RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ഇനി ദിലീപിന്റെ നാളുകൾ ..!



പോക്കിരി രാജ എന്ന പടുകൂറ്റൻ ഹിറ്റും പ്രാഞ്ചിയേട്ടൻ എന്ന ക്ലാസ് ഹിറ്റുമായി മമ്മൂട്ടിയും കോടികളുടെ മണികിലുക്കം ബോക്സ് ഓഫീസിൽ കേൾപ്പിച്ച ശിക്കാർ എന്ന സൂപ്പർ ഹിറ്റുമായി മോഹൻലാലുമിങ്ങനെ ഈ വർഷം നിറഞ്ഞു നില്ക്കുന്നുണ്ടെങ്കിലും 2010 ലെ താരം ഇവരാരുമല്ല. സാക്ഷാൽ ദിലീപ് ആണു. മലയാളികളുടെ സ്വന്തം ജനപ്രിയ നായകൻ. 18 വർഷത്തെ സിനിമ ജീവിതത്തിനിടയിൽ 100 സിനിമകൾ. ഇതിൽ നിരവധി മെഗാഹിറ്റുകളും സൂപ്പർഹിറ്റുകളും ഹിറ്റുകളും. സല്ലാപത്തിലൂടെ ആദ്യമായി നായകനായ ശേഷം ഈ പുഴയും കടന്ന് മീനത്തിൽ താലി കെട്ടി പഞ്ചാബി ഹൗസിൽ എത്തിയപ്പോൾ തന്നെ ദിലീപ് മലയാളി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട ഒരു നടനായി മാറി കഴിഞ്ഞിരുന്നു.

ചന്ദ്രനുദിക്കുന്ന ദിക്കിൽ നിന്നും ഉദയപുരം സുൽത്താനായി വന്ന ഈ ജോക്കറിനെ മഞ്ജു വാര്യരുടെ ഭർത്താവ് എന്ന നിലയിൽ നിന്നും മലയാള സിനിമയിലെ മുൻ നിരയിലേക്ക് എത്തിച്ച സിനിമയായിരുന്നു തെങ്കാശിപ്പട്ടണം. ഈ സിനിമയുടെ വൻ വിജയം ദിലീപ് എന്ന നടന്റെ കരിയറിൽ വൻ മുന്നേറ്റമാണു നടത്തിയത്. ഇഷ്ടം , വർണക്കാഴ്ച്ചകൾ, ഈ പറക്കും തളിക എന്നീ സിനിമകൾ ഒരു സാദാ നടൻ എന്നതിൽ നിന്നും അയല്പക്കത്തെ പയ്യൻ എന്ന ഇമേജ് ദിലീപിനു നേടി കൊടുത്തു. കല്യാണ രാമൻ, കുഞ്ഞിക്കൂനൻ പോലെയുള്ള പ്രേക്ഷകരെ ആർത്ത് ചിരിപ്പിച്ച ചിത്രങ്ങൾ മീശമാധവൻ എന്ന എക്കാലത്തെയും വലിയ ഹിറ്റ്. അതെ ദിലീപ് എന്ന ജനപ്രിയ നായകൻ സൂപ്പർ താരമായി വളരുകയായിരുന്നു.

CID മൂസ, തിളക്കം പോലുള്ള സിനിമകൾ ദിലീപിന്റെ താരപദവി ഉറപ്പിക്കാൻ പോന്നവയായിരുന്നു. ജോഷി സംവിധാനം ചെയ്ത റൺ വേ എന്ന ആക്ഷൻ കോമഡി സിനിമയുടെ വിജയത്തിലൂടെ ആക്ഷൻ രംഗങ്ങളിലും താൻ തിളങ്ങും എന്ന് ദിലീപ് കാണിച്ചു കൊടുത്തു. ചാന്തു പൊട്ടിലെ ദിലീപിന്റെ അഭിനയം വിമർശകരുടെ പോലും പ്രശംസ നേടിയെടുത്തതാണു. കരിയറിൽ ഇങ്ങനെ തിളങ്ങി നില്ക്കുമ്പോളാണു ചില തിരിച്ചടികൾ ദിലീപിനു നേരിടേണ്ടി വന്നത്. സൂപ്പർ താര പദവി കൈ വന്നതിനു ശേഷം ഒരു ആക്ഷൻ ഹീറോ പരിവേഷം നേടിയെടുക്കാൻ വേണ്ടി ദിലീപ് നടത്തിയ ഒരു ശ്രമമായിരുന്നു ദി ഡോൺ എന്ന സിനിമ. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ത്രൂ ഔട്ട് ആക്ഷൻ സിനിമ ഒരു വൻപരാജയമായി മാറുകയാണുണ്ടായത്. ദിലീപ് സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ഏത് തരത്തിലുള്ള ദിലീപ് സിനിമകളാണു തങ്ങൾക്ക് വേണ്ടത് എന്നതിന്റെ വ്യക്തമായ സൂചനയാണു ഡോണിന്റെ പരാജയം നല്കിയത്.

മോഹൻലാൽ ബാക്കി വെച്ചു പോയ ലാളിത്യമുള്ള കഥാപാത്രങ്ങൾ ചെയ്യാൻ കഴിവുള്ള നടൻ എന്നതാണു തന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് എന്നത് ദിലീപ് പെട്ടെന്നു തന്നെ മനസ്സിലാക്കി. ഇതിനിടയിൽ അമ്മയ്ക്ക് വേണ്ടി നിർമ്മിച്ച ട്വന്റി ട്വന്റി എന്ന സിനിമ ബ്ലോക്ക് ബസ്റ്റർ ആയത് ദിലീപിലെ നിർമ്മാതാവിനു നേട്ടമായി. ട്വന്റി ട്വന്റിയുടെ വിജയം ഒഴിച്ചു നിർത്തിയാൽ 2008 -2009 കാല ഘട്ടം ദിലീപിനെ സംബന്ധിച്ചു മോശം സമയമായിരുന്നു. ക്രേസി ഗോപാലൻ, പാസഞ്ചർ എന്നീ ഹിറ്റ് സിനിമകൾ ഉണ്ടായെങ്കിലും ലാൽ ജോസിന്റെ മുല്ലയും ഫാസിലിന്റെ മോസ് n ക്യാറ്റുമെല്ലാം ബോക്സ് ഓഫീസ് ദുരന്തങ്ങളായത് ദിലീപിന്റെ താരപദവിക്ക് മങ്ങലേല്പിച്ചു. കല്ക്കട്ട ന്യൂസ് വേണ്ടത്ര ശ്രദ്ധിക്കപ്പെടാതിരുന്നതും സ്വലേ ആദ്യ വാരം തന്നെ തിയറ്ററുകളിൽ ഹോൾഡ് ഓവർ ആയതും ദിലീപ് എന്ന നടന്റെ സൂപ്പർ സ്റ്റാർ പദവിയുടെ അവസാനമാണെന്നു ചിലർ വിധിയെഴുതി.

