RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

മഗധീര...


ഇത് ഒരു തെലുങ്കു പടം ആണു. ആന്ധ്രയിൽ വൻ ഹിറ്റായി ഓടി കൊണ്ടിരിക്കുന്ന സിനിമ അജിത് തമിഴിൽ റീമേക്ക് ചെയ്യുന്നു, അമീർഖാൻ ഹിന്ദിയിൽ റീമേക്ക് ചെയ്യുന്നു എന്നൊക്കെ കേട്ടപ്പോൾ വളരെ കഷ്ട്ടപ്പെട്ട് ബുദ്ധിമുട്ടി CD സംഘടിപ്പിച്ചു കണ്ടതാണു ഈ സിനിമ. അത്രയും വലിയ ഒരു സംഭവമാണെങ്കിൽ അതൊന്ന് കണ്ടിരിക്കണമല്ലോ.. CD തന്ന കടക്കാരൻ ഓർമ്മിപ്പിച്ചു ഇത് തെലുങ്കു സിനിമയാണു നിങ്ങൾക്ക് ഒന്നും മനസ്സിലാവില്ല..എന്ന്.പക്ഷെ ഈ പടം മനസ്സിലാക്കാൻ തെലുങ്ക് അറിയണമെന്നില്ല..(അല്ലെങ്കിലും ഇംഗ്ലീഷ് പടമൊക്കെ മനസ്സിലായിട്ടാണല്ലോ കാണുന്നത്.)
നമ്മുടെ തിയറ്ററിൽ വരുന്ന അല്ലു അർജുൻ സിനിമകളെ പോലെ അല്ല ഈ സിനിമ. അമീറിനെയും അജിത്തിനെയും കുറ്റം പറയാൻ പറ്റില്ല കാരണം ഈ പടം കണ്ടാൽ ആരും ആഗ്രഹിച്ചു പോകും അതിൽ അഭിനയിച്ചിരുന്നെങ്കിൽ എന്നു... ചിരഞ്ജീവിയുടെ മകനായ രാംചരൻ തേജ് ആണു ഇതിലെ നായകൻ നായിക കാജൽ അഗർവാൾ. ഇതു ശരിക്കും ഒരു മഹത്തായ സിനിമ തന്നെയാണു..
വല്ലപ്പോഴും സംഭവിക്കുന്ന അത്ഭുതം എന്നൊക്കെ പറയുന്ന പോലെ തെലുങ്ക് സിനിമയ്ക്ക് എന്നും അഭിമാനിക്കാവുന്ന ഒരു ചിത്രം. കഴിയുന്നതും വേഗം ഇതിന്റെ CD സംഘടിപ്പിച്ചു കാണാൻ ശ്രമിക്കുക കാരണം അജിത്തിന്റെയോ അമീർഖാന്റെയോ രൂപത്തിൽ ആണു നിങ്ങൾ മഗധീരയിലെ നായകനെ ആദ്യമായി കാണാൻ പോകുന്നത് എങ്കിൽ... അതിനു ശേഷം ആണൂ ഒറിജിനൽ തെലുങ്ക് സിനിമ നിങ്ങൾക്ക് കാണാൻ സാധിക്കുന്നതു എങ്കിൽ ചന്ദ്രമുഖി കണ്ടതിനു ശേഷം മണിച്ചിത്രത്താഴ് കാണുന്ന അനുഭവം ആയിരിക്കും നിങ്ങൾക്ക് ഉണ്ടാവുക..!

മഞ്ഞില്‍ വിരിയാത്ത പൂവ്


ഇക്കാര്യത്തിൽ ഇത് ഞാൻ മാത്രം അഭിമുഖീകരിക്കുന്ന പ്രശ്നമല്ല. പഴയ കാല സംവിധായകർ മുഴുവനും ഇതേ അവസ്ഥ നേരിട്ടു കൊണ്ടിരിക്കുകയാണു. IV ശശിയുടെ കാര്യം തന്നെ എടുക്കു, മലയാളത്തിലെ ഏറ്റവു വലിയ സംവിധായകൻ ആയിരുന്നില്ലേ എന്താണ് അദേഹത്തിന്റെ ഇപ്പോഴത്തെ നിലവാരം, അതു പോലെ പണ്ടത്തെ ജോഷി ചിത്രങ്ങളുടെ അടുത്തെത്തുമോ റോബിൻ ഹുഡും മറ്റും. പിന്നെ സത്യന്റെ കഥ ഏകദേശം തീരാറായി, ഇനി ഇതിനു ഒരപവാദമായി നിങ്ങൾ ചൂണ്ടി കാണിക്കുക ഹരിഹരനെയാണു. അതും പഴശി രാജ എടുത്തത് കൊണ്ട്. എംടിയുടെ തിരകഥ കിട്ടിയാൽ ഹരിഹരനെന്നല്ല വിനയൻ വരെ എടുത്തു കളയും നല്ല ഒന്നാന്തരം സിനിമ. അത് ഹരിഹരന്റെ പഴശിക്കു മുമ്പുള്ള സിനിമകൾ പരിശോധിച്ചാൽ മനസിലാക്കാവുന്നതെ ഉള്ളു .
എന്റെ സിനിമകളെ കുറിച്ച് പറയുകയാണെങ്കിൽ ഞാൻ ചെയ്ത സിനിമകളെല്ലാം ഒന്നെങ്കിൽ വൻ വിജയം നേടിയവ അല്ലെങ്കിൽ വൻ പരാജയം നേരിട്ടവ ആയിരുന്നല്ലോ..
മിക്ക സിനിമകളും ഒരു ട്രെന്റ് സെറ്റർ ആയിരുന്നു. അനിയത്തി പ്രാവും മണിച്ചിത്രത്താഴും എല്ലാം.
പക്ഷെ ഈ അടുത്തിടെ ഞാൻ ചെയ്യുന്ന സിനിമകൾ ഒന്നും അത് അർഹിക്കുന്ന വിജയം നേടുന്നില്ല. എനിക്ക് തോന്നുന്നത് പ്രേക്ഷകരുടെ അഭിരുചി എന്റെ അഭിരുചിക്ക് അനുസരിച്ച് മാറുന്നില്ല എന്നാണു.
ഇന്നത്തെ യുവ തലമുറയ്ക്ക് വേണ്ടി ഞാൻ എടുത്ത സിനിമയാണു കൈ എത്തും ദൂരത്ത്. എനിക്കാ സിനിമയിൽ വലിയ പ്രതീക്ഷയും ആയിരുന്നു.അതു കൊണ്ടാണല്ലോ ഞാൻ എന്റെ മോനെ തന്നെ അഭിനയിപ്പിച്ചത്. പക്ഷെ പടം കണ്ടവരു പറഞ്ഞത് ഇത് ഒരു 10 കൊല്ലം മുൻപ് ഇറങ്ങേണ്ട പടം ആയിരുന്നു എന്നാണു. അതാണു ഞാൻ പറഞ്ഞത് പ്രേക്ഷകർ എന്റെ കാഴ്ച്ചപാടിനനുസരിച്ച് മാറുന്നില്ല എന്ന്.
അതു പോലെ വിസ്മയതുമ്പത്ത്.. അതിനു മണിചിത്രത്താഴിനോട് വല്ലാത്ത സാമ്യം ഉണ്ടായിരുന്നത്രെ. എവിടുന്ന്... എനിക്കൊന്നും തോന്നിയില്ല. അല്ലെങ്കിലും സാമ്യം വരാൻ ഒരു സാധ്യതയും ഇല്ല കാരണം മണിചിത്രത്താഴ് സംവിധാനം ചെയ്തത് പ്രിയനും സിദിക്കും ലാലും സിബിയും ഒക്കെ കൂടി ചേർന്നാണല്ലോ. അവസാനമായി ഞാൻ എടുത്ത പടം മോസ് n ക്യാറ്റ് ആയിരുന്നു. വളരെ മനോഹരമായ ഒരു സിനിമ ആയിരുന്നു അത് . പക്ഷെ ഞാൻ ഉദേശിച്ച പോലെ വിജയിച്ചില്ല. ഈ റിയാലിറ്റി ഷോകൾ ഒക്കെ ഉള്ള കാരണം പ്രേക്ഷകർ തീയറ്ററിൽ വരുന്നത് വളരെ കുറവായിരിക്കുന്നു. എനിക്കങ്ങനെ വാരി വലിച്ച് സിനിമ ചെയ്യണം എന്ന വാശിയൊന്നും ഇല്ല. സത്യം പറഞ്ഞാൽ എന്റെ ഏറ്റവും വലിയ ആഗ്രഹം എനിക്ക് ഒരിക്കലും ചിന്തിക്കാൻ പോലും പറ്റാത്ത അത്ര മനോഹരമായ ഒരു സ്ക്രിപ്റ്റുമായി ആരെങ്കിലും എന്റെ അടുക്കൽ വരുകയും അത് ഞാൻ സിനിമ ആക്കുകയും ചെയ്യുക എന്നതാണു. അങ്ങിനെ ഒരാൾ വരുന്നതും നോക്കി ഞാൻ ഇങ്ങനെ കാത്തിരിക്കുകയാണു പക്ഷെ പണ്ട് മധു മുട്ടം വന്നപോലെ ഇപ്പോ ആരും വരുന്നില്ല. പിന്നെ അറിയാവുന്ന പണി മറന്നു പോകരുതല്ലോ എന്ന് കരുതിയാണു ഇടയ്ക്കൊക്കെ സിനിമ സംവിധാനം ചെയ്യുന്നത്.. ഇപ്പോഴത്തെ യൂത്തിനു ഇഷ്ടപ്പെടുന്ന ഒരു കഥ “വർഷങ്ങളായി” എന്റെ മനസിലുണ്ട് അത് ഞാൻ സിനിമയാക്കാൻ പോവുകയാണു. ഒരുപാട് കാമുകന്മാരെ പറ്റിക്കുന്ന ശ്യാമ എന്ന പെൺകുട്ടിയുടെ കഥ. ചിത്രത്തിനു പേരിട്ടട്ടില്ല. ചന്ദ്രകലയിൽ അവസാനിക്കുന്ന ഒരു പേരിനു വേണ്ടിയുള്ള തിരച്ചിലിൽ ആണു. അങ്ങിനെ ഞാൻ വീണ്ടും വരികയാണു.കാമുകന്മാരെ പ്രണയ വലയിൽ വീഴ്ത്തി പറ്റിക്കുന്ന കഥയുമായി.. പ്രേക്ഷകർ പറ്റിക്കാതെ ഇരുന്നാൽ മതിയായിരുന്നു ഇപ്രാവശ്യമെങ്കില്ലും....!

എന്നു തീരും എന്റെ ദുഃഖം....!!


