RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ജവാൻ ഓഫ് വെള്ളിമല.


ജവാൻ ഓഫ് വെള്ളിമല. മെഗാസ്റ്റാർ മമ്മൂട്ടി ആദ്യമായി മലയാളത്തിൽ നിർമ്മിച്ച ചിത്രം. സംവിധാനം ലാൽ ജോസിന്റെ സംവിധാന സഹായിയായിരുന്ന അനൂപ് കണ്ണൻ, തിരകഥ ജയിംസ് ആൽബർട്ട്. വെള്ളിത്തിരയിൽ മമ്മൂട്ടിയോടൊപ്പം ശ്രീനിവാസൻ, മമത, ബാബുരാജ് പിന്നെ യുവാക്കളുടെ ഹരമായ യുവതികളുടെ രോമാഞ്ചമായ ശ്രീമാൻ ആസിഫ് അലിയും. 

ഒരു ഹിറ്റ് സിനിമ സൃഷ്ടിക്കാൻ വേണ്ട എല്ലാ ചേരുവകളും കയ്യിലുണ്ട്. എന്നിട്ടും പക്ഷെ ജവാൻ ഓഫ് വെള്ളിമല പ്രേക്ഷകർക്ക് നിരാശപകരുന്ന ഒന്നായി തീരുന്നുവെങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം ഇങ്ങനെയൊരു തിരകഥയെഴുതിയ ജയിംസ് ആൽബർട്ടിനും അത് ഇതു പോലെ സംവിധാനം ചെയ്ത അനൂപ് കണ്ണനും പിന്നെ ഇത് നിർമ്മിക്കുക എന്ന മഹത്തായ ഉത്തരവാദിത്വം നിർവ്വഹിച്ച മമ്മൂട്ടിക്കും കൂടി പങ്കിട്ടെടുക്കാവുന്നതാണു. 

വെള്ളി മല എന്ന ഗ്രാമവും അതിൽ സ്ഥിതി ചെയ്യുന്ന ഡാമിനെയും ചുറ്റിപറ്റിയാണു ചിത്രത്തിന്റെ കഥ. സാമൂഹ്യ പ്രതിബന്ധത ജനങ്ങളിൽ സൃഷ്ടിക്കാനുള്ള ഭാഗമായി താൻ തന്റെ കുറച്ച് കോടികൾ വെറുതെ കളഞ്ഞതാണു എന്ന് പറഞ്ഞ് മമ്മൂട്ടിക്ക് ഇതിൽ നിന്നും തലയൂരാം. പക്ഷെ ഭാർഗവ ചരിതം മൂന്നാംഖണ്ഡത്തിന്റെ രണ്ടാം ഭാഗമൊരുക്കിയ മിസ്റ്റർ അനൂപ് കണ്ണൻ & ജയിംസ് ആൽബർട്ട് ഒന്നോർക്കുക്ക ലക്ഷക്കണക്കിനു വരുന്ന മമ്മൂട്ടി ആരാധകരുടെ പ്രതീക്ഷകളെയാണു നിങ്ങൾ തച്ചുടച്ച് കളഞ്ഞത്.

 ചിത്രത്തെ കുറിച്ച് കൂടുതൽ പറഞ്ഞ് സമയം മെനക്കെടുത്താനില്ല. സിനിമ തുടങ്ങിയപ്പോൾ ഒരു നല്ല സിനിമയുടെ മണമടിച്ചെങ്കിലും പിന്നീടുള്ള ഓരോ സീനുകളും ആ ധാരണപാടെ ഇല്ലാതാക്കി. അനവസരത്തിലുള്ള ഗാനങ്ങൾ കൂടുതൽ വെറുപ്പിക്കാമെന്നല്ലാതെ മറ്റൊന്നിനും സഹായിക്കുന്നില്ല. അല്പനേരത്തേക്ക് സംവിധായകൻ രഞ്ജിത്ത് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ആകെ മൊത്തത്തിൽ മുങ്ങി നിൽക്കുന്നവൻ പിന്നെന്തോന്ന് കുളിരു എന്ന് പറയുന്നത് പോലെയുള്ളു അതും. 