2010ൽ ഏറെ പ്രതീക്ഷയോടെ പുറത്തു വന്ന സിദിഖിന്റെ ബോഡി ഗാർഡ് തരക്കേടില്ലാത്ത അഭിപ്രായവും മോശമില്ലാത്ത കളക്ഷനും നേടിയെങ്കിലും മുൻ കാല സിദിഖ് - ലാൽ സിനിമകളുടെ വിജയം ആവർത്തിക്കാതിരുന്നത് ദിലീപിനു ക്ഷീണമായി. ബോഡി ഗാർഡിനു ശേഷം വന്ന ആഗതനും ബോക്സ് ഓഫീസിൽ നേട്ടമാവാതിരുന്നതോടെ ദിലീപ് യുഗം അവസാനിച്ചുവെന്ന് തന്നെ എല്ലാവരും കരുതി. എന്നാൽ പാപ്പി അപ്പച്ച എന്ന അപ്രതീക്ഷിത സൂപ്പർ ഹിറ്റിലൂടെ ദിലീപ് വീണ്ടും തിരിച്ചു വന്നു.പാപി അപ്പച്ചക്ക് ശേഷം ഒരു നീണ്ടകാലയളവിൽ ദിലീപ് സിനിമകൾ ഒന്നും പുറത്തിറങ്ങിയിരുന്നില്ല. ദിലീപ് നിർമ്മിച്ച മലർവാടി ആർട്സ് ക്ലുബ് ഇതിനിടയിൽ റിലീസ് ആവുകയും സൂപ്പർ ഹിറ്റ് ആവുകയും ചെയ്തു.

തന്റെ 100 മത് ചിത്രം എന്ന പേരിൽ പുറത്തിറങ്ങിയ കാര്യസ്ഥൻ ദിലീപിനു നിർണായകമായ ഒന്നായിരുന്നു. അതിൽ ദിലീപ് പരിപൂർണ വിജയം കണ്ടു എന്നാണു കാര്യസ്ഥന്റെ കളക്ഷൻ റിക്കാർഡുകൾ തെളിയിക്കുന്നത്. തന്റെ വീഴ്ച്ചക്ക് വേണ്ടി കാത്തിരുന്നവർക്ക് ഒരു മെഗാഹിറ്റിലൂടെ ദിലീപ് മറുപടി കൊടുത്തിരിക്കുകയാണു. ഈ വർഷത്തെ ഏറ്റവും വലിയ പണം വാരിപടങ്ങളിൽ ഒന്നായി കാര്യസ്ഥൻ മാറും എന്ന് തീർച്ചയാണു.

ബിഗ് Ms കഴിഞ്ഞാൽ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കുടുമ്പ പ്രേക്ഷകരുടെ പിന്തുണയുള്ളത് തനിക്കാണു എന്ന് ദിലീപിനു നന്നായിട്ടറിയാം. അതു കൊണ്ട് തന്നെ ഈ കുടുമ്പ പ്രേക്ഷകരെ ആകർഷിക്കുന്ന തരത്തിലുള്ള സിനിമകൾ തന്നെയാണു ദിലീപിന്റെതായി ഇനി വരാനിരിക്കുന്നതും. ക്രിസ്തുമസിനു റിലീസ് ചെയ്യുന്ന മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ഷാഫി - ബെന്നി പി നായരമ്പലം സിനിമയിൽ നിന്ന് മറ്റൊരു കല്യാണ രാമനിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കണ്ട. മോഹൻലാലിനൊപ്പമുള്ള ക്രിസ്ത്യൻ ബ്രദേഴ്സ് , ചൈന ടൗൺ, ദിലീപിന്റെ ഇഷ്ട തിരകഥകൃത്തുക്കൾ ആയ ഉദയ് കൃഷ്ണസിബി കെ തോമസിന്റെ രചനയിൽ ജോഷി സംവിധാനം ചെയ്യുന്ന റൺ വേയുടെ രണ്ടാം ഭാഗം, വിജി തമ്പിയുടെ നാടോടി മന്നൻ തുടങ്ങി ചിരിയുടെ മാലപടക്കങ്ങൾ തീർക്കുന്ന നിരവധി ചിത്രങ്ങൾ. ഇനി വരാനിരിക്കുന്നത് ദിലീപിന്റെ നാളുകളാണു, ഇടക്കാലത്ത് സംഭവിച്ച പരാജയങ്ങളെ വിജയങ്ങളുടെ കണക്ക് കൊണ്ട് തിരുത്തിയെഴുതിയ ജനപ്രിയ സൂപ്പർ സ്റ്റാറിന്റെ നാളുകൾ..!

*ഇപ്പോൾ മനസ്സിലായോ..മലയാള സിനിമയിലെ ശരിക്കും മൂന്നാമൻ ഞാനാ...!!
*ശരി, ശരിക്കും മൂന്നാമാ..!!!

വീണ്ടുമൊരു നിർമ്മാതാവ് വാളെടുക്കുന്നു..!



മലയാള സിനിമയെ സംബന്ധിച്ചിടത്തോളം നിർമ്മാതാക്കൾ കുത്തു പാളയെടുക്കുക എന്നത് ഒരു പുതുമയുള്ള കാര്യമല്ല. വർഷത്തിൽ ഇറങ്ങുന്ന 90 സിനിമകളിൽ 80 എണ്ണവും പരാജയപ്പെടുന്ന ഒരു ഇൻഡസ്ട്രിയിൽ അങ്ങനെ സംഭവിച്ചില്ലങ്കിലെ അത്ഭുതമുള്ളു. ഇത്തരത്തിൽ സിനിമയെടുത്ത്പാപ്പരായി പോകുന്ന നിർമ്മാതാക്കളിൽ ചിലർ വട്ടിപലിശയ്ക്ക് പണമെടുത്ത് വീണ്ടും ഭാഗ്യ പരീക്ഷണത്തിനൊരുങ്ങുന്നു.മറ്റു ചിലർ നഷ്ടപ്പെട്ടത് ഓർത്ത് ദുഖിച്ചു കൊണ്ട് സ്ഥലം വിടുന്നു. എന്നാൽ വളരെ ചുരുക്കം ചിലർ മാത്രം ഇതിനെതിരെ വാളെടുക്കാറുണ്ട്. തങ്ങൾക്ക് സിനിമ നിർമ്മാണത്തിനിടയിൽ നേരിട്ട കയ്പ്പേറിയ അനുഭവങ്ങളെ പറ്റി തുറന്നടിക്കാറുണ്ട്.സിനിമ ഫീൽഡിൽ സജീവമായി നില്ക്കുന്ന താരങ്ങളെ പറ്റിയാണു ഇത്തരത്തിൽ ആരോപണം ഉന്നയിക്കുന്നത് എന്നത് കൊണ്ട് തന്നെ ഇതിനധികം പബ്ലിസിറ്റി കിട്ടാറില്ല. കാശ് പോയ നിർമ്മാതാവിന്റെ വിലാപം ഒരു ജല്പനമായി മാറി അവസാനിക്കുകയാണു ചെയ്യാറു പതിവ്.

