RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ട്രെയിൻ


ലയാള സിനിമയിൽ തികച്ചും വ്യത്യസ്ഥനായ ഒരു സംവിധായകനാണു ജയരാജ്. ദേശാടനം, സ്നേഹം, ലൗഡ് സ്പീക്കർ, ഫോർ ദി പീപ്പിൾ തുടങ്ങിയ ചിത്രങ്ങൾ എടുത്ത് പ്രേക്ഷകരെ അമ്പരിപ്പിക്കാനും ബൈ ദി പീപ്പിൾ, റെയിൻ റെയിൻ കം എഗെയ്ന്, അശ്വാരൂഡൻ, മിലേനിയംസ്റ്റാർസ് പോലുള്ള ചിത്രങ്ങൾ എടുത്ത് ഇതേ പ്രേക്ഷകരെ വെറുപ്പിക്കാനും കഴിയുന്ന ഒരു അതുല്യപ്രതിഭ. അതു കൊണ്ട് തന്നെ ജയരാജ് സിനിമകൾക്ക് റിലീസ് ചെയ്തു കഴിയുന്നതു വരെ യാതൊരു ഗ്യാരണ്ടിയും പറയാൻ സാധിക്കില്ല. സേവാഗ് ബാറ്റ് ചെയ്യുന്നത് പോലെയാണു കാര്യങ്ങൾ ചിലപ്പോൾ ട്രിപ്പിൾ സെഞ്ചുറി വരെ അടിച്ചേക്കാം, അല്ലെങ്കിൽ ചിലപ്പോൾ ഗോൾഡൻ ഡക്കും.

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ലൗഡ് സ്പീക്കറിനു ശേഷം ജയരാജ് സംവിധാനം ചെയ്ത സിനിമയാണു ട്രെയിൻ. ഷൂട്ടിംഗ് വളരെ വേഗത്തിൽ പൂർത്തിയാക്കി കൊണ്ട് മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണു ഇത്. ആർ റഹ്മാനും മമ്മൂട്ടിയും ഒന്നിക്കുന്ന ട്രാക്ക് വിത്ത് റഹ്മാൻ എന്ന ചിത്രമായിരുന്നു ജയരാജ് ആദ്യം അനൗൺസ് ചെയ്തതെങ്കിലും റഹ്മാൻ പിന്മാറിയത് കൊണ്ട്പെട്ടെന്ന് തട്ടിക്കൂട്ടിയ ഒരു തിരകഥയാണു ട്രെയിനിന്റെത് എന്നൊക്കെയാണു പിന്നാമ്പുറ സംസാരം.

മുബൈയിൽ നടന്ന സ്ഫോടന പരമ്പരകളെ ആസ്പദമാക്കിയാണു ട്രെയിൻ എന്ന ഈ സിനിമയുടെ തിരകഥ. രാവിലെ 6 മണി മുതൽ വൈകീട്ട് സ്ഫോടനം നടക്കുന്ന സമയം വരെയുള്ള സംഭവങ്ങൾ. 4 വ്യത്യസ്തരായ ആളുകളുടെ ജീവിതത്തിൽ അന്ന് നടക്കുന്ന കാര്യങ്ങളാണു ഈ സിനിമയിൽ. ഈ 4 വ്യത്യസ്ത ആളുകൾ എന്നു പറയുന്നത് ഒരു പ്രതീകമാണു. അന്ന് ആ ട്രെയിനുകളിൽ സഞ്ചരിച്ച് കൊല്ലപ്പെട്ട മുഴുവൻ ആളുകളെയുമാണു അവർ പ്രതിനിധാനം ചെയ്യുന്നത്. അവർക്കെല്ലാവർക്കും ഓരോ ലക്ഷ്യങ്ങളുണ്ടായിരുന്നു. അവരുടെ ജീവിതത്തിൽ പ്രതീക്ഷകളുണ്ടായിരുന്നു, അവരുമായി ബന്ധപ്പെട്ടവർക്ക് സ്വപ്നങ്ങളുണ്ടായിരുന്നു. ആഗ്രഹങ്ങളുണ്ടായിരുന്നു. പക്ഷെ..! ആ സ്ഫോടനങ്ങൾ അതെല്ലാം ഒരു നിമിഷം കൊണ്ട് തകർത്തു കളഞ്ഞു. ഈ വിഷയമാണു ഒരു മണിക്കൂർ 58 മിനുട്ട് 38 സെക്കന്റ് നീളുന്ന ഈ സിനിമയിലൂടെ ജയരാജ് പറയുന്നത്.

നാലു കഥകൾ പറഞ്ഞു പോകുന്ന സിനിമയിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത് ജയസൂര്യയാണു. മമ്മൂട്ടി ചിത്രത്തിലുണ്ടെങ്കിലും നായക വേഷം എന്നു പറയാൻ മാത്രമില്ല. അല്ലെങ്കിലും ഈ സിനിമയിൽ ഒരു പ്രത്യേക നായകനോ നായികയോ ആവശ്യമില്ല. ട്രാഫിക്ക് എന്ന ചിത്രത്തിന്റെ ശ്രേണിയിൽ വരുന്ന ഈ സിനിമയുടെ ഒരു ന്യൂനത ട്രാഫിക്കിലേതു പോലെ ഒരു പിഴവുകളില്ലാത്ത തിരകഥ ഇല്ല എന്നതാണു. ട്രാഫിക്ക് അംഗീകരിക്കാൻ തന്നെ മടിക്കുന്ന മലയാളികൾ അത് കൊണ്ട് തന്നെ ഈ സിനിമയുടെ വിധി ഇതിനോടകം എഴുതി കഴിഞ്ഞിരിക്കുന്നു.

