RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

നാന്‍ മഹാന്‍ അല്ല..!





കേരളത്തിലെ തിയറ്ററുകളിൽ വരെ സിനിമ കഴിഞ്ഞപ്പോൾ ആളുകൾ എഴുന്നേറ്റു നിന്ന് കൈയ്യടിച്ച സിനിമയാണു വെണ്ണിലാ കബഡി കൂട്ടം. മാരിമുത്തുവിനെ ഇനി ഒരിക്കലും കാണുകയില്ല എന്ന സത്യം അറിയാതെ ശരണ്യ മോഹൻ അവതരിപ്പിച്ച നായിക യാത്രയാവുമ്പോൾ ഹൃദയത്തിന്റെ ഉള്ളിലെവിടെയോ നീറുന്ന ഒരു വേദനയുമായാണു പ്രേക്ഷകർ തിയറ്റർ വിട്ടത്. അതു കൊണ്ട് തന്നെ ആ സിനിമയുടെ സംവിധായകൻ പുതിയ സിനിമയുമായി വരുമ്പോൾ പ്രതീക്ഷകൾ ഏറെയാണു. കാർത്തിയും കാജൽ അഗർവാളുമൊന്നിക്കുന്ന നാൻ മഹാൻ അല്ല എന്ന സിനിമ ആരംഭിക്കുമ്പോൾ കാണുന്ന സീനുകളും പശ്ചാത്തല സംഗീതവുമെല്ലാം ഇതും മറ്റൊരു പരീക്ഷണ ചിത്രം എന്ന് നമ്മളെ തോന്നിപ്പിക്കും. രണ്ട് കഥകൾ സമാന്തരമായി പറഞ്ഞു കൊണ്ട് അവയെ ആവശ്യമായ ഘട്ടത്തിൽ മാത്രം ഒരുമിപ്പിച്ച് സിനിമയെ മുന്നോട്ട് കൊണ്ടു പോയ രീതിയാണു നാൻ മഹാൻ അല്ല എന്ന സിനിമയുടെ പ്രത്യേകത. മയക്കുമരുന്നിനും മറ്റ് വൃത്തികേടുകൾക്കുമൊക്കെ അടിമപ്പെട്ട കുറച്ച് കോളേജ് പിള്ളേരുടെ കഥയാണു ആദ്യത്തേത് . രണ്ടാമത്തേത് നമ്മുടെ നായകൻ കാർത്തിയും നായിക കാജൽ അഗർവാളിന്റെയും പ്രണയത്തിന്റെ കഥ. അത് സാധാരണ പോലെ തന്നെ. കാർത്തി നായികയെ കണ്ടു മുട്ടുന്ന നിമിഷത്തിൽ തന്നെ അനുരാഗ വിവശനാവുന്നു. പയ്യ എന്ന സിനിമയിലും ഇതേ ഭാവങ്ങളോടെ തന്നെ അവതരിപ്പിച്ച സീൻ ആയതിനാൽ ഒട്ടും ബോറടിച്ചില്ല സത്യം..! അങ്ങിനെ അവർ തമ്മിൽ പ്രണയത്തിലാവുന്നു. ഇതേ സമയത്ത് തന്നെ നമ്മുടെ ആദ്യ കഥയിലെ ചെറുപ്പക്കാർ ഒരു പെൺകുട്ടിയെ തുണ്ടം