എഡിറ്റിംഗിലും പ്രാഗൽഭ്യമുള്ള നിരവധി പേരുള്ള ഇവർക്ക് ഇതൊക്കെ തികച്ചും നിസ്സാരമായി സൃഷ്ടിക്കാവുന്ന ഒന്നു മാത്രമാണു. എന്നാൽ ഇത്തരത്തിലുള്ള പ്രവർത്തികളെ മലയാള സിനിമ പ്രേക്ഷകർ അർഹിക്കുന്ന അവഞ്ജയോടെ തള്ളിക്കളയുമെന്നും ഇതുപോലുള്ള കോമാളിത്തരങ്ങൾ കൊണ്ട് നശിപ്പിക്കാൻ സാധിക്കുന്നതല്ല ഒരു നടന്റെ ഇമേജും കരിയറും എന്നത് ഇവർ മനസ്സിലാക്കാതെ പോയി. കഴിവു തെളിയിക്കാൻ വെമ്പൽ കൊണ്ട് നിൽക്കുന്ന ഒരുപാട് പേർ ഇനിയും ഉള്ളത് കൊണ്ട് ഇപ്പോഴുള്ളതിനേക്കാൾ എരിവും പുളിയുമുള്ള വീഡിയോസ് പൃഥ്വിയുടെ പേരിൽ പ്രതീക്ഷിക്കാം. അതിനു വരുന്ന ചൂടൻ കമൻ‍റ്റുകൾ വായിച്ച് സാംസ്ക്കാരിക കേരളം കോൾമയിരു കൊള്ളട്ടെ..!

ആദാമിന്റെ മകൻ അബു.


ആരുമാരുമറിയാതെ കടന്നു പോകുമായിരുന്ന ഒരു സിനിമ, ഒരു പക്ഷെ റിലീസ് ചെയ്യാൻ തിയറ്ററുകൾ പോലും കിട്ടാതെ പെട്ടിക്കുള്ളിൽ തന്നെ എക്കാലത്തും ഇരിക്കാൻ വിധിക്കപ്പെടുമായിരുന്ന ഒരു സിനിമ. ആരുടെയോ ഭാഗ്യം എന്നു പറയട്ടെ ഈ നല്ല ചിത്രം കാണാൻ മലയാള സിനിമ പ്രേക്ഷകർക്ക് ഭാഗ്യം ലഭിച്ചിരിക്കുന്നു. അതിനു 4 നാഷ്ണൽ അവാർഡുകളുടെ തിളക്കം വേണ്ടി വന്നു എന്നു പറയേണ്ടി വരുന്നതിൽ അല്പം ഖേദമുണ്ട് താനും. ദേശീയ അവാർഡുകളുടെ പിൻബലമില്ലായിരുന്നെങ്കിൽ സംസ്ഥാന അവാർഡ് കമ്മിറ്റിയിൽ സ്ക്രീനിങ്ങിനു പോലും ഈ ചിത്രം എത്തുമായിരുന്നില്ല എന്നത് വേറെ കാര്യം. വിരൽത്തുമ്പുകൾ പോലും അഭിനയിക്കുന്ന മഹാനടന്മാർ വാഴുന്ന മലയാള സിനിമയിൽ കേവലമൊരു ഹാസ്യ താരത്തിന്റെ സിനിമകളൊക്കെ ആരു ശ്രദ്ധിക്കാൻ..!

ആദാമിന്റെ മകനായ അബു ഒരു അത്തറു കച്ചവടക്കാരനാണു. വൃദ്ധനായ അദ്ദേഹം തന്റെ ഭാര്യയായ ആയിഷയോടൊത്താണു താമസം. ഹജ്ജിനു പോകണം എന്നതാണു ഇരുവരുടെയും അതിയായ ആഗ്രഹം. ഇവരുടെ ആഗ്രഹം നടക്കുമോ ഇല്ലയോ ഇതാണു ആദാമിന്റെ മകൻ അബുവിന്റെ കഥ. ഇത്രയും ലളിതമായ, ഒരു ചെറുകഥയിൽ പറഞ്ഞു തീർക്കാൻ കഴിയുന്ന പ്രമേയം ഒരു മണിക്കൂർ 53 മിനുട്ട് നീളുന്ന ഒരു മനോഹര ചിത്രമായി തീർത്തിരിക്കുകയാണു സംവിധായകൻ സലീം അഹമദ്.

അബു എന്ന വയോവൃദ്ധന്റെ വേഷം സലീം കുമാർ അവിസ്മരണീയമാക്കി. മമ്മൂട്ടിയുടെ പ്രാഞ്ചിയേട്ടനോട് മത്സരിച്ചാണു സലീം കുമാർ ദേശീയ സംസ്ഥാന അവാർഡുകൾ സ്വന്തമാക്കിയിരിക്കുന്നത്. മമ്മൂട്ടി എന്ന അതുല്യപ്രതിഭയെ സംബന്ധിച്ചിടത്തോളം പ്രാഞ്ചിയേട്ടനിലെ വേഷം ഒരു പൂ പറിക്കുന്ന ലാഘവത്തോടെ ചെയ്തു തീർത്ത ഒന്നാണു. എന്നാൽ സലീം കുമാറിന്റെ അഭിനയ ജീവിതത്തിൽ ഇത്രയും ശക്തമായ അഭിനയ സാധ്യത ഉള്ള വേഷങ്ങൾ വെറും ഒന്നോ രണ്ടോ മാത്രമാണു ഇതിനു മുൻപ് ലഭിച്ചിട്ടുള്ളത്. അതു കൊണ്ട് തന്നെ തന്റെ പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് ഇത്രയ്ക്കും ഗംഭീരമായി അബുവിനെ അവതരിപ്പിച്ച സലീം കുമാറിനു തീർത്തും അർഹതപ്പെട്ടതു തന്നെയാണു അവാർഡുകളുടെ ബഹുമതി.