ചിത്രത്തെപ്പറ്റി ചിലർക്കുള്ള മറ്റൊരു പരാതി ഇതിലെ കഥാപാത്രങ്ങൾ എപ്പോഴും മൊബൈലിൽ സംസാരിക്കുന്നു എന്നതാണു. ചിത്രത്തിൽ ഏത് കഥാപാത്രത്തിനേക്കാൾ പ്രാധാന്യം മൊബൈലിനുണ്ട്. മുബൈ പോലെ ഒരു സ്ഥലത്ത് പല വ്യത്യസ്ത സ്ഥലങ്ങളിൽ നിൽക്കുന്ന കഥാപാത്രങ്ങൾ മൊബൈലിൽ അല്ലാതെ പിന്നെ എങ്ങനെ ആശയവിനിമയം നടത്തണം ?? കുറ്റങ്ങളും കുറവുകളും പരീക്ഷണചിത്രങ്ങളിൽ ഭൂതക്കണ്ണാടി വെച്ച് കണ്ട് പിടിക്കുകയും മസാല ചിത്രങ്ങളിലെ ലോജിക്കില്ലാത്ത രംഗങ്ങൾ കണ്ട് കോൾമയിരു കൊള്ളുകയും ചെയ്യുന്ന ആസ്വാദന നിലവാരമുള്ള മലയാളികൾക്ക് മുന്നിലേക്ക് ഇങ്ങനെ ഒരു സിനിമയുമായി വരാൻ ധൈര്യം കാണിച്ച ജയരാജിനിരിക്കട്ടെ ഒരു പൊൻ തൂവൽ..!

പക്ഷെ ഒരു കാര്യം ഉറപ്പിച്ചു പറയാം ഈ സിനിമ ഒരിക്കലും മലയാളത്തിൽ വിജയിക്കാൻ പോകുന്നില്ല. കാരണം മറ്റുള്ളവരുടെ ദുരന്തങ്ങൾക്ക് നേരെ മുഖം തിരിക്കുന്ന ജനതയും എവിടെയെങ്കിലും സംഭവിക്കുന്ന അപകടങ്ങൾ ആഘോഷമാക്കി മാറ്റുന്ന ഒരു സംസ്ക്കാരവും അടങ്ങിയ ഒരു സമൂഹത്തിനു മുബൈ ട്രെയിൻ സ്ഫോടനങ്ങളിൽ മരിച്ചവരുടെ ഉറ്റവരുടെയും ഉടയവരുടെയും വേദന മനസ്സിലാക്കാൻ കഴിയില്ല. ജയരാജ്.. ഈ സിനിമ കണ്ട് കഴിയുമ്പോൾ ചിലരുടെയെങ്കിലും കണ്ണിൽ ഒരു കണ്ണുനീർ തുള്ളി പ്രത്യക്ഷപ്പെടുന്നുണ്ട്. അത് തന്നെയാണു താങ്കളുടെ വിജയവും. കച്ചവടപരമായി ഈ സിനിമ വിജയിച്ചില്ലെങ്കിലും ഇത്തരമൊരു പ്രമേയം സിനിമയാക്കാൻ താങ്കൾ കാണിച്ച നല്ല മനസ്സിനു നന്ദി. പക്ഷെ ഇത്തരം സങ്കീർണ്ണമായ കാര്യങ്ങൾ ഒക്കെ കാണാൻ വരാൻ ഞങ്ങൾ മലയാള സിനിമ പ്രേക്ഷകർക്ക് സമയമില്ല. ഉണ്ടായിരുന്നെങ്കിൽ ട്രാഫിക്ക് എന്ന ചിത്രം റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും 100 ദിവസം ഹൗസ്ഫുൾ ഷോകൾ ഓടിയേനെ..!!

ബ്ലോക്ക്ബസ്റ്റർ മൊഹബത്ത്.


മൊഹബത്ത് എന്ന ചിത്രത്തെപ്പറ്റിയുള്ള അഭിപ്രായമാണു പോസ്റ്റ് എന്ന് ആരും തെറ്റിദ്ധരിക്കരുത്. ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത ഏതാനും ആഴ്ചകൾക്ക് മുൻപ് തിയറ്ററുകളിലെത്തിയ ചിത്രം വേൾഡ് ടെലിവിഷൻ പ്രീമിയർ ആയി വരുന്ന ശനിയാഴ്ച്ച ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു എന്ന പരസ്യം കണ്ടതാണു പോസ്റ്റിന്റെ പിന്നിലുള്ള ചേതോവികാരം.

മൊഹബത്തിന്റെ വിശേഷങ്ങളിലേക്ക് കടക്കുന്നതിനു മുൻപ് ഒരു ചെറിയ കഥ പറയാം. കഥ നടക്കുന്നത് 3-4 വർഷങ്ങൾക്ക് മുൻപാണു. ജനപ്രിയ നായകൻ ജയറാം ഉള്ള ജനപ്രീതി മുഴുവൻ പോയി പടമൊന്നുമില്ലാതെ വീട്ടിലിരിക്കുന്ന കാലം. വഴി തെറ്റിപോലും ഒരു സിനിമാക്കാരനും ജയറാമിന്റെ വീട്ടിൽ അന്നു പോകിലായിരുന്നു.

സമയത്താണു നമ്മുടെ കഥയിലെ നായകൻ ആയ വിജയൻ ഈസ്റ്റ്കോസ്റ്റ് സിനിമ സംവിധാനം ചെയ്യാൻ പുറപ്പെടുന്നത്. തന്റെ ആദ്യ സിനിമയിലെ നായകനായി അദ്ദേഹം മനസ്സിൽ കണ്ടത്ജയറാമിനെയാണു. തിരകഥ പൂർത്തിയായി കഴിഞ്ഞപ്പോൾ അത് ഈസ്റ്റ്കോസ്റ്റ് വിജയൻ ജയറാമിനെ കേൾപ്പിച്ചു. തിരകഥ ഇഷ്ടമായെങ്കിലും തന്റെ സമയം ശരിയല്ലാത്തത് കൊണ്ട് ആദ്യ സിനിമയിൽ വേറെ ആരെയെങ്കിലും നായകനാക്കു എന്ന് പറഞ്ഞ് ജയറാം സംവിധായകൻ ആകാൻ പുറപ്പെട്ട വിജയനെ തിരിച്ചയച്ചു.