എന്റെ ഒരു ഗതി കേട്.. അല്ലാതെന്തു പറയാൻ.. ജനപ്രിയ നായകൻ ആയിരുന്ന ഞാൻ ഇപ്പോൾ അപ്രിയ നായകൻ ആയിരിക്കുകയാണ് .ആ ട്വന്റി20 വിജയിച്ചപ്പോൾ ഞാൻ കരുതി ഇതോടെ എന്റെ എല്ലാ കഷ്ട്ടകാലവും തീർന്നു എന്ന്. എവിടുന്നു..... ഇതു കണ്ടകശനിയാ എന്നെ കൊണ്ടേ പൂവു.
നിങ്ങൾക്കറിയോ.. എന്റെ ഒരു പടം ശരിക്കും വിജയിച്ചിട്ട് 6 കൊല്ലമായി. എന്റെ ഓർമ്മ ശരിയാണെങ്കിൽ 2004 ൽ റൺ വേ. അതിനു ശേഷം പിന്നെ എന്റെ ഒരൊറ്റ പടം പോലും 100 days ഓടിയിട്ടില്ല. അപ്പോൾ നിങ്ങൾ ചോദിക്കും അതെന്തു വർത്താനമാണു പറയുന്നത് വിനോദയാത്ര ഓടിയില്ലേ എന്ന്. ശരിയാണു വിനോദയാത്ര ഓടി പക്ഷെ അതിന്റെ മുഴുവൻ ക്രെഡിറ്റും സംവിധായകൻ കൊണ്ടു പോയില്ലേ.. ജൂലൈ 4 എന്റെ ഭാഗ്യ ദിവസമാണു എന്ന് പറഞ്ഞ് ഞാൻ ആ പേരിൽ ഒരു പടം എടുത്തു. നല്ല സൂപ്പർ സിനിമ ആയിരുന്നു പക്ഷെ എന്താണു എന്ന് അറിയില്ല പടം ഓടിയില്ല.
പിന്നെ ഞാൻ കല്ക്കട്ടയിൽ പോയി അഭിനയിച്ചു. അത് ഗംഭീര സിനിമ ആയിരുന്നു പക്ഷെ അതും ഓടിയില്ല. അതു കഴിഞ്ഞു രണ്ടും കല്പിച്ച് ഞാൻ ലാൽ ജോസിന്റെ പടത്തിൽ വീണ്ടും അഭിനയിച്ചു. ഒരു ഗുണ്ടയായിട്ടു. അതും ഓടാതെ ആയപ്പോൾ എനിക്ക് മനസ്സിലായി എനിക്ക് ആരോ കൂടോത്രം ചെയ്യുന്നുണ്ട് എന്ന്. അല്ലെങ്കിൽ പിന്നെ എന്റെ ഈ മഹത്തായ സിനിമകൾ ഒക്കെ എങ്ങനെ പൊളിയുന്നു.??
ലാൽ ജോസിന്റെ പടം കൂടി പൊളിഞ്ഞതോടെ എന്നെ പിന്നെ ആരും വിളിക്കാതെയായി. സത്യം പറഞ്ഞാൽ അതുകൊണ്ടാണു ഞാൻ ട്വന്റി20 നിർമ്മിച്ചത്. ദോഷം പറയരുതല്ലോ.നായകൻ ഞാൻ അല്ലായിരുന്നത് കൊണ്ട് പടം വൻ ഹിറ്റ് ആയി. അതോടെ എന്റെ ശുക്രൻ തെളിഞ്ഞു എന്നാണു ഞാൻ വിചാരിച്ചത്. കാരണം ട്വന്റി 20 കഴിഞ്ഞ ഉടൻ എന്നെ ഫാസിൽ സാർ വിളിച്ചു, സിദിക്ക് സാർ വിളിച്ചു ,കമൽ സാർ വിളിച്ചു. അവരുടെയൊക്കെ അടുത്ത സിനിമകളിൽ ഞാനാണു നായകൻ എന്ന് പറയാൻ.
പക്ഷെ ആ പടങ്ങൾ മൂന്നും റിലീസ് ചെയ്തു കഴിഞ്ഞപ്പോള്‍ അതിന്റെ ഒക്കെ നിർമാതക്കൾക്ക് ഞാൻ ചിലവിനു കൊടുക്കേണ്ട അവസ്ഥയായി . നയൻ താര ഒക്കെ അഭിനയിച്ചത് കൊണ്ട് സിദിക്ക് സാറിന്റെ പടത്തെ പറ്റി എനിക്ക് നല്ല പ്രതീക്ഷ ആയിരുന്നു പക്ഷെ.....! എനിക്കറിയാം ആരാണു ഇതിന്റെ ഒക്കെ പിന്നിൽ കളിക്കുന്നത് എന്ന്. ഞാൻ ഇപ്പോ മിണ്ടാതെ ഇരിക്കുന്നത് പേടിച്ചിട്ടൊന്നും അല്ല. ഞങ്ങൾ തമ്മിൽ നേർക്ക് നേർ മുട്ടുന്ന ഒരു ദിവസം വരും അന്ന് തീർക്കും ഞാൻ എല്ലാ കണക്കുകളും.
എന്തായാലും ഈ വിഷുവിനു എന്റെ ഒരു പടം റിലീസ് ചെയ്യുന്നുണ്ട്. ഞാനും കാവ്യാമാധവനും ആണു അഭിനയിക്കുന്നത്.ഞങ്ങൾ രണ്ടു പേരും മലയാളത്തിലെ ഷാരുഖും കാജോളും ആണ് എന്നാണ് അസൂയക്കാരു പറയുന്നത്.. ഈ പടം എന്റെ അനിയൻ ആണു നിർമ്മിക്കുന്നത്. അനിയൻ എന്ന് പറയുമ്പോൾ ഞാൻ തന്നെ... സ്വന്തം പേരിൽ എടുക്കുന്ന പടങ്ങൾ ഒക്കെ പൊളിയുകയാ അതു കൊണ്ടാണു ലാലേട്ടൻ ചെയ്യുന്ന പോലെ വെറെ ആളുടെ പേരിൽ എടുക്കാം എന്ന് വെച്ചത്.. ഈ സിനിമ നിങ്ങൾ എന്തായാലും കാണണം എന്റെ അവസാനം ഇറങ്ങിയ 3 സിനിമകളും നിങ്ങൾ കണ്ടില്ല.. ഇതെങ്കില്ലും ഒന്ന് കണ്ടൂടെ. പ്ലീസ്......ഇല്ലെങ്കിൽ എന്റെ കുടുംബം പട്ടിണിയായി പോവും.
കാണണേ..കാണാൻ മറക്കരുതേ....... !!!

എന്റെ സിനിമ പരാജയപ്പെടുത്തുന്നത് ആർക്കു വേണ്ടി..??


എനിക്ക് മനസ്സിലാവുന്നില്ല എന്താണു സംഭവിക്കുന്നതെന്നു. സങ്കടമുണ്ട്, വളരെയധികം വിഷമമുണ്ട് എന്നാൽ അതിനെക്കാളേറെ സഹതാപവും ഉണ്ട്.. നിങ്ങളോട്.. എന്നെ വളരെയധികം സ്നേഹിക്കുന്ന മറുനാടൻ മലയാളികളോട്.. എന്തിനാണു എന്നല്ലേ.. പറയാം..എന്റെ പുതിയ സിനിമയെ പറ്റി വന്ന റിവ്യുകൾ പലതും നിങ്ങൾ വായിച്ചു കാണും എന്ന് വിചാരിക്കുന്നു.മിക്ക റിവ്യുകളും എന്നോട് മുൻ വൈരാഗ്യം ഉള്ള പോലെ ആണു പലരും എഴുതിയിരിക്കുന്നത്. എന്നോട് ദേഷ്യം തോന്നിക്കോട്ടെ അത് എനിക്ക് വിഷയമല്ല. കാരണം ഞാൻ ഒരു സുന്ദരനായതു കൊണ്ടു പൊതുവെ ചെറുപ്പക്കാർക്ക് എന്നോട് അസൂയയാണു. പക്ഷെ എന്നോടുള്ള ദേഷ്യം ഇവർ എന്തിനാണു എന്റെ സിനിമയോട് തീർക്കുന്നത്.??
നിങ്ങളുടെ ഒക്കെ മനസ്സിൽ എന്റെ പുതിയ സിനിമ ഇപ്പോൾ കേരളത്തിൽ പൊളിഞ്ഞു പാളീസായിരിക്കും എന്നാവും, എനിക്കറിയാം. എന്നാൽ ഇവുടുത്തെ 80 ഓളം തിയറ്ററുകളിൽ എന്റെ സിനിമ തകർത്തോടുകയാണു. സത്യം.....!
പിന്നെ സിനിമ ഒരല്പം ഓവറാണു അത് ഞാനും സമ്മതിക്കുന്നു. പക്ഷെ ഇവരുടെ ഒക്കെ എഴുത്ത് കണ്ടാൽ തോന്നും മലയാള സിനിമയിൽ ഞാനാണു ഇങ്ങനത്തെ ഒരു സിനിമ ആദ്യമായിട്ടു ചെയ്യുന്നത് എന്ന്. മമ്മൂക്കയും ലാലേട്ടനും സുരേഷേട്ടനും ഒക്കെ ഇതു പോലുള്ള റോളുകൾ ചെയ്തിട്ടുണ്ട് അവരു ചെയ്യുമ്പോൾ ഹായ്.. ഹായ്.. ഞാൻ ചെയ്യുമ്പോൾ മാത്രം കൂയ്... കൂയ്..
ഇതിലെവിടെ ന്യായം..?
ഇതിലെവിടെ നീതി....?
എന്റെ സിനിമ ഓടില്ല എന്നാണു പലരും എഴുതിയിരിക്കുന്നത്.. ഞാനൊന്നു ചോദിക്കട്ടെ ഇതിലും എത്രയോ മോശമായ സിനിമകൾ കേരളത്തിൽ ഓടിയിരിക്കുന്നു. നാട്ടുരാജാവ് ഓടിച്ചല്ലോ 50 ദിവസം. മായബസാർ ഓടിയില്ലെ 30 ദിവസം. എന്തിനു അലിഭായ് വരെ ഓടിച്ചില്ലേ 25 ദിവസങ്ങൾ.. എന്നിട്ടാണു എന്റെ സിനിമ ഒരാഴ്ച്ച പോലും ഓടിക്കാൻ പറ്റില്ല എന്ന് തിയറ്ററുകാർ പറയുന്നു എന്ന് പറഞ്ഞ് എഴുതി വിട്ടിരിക്കുന്നത്.. ഹോൾഡ് ഓവർ ആയി പ്പോലും.. ഒക്കെ ചുമ്മാ പറയുന്നതാണെന്നെ..
എന്തായാല്ലും എല്ലാവരും കൂടി അറിയാൻ പറയുകയാണു. ഇതൊരു തുടക്കം മാത്രമാണു. ഇനി വരുന്നത് മമ്മൂക്കയോടൊപ്പം പോക്കിരി രാജ. അതിൽ ശരിക്കും നായകൻ ഞാനാ.. മമ്മൂക്ക വെറും ഗസ്റ്റ് റോൾ .. ആരോടും പറയണ്ട സസ്പൻസ് ആണു.. അത് കഴിഞ്ഞ് സാക്ഷാൽ മണി രത്നത്തിന്റെ പടം.. പിന്നെ അമൽ നീരദ്, അന്വർ റഷീദ്, ഷാജി കൈലാസ്, ലാൽ ജോസ്. എനിക്കു വയ്യ.. എന്നെ കൊണ്ടു ഞാൻ തോല്ക്കും.. 2012 വരെ എനിക്കു ഡേറ്റ് ഇല്ല.. അത് നിങ്ങൾക്കു അറിയോ ഇങ്ങനെ ഉള്ള എന്നെ കുറിച്ച് അപവാദ പ്രചരണങ്ങൾ നടത്തുന്ന, എന്റെ സിനിമയോട് ചിറ്റമ്മ നയം കാണിക്കുന്നവരോടൊക്കെ ദൈവം ചോദിക്കും...ദൈവം..

പ്രമാണി..


