RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ഓസ്കാര്‍ ഉണ്ടോ സഖാവേ ഒരു പന്തം കൊളുത്താന്‍....


സഖാവോ…. എന്താ നേരത്ത്....

മാഷെ TV ഒന്ന് On ചെയ്തെ വേഗം..

എന്താ കാര്യം..

പോളിറ്റ്‌ ബ്യൂറോ ഇടപെടേണ്ട കേസ് ആണ്... കേന്ദ്ര കമ്മിറ്റി കൂടി പ്രതിക്ഷേധ പ്രമേയം പാസാക്കണം.. തല്‍ക്കാലത്തേക്ക് ഞാന്‍ ഒരു പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചിട്ടുണ്ട്. അവരിപ്പോ ഇങ്ങെത്തും.

അല്ല എന്താ പ്രശ്നം..?

അപ്പോ അറിഞ്ഞില്ലേ ജെയിംസ്‌ കാമറൂണിന് ഓസ്കാര്‍ അവാര്‍ഡ്‌ കൊടുക്കാഞ്ഞതിന്റെ കാരണം, ആശാന്റെ പടത്തില്‍ അമേരിക്കയെ കുറ്റപ്പെടുത്തുന്നുണ്ടല്ലോ. അത് ഓസ്കാര്‍ കമ്മിറ്റിയ്ക്ക് പിടിച്ചില്ലത്രേ. അത് കൊണ്ടാണ് അമേരിക്കകാരെ പുകഴ്ത്തുന്ന മറ്റൊരു പടത്തിന് ഓസ്കാര്‍ കൊടുത്തത്. നാറികള്‍... സാമ്രാജ്യത്വത്തിന്റെ കാവല്‍ നായ്ക്കള്‍...

ശ്ശോ അത് മോശമായിപ്പോയി നല്ല കിടിലന്‍ പടം ആയിരുന്നു.. എന്താ ഒരു ഗ്രാഫിക്സ്. 3Dയില്‍ കാണണം എന്നാലെ ഒരു സുഖമുള്ളു.

അതെ.. അതെപ്പറ്റി കാമറൂണുമായി ഒരു അഭിമുഖം ഉണ്ട് ഇപ്പോള്‍. അമേരിക്കന്‍ അധിനിവേശത്തെ ലോക ജനതയ്ക്ക്‌ മുന്നില്‍ തുറന്നു കാണിച്ച് അമേരിക്കയെ നാണം കെടുത്തിയ ആളാ. ഓസ്കാര്‍ പോയാല്ലെന്താ ലോകത്തിലെ മുഴുവന്‍ സഖാക്കളുടെയും പിന്തുണ അയാള്‍ക്കുണ്ട് മാഷ്‌ TV on ചെയ്യ്.. തുടങ്ങിയിട്ട് കുറേനേരം ആയി.

(ടെലിവിഷനില്‍ അഭിമുഖം കാണിക്കുന്നു. മലയാളം തര്‍ജ്ജമ )

അവതാരകന്‍:അപ്പോള്‍ ഇത് കൊണ്ടാണ് നിങ്ങള്‍ക്ക്‌ ഓസ്കാര്‍ കിട്ടാതെ പോയത് എന്നാണോ താങ്കള്‍ പറയുന്നത്.

കാമറൂണ്‍: തീര്‍ച്ചയായിട്ടും. ഇത് തന്നെയാണ് കാരണം.അമേരിക്കയുടെ വിഘ്ടനവാദപരമായ ഉട്ടോപ്യന്‍ ഘടനയുടെ പ്രതിക്രിയമായ കൊളോണിയല്‍ സമീപനത്തിന്റെ ഫലമാണ് എനിക്ക് ഓസ്കാര്‍ കിട്ടാതിരുന്നത്.

അവതാരകന്‍: ഇപ്പൊ പറഞ്ഞത് സാധാരണക്കാരന് മനസിലാവുന്ന ഭാഷയില്‍ ഒന്ന് പറയാമോ..

കാമറൂണ്‍: അതായത്‌ ഞാന്‍ പടത്തില്‍ അമേരിക്കകാരെ ഒന്ന് ചൊറിഞ്ഞു എന്നാണ് അവര്‍ക്ക് തോന്നിയത് അതാണ് കാരണം.

അവതാരകന്‍: അപ്പോള്‍ ഓസ്കാര്‍ നേടിയ Hurt Locker എന്ന സിനിമ താങ്കളുടെ സിനിമയേക്കാള്‍ നല്ലതല്ല എന്നാണോ...?