ആൽബങ്ങളുടെ ലോകത്തെ രാജാവിനാണോ നായകനെ കിട്ടാൻ പാട്. അങ്ങനെ ജയറാം വിഷയം വിട്ടു. ഒന്നു രണ്ട് മാസങ്ങൾ കഴിഞ്ഞപ്പോൾ ജയറാം ഒരു ജ്യോതിഷിയെ കാണാൻ ഇടയായി. അയാൾ ജയറാമിനോട് പുതിയതായി വന്ന പ്രൊജക്ടിൽ അഭിനയിക്കു അത് മെഗാഹിറ്റ് ആകും എന്നു പറഞ്ഞു. പുതിയതായും പഴയതായും ജയറാമിനു വന്ന ഏക ഓഫർ അപ്പോൾ വിജയന്റേതായിരുന്നു. അത് കൈവിട്ടതോർത്ത് ദുഃഖിച്ച ജയറാം പടത്തിന്റെ ഷൂട്ടിംഗ് വിശേഷങ്ങൾ അറിയാൻ വിജയനെ ഫോണിൽ വിളിക്കുന്നു. വിജയൻ പറഞ്ഞ മറുപടി കേട്ട് ജയറാം ഞെട്ടി..! താൻ നായകനായി മനസ്സിൽ കണ്ടത് ജയറാമിനെ ആണെന്നും ജയറാമിനു എന്നു സൗകര്യപ്പെടുമോ അന്നേ താൻ പടം തുടങ്ങു എന്നു വിജയൻ അറിയിച്ചു. ഇതു കേട്ട ജയറാമിന്റെ മനസ്സിൽ രണ്ടു ലഡു ഒരുമിച്ചു പൊട്ടി. എന്നാൽ നാളെ തന്നെ തുടങ്ങിക്കോ എന്ന് ജയറാം.

അങ്ങനെ ആഡംബരമായി പടം ഷൂട്ടിംഗ് തുടങ്ങി. കോളിവുഡിൽ നിന്നൊക്കെ നായികയെ ഇറക്കുമതി ചെയ്ത് ഗംഭീരമായി പടം തീർത്ത് തിയറ്ററുകളിലെത്തിച്ചു. ദൈവാനുഗ്രഹം എന്നു പറയട്ടെ പടം അതിഗംഭീരമായി പൊട്ടി. ഒരാഴ്ച്ച പോലും മെയിൻ സെന്ററുകളിൽ കളിക്കാൻ ആ പടത്തിനു ഭാഗ്യമുണ്ടായില്ല. 5-6 ദിവസങ്ങൾക്കുള്ളിൽ തന്നെ പടം മിക്കവാറും എല്ലായിടത്തു നിന്നും കെട്ടു കെട്ടി. ആ ചിത്രമാണു നോവൽ.

ഇങ്ങനെ പടം പൊളിയുന്നത് മലയാളത്തിൽ ആദ്യമായിട്ടൊന്നുമല്ല. സൂപ്പർ സ്റ്റാറുകളുടെ പടം വരെ ഇത്തരത്തിൽ പൊട്ടിയിട്ടുണ്ട്. എന്നാൽ നോവൽ നിലയിലാതെ പൊട്ടിയപ്പോൾ ഈസ്റ്റ്കോസ്റ്റ് വിജയൻ ഒരു പ്രസ്താവന ഇറക്കി. മലയാള സിനിമയിൽ ജയറാം എന്ന നടന്റെ മാർക്കറ്റ് വാല്യു വട്ടപൂജ്യമാണെന്നും അത് കൊണ്ടാണു തന്റെ പടം പരാജയപ്പെട്ടതെന്നുമായിരുന്നു ആ പ്രസ്താവന. ജയറാം അതിനു മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു. ഒരേ ദിവസം താൻ അഭിനയിച്ച രണ്ട് സിനിമകൾ ഒരുമിച്ച് റിലീസ് ചെയ്ത് രണ്ടും 100 ദിവസം ഓടിയിട്ടുള്ള ഒരു നടനാണു താൻ. അങ്ങിനെയുള്ള തനിക്ക് മാർക്കറ്റ് വാല്യു ഇല്ല എന്ന് പറയുന്നതിനു മറുപടിയില്ല.

ജയറാമിനു മറുപടിയില്ലാത്തത് കൊണ്ട് അത് അങ്ങനെ അവസാനിച്ചു. ജയറാമിന്റെ മാർക്കറ്റ് വാല്യു കൊണ്ടാണോ അതോ പടത്തിന്റെ കുഴപ്പം കൊണ്ടാണോ നോവൽ പൊളിഞ്ഞത് എന്ന് ആ ചിത്രം കാണാൻ ഭാഗ്യം സിദ്ധിച്ച പ്രേക്ഷകർ തിരുമാനിക്കട്ടെ. നമുക്ക് മൊഹബത്തിലേക്ക് വരാം. അങ്ങനെ നീണ്ട ഇടവേള കഴിഞ്ഞ് ഈസ്റ്റ്കോസ്റ്റ് വിജയൻ വീണ്ടും സംവിധാനം ചെയ്ത സിനിമയാണു മൊഹബത്ത്. ഈ ചിത്രം റിലീസ് ചെയ്ത് മൂന്നാമത്തെ ദിവസം തന്നെ പരിസരപ്രദേശത്തുള്ള തിയറ്ററുകളിൽ നിന്നെല്ലാം മാറിയത് കൊണ്ട് ഇത് തിയറ്ററിൽ നിന്ന് കാണാൻ സാധിച്ചില്ല. മൂന്നാം ദിവസം പടം മാറി എന്നത് ആദ്യ ദിവസം മുതൽക്കേ ഹോൾഡ് ഓവർ സ്റ്റാറ്റസ് ആയിരുന്നു എന്നാതാണു സൂചിപ്പിക്കുന്നത്. എന്തായാലും പ്രേക്ഷകർ കരുതിയിരിക്കുക, ശനിയാഴ്ച്ചത്തെ വേൾഡ് പ്രീമിയർ ഷോ കാണാൻ മറക്കരുതേ. അത് കണ്ട് കഴിഞ്ഞു വേണം മീരാജാസ്മിന്റെ താരമൂല്യമില്ലായ്മ കൊണ്ട് പൊളിഞ്ഞ ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ വിജയനെ ഇങ്ങനെ ആശ്വസിപ്പിക്കാൻ.

