RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ഏഴ് സുന്ദര രാത്രികൾ


ഒരു ഇന്ത്യൻ പ്രണയകഥ

Drishyam / ദൃശ്യം


പാവം ദിലീപ് ഫാൻസ്


മലയാള സിനിമയിൽ ഇന്ന് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന നടനും ഏറ്റവും വലിയ വിജയങ്ങൾ ഉണ്ടാക്കുന്ന നടനും ഒരാളാണു. ശ്രീ ദിലീപ്. കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കുകളെടുത്താൽ എണ്ണം പറഞ്ഞ 10 സൂപ്പർ ഹിറ്റുകളാണു ദിലീപ് സമ്മാനിച്ചിരിക്കുന്നത്. അതിൽ തന്നെ മലയാള സിനിമയുടെ സർവ്വകാല കളക്ഷൻ റിക്കാർഡുകൾ തകർത്തെറിഞ്ഞ ഒരു സിനിമയും ഉൾപ്പെടുന്നു. ദിലീപ് സിനിമകൾ നിലവാരം കുറഞ്ഞ ഹാസ്യവും ലോജിക്കില്ലാത്ത കഥാസന്ദർഭങ്ങളും കുത്തി നിറച്ചവയാണെന്ന് എല്ലാവർക്കും അറിയാം. എങ്കിൽ പോലും ജനം ഇത് കാണാൻ തിയറ്ററുകളിൽ ഇടിച്ചു കയറുന്നു.

ന്യൂജനറേഷൻ തെറിവിളികൾ കേൾക്കുമ്പോൾ നെറ്റിചുളിക്കുന്നവർ ദിലീപ് സിനിമകളിലെ അശ്ലീലം കലർന്ന ദ്വയാർത്ഥപ്രയോഗങ്ങൾ കേട്ട് തലയറഞ്ഞു ചിരിക്കുന്നു. ഇങ്ങനെ സുഗമമായി കാര്യങ്ങൾ പോയ്കൊണ്ടിരുന്നപ്പോഴാണു തൽസ്ഥിതിയ്ക്ക് ചെറിയ ഒരു മാറ്റം വന്നു തുടങ്ങിയത്. പാല്പായസമാണെങ്കിലും അധികമായാൽ എന്തും വിഷമാണല്ലോ.. ദിലീപ് സിനിമകളിലെ ഈ കോമാളിക്കളികളിൽ ആളുകൾക്ക് വിരസത അനുഭവപ്പെട്ട് തുടങ്ങിയോ എന്ന സംശയമാണു അവസാനമായി ഇറങ്ങിയ ദിലീപ് സിനിമകളുടെ പ്രകടനം സൂചിപ്പിക്കുന്നത്. മായാമോഹിനിയുടെ വമ്പൻ വിജയം ആവർത്തിക്കാൻ ഇറക്കിയ ശൃഗാരവേലൻ ആദ്യ ആഴ്ച്ചയിലെ കളക്ഷനു ശേഷം മൂക്കും കുത്തി വീണു. തൊട്ടു പിന്നാലെ ഇറങ്ങിയ നാടോടി മന്നന് ആകട്ടെ സമീപകാലത്തെ ദിലീപിന്റെ ആദ്യ പരാജയ ചിത്രം എന്ന ലേബൽ നേടിയെടുത്തു.