അടുത്ത കാലത്ത് വന്ദേമാതരത്തിന്റെ നിർമ്മാതാവ് ഇങ്ങനെ ഒരു പരാതിയുമായി വന്നിരുന്നു. അതുപോലെ കോളേജ് കുമാരന്റെ നിർമ്മാതാവ് തുളസി ദാസിനെതിരെ, ഒന്നാമന്റെ നിർമ്മാതാവ് തമ്പികണന്താനത്തിനെതിരെ, വർഗ്ഗത്തിന്റെ നിർമ്മാതാവ് പ്രിത്വിരാജിനെതിരെ, നടൻ ദിലീപിനെതിരെ ഉദയ പുരം സുൽത്താന്റെ നിർമ്മാതാവ് എന്നിങ്ങനെ തുടങ്ങി ഒരുപാട് നിർമ്മാതാക്കൾ ആരോപണങ്ങളുമായി വന്നിട്ടുണ്ട്. ഇതിലെ ഏറ്റവും പുതിയ വിവാദം Anwar എന്ന സിനിമയെ ചുറ്റിപറ്റിയാണു. സിനിമയുടെ നിർമ്മാതാവ് രാജു സക്കറിയ ആണു അമൽ നീരദിനെ പറ്റി ഇത്തരത്തിൽ ഒരു ആരോപണം ഉന്നയിച്ചിരിക്കുന്നത്. കൗമുദി വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണു അമൽ നീരദിനെതിരെ നിർമ്മാതാവ് ആഞ്ഞടിച്ചത്. അഭിമുഖം ഇവിടെ വായിക്കാം.

ആരോപണങ്ങൾക്കെതിരെ അമൽ പ്രതികരിച്ചിട്ടുണ്ട്. നിർമാതാവിന്റെ വാദം ശരിയല്ലെന്നും തനിക്ക് പറയുന്ന തുകയൊന്നും പ്രതിഫലമായി തന്നിട്ടില്ല എന്നുമാണു അമൽ പറയുന്നത്. കൂടാതെ
1.5 Cr നഷ്ടം വന്നു എന്ന് പറയുന്നത് ശരിയല്ല. എല്ലാ rights ഉം തിയറ്റർ ഷെയറുമടക്കം 4.30 cr കിട്ടിയിട്ടുണ്ട് എന്നും പിന്നെങ്ങനെ 1.5 Cr നഷ്ടം വരും എന്നുമാണു അമൽ ചോദിക്കുന്നത്. മാത്രമല്ല പ്രിത്വിരാജുമായുള്ള ബന്ധം വഷളായ രീതിയിൽ ആണെങ്കിൽ പ്രിത്വി പിന്നെ എന്തു കൊണ്ട് ഞാൻ അടുത്തതായി സംവിധാനം ചെയ്യാൻ പോകുന്ന സിനിമ നിർമ്മിക്കാൻ തയ്യാറാവണം എന്നും അമൽ ചോദിക്കുന്നു. Anwar സിനിമയുടെ ചിത്രീകരണത്തിനിടയ്ക്ക് നിർമ്മാതാവ് അനാവശ്യമായ ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്നും അത് ഇപ്പോൾ തുറന്ന് പറയാൻ താൻ തയ്യാറല്ല എന്നുമാണു അമൽ പ്രതികരിച്ചത്.

സിനിമയുടെ നഷ്ടത്തെ കുറിച്ച് സംസാരിക്കാൻ ആധികാരികമായ അവകാശം നിർമ്മാതാവിനു തന്നെയാണു എന്നിരിക്കെ ആരോപണങ്ങളെല്ലാം ശരിയാണോ തെറ്റാണോ എന്നത് വരും ദിവസങ്ങളിൽ പുറത്ത് വരും എന്ന് പ്രതീക്ഷിക്കാം. എന്തായാലും സംവിധായകനും നിർമ്മാതാവും യോജിച്ചു കൊണ്ട് ഒരേ സ്വരത്തിൽ പറയുന്ന ഒരു കാര്യമുണ്ട്. റിലീസ് ചെയ്ത അന്നു തന്നെ എന്തിരന്റെ കളക്ഷൻ റിക്കാർഡ് തകർത്തു എന്ന് പറഞ്ഞ് പ്രിത്വിരാജ് ട്വീറ്റ് ചെയ്ത Anwar ഒരു പരാജയ ചിത്രമാണു എന്ന കാര്യം...!

ഈയിടെ ഒരു മാധ്യമത്തിൽ ഇറങ്ങിയ ലേഖനത്തിൽ പറയുന്ന പോലെ സ്വകാര്യ ബസ് ഉടമകളും സിനിമ നിർമ്മാതാക്കളും ഒരു പോലെ ആണു. രണ്ട് മേഖലയും നഷ്ടത്തിൽ ആണു ഓടുന്നത് എന്ന്പറയുകയും ചെയ്യും എന്നാൽ ഇറങ്ങുന്ന ബസ്സുകളുടെയും സിനിമകളുടെയും എണ്ണത്തിൽ കുറവൊന്നുമില്ല താനും...!!

*ഫോട്ടോയുടെ അടിക്കുറിപ്പ് : എന്തായാലും നാണക്കേടായി, ഇനി മുഖം മറച്ചിരിക്കാം..!!

അമൽ നീരദ് ഇന്റർവ്യു കടപ്പാട് ഫോറം കേരളം

കോഴിക്കോട് ശാന്താ ദേവി അന്തരിച്ചു.



പ്രശസ്ത ചലച്ചിത്ര നടി കോഴിക്കോട് ശാന്താ ദേവി അന്തരിച്ചു.
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അന്തരിച്ച പ്രശസ്ത ഗായകൻ കോഴിക്കോട് അബ്ദുൾ ഖാദറാണു ശാന്താ ദേവിയുടെ ഭർത്താവ്. നിരവധി നാടകങ്ങളിലും സിനിമകളിലും വേഷമിട്ട ശാന്താ ദേവി അവസാനമായി അഭിനയിച്ചത് കേരള കഫേയിലെ മകനാൽ ഉപേക്ഷിക്കപ്പെടുന്ന അമ്മയുടെ ഹൃദയസ്പർശിയായ വേഷമായിരുന്നു. എല്ലാവരുടെയും കണ്ണുകൾ നനയിച്ച ആ കഥാപാത്രത്തിനോട് സാമ്യമുള്ളത് തന്നെയായിരുന്നു ശാന്താ ദേവിയുടെ അവസാന കാലഘട്ടവും.അങ്ങിനെ ഒരു നല്ല കലാകാരി കൂടി നമ്മളെ വിട്ടു കാലയവനികക്കുള്ളിൽ മറഞ്ഞു. പക്ഷെ അവർ ജീവൻ നല്കിയ മികച്ച കഥാപാത്രങ്ങളിലൂടെ ശാന്താ ദേവി എന്നും ജീവിക്കും

ആദരാഞ്ജലികൾ.