തുണ്ടമായി വെട്ടി നുറുക്കുന്നുണ്ട്. എന്തിനാവോ എന്തോ എന്നൊന്നും നമ്മൾ അപ്പോൾ അറിയുന്നില്ല. മറ്റെയിടത്ത് നമ്മുടെ നായികയുടെ അഛനു കാർത്തിയെ തീരെ പിടിക്കുന്നില്ല. പക്ഷെ ബുദ്ധിമാനായ അദ്ദേഹം അത് പുറത്ത് കാണിക്കാതെ പ്രേമത്തിൽ നിന്ന് കാർത്തി പിന്തിരിയാൻ വേണ്ടി ഒരു വലിയ ഗുണ്ടയെ കൊണ്ട് വിരട്ടാൻ തിരുമാനിക്കുന്നു. ഗുണ്ട കാർത്തിയെ വിരട്ടുന്നു. കാർത്തി നായികയുമായി ഒളിച്ചോടുന്നു. നായികയുടെ അഛൻ ഗുണ്ടയുമായി പിന്നാലെ ... ഇങ്ങനെയൊക്കെയാണു സ്ഥിരം തമിഴ് സിനിമ സ്റ്റൈയിൽ. പക്ഷെ ഇവിടെ അങ്ങിനെയല്ല. തന്നെ ഭീഷണിപ്പെടുത്താൻ വരുന്ന ഗുണ്ടയെ കാർത്തി കൈകാര്യം ചെയ്യുന്ന രീതിയാണു ഈ സിനിമയിലെ ഹൈലറ്റുകളിൽ ഒന്നു. അങ്ങിനെ ഗുണ്ടയും കാർത്തിയും ഒറ്റക്കെട്ടാവുന്നു. പ്രണയത്തിനു ഗുണ്ടയുടെ വക ഫുൾ സപ്പോർട്ട്. ഇനി എന്തു കഥ എല്ലാം ശുഭപര്യവസാനിയായല്ലോ എന്ന് പ്രേക്ഷകൻ കരുതുന്നിടത്ത് വെച്ചാണു ഈ സിനിമയുടെ ഗതി മാറുന്നത്. ആദ്യം പറഞ്ഞ കഥയുമായി കാർത്തിയുടെ കഥയെ സമർത്ഥമായി കൂട്ടിയിണക്കിയിരിക്കുകയാണു സംവിധായകൻ. ആദ്യ പകുതിയിലെ രസകരമായ അന്തരീക്ഷത്തിൽ നിന്നും രണ്ടാം പകുതിയിലെ സംഘർഷഭരിതമായ അവസ്ഥയിലേക്ക് സിനിമ നീങ്ങുമ്പോഴും സിനിമയുടെ സ്വഭാവികത നഷടപ്പെടാതിരിക്കാൻ സംവിധായകൻ വളരെയധികം ശ്രദ്ധിച്ചിട്ടുണ്ട്. ഈ സിനിമയിൽ ആകെയുള്ള ഒരു സംഘട്ടനത്തിലൂടെ സിനിമ അവസാനിക്കുമ്പോൾ വെണ്ണിലാ കമ്പടി കൂട്ടം പോലെ ഓർത്തിരിക്കാൻ തക്ക വിധത്തിലുള്ള മൂഹർത്തങ്ങൾ ഒന്നും ഇല്ലെങ്കിൽ കൂടി തരക്കേടില്ലാത്ത ഒരു സിനിമ കണ്ടു എന്ന സന്തോഷത്തോടെ നമ്മുക്ക് തിയറ്റർ വിടാം..!