സറീന വഹാബിനു തിരിച്ചു വരവിൽ ലഭിച്ച ഏറ്റവും ശക്തമായ വേഷം എന്നു വേണമെങ്കിൽ ഇതിലെ കഥാപാത്രത്തിനെ വിശേഷിപ്പിക്കാം. ഖസാക്കിലെ ഇതിഹാസം എന്ന നോവലിന്റെ വളരെ ചെറിയ ഒരു സ്വാധീനം ചില കഥാപാത്രസൃഷ്ടികളിൽ ഉൾക്കൊണ്ടിരിക്കുന്നതു പോലെ നമ്മുക്ക് അനുഭവപ്പെടും. സുരാജ് എന്ന നടനെ എങ്ങനെ അവാർഡു പടങ്ങളിൽ ഫലപ്രദമായി ഉപയോഗിക്കാം എന്ന് സംവിധായകൻ ഈ സിനിമയിലൂടെ കാണിച്ചു തരുന്നു. ടിവി ചന്ദ്രൻ ഈ സിനിമ കണ്ടാൽ നല്ലത്. ചെറിയ വേഷങ്ങളെ ഉള്ളുവെങ്കിലും നെടുമുടി വേണു അവതരിപ്പിക്കുന്ന മാഷ്, കലാഭവൻ മണിയുടെ ജോൺസൺ, മുകേഷിന്റെ അഷറഫ് എന്നീ കഥാപാത്രങ്ങളെല്ലാം അബുവിനോടൊപ്പം നമ്മുടെ മനസ്സിൽ തങ്ങി നിൽക്കും. മധു അബാട്ടിന്റെ മനോഹരമായ ഛായാഗ്രഹണം സിനിമയ്ക്ക് ഒരു വൻ മുതൽ കൂട്ട് തന്നെയാണു.

സാങ്കേതികമായും വളരെയധികം മികച്ചു നിൽക്കുന്ന ഈ ചിത്രത്തിനു ലഭിച്ച അവാർഡുകൾ എല്ലാം നീതികരിക്കത്തക്കവിധത്തിലുള്ളതാണു. ഇത്രയധികം ശ്രദ്ധ നേടിയ ചിത്രത്തിന്റെ സംവിധായകൻ ശ്രദ്ധിക്കപ്പെടാതെ പോകാതെയിരുന്നതിന്റെ കാരണം തിരകഥയിൽ പറയാൻ ഉദ്ദേശിച്ചിട്ടുള്ള പലകാര്യങ്ങളും വേണ്ട വിധത്തിൽ പ്രേക്ഷകനിലെത്തിക്കാൻ സംവിധായകൻ എന്ന നിലയിൽ തിരകഥാകൃത്ത് കൂടിയായ സലീം അഹമദിനു കഴിയാതെ പോയത് കൊണ്ടാവാം. അതെന്തായാലും മലയാള സിനിമയ്ക്ക് ഒരു മികച്ച സംവിധായകനെ തന്നെയാണു ഈ ചിത്രം സമ്മാനിച്ചിരിക്കുന്നത് എന്നതിൽ സംശയമില്ല.

അവാർഡ് സിനിമകൾ ചിലരുടെയെല്ലാം കുത്തകയാണു എന്ന സങ്കല്പം മാറ്റി മറിച്ച് കൊണ്ട് മലയാള സിനിമയ്ക്ക് പുത്തൻ ചരിത്രം കുറിക്കാൻ നാന്ദിയായ ഈ സിനിമയുടെ എല്ലാ അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ .ലോകപ്രശസ്ത മലയാള സിനിമ സംവിധായകരുടെ അവാർഡ് ചിത്രങ്ങൾ പത്തോ പതിനഞ്ചോ ആളുകളെ വെച്ചു കൊണ്ട് കൂടി വന്നാൽ ഒരു മൂന്ന് ദിവസം മാത്രം തിയറ്ററിൽ കളിക്കുന്ന നമ്മുടെ നാട്ടിൽ ഹൗസ്ഫുളിനടുത്ത് വരുന്ന തിയറ്റർ സ്റ്റാറ്റസോട് കൂടി ഒരു അവാർഡ് ചിത്രം കളിക്കുന്ന കാഴ്ച്ച സന്തോഷകരം തന്നെയാണു. സലീം അഹമദ് എന്ന ചെറിയ സംവിധായകനും സലീം കുമാർ എന്ന ചെറിയ നടനും ഇരിക്കട്ടെ അതിനു ഒരു വലിയ കയ്യടി.അത് കൊണ്ട് തന്നെ ഈ ചെറിയ ചിത്രത്തിൽ സംഭവിച്ചിട്ടുള്ള ചെറിയ പാളിച്ചകൾ നമ്മുക്ക് മറക്കാം.

രതിനിർവ്വേദം - ഒരു റീമേക്ക് ദുരന്തം.


അങ്ങ് ദൂരെ നക്ഷത്രങ്ങൾക്കുമപ്പുറത്തിരുന്ന് പത്മരാജനും ഭരതനും ഇപ്പോൾ വേദനിക്കുന്നുണ്ടാവും. തങ്ങൾ ഹൃദയം കൊണ്ട് ആവിഷ്കരിച്ചെടുത്ത ഒരു നല്ല സിനിമയുടെ വികലമായ ഒരനുകരണം ഒരുക്കിയത് കണ്ട്..! എന്തിനായിരുന്നു സുരേഷ് കുമാർ ഈ കടുംകൈ?. സൂപ്പർ സ്റ്റാറിന്റെ പടങ്ങളെടുത്ത് കിടപ്പാടം വരെ പണയപ്പെട്ട അവസ്ഥ വന്നുവെങ്കിൽ അതിനു ഇങ്ങനെയൊരു കടും കൈ കാണിക്കണമായിരുന്നോ?

1 കോടി രൂപയ്ക്ക് സിനിമ ഒരുക്കണം എന്നതാണു താങ്കളുടെ ആഗ്രഹമെങ്കിൽ അതിനു നല്ല കഥകൾക്കു വേണ്ടി കാത്തിരിക്കാനുള്ള മനസ്സ് കാണിക്കണമായിരുന്നു. അതല്ലാതെ മലയാളത്തിലെ ക്ലാസ്സിക്കുകളിൽ ഒന്നായി വിശേഷിപ്പിക്കുന്ന രതിനിർവ്വേദത്തിൽ കൈവെക്കരുതായിരുന്നു. വർഷങ്ങൾക്ക് മുൻപ് പത്മരാജനും ഭരതനും ഈ സിനിമ ഒരുക്കുമ്പോൾ ജയഭാരതി എന്ന മാദകതിടമ്പിന്റെ നഗ്നത വിപണനമൂല്യമാക്കുക എന്നതായിരുന്നില്ല ലക്ഷ്യം.