 തുടരെ തുടരെ ക്രാപ്പ് കോമഡി സിനിമകൾ ചെയ്തിരുന്നാൽ അത് സ്വയം കുഴി തോണ്ടലാകുമെന്ന് ദിലീപിനു മറ്റാരെക്കാളുമറിയാം. അതു കൊണ്ട് തന്നെയാണു ലാൽ ജോസ് പോലുള്ള സംവിധായകരുടെ സിനിമകളിൽ അഭിനയിക്കാൻ തയ്യാറായതും. ഏഴ് സുന്ദര രാത്രികൾ എന്ന സിനിമ സ്ഥിരം ദിലീപ് ശൈലിയിലുള്ളതല്ല. അതു കൊണ്ട് തന്നെ അതിന്റെ വിജയപരാജയങ്ങൾ മുൻ കൂട്ടി പ്രവചിക്കാനുമാകില്ല. പക്ഷെ എന്ത് തന്നെ സംഭവിച്ചാലും സിനിമ നഷ്ടങ്ങളുടെ പട്ടികയിൽ പെടരുത് എന്ന വാശിയുള്ളത് കൊണ്ടാകണം ഈ സിനിമയ്ക്ക് സാറ്റ്ലൈറ്റ് റൈറ്റ് 7 കോടി ലഭിച്ചു എന്ന വാർത്ത ആരാധകർ പ്രചരിപ്പിക്കുന്നത്. ഇത്തരമൊരു വാർത്ത തെറ്റാണു എന്ന് സംവിധായകൻ ലാൽ ജോസ് തന്നെ പറഞ്ഞിട്ടും മഞ്ഞരമയിൽ വന്ന ലേഖനം പൊക്കി പിടിക്കുകയാണു ദിലീപ് ആരാധകർ ചെയ്യുന്നത്.

അവരെ കുറ്റം പറയാൻ കഴിയില്ല. കാരണം ഉന്നതങ്ങളിൽ വിരാജിച്ചിരുന്നിട്ട് പെട്ടെന്നൊരു നാൾ അഗാധ ഗർത്തത്തിലേയ്ക്ക് പതിയ്ക്കുമോ എന്ന ആശങ്ക ഏതൊരാളെ കൊണ്ടും ഇങ്ങനെയൊക്കെ തന്നെ ചെയ്യിപ്പിക്കും. എന്തായാലും ഏഴ് സുന്ദരരാത്രികൾ ഒരു മനോഹര ചിത്രമായി മാറട്ടെ എന്ന് നമുക്ക് ആശംസിക്കാം. മീശമാധവൻ , കല്യാണരാമൻ , കുഞ്ഞാട് പോലുള്ള ചിത്രങ്ങളാണു ദിലീപ് എന്ന നടന്റെ പ്രശസ്തി എന്നും ഉയർത്തിയിട്ടുള്ളത്. എന്നാൽ നല്ലൊരു ചിത്രത്തിൽ ദിലീപ് അഭിനയിച്ചാൽ തന്നെ ആരാധകർ ആരും തിരിഞ്ഞു നോക്കാറില്ല. അതു കൊണ്ട് തന്നെയാണു കേവല സാമ്പത്തിക ലാഭം മാത്രം കണ്ട് കൊണ്ട് തട്ടിക്കൂട്ടുന്ന ചിത്രങ്ങൾ ചെയ്യാൻ അദ്ദേഹം നിർബന്ധിതനാവുന്നത്. പക്ഷെ അത്തരം ചിത്രങ്ങൾ ദൂരവ്യാപകമായ പ്രതിഫലനങ്ങൾ ആ നടന്റെ കരിയറിൽ സൃഷ്ടിക്കും എന്ന്  ദിലീപ് ഫാൻസ് എങ്കിലും മനസ്സിലാക്കിയാൽ നന്ന്..! അതല്ല എങ്കിൽ റിലീസിനു മുൻപേ ഇത്തരം വ്യാജ വാർത്തകൾ ചമച്ചുണ്ടാക്കി വിജയിപ്പിച്ചെടുക്കേണ്ട ഗതികേടിലായി പോകും പാവം ദിലീപ് ഫാൻസ്.

വെടിവഴിപാട്


മിസ് ലേഖ തരൂർ കാണുന്നത്.


സീരിയൽ രംഗത്തെ പ്രശസ്തനായ സംവിധായകൻ ഷാജിയെം സംവിധാനം ചെയ്ത സിനിമയാണു മിസ് ലേഖ തരൂർ കാണുന്നത്. എന്താണു മിസ് ലേഖ കാണുന്നത് എന്നറിയാനുള്ള ജിഞ്ജാസ കാരണമാണു മീര ജാസ്മിന്റെ മൈഗ്രയേൻ ബാധിച്ചത് പോലെയുള്ള മുഖഭാവത്തോട് കൂടിയ പോസ്റ്റർ കണ്ടിട്ട് കൂടി ഈ സിനിമയ്ക്ക് കയറിയത്.