*കാജൽ അഗർവാൾ എന്തിനു സിനിമയിലെന്ന് ഒരാൾ..!

**അതിപ്പോ കാർത്തി എന്തിനു..? അതിനൊക്കെ തന്നെ..!!

3 ചാർ സൗ ബീസ് - ഗോവിന്ദൻ കുട്ടി സ്പെഷ്യൽ..!




പിൽക്കാലത്ത് പ്രശസ്തരായി തീർന്നിട്ടുള്ള പല സംവിധായകരുടെയും ആദ്യ ചിത്രങ്ങൾ കണ്ട് ജനം അയ്യേ എന്ന് പറഞ്ഞിട്ടുള്ളതാണു. അത് കൊണ്ട് ഗോവിന്ദൻ കുട്ടി വിഷമിക്കണ്ട. പരാജയത്തെ വിജയത്തിന്റെ മുന്നോടിയായി കണ്ട് പതറാതെ മുന്നേറുക. പക്ഷെ..! ഇപ്പോൾ ചെയ്തത് ചെയ്തു, ഇനിയും ഇതു പോലത്തെ ഒരെണ്ണം തന്നെ ആണു ചെയ്യാൻ ഉദ്ദേശിക്കുന്നതെങ്കിൽ കൊച്ചുണ്ണി ആശാനു കായംകുളത്തല്ല ഗോവിന്ദൻ കുട്ടിക്ക് അടൂരിലായിരിക്കും നാട്ടുകാർ സ്മാരകം പണിയേണ്ടി വരുക എന്ന് മറക്കണ്ട. നല്ല വൃത്തിയായിട്ട് ചെയ്യാൻ അറിയാവുന്ന ഒരു പണി ഉണ്ടായിരുന്നതല്ലെ. അതും ചെയ്ത് സമാധാനത്തോടെ ഇരുന്നാൽ മതിയായിരുന്നല്ലോ. അതിനു പകരം..! അല്ല മലയാള സിനിമ പിടിക്കുക എന്നത് വിവരമുള്ളവർക്ക് മാത്രം പറഞ്ഞിട്ടുള്ള പണി എന്നൊന്നുമില്ല അത് ഏത് ഗോവിന്ദൻ കുട്ടിക്കും ചെയ്യാം. പക്ഷെ അഭിനയം, രചന, സംവിധാനം മൂന്നിൽ ഏതെങ്കിലുമൊന്നിൽ ഒരല്പ്പം മികവ് ഉണ്ടായിരുന്നെങ്കിൽ..! തിയറ്ററുകളിൽ പൊട്ടി പൊളിഞ്ഞ് ചക്രശ്വാസം വലിച്ച് കിടക്കുന്ന ചിത്രങ്ങളെ സ്റ്റുഡൻസ് ഓൺലിയിലൂടെ മെഗാഹിറ്റും സൂപ്പർഹിറ്റുമൊക്കെ ആണെന്ന് വരുത്തി തീർത്ത പ്രിയപ്പെട്ട ഗോവിന്ദൻ കുട്ടി താങ്കളുടെ ചിത്രത്തിനും അതേ ഗതി തന്നെ വന്നു ചേർന്നുവല്ലോ കഷ്ടം. വ്യത്യസ്തത ഉള്ള സിനിമ പേരുമായി തിയറ്ററുകളിൽ എത്തിയ ഗോവിന്ദൻ കുട്ടിയുടെ 3 ചാർ സൗ ബീസ് എന്ന ചിത്രത്തിനു ആദ്യ ദിവസം തന്നെ ലഭിച്ച തണുത്ത പ്രതികരണം തെളിയിച്ചത് ഗോവിന്ദൻ കുട്ടി ഒരു സെലിബ്രിറ്റി അല്ല, അല്ലെങ്കിൽ അങ്ങിനെ ജനം കാണുന്നില്ല എന്ന സത്യമായിരുന്നു. സത്യം ആദ്യമേ തിരിച്ചറിയാതെ പോയതാണു ഗോവിന്ദൻ കുട്ടി ചെയ്ത ആദ്യത്തെ തെറ്റ്. ട്വിസ്റ്റുകൾ ഉണ്ടെങ്കിൽ സിനിമ വിജയിക്കും എന്ന അബദ്ധ ജഡിലമായ ധാരണ വെച്ച് കൊണ്ട് മലയാളത്തിലെഎല്ലാ മുൻ നിര കോമഡി താരങ്ങളെയും അണി നിരത്തി തിരകഥ എന്ന പേരിൽ ഒന്നു എഴുതിയുണ്ടാക്കിയത് രണ്ടാമത്തെ തെറ്റ്. നായിക കുളത്തിലേക്ക് ചാടുമ്പോൾ ക്യാമറയും ഒപ്പം ചാടട്ടെ എന്ന് പറയുന്ന സംവിധായകനുള്ള സാമാന്യ ബോധം പോലും തനിക്കില്ല എന്ന യാത്ഥാർത്യത്തിനു നേരെ കണ്ണടച്ച് കൊണ്ട് ജെസി ഡാനിയേൽ മുതൽ വിനീത് ശ്രീനിവാസൻ വരെ ഭംഗിയായി ചെയ്ത സംവിധാനം എന്ന കല ചെയ്യാൻ ഇറങ്ങിപുറപ്പെട്ടത് മൂന്നാമത്തെ തെറ്റ്. അനന്തഭദ്രം, ഹാർട്ട് ബീറ്റ്സ് എന്നീ സിനിമകളിലെ തന്റെ അഭിനയം എങ്ങനെ ഉണ്ടായിരുന്നു എന്ന അഭിപ്രായംരണ്ടാമതൊരാളോട് ചോദിക്കാതെ ഈ സിനിമയിൽ അഭിനയിച്ചത് നാലാമത്തെ തെറ്റ്. എണ്ണിപറയാൻഇനിയും ഒരുപാട് തെറ്റുകൾ ബാക്കിയുണ്ട്. പക്ഷെ ഇതിനു മുൻപ് ഒരിക്കലും കേട്ടിട്ടില്ലാത്ത അത്ര മോശംഅഭിപ്രായം ഈ സിനിമയെ കുറിച്ച് കേട്ടിട്ടും ഇത് കാണാൻ പോയ ഞങ്ങളെ പോലെ ഉള്ളവർചെയ്തതാണു ഇതിലൊക്കെ വെച്ച് ഏറ്റവും വലിയ തെറ്റ് എന്നത് കൊണ്ട് തൽക്കാലം ഗോവിന്ദൻകുട്ടിയോട് ക്ഷമിക്കാം..!!