പടം കണ്ടിറങ്ങിയപ്പോൾ ഒരു സംശയം ബാക്കി നിൽക്കുന്നു. ഇതിലെ നായകൻ ഗോപീകൃഷ്ണനു സംഭവിക്കുന്ന കണ്ണിന്റെ കാഴ്ച്ച ശക്തി മങ്ങി തുടങ്ങുന്നത് പോലെ മമ്മൂട്ടിയുടെ സ്ക്രിപ്റ്റ് സെൻസും മങ്ങി തുടങ്ങിയോ...??? 

തോൽവികൾ ഏറ്റ് വാങ്ങാൻ ചന്തുവിന്റെ ജീവിതം ഇനിയും ബാക്കി...!!!

അയാളും ഞാനും തമ്മിൽ


2006 ല് മെഗാഹിറ്റ് പദവി നേടിയ ചിത്രമായിരുന്നു ലാൽ ജോസ് സംവിധാനം ചെയ്ത ക്ലാസ്മേറ്റ്സ്. ഒരു നല്ല ചിത്രം എങ്ങനെ ഒരു മികച്ച ചിത്രമാക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു പൃഥ്വിരാജും നരെയ്നും ജയസൂര്യയും മുഖ്യവേഷങ്ങളിലെത്തിയ ആ ചിത്രം. എന്നാൽ അതിനു ശേഷം കഴിഞ്ഞ ആറു വർഷത്തിനിടയിൽ ഒരിക്കൽ പോലും ക്ലാസ്മേറ്റ്സിലെ നായകന്മാരൊത്ത് ലാൽ ജോസ് സിനിമ ചെയ്തില്ല. അറബിക്കഥയും ഡയമണ്ട് നെക്ലേസുമെടുത്ത് നിരൂപക പ്രശംസയും കൊമേഴ്സ്യൽ വിജയങ്ങളും നേടിയപ്പോഴും ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ചിത്രങ്ങൾ ചെയ്ത് സ്വയം അപഹാസ്യനായപ്പോഴും ക്ലാസ്മേറ്റ്സിലെ നായകന്മാരിൽ നിന്ന് ലാൽ ജോസ് അകന്നു നിൽക്കുകയായിരുന്നു. 

സാധാരണ സിനിമയിൽ  വിജയങ്ങൾ ഉണ്ടാക്കുന്ന കൂട്ടുകെട്ടുകൾ ആവർത്തിക്കുക പതിവാണു എന്നാൽ ഇവിടെ കാര്യങ്ങൾ നേരെ തിരിച്ചാണു സംഭവിച്ചത്. എന്ത് കൊണ്ട് ക്ലാസ്മേറ്റ്സിനു ശേഷം വീണ്ടുമൊരു പൃഥിരാജ് - ലാൽ ജോസ് ചിത്രം ഉണ്ടായില്ല എന്നതിന്റെ മറുപടിയാണു അയാളും ഞാനും തമ്മിൽ എന്ന സിനിമ...!! പ്രകാശ് മൂവി ടോണിന്റെ ബാനറിൽ പ്രേം പ്രകാശ് നിർമ്മിച്ച് ലാൽ ജോസ് സംവിധാനം ചെയ്ത സിനിമയാണു അയാളും ഞാനും തമ്മിൽ..! മറ്റൊരു ക്ലാസ് മേറ്റ്സിന്റെ ഓർമ്മപ്പെടുത്തൽ എന്ന പോലെ പൃഥ്വിരാജും നരെയ്നും പ്രധാന വേഷങ്ങളിലെത്തുന്നു. വളരെ നാളുകൾക്ക് ശേഷം പ്രതാപ് പോത്തൻ മലയാളത്തിൽ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് ഈ ചിത്രത്തിൽ. ട്രാഫിക്ക് എന്ന ഒരൊറ്റ ചിത്രം കൊണ്ട് മലയാളത്തിലെ ഏറ്റവും വലിയ തിരകഥാകൃത്തുക്കൾ ആവുകയും കാസനോവ എന്ന മറ്റൊരു ചിത്രം കൊണ്ട് മലയാളത്തിലെ ഏറ്റവും മോശം തിരകഥാകൃത്തുക്കൾ ആവുകയും ചെയ്ത ബോബി - സഞ്ജയ് ആണു അയാളും ഞാനും തമ്മിലിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