“തന്റേതായ പ്രമാണങ്ങള്‍ ഉള്ളവന്‍ .. പ്രമാണി..”
ഇതായിരുന്നല്ലോ പ്രമാണിയുടെ പരസ്യ വാചകം.
പടം കണ്ടിറങ്ങിയപ്പോൾ ആശ്വാസം തോന്നി.. BC ജോഷിയുടെ ഉള്ള പ്രമാണം പോകാതെ കഷടിച്ചു രക്ഷപ്പെട്ടു ഇത്തവണ... പക്ഷെ ഇനിയൊരവസരം കൂടി ഉണികൃഷ്ണനു കൊടുത്താൽ കുടുബ സ്വത്ത് വില്ക്കേണ്ടി വരും.. തീർച്ച..
പ്രമാണി..
B ഉണികൃഷണന്റെ 4 മത്തെ പടം, മാടമ്പിക്കു ശേഷം BC ജോഷി നിർമ്മിക്കുന്ന ചിത്രം. മമ്മൂട്ടിയുടെ രണ്ട് വിഷു ചിത്രങ്ങളിൽ ആദ്യത്തേത്..
മാടമ്പി എന്ന ശരാശരി ചിത്രം എങ്ങനെ ഒരു വൻ വിജയം നേടിയെടുത്തു എന്നതിന്റെ ഗവേഷണങ്ങൾ ഇന്നും തീർന്നട്ടില്ല മലയാള സിനിമയിൽ ഇതു വരെ..എന്നാൽ മാടമ്പി വഴി തെറ്റി വന്ന ഒരു വിജയമല്ല്ല എന്നു തെളിയിച്ചു കൊണ്ട് ഉണികൃഷണൻ വീണ്ടും കഴിവു തെളിയിച്ചിരിക്കുകയാണു. സ്മാർട്ട് സിറ്റിയിൽ നിന്നും മാടമ്പിയിൽനിന്നും IG യിൽ നിന്നും ഒക്കെ ഒരു സംവിധായകൻ എന്ന നിലയിലും തിരകഥാകൃത്ത് എന്ന നിലയിലും ഉണികൃഷണൻ ഒരുപാടു മുന്നേറിയിരിക്കുന്നു പ്രമാണിയിൽ..പക്ഷെ ഒരു ജനപ്രിയ സിനിമയുടെ സംവിധായകനാകാൻ ഇനിയും ഏറെ ദൂരം ഉണികൃഷണൻ സഞ്ചരിക്കേണ്ടതുണ്ട്.. ദ്രോണയുടെ പരാജയത്തിൽ നിന്നും തല്കാലത്തേക്ക് കരകയറാൻ പ്രമാണി മമ്മൂട്ടിയെ സഹായിക്കും.. തല്ക്കാലത്തേക്കു മാത്രം.... ഫാൻസുകാർക്കും അല്ലാത്തവർക്കും ബഹളങ്ങളൊന്നും കൂടാതെ കണ്ടിരിക്കാൻ പറ്റുന്ന ഒരു ചെറിയ ചിത്രം..എന്തായാലും ഏപ്രിൽ 30 വരെ മലയാള സിനിമയുടെ പ്രമാണി ആയിത്തന്നെ മമ്മൂട്ടിയ്ക്ക് തല ഉയർത്തിപിടിച്ചു നില്ക്കാം...!.

ഇൻ ഗോസ്റ്റ് ഹൗസ് ഇൻ


പല വട്ടം നാം കണ്ടിട്ടുള്ള സിനിമകളുടെ സ്ഥിരം വഴികളിലൂടെ ആണു ഇതിന്റെയും സഞ്ചാരം.. കഥാകഥനത്തിൽ തിരകഥകൃത്ത് കൂടി ആയ സംവിധായകനു മികവു പുലർത്താൻ സാധിച്ചില്ല...
ഇടവേളയക്ക് ശേഷം സംവിധായകന്റെ കൈയ്യിൽ നിന്നും പലപ്പോഴും സിനിമ വഴുതി പോകുന്നു..
നല്ലൊരു സിനിമ കാണാൻ തിയറ്ററിൽ എത്തുന്ന പ്രേക്ഷകനു തൃപ്തി നല്ക്കുന്നതെന്നും ചിത്രത്തിലില്ല.. എന്ന് വേണ്ട ഈ സിനിമയിലെ ഓരോ സീൻ to സീൻ എങ്ങനെ എടുക്കാമായിരുന്നു എന്ന് ഉള്ള നിർദ്ദേശങ്ങൾ അടങ്ങിയ നിരൂപണങ്ങൾ വരെ എഴുതി കളഞ്ഞേക്കും ചില നിരൂപകന്മാർ...
എന്നാൽ ആരു എന്തൊക്കെ എഴുതിയാലും ഞങ്ങൾക്ക് പറയാൻ ഒന്നേ ഉള്ളു..
അതെ ലാൽ വീണ്ടും അത് സാധിച്ചിരിക്കുന്നു..
സൂപ്പർ സ്റ്റാറുകളോ വിദേശ ലൊക്കേഷനുകളോ അല്ല. ഒരു പടത്തിന്റെ വിജയം നിശ്ചയിക്കുന്നത് മറിച്ച് ഒരു വിജയ സിനിമയ്ക്ക് വേണ്ടത് ശക്തമായ ഒരു തിരകഥയാണു എന്ന പ്രാഥമിക പാഠം ലാൽ ഒരിക്കൽ കൂടി കാണിച്ചു തന്നിരിക്കുന്നു......
കഴിഞ്ഞ വിഷുപോലെ ഇത്തവണയും വിഷു ബമ്പർ ലാലിനു തന്നെ....
ധൈര്യമായി പോയി കാണാം ഈ സിനിമ (ഇടയ്ക്ക് കുറച്ച് പേടിക്കുമെങ്കിലും).. ഇതിനു നിങ്ങൾ മുടക്കുന്ന 30 രൂപ അല്ലെങ്കിൽ 50രൂപ നിങ്ങൾക്ക് ഒരിക്കലും ഒരു നഷ്ടമാവില്ല..
ആഘോഷിക്കു.... ഓരോ നിമിഷവും.............................!

കഥ തുടരണോ.. ??


ഒരേ റൂട്ടിൽ ഓടുന്ന ബസ് പോലെ ആണു എന്റെ സിനിമകൾ എന്നാണു
മലയാളത്തിലെ ഒരു
കോമെഡിയൻ ആയ നടൻ എന്റെ സിനിമകളെ കുറിച്ച് പറഞ്ഞത്.. അത് ഞാൻ അയാളെ എന്റെ സിനിമകളിൽ അഭിനയിപ്പിക്കാത്തതിന്റെ കെറുവ് കൊണ്ടാണു എന്ന് എല്ലാവർക്കും അറിയാം.എനിക്കു വേണ്ടത് ശുദ്ധമായ നർമ്മമാണു അതു കൊണ്ടു തന്നെ ഇവരെയെന്നും എന്റെ സിനിമകളിൽ എനിക്ക് ആവശ്യമില്ല.. ഞാൻ ആരാണെന്നും എന്റെ സിനിമകൾ എന്താണെന്നും കേരളത്തിലെ പ്രേക്ഷകർക്ക് നന്നായിട്ടറിയാം. പ്രത്യേകിച്ച് സ്ത്രീ പ്രേക്ഷകർക്ക്. സംശയമുള്ളവർ എന്റെ സിനിമകൾ റിലീസ് ചെയ്യുമ്പോൾ തിയറ്ററിൽ പോയി നോക്കിയാൽ മതി അപ്പോൾ കാണാം സ്ത്രീജനങ്ങളുടെ നീണ്ട ക്യൂ.. കഴിഞ്ഞ ഏതാനും വർഷങ്ങളായി എല്ല്ലാ കൊല്ലവും വിഷുവിനു ഞാൻ സംവിധാനം ചെയ്യുന്ന സിനിമകൾ റിലീസ് ചെയ്യാറുണ്ട്. അതെല്ലാം 100 ദിവസം ഓടാറുമുണ്ട്.. പക്ഷെ എനിക്കതിന്റെ അഹങ്കാരം ഒന്നും ഇല്ല കേട്ടോ.. മലയാളത്തിലെ മറ്റേത് സംവിധായകനുണ്ട് ഇതു പോലെ വിജയ ചിത്രങ്ങൾ ചെയ്യുന്നത് എന്നൊന്നും ഞാൻ ചോദിക്കില്ല.. പണ്ട് എന്റെ സിനിമകൾക്ക് തിരകഥ എഴുതിയിരുന്നത് ശ്രീനിവാസൻ ആയിരുന്നു. കുറചു കഴിഞ്ഞപ്പോൾ എനിക്ക് മനസ്സിലായി ശ്രീനിവാസനു ഞാന്‍ വിചാരിക്കുന്ന അത്ര വലിയ കഴിവൊന്നുമില്ലെന്ന്. അപ്പോഴാണു ഞാൻ ലോഹിത ദാസിനെ പരിചയപ്പെടുന്നത്. ലോഹി നല്ല എഴുത്തുകാരൻ ആയിരുന്നു. പക്ഷെ സ്വന്തമായി സിനിമ സംവിധാനം ചെയ്യാൻ തുടങ്ങിയതോടെ പിന്നെ എന്റെ സിനിമകൾക്ക് തിരകഥ എഴുതാൻ സമയമില്ലാതെയായി.. അ സമയത്ത് ഞാൻ ശ്രീനിവാസനു വീണ്ടുമൊരവസരം കൂടി കൊടുത്തു. രക്ഷപെടുന്നെങ്കിൽ രക്ഷപ്പെട്ടോട്ടെ എന്ന് കരുതിയിട്ട്.. പക്ഷെ നിരാശയായിരുന്നു ഫലം. ആയിടയ്ക്കാണു ഞാൻ മീശമാധവൻ എന്ന ചിത്രം കാണുന്നത്. എന്റെ സിനിമകളുടെ അടുത്തെങ്ങും വരില്ലെങ്കിലും കുഴപ്പമില്ലാത്ത ഒരു സിനിമ.. അതിന്റെ തിരകഥാകൃത്തിനെ ഞാൻ പതുക്കെ എന്റെ കൂടെ കൂട്ടി.. എന്റെ കൂടെയാവുമ്പോൾ ഇതിലും നല്ല സിനിമകൾ എഴുതാനുള്ള പ്രചോദനം രഞ്ജനു കിട്ടും എന്ന ഒരൊറ്റ കാരണം കൊണ്ടാണു ഞാൻ അങ്ങിനെ ചെയ്തത്. അല്ലാതെ ചിലർ പറയുന്ന പോലെ രഞ്ജൻ പ്രമോദ് - ലാൽ ജോസ് കൂട്ട് കെട്ട് പിന്നെയും ഉണ്ടായാൽ അത് എനിക്ക് ഭീഷണിയാവും എന്ന് കരുതിയിട്ടൊന്നുമല്ല.. ഞാൻ എവിടെ കിടക്കുന്നു ആ ലാൽ ജോസ് എവിടെ കിടക്കുന്നു.. അങ്ങിനെ രഞ്ജനെ കൂടെ കൂട്ടിയപ്പോൾ ആദ്യമൊക്കെ അയാൾ നന്നായിട്ട് എഴുതി. ഞങ്ങൾ ഒരുമിച്ച സിനിമകൾ ഒക്കെ ഹിറ്റുകളും ആയിരുന്നു.. വിജയങ്ങൾ വരുമ്പോൾ മനുഷ്യൻ ഒരിക്കലും അഹങ്കരിക്കാൻ പാടില്ല.. എന്ന് ഒരാൾ അഹങ്കരിക്കാൻ ആരംഭിക്കുന്നുവോ അന്ന് മുതൽ അയാൾ വളരാൻ തുടങ്ങും .. താഴോട്ട്.. ഈ സത്യം രഞ്ജൻ മനസ്സിലാക്കാതെ പോയി.. മനസ്സിനക്കരയും, അച്ചുവിന്റെ അമ്മയും വിജയിച്ചത് അത് സംവിധാനം ചെയ്തത് ഞാൻ ആയതു കൊണ്ടാണു എന്ന് ഇവിടത്തെ കൊച്ചു കുട്ടികൾക്ക് വരെ അറിയാം. രഞ്ജൻ വിചാരിച്ചത് അയാളുടെ തിരകഥാ മികവു കൊണ്ടാണു എന്നാണു. അത് കൊണ്ടാണല്ലോ ഓടി പോയി ഫോട്ടോഗ്രാഫർ സംവിധാനം ചെയ്തത്.. അതിനു ശേഷം ഞാൻ അയാളെ കണ്ടിട്ടെയില്ല.. അങ്ങിനെ ഞാൻ വീണ്ടും ഒറ്റയ്ക്കായി.. പക്ഷെ ഞാൻ അങ്ങിനെ വെറുതെ ഇരുന്നാൽ ആകെ പ്രശ്നമാണു കാരണം വിഷുവിനു എന്റെ പടം ഇറങ്ങുന്നതും കാത്ത് കേരളത്തിലെ സ്ത്രീ പ്രേക്ഷകർ മുഴുവൻ കാത്തിരിക്കുന്നുണ്ട്.. അവരെ നിരാശപ്പെടുത്താൻ വയ്യ..അവസാനം ഞാൻ അത് തിരുമാനിച്ചു. തിരകഥ സ്വന്തമായി എഴുതാം എന്ന്.. അങ്ങിനെ ഞാൻ ആദ്യമായി എഴുതിയ തിരകഥയാണു രസതന്ത്രം.. ഗംഭീരമായിരുന്നു അല്ലേ.. എനിക്കറിയാം അല്ലെങ്കില്ലും ഞാൻ ചെയ്യുന്ന എന്തെങ്കിലും മോശമാവാറുണ്ടോ... ഇതിൽ നിന്നും ഞാൻ ഒരു കാര്യം മനസ്സിലാക്കി ഞാൻ ഒരു മികച്ച തിരകഥാകൃത്ത് തന്നെ ആണെന്ന്.. ഇനി മുതൽ ഒറ്റയ്ക്ക് തിരകഥ എഴുതാം എന്ന് അന്ന് ഞാൻ തിരുമാനിച്ചു.. അടുത്ത പടം വിനോദയാത്ര.. അതും ഹിറ്റ് . അതിന്റെ തിരകഥയ്ക്ക് എന്റെ തന്നെ മുൻ ചിത്രങ്ങളുമായി സാമ്യമുണ്ടായിരുന്നു എന്ന ഒരു ആരോപണം ഉണ്ടായിരുന്നു. അസൂയ അല്ലാതെന്താ.ഇനിയിപ്പോൾ ഉണ്ടെന്ന് തന്നെ വെക്കുക എന്താ കുഴപ്പം എന്റെ തന്നെ സിനിമകളില്ലേ അല്ലേ.. അത് കേരളത്തിലെ ലക്ഷക്കണക്കിനു വരൂന്ന എന്റെ സ്ത്രീ പ്രേക്ഷകർ അങ്ങ് സഹിക്കും.. കാരണം അവർക്ക് അത്രയ്ക്ക് ഇഷ്ട്ടമാണു എന്റെ സിനിമകളെ.. പിന്നെ എടുത്തത് ഇന്നത്തെ ചിന്താവിഷയം ആണു.. എനിക്ക് തിരകഥ എഴുതാൻ അറിയില്ല എന്ന് വരെ പറഞ്ഞു കളഞ്ഞു ചിലർ ആ പടം കണ്ടിട്ട്.. പക്ഷെ കുടുംബ പ്രേക്ഷകർ ആ പടം രണ്ടു കയ്യും നീട്ടി സ്വീകരിച്ചു, എനിക്ക് കേരളാ സര്‍ക്കാരിന്റെ അവാർഡും കിട്ടി.. അപ്പോ ഈ പറഞ്ഞ ഒരുത്തനെം കണ്ടില്ല കേട്ടോ ..
അവസാനമായി ഞാൻ എടുത്തത് ഭാഗ്യദേവത ആണു.. അതിലെ എന്റെ തിരകഥ വൈഭവം കണ്ട് മലയാളത്തിലെ മുൻ നിര തിരകഥാകൃത്തുകൾ വരെ അത്ഭുതപ്പെട്ടു പോയി എന്നാണു റിപ്പോർട്ട് (അതിനു മലയാളത്തിൽ ഇപ്പോ ആരാ മുൻ നിര തിരകഥാ കൃത്ത്.. ഞാൻ തന്നെ.. അല്ലാതാരാ..)
ഈ വിഷുവിനും ഞാൻ വരുന്നുണ്ട്.. എന്റെ സ്ത്രീ പ്രേക്ഷകർക്ക് മനോഹരമായ ഒരു വിഷു കൈ നീട്ടവുമായി.... ജയറാമും മമതയും അഭിനയിക്കുന്ന സിനിമ.. കഥ തുടരും.. മനസിലായില്ലേ.. കേരളത്തിലെ എന്റെ ലക്ഷക്കണക്കിനു വരുന്ന സ്ത്രീ പ്രേക്ഷ്കർക്ക് വേണ്ടി ഞാൻ ഇനിയും കഥ തുടരും എന്ന്..അവരാണു തിരുമാനിക്കേണ്ടത് ഞാൻ കഥ തുടരണോ.. വേണ്ടയോ എന്ന് ....