ലേഖ തരൂർ ഐടീവി എന്ന പ്രശസ്ത ചാനലിലെ ഗോൾഡൻ ക്രൗൺ എന്ന പരിപാടിയുടെ അവതാരികയാണു. കുട്ടിക്കാലത്തെ കാഴ്ച്ച ശക്തി നഷ്ടപ്പെട്ട ലേഖയ്ക്ക് ഗണിതശാസ്ത്രത്തിൽ അപാരമായ പാണ്ഡിത്യമാണുള്ളത്. എത്രവലിയ വിഷമം പിടിച്ച കണക്കുകളും നിമിഷ നേരം കൊണ്ട് ലേഖ കണ്ടുപിടിക്കും. നഷ്ടപ്പെട്ട് പോയ കാഴ്ച്ച ശക്തി തിരിച്ച് കിട്ടാൻ പണ്ട് ഒരു പാട് തവണ ശസ്ത്രക്രിയകൾ നടത്തി നോക്കിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. പക്ഷെ അവസാനത്തെ ഒരു ശ്രമം എന്ന നിലയ്ക്ക് നടത്തിയ ഓപ്പറേഷനിൽ ലേഖയ്ക്ക് കാഴ്ച്ച ശക്തി തിരിച്ച് കിട്ടുന്നു.

സാധാരണ ആളുകൾ കാണുന്നതെല്ലാം ലേഖ കാണുന്നു. പക്ഷെ കൂട്ടത്തിൽ മറ്റുള്ളവർക്ക് കാണാൻ കഴിയാത്ത മരിച്ചു പോയവരെയും കാലനെയും ലേഖ കാണുന്നു. അങ്ങനെയൊരു ജീവിതം വളരെ ദുഃസഹമായിരിക്കും. മറ്റൊരാളോട് പറഞ്ഞ് മനസ്സിലാക്കാൻ കഴിയാത്ത ആ സാഹചര്യത്തെ ലേഖ എങ്ങനെ മറികടക്കുന്നു എന്നതാണു മിസ് ലേഖ തരൂർ കാണുന്നത് എന്ന സിനിമയിലൂടെ പറയുന്നത്.

ചൈനീസ് ചിത്രമായ ദി ഐ എന്ന സിനിമയിൽ നിന്ന് പ്രചോദനം ഉൾകൊണ്ടാണു ഈ സിനിമ എടുത്തിരിക്കുന്നത് എന്ന് ആദ്യമേ നല്ല അന്തസ്സായി എഴുതി കാണിക്കുന്നുണ്ട്. അങ്ങ് ലാറ്റിൻ അമേരിക്കൻ സിനിമകളിൽ നിന്നും ചുരണ്ടി ഇവിടെ വന്ന് ന്യൂജനറേഷനാക്കി മാറ്റുന്ന വിദ്വാന്മാർക്ക് ഷാജിയെം ഒരു അപവാദമാണു. നല്ല ഒരു ആശയം. മികച്ച അവതരണശൈലി ഇതെല്ലാം ഈ സിനിമയ്ക്കുണ്ട്. എന്നാൽ ആകെ ഒരു ന്യൂനതയെ ഈ സിനിമയ്ക്കുള്ളു. ദൗർഭാഗ്യകരമെന്ന് പറയട്ടെ ആ ഒരൊറ്റ ന്യൂനത കൊണ്ട് തന്നെ ഈ സിനിമ തീർത്തും അരോചകമായി തീരുകയാണു. ഇതിലെ കേന്ദ്ര കഥാപാത്രമായ ലേഖയെ അവതരിപ്പിച്ച മീര ജാസ്മിൻ ആണു ഈ സിനിമയുടെ പോരായ്മ.