 അയാളും ഞാനും തമ്മിൽ...!! ഇത്  ഡോക്ടർ രവി തരകന്റെ കഥയാണു. പൃഥ്വിരാജ് ആണു രവി തരകന്റെ വേഷം അവതരിപ്പിച്ചിരിക്കുന്നത്.  രവി തരകന്റെ ജീവിതത്തിലെ പല ഏടുകൾ ഒരു മനോഹരമായ കവിത പോലെ പറഞ്ഞു പോകുന്നു ചിത്രം. ക്ലാസ് മേറ്റ്സ് എന്ന സിനിമയുമായി ഒരു താരതമ്യത്തിനു സാധ്യത ഉണ്ടെങ്കിലും ക്ലാസ്മേറ്റ്സിൽ നിന്ന് തികച്ചും വ്യത്യസ്തമാണു ഇതിന്റെ ഇതിവൃത്തം. കോളേജ് കാമ്പസും പ്രണയവുമെല്ലാം കടന്നു വരുന്നുണ്ടെങ്കിലും സിനിമ പ്രാധാന്യം കൊടുക്കുന്നത് മനുഷ്യമനസ്സിലെ വേലിയേറ്റങ്ങള്ക്കാണു. ക്ലാസ്മേറ്റ്സിലെ സുകു, നമ്മളായിരുന്നെങ്കിൽ അല്ലെങ്കിൽ നമ്മൾ കണ്ടറിഞ്ഞിട്ടുള്ള ഒരാളായിരുന്നെങ്കിൽ ഇവിടെ നമ്മൾ നമ്മുടെ ജീവിതത്തിൽ ഒരുപക്ഷെ നേരിട്ടതും നേരിടാനിരിക്കുന്നതുമായ ജീവിത സാഹചര്യങ്ങളിലൂടെയാണു രവി തരകൻ കടന്നു പോകുന്നത്...! 

ഫ്ലാഷ് ബാക്കുകൾ ഇടയ്ക്ക് കയറി വരുന്നത് ചിത്രത്തിന്റെ ആസ്വാദനത്തിനു ഒട്ടും ഭംഗം വരാത്ത രീതിയിൽ അവതരിപ്പിക്കുന്നതിൽ സംവിധായകൻ പൂർണ്ണമായി വിജയിച്ചിരിക്കുന്നു. പൃഥ്വിരാജ് എന്ന നടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിൽ ഒന്നായി ഇനി രവി തരകനും എണ്ണപ്പെടും. പല കാലഘട്ടങ്ങളിലെ രവി തരകന്റെ വേഷപകർച്ച കേവലം മേയ്ക്കപ്പിലൂടെ മാത്രമല്ലാതെ അഭിനയ സാധ്യതയുടെ ഉന്നത തലങ്ങളിലൂടെ സഞ്ചരിച്ച് പൃഥ്വിരാജ് വ്യത്യസ്തമാക്കിയപ്പോൾ ഒന്നുറപ്പിക്കാം ബിഗ് എംസ് എന്ന രണ്ട് വടവൃക്ഷങ്ങൾക്ക് ശേഷം മലയാള സിനിമയുടെ നെടുംതൂണായി മാറുന്നത് ഈ ചെറുപ്പക്കാരനായിരിക്കും തീർച്ച..! അതിനുള്ള കഴിവും കരുത്തും തനിക്കുണ്ട് എന്ന് തെളിയിക്കുകയാണു പൃഥ്വിരാജ് ഈ സിനിമയിലൂടെ..! 

പ്രതാപ് പോത്തൻ അവതരിപ്പിച്ച ഡോ. സാമുവേൽ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ സ്വതസിദ്ധമായ അഭിനയ ശൈലി കൊണ്ട് അവിസ്മരണീയമാക്കി മാറ്റി. നരെയ്ന്, കലാഭവൻ മണി, സലീം കുമാർ, രമ്യ നമ്പീശൻ , സംവൃത സുനിൽ എന്നിങ്ങനെ ഒരുപാട് നടീ നടന്മാരുണ്ടെങ്കിലും അയാളും ഞാനും തമ്മിൽ രവി തരകന്റെ സിനിമയാണു. രവി തരകന്റെ മാത്രം..! 