എ ലെറ്റർ ടു ഫാൻസ് ഫ്രം മെഗാ & സൂപ്പർ( A letter to fans from Mega & Super )


ഞങ്ങളെ സ്നേഹിക്കുന്ന പ്രിയ ആരാധകരെ....
ഞങ്ങൾ മലയാള സിനിമയിലെ താര രാജക്കന്മാർ ആണെന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയാം. മലയാള സിനിമയുടെ അഭിമാനവും ഇന്ത്യൻ സിനിമയുടെ അത്ഭുതവും ആണു ഞങ്ങളെന്നും നിങ്ങൾക്ക് അറിയാം. അങ്ങിനെയുള്ള ഞങ്ങളെ പറ്റിയാണു ഒരാൾ ഇങ്ങനെയൊക്കെ പറഞ്ഞു നടക്കുന്നത്. അദ്ദേഹം നല്ല കഴിവുള്ള ഒരു കലാകാരൻ ആണു.. ഞങ്ങൾ രണ്ടു പേരും അദ്ദേഹത്തെ ബഹുമാനിക്കുകയും ചെയ്യുന്നു. അദ്ദേഹം പറഞ്ഞതു ഒക്കെ ഞങ്ങൾ ക്ഷമിച്ചതായിരുന്നു. പക്ഷെ ഇതു വളരെ മോശമായിപ്പോയി. എന്താണു പുതിയതായി പറഞ്ഞത് എന്നാവും നിങ്ങൾ കരുതുന്നുണ്ടാവുക അല്ലേ..പറയാം.. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ആരോപണം ഞങ്ങൾ രണ്ടു പേരും കൂടി കഴിഞ്ഞ 10 കൊല്ലം കൊണ്ടു മലയാള സിനിമയ്ക്ക് ഉണ്ടാക്കിയ നഷ്ടം 350 കോടി ആണു എന്നാണു . പച്ച കള്ളമാണു പറയുന്നത്. തെളിവു സഹിതം ഞങ്ങൾ പൊളിച്ചു തരാം കല്ലുവെച്ച നുണ..
ഞങ്ങൾ കഴിഞ്ഞ 10 കൊല്ലത്തിനുള്ളിൽ അഭിനയിച്ച സിനിമകളുടെ പേരും വിജയിച്ചോ പരാജയപ്പെട്ടോ എന്ന വിവരവും താഴെ കൊടുത്തിരിക്കുന്നു ഇത് വായിച്ച് നിങ്ങൾ തിരുമാനിക്കു.. അദ്ദേഹം പറയുന്നത് സത്യമാണോ നുണയാണോ എന്ന്..
ഞാൻ അഭിനയിച്ച സിനിമകൾ 2000 മുതൽ
1.നരസിംഹം - വിജയം
2.ലൈഫ് ഇസ് ബ്യുട്ടിഫുൾ - പരാജയം
3.ശ്രദ്ധ - പരാജയം
4.ദേവദൂതൻ - പരാജയം
5.കാക്കകുയിൽ - പരാജയം
6.രവണപ്രഭു - വിജയം
7.പ്രജ - പരാജയം
8.ഉന്നതങ്ങളിൽ - പരാജയം
9.അച്ചനെയണെനിക്കിഷ്ട്ടം - പരാജയം
10.ഒന്നാമൻ - പരാജയം
11.താണ്ടവം - പരാജയം
12.ചതുരഗം - പരജയം
13.മിസ്റ്റർ ബ്രഹ്മചാരി - പരാജയം
14.കിളിചുണ്ടൻ മാമ്പഴം - പരാജയം
15.വാണ്ടഡ് - പരാജയം
16.ബലേട്ടൻ - വിജയം
17.ഹരിഹരൻ പിള്ള ഹാപ്പിയണു - പരാജയം
18.വാമനപുരം ബ്ബസ് റൂട്ട് - പരാജയം
19.വിസ്മയതുമ്പത്തു - പരാജയം
20.നാട്ടുരാജാവ് - പരാജയം.
21.മാമ്പഴക്കാലം - പരാജയം
22.ഉദയനാണു താരം - വിജയം
23.ചന്ദ്രോൽസവം - പരാജയം
24.ഉടയോൻ - പരാജയം
25.നരൻ - വിജയം.
26.തന്മാത്ര - വിജയം
27.കിലുക്കം കിലുകിലുക്കം - പരാജയം
28.രസതന്ത്രം - വിജയം
29.വടക്കും നാഥൻ - പരാജയം
30.കീർത്തിചക്ര - വിജയം
31.മഹാസമുദ്രം - പരാജയം
32.ഫൊട്ടോഗ്രാഫർ - പരാജയം
33.ബാബ കല്യാണി - പരാജയം
34.ചോട്ട മുംബൈ - പരാജയം
35.ഹല്ലോ - വിജയം
36.അലിഭായ് - പരാജയം
37.പരദേശി - പരാജയം
38.റോക്ക് റോൾ - പരാജയം
39.ഫ്ലാഷ് - പരാജയം
40.കോളേജ് കുമാരൻ - പരാജയം
41.ഇന്നത്തെ ചിന്താ വിഷയം - വിജയം
42.മിഴികൾ സാക്ഷി - പരാജയം
43.മാടമ്പി - വിജയം
44.ആകാശ ഗോപുരം - പരാജയം
45.കുരുക്ഷേത്ര - പരാജയം
46.ട്വന്റി 20 - വിജയം
47.പകൽ നക്ഷത്രങ്ങൾ - പരാജയം
48.റെഡ് ചില്ലീസ് - പരാജയം
49.സാഗർ എലിയസ് ജാക്കി - പരാജയം
50.ഭഗവാൻ - പരാജയം
51.ഭ്രമരം - വിജയം
52.ഏയ്ജൽ ജോൺ - പരാജയം
53. ഇവിടം സ്വർഗമാണു - വിജയം.
ഇപ്പൊ കണ്ടില്ലേ... ഇനി നിങ്ങൾ പറയ്..
അഭിനയിച്ച 53 സിനിമകളിൽ 13 എണ്ണവും വിജയിപ്പിച്ച
എന്നെ പറ്റി മഹാപാപം പറഞ്ഞു നടക്കുന്നത് ശരിയാണോ എന്ന്.
ഇനി എന്റെ ലിസ്റ്റ് കണ്ടോളു... 2009 വരെയുള്ളത്
1.ചട്ടമ്പിനാട് - വിജയം
2.പലേരി മാണിക്യം - ഒരു പാതിരകൊലപതകത്തിന്റെ കഥ - പരാജയം
3.കേരള കഫെ - പരാജയം
4.പഴശി രാജ - വിജയം
5.ലൌഡ്സ്പീക്കർ - പരാജയം
6.ഡാഡി കൂൾ - പരാജയം
7. പട്ടണത്തിൽ ഭൂതം - പരാജയം
8.ലവ് ഇൻ സിഗപ്പോർ - പരാജയം
9.ട്വന്റി 20 - വിജയം
10.മായബസാർ - പരാജയം
11.വൺ വേ ടിക്കറ്റ് - പരാജയം
12.പരുന്ത് - പരാജയം
13.അണ്ണൻ തമ്പി - വിജയം
14.രൗദ്രം - പരാജയം
15.കഥ പറയുമ്പോൾ - വിജയം
16.നസ്രാണി - പരാജയം
17.ഒരെ കടൽ - പരാജയം
18.മിഷൻ 90 ഡെയ്സ് - പരാജയം
19.ബിഗ് ബി - പരാജയം
20.മായവി - വിജയം
21.കയ്യൊപ്പ് - പരാജയം
22.പളുങ്ക് - പരാജയം
23.കറുത്ത പക്ഷികൾ - പരാജയം
24.പോത്തൻ വാവ - പരാജയം
25.ഭാർഗവ- ചരിതം 3 ഖണ്ഢം - പരാജയം
26.പ്രജാപതി - പരാജയം
27.ബൽറാം vs താരാദാസ് - പരാജയം
28.തുറുപ്പു ഗുലാൻ - പരാജയം
29.ബസ്സ് കണ്ടക്ടർ - പരാജയം
30.രാജമാണിക്യം - വിജയം
31.നേരറിയാൻ CBI - പരാജയം
32.രാപകൽ - പരാജയം
33.തസ്കര വീരൻ - പരാജയം
34.തൊമ്മനും മക്കളും - വിജയം
35.വേഷം - വിജയം
36.ബ്ലാക്ക് - പരാജയം
37.കാഴ്ച - വിജയം
38.അപരിചിതൻ - പരാജയം
39.വജ്രം - പരാജയം
40.സേതുരമായ്യർ CBI - വിജയം
41. പട്ടാളം - പരാജയം
42.ക്രോണിക് ബച്ചിലർ - വിജയം
43.ഡാനി - പരാജയം
44.കൈയെത്തും ദൂരത്ത് - പരാജയം
45.ഫാന്റം - പരാജയം
46.ദുബായ് - പരാജയം
47.രാക്ഷസ രാജാവ് - പരാജയം
48.ദാദ സാഹിബ് - പരാജയം
49.വല്ല്യെട്ടൻ - വിജയം
50. നരസിംഹം - വിജയം
51. അരയന്നങ്ങളുടെ വീട് - പരാജയം.