*ഇപ്പോ ചെയ്തത് ചെയ്തു..!

**ഇനി മേലാൽ ചെയ്താൽ..!!

***താൻ ഉദ്ദേശിച്ച സിനിമ വെറുതെ ഒരു ഭാര്യ ആയിരുന്നു എന്നു പറഞ്ഞ് ജ്യോതിഷി പിന്നീട് തടിതപ്പി..!!!



ജനപ്രിയൻ


സ്പോട്ട് ലൈറ്റ് വിഷൻസിന്റെ ബാനറിൽ നവാഗതനായ ബോബൻ സാമുവേൽ സംവിധാനം ചെയ്ത സിനിമയാണു ജനപ്രിയൻ. കൃഷ്ണൻ പൂജപ്പുരയാണു ജയസൂര്യ നായകനായ ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. മനോജ് കെ ജയൻ, ഭാമ,സരയു,ജഗതി,സലീം കുമാർ,ലാലു അലക്സ്, ദേവൻ എന്നിവരാണു മറ്റ് പ്രധാന അഭിനേതാക്കൾ.

താലൂക്ക് ഓഫീസ് ജീവനക്കാരനായ വൈശാഖൻ (മനോജ് കെ ജയൻ) ഒരു സിനിമ ഭ്രാന്തനാണു. സംവിധായകൻ ആവുക എന്നതാണു അയാളുടെ അഭിലാഷം. അഛന്റെ മരണ സമയത്തെ ആഗ്രഹം പ്രകാരം മാത്രമാണു അയാൾ ഒട്ടും താല്പര്യമില്ലാതെ സർക്കാർ ജോലി ചെയ്യുന്നത്. തന്റെ മഹത്തായ സ്ക്രിപ്റ്റ് വായിച്ചു കേൾപ്പിച്ച് സിനിമ തുടങ്ങാൻ വേണ്ടി പ്രൊഡ്യൂസറായ അച്ചായന്റെ(ജഗതി) പിന്നാലെ നടക്കുകയാണു കക്ഷിയുടെ മുഖ്യ ജോലി. ഇതു മൂലം ഓഫീസിലുണ്ടാകുന്ന പ്രശ്നങ്ങൾ കൊണ്ട് വൈശാഖനോട് 5 വർഷം ലീവിൽ പ്രവേശിക്കാൻ തഹസിൽ ദാർ (ലാലു അലക്സ്) ആവശ്യപ്പെടുന്നു. 5 വർഷം കൊണ്ട് ഒരു പ്രൊഡ്യൂസറെ സംഘടിപ്പിച്ച് സിനിമ ചെയ്യാൻ കഴിയും എന്ന പ്രത്യാശയിൽ വൈശാഖൻ ലീവെടുക്കുന്നു.

വൈശാഖന്റെ ഒഴിവിലേയ്ക്ക് താൽക്കാലിക ജീവനക്കാരനായി എത്തുന്നതാണു നമ്മുടെ കഥയിലെ നായകൻ പ്രിയദർശൻ(ജയസൂര്യ).തൊടുപുഴയിലെ ഒരു ഗ്രാമത്തിൽ നിന്നാണു പുള്ളിക്കാരന്റെ വരവ്. എന്ത് കൊണ്ട് ഈ സിനിമക്ക് ജനപ്രിയൻ എന്നു പേരിട്ടു എന്നു ചോദിച്ചാൽ ഇതിലെ നായകൻ ഒരു ജനപ്രിയൻ ആയതു കൊണ്ട് തന്നെയാണു. റബ്ബർ വെട്ട്, ജീപ്പോടിക്കൽ, പാരലൽ കോളേജിൽ ക്ലാസ്സെടുക്കൽ, സൊസൈറ്റിയിലെ ഫയൽ എഴുത്ത് എന്നു വേണ്ട ആ ഗ്രാമത്തിലെ മുഴുവൻ ജോലിയും ഒറ്റയ്ക്ക് ചെയ്യാൻ കഴിവുള്ള ആളാണു നമ്മുടെ നായകൻ പ്രിയദർശൻ.

നിർത്താതെയുള്ള സംസാരമാണു പ്രിയന്റെ പ്രത്യേകത. പട്ടണത്തിൽ ജോലിയ്ക്കായി എത്തുന്ന പ്രിയൻ താമസിക്കുന്ന ലോഡ്ജിന്റെ തൊട്ടടുത്തുള്ള വലിയ വീട്ടിലെ ജോലിക്കാരിയാണെന്ന് കരുതി മീരയെ (ഭാമ) പ്രേമിക്കുന്നതും, പ്രൊഡ്യൂസറെ കിട്ടാത്ത നിരാശയിൽ ജോലിയിൽ തിരികെയെത്തുന്ന വൈശാഖനു വേണ്ടി തന്റെ ജോലി പോകാതിരിക്കാൻ പ്രൊഡ്യൂസറെ അന്വേഷിച്ച് പ്രിയൻ നടക്കുന്നതും ആണു ജനപ്രിയന്റെ തുടർന്നുള്ള കഥ.