*നിങ്ങൾക്ക് ഏതെങ്കിലും ശത്രുക്കൾ ഉണ്ടെങ്കിൽ സ്വന്തം കൈയ്യിൽ നിന്നും കാശ് മുടക്കി സിനിമ അവരെ കാണിക്കുക..!!!

**അവർക്ക് അങ്ങിനെ തന്നെ വേണം ..!!!!

നീലാംബരി..!




പ്രാർത്ഥിക്കാൻ ഒരോരുത്തർക്കും ഒരോ കാരണങ്ങളുണ്ടെന്ന് പറയുന്നതു പോലെയാണു സിനിമാക്കാരുടെ കാര്യവും. സിനിമ എടുക്കുന്ന ഒരോരുത്തർക്കും ഒരോ ഉദ്ദേശങ്ങളുണ്ടാകും. ആളുകളെ രസിപ്പിക്കുന്ന സിനിമ എടുക്കുന്നവരുണ്ട്. ചിന്തിപ്പിക്കുന്ന സിനിമ എടുക്കുന്നവരുമുണ്ട്. ഫെസ്റ്റിവൽ സീസണിൽ സാധാരണ ആളുകളെ എന്റർട്ടെയ്ൻ ചെയ്യിക്കുന്ന സിനിമകളാണു ഇറങ്ങാറു. എന്നാൽ ഓണത്തിനു ഇവിടെ ഇറങ്ങിയ സിനിമകളെല്ലാം നിരാശപ്പെടുത്തുന്നവയായിരുന്നു. ആത്മകഥ, പാട്ടിന്റെ പാലാഴി, വിനയൻ സാറിന്റെ യക്ഷി തുടങ്ങിയ ആർക്കും ഗുണകരമല്ലാത്ത സിനിമകൾ. പറഞ്ഞ കൂട്ടത്തിലേക്ക് അഭിമാനപുരസ്ക്കരം എടുത്തു വെക്കാവുന്ന മറ്റൊരു ചിത്രമാണു നീലാംബരി. ഇതിന്റെ സംവിധായകനായ ഹരിനാരായണന്റെ ആദ്യ ചിത്രമായ നന്തുണി കണ്ടിട്ടില്ലാത്തത് കൊണ്ട്ഏത് തരത്തിലുള്ള സിനിമയാണു നീലാംബരി കൊണ്ട് സംവിധായകൻ ഉദ്ദേശിക്കുന്നത് എന്ന് അറിയില്ലായിരുന്നു. എന്നാൽ സിനിമ കണ്ട് കഴിഞ്ഞപ്പോൾ മനസ്സിലായി നിർമ്മാതാവിന്റെ കാശ് കളയുക എന്നതിൽ കവിഞ്ഞ് മറ്റൊരു ഉദ്ദേശവും മാന്യദ്ദേഹത്തിനു ഉണ്ടായിരുന്നില്ല എന്ന്.!! സിനിമയെ കുറിച്ച് പറയുകയാണെങ്കിൽ പാലക്കാടൻ അഗ്രഹാരത്തിൽ വെച്ച് ആണു ഇതിന്റെ കഥ നടക്കുന്നത്.ഫ്ലാഷ് ബാക്കിൽ..! അടുത്തടുത്ത വീടുകളിൽ താമസിക്കുന്ന പെൺകുട്ടികൾ തമ്മിൽ സാദൃശ്യം തോന്നുക എന്ന പ്രതിഭാസം സിനിമയിൽ ഉണ്ട്. അയ്യേ അത് നിങ്ങൾ വിചാരിക്കുന്ന പോലെ അല്ല. ഒരാളെ പോലെ ഏഴ് പേരുണ്ടെന്നാ പറയാറു. അതിൽ രണ്ട് പേരു അടുത്തടുത്ത വീടുകളിൽ താമസിക്കുന്നത് ഒരു തെറ്റാണോ..?? ഭാമയും വിദ്യയും ആണു ഇരട്ടകളെ പോലെ തോന്നിപ്പിക്കുന്ന രണ്ട് പെൺകുട്ടികൾ. പിന്നെ പ്രേമം, തെറ്റിദ്ധാരണ, മരണം, വീട് വിട്ട് ഇറങ്ങിപോകൽ എന്ന് വേണ്ട എല്ലാ തരത്തിലുമുള്ള വൈററ്റികളും സംവിധായകൻ പരീക്ഷിച്ചിട്ടുണ്ട്. പിന്നെ ഇതിൽ ഒരു നായക കഥാപാത്രത്തിനു പ്രാധാന്യം ഇല്ല. വിനീത് പേരിനു ഉണ്ടെങ്കിലും അഭിനയിക്കാൻ തക്ക വിധത്തിലുള്ള ഒരു വേഷമല്ല അദ്ദേഹത്തിനു ലഭിച്ചത്. എടുത്ത് പറയാൻ ഇല്ലെങ്കിലും അനൂപ് മേനോൻ അവതരിപ്പിച്ച തെങ്കാശി തങ്കരാജ് എന്ന വേഷം കൊള്ളാം. പക്ഷെ അദ്ദേഹത്തിന്റെ വിഗ്ഗ്..! തിരകഥ എന്ന സിനിമയിലൂടെ മലയാളത്തിലെ ഏത് നടനോടും കിടപിടിക്കാവുന്ന അഭിനയ ശേഷി തനിക്കുണ്ടെന്ന് തെളിയിച്ച അനൂപ് മേനോൻ എന്ത് കൊണ്ട് മലയാള സിനിമയിൽ ഒതുക്കപ്പെടുന്നു എന്നത് ദൂരൂഹമാണു. വിനയൻ സാറിന്റെ കൈപിടിച്ച് വന്നതു കൊണ്ടായിരിക്കാം നടനോട് ചിറ്റമ്മ നയം കാണിക്കപ്പെടുന്നത്. എന്തായാലും ഓണത്തിനു ഇറങ്ങിയ കാരണം സിനിമ ഒരു നൂറു പേരെങ്കിലും കാണും എന്നത് ഒരു ആശ്വാസം നിർമാതാവിനു..!