ഒരു കാലത്ത് മലയാളത്തിലെ മികച്ച നടി എന്ന് പേരെടുത്തിരുന്ന ഈ നടി ഇപ്പോൾ തീർത്തും അസഹനീയമായ വിധത്തിലാണു അഭിനയിച്ച് പ്രേക്ഷകരെ വെറുപ്പിക്കുന്നത്. മേക്കപ്പിന്റെ അതിപ്രസരത്തിന്റെ കൂടെ നിലവാരമില്ലാത്ത അഭിനയം കൂടിയാവുമ്പോൾ ലേഖ തരൂർ കാണുന്നത് കാണാനുള്ള ശേഷി പ്രേക്ഷകനു നഷ്ടപ്പെടും. മീരയ്ക്ക് പകരം മറ്റേത് നടി ആയിരുന്നെങ്കിലും ഈ സിനിമയുടെ ഗതി ഇത്രയ്ക്ക് ദയനീയമാവില്ലായിരുന്നു. ഷാജിയെമിന്റെ ആദ്യ സിനിമ സെറീന വഹാബിനെ നായികയാക്കി ഒരുക്കിയ പരസ്പരം ആയിരുന്നു. ആ ചിത്രത്തിനു പക്ഷെ തിയറ്ററുകളില്ലെത്താനുള്ള ഭാഗ്യം ഇല്ലായിരുന്നു. രണ്ടാമത്തെ ചിത്രത്തിന്റെ സ്ഥിതി ഇങ്ങനെയുമായി. മിസ് കാസ്റ്റിങ്ങ് എന്ന പദത്തിന്റെ അർത്ഥം എന്താണു എന്ന് ശരിക്കും മനസിലാക്കണമെന്നുണ്ടെങ്കിൽ ഈ സിനിമ കാണാം..

Silence

മുന്നൂറാമത്തെ പോസ്റ്റ്.



ഏതാണ്ട് മൂന്നര വർഷങ്ങൾക്ക് മുൻപാണു ബി സ്റ്റുഡിയോ എന്ന ഒരു ബ്ലോഗ് തുടങ്ങാനുള്ള ആശയം ഞങ്ങളുടെ മനസ്സിൽ ഉദിക്കുന്നത്. കൃത്യമായി പറഞ്ഞാൽ 2010 മാർച്ച് പത്താം തിയ്യതിയാണു "എന്നാലുംമമ്മൂട്ടി നിങ്ങൾ ഭദ്രനോട് ഈ ചതി ചെയ്യരുതായിരുന്നു" എന്ന ഞങ്ങളുടെ ആദ്യ പോസ്റ്റ് ഉണ്ടാകുന്നത്. ബി സ്റ്റുഡിയോ എന്നത് സിനിമ സ്വപ്നങ്ങൾ മനസ്സിൽ കൊണ്ട് നടക്കുന്ന ഒരു സുഹൃത്ത് സംഘത്തിനു അവർ തന്നെ നൽകിയ പേരാണു. റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും ആദ്യ ദിവസം തന്നെ കാണുന്നത് കൊണ്ട് ആ സിനിമകളുടെ അഭിപ്രായം നെറ്റിൽ എഴുതിയിടുക നല്ലതായിരിക്കും എന്ന തിരുമാനത്തിന്റെ അടിസ്ഥനമാണു ഈ ബ്ലോഗിന്റെ ജനനം. ഫേസ്ബുക്ക് ഇന്ന് കാണുന്നത്ര പ്രചാരത്തിൽ ആയിട്ടില്ലാത്ത ആ കാലത്ത് ബ്ലോഗ് ആയിരുന്നു ഇതിനു പറ്റിയ നല്ല ഒരു മാധ്യമം. സിനിമയുടെ അഭിപ്രായങ്ങളും സിനിമ ലോകത്തെ വിശേഷങ്ങളുമെല്ലാം അടങ്ങുന്ന ഒരു ബ്ലോഗ് അതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. 