ഞാനും ഒട്ടും വിട്ടു കൊടുക്കാൻ നിന്നില്ല. അഭിനയിച്ച 51 സിനിമകളിൽ 14 എണ്ണം ഞാനും വിജയിപ്പിച്ചിട്ടുണ്ട്..
ഇപ്പോൾ മനസിലായില്ലേ.... ഞങ്ങൾ രണ്ടു പേരും കൂടി 10 വർഷം കൊണ്ട് വെറും 200 കോടിയുടെ നഷ്ടമെ ഉണ്ടാക്കിയിട്ടുള്ളു.. 10 സിനിമകളിൽ അഭിനയിക്കുമ്പോൾ ചിലപ്പോ ഒരു 9 സിനിമ പൊളിഞ്ഞു എന്നൊക്കെ ഇരിക്കും. അത് വലിയ കാര്യമൊന്നുമല്ല. 350 കോടിയുടെ നഷ്ടം ഉണ്ടാക്കി എന്നത് ഞങ്ങളെ രണ്ട് പേരെയും മനപൂർവ്വം കരി വാരി തേക്കുവാൻ നടത്തുന്ന കുപ്രചരണമാണു എന്ന് തിരിച്ചറിഞ്ഞു അർഹിക്കുന്ന അവഞ്ജയോടെ അതിനെ തള്ളി കളയണം എന്ന് നിങ്ങളെ അറിയിക്കുകയാണു..
എന്ന് സ്നേഹത്തോടെ
സ്വന്തം
മെഗാ & സൂപ്പർ സ്റ്റാർസ്.

2010 - വിഷുക്കാല സിനിമകള്‍


വീണ്ടുമൊരു വിഷുക്കാലം കൂടി കടന്നു വരികയാണു. സിനിമയെ സംബന്ധിച്ചും സിനിമാ പ്രേമികളെ സംബന്ധിച്ചും ഏറ്റവും കൂടുതൽ സന്തോഷം തരുന്ന സമയം.തിയറ്ററായ തിയറ്റർ മുഴുവൻ സിനിമകൾ.
എല്ലാ ദിവസവും സിനിമയ്ക്ക് പോകണം എന്ന് ആഗ്രഹിക്കുന്ന ഞങ്ങളെപ്പോലെ ഉള്ളവർക്ക് ഇതിൽ പരം എന്തു വേണം.. ഇക്കൊല്ലവും വിഷുവിനു വിളവെടുക്കാൻ ഇറങ്ങുന്ന സിനിമകൾ നിരവധിയാണു.
മാർച്ച് അവസാനം തൊട്ടു ഏപ്രിൽ അവസാനം വരെ വിഷു ചിത്രങ്ങളുടെ ചാകരയാണു. ഒരു ഡസനോളം സിനിമകളാണു റിലീസിനു തയ്യാറായിരിക്കുന്നതു. അതിൽ താന്തോന്നിയും നായകനും
കഴിഞ്ഞ ആഴ്ച്ച് റിലീസ് ആയി.. വിഷുവിനു പടക്കം വാങ്ങിക്കുമ്പോൾ അത്രയും കുറച്ചു വാങ്ങിച്ചാൽ മതി എന്ന ഒരു ഗുണം ഈ രണ്ടു ചിത്രങ്ങളും കണ്ടവർക്ക് ഉണ്ട്.. ഈ ആഴ്ച്ച റിലീസ് ചെയ്യുന്നത് ഇൻ ഗോസ്റ്റ് ഹൌസ് ഇനും പ്രമാണിയും ആണൂ. ടൂ ഹരിഹർ നഗർ ഒരു വൻ ഹിറ്റ് ആയി മാറിയത് ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിനു പ്രേക്ഷകരുടെ മനസ്സിൽ അത്ര കണ്ട് സ്വാധീനം ഉണ്ടായിരുന്നതു കൊണ്ടാണു എന്ന സത്യം ലാൽ മനസ്സിലാക്കിയിട്ടിലെങ്കിൽ നമ്മുക്ക് പ്രതീക്ഷിക്കാം മറ്റൊരു അക്കരെ അക്കരെ അക്കരെ
പിന്നെ പ്രമാണി. ...B ഉണിക്രിഷ്ണന്റെ ഒരു സ്റ്റ്യ്‌ല് എന്താണു എന്ന് വെച്ചാൽ ഒരു ഫ്ലോപ്പിനു ശേഷം ഒരു ഹിറ്റ് വീണ്ടും ഫ്ലോപ്പ് അങ്ങിനെയാണു. അപ്പോൾ ക്രമപ്രകാരം അടുത്തതു ഹിറ്റ് ആണു.. ഇത്രയും ആണു മാർച്ച് മാസത്തിലെ റിലീസുകൾ ഏപ്രിൽ മാസം ആദ്യം റിലീസ് ചെയ്യാൻ പോകുന്നത് മോഹൻ ലാൽ - സുരേഷ് ഗോപി ടീമിന്റെ ജനകൻ ആണു. നവാഗതനായ സഞ്ജീവ് ആണു ഈ ചിത്രം സംവിധാനം ചെയ്യുന്നത്.. തിരകഥ എഴുതിയിരിക്കുന്നത് SN സ്വാമി ആയതു കൊണ്ട് രഹസ്യപോലീസു പോലെ ഉദ്വേഗജനകമായ ഒരു മർഡർ സ്റ്റോറി തന്നെ ആയിരിക്കും ഉറപ്പ്. ദിലീപ് ചിത്രമായ പാപ്പി അപ്പച്ച ഏപ്രിൽ 9 നു റിലീസ് ചെയ്യും. പുതുമുഖമായ മമ്മാസ് ആണു ഇതു സംവിധാനം ചെയ്യുന്നത് നിർമ്മാണം ദിലീപിന്റെ അനിയൻ അനൂപ് തന്നെ.. ട്വന്റി ട്വന്റിയിൽ കിട്ടിയ കാശു എങ്ങനെയെങ്കിലും കളയണ്ടെ..... വിഷുവിന്റെ അന്ന് ഏപ്രിൽ 14നു ആണു സൂപ്പർ സ്റ്റാറിന്റെ വിഷു റിലീസ്. മുരളി നാഗവള്ളി സംവിധാനം ചെയ്യുന്ന അലക്സാണ്ടർ ദി ഗ്രേറ്റ്. സംവിധായകൻ പ്രഗല്ഭൻ ആയതു കൊണ്ട് മുൻ കൂട്ടി അഭിപ്രായം പറയാൻ നമ്മളില്ലേ.. പക്ഷെ ഇതു കൊണ്ടൊന്നും വിഷു ആഘോഷം അവസാനിക്കുന്നില്ല. ഏപ്രിൽ അവസാന വാരത്തിലാണു ശരിക്കും വിഷു ആരംഭിക്കുന്നത്.. മെഗാ സ്റ്റാറും യുവ സൂപ്പർ സ്റ്റാറും മത്സരിച്ച് അഭിനയിക്കുന്ന പോക്കിരി രാജ ഏപ്രിൽ 30 നു ആണു റിലീസ് ചെയ്യുന്നത്. ഇതെങ്ങാനും പൊളിഞ്ഞാൽ.... ഹ്ം.. ഒരു ചുക്കും സംഭവിക്കില്ല.. കുമാരനെ കോളേജിൽ നിന്നും പുറത്താക്കിയപ്പോഴും ഫ്ലാഷ് അടിക്കാതിരുന്നപ്പോഴും തൊമിച്ചന്‍ കുലുങ്ങിയിട്ടില്ല.. പിന്നെയാണൊരു പോക്കിരി രാജ.. രജനികാന്തിനെ വെച്ച് നിർമ്മിക്കും അങ്ങേരു അടുത്ത പടം...ഈ പടങ്ങൾ കൂടാതെ ഒരുപാട് ചെറിയ ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. പക്ഷെ തീയറ്റർ ക്ഷാമം കാരണം പലതും മെയിലെക്ക് നീളാനാണു സാധ്യത..
ഏതൊക്കെ സിനിമകൾ ഇതിൽ വിജയിക്കും
ഏതൊക്കെ പരാജയപ്പെടും എന്ന് നമ്മുക്ക് കാത്തിരുന്നു തന്നെ കാണാം. ഒരു കാര്യം ഉറപ്പാണു ഒരു നല്ല സിനിമ ഒരു പക്ഷേ വിജയിക്കാതിരുന്നേക്കാം പക്ഷെ മികച്ച സിനിമകൾ ഒരിക്കലും പരാജയപ്പെടുന്നില്ല.. ഇനി അഥവാ പരാജയപ്പെടുന്നു എങ്കിൽ അതിനർത്ഥം അവ മികച്ചവയല്ല എന്ന് തന്നെയാണു.

ഞാനും എന്റെ ചേട്ടനും ഒരു ഭയങ്കര സംഭവാ....! ശരിക്കും...!