*കോമഡിക്കാണെന്ന് തോന്നുന്നു സുരാജ്. ചിരിച്ച് ചിരിച്ച് ദൈവമേ..!

**ഭാമയുടെ അഭിനയം പലപ്പോഴും വളരെ ബോറായി തോന്നിയിരുന്നു എന്ന്..!!

***ആകെ മൊത്തം ബോറായ ഒരു സിനിമയിൽ ഇനിയിപ്പോ ഒരാളുടെ അഭിനയത്തെ കുറ്റം പറഞ്ഞു വന്നോളും
ഓരോരുത്തന്മാര്...!!!

****പാട്ട് കേൾക്കാൻ കൊള്ളാം..ചാനലിൽ..!!!!

ആത്മ കഥ



മലയാള സിനിമയില്‍ ആരും ചെയ്യാത്ത കഥാപാത്രവുമായി ശ്രീനിവാസന്‍ എന്ന പരസ്യം കണ്ടിട്ടാണ് ഈ സിനിമ കാണാന്‍ കയറിയത്. വിനയന്‍ സാറിന്റെ യക്ഷി കണ്ട ക്ഷീണം പൂര്‍ണമായും മാറാതിരിന്നിട്ടു കൂടി ഈ സിനിമ കാണാന്‍ തിരുമാനിച്ചത് എന്താണ് ഇതുവരെ മലയാള സിനിമയില്‍ ആരും ചെയ്യാത്ത ആ റോള്‍ എന്ന് അറിയാനുള്ള ആകാംക്ഷ ഒന്ന് കൊണ്ട് മാത്രമാണ്. പരസ്യത്തില്‍ പറഞ്ഞിരിക്കുന്നത് നൂറു ശതമാനം ശരി തന്നെ. ശ്രീനിവാസന്‍ ഒരു അന്ധന്റെ വേഷം ആണ് ഈ സിനിമയില്‍ ചെയ്യുന്നത്. ഇതാണോ ആരും ചെയ്യാത്ത വേഷം എന്ന് വിചാരിച്ചു മുഖം ചുളിക്കണ്ട. ഇതൊരു ഒന്നൊന്നര അന്ധന്‍ തന്നെയാണേ. ചെറുപ്പത്തിലെ കാഴ്ച നഷട്ടപ്പെട്ട കൊച്ചു ബേബി എന്ന കഥാപാത്രമാണ് ശ്രീനിവാസന്റെ ഈ സിനിമയില്‍. കാഴ്ച നഷ്ടപെട്ടു എന്നത് കൊണ്ട് കൊച്ചു ബേബി ജീവിതത്തില്‍ തളര്‍ന്നില്ല. നായകന്‍ മഹാനായ ശ്രീനിവാസന്‍ പിന്നെ എങ്ങനെ തളരും. കാഴ്ച ഇല്ലെങ്കില്‍ എന്താ കണ്ണ് ഉള്ളവരെക്കാള്‍ നന്നായല്ലേ കൊച്ചു ബേബി ഓരോ കാര്യങ്ങള്‍ ചെയ്യുന്നത് . അതൊക്കെ കണ്ടാല്‍ കാണുന്ന നമ്മുടെ വരെ കണ്ണ് നിറഞ്ഞു പോകും ശരിക്കും..!. പിന്നെ ഇത് ഒരു കൊച്ചു ചിത്രമാണ്. ഇതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത് മുഴുവന്‍ പുതുമുഖങ്ങളാണ്. നല്ല സിനിമകള്‍ എടുക്കുവാനുള്ള ഒരു ഉദ്ദേശം ഈ സിനിമയില്‍ കാണാം. ഇവരെ പ്രോത്സാഹിപ്പിക്കാന്‍ ശ്രീനിവാസനെ പോലുള്ളവര്‍ മുന്നോട്ടു വരുന്നത് സ്വാഗതാര്‍ഹം തന്നെയാണ്. സൂഫി പറഞ്ഞ കഥയിലെ ശരബാനി മുഖര്‍ജി