ആദ്യ പകുതി വളരെ രസകരമായി മുന്നോട്ടു കൊണ്ട് പോകാൻ സംവിധായകനു കഴിഞ്ഞിട്ടുണ്ട്. പുതുമുഖത്തിന്റെ പാളിച്ചകൾ ഒന്നും അധികം പുറത്ത് കാണിക്കാതെ സംവിധാനം നിർവ്വഹിക്കാൻ ബോബൻ സാമുവേലിനു കഴിഞ്ഞിട്ടുണ്ട്. പ്രിയൻ എന്ന് നിഷ്കളങ്കനായ ചെറുപ്പക്കാരനായി ജയസൂര്യ തകർത്തു. തെക്കൻ ഭാഷ മനോഹരമായി ജയസൂര്യ കൈകാര്യം ചെയ്തിട്ടുണ്ട്. സിനിമയിൽ ജയസൂര്യയുടെ അത്ര തന്നെ പ്രാധാന്യമുള്ള കഥാപാത്രമാണു മനോജിന്റെത്. തന്റെ കഥാപാത്രം മോശമാക്കിയിലെങ്കിലും സീനിയേഴ്സിലെ റഷീദ് മുന്നയിൽ നിന്ന് മനോജ് കെ ജയൻ പൂർണ്ണമായും മോചനം നേടിയിട്ടില്ല എന്നു തോന്നിപ്പിക്കുന്നു പലയിടത്തും. ദേശീയ സംസ്ഥാന അവാർഡ് നേടിയത് കൊണ്ടാവണം കൈയ്യടി നേടിയ മറ്റൊരു താരം സലീം കുമാറാണു.

ഭാമ, സരയു എന്നീ രണ്ട് നായികമാർ ഉണ്ടെങ്കിലും ഡ്യുയറ്റിൽ നായകന്മാരോടൊപ്പം നൃത്തം ചവിട്ടുക എന്നതിൽ കവിഞ്ഞ് ഒരു വലിയ പ്രാധാന്യം ഇല്ല. ചിത്രത്തിന്റെ രണ്ടാം പകുതിയിൽ കഥ കോമഡി ട്രാക്കിൽ നിന്ന് സീരിയസിലേയ്ക്ക് കടക്കുന്നതോടെയാണു കാര്യങ്ങൾ കൈവിട്ടു പോകുന്നത്. തന്റെ കഥാപാത്രത്തിന്റെ സങ്കടങ്ങൾ അഭിനയിച്ചു ഫലിപ്പിക്കാനുള്ളത്ര കഴിവ് ജയസൂര്യക്ക് ഇല്ല എന്നത് കൊണ്ടാണു പ്രിയൻ എന്ന നായകൻ കാണിച്ച കോമഡികൾ കണ്ട് ചിരിച്ച പ്രേക്ഷകർക്ക് സെന്റിമെൻസ് സീൻസ് വന്നപ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നാതിരുന്നത്. ഇത്തരം സീനുകൾ കൈകാര്യം ചെയ്യാനുള്ള കൃഷ്ണൻ പൂജപ്പുരയുടെ പരിചയകുറവും ഇവിടെ തിരിച്ചടിയായി.

ആദ്യപകുതിയിൽ പ്രിയദർശനോടൊപ്പം സഞ്ചരിക്കുന്ന കാണികൾക്ക് അതിനു ശേഷം വിരസത അനുഭവപ്പെടുന്നതും ഇതു കൊണ്ട് തന്നെ. കേൾക്കാൻ ഇമ്പമുള്ള ഗാനങ്ങൾ ഒന്നും ഈ സിനിമയിൽ ഇല്ല. കുറച്ചു കൂടി നന്നായി ഹോം വർക്ക് ചെയ്തിരുന്നെങ്കിൽ വലിയ വിജയം നേടുമായിരുന്ന ഈ ചിത്രം പക്ഷെ ഒരു തവണ കണ്ടാലും കാശ് പോയ വിഷമം വല്ലാതെ അങ്ങ് തോന്നുകയില്ല.

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ 2010


ആദ്യം ദേശീയ അവാർഡ് പ്രഖ്യാപിച്ചു കഴിഞ്ഞത് കൊണ്ട് പിന്നെ ജൂറിക്ക് രക്ഷയില്ലായിരുന്നു.സലീം കുമാറിനു മികച്ച നടനുള്ള അവാർഡ് കൊടുത്തില്ലെങ്കിൽ "മലയാളികൾ ജൂറിയിൽ ഇല്ലാത്തത് കൊണ്ട് അവാർഡ് കിട്ടി" എന്ന പരാമർശം സത്യമാണെന്ന് ജനം കരുതും. അതു കൊണ്ട് സംസ്ഥാന ചലച്ചിത്ര അവാർഡ് സമിതി ഒരു സേഫ് കളി കളിച്ചു. 2010 ലെ മികച്ച നടൻ സലീം കുമാർ, മികച്ച സിനിമ ആദാമിന്റെ മകൻ അബു. മികച്ച നടി ജീവിതം സിനിമയാക്കി അഭിനയിച്ച കാവ്യാമാധവൻ (ഗദാമ) സംവിധായകൻ ശ്യാമപ്രസാദ്(ഇലക്ട്ര) രണ്ടാമത്തെ സിനിമ മകരമഞ്ഞ്.

മറ്റ് പ്രധാന അവാർഡുകൾ

മികച്ച നവാഗത സംവിധായകൻ - മോഹൻ രാഘവൻ (ടിഡി ദാസൻ)
മികച്ച ജനപ്രീതി നേടിയ കലാമൂല്യമുള്ള സിനിമ - പ്രാഞ്ചിയേട്ടൻ
മികച്ച ഹാസ്യ താരം - സുരാജ് (ഒരുനാൾവരും)
മികച്ച രണ്ടാമത്തെ നടൻ - ബിജുമേനോൻ (ടിഡി ദാസൻ)
മികച്ച രണ്ടാമത്തെ നടി- മമത (കഥ തുടരും)
മികച്ച ഗായകൻ - ഹരിഹരൻ (പാട്ടിന്റെ പാലാഴി)
മികച്ച ഗായിക - രാജലക്ഷ്മി (ജനകൻ)

മികച്ച നടിയ്ക്കുള്ള അവാർഡ് കാവ്യയ്ക്ക് കിട്ടിയതിലൂടെ താൻ കല്യാണം കഴിഞ്ഞ് അനുഭവിച്ച കഷ്ടപ്പാടുകൾ വെള്ളിത്തിരയിൽ അവതരിപ്പിച്ചതിനു കിട്ടിയ അംഗീകാരം എന്നു കരുതാം. എന്നാലും ഒരുനാൾ വരുമിലെ സുരാജിന്റെ കോമഡി...????