അങ്ങനെ മലയാള സിനിമ ആകാംക്ഷപൂർവ്വം കാത്തിരുന്ന പോരാട്ടത്തിൽ അന്തിമ വിജയം ആർക്കെന്നു സിനിമാ ലോകം വിധിയെഴുതി കഴിഞ്ഞു.. എന്റെ പടം ഗംഭീരം.. ചേട്ടന്റെ പടം അതിഗംഭീരം.. ഞങ്ങൾക്കു വയ്യ.. ഞങ്ങൾ രണ്ടു താര സഹോദരന്മാരും കൂടി മലയാളസിനിമ അടക്കിവാഴുന്ന കാലം.. ഓർക്കുബോൾ തന്നെ നിങ്ങൾക്ക് കുളിരു കോരുന്നില്ലേ..??...സിനിമയിലെ എന്റെ പെർഫോമൻസ് കണ്ട എല്ലാവരും എന്നെ വാനോളം പുകഴ്ത്തി. ഞാൻ മോഹൻ ലാലിനെയും കടത്തിവെട്ടും എന്നാണു എല്ലാവരും പറയുന്നത്. മോഹൻലാൽ മാസ്മരിക അഭിനയം കാഴ്ച്ച വെച്ച താണ്ടവം, നാട്ടുരാജാവ്,ഉസ്താദ് എന്നീ സൂപ്പർ ചിത്രങ്ങളെ മറി കിടക്കുന്ന പ്രകടനമല്ലേ ഞാൻ കാണിച്ചത്.. പക്ഷെ ചിലർ അഭിപ്രായപ്പെടുന്നത് ഞാൻ ഇങ്ങനെ മാത്രം അഭിനയിച്ചാൽ പോരാ. മോഹൻലാലിന്റെ റേഞ്ച് ആകണമെങ്കിൽ വാമനപുരം ബസ് രൂട്ട്, ഹരിഹരൻ പിള്ള ഹാപ്പിയാണു തുടങ്ങിയ സിനിമകളിൽ മോഹൻ ലാൽ ചെയ്തപ്പോലെ അഭിനയ സാധ്യത ഉള്ള വേഷങ്ങളും ചെയ്യണംഎന്നാണു. നിങ്ങൾ കാത്തിരിക്കൂ കോളേജ് കുമാരൻ പോലുള്ളകൊമെഴ്സ്യൽസിനിമകളിലും ഫ്ലാഷ്പോലുള്ളക്ലാസിക്ക്സിനിമകളിലും ഫോട്ടോഗ്രാഫർ പോലുള്ളകലാമൂല്യമുള്ളസിനിമകളിലും ഒരേസമയം അഭിനയിച്ച് മലയാള സിനിമ കാല്ക്കീഴിൽ ആക്കാൻ പോകുന്ന എന്റെ വരവിനായ്......
ഞാൻ
വരും സത്യമായിട്ടും ഞാൻ വരും..
പിന്നെ
..എന്റെ ചേട്ടന്റെ പ്രകടനം....
മമ്മൂട്ടിക്ക് ഒപ്പം നിർത്താൻപറ്റുന്ന നടൻ ആരാണു എന്ന് ചോദിച്ചാൽ ഇനി നിങ്ങൾക്ക് നിസംശയം എന്റെ ചേട്ടന്റെ പേരു പറയാം അതുമാതിരി ഉള്ള കിടിലൻ അഭിനയം ആയിരുന്നല്ലോ..സിനിമയില്‍. ഇനിയും ഇതുപേലെ ഉള്ള സംവിധായകരുടെ കൂടെ അഭിനയിക്കാനുള്ള ഭാഗ്യം ചേട്ടനു കിട്ടിയാൽ പിന്നെ ചേട്ടൻആരാ....സിധാർഥയിലെ മമ്മൂട്ടിയുടെ ഭാവ പ്രകടനങ്ങളും, ഫാന്റത്തിലെ ആക്ഷൻ രംഗങ്ങളിലെ മെയ്വഴക്കവും ദുബായിലെ രൂപഭാവങ്ങളും എല്ലാം കൂടി സമനയിപ്പിച്ച ഒരു നടന രീതി.. സിനിമ കണ്ട എല്ലവരും പറഞ്ഞു ഇവൻ മമ്മൂട്ടിക്ക് പിൻ ഗാമി തന്നെ എന്ന് എന്തായാലും അച്ചനു എത്തി പിടിക്കാൻ കഴിയാതെ പോയ മലയാള സിനിമയുടെ സൂപ്പർ താര പദവി ഞങ്ങൾ രണ്ടു മക്കൾക്കും നേടാൻ സാധിക്കാനും... എന്നിട്ടു മോഹൻലാലും മമ്മൂട്ടിയും അഭിനയിച്ച പോലെ റോക് റോൾ, തസ്കരവീരൻപോലുള്ള ചിത്രങ്ങളിൽ അഭിനയിച്ച് മലയാള സിനിമയെ വിസ്മയിപ്പിക്കാനും ഞങ്ങൾക്ക് കഴിയട്ടെഎന്ന് അമ്മ എന്നും പ്രാർത്ഥിക്കാറുണ്ട്... അയ്യോ.. അമ്മയല്ല.. ഞങ്ങടെ സ്വന്തം അമ്മ....

നായകന്‍..

ഇന്ദ്രജിത്ത് ഒരു നല്ല നടനാണു. ഒരു പാട് സിനിമകളിൽ അത് അദ്ദേഹം തെളിയിച്ചിട്ടുമുണ്ട്.
എന്നാൽ എന്നും പ്രിത്വിരാജിന്റെ നിഴലിൽ നില്ക്കാനായിരുന്നു ഇന്ദ്രന്റെ യോഗം.. എല്ലാറ്റിനും അതിന്റെതായ സമയമുണ്ടല്ലോ.. അതെ അങ്ങിനെ ഇന്ദ്രജിത്തിന്റെ സമയവും വന്നെത്തി.
ചേട്ടനും അനിയനും തമ്മിൽ നടന്നസൗഹ്രുദ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനു ഇന്ദ്രജിത്ത് വിജയിച്ചിരിക്കുന്നു.
നായകൻ .....................!
അധോലോകത്തിന്റെ കഥ പറയുന്ന ഒരുപാട് സിനിമകൾ മലയാളത്തിൽ വന്നിട്ടുണ്ട്. പക്ഷെ അതിൽ നിന്നുമൊക്കെ നായകൻ വ്യത്യസ്തമാവുന്നത് ഇതിലെ നായകൻ ഇന്ദ്രജിത്ത് ആണു എന്നതു കൊണ്ടാണു. സായ്കുമാറിനെ അഛ്ൻ വേഷങ്ങളിലേക്ക് തള്ളി വിട്ട സിദിഖ് മലയാളത്തിലെ ഏറ്റവും കരുത്തുറ്റ പ്രതിനായകൻ ഞാൻ തന്നെ എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണു. ഒരുപാട് നാളുകൾക്ക് ശേഷം തിലകന്റെ ഒരു നല്ല വേഷം കാണാൻ കഴിയും ചിത്രത്തിൽ.. ഇതിന്റെ സംവിധായകനെ സമ്മതിക്കണം. വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും സംവിധായകൻ ലിജോക്ക് തന്നെ. കാരണം "ഇങ്ങനെയും" ഒരു പടം സംവിധാനം ചെയ്യാൻ കഴിയും എന്ന് ലിജോ കാണിച്ചു തന്നിരിക്കുന്നു. നായിക ധന്യാ മേരിയുടെ അതി മനോഹരമായ അഭിനയം ചിത്രത്തിനു കൂടുതൽ മിഴിവേകി..
താന്തോന്നി മെഗാഹിറ്റ് ആണെങ്കിൽ നായകൻ ഡ്യൂപ്പർ ഹിറ്റ്..
മല്ലികാ സുകുമാരന്റെ ഒരു ഭാഗ്യമേ............... !!!!!

എന്നോട് എല്ലാവർക്കും ദേഷ്യം..


അവസാനം എനിക്കു മനസ്സിലായി എന്താണു എല്ലാവർക്കും എന്നോട് ഇത്ര ദേഷ്യം എന്ന്..
മലയാളത്തിലും തമിഴിലുമായി 49 സിനിമകളിൽ ഞാൻ ഇതു വരെ അഭിനയിച്ചു. അതിൽ 5 എണ്ണം മെഗാ ഹിറ്റ് 6 എണ്ണം സുപ്പർ ഹിറ്റ് 8 എണ്ണം ഹിറ്റ് 10 എണ്ണം ആവറേജ്.. 20 എണ്ണം ഫ്ലോപ്. പിന്നെ ബെസ്റ്റ് ആക്ടർ അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകളും കിട്ടിയിട്ടുണ്ടു. എന്നിട്ടും ചിലർ എന്നെ അംഗീകരിക്കുന്നില്ല. എന്റെ പടം ഇറങ്ങുമ്പോള്‍ അതിനെ കൂവി തോല്പ്പിക്കാനും എഴുതി തോല്പ്പിക്കാനും പലര്‍ക്കും എന്താണു ഒരു ആവേശം. പക്ഷെ എനിക്കതിൽ ഒട്ടും വിഷമമില്ല. കാരണം എനിക്ക് കഴിവുണ്ടെന്ന് എനിക്കു തന്നെ നന്നായിട്ടറിയാം. ഒരു ദിവസം ഞാൻ ഈ മലയാള സിനിമയുടെ ചക്രവർത്തി ആയി മാറും അത് എനിക്ക് ഉറപ്പാണു. മറ്റു താരങ്ങൾക്ക് എന്നോടുള്ള അസൂയക്ക് കാരണം അവരൊക്കെ ചെറിയ ചെറിയ വേഷങ്ങൾ ചെയ്താണു സ്റ്റാർ ആയതു. ഞാൻ വന്നതേ സ്റ്റാർ ആയിട്ടാണല്ലോ..
പിന്നെ മമ്മൂക്കയ്ക്കും ലാലേട്ടനും എന്നോട് വലിയ സ്നേഹമാണു. കാരണം അവർക്കറിയാം ഞാൻ അവർക്ക് ഒരു എതിരാളിയെ അല്ലെന്ന് അതു കൊണ്ടല്ലേ എന്നെ അവരുടെ പടത്തില്‍ കൂടെ അഭിനയിപ്പിക്കുന്നത്.. പിന്നെ Christian Brothersil നിന്നും ഞാൻ പിന്മാറാൻ കാരണം... അതിൽ ദിലീപിനെക്കാൾ ചെറിയ റോൾ ആണു എനിക്ക് എന്നതു കൊണ്ടാണു. എന്റെ ആരാധകര്‍ അതു ഒരിക്കലും സഹിക്കില്ല..
പിന്നെ ചില കോളേജ് പിള്ളേർക്കും എന്നോട് അസൂയയുണ്ട്. അവരുടെ girl frends എന്നെ പോലെ നടക്കണം,എന്നെ പോലെ ചിരിക്കണം എന്നൊക്കെ പറയുബോൾ. അവർക്ക് എന്നോടു ദേഷ്യം തോന്നും. അവർ ആ ദേഷ്യം തീർക്കുന്നത് നെറ്റിലും ബ്ലോഗ്ഗുകളിലും എന്റെ മികച്ച സിനിമകളെ കുറിച്ച് മോശം അഭിപ്രായങ്ങള്‍ എഴുതിയിട്ടാണു. ഞാൻ ഇതൊന്നും ശ്രദ്ദിക്കാറെ ഇല്ല.
അല്ലെങ്കിലും ആനപ്പുറത്തിരുന്ന് അമ്പലം ചുറ്റുന്ന ഞാന്‍ അങ്ങാടി പട്ടികളെ പേടിക്കേണ്ട കാര്യമില്ലല്ലോ....??