A Current Positive THRILLER..!


“എനിക്ക് ഈ ചിത്രത്തെക്കുറിച്ച് വമ്പൻ അവകാശവാദങ്ങൾ ഒന്നും തന്നെയില്ല. എല്ലാതരം പ്രേക്ഷകരെയും രസിപ്പിക്കുന്ന ഒരു മാസ് മസാല എന്റെർടെയ്നർ. അതായിരിക്കും ത്രില്ലർ” മലയാള സിനിമ പ്രേക്ഷകരുടെ ഇന്നത്തെ ആസ്വാദന നിലവാര രീതി കൃത്യമായി മനസ്സിലാക്കിക്കൊണ്ടുള്ള ഒരു സംവിധായകന്റെ, ത്രില്ലർ എന്ന പ്രിത്വിരാജ് ചിത്രം സംവിധാനം ചെയ്ത ബി ഉണികൃഷ്ണന്റെ വാക്കുകളാണിത്. രൺജി പണിക്കരും sn സ്വാമിയും കഴിഞ്ഞാൽ മലയാള സിനിമയിൽ പൊളിറ്റിക്കൽ സസ്പെൻസ് ആക്ഷൻ സിനിമകൾ ഒരുക്കുന്നതിൽ മുന്നിട്ടു നില്ക്കുന്ന ആളാണു ബി ഉണികൃഷ്ണൻ. സസ്പെൻസ് സിനിമകളുടെ ഗണത്തിൽ അദ്ദേഹം തിരകഥയെഴുതിയ ടൈഗർ എന്ന സിനിമക്ക് ഒരു പ്രത്യേക സ്ഥാനം തന്നെയാണുള്ളത്.

മമ്മൂട്ടിയെയും മോഹൻലാലിനെയും സുരേഷ് ഗോപിയെയും നായകന്മാരാക്കി സിനിമകൾ എടുത്ത ശേഷം അടുത്ത സൂപ്പർ താരമായ പ്രിത്വിരാജിനെ വെച്ച് ഒരു സിനിമ ചെയ്യുമ്പോൾ സ്വാഭാവികമായും പ്രതീക്ഷകൾ ഉണ്ടാവേണ്ടതാണു.പക്ഷെ പ്രമാണി ഒരു പരാജയമായത് കൊണ്ടും, Anwar ബോക്സ് ഓഫീസിൽ വിചാരിച്ച ചലനം സൃഷ്ടിക്കാതിരുന്നതു കൊണ്ടുമൊക്കെയാവാം ത്രില്ലറിനു അമിത പ്രതീക്ഷകൾ ഇല്ലായിരുന്നു.എന്നാൽ Anwar മൂലം നിരാശരാക്കപ്പെട്ട ആരാധകരെ ആനന്ദഭരിതരാക്കുന്ന ഒരു മികച്ച ചിത്രമാണു ഉണികൃഷ്ണൻ ത്രില്ലറിലൂടെ സമ്മാനിച്ചിരിക്കുന്നത്. പലപ്പോഴും പ്രതീക്ഷകൾക്ക് കടകവിരുധമായാണു പല കാര്യങ്ങളും സംഭവിക്കുക എന്നത് ഒരിക്കൽ കൂടി തെളിയിക്കുകയാണു ത്രില്ലർ എന്ന ചിത്രത്തിന്റെ വിജയം.

ആനന്ദ് ഭൈരവിയുടെ ബാനറിൽ സാബു ചെറിയാൻ ആണു ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. തിരകഥയും സംഭാഷണവുമെല്ലാം സംവിധായകന്റേതു തന്നെ. കേരളത്തിൽ സമീപകാലത്തു നടന്ന വിവാദമായ ഒരു കൊലപാതക കേസിനു സംവിധായകൻ ചലച്ചിത്ര ഭാഷ്യം ചമയ്ക്കുകയാണു ഈ സിനിമയിൽ. ഇനിയും ശരിക്കുമുള്ള കുറ്റവാളികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്ത ഈ കുറ്റകൃത്യത്തിന്റെ അന്വേഷണവും അതിന്റെ കുറ്റവാളിയെ കണ്ടെത്തെലുമെല്ലാം സംവിധായകന്റെ കാഴ്ച്ചപാടുകളിലൂടെ അവതരിപ്പിക്കപെടുകയാണു ഇവിടെ. സൈമൺ പാലത്തിങ്കുൽ എന്ന യുവവ്യവസായി ഹൈവേയിൽ വെച്ച് കൊല്ലപ്പെടുകയും കേസന്വേഷണത്തിനു നിരഞ്ജൻ IPS നിയുക്തനാവുകയും അവസാനം കുറ്റവാളിയെ കണ്ടു പിടിക്കുകയും ചെയ്യുന്നതാണു സിനിമ.

മലയാളത്തിലെ യുവ സൂപ്പർ താരം പ്രിത്വിരാജ് ആണു നിരഞ്ജനായി വേഷമിടുന്നത്.പ്രിത്വിരാജ് തന്നെയാണു ഈ സിനിമയിലെ ഏറ്റവും വലിയ ഹൈലെറ്റ് തന്റെ കഥാപാത്രത്തിനോട് 100% നീതി പുലർത്തുന്ന മികച്ച അഭിനയമാണു പ്രിത്വിരാജ് കാഴ്ച്ച വെച്ചിരിക്കുന്നത്. ഫൈറ്റ് സീനുകളിൽ അസാമാന്യ പ്രകടനമാണു പ്രിത്വി നടത്തിയിരിക്കുന്നത്. മമ്മൂട്ടി സുരേഷ് ഗോപി പോലീസ് കഥാപാത്രങ്ങളെ പോലെ നെടുങ്കൻ ഡയലോഗുകൾ ഇതിലെ നായകൻ പറയുന്നില്ല. പക്ഷെ തിയറ്ററുകളിൽ കയ്യടികൾ തീർക്കുന്ന നല്ല കിടിലൻ ഡയലോഗുകൾ ഉണ്ടു താനും. ചുരുക്കി പറഞ്ഞാൽ നിരഞ്ജൻ IPS എന്ന Assit. പോലീസ് കമ്മീഷണറുടെ വേഷത്തിൽ പ്രിത്വി കസറി. ഒരു നായക നടനെ സംബന്ധിച്ചിടത്തോളം അയാൾ നായകനായി അഭിനയിച്ച സിനിമയിൽ ഏറ്റവും നന്നായത് തന്റെ അഭിനയമാണു എന്ന് പ്രേക്ഷകർ അഭിപ്രായപെടുന്നതാണു ഏറ്റവും വലിയ നേട്ടം. ഇക്കാര്യത്തിൽ പ്രിത്വിരാജിനു അഭിമാനിക്കാം. ഇന്ന് മലയാള സിനിമയിൽ ചില നായക നടന്മാർക്ക് കിട്ടാതെ പോകുന്നതും ഈ നേട്ടം തന്നെയാണു.

സിനിമയിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത സമ്പത്ത്, സിദിഖ്, വിജയ് രാഘവൻ സൈമൺ പാലത്തിങ്കുൽ ആയി വേഷമിട്ട പുതുമുഖ നടൻ എന്നിവരെല്ലാം നല്ല പ്രകടനമാണു കാഴ്ച്ച വെച്ചിരിക്കുന്നത്. രണ്ടര മണിക്കൂർ നീളമുള്ള ഈ സസ്പെൻസ് ത്രില്ലർ വളരെ ഫാസ്റ്റായി ചിത്രീകരിക്കുന്നതിൽ ഛായഗ്രഹകനും എഡിറ്ററും വിജയിച്ചിട്ടുണ്ട്. പശ്ചാത്തല സംഗീതവും മോശമല്ല.

നായകൻ പ്രിത്വിരാജ് ആയത് കൊണ്ടാവണം സിനിമയിൽ ഒരു നായികയും Love Track ഉം സോഗ്സും.എന്നിരുന്നാലും ഗാന രംഗങ്ങളിൽ പ്രിത്വിരാജിന്റെ ഗെറ്റപ്പുകൾ യുവ ആരാധികമാരെ ഹരം കൊള്ളിക്കുന്നവ തന്നെയായിരുന്നു. അത് തന്നെയായിരിക്കാം ഇതിന്റെ പിന്നിലുള്ള ലക്ഷ്യവും. അതു പോലെ സിനിമയിൽ പ്രിത്വിരാജ് പറയുന്ന ഡയലോഗുകൾ മികച്ചതെങ്കിലും ഇംഗ്ലീഷ് ഡയലോഗുകൾ രൺജി പണിക്കർ സ്റ്റാൻഡേർഡിൽ എത്തിയില്ല എന്ന് ചിലർ അഭിപ്രായപ്പെടുന്നുണ്ടായിരുന്നു. രൺജി പണിക്കരുടെ ഹെവി ഡയലോഗുകൾ പറഞ്ഞിരുന്നത് മമ്മൂട്ടിയും സുരേഷ് ഗോപിയുമൊക്കെയാണു. അർത്ഥം മനസ്സിലാവാതിരുന്നിട്ടു കൂടി മലയാളികൾ ഒന്നടങ്കം അത് ആരവങ്ങളോടെ
ഏറ്റു വാങ്ങിയതാണു. അത്തരം കടുകട്ടി ഡയലോഗുകൾ Assit കമ്മീഷണർ റോളിൽ നിന്നു കൊണ്ട് പ്രിത്വി പറഞ്ഞാൽ കൂവൽ കിട്ടാൻ സാധ്യതയുണ്ട് എന്ന് മനസ്സിലാക്കിയിട്ടാവണം സംവിധായകൻ കട്ടി കുറഞ്ഞ ഇംഗ്ലീഷ് ഡയലോഗുകൾ പറയിച്ച് കയ്യടി നേടിയത്. കമ്മീഷണറാവാനും കളക്ടറാവാനുമൊക്കെ പ്രിത്വിക്ക് ഇനിയും സമയം ധാരാളമുണ്ടല്ലോ.

ഇത്തരം സിനിമകളിൽ പ്രേക്ഷകരെ ആദ്യാവസാനം വരെ പിടിച്ചിരുത്തുന്ന ഘടകം സിനിമയുടെ സസ്പെൻസ് ആണു. ആദ്യം ടൈഗറിലും പിന്നെ ത്രില്ലറിലും ആ കാര്യത്തിൽ സംവിധായകൻ വിജയിച്ചുവെങ്കിലും ഒരു സാധാരണ പ്രേക്ഷകന്റെ ആദ്യ മൂന്ന് guess ഉം കഴിഞ്ഞ് നാലാമത്തേയോ അഞ്ചാമത്തേയോ guess ൽ വരുന്ന ആളെ വേണം അടുത്ത പടത്തിൽ വില്ലൻ ആക്കാൻ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

റിലീസിനു മുൻപ് തന്നെ മനോരമ ചാനൽ ഇതിന്റെ റൈറ്റ്സ് വാങ്ങിച്ചതും ആദ്യ ദിവസങ്ങളിലെ യുവാക്കളുടെ സപ്പോർട്ടും ഈ സിനിമയെ ഇതിനോടകം തന്നെ ഹിറ്റ് ചാർട്ടിൽ എത്തിച്ചു കഴിഞ്ഞു. പക്ഷേ കേരളത്തിൽ ഒരു സിനിമ അത് നല്ലതായാലും മോശമായാലും സൂപ്പർഹിറ്റ് ആകണമോ Long റൺ കിട്ടണമോ എന്നൊക്കെ തിരുമാനിക്കുന്നത് കുടുമ്പ പ്രേക്ഷകർ ആണല്ലോ. കോമഡി സിനിമകൾ എന്ന പേരിൽ തരം താണ ഹാസ്യ രംഗങ്ങൾ കുത്തി നിറച്ച മൂന്നാം കിട സിനിമകൾക്ക് കുടുംബ പ്രേക്ഷകർ മുൻ ഗണന കൊടുക്കുമ്പോൾ പല നല്ല സിനിമകൾക്കും അർഹിക്കുന്ന വിജയം കിട്ടാതെ പോകുന്നു. ചവറു സിനിമകളെ പ്രോൽസാഹിപ്പിക്കുന്നത് നിർത്തി ത്രില്ലറിനു പരിഗണന നല്കാൻ ഈ വിഭാഗം തയ്യാറായാൽ ത്രില്ലർ സൂപ്പർ ഹിറ്റും കഴിഞ്ഞ് ഒരു മെഗാഹിറ്റ് വിജയം സ്വന്തമാക്കും എന്നത് തീർച്ചയാണു...!

*മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും കഴിഞ്ഞാൽ കരുത്തുറ്റ നായക വേഷങ്ങൾ ചെയ്യാൻ ഇന്ന് മലയാള സിനിമയിൽ താൻ മാത്രമേ ഉള്ളു എന്ന് ത്രില്ലറിലൂടെ പ്രിത്വി വീണ്ടും തെളിയിച്ചിരിക്കുകയാണു..!!