മനോഹരമായ ഗാനങ്ങൾ കൊണ്ട് ഔസേപ്പച്ചനും ഗംഭീര വിഷ്വലുകൾ ഒരുക്കി ജോമോനും ചിത്രത്തെ സമ്പന്നമാക്കി. സീരിയസ് പ്രമേയമായത് കൊണ്ട് തന്നെ ഇഴച്ചിലനുഭവപ്പെടാനുണ്ടായിരുന്ന സാധ്യതകൾ രഞ്ജൻ എബ്രഹാം എഡിറ്റിംഗ് ടേബിളിൽ വെച്ച് തന്നെ ഇല്ലാതാക്കി. സഞ്ജയ് ബോബി കൂട്ടു കെട്ടിനു ഇനി ആശ്വസിക്കാം. കാസനോവ എന്ന പാപക്കറ ഒരു പൊട്ടു പോലുമില്ലാതെ അവർ കഴുകി കളഞ്ഞിരിക്കുന്നു. അത്ര ബ്രില്യന്റ് ആയ തിരകഥയാണു ചിത്രത്തിനായി അവർ ഒരുക്കിയിരിക്കുന്നത്. 

അങ്ങനെ എല്ലാ ഘടകങ്ങളും നന്നായി ചേരുമ്പോഴാണു ഒരു സിനിമ നല്ല സിനിമയായി മാറുന്നത്. ഒരു നല്ല സിനിമ ചിലപ്പോൾ വിജയിക്കാതിരുന്നേക്കാം. എന്നാൽ മികച്ച സിനിമകൾ ഒരിക്കലും പരാജയപ്പെടുന്നില്ല. ഇനി പരാജയപ്പെടുന്നുവെങ്കിൽ  അതിനർത്ഥം അവ മികച്ചവയല്ല എന്നു തന്നെയാണു. ഇവിടെയാണു ലാൽ ജോസ് എന്ന സംവിധായകന്റെ പ്രസക്തി. മലയാള സിനിമയിൽ ഒരു നല്ല സിനിമയെ മികച്ച സിനിമയാക്കി മാറ്റാൻ കഴിവുള്ള വളരെ ചുരുക്കം ചില സംവിധായകരിൽ പ്രമുഖനാണു ലാൽ ജോസ്. തന്റെ കരിയറിലെ മറ്റൊരു പൊൻ തൂവലായി അയാളും ഞാനും തമ്മിൽ മാറുന്നത് കണ്ട് ലാൽ ജോസിനു സന്തോഷിക്കാം. ഒപ്പം അഭിമാനിക്കാം. കാരണം ഇത് എന്ത് കൊണ്ട് പൃഥ്വിരാജ് ? എന്ന വിമർശനങ്ങൾക്കുള്ള മറുപടി കൂടിയാണു. 

ഇന്നത്തെ ഭൂരിപക്ഷം വരുന്ന പ്രേക്ഷകരുടെ അഭിരുചിക്ക് അനുസരിച്ചാണോ അയാളും ഞാനും തമ്മിൽ ഒരുക്കിയിരിക്കുന്നത് എന്ന് വരും ദിവസങ്ങളിലെ ചിത്രത്തിന്റെ ബോക്സ് ഓഫീസ് പ്രകടനം കൊണ്ട് മാത്രമേ വിലയിരുത്താൻ സാധിക്കുള്ളു. എന്തായാലും ഈ ചിത്രം ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല കാരണം പ്രേക്ഷകന്റെ പൾസ് ലാൽ ജോസിനെ പോലെ അടുത്തറിയുന്ന മറ്റേത് സംവിധായകനാണുള്ളത്..!!

*ചിത്രത്തിന്റെ പരസ്യത്തിൽ പറയുന്നത് പോലെ ഇതിന്റെ ആദ്യ രംഗം കഥാഗതിയിലെ വളരെ പ്രധാനപ്പെട്ട ഒന്നാണു. അത് കൊണ്ട് അത് നഷ്ടപ്പെടുത്താതിരിക്കുക.

Followers

 
Copyright 2009 b Studio. All rights reserved.