ഇന്റർനെറ്റ് സർവ്വസാധാരണമല്ലാതിരുന്ന ആ കാലഘട്ടത്തിൽ കേരളത്തിലെ സാധാരണക്കാരനായ സിനിമ പ്രേക്ഷകന്‍ നെറ്റിലും ബ്ലോഗിലും വരുന്ന സിനിമ റിവ്യൂകള്‍ വായിച്ചിട്ടായിരുന്നില്ല പടം കാണാന്‍ പോയിരുന്നത് എന്ന് നമ്മുക്കെല്ലാവര്‍ക്കും അറിയാം. ഇതിനു ഏറ്റവും കൂടുതല്‍ വായനക്കാരുണ്ടായിരുന്നതും ഇപ്പോൾ ഉള്ളതും ഗള്‍ഫ്‌ നാടുകളില്‍ നിന്നാണ്‌. ഇഷ്ട താരത്തിന്റെ പടം റിലീസ്‌ ചെയ്യുന്ന അന്ന് തിക്കിലും തിരക്കിലും പെട്ട് ടിക്കറ്റ്‌ എടുത്ത് നായകനെ കാണിക്കുമ്പോള്‍ ആവേശപൂര്‍വ്വം കയ്യടിച്ചിരുന്ന ആ പഴയ സ്മരണകള്‍ അയവിറക്കി കൊണ്ട് സിനിമ വിജയിച്ചോ പരാജയപ്പെട്ടോ എന്നറിയാന്‍ ആകാംക്ഷയോടെ ബ്ലോഗിലും നെറ്റിലും പരതുന്ന പാവം മറുനാടന്‍ മലയാളി. റിവ്യൂ പടം മോശം ആണ് എന്നാണെങ്കില്‍ അതിനെ ഏറ്റവും കൂടുതല്‍ ആക്രമിക്കുക പടം കാണാത്ത ഇതേ മറുനാടന്‍ മലയാളി തന്നെ ആയിരിക്കും. 

എന്നാൽ ഇന്ന് കേരളത്തിലെ മിക്കവരും സിനിമയുടെ റിവ്യു വായിച്ചിട്ടാണു സിനിമ കാണണോ വേണ്ടയോ എന്ന് തിരുമാനിക്കുന്നത്. ഞങ്ങള്‍  റിലീസ്‌ ചെയ്യുന്ന എല്ലാ സിനിമയും കാണാറുണ്ട്‌. അത് എത്ര മോശം പടം ആണ് എന്ന് പറഞ്ഞാലും, കാരണം ഓരോ സംവിധായകനും അവരുടെ പടങ്ങള്‍ വിജയിക്കണം എന്ന ആഗ്രഹത്തോടെ ആണ് സിനിമ എടുക്കാറുള്ളത് എന്നിട്ടും ചില പടങ്ങള്‍ പരാജയപെടുന്നു. അതിന്റെ കാരണം എന്താണ് എന്ന് അറിയാനാണ് എല്ലാതരത്തിലും ഉള്ള സിനിമകളും കാണുന്നത്. 

സിനിമയുടെ അഭിപ്രായം എഴുതി തുടങ്ങാം എന്ന് തിരുമാനിക്കുമ്പോൾ തന്നെ മുപ്പതോ അല്ലെങ്കിൽ അൻപതോ രൂപ കൊടുത്തു കണ്ടതാണു എന്ന അവകാശത്തിന്റെ പുറത്ത് ആ സിനിമയെ തലനാരിഴ കീറി വിമർശിക്കുക എന്ന ഒരു രീതി സ്വീകരിക്കരുത് എന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു. അതിനു വേണ്ടി നിരവധി ബ്ലോഗുകളും സൈറ്റുകളും ഉള്ളത് കൊണ്ട് തിയറ്ററിൽ ഇരുന്ന് സിനിമ കണ്ട് കഴിഞ്ഞ് തോന്നുന്ന അനുഭവം വായനക്കാരുമായി പങ്കു വെയ്ക്കുക എന്ന ഒരു രീതിയാണു ഞങ്ങൾ സ്വീകരിച്ചു പോന്നിരുന്നത്. അന്ന് ബ്ലോഗിൽ ഇടുന്ന പോസ്റ്റുകൾക്ക് കമന്റുകൾ വരുന്നത് ഒരു ഗിവ് & ടേക്ക് പോളിസിയുടെ പുറത്തായിരുന്നു.എന്നാൽ ഞങ്ങൾ പോസ്റ്റുകളുടെ കമന്റുകൾക്ക് ഒരു വലിയ പ്രാധാന്യം കല്പിച്ചിരുന്നില്ല. സിനിമയുടെ വിശേഷം അറിയാൻ വരുന്നവർ അത് വായിക്കുന്നതിൽ ആയിരുന്നു ഞങ്ങൾക്ക് ആനന്ദം. 