എല്ലാ അവാർഡ് ജേതാക്കൾക്കും അഭിനന്ദനങ്ങൾ

സീനിയേഴ്സ്


പ്രമേയപരമായി വട്ടപൂജ്യമായിരുന്നെങ്കിലും ബോക്സ് ഓഫീസിൽ കോടികളുടെ കിലുക്കം കേൾപ്പിച്ച സിനിമയായിരുന്നു പോക്കിരിരാജ. വൈശാഖ് എന്ന പുതുമുഖ സംവിധായകന്റെ സ്വപ്നസമാനമായ തുടക്കം. അത്കൊണ്ട് തന്നെ വൈശാഖ് തന്റെ പുതിയ ചിത്രമായി എത്തുമ്പോൾ പോക്കിരിരാജയോടോപ്പം നിൽക്കുന്ന ഒരു ചിത്രം തന്നെയാണു പ്രേക്ഷകർ പ്രതീക്ഷിക്കുന്നതും. എന്തായാലും ഈ സംവിധായകൻ പ്രതീക്ഷകൾ അസ്ഥാനത്താക്കിയില്ല. വൈശാഖ സിനിമയുടെ ബാനറിൽ പി രാജൻ നിർമ്മിച്ച് സച്ചി-സേതു തിരകഥയൊരുക്കിയ സീനിയേഴ്സ് ഒരു അടിപൊളി കോമഡി സസ്പെൻസ് ചിത്രം.

1981 ലെ ഒരു ന്യൂയർ രാത്രിയിൽ നിന്നാണു സിനിമ ആരംഭിക്കുന്നത്. തന്റെ ഭാര്യ മറ്റൊരാളുടെ കൂടെ ഇറങ്ങി പോകുന്നത് നിസ്സഹായതയോടെ കണ്ടു നിൽക്കേണ്ടി വരുന്ന ഒരഛൻ തന്റെ മകനു മരണത്തിന്റെ സംഗീതം തരാട്ട് പാട്ടായി കേൾപ്പിച്ചു കൊണ്ട് മരണത്തിലേക്ക് യാത്രയാവുന്നു. പിന്നീട് 1996ലെ ഒരു കോളേജ് ഡേ രാത്രി. അവിടെ വെച്ച് ലക്ഷ്മി(മീരനന്ദൻ) കൊല്ലപ്പെടുന്നു. പിന്നീട് കഥ ഇന്നിലേക്ക് വരുന്നു. ഈ കൊലപാതകത്തിന്റെ കുറ്റം ഏറ്റെടുത്ത പത്മനാഭൻ എന്ന പപ്പു(ജയറാം) 12 വർഷങ്ങളുടെ ജയിൽ വാസത്തിനു ശേഷം തിരിച്ചു വരികയാണു. പണ്ട് തന്റെ സഹപാഠികളും ആത്മാർഥ സുഹൃത്തുക്കളും ആയ റഷീദ് മുന്ന(മനോജ് കെ ജയൻ)ഫിലിപ്പ് ഇടിക്കുള (ബിജു മേനോൻ) റെക്സ്(കുഞ്ചാക്കോ) എന്നിവർ പപ്പുവിനെ വരവേൽക്കുന്നു. പക്ഷെ പപ്പുവിന്റെ ആവശ്യം ഇവർ മൂന്നു പേരെയും കുഴക്കുന്നതായിരുന്നു. പണ്ട് പഠിച്ച അതേ കോളേജിൽ പിജിക്ക് ചേരുക. കുടുംബസ്ഥരായ ഇടിക്കുളയ്ക്കും റഷീദിനും ഇത് എളുപ്പമുള്ള ഒന്നായിരുന്നില്ല. അവസാനം പപ്പുവിനു വേണ്ടി ഇവർ കോളേജിൽ ചേരാം എന്ന തിരുമാനത്തിലെത്തുന്നു. സീനിയേഴ്സ് Back to the College.

പിന്നീടങ്ങോട്ട് ഒരു ഫുൾ എന്റെർട്ടെയ്നർ ആയിട്ടാണു ചിത്രം നീങ്ങുന്നത്. പ്രേക്ഷകരെ രസിപ്പിക്കാനുള്ള എല്ലാ ചേരുവകളും ഇതിലുണ്ട്. ഇതെ ജനുസ്സിൽ വരുന്ന മറ്റ് ചിത്രങ്ങളിൽ നിന്ന് സീനിയേഴ്സിനെ വേറിട്ട് നിർത്തുന്നത് ഇതിനു ശക്തമായ ഒരു തിരകഥയുടെ പിൻബലം ഉണ്ട് എന്നതാണു. ഇനീഷ്യലിനു വേണ്ടി തട്ടിക്കൂട്ടിയ ഒരു അവിയൽ മൾട്ടി സ്റ്റാർ ചിത്രം മാത്രമായി സീനിയേഴ്സ് ഒതുങ്ങി പോകാത്തതും ഇതു കൊണ്ട് തന്നെ. നായകന്മാരായി എത്തുന്ന നാലു പേരും മത്സരിച്ചഭിനയിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ബിജുമേനോനും മനോജ് കെ ജയനും. നായകനെ കടത്തി വെട്ടുന്ന അഭിനയം കാഴ്ച്ചവെക്കാറുള്ള ഈ രണ്ട് അഭിനേതാക്കൾ ഇങ്ങനെ ഒരു സിനിമയിൽ നായകവേഷത്തിൽ എത്തുമ്പോൾ തകർക്കുന്നത് സ്വാഭാവികം. ജയറാമിൽ നിന്ന് സാധാരണ വരാറുള്ള ഭാവങ്ങൾ എല്ലാം ഇതിലും വന്നിട്ടുണ്ട്. ഒപ്പം അഭിനയിക്കുന്ന നടന്മാരുടെ അത്ര റേഞ്ച് ഇല്ലാത്തത് കൊണ്ടാവണം കുഞ്ചാക്കോക്ക് അധികം അഭിനയിച്ച് ബുദ്ധിമുട്ടേണ്ട വിഷമം തിരകഥകൃത്തുക്കൾ ഉണ്ടാക്കിയിട്ടില്ല. സ്ത്രീകഥാപാത്രങ്ങൾക്ക് അധികം പ്രധാന്യമില്ലെങ്കിലും പത്മപ്രിയ,അനന്യ എന്നിവർ തങ്ങളുടെ റോളുകൾ നന്നാക്കി.