ഒരു കൗമാരക്കാരനു തന്നേക്കാൾ പ്രായക്കൂടുതലുള്ള സ്ത്രീയോട് തോന്നുന്ന കാമം എന്ന വികാരം ആയിരുന്നു സിനിമയുടെ കഥാതന്തു. ജയഭാരതിയുടെ അർദ്ധനഗ്ന മേനി ഒരുപാട് സിനിമകളിൽ കണ്ടിട്ടുള്ള പ്രേക്ഷകർക്ക് പപ്പുവിന്റെ ചെയ്തികൾ ആസ്വദിക്കുന്നതിലായിരുന്നു കൂടുതൽ കമ്പം. അത് കൊണ്ട് തന്നെയാണു പമ്മന്റെ നോവലുകൾ വായിച്ച് വികാര സായൂജ്യമടഞ്ഞിരുന്ന ആ കാലഘട്ടത്തിൽ അടച്ചു വെക്കപ്പെട്ട ഈ വിലക്കപ്പെട്ട കനി സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഈ കഥ അന്നത്തെ ആളുകൾ നെഞ്ചിലേറ്റിയതും.

എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ഇത്തരമൊരു കഥയ്ക്ക് പ്രസക്തി ഇല്ലാതെയായിരിക്കുന്നു. രതിചേച്ചിയുടെ നഗ്നത കാണാൻ ഒരവസരം ഈ തലമുറയിലെ പപ്പുവിനു ലഭിച്ചാൽ ഉടനെ അവനത് മൊബൈൽ കാമറയിൽ പകർത്തി ഇന്റർനെറ്റിൽ അപ്‍ലോഡ് ചെയ്യുമെന്ന് ഉറപ്പാണു. അതു കൊണ്ട് തന്നെയാണു രതി നിർവേദത്തിന്റെ റീമേക്കും 1978 ലെ കഥ എന്ന രീതിയിൽ പറഞ്ഞത്.

പുതിയ രതിചേച്ചിയായ ശ്വേതമേനോൻ ഒരു നല്ല നടി തന്നെയാണു. പക്ഷെ ശ്വേതയുടെ അഭിനയ മികവിനേക്കാൾ അംഗവടിവിലേയ്ക്കാണു സംവിധായകൻ ശ്രദ്ധ ചെലുത്തിയിരിക്കുന്നത്. പപ്പുവായി അഭിനയിച്ച നടൻ നല്ല രീതിയിൽ തന്റെ വേഷം അവതരിപ്പിച്ചിട്ടുണ്ട്. പക്ഷെ ഈ സിനിമയുടെ കഥ പശ്ചാത്തലത്തിനു ഇന്നത്തെ കാലത്ത് ഒട്ടും തന്നെ പ്രസക്തി ഇല്ല. അത് കൊണ്ട് തന്നെ ശ്വേതയുടെ നഗ്ന മേനി കാണാൻ ആണു ആദ്യ ദിവസങ്ങളിൽ തന്നെ ജനം ഇരച്ചു കയറിയത്.

പക്ഷെ ശ്വേത മേനോന്റെ നഗ്നത കണ്ട് വികാരഭരിതരാകാൻ മാത്രമുള്ള ജനങ്ങൾ ഒന്നും കേരളത്തിൽ ഇല്ല എന്നത് കൊണ്ടാവണം ആദ്യ ദിവസത്തെ തിരക്കിന്റെ പകുതി പോലും തൊട്ടടുത്ത ദിവസം മുതൽ ഉണ്ടാവാതിരുന്നത്. ഈ സിനിമയുടെ അണിയറക്കാർ ലക്ഷ്യം വെച്ചതും ഇത് തന്നെയായിരിക്കണം.

എങ്കിലും സുരേഷ് കുമാറിനോട് ഒരുവാക്ക് നാളെ ചെമ്മീനും യവനികയുമൊക്കെ റീമേക്ക് ചെയ്യണം എന്ന് താങ്കൾക്ക് തോന്നുമായിരിക്കും. ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും താങ്കളുടെ ഇഷ്ടം. പക്ഷെ ചുരുങ്ങിയ പക്ഷം ടികെ രാജീവ് കുമാറിനെ പോലുള്ള സംവിധായകരെ ആ സിനിമകൾ ഏല്പ്പിക്കാതിരിക്കുക എന്ന സത്കർമ്മം എങ്കിലും താങ്കൾ ചെയ്യണം. ടികെ രാജീവ് കുമാർ ഒരു മോശം സംവിധായകനായത് കൊണ്ടോ ഈ സിനിമ സംവിധാനം ചെയ്ത മോശമായത് കൊണ്ടോ അല്ല ഇങ്ങനെ പറയുന്നത് മറിച്ച് പഴയ സിനിമകളിൽ നിന്ന് പ്രഛേദനം ഉൾക്കൊണ്ട് കൊണ്ട് പുതിയ കഥാസദർഭങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന നവപ്രതിഭകൾക്ക് അവസരം നൽകുകയാണെങ്കിൽ ഈ പഴയ വീഞ്ഞ് പഴയ കുപ്പിയിൽ തന്നെ കുടിക്കുന്ന ഏർപ്പാടിനു ഒരവസാനം ഉണ്ടാകും.!

അവന്‍ ഇവന്‍

നായകനടന്മാരുടെ മാത്രം പേരിൽ സിനിമ അറിയപ്പെടുന്ന തമിഴ് സിനിമലോകത്ത് തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ചുരുക്കം ചില സംവിധായകരെ ഉണ്ടായിട്ടുള്ളു. അവരിൽ കലാമൂല്യമുള്ള സിനിമകൾ ഒരുക്കുന്നതിൽ പ്രസിദ്ധി നേടിയ സംവിധായകൻ ആണു ശ്രീ ബാല. നാലു സിനിമകൾ കൊണ്ട് തന്നെ തന്റെതായ ഒരു സിനിമ സംസ്കാരം തമിഴകത്ത് വളർത്തിയെടുക്കാൻ ബാലക്ക് സാധിച്ചിട്ടുണ്ട്.