താന്തോന്നി.. "ഉഗ്രന്‍"


ചിലർ അങ്ങിനെയാണു. ഫിനിക്സ് പക്ഷിയെപ്പോലെ.....
ചാരത്തിൽ നിന്നും ഉയർത്തെഴുന്നേല്ക്കും.
മറ്റു ചിലരുണ്ട് ഷാജി കൈലാസിനെ പോലെ....
എത്ര പരാജയങ്ങൾ നേരിട്ടാലും തളരാതെ വാശിയോടെ വീണ്ടും വീണ്ടും പരാജയപ്പെട്ടു കൊണ്ടേ ഇരിക്കും..
രാജമാണിക്യം.. മമ്മുട്ടിയുടെ കരിയറിലെ വലിയ വിജയങ്ങളിൽ ഒന്ന്.
ബാലേട്ടൻ.. മോഹൻ ലാലിനു പുതു ജീവൻ നല്കിയ പടം
ഇതു രണ്ടും എഴുതിയ TA ഷാഹിദ് അലിഭായുടെ വൻ പരാജയത്തിനു ശേഷം നീണ്ടനാൾ മൗനത്തിലായിരുന്നു. എന്നാൽ അലിഭായ് തനിക്കു പറ്റിയ ഒരു കൈ അബന്ധം മാത്രമാണെന്ന് തെളിയിചു കൊണ്ടു ഷാഹിദ് തിരിച്ചു വന്നിരിക്കുകയാണു.
അതെ.. താന്തോന്നി.. ഗംഭീരം..
തിരകഥയിൽ അങ്ങിങ്ങു ചില ചളിപ്പുകൾ ഉണ്ടെങ്കിലും അതൊന്നും പടത്തെ ബാധിച്ചില്ല.. ഒരു പുതുമുഖ സംവിധായകൻ എന്നു തോന്നിപ്പിക്കാത്ത വിധത്തിൽ ജോർജ് വർഗീസ് തന്റെ റോൾ ഭംഗിയാക്കി..
പ്രിത്വിരാജിനു എടുത്താൽ പൊങ്ങാത്ത വേഷമായിരുന്നു എങ്കിലും അതിനോട് 100% നീതി പുലർത്തി. ഇങ്ങനെയൊക്കെ ആണല്ലോ പൊക്കി പഠിക്കുക. പാട്ടുകൾ ഒന്നും കൊള്ളത്തിലായിരുന്നു. സംഘട്ടനം കുഴപ്പമില്ലായിരുന്നു. ഡയലോഗുകൾ കിടിലന്‍ . ആകെ മൊത്തം ടോട്ടൽ ഒരുഗ്രൻ പടം.
പടത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും എഴുതുന്നില്ല.. കാരണം രണ്ടോ മൂന്നോ കോടി മുടക്കി സിനിമകൾ എടുക്കുന്നത് അത് നമ്മളെല്ലാവരും തീയറ്ററിൽ പോയികാണാനാണു. 30 രൂപ മുടക്കി സിനിമ കണ്ടു എന്ന ഒരൊറ്റ കാരണം പറഞ്ഞു അതിനെ തല നാരിഴ കീറി വിമർശിക്കുവാൻ നമ്മള്ളില്ലെ....കാരണം ആളുകൾ സിനിമ തിയറ്ററിൽ പോയി പടം കണ്ടാല്ലേ ഈ വ്യവസായം നിലനില്ക്കത്തുള്ളു. സിനിമ ഉണ്ടെങ്കില്ലെ റിവ്യു എഴുതാൻ പറ്റു. ഇല്ലെങ്കിൽ സീരിയലിന്റെ റിവ്യു എഴുതി കഴിക്കേണ്ടി വരും ശിഷ്ട്ക്കാലം. ഞങ്ങളുടെ തന്നെ മുൻ പോസ്റ്റിൽ പറഞ്ഞപ്പോലെ കേരളത്തിലെ സാധാരണ പ്രേക്ഷകൻ റിവ്യു വായിച്ചിട്ടല്ല സിനിമ കാണാൻ പോകുന്നത്. ഇത് വായിക്കുന്നത് മരുനാടൻ മലയാളികളാണു. അതു കൊണ്ട് ഇതു സിനിമയുടെ വിജയ പരാജയങ്ങളെ ബാധിക്കില്ല. പക്ഷെ ഒരാളെങ്കിലും ഇത്തരത്തിലുള്ള റിവ്യുകൾ വായിച്ച് ഒരു സിനിമ കാണുന്നില്ല എന്നു തിരുമാനിച്ചാൽ മലയാള സിനിമ നമ്മുക്കു മാപ്പു തരുമോ.....?



"ഹിറ്റ്‌ മേക്കര്‍" T A റസാക്ക്‌

മലയാളസിനിമയില്‍ ഒരു നല്ല സ്ഥാനം ഉണ്ടായിരുന്ന എഴുത്തുകാരന്‍ ആയിരുന്നു T A റസാക്ക്‌. നാടോടി, കാണാക്കിനാവ്‌, പെരുമഴക്കാലം, വേഷം തുടങ്ങി ഒരുപിടി നല്ല സിനിമകളുടെ രചയിതാവ്‌. എന്നാല്‍ കുറച്ച് കഴിഞ്ഞപ്പോള്‍ റസാക്കിന് ഒരു തോന്നല്‍. എന്നും ഇങ്ങനെ കണീര്‍ കഥകളുമായി നടന്നാല്‍ മതിയോ.. പ്രക്ഷകരെ ഹരം കൊള്ളിക്കുന്ന ഒരു പടം എഴുതിയാല്‍ എന്താ എന്ന്.. ഉടനെ എഴുതി. ഒരു സൂപ്പര്‍ ഹിറ്റ്‌ തിരകഥ. ബസ്‌ കണ്ടക്ടര്‍.. നായകന്‍ മമ്മൂട്ടി. മമ്മൂട്ടി ഇതിനു മുന്‍പ് കണ്ടക്ടര്‍ ആയിട്ടില്ല എന്ന കാരണം കൊണ്ട് പടത്തിനു നല്ല പബ്ലിസിറ്റി ആയിരുന്നു. അങ്ങിനെ പടം റിലീസ്‌ ചെയ്തു. ആദ്യ ഷോ കണ്ടിരിക്കുന്നവര്‍ക്ക് കുറച്ച് കഴിഞ്ഞപ്പോള്‍ ഒരു തോന്നല്‍. ഈ കുഞ്ഞാക്കയെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന്‍.. സിനിമയിലെ നായകന്മാരെ ജീവിതത്തില്‍ കണ്ടു മുട്ടുന്നത് സാധാരണം.. പക്ഷെ അത് വേറൊരു സിനിമയില്‍ തന്നെയായല്ലോ.. ഇന്റര്‍വെല്‍ ഒക്കെ കഴിഞ്ഞു പടം ഗംഭീരമായി മുന്നേറുബോഴാണ് ഒരു കൂവല്‍... ഇത് ബാലേട്ടന്‍.... പിന്നങ്ങോട്ട് പടം കഴിയുന്ന വരെ നിര്‍ത്താതെ കൂവല്‍ തന്നെ ആയിരുന്നു. രാജമാണിക്യം തകര്‍ത്തോടി നില്‍ക്കുന്ന സമയത്ത് വന്ന കാരണം ബസ്‌ കണ്ടക്ടര്‍ വല്ലാതെ നിലം പരിശായില്ല..

ബാലേട്ടന്റെ സാദൃശ്യം ബസ്‌ കണ്ടക്ടര്‍ക്ക് ഉണ്ടെന്ന് റസാക്ക്‌ ഇന്നും സമ്മതിച്ചു തരില്ല. അതിനു കാരണം ബാലേട്ടന്‍ എന്ന സിനിമ റസാക്ക്‌ ഇത് വരെ കണ്ടിട്ടില്ലത്രേ.. പിന്നെ സാമ്യം വരാന്‍ കാരണം ബാലേട്ടന്‍ എഴുതിയത് അനിയന്‍ ഷാഹിദ്‌ ആണല്ലോ.. ഒരേ ചോരയായതു കൊണ്ട് ചിലപ്പോ ഒരേ കഥയും വന്നെന്നിരിക്കും സ്വാഭാവികം. ബസ്‌ കണ്ടക്ടര്‍ക്കു ശേഷവും പല സിനിമകള്‍ക്കും റസാക്ക്‌ തിരകഥ എഴുതി.. പക്ഷെ ഒരു അടിപൊളി ചിത്രത്തിനു തിരകഥ എഴുതണം എന്ന ത്വര റസാക്കിന്റെ ഉള്ളില്‍ ഉണ്ടായിരുന്നു. ആ ത്വര പുറത്തു വന്ന ചിത്രമാണ് പരുന്ത് ‌. റിലീസിന് മുന്‍പ്‌ ഒരുപാട് വിവാദമുണ്ടാക്കിയ പരുന്ത് റിലീസ്‌ ചെയ്തപ്പോള്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ അഭിന്ദനം അറിയിച്ചത് റസാക്കിനെ ആയിരുന്നു. വീട്ടു ചെലവ് എഴുതാന്‍ വേണ്ടി പോലും ഇനി മേലാല്‍ പേന കൈ കൊണ്ട്‌ തുടരുതെന്ന്... പക്ഷെ റസാക്ക്‌ പിന്മാറാന്‍ ഒരുക്കമല്ലായിരുന്നു. തന്റെ തൂലിക വീണ്ടും ചലിപ്പിച്ചു മറ്റൊരു മെഗാ ഹിറ്റ്‌ ചിത്രത്തിന് വേണ്ടി.. പരുന്ത്‌ റിലീസ്‌ ചെയ്യുന്നതിന് മുന്‍പ്‌ ഷൂട്ടിംഗ് തുടങ്ങിയ കാരണമാണ് റസാക്കിന് ആ തിരകഥ എഴുതാന്‍ പറ്റിയത്. കാരണം പരുന്ത് കണ്ട ആരും റസാക്കിനെ ഷൂട്ടിംഗ് പരിസരത്ത് പോലും അടുപ്പിക്കില്ല.. മെഗാ ഹിറ്റ് ആവും എന്ന് റസാക്ക്‌ മാത്രം ഉറപ്പിച്ച ആ പടം റിലീസ്‌ ചെയ്തപ്പോള്‍ T A റസാക്ക്‌ എന്ന പേര് കണ്ടാലേ ആളുകള്‍ തിയറ്ററില്‍ കയറാത്ത അവസ്ഥയായി. അപ്പോള്‍ പടത്തിന്റെ കാര്യം ഊഹിക്കാമല്ലോ.. ഇതൊക്കെ പറഞ്ഞു വന്നതിന്റെ കാരണം.. റസാക്ക്‌ തിരിച്ചു വരികയാണ്. പരാജയങ്ങള്‍ പഴംകഥകളാക്കി ബോക്സ്‌ ഓഫീസില്‍ ഒരു വീര ചരിതം രചിക്കാന്‍.. ഇത്തവണ കൂട്ടുപിടിച്ചിരിക്കുന്നത് യുവതാരം പ്രിത്വിരാജിനെയാണ്. പകരം വന്ന രാജാവ്‌ എന്നാണ് പടത്തിന്റെ പേര്.. തന്റെ എല്ലാ ശക്തിയും ആവാഹിച്ച് റസാക്ക്‌ എഴുതുന്ന ഈ പടം ഇതിന്റെ നിര്‍മാതാവിനെ രാജാവാക്കുമോ അതോ പതിവുപോലെ പിച്ചക്കാരനാക്കുമോ എന്ന് കാത്തിരുന്ന്‍ കാണാം ....

ഓസ്കാര്‍ ഉണ്ടോ സഖാവേ ഒരു പന്തം കൊളുത്താന്‍....


സഖാവോ…. എന്താ നേരത്ത്....

മാഷെ TV ഒന്ന് On ചെയ്തെ വേഗം..

എന്താ കാര്യം..

പോളിറ്റ്‌ ബ്യൂറോ ഇടപെടേണ്ട കേസ് ആണ്... കേന്ദ്ര കമ്മിറ്റി കൂടി പ്രതിക്ഷേധ പ്രമേയം പാസാക്കണം.. തല്‍ക്കാലത്തേക്ക് ഞാന്‍ ഒരു പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചിട്ടുണ്ട്. അവരിപ്പോ ഇങ്ങെത്തും.

അല്ല എന്താ പ്രശ്നം..?