(കാമറൂണ്‍ ചിരിക്കുന്നു.)

കാമറൂണ്‍:എന്റെ സിനിമയേക്കാള്‍ നല്ല സിനിമയോ.. ചോദ്യത്തില്‍ നിന്നും എനിക്ക് മനസിലായത്‌ നിങ്ങള്‍ എന്റെ സിനിമ കണ്ടിട്ടില്ല എന്നാണ്. ടിക്കറ്റ്‌ കിട്ടികാണിലായിരിക്കും അല്ലേ. Hurt Locker സംവിധാനം ചെയ്തത് എന്റെ മുന്‍ ഭാര്യയാണ്. പിന്നെ എങ്ങനെ അത് എന്റെ സിനിമയേക്കാള്‍ നല്ല സിനിമയാവും. അമേരിക്കയെ സപ്പോര്‍ട്ട് ചെയ്യുന്നു എന്ന ഒരൊറ്റ കാരണം കൊണ്ടാണ് അതിനു ഓസ്കാര്‍ കിട്ടിയത് അല്ലാതെ അത് എന്റെ സിനിമയേക്കാള്‍ നല്ല സിനിമ ആയത് കൊണ്ടല്ല.

അവതാരകന്‍: അമേരിക്കന്‍ പ്രീണനമാണോ കാമറൂണിന്റെ ഓസ്കാര്‍ നഷ്ടപെടുത്തിയത് എന്ന ചര്‍ച്ച തുടരും. ഒരു ചെറിയ ഷോര്‍ട്ട് ബ്രേക്കിനു ശേഷം...

(പരസ്യം)

തകര്‍ത്തു കളഞ്ഞല്ലോ മാഷേ. അങ്ങേരു അമേരിക്കകെതിരെ ആഞ്ഞടിച്ചു.. പന്തം കൊളുത്തി ഉഷാറാക്കണം

അതെയതെ അല്ല...ഇപ്പൊ അവാര്‍ഡ്‌ കിട്ടിയ പടം എങ്ങനെ കൊള്ളാമോ...??

എവിടുന്ന്... അതിന്റെ പേര് കേട്ടാല്ലേ അറിയില്ലേ ചവറു പടമാണ് എന്ന് ഹാര്‍ട്ട് ലോക്കര്‍.. ഏതോ ഹാര്‍ട്ടിനു അസുഖമുള്ള ആളിന്റെ കഥയായിരിക്കും

ഹാര്ട്ടിനു അസുഖമുള്ള ആളിന്റെ കഥയോ..??

.. ഹാര്‍ട്ടിനു അസുഖമുള്ള ആള്‍ അമേരിക്കയില്‍ പോയി ചികില്‍സിച്ചപ്പോള്‍ അവിടത്തെ ആളുകളുടെ കഴിവുകൊണ്ട് രക്ഷപെട്ടു എന്നൊക്കെ ഉളള കഥയായിരിക്കും...

അപ്പോ സഖാവ് പടം കണ്ടില്ലേ

എന്റെ മാഷേ ഇതൊക്കെ എന്തിനാണ് കാണുന്നത്.. പേര് കേട്ടാലെ അറിയില്ലേ പൊളിയായിരിക്കും എന്ന്. ദാ പരിപാടി വീണ്ടും തുടങ്ങി.

(ടെലിവിഷന്‍ അഭിമുഖം)

അവതാരകന്‍: പറയു കാമറൂണ്‍. താങ്കള്‍ക്ക് ഉണ്ടായ നഷ്ടം താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു.

കാമറൂണ്‍: ശരിക്ക് പറഞ്ഞാല്‍ ഞാന്‍ എന്റെ പടത്തിലൂടെ ഒരു വലിയ സന്ദേശം നല്‍കാനാണ് ശ്രമിച്ചത്. അത് പക്ഷെ അമേരിക്കകാര്‍ക്ക് മനസിലായില്ല. അത് മനസില്ലാക്കിയിരുന്നെങ്കില്‍ അവര്‍ ഓസ്കാര്‍ എന്റെ വീട്ടില്‍ കൊണ്ട് വന്നു തന്നേനെ. പക്ഷെ അടുത്ത വര്‍ഷത്തെ ഓസ്കാര്‍ ഞാന്‍ തന്നെ നേടും.