ഡബിൾസ് നൽകിയ ആഘാതത്തിൽ നിന്നുള്ള ഒരു ശക്തമായ തിരിച്ചു വരവായിരിക്കും സച്ചി സേതുവിനു സീനിയേഴ്സ്. വുമൺസ് ഹോസ്റ്റ്ലിൽ നിന്ന് ടീച്ചറെ തട്ടി കൊണ്ട് വരിക, രാത്രി മെൻസ് ഹോസ്റ്റലിൽ ഐറ്റം ഡാൻസ് നടത്തുക തുടങ്ങിയ വളിപ്പുകൾ കണ്ടില്ലെന്ന് നടിച്ചാൽ തികഞ്ഞ കൈയ്യടക്കത്തോടെയാണു സച്ചി സേതു തിരകഥയൊരുക്കിയിരിക്കുന്നത്. കളർഫുൾ ആയ ചിത്രീകരണം സീനിയേഴ്സിന്റെ മാറ്റു കൂട്ടുന്നു. ഗാനങ്ങൾ സന്ദർഭത്തിനു യോജിച്ചവതന്നെ. തന്റെ ആദ്യ ചിത്രത്തേക്കാളും നല്ല ഒരു സിനിമ ഒരുക്കിയതിലും അത് പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചതിലും സംവിധായകനു അഭിമാനിക്കാം.

ഈ സിനിമ കണ്ട ചിലർ ഇത് തല്ലി പൊളി, വളിപ്പ്, അറുമ്പോറ് എന്നൊക്കെ പറഞ്ഞേക്കാം. കാരണം.. ഇതിൽ കരിഓയിലിൽ വീണു ഉരുളുക, പാന്റിന്റെ സിബ് ഇടുമ്പോൾ ഇറുകുക, നാലു നില കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീഴുക തുടങ്ങിയ വറൈറ്റി കോമഡികൾ ഇല്ല എന്നതു തന്നെ..!

മാണിക്യക്കല്ല്


കഥ പറയും എന്ന കൊച്ചു ചിത്രത്തിന്റെ വലിയ വിജയം കഴിഞ്ഞ് ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം എം മോഹൻ പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്ത സിനിമയാണു മാണിക്യക്കല്ല്. തന്റെ ആദ്യ ചിത്രത്തിനു ശ്രീനിവാസൻ എന്ന മഹാനായ തിരകഥാകൃത്തിന്റെയും മമ്മൂട്ടി എന്ന അതുല്യ നടന്റെയും സാന്നിധ്യം മോഹനു കൂട്ടായി ഉണ്ടായിരുന്നു. അതു കൊണ്ട് തന്നെ സ്വന്തം കഴിവ് ഒരിക്കൽ കൂടി അരക്കിട്ടുറപ്പിക്കേണ്ട ബാധ്യത മോഹൻ എന്ന സംവിധായകനുണ്ടായിരുന്നു താനും.

സ്വന്തം രചനയിൽ സംവിധാനം നിർവ്വഹിച്ച രണ്ടാമത്തെ സിനിമയിലൂടെ മലയാള സിനിമയിൽ തന്റെതായ ഒരു സ്ഥാനം മോഹൻ ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു. സത്യൻ അന്തിക്കാടിനു ശേഷം ഗ്രാമീണ കഥകൾ ഭംഗിയായി കൈകാര്യം ചെയ്യാൻ സാധിക്കുന്ന സംവിധായകൻ എന്ന പദവി പൃഥ്വിരാജിനെ നായകനാക്കി സിനിമ ചെയ്ത് നേടിയെടുത്തതിൽ ആണു സംവിധായകൻ കൈയ്യടി നേടുന്നത്. പത്താം ക്ലാസ്സ് പരീക്ഷയിൽ സമ്പൂർണ്ണ പരാജയം നേടിയ വണ്ണാമല എന്ന ഗ്രാമത്തിലെ സ്കൂളിനെയും അവിടുത്തെ ഗ്രാമവാസികളെയും ചുറ്റിപറ്റിയാണു മാണിക്യക്കല്ലിന്റെ കഥ വികസിക്കുന്നത്.

95% വിജയം കൈവരിക്കുന്ന ഇക്കാലത്ത് ഇങ്ങനെയും സ്ക്കൂളുകൾ കേരളത്തിൽ ഉണ്ട് എന്നതിന്റെ ഒരു ഓർമപ്പെടുത്തൽ കൂടിയാണു ഈ സിനിമ. വണ്ണാമല ഹൈസ്കൂളിലേയ്ക്ക് സ്ഥലം മാറ്റം വാങ്ങിയെത്തിയ വിനയചന്ദ്രൻ മാഷിനു(പൃഥ്വി) ചില ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. അത് നിറവേറ്റാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളും അതിനെ തുടർന്ന് ആ സ്ക്കൂളിലും നാട്ടിലും സംഭവിക്കുന്ന മാറ്റങ്ങളുമൊക്കെയാണു ഗ്രാമീണ ഹാസ്യത്തിന്റെ മേമ്പൊടിയോടെ മാണിക്യക്കല്ലിൽ പറയുന്നത്.