അപ്പോ അറിഞ്ഞില്ലേ ജെയിംസ്‌ കാമറൂണിന് ഓസ്കാര്‍ അവാര്‍ഡ്‌ കൊടുക്കാഞ്ഞതിന്റെ കാരണം, ആശാന്റെ പടത്തില്‍ അമേരിക്കയെ കുറ്റപ്പെടുത്തുന്നുണ്ടല്ലോ. അത് ഓസ്കാര്‍ കമ്മിറ്റിയ്ക്ക് പിടിച്ചില്ലത്രേ. അത് കൊണ്ടാണ് അമേരിക്കകാരെ പുകഴ്ത്തുന്ന മറ്റൊരു പടത്തിന് ഓസ്കാര്‍ കൊടുത്തത്. നാറികള്‍... സാമ്രാജ്യത്വത്തിന്റെ കാവല്‍ നായ്ക്കള്‍...

ശ്ശോ അത് മോശമായിപ്പോയി നല്ല കിടിലന്‍ പടം ആയിരുന്നു.. എന്താ ഒരു ഗ്രാഫിക്സ്. 3Dയില്‍ കാണണം എന്നാലെ ഒരു സുഖമുള്ളു.

അതെ.. അതെപ്പറ്റി കാമറൂണുമായി ഒരു അഭിമുഖം ഉണ്ട് ഇപ്പോള്‍. അമേരിക്കന്‍ അധിനിവേശത്തെ ലോക ജനതയ്ക്ക്‌ മുന്നില്‍ തുറന്നു കാണിച്ച് അമേരിക്കയെ നാണം കെടുത്തിയ ആളാ. ഓസ്കാര്‍ പോയാല്ലെന്താ ലോകത്തിലെ മുഴുവന്‍ സഖാക്കളുടെയും പിന്തുണ അയാള്‍ക്കുണ്ട് മാഷ്‌ TV on ചെയ്യ്.. തുടങ്ങിയിട്ട് കുറേനേരം ആയി.

(ടെലിവിഷനില്‍ അഭിമുഖം കാണിക്കുന്നു. മലയാളം തര്‍ജ്ജമ )

അവതാരകന്‍:അപ്പോള്‍ ഇത് കൊണ്ടാണ് നിങ്ങള്‍ക്ക്‌ ഓസ്കാര്‍ കിട്ടാതെ പോയത് എന്നാണോ താങ്കള്‍ പറയുന്നത്.

കാമറൂണ്‍: തീര്‍ച്ചയായിട്ടും. ഇത് തന്നെയാണ് കാരണം.അമേരിക്കയുടെ വിഘ്ടനവാദപരമായ ഉട്ടോപ്യന്‍ ഘടനയുടെ പ്രതിക്രിയമായ കൊളോണിയല്‍ സമീപനത്തിന്റെ ഫലമാണ് എനിക്ക് ഓസ്കാര്‍ കിട്ടാതിരുന്നത്.

അവതാരകന്‍: ഇപ്പൊ പറഞ്ഞത് സാധാരണക്കാരന് മനസിലാവുന്ന ഭാഷയില്‍ ഒന്ന് പറയാമോ..

കാമറൂണ്‍: അതായത്‌ ഞാന്‍ പടത്തില്‍ അമേരിക്കകാരെ ഒന്ന് ചൊറിഞ്ഞു എന്നാണ് അവര്‍ക്ക് തോന്നിയത് അതാണ് കാരണം.

അവതാരകന്‍: അപ്പോള്‍ ഓസ്കാര്‍ നേടിയ Hurt Locker എന്ന സിനിമ താങ്കളുടെ സിനിമയേക്കാള്‍ നല്ലതല്ല എന്നാണോ...?

(കാമറൂണ്‍ ചിരിക്കുന്നു.)

കാമറൂണ്‍:എന്റെ സിനിമയേക്കാള്‍ നല്ല സിനിമയോ.. ചോദ്യത്തില്‍ നിന്നും എനിക്ക് മനസിലായത്‌ നിങ്ങള്‍ എന്റെ സിനിമ കണ്ടിട്ടില്ല എന്നാണ്. ടിക്കറ്റ്‌ കിട്ടികാണിലായിരിക്കും അല്ലേ. Hurt Locker സംവിധാനം ചെയ്തത് എന്റെ മുന്‍ ഭാര്യയാണ്. പിന്നെ എങ്ങനെ അത് എന്റെ സിനിമയേക്കാള്‍ നല്ല സിനിമയാവും. അമേരിക്കയെ സപ്പോര്‍ട്ട് ചെയ്യുന്നു എന്ന ഒരൊറ്റ കാരണം കൊണ്ടാണ് അതിനു ഓസ്കാര്‍ കിട്ടിയത് അല്ലാതെ അത് എന്റെ സിനിമയേക്കാള്‍ നല്ല സിനിമ ആയത് കൊണ്ടല്ല.

അവതാരകന്‍: അമേരിക്കന്‍ പ്രീണനമാണോ കാമറൂണിന്റെ ഓസ്കാര്‍ നഷ്ടപെടുത്തിയത് എന്ന ചര്‍ച്ച തുടരും. ഒരു ചെറിയ ഷോര്‍ട്ട് ബ്രേക്കിനു ശേഷം...

(പരസ്യം)

തകര്‍ത്തു കളഞ്ഞല്ലോ മാഷേ. അങ്ങേരു അമേരിക്കകെതിരെ ആഞ്ഞടിച്ചു.. പന്തം കൊളുത്തി ഉഷാറാക്കണം

അതെയതെ അല്ല...ഇപ്പൊ അവാര്‍ഡ്‌ കിട്ടിയ പടം എങ്ങനെ കൊള്ളാമോ...??

എവിടുന്ന്... അതിന്റെ പേര് കേട്ടാല്ലേ അറിയില്ലേ ചവറു പടമാണ് എന്ന് ഹാര്‍ട്ട് ലോക്കര്‍.. ഏതോ ഹാര്‍ട്ടിനു അസുഖമുള്ള ആളിന്റെ കഥയായിരിക്കും

ഹാര്ട്ടിനു അസുഖമുള്ള ആളിന്റെ കഥയോ..??

.. ഹാര്‍ട്ടിനു അസുഖമുള്ള ആള്‍ അമേരിക്കയില്‍ പോയി ചികില്‍സിച്ചപ്പോള്‍ അവിടത്തെ ആളുകളുടെ കഴിവുകൊണ്ട് രക്ഷപെട്ടു എന്നൊക്കെ ഉളള കഥയായിരിക്കും...

അപ്പോ സഖാവ് പടം കണ്ടില്ലേ

എന്റെ മാഷേ ഇതൊക്കെ എന്തിനാണ് കാണുന്നത്.. പേര് കേട്ടാലെ അറിയില്ലേ പൊളിയായിരിക്കും എന്ന്. ദാ പരിപാടി വീണ്ടും തുടങ്ങി.

(ടെലിവിഷന്‍ അഭിമുഖം)

അവതാരകന്‍: പറയു കാമറൂണ്‍. താങ്കള്‍ക്ക് ഉണ്ടായ നഷ്ടം താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു.

കാമറൂണ്‍: ശരിക്ക് പറഞ്ഞാല്‍ ഞാന്‍ എന്റെ പടത്തിലൂടെ ഒരു വലിയ സന്ദേശം നല്‍കാനാണ് ശ്രമിച്ചത്. അത് പക്ഷെ അമേരിക്കകാര്‍ക്ക് മനസിലായില്ല. അത് മനസില്ലാക്കിയിരുന്നെങ്കില്‍ അവര്‍ ഓസ്കാര്‍ എന്റെ വീട്ടില്‍ കൊണ്ട് വന്നു തന്നേനെ. പക്ഷെ അടുത്ത വര്‍ഷത്തെ ഓസ്കാര്‍ ഞാന്‍ തന്നെ നേടും.

അവതാരകന്‍:നിങ്ങള്‍ എന്താണ് ഉദേശിക്കുന്നത് എന്ന് വ്യകതമാക്കാമോ. എങ്ങിനെയാണ് നിങ്ങള്‍ അടുത്ത വര്ഷം ഓസ്കാര്‍ വാങ്ങിക്കാന്‍ പോകുന്നത്

കാമറൂണ്‍: ഞാന്‍ പടത്തിന്റെ രണ്ടാം ഭാഗം ഇറക്കും. അമേരിക്ക പണ്ടാറോ ആക്രമിച്ചതിന്റെ പിന്നിലെ ചേതോവികാരം എന്തായിരുന്നു എന്ന് അതില്‍ പറയും.

അവതാരകന്‍:എന്ത് കൊണ്ടാണ് അമേരിക്ക പണ്ടാറോ ആക്രമിച്ചത് ...?

കാമറൂണ്‍: അങ്ങിനെ ചോദിക്ക്. അമേരിക്ക പണ്ടാറോ പിടിച്ചെടുക്കാന്‍ നോക്കിയില്ലായിരുന്നെങ്കില്‍ ചൈന അത് പിടിച്ചെടുക്കാന്‍ ശ്രമിക്കുമായിരുന്നു.

അവതാരകന്‍: എന്നിട്ട്.

കാമറൂണ്‍:അവര് നവികളെ കൊണ്ട് ലോകം മൊത്തം നശിപ്പിക്കാന്‍ ശ്രമിക്കുമായിരുന്നു. അത് ഒഴിവാക്കാനാണ് അമേരിക്ക ഇങ്ങനെ ചെയ്തത് എന്ന് ഞാന്‍ രണ്ടാം ഭാഗത്തിലൂടെ വ്യകതമാക്കും.

അവതാരകന്‍: ഒഹ് ശരിക്കും നിങ്ങള്‍ ഒരു ജീനിയസ്‌ തന്നെ.. രണ്ടാം ഭാഗത്തില്‍ ചൈന ആണോ പണ്ടാറോ ആക്രമിക്കാന്‍ വരുന്നത്.

കാമറൂണ്‍: അതെ അപ്പോള്‍ അമേരിക്ക നവികളെ സപ്പോര്‍ട്ട് ചെയ്യും. കുവൈത്തിനെ ആക്രമിച്ച ഇറാഖിനെ എതിര്‍ത്ത പോലെ ചൈനയെ എതിര്‍ക്കാന്‍ നവികളുടെ കൂടെ അമേരിക്കയും ഉണ്ടാവും. അടുത്ത ഭാഗത്തില്‍…!

അവതാരകന്‍:അപ്പൊ അടുത്ത ഓസ്കാര്‍ കാമറൂണിന് തന്നെ അല്ലേ ....??

കാമറൂണ്‍: പിന്നല്ലാതെ ഞാനാരാ മോന്‍....

(TV off ചെയ്യുന്നു.)

എന്നാലും എന്റെ മാഷേ ഇത് ഒടുക്കത്തെ ചതിയായി പോയി. ഇങ്ങേരെ എങ്ങാനും സപ്പോര്‍ട്ട് ചെയ്തിരുന്നെങ്കില്‍ നമ്മള്‍ നാറി പോയേനെ ..

അപ്പോള്‍ സഖാവേ.. പ്രകടനക്കാരോട് ഇനി എന്തു പറയും..

മാഷും സഖാവും ഇവിടെ TV കണ്ടും കൊണ്ടിരുന്നോ. അവിടെ എല്ലാവരും തയ്യാറായി.

ദാ. വരുന്നു. പന്തം കൊളുത്തിയോ..

അതൊക്കെ കൊളുത്തി.. അല്ല സഖാവേ മുദ്രാവാക്യം എന്താണ്....

കാമറൂണ്‍ ബൂര്‍ഷ്വാ മൂരാച്ചി....

നിന്നെ പിന്നെ കണ്ടോളാം...

ചൈനയെ തൊട്ട് കളിക്കാന്‍ വന്നാല്‍

അക്കളി തീക്കളി സൂക്ഷിച്ചോ....

(ആത്മഗതം "പന്തം... കൊളുത്തി പോയില്ലേ....".)

Followers

 
Copyright 2009 b Studio. All rights reserved.