**അല്ല പിന്നെ..! കോമഡി ചെയ്യാൻ സുരാജ് ഉണ്ടല്ലോ ഇവിടെ..!!!

മലയാള സിനിമക്കും വേണ്ടേ ഒരു കാര്യസ്ഥൻ..!



മലയാള സിനിമയിലെ അനുഗ്രഹീത കോമഡി നടന്മാരിൽ ഒരാളാണു ദിലിപ്. തന്റെ സ്വതസിദ്ധമായ അഭിനയ ശൈലി കൊണ്ട് മലയാളികളുടെ മനസ്സിൽ ഒരു സ്ഥാനം ദിലീപ് നേടിയിട്ടുണ്ട്. പറക്കും തളികയും മീശമാധവനും, ചാന്ത്പൊട്ടും റൺ വേയുമൊക്കെ ദിലീപ് എന്ന നടനെ സൂപ്പർ താര പദവിയിലേക്ക് കൈ പിടിച്ചുയർത്തിയവയായിരുന്നു. CID മൂസ പോലുള്ള ചിത്രങ്ങൾ കുട്ടികളുടെ ഇടയിൽ ഈ നടനു ഉണ്ടാക്കികൊടുത്ത ഇമേജ് വളരെ വലുതാണു. ഷക്കീല തരംഗം മലയാള സിനിമയിൽ ആഞ്ഞടിച്ച സമയത്ത് ദിലീപിന്റെ തോളിലേറിയാണു മലയാള സിനിമ സഞ്ചരിച്ചിരുന്നത്.

എന്നാൽ ഇന്ന് ദിലീപിൽ നിന്ന് ഏതു തരത്തിലുള്ള സിനിമകളാണു ജങ്ങൾ പ്രതീക്ഷിക്കുന്നത് എന്ന് ചോദിച്ചാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ദിലീപിൽ നിന്ന് ഒന്നും തന്നെ പ്രതീക്ഷിക്കുന്നില്ല എന്നതാണു ഉത്തരം. മുൻപ് ദിലീപ് സിനിമകൾ നല്കിയിരുന്ന നർമ്മവും രസകരമായ കുടുംബ കഥകളുമെല്ലാം അതിനേക്കാൾ മികച്ച രീതിയിൽ നല്കാൻ സാക്ഷാൽ ജനപ്രിയ നായകൻ ജയറാമിനു കഴിയുന്നുണ്ട്. ഒറിജിനൽ ഇങ്ങനെ തിളങ്ങി നില്ക്കുമ്പോൾ മുക്കു പണ്ടം ആരെങ്കിലും സെലക്ട് ചെയ്യുമോ. ഇനി ജയറാം സിനിമകളേക്കാൾ ഒരല്പം നിലവാരം കുറഞ്ഞാലും കുഴപ്പമില്ല ഹാസ്യം ആസ്വദിച്ചാൽ മതി എന്നുള്ളവർക്ക് ദിലീപ് പടങ്ങൾ കാണാമല്ലോ എന്ന് ചിന്തിച്ചാലും ഒരു പ്രശ്നമുണ്ട്. എൽസമ്മയും നല്ലവനുമൊക്കെയായി കുഞ്ചാക്കോയും ജയസൂര്യയും ഒരു വശത്ത്. ആക്ഷൻ പരീക്ഷിച്ച് പിടിച്ച് നില്ക്കാം എന്ന് കരുതിയാൽ അതിനുള്ള കാലിബറൊന്നും ഇല്ല എന്ന് ഡോൺ തെളിയിച്ചതാണു. സീരിയസ് വേഷം ചെയ്യാം എന്ന് വിചാരിച്ചാലോ കല്ക്കത്ത ന്യൂസിന്റെ ഗതിയായിരിക്കും അവസാനം. അങ്ങിനെ മൊത്തതിൽ മലയാള സിനിമയിൽ എവിടെയാണു തന്റെ സ്ഥാനം എന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരു വല്ലാത്ത അവസ്ഥയാണു ദിലീപിനു ഇപ്പോഴുള്ളത്.

എന്നാൽ വമ്പൻ ഇനീഷ്യലും യുവാക്കളുടെ വൻ പിന്തുണയുമായി മറ്റ് താരങ്ങൾ കടന്നു വന്നെങ്കിലും, മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽ കേരളത്തിലെ കുടുംബ പ്രേക്ഷകരുടെ ആദ്യ ചോയ്സ് താൻ ആണു എന്ന് ദിലീപിനു നന്നായി അറിയാം. ആ ഒരു താല്പര്യങ്ങൾക്കനുസരിച്ച സിനിമകൾ നല്കാൻ കഴിയാതിരുന്നത് കൊണ്ട് തന്നെയാണു ദിലീപിന്റെ സിനിമകൾക്ക് നേരെ പ്രേക്ഷകർ മുഖം തിരിക്കുന്ന സാഹചര്യം ഉണ്ടായത്. കരിയറിൽ പിടിച്ച് നില്ക്കാൻ ഒരു കൂറ്റൻ ഹിറ്റ് അത്യാവശ്യമാണു എന്ന് തിരിച്ചറിഞ്ഞ ദിലീപ് കഴിഞ്ഞ കാലത്ത് സംഭവിച്ച തെറ്റുകൾ തിരുത്തി കൊണ്ട് അതി ശക്തമായി തന്നെ തിരിച്ചു വന്നിരിക്കുകയാണു. പാപ്പി അപ്പച്ച കഴിഞ്ഞ് നീണ്ട 8 മാസങ്ങളുടെ ഇടവേളക്ക് ശേഷം റിലീസ് ചെയ്ത കാര്യസ്ഥൻ ഒരു അടിപൊളി കോമഡി ചിത്രം.

ആൻ മെഗാ മീഡിയയുടെ ബാനറിൽ ആന്റോ ജോസഫ് നിർമ്മിച്ചിരിക്കുന്ന കാര്യസ്ഥൻ സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ തോംസൺ ആണു. ദിലീപിന്റെ 100മത് സിനിമ ആണു ഇത് എന്ന പ്രത്യേകത കൂടി ഉണ്ട് ഈ ചിത്രത്തിനു. തിരകഥ ദിലീപിന്റെ സ്വന്തം തിരകഥാകൃത്തുക്കളായ ഉദയ് -സിബി ടീം. തിരകഥ ഉദയ് കൃഷ്ണ സിബി കെ തോമസിന്റെതാണെങ്കിൽ പിന്നെ സിനിമയുടെ കഥ എന്താണു എന്ന് ചോദിക്കരുത് എന്ന ഒരു ചൊല്ലുണ്ട് മലയാള സിനിമയിൽ. ഈ ചിത്രത്തിലും സ്ഥിതി ഏതാണ്ട് അതു പോലെയൊക്കെ തന്നെ.