ആണ് ഇതിലെ നായിക. അതും പ്രതീക്ഷിച്ചു ആരും സിനിമ കാണാന്‍ പോകണ്ട കാരണം നമ്മുടെ നായകന്‍ അന്ധനാണ്...!! ഇത് ഒരു സമാന്തര സിനിമ അല്ല. എന്നാല്‍ ഇത് ഒരു കൊമോഴ്സ്യല്‍ സിനിമയും അല്ല. ഈ രണ്ടു വിഭാഗത്തിലും പെടാത്തത് കൊണ്ട് പ്രേക്ഷകരെ കിട്ടുന്ന കാര്യം സംശയം ആണ്. അമ്പതു രൂപ കളഞ്ഞു ഈ സിനിമ കാണുന്നതിനു പകരം ഓണമായത് കൊണ്ട് രണ്ടു കിലോ പച്ചക്കറി കൂടുതല്‍ വീട്ടിലേക്കു വാങ്ങി കൊണ്ട് പോകുന്നതല്ലേ നല്ലത് എന്ന്‍ ഒരു ശരാശരി പ്രേക്ഷകന് തോന്നിയാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല, കാരണം സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് തോന്നിയതും അതാണ്‌..!

*ഈ സിനിമയെ പറ്റിയുള്ള വാര്‍ത്ത സമ്മേളനത്തിനിടയില്‍ വെച്ചാണ്‌ ശ്രീനിവാസന്‍ സൂപ്പര്‍ താരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചത് എന്ന്..!!

**ഈ സിനിമ കണ്ടവര്‍ക്കും തോന്നും ഒന്ന് ആഞ്ഞടിക്കാന്‍ ...!!!

പാട്ടിന്റെ പാലാഴി.


പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ സംഗീത സാന്ദ്രമാണു ഈ ചിത്രം. മലയാളത്തിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായ മീരാ ജാസ്മിനും പ്രശസ്ത സംവിധായകൻ രാജീവ് അഞ്ചലും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ തിരകഥ രചിച്ചിരിക്കുന്നത് സ്ഫടികം എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ തിരകഥകൃത്തായ രാജേന്ദ്ര ബാബുവാണു. സംഗീതത്തിൽ ഉയരങ്ങൾ കീഴടക്കാൻ ആഗ്രഹിക്കുന്ന ഒരു യുവതിയുടെ മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയുമൊക്കെ കഥയാണു രാജീവ് അഞ്ചൽ ഈ സിനിമയിലൂടെ പറയാൻ ശ്രമിച്ചിരിക്കുന്നത്. എന്നാൽ ഭാര്യയുടെ വളർച്ചയിൽ അസ്വസ്ഥനാവുന്ന ഭർത്താവ് എന്ന ഫോർമുലയിലുള്ള കഥകൾ പല തരത്തിൽ പല രൂപത്തിൽ മലയാള സിനിമയുടെ ആരംഭ കാലം മുതൽക്കേ ഇവിടെ പറഞ