അവതാരകന്‍:നിങ്ങള്‍ എന്താണ് ഉദേശിക്കുന്നത് എന്ന് വ്യകതമാക്കാമോ. എങ്ങിനെയാണ് നിങ്ങള്‍ അടുത്ത വര്ഷം ഓസ്കാര്‍ വാങ്ങിക്കാന്‍ പോകുന്നത്

കാമറൂണ്‍: ഞാന്‍ പടത്തിന്റെ രണ്ടാം ഭാഗം ഇറക്കും. അമേരിക്ക പണ്ടാറോ ആക്രമിച്ചതിന്റെ പിന്നിലെ ചേതോവികാരം എന്തായിരുന്നു എന്ന് അതില്‍ പറയും.

അവതാരകന്‍:എന്ത് കൊണ്ടാണ് അമേരിക്ക പണ്ടാറോ ആക്രമിച്ചത് ...?

കാമറൂണ്‍: അങ്ങിനെ ചോദിക്ക്. അമേരിക്ക പണ്ടാറോ പിടിച്ചെടുക്കാന്‍ നോക്കിയില്ലായിരുന്നെങ്കില്‍ ചൈന അത് പിടിച്ചെടുക്കാന്‍ ശ്രമിക്കുമായിരുന്നു.

അവതാരകന്‍: എന്നിട്ട്.

കാമറൂണ്‍:അവര് നവികളെ കൊണ്ട് ലോകം മൊത്തം നശിപ്പിക്കാന്‍ ശ്രമിക്കുമായിരുന്നു. അത് ഒഴിവാക്കാനാണ് അമേരിക്ക ഇങ്ങനെ ചെയ്തത് എന്ന് ഞാന്‍ രണ്ടാം ഭാഗത്തിലൂടെ വ്യകതമാക്കും.

അവതാരകന്‍: ഒഹ് ശരിക്കും നിങ്ങള്‍ ഒരു ജീനിയസ്‌ തന്നെ.. രണ്ടാം ഭാഗത്തില്‍ ചൈന ആണോ പണ്ടാറോ ആക്രമിക്കാന്‍ വരുന്നത്.

കാമറൂണ്‍: അതെ അപ്പോള്‍ അമേരിക്ക നവികളെ സപ്പോര്‍ട്ട് ചെയ്യും. കുവൈത്തിനെ ആക്രമിച്ച ഇറാഖിനെ എതിര്‍ത്ത പോലെ ചൈനയെ എതിര്‍ക്കാന്‍ നവികളുടെ കൂടെ അമേരിക്കയും ഉണ്ടാവും. അടുത്ത ഭാഗത്തില്‍…!

അവതാരകന്‍:അപ്പൊ അടുത്ത ഓസ്കാര്‍ കാമറൂണിന് തന്നെ അല്ലേ ....??

കാമറൂണ്‍: പിന്നല്ലാതെ ഞാനാരാ മോന്‍....

(TV off ചെയ്യുന്നു.)

എന്നാലും എന്റെ മാഷേ ഇത് ഒടുക്കത്തെ ചതിയായി പോയി. ഇങ്ങേരെ എങ്ങാനും സപ്പോര്‍ട്ട് ചെയ്തിരുന്നെങ്കില്‍ നമ്മള്‍ നാറി പോയേനെ ..

അപ്പോള്‍ സഖാവേ.. പ്രകടനക്കാരോട് ഇനി എന്തു പറയും..

മാഷും സഖാവും ഇവിടെ TV കണ്ടും കൊണ്ടിരുന്നോ. അവിടെ എല്ലാവരും തയ്യാറായി.

ദാ. വരുന്നു. പന്തം കൊളുത്തിയോ..

അതൊക്കെ കൊളുത്തി.. അല്ല സഖാവേ മുദ്രാവാക്യം എന്താണ്....

കാമറൂണ്‍ ബൂര്‍ഷ്വാ മൂരാച്ചി....

നിന്നെ പിന്നെ കണ്ടോളാം...

ചൈനയെ തൊട്ട് കളിക്കാന്‍ വന്നാല്‍

അക്കളി തീക്കളി സൂക്ഷിച്ചോ....

(ആത്മഗതം "പന്തം... കൊളുത്തി പോയില്ലേ....".)

1 comments:

ഉപ്പായി || UppaYi said...

ഹ ഹാ.. കിഡുക്കി....

Followers

 
Copyright 2009 b Studio. All rights reserved.