ബാല സിനിമകളിൽ സാധാരണ തമിഴ് സിനിമകളിൽ കാണുന്ന യാതൊരു വിധത്തിലുമുള്ള ചേരുവകളും ഉണ്ടാകാറില്ല. നിയതമായ എഴുതപ്പെട്ട ഒരു തിരകഥ പോലും ബാല സിനിമകളിൽ കാണാൻ സാധിക്കില്ല. കഥാപാത്രങ്ങൾ എങ്ങോട്ട് സഞ്ചരിക്കുന്നുവോ അങ്ങോട്ട് കഥയും എന്ന രീതി. വിക്രമിനു നാഷ്ണൽ അവാർഡ് നേടി കൊടുത്ത പിതാമഹൻ, ആര്യയുടെ ഗംഭീര പെർഫോമൻസ് നിറഞ്ഞ നാൻ കടവുൾ, സേതു,സൂര്യ നായകനായ നന്ദ എന്നീ ചിത്രങ്ങളിലൂടെയെല്ലാം തന്നെ പ്രേക്ഷകർ ബാലയുടെ പ്രതിഭ ആസ്വദിച്ചറിഞ്ഞിട്ടുള്ളതാണു.

ബാലയ്ക്ക് നാഷ്ണൽ അവാർഡ് നേടി കൊടുത്ത നാൻ കടവുൾ എന്ന ചിത്രത്തിനു ശേഷം വിശാൽ,ആര്യ എന്നിവരെ നായകന്മാരാക്കി സംവിധാനം ചെയ്ത സിനിമയാണു അവൻ ഇവൻ. ബാലയുടെ മുൻ‍കാല സിനിമകളുടെ അതേ ശ്രേണിയിൽ തന്നെ പെടുത്താവുന്ന ചിത്രമാണു ഇതും. ഗ്രാമീണ പശ്ചാത്തലത്തിൽ രണ്ട് സഹോദരന്മാരുടെ കഥയാണു അവൻ ഇവനിൽ. സഹോദരന്മാരാണെങ്കിലും രണ്ട് പേരുടെയും അമ്മമാർ വേറെയാണു.

കഥ എന്ന് എടുത്ത് പറയാൻ പ്രത്യേകിച്ച് ഒന്ന് ഈ സിനിമയിൽ ഇല്ല. ബാല സിനിമകളിലെതു പോലെ അവരുടെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത് പറഞ്ഞു പോകുന്നു. ഇതില്‍ ഇവരും ഇവരുടെ അമ്മമാരും തമ്മിലുള്ള പിണക്കങ്ങൾ, രണ്ട് പേരുടെയും പ്രണയങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നു. ആ ഗ്രാമത്തിലെ മുഖ്യനായ ഹൈനസിനെ ചുറ്റിപറ്റിയാണു ഇവരുടെ ജീവിതം.

ഒരുപാട് രസകരമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയാണു ബാല തന്റെ സിനിമ ഒരുക്കിയിരിക്കുന്നത്. ഒരു പക്ഷെ ബാല സിനിമകളിൽ ഇത്രയധികം നർമ്മ രംഗങ്ങൾ കടന്നു വന്ന ആദ്യത്തെ സിനിമ ഇതായിരിക്കണം. നർമ്മ രംഗത്തോടൊപ്പം തന്നെ സെന്റിമെൻസും ആവശ്യത്തിനു നിറച്ചിട്ടുണ്ട്. ബാലയുടെ പ്രിയ നടൻ സൂര്യ ഇതിൽ ഒരു അതിഥി വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. നടൻ സൂര്യ ആയിട്ടു തന്നെയാണു സൂര്യ ഇതിൽ പ്രത്യക്ഷപ്പെടുന്നത്.

നർമ്മ രംഗങ്ങൾ നല്ല രീതിയിൽ പ്രേക്ഷകരിൽ എത്തിക്കുന്നതിൽ സംവിധായകൻ വിജയിച്ചെങ്കിലും തന്റെ മുഖമുദ്രയായ സെന്റിമെൻസ് വേണ്ട വിധത്തിൽ പ്രേക്ഷകർ ഉൾക്കൊണ്ടുവോ എന്ന് സംശയമാണു. നാടകനടനായ വിശാൽ സൂര്യക്ക് മുൻപിൽ നവരസങ്ങൾ അഭിനയിച്ചു കാണിക്കുമ്പോൾ സൂര്യയടക്കം ഒരു ഓഡിറ്റോറിയം മുഴുവൻ കണ്ണു നിറയുന്ന സീൻ ഒരു ഉദാഹരണം ഈ സീനിൽ വിശാലിന്റെ അഭിനയം കാണുന്ന പ്രേക്ഷകനു സത്യത്തിൽ ചിരിയാണു വരുന്നത്. ഇനി അതാവുമോ ബാലയും ഉദ്ദേശിച്ചിരിക്കുക.? അങ്ങനെ പല സീനുകളും ഉദ്ദേശിച്ച ഫലം ചെയ്തിട്ടില്ല എന്ന് പറയേണ്ടി വരും.

നല്ല പാട്ടുകളും ഗ്രാമ പശ്ചാത്തലത്തിന്റെ ഛായാഗ്രഹണവും സിനിമക്ക് മാറ്റു കൂട്ടുന്നു. വിശാൽ കോങ്കണനായിട്ടാണു അഭിനയിക്കുന്നത്. വാൾട്ടർ വണങ്കാമുടി എന്ന ഇതിലെ നായക കഥാപാത്രം വിശാലിനു തമിഴ് സിനിമ ലോകത്ത് നൽകാൻ പോകുന്ന മൈലേജ് ചെറുതൊന്നുമായിരിക്കില്ല. വിശാലിന്റെ അനിയനായി അഭിനയിക്കുന്ന ആര്യയും തന്റെ വേഷം മോശമാക്കിയില്ല. ഇന്നത്തെ അവസ്ഥയിൽ വിശാലിനേക്കാൾ ഒരുപാട് താരമൂല്യമുള്ള ആര്യ, കുമ്പിടറേൻ സാമി എന്ന അമിത പ്രാധാന്യമില്ലാത്ത വേഷം ചെയ്യാൻ തയ്യാറായത് ബാലയോടുള്ള കടപ്പാട് കൊണ്ട് തന്നെയാകണം.