പരസ്പരം ശത്രുതയിലുള്ള രണ്ട് കുടുംബങ്ങൾ. പുത്തേഴത്തും കിഴക്കേടത്തും. ഇവർ തമ്മിൽ പണ്ട് വളരെയധികം സ്നേഹത്തിലായിരുന്നു. പിന്നീട് തമ്മിൽ തെറ്റാൻ കാരണം, അത് വർഷങ്ങളായി മലയാള സിനിമയിൽ രണ്ട് കുടുംബങ്ങൾ തമ്മിൽ തെറ്റാൻ ഇടയാക്കുന്ന കാരണങ്ങൾ എന്തോ അതൊക്കെ തന്നെ. അവിടെക്ക് ഒരു കുടുബത്തിലെ കാര്യസ്ഥനായി ദിലീപ് വരുന്നു. ദിലീപ് അങ്ങനെ ചുമ്മാ കാര്യസ്ഥൻ വേഷം കെട്ടേണ്ട കാര്യമില്ലല്ലോ. അത് ഈ കുടുംബങ്ങൾ തമ്മിലുള്ള ശത്രുത തീർക്കാൻ തന്നെയാണു. കാണാൻ വലിയ തെറ്റില്ലാത്ത കാര്യസ്ഥന്മാരോട് വലിയ വീട്ടിലെ പെൺകുട്ടികൾക്ക് പ്രേമം തോന്നുന്നത് സ്വാഭാവികം ആ സ്വാഭാവികത ഇവിടെയും ഉണ്ട്. എന്നാലല്ലേ പാട്ടുകൾക്ക് സ്കോപ്പുള്ളു. പിന്നെ ട്വിസ്റ്റുകളുടെ കാലമായതിനാൽ ഒരു ട്വിസ്റ്റ് ഈ സിനിമയിലും ഉണ്ട്.

ഉദയ പുരം സുൽത്താൻ പോലുള്ള സിനിമകളിൽ മുൻപ് അഭിനയിച്ചിട്ടുള്ള കാരണം ദിലീപിനു ഈ സിനിമയിലെ അഭിനയം വളരെ എളുപ്പമായിട്ടുണ്ടാകണം. മഞ്ച് സ്റ്റാർ സിംഗർ ഫെയിം അഖിലയാണു ഇതിലെ നായിക വേഷം കൈകാര്യം ചെയ്യുന്നത്. നായക പ്രാധാന്യമുള്ള സിനിമയായതിനാൽ അഖിലക്ക് അധികം അഭിനയിച്ച് ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല. മധു, ജി കെ പിള്ള , സിദിഖ്, ബിജുമേനോൻ, സുരേഷ് കൃഷ്ണ, ഗണേഷ് തുടങ്ങി കൂറെയധികം താരങ്ങൾ ഉണ്ട് ഈ സിനിമയിൽ. ആവശ്യമില്ലെങ്കിൽ പോലും ഒരുപാട് സ്ത്രീ കഥാപാത്രങ്ങളും. രണ്ട് തറവാടുകളുടെ കഥ പറഞ്ഞത് കൊണ്ടാകും ഇത്രയും പേർ. ഒരു കല്യാണ വിരുന്നിനിടയിൽ നാല്പതോളം സീരിയൽ താരങ്ങൾ വന്ന് പോകുന്ന ഒരു ഗാനരംഗമൊഴിച്ചാൽ മറ്റ് പാട്ടുകൾ എല്ലാം ശരാശരിയോ അതിൽ താഴെയോ നിലവാരം ഉള്ളവയാണു. കോമഡിക്ക് പ്രാധാന്യമുള്ള ഒരു സിനിമയിൽ ഗാനങ്ങൾക്ക് അല്പം മികവ് കുറഞ്ഞ് പോയാലും അത് ഒരു വലിയ തെറ്റല്ല. ഉദയ് - സിബി ടീം എഴുതി കൊടുത്ത സ്ക്രിപ്റ്റ് നല്ല രീതിയിൽ തന്നെ തോസൺ സംവിധാനം ചെയ്തിട്ടുണ്ട്. അത് പ്രേക്ഷകരുടെ കണ്ണുകൾക്ക് വിരുന്നാവുന്ന തരത്തിൽ പകർത്താൻ പി സുകുമാറിനും കഴിഞ്ഞിട്ടുണ്ട്.

ഇനി ഈ സിനിമയുടെ പ്രധാന ഭാഗത്തിലേക്ക് വരാം. 100% കോമഡി സിനിമയായത് കൊണ്ട് മലയാളത്തിലെ പ്രധാന കോമഡി നടന്മാരൊക്കെ ഈ സിനിമയിൽ ഉണ്ട്. ഒരു കാലത്ത് ദിലീപ് സിനിമകളിലെ സ്ഥിരം സാന്നിധ്യം ആയിരുന്ന ഹരിശ്രീ അശോകൻ, ഇടക്കാലത്ത് മലയാള സിനിമയിലെ ഏറ്റവും വലിയ കോമഡി താരമായ സലീംകുമാർ, ഇന്ന് മലയാള സിനിമയിലെ കോമഡി രാജാവായ സുരാജ്. ഇവരുടെ കൂടെ ദിലീപും. നമ്മുക്കറിയാം പ്രേക്ഷകരെ ചിരിപ്പിച്ച് ചിരിപ്പിച്ച് രസിപ്പിക്കുന്ന കോമഡി ചിത്രങ്ങളിലൂടെയാണു ദിലീപ് സ്റ്റാർ ആയി മാറിയത്. ഈ സിനിമകളിലെല്ലാം കൂടുതലും കോമഡി കൈകാര്യം ചെയ്തിരുന്നത് ദിലീപ് തന്നെയായിരുന്നു. എന്നാൽ കാര്യസ്ഥനിലെത്തിയപ്പോൾ കഥ മാറി. താനും ഒരു സൂപ്പർ താരമാണു അത് കൊണ്ട് കോമഡി തനിക്ക് ചുറ്റുമുള്ളവർ ചെയ്യെട്ടെ എന്ന് ചിന്തയാണോ എന്തോ ദിലീപ് പലപ്പോഴും ഈ സിനിമയിൽ ഒരു നോക്കു കുത്തി മാത്രമായി മാറി പോവുകയായിരുന്നു. സുരാജും സലീം കുമാറും ഹരിശ്രീ അശോകനുമൊക്കെയുള്ളപ്പോൾ ഒരു ചിരിയുടെ മാലപ്പടക്കം പ്രതീക്ഷിച്ച് എത്തുന്നവർ സുരാജിന്റെ ഓലപടക്കം കൊണ്ട് തൃപ്തി പെടേണ്ടതായി വരുന്നു.