കാലം കടന്നു പോയി ബി സ്റ്റുഡിയോ നാലാമത്തെ  വർഷത്തിലേയ്ക്ക് കടക്കുന്ന സമയത്താണു ലൈഫ്സ്റ്റൈയിൽ കേരളം എന്ന ഓൺലൈൻ മാഗസിൻ ഞങ്ങളുടെ സിനിമ അഭിപ്രായം അവരുടെ മാഗസിനിൽ പ്രസിദ്ധീകരിക്കാമോ എന്ന് ആവശ്യപ്പെടുന്നത്. ബി സ്റ്റുഡിയോയിലെ പോസ്റ്റുകൾ വായിക്കുന്നവരുടെ എണ്ണം പരിമിതമാണെന്നുള്ളത് കൊണ്ടും അതിന്റെ എത്രയോ ഇരട്ടി ആളുകൾ ആ മാഗസിനിൽ ഇത് വായിക്കും എന്നത് കൊണ്ടും ഞങ്ങൾ അത് സമ്മതിച്ചു. എന്നാൽ വേഗത കുറഞ്ഞ ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിക്കുന്നവർക്ക് ലൈഫ്സ്റ്റൈയിൽ കേരളം വായിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട് എന്ന് ഞങ്ങൾക്ക് വായനക്കാരുടെ പ്രതികരണത്തിൽ നിന്ന് മനസ്സിലായി. അവരുടെ അസൗകര്യത്തിനു ക്ഷമ ചോദിച്ച് കൊണ്ട് പറയട്ടെ ലോകം 3 ജിയിലേക്ക് പൂർണ്ണമായും മാറി കൊണ്ടിരിക്കുന്നതിനാൽ വളരെ പെട്ടെന്ന് തന്നെ വേഗതയിലായ്മ ഒരു പ്രശ്നമല്ലാതെയായി തീരും. 

കാലമേറയായിട്ടും ഒട്ടും ഇളക്കം തട്ടാതെ നിൽകുന്ന ഒരു സൗഹൃദകൂട്ടായ്മയാണു ബിസ്റ്റുഡിയോയുടെ ശക്തി. സിനിമ സംവിധായകരാവണം എന്ന ആഗ്രഹം ഉള്ളില്‍ ഒതുക്കി IT കമ്പനികളിലും മറ്റുമായി പണിയെടുക്കുന്നവര്‍.......
റിലീസ് ചെയുന്ന എല്ലാ സിനിമകളും കണ്ടു ഒരു നാള്‍ ഞങളുടെ പേരും ഈ ബിഗ്‌ സ്ക്രീനില്‍ തെളിയും എന്ന് ആശ്വസിച്ചു നെടുവീര്‍പ്പെടുന്നവര്‍.........
Orkuti ലും, ഗ്രൂപ്സിലും  ബ്ലോഗിലും  ഫേസ്ബുക്കിലും പോസ്റ്റുകള്‍ ഇറക്കി സായൂജ്യമടയുന്നവര്‍............. സിനിമക്കാരാവാൻ കഴിഞ്ഞില്ലെങ്കിലും സിനിമയുമായി എന്നും ബന്ധപ്പെട്ട് നിൽക്കാൻ ആഗ്രഹിക്കുന്ന ഞങ്ങളുടെ ഈ ബ്ലോഗ് 4 വർഷക്കാലം നില നിന്നു പോകാനും മുന്നൂറാമത്തെ പോസ്റ്റിലേയ്ക്കെത്താനും ഞങ്ങൾക്ക് പ്രോത്സാഹനം നൽകിയ എല്ലാ വായനക്കാരോടുമുള്ള നന്ദി ഈ അവസരത്തിൽ അറിയിക്കുന്നു.

Bicycle Thieves


Click only if you have high speed net connection.

http://www.lifestylekeralam.com/bicycle_thieves_review,htmla

Followers

 
Copyright 2009 b Studio. All rights reserved.