കുറച്ച് കഥാപാത്രങ്ങളെ ഉള്ളുവെങ്കിലും എല്ലാവർക്കും ശക്തമായ വേഷങ്ങൾ തന്നെയാണു നൽകിയിരിക്കുന്നത്. വിശാലിന്റെ അമ്മയായി അഭിനയിക്കുന്ന അംബിക ആര്യയുടെ അമ്മയായി അഭിനയിക്കുന്ന നടി എന്നിവരെല്ലാം കൈയ്യടി നേടുന്നുണ്ട്. നായികമാർക്കും ഡ്യുയറ്റ് പാടുക എന്നതിലുപരി അഭിനയ സാധ്യത ഉള്ള വേഷങ്ങളാണു ബാല ഒരുക്കിയിരിക്കുന്നത്. ഹൈനസ് എന്നകഥാപാത്രം അവതരിപ്പിച്ച നടനാണു (ജി എം കുമാർ) വിശാലും ആര്യയും കഴിഞ്ഞാൽ മറ്റൊരു ശ്രദ്ധാ കേന്ദ്രം.

മൊത്തത്തിൽ ബാല സിനിമകൾ ഇഷ്ടപ്പെടുന്ന ഒരാളാണു നിങ്ങളെങ്കിൽ, ആണെങ്കിൽ മാത്രം അവൻ ഇവൻ ഒരു വ്യത്യസ്ത ചലച്ചിത്രാനുഭവമായി ആസ്വദിക്കാം..! അതല്ല ബാല എന്ന സംവിധായകനെ അറിയാത്ത, വിശാലിന്റെ താമരഭരണിയും സത്യവും ആര്യയുടെ വട്ടാരവും,ബോസ് എങ്കിറ ഭാസ്ക്കരനുമൊക്കെ കണ്ട് ത്രില്ലടിച്ച് ഒരു അടിച്ചു പൊളി തമിഴ് പടം പ്രതീക്ഷിച്ചാണു പോകുന്നതെങ്കിൽ നിരാശ്ശപ്പെടും ഉറപ്പ്.

വീണ്ടുമൊരു ത്രീ ഇൻ വൺ


കഴിഞ്ഞ ആഴ്ച്ചയിറങ്ങിയ ബദരിനാഥ്, ശങ്കരനും മോഹനനും, വാടാമല്ലിയും എന്ന ചിത്രങ്ങൾ മോശം അഭിപ്രായം ആണു എന്നറിഞ്ഞിട്ടും കാണാൻ തിരുമാനിച്ചതിനു പിന്നിലെ കാരണങ്ങൾ താഴെ പറയുന്നവയായിരുന്നു.
ബദരി നാഥ് - വേദം കണ്ട് കഴിഞ്ഞതോടെ അല്ലു അർജുനോടുള്ള ഇഷ്ടക്കേട് മാറിയിരുന്നു.
ശങ്കരനും മോഹനനും- ടിവി ചന്ദ്രന്റെ ആദ്യത്തെ കോമേഴ്സ്യൽ സിനിമ. ജയറാം സ്ക്രിപ്റ്റ് വായിച്ച ഉടൻ പിന്മാറിയ സിനിമ എന്നീ പ്രത്യേകതകൾ
വാടാമല്ലി - കണ്ടഹാറിന്റെ വൻ പരാജയത്തിനു ശേഷം അതിന്റെ നിർമ്മാതാവ് ഒരുക്കുന്ന സിനിമ .


മേല്പറഞ്ഞ കാരണങ്ങൾ കൊണ്ട് ഈ സിനിമകൾ കണ്ടതോടെ ഒരു കാര്യം ഉറപ്പിച്ചു. ഒന്നെങ്കിൽ ആദ്യ ഷോ കാണുക അല്ലെങ്കിൽ 6 ദിവസത്തിൽ കൂടുതൽ തിയറ്ററിൽ കളിക്കുന്ന സിനിമകളെ ഇനി കാണുകയുള്ളു എന്ന്.

ബദരിനാഥ്
ടോളിവുഡിലെ ഏറ്റവും ചിലവേറിയ ചിത്രം എന്ന പരസ്യവുമായി എത്തിയ ബദരിനാഥ് അല്ലു അർജുൻ ആരാധകരെ പോലും വെറുപ്പിക്കുന്ന ഒരു സിനിമയാണു എന്ന് നിസ്സംശയം പറയാം. മഗധീര എന്ന മികച്ച ചിത്രവുമായി താരതമ്യം ചെയ്തതാണു ഈ സിനിമക്ക് കിട്ടിയ തിരിച്ചടി. അല്ലായിരുന്നെങ്കിൽ ഇതിലും ബോറു ചിത്രങ്ങൾ സഹിക്കുന്ന പ്രേക്ഷകർ ഇതും അംഗീകരിച്ചു കൊടുത്തേനെ. കേരളത്തിൽ ഒരു വൻ സാന്നിധ്യമായി മാറാനുള്ള അല്ലുവിന്റെ ശ്രമമാണു ഇവിടെ പാളിയത്.


കൊമ്പനാനകൾ വാഴുന്ന മലയാള സിനിമയിൽ കുഴിയാനകളെ കൊണ്ട് തന്നെ ഇരിക്കപൊറുതിയില്ല ഇനി ഒരു തെലുങ്കാന കൂടി വേണ്ട..!


ശങ്കരനും മോഹനനും
ജനപ്രിയനിലൂടെ ജയസൂര്യ നേടിയ എല്ലാ അഭിനന്ദങ്ങളും കളഞ്ഞ് കുളിക്കുന്ന ഒരു ചിത്രമാണു ഇത്. ജയസൂര്യയുടെ അഭിനയം മോശമായത് കൊണ്ടല്ല ടിവി ചന്ദ്രൻ എന്ന സംവിധായകന്റെ പിടിപ്പു കേടിന്റെ ഘോഷയാത്രയാണു ഈ സിനിമ. ഷാജി കൈലാസ് ലൗവ് സ്റ്റോറിയും അടൂർ ഗോപാലകൃഷ്ണൻ ആക്ഷൻ സിനിമയും സംവിധാനം ചെയ്താൽ എങ്ങനെയിരിക്കും അതാണു ഇവിടെയും സംഭവിച്ചത്. ഒരോരുത്തർക്കും പറഞ്ഞ പണി ഉണ്ട് അത് ചെയ്ത് ജീവിക്കുക.