പക്ഷെ ഇതൊന്നും ഈ സിനിമയെ പ്രതികൂലമായി ബാധിക്കുകയില്ല. മലയാള സിനിമ പ്രേക്ഷകർക്ക് ഇന്ന് കോമഡി സിനിമകളോടുള്ള ആഭിമുഖ്യം ഈ സിനിമയെ വിജയത്തിലെത്തിക്കുക തന്നെ ചെയ്യും.. കോമഡി ഇല്ലാത്ത സിനിമകൾക്ക് നേരെ പ്രേക്ഷകർ കണ്ണടയ്ക്കുമ്പോൾ , മികച്ച സിനിമകൾ എന്ന അഭിപ്രായം നേടിയ സിനിമകൾ പോലും കോമഡി കുറവാണെന്ന കാരണത്താൽ ലോംഗ് റണ്ണിൽ കിതയ്ക്കുമ്പോൾ, വെറും തട്ടു പൊളിപ്പൻ കോമഡി രംഗങ്ങൾ മാത്രം കുത്തി നിറച്ച സിനിമകൾ നൂറിലേറെ ദിവസങ്ങൾ ഓടുമ്പോൾ, എന്തിനു പറയുന്നു പാപ്പി അപ്പച്ച എന്ന മൂന്നാം കിട സിനിമ പോലും ഹിറ്റ് ആയ ഈ കേരളത്തിൽ കാര്യസ്ഥൻ മറ്റൊരു സൂപ്പർ ഹിറ്റ് തന്നെ, അതിൽ ഒരു സംശയവും വേണ്ട..!

*തമ്പുരാനും രാജാവും രാജകുമാരനും മാത്രം പോരല്ലോ മലയാള സിനിമയില്‍ .. കാര്യസ്ഥനായിട്ടും വേണ്ടേ ഒരാൾ..!!

** സിനിമയിലും അങ്ങിനെ തന്നെ ആണല്ലോ.. സുരാജ് കാരണവർ. ദിലീപ് വെറും കാര്യസ്ഥൻ..!!!

അവസാനം ഞാനങ്ങു സമ്മതിച്ചു..!!



എനിക്ക് സമയം തീരെയില്ല.കൈ നിറയെ പടങ്ങളാണു. ഞാൻ ഒരോ ദിവസവും മൂന്നും നാലും ലൊക്കേഷനുകളിലാണു പോയി കൊണ്ടിരിക്കുന്നത്. എന്റെ ഉറക്കവും ഭക്ഷണവും കുളിയുമെല്ലാം ഇപ്പോൾ കാരവാനിൽ ആണു. അന്നു കാരവാൻ വാങ്ങാൻ തോന്നിയത് ഇപ്പോൾ എന്തൊരു അനുഗ്രഹം ആയി എന്നോ. ശരിക്കും തീരെ താല്പര്യമുണ്ടായിട്ടല്ല. എന്നാലും അവസാനം ഞാനത് സമ്മതിച്ചു. നമ്മൾ കാരണം ആരെങ്കിലും രക്ഷപ്പെടുവാണെങ്കിൽ അങ്ങ് രക്ഷപ്പെടട്ടെന്നെ. ഒന്നുമില്ലേലും ഷാജിയും രൺജിയുമൊക്കെ നമ്മളെ വെച്ച് കുറെ പടങ്ങൾ എടുത്തിട്ടുള്ളതല്ലേ. ഇപ്പോൾ അവർക്ക് ഒരു ക്ഷീണസമയം വന്നു നില്ക്കുമ്പോൾ നമ്മൾ കൈ വിടുന്നത് ശരിയല്ലല്ലോ. പിന്നെ മമ്മൂട്ടിയുമായുള്ള പ്രശ്നങ്ങൾ അത് എന്റെ തൊഴിലുമായി ഇനിയും ഞാൻ കൂട്ടി കുഴക്കുന്നില്ല. പഴശിരാജയിൽ ഞാൻ അഭിനയിച്ചില്ല പക്ഷെ T20 യിൽ ഞാൻ അഭിനയിച്ചല്ലോ. അതു പോലെ കരുതിയാൽ മതി ഇത്. ഇപ്പോൾ എല്ലാതാരങ്ങൾക്കും ഞാൻ കൂടെ അഭിനയിക്കണം എന്ന് നിർബന്ധമാണു. മോഹൻലാലിന്റെ കൂടെ രണ്ട്സിനിമകളിലാണു അഭിനയിക്കുന്നത്. കൃസ്ത്യൻ ബ്രദേഴ്സും, രാജാവിന്റെ മകൻ പാർട്ട് 2വും. ഇനിമമ്മൂട്ടിക്കും ഒരു മെഗാഹിറ്റ് ഉണ്ടാക്കാൻ ഞാൻ കൂടി വേണം എന്നാണെങ്കിൽ അങ്ങിനെ ആവട്ടെ. ഇനിഞാൻ അഭിനയിക്കാതിരുന്നത് കൊണ്ട് കിംഗ് & കമ്മീഷണർ വിജയിക്കാതിരിക്കണ്ട. ചിലരു പറയും ഞാൻ തിരുമാനം മാറ്റിയത് പേടിച്ചിട്ടാണെന്നു. എന്ത് പേടി ആരെ പേടി..? അല്ലെങ്കിലും ഞാൻ എന്തിനു പേടിക്കണം. എനിക്ക് പകരം ഇന്നലെ വന്ന ഒരു പയ്യൻ ഭരത് ചന്ദ്രനെ അവതരിപ്പിച്ചാൽ ആളുകൾ സ്വീകരിക്കും എന്ന് നിങ്ങൾ കരുതുന്നുണ്ടോ. ഭരത് ചന്ദ്രനെ അവതരിപ്പിക്കാൻ ലോകത്ത് എന്നെ കഴിഞ്ഞെ മറ്റാരുമുള്ളു. സിനിമ നന്നായിക്കോട്ടെ ,ഷാജിയും രൺജിയും പച്ച പിടിച്ചോട്ടെ എന്ന് കരുതി അഭിനയിക്കാം എന്ന് സമ്മതിച്ചതാണു. അല്ലാതെ സിനിമയിൽ അഭിനയിച്ചിട്ട് വേണ്ട എനിക്ക് എന്റെ കാരവാനിൽ പെട്രോൾ അടിക്കാൻ..!

*
സത്യമായിട്ടും അതു കൊണ്ടാ അല്ലാതെ പ്രിത്വി അഭിനയിച്ച് പേരെടുത്താൽ ആകെയുള്ള ഒരു ഹിറ്റ് വേഷം കൈയ്യിൽ നിന്നും പോകും എന്ന പേടി കൊണ്ടല്ല.. സത്യം..!!

*അതിനു മാത്രമൊന്നുമില്ലല്ലോ ഈ പ്രിത്വിരാജ്..!!!

Followers

 
Copyright 2009 b Studio. All rights reserved.