ഉദയ്കൃഷ്ണ- സിബി കോമഡി സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന സുരാജും സത്യൻ അന്തിക്കാടിന്റെ ആയുധങ്ങളായ ഇന്നസെന്റും മാമുക്കോയെയുമൊന്നും ഉപയോഗിക്കാതെ തന്റെതായ ഒരു കൂട്ടു കെട്ട് സൃഷ്ടിച്ചെടുത്താണു എഴുത്തുകാരൻ കഥയിൽ നർമ്മം കണ്ടെത്തിയിരിക്കുന്നത്. കുഞ്ഞിരാമൻ എന്ന തന്റെ പേരു ഗസറ്റിൽ തമ്പുരാൻ എന്നു പരസ്യം ചെയ്ത് മാറ്റിയ സലിം കുമാർ, സ്കൂൾ റൂം, വളം സൂക്ഷിക്കാൻ ഉപയോഗിക്കുന്ന നെടുമുടിവേണുവിന്റെ ഹെഡ്മാസ്റ്റർ,ജഗതിയുടെ കള്ളവാറ്റുകാരൻ കരിങ്കൽ കുഴി തുടങ്ങി ഒരുപാട് കഥാപാത്രങ്ങൾ ഈ ചിത്രത്തിലുണ്ട്. നായിക വേഷത്തിൽ എത്തിയ സംവൃത തകർത്തഭിനയിച്ചിട്ടുണ്ട്. സുകുമാറിന്റെ ക്യാമറ മനോഹരമായ രീതിയിൽ വണ്ണാമല ഗ്രാമത്തിന്റെ സൗന്ദര്യം പ്രേക്ഷകരിൽ എത്തിക്കുന്നു. വിനയ ചന്ദ്രൻ മാഷായി അഭിനയിക്കുന്ന പൃഥ്വിരാജ് ഒരു വലിയ വെല്ലുവിളി തന്നെയാണു സ്വീകരിച്ചത്. ഒരു വാക്കിലോ നോട്ടത്തിലോ പോലും സാദാ സ്ക്കൂൾ മാഷിന്റെ കുപ്പായത്തിൽ നിന്ന് വ്യതിചലിക്കാതിരിക്കാൻ പൃഥ്വിരാജ് ശ്രമിച്ചിട്ടുണ്ട്.

ഹൃദയസ്പർശിയായ ഒരു കഥ നന്നായി പറഞ്ഞു പോകാൻ സംവിധായകനു കഴിഞ്ഞെങ്കിലും തഴക്കം ചെന്ന ഒരു സംവിധായകന്റെയോ എഴുത്തുകാരന്റെയോ അഭാവം എവിടെയൊക്കെയോ മുഴച്ചു നിൽക്കുന്നതായി തോന്നാം. കഥപറയുമ്പോൾ നൽകിയ അത്രയ്ക്കും അനുഭൂതി മാണിക്യക്കല്ലിനു നൽകാൻ കഴിയാതെ പോകുന്നതും ഇക്കാരണം കൊണ്ട് തന്നെ. സുരേഷ് ഗോപിയെ ഭരത് ചന്ദ്രനാക്കാനും മോഹൻലാലിനെ സേതുമാധവനാക്കാനും മമ്മൂട്ടിയെ ജികെ ആക്കാനും ദിലീപിനെ മീശമാധവൻ ആക്കാനും അന്ന് മലയാള സിനിമയിൽ ശക്തരായ എഴുത്തുകാർ ഉണ്ടായിരുന്നു. ഈ കാര്യത്തിൽ പൃഥ്വിരാജിനെ പോലുള്ളവർ നിർഭാഗ്യവാന്മാരാണു. പക്ഷെ എം മോഹനെ പോലെയുള്ള സംവിധായകർ ഇത്തരം കഥകൾ കണ്ടെത്തുകയും അതിൽ യുവതാരങ്ങൾക്ക് അവസരം നൽകുകയും ചെയ്യുന്നു എന്നത് ഇവരെ സംബന്ധിച്ചിടത്തോളം ആശ്വാസകരം തന്നെ.

ഇനി മലയാള സിനിമ "തിയറ്ററിൽ" നിന്ന് കാണുന്നവരുടെ അറിവിലേയ്ക്ക്

ഈ സിനിമ നിങ്ങൾ കണ്ടില്ലെന്ന് കരുതി യാതൊന്നും സംഭവിക്കാൻ പോകുന്നില്ല. നിരവധി മലയാള സിനിമകൾ ഇറങ്ങി തിയറ്ററുകൾ മാറുന്നതിന്റെ കൂട്ടത്തിൽ ഇതും മാറിക്കോളും. ഇനി ഒരു പക്ഷെ ഈ സിനിമ കാണണമെന്ന് നിങ്ങൾ തിരുമാനിച്ചാൽ അത് ഒരു തിരിച്ചു പോകലിന്റെ ആരംഭം ആയിരിക്കും, പാപ്പിയും അപ്പച്ചനും പോക്കിരിരാജയുടെ കൂടെ ചേർന്ന് കാര്യസ്ഥന്റെ സഹായത്തോടെ ചൈനാടൗണിലെത്തി ക്രിസ്ത്യൻ ബ്രദേഴ്സിനോട് ഏറ്റുമുട്ടി നശിപ്പിച്ച മലയാള സിനിമയുടെ വസന്തകാലത്തേയ്ക്കുള്ള ഒരു തിരിച്ചു പോക്കിന്റെ ആരംഭം..!

Followers

 
Copyright 2009 b Studio. All rights reserved.