സ്ക്രിപ്റ്റ് വായിച്ച ഉടൻ ജയറാം തടിതപ്പി അതാണു സ്ക്രിപ്റ്റ് സെൻസ് പക്ഷെ ജയസൂര്യ...
സെൻസേ ഇല്ലാ പിന്നെയാണു സ്ക്രിപ്റ്റ് സെൻസ്..

വാടാമല്ലി
ഈ സിനിമ റിലീസിനു മുൻപ് ശ്രദ്ധിക്കപ്പെട്ടത് ഇതിലെ നായിക ഭീമയുടെ പരസ്യത്തിൽ അഭിനയിക്കുന്ന കുട്ടിയാണു എന്നത് കൊണ്ടാണു. നവാഗതനായ ആൽബർട്ട് ആന്റ്ണി സംവിധാനം ചെയ്ത ഈ സിനിമ ഒറ്റ വാക്കിൽ കമ്പ്ലീറ്റ് വെയ്സ്റ്റ് ആണു. ഒരു സിനിമ എങ്ങനെ ആയിരിക്കരുത് എന്നതിന്റെ ഉദാഹരണമായി കാണിക്കാവുന്ന ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് ഒരെണ്ണം കൂടി.


കണ്ടഹാറിലെ നഷ്ടം ഈ സിനിമ കൊണ്ട് നികത്താം എന്ന് വിചാരിച്ച നിർമ്മാതാവിന്റെ അവസ്ഥ..!

അപ്പുക്കുട്ടനെ ഇനിയും സഹിക്കണം.!


ലാലിനു മതിയായില്ല എന്നു തോന്നുന്നു. മലയാള സിനിമ പ്രേക്ഷകർക്ക് അങ്ങിനെ തന്നെ വേണം. മഹാദേവനും ഗോവിന്ദൻ കുട്ടിയും തോമസ് കുട്ടിയും അപ്പുക്കുട്ടനും വീണ്ടും വരുന്നു. ഇൻ ഹരിഹർ നഗറിന്റെ നാലാം ഭാഗവുമായി.

മലയാളത്തിലെ എക്കാലത്തെയും മികച്ച കോമഡി ചിത്രമായ ഇൻഹരിഹർ നഗറിന്റെ തുടർന്ന് വന്ന രണ്ട് ഭാഗങ്ങളും മെഗാഹിറ്റുകൾ തന്നെ ആയിരുന്നുവെങ്കിലും ആദ്യ ഭാഗത്തിന്റെ മേന്മ അവകാശപ്പെടാൻ കഴിയുന്ന തരത്തിൽ ഉള്ളതായിരുന്നില്ല. എങ്കിലും കേരളക്കരയാകെ ഈ നാലു പേരടങ്ങിയ സംഘത്തെ ഞെഞ്ചിലേറ്റി.

ഇൻ ഗോസ്റ്റ് ഹൗസ് ഇൻ എന്ന മൂന്നാം ഭാഗത്തിലെത്തിയപ്പോൾ പൊട്ടിച്ചിരികൾ വെറും ചിരികളായി മാറുന്നത് നമ്മൾ കണ്ടതാണു. പക്ഷെ ഇവരുടെ വിപണന സാധ്യത മുന്നിൽ കണ്ട് കൊണ്ടാവണം ലാൽ നാലാം ഭാഗം ഒരുക്കാൻ തിരുമാനിച്ചത്. അപ്പുക്കുട്ടന്റെ മണ്ടത്തരങ്ങൾ ഇനിയും കണ്ട് ചിരിക്കാൻ മാത്രം അധപതിച്ചു പോയിട്ടില്ല പ്രേക്ഷകർ എന്നതു കൊണ്ട് നല്ലൊരു കഥയുമായിട്ടായിരിക്കും ലാൽ വരിക എന്ന് നമുക്ക് പ്രതീക്ഷിക്കാം.

ടൂർണമെന്റിനു ശേഷം ലാൽ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമായ കോബ്രക്ക് ശേഷമായിരിക്കും ഈ ചിത്രത്തിന്റെ തുടക്കം. ലാലിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് എന്താണോ അതെല്ലാം ശരിയായ അളവിൽ ചേർത്ത് കൊണ്ടുള്ള ഒരു മെഗാഹിറ്റ് തന്നെയായിരിക്കും ഈ ചിത്രം എന്ന് കരുതാം. ടൂർണമെന്റിനു പിന്നാലെ കോബ്രയും പരാജയപ്പെട്ടാൽ പിന്നെ ലാലിനുള്ള ഏകവഴിയാണു നാലം ഭാഗം ഒരുക്കുക എന്നത്. അതിനു ശേഷം അഞ്ചാം ഭാഗം പിന്നെ ആറാം ഭാഗം അങ്ങനെ അങ്ങനെ...!

സ്റ്റാർട്ട് വയലൻസ്


മലയാള സിനിമയിൽ ഇന്ന് യുവ സൂപ്പർ സ്റ്റാർ ആയി സ്വയം അവരോധിക്കപ്പെട്ടിട്ടുള്ള പൃഥ്വിരാജ് ആദ്യ കാലങ്ങളിൽ എല്ലാ പ്രേക്ഷകരുടെയും പ്രിയ താരമായിരുന്നു. പക്ഷെ പിന്നീട് ഈ ആരാധകരിൽ ഒരു വിഭാഗം പൃഥ്വിയുടെ കടുത്ത വിമർശകരായി മാറി. പൃഥ്വി അഹങ്കാരിയാണു, ജാഡയാണു തുടങ്ങി നിരവധി കാരണങ്ങളുണ്ട് ഇവർക്ക് പൃഥ്വിരാജിനെതിരെ തിരിയാൻ.

പറഞ്ഞു വന്നത് പക്ഷെ അതൊന്നുമല്ല. പൃഥ്വിരാജിനു ഇത്രയധികം ആരാധകരെ നേടികൊടുത്ത ഒരു സിനിമയുണ്ട്. എ കെ സാജൻ സംവിധാനം ചെയ്ത സ്റ്റോപ് വയലൻസ്. അതിലെ സാത്താൻ എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ചതാണു പൃഥ്വി എന്ന നടൻ മലയാളി യുവാക്കളുടെ മനസ്സിൽ ഇത്രയധികം ഇടം നേടാൻ കാരണം. അങ്ങനെ ഒരു വേഷം അവതരിപ്പിക്കാൻ കാലിബർ ഉള്ള ഒരു യുവനടൻ അന്ന് (ഇന്നും) മലയാള സിനിമയിൽ ഉണ്ടായിരുന്നില്ല.

വലിയ വിജയം നേടാൻ കഴിഞ്ഞിലെങ്കിലും ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു സ്റ്റോപ്പ് വയലൻസ്. സാത്താന്റെ മരണത്തോടെ അവസാനിച്ച ആ ചിത്രത്തിന്റെ രണ്ടാം ഭാഗം ഇപ്പോൾ ഒരുങ്ങി കൊണ്ടിരിക്കുകയാണു. രചനയും സംവിധാനവും എ കെ സാജൻ തന്നെ. രണ്ടാം ഭാഗത്തിലെ നായകൻ പക്ഷെ പൃഥ്വിരാജ് അല്ല. യുവതാരങ്ങളിൽ മുന്നിൽ നിൽക്കുന്ന ആസിഫ് അലിയാണു ഇതിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.

പൃഥ്വിരാജിനു ഒരു എതിരാളിയായി എന്നെങ്കിലും മാറുമെന്ന് ചിലരെങ്കിലും പ്രതീക്ഷിക്കുന്ന ആസിഫ് അലിക്ക് ഈ ചിത്രം ഒരു നാഴിക കല്ലായി തീരും എന്നും പൃഥ്വി ഉണ്ടാക്കിയെടുത്ത പോലെ ഒരു സ്വാധീനം ആസിഫ് അലിയും ഈ ചിത്രം ഇറങ്ങുന്നതോടെ കൈ വരിക്കും എന്നൊക്കെയാണു സിനിമ സംസാരം.

നീലതാമര ഇറങ്ങിയപ്പോൾ ഇതാ പൃഥ്വിക്ക് ഒരു ശക്തൻ എതിരാളി എന്ന് വാഴ്ത്തി കൈലേഷ് എന്ന നടനെ പൊക്കി കൊണ്ട് നടന്ന് ഇപ്പോൾ ഒന്നുമൊന്നുമല്ലാതെയാക്കി മാറ്റിയ മാധ്യമങ്ങൾ ആസിഫ് അലിക്ക് ആ ഗതി വരുത്തില്ല എന്ന് കരുതാം. രജനികാന്ത് 22 മിസ് കാൾ അടിച്ചിട്ടും തിരിച്ചു വിളിക്കാത്ത പൃഥ്വി എവിടെ കിടക്കുന്നു. ആസിഫ് അലി എവിടെ കിടക്കുന്നു.

മമ്മൂട്ടി ഇനി മൾട്ടി സ്റ്റാർ


അവസാനം മമ്മൂട്ടിക്ക് കാര്യം മനസ്സിലായി. ഒറ്റയ്ക്ക് വന്നാൽ ഒറ്റ ആഴ്ച്ച കൊണ്ട് തന്നെ പടം തിയറ്ററിൽ നിന്ന് കെട്ടു കെട്ടുമെന്ന്. 2011 ൽ ഇറങ്ങിയ 3 മമ്മൂട്ടി ചിത്രങ്ങളും തൃശൂർ പൂരത്തിന്റെ വെടിക്കെട്ടു പോലെ പൊട്ടിയപ്പോഴാണു മൾട്ടി സ്റ്റാർ ചിത്രങ്ങളിലേയ്ക്ക് തിരിയാൻ മമ്മൂട്ടി നിർബന്ധിതനായത്.

2010ൽ പ്രാഞ്ചിയേട്ടന്റെയും ബെസ്റ്റ് ആക്ടറിന്റെയും ഒക്കെ ഗ്ലാമറിൽ പിടിച്ചു നിന്ന മമ്മൂട്ടിക്ക് ആ വർഷം ഏറ്റവും വലിയ ഹിറ്റ് സമ്മാനിച്ചത് ഒരു മൾട്ടി സ്റ്റാർ ചിത്രമായ പോക്കിരി രാജ ആയിരുന്നെങ്കിലും അത്തരം ചിത്രങ്ങളോട് കൂടുതൽ താല്പര്യം കാണിക്കാൻ മമ്മൂട്ടി തയ്യാറായിരുന്നില്ല. എന്നാൽ പ്രധാന എതിരാളിയായ മോഹൻലാൽ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ക്രിസ്ത്യൻ ബ്രദേഴ്സ്, ചൈനാടൗൺ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച് ഗംഭീര ഇനീഷ്യൽ നേടുമ്പോൾ മമ്മൂട്ടി ചിത്രങ്ങൾ റിലീസ് ആഴ്ച്ച തന്നെ ഹോൾഡ് ഓവർ ഭീഷണി നേരിടുന്ന സ്ഥിതിയിലേക്ക് എത്തി.

ആഗ്സ്റ്റ് 15, ട്രെയിൻ, ഡബിൾസ് എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടിയുടെ റിലീസിനു തയ്യാറെടുക്കുന്ന ചിത്രം ബോംബെ മാർച്ച് 12 ആണു. മുംബൈ സ്ഫോടനങ്ങളുടെ കഥ പറയുന്ന ചിത്രത്തിന്റെ ബോക്സ് ഓഫീസ് പ്രകടനം ഈ ഒരവസ്ഥയിൽ എത്തരത്തിലുള്ളതാകും എന്ന് പ്രവചിക്കാനാകില്ല. തന്റെ ആരാധകരെ ഹരം കൊള്ളിക്കുന്ന ചിത്രങ്ങൾ ഇല്ലാത്തതാണു തനിക്ക് തിരിച്ചടിയാവുന്നത് എന്ന് മനസ്സിലാക്കിയ അദ്ദേഹം ഒരു ഗംഭീര തിരിച്ചു വരവിനു ഒരുങ്ങുകയാണു.

മമ്മൂട്ടിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന കിംഗ് & ദി കമ്മീഷ്ണർ, മമ്മൂട്ടി-പൃഥ്വിരാജ് എന്നിവർ അഭിനയിക്കുന്ന അമൽ നീരദ് ചിത്രം,ലാൽ സംവിധാനം ചെയ്യുന്ന കോട്ടയം ബ്രദേഴ്സ് തുടങ്ങി ഇനിയുള്ള മമ്മൂട്ടി സിനിമകൾ എല്ലാം വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന മൾട്ടി സ്റ്റാർ ചിത്രങ്ങൾ തന്നെയാണു. ഇതിനു പുറമേ ഷാഫിയുടെ വെനീസിലെ വ്യാപാരി, ആഷിക്ക് അബുവിന്റെ ഗാംഗ്സ്റ്റർ, സിബിഐ പാർട്ട് 5, എന്നീ ചിത്രങ്ങൾ കൂടി മികച്ച വിജയം നേടി മലയാള സിനിമയിലെ താരരാജാവ് താൻ തന്നെയാണെന്ന് ഉറപ്പിക്കാൻ മെഗാസ്റ്റാറിനു കഴിയുമെന്ന് പ്രതീക്ഷിക്കാം. അല്ലെങ്കിൽ പോക്കിരി രാജ സെക്കന്റ് പാർട്ട് ഒക്കെ അഭിനയിച്ച് കഴിച്ചു കൂട്ടാം. സൂപ്പർ സ്റ്റാർ ചെയ്യുന്നതു പോലെ...!!

വാനം


മലയാളത്തിൽ ഡബ്ബ് ചെയ്ത് ഇറക്കിയ കില്ലാഡി എന്ന മൂവിയുടെ റീമേക്കാണു ചിലമ്പരശൻ നായകനായ വാനം. തെലുങ്കിൽ വേദം എന്ന പേരിൽ ഇറങ്ങിയ ചിത്രവും മലയാളത്തിലെ ഡബ്ബ് ചെയ്ത കില്ലാഡിയും കണ്ടിട്ടുണ്ടെങ്കിലും ഈ റോളുകൾ തമിഴ് നടന്മാർ എങ്ങനെ കൈകാര്യം ചെയ്തിരിക്കുന്നു എന്നറിയാനുള്ള കൗതുകം കൊണ്ടാണു വാനം കാണാൻ തിരുമാനിച്ചത്. തെലുങ്കിൽ അല്ലു അർജുൻ ചെയ്ത വേഷം തമിഴിൽ ചിലമ്പരശനും മഞ്ചു മനോജിന്റെത് ഭരതും മനോജ് ബാജ്പേയുടെത് പ്രകാശ് രാജുമാണു കൈകാര്യം ചെയ്തിരിക്കുന്നത്. ബാക്കി രണ്ടു പ്ലോട്ടുകളിലെ കഥാപാത്രങ്ങൾക്ക് മാറ്റമില്ല.മഞ്ചു മനോജ് എന്ന നടൻ അല്ലു അർജുനേക്കാൾ ശ്രദ്ധേയമായ പ്രകടനം കാഴ്ച്ച വെച്ച സിനിമയാണു വേദം(കില്ലാഡി). മനോജ് ബാജ്പേയുടെ ഉജ്ജ്വല പെർഫോമൻസിനാൽ സമ്പന്നമായ വേദം. അല്ലു അർജുന്റെ വ്യത്യസ്ഥമായ അഭിനയ ശേഷി പ്രേക്ഷകർ തിരിച്ചറിഞ്ഞ വേദം. ഇതിനേക്കാളൊക്കെ പുറമേ ശക്തമായ ഒരു തിരകഥയും സംവിധാനവും കൊണ്ട് അനുഗ്രഹീതമായ വേദം. പക്ഷെ..! വളരെ നിരാശജനകം എന്നു പറയട്ടെ ചിമ്പുവിനും ഭരതിനും പ്രകാശ് രാജിനും തെലുങ്ക് സിനിമയിലെ അഭിനേതാക്കൾ കൈവരിച്ച മികവിന്റെ നൂറിലൊരംശം പോലും കൈവരിക്കാനായിട്ടില്ല. വേദത്തിന്റെ റീമേക്കാണെങ്കിലും പ്രകാശ് രാജിന്റെ കഥാപാത്രത്തിനു ചെറിയ ഒരു മാറ്റമുണ്ട്. അതുപോലെ ഭരതിന്റെ കഥാപാത്രത്തിന്റെ അവസാനത്തിലും. നല്ല ശക്തമായ തിരകഥ ആണെങ്കിലും തമിഴിലെത്തിയപ്പോൾ അഭിനേതാക്കളുടെ പാളിച്ച കൊണ്ടാവണം വേണ്ട വിധത്തിൽ ഫീൽ ചെയ്യിപ്പിച്ചെടുക്കാൻ സാധിക്കാതെ പോയി.

ഒരു പക്ഷെ വേദം എന്ന സിനിമ ആദ്യം കണ്ടത് കൊണ്ടാവണം ഇങ്ങനെ ഒരു അഭിപ്രായം രൂപപ്പെട്ടത് എങ്കിലും വേദം(കില്ലാഡി), വാനം എന്നീ സിനിമകൾ ഒന്നും കാണാത്തവർ വാനം കാണുന്നതിനു മുൻപ് ഒരു നിമിഷം
കില്ലാഡി- ഇത് ഒരു അല്ലു അർജുൻ സിനിമ അല്ല

കില്ലാഡി (വേദം) എന്ന ചിത്രത്തിനു 9/10 മാർക്ക് കൊടുക്കാമെങ്കിൽ വാനത്തിനു കൊടുക്കാൻ കഴിയുന്നത് 1/10 ആണു

ഇനി ചിന്തിക്കു..!

Followers

 
Copyright 2009 b Studio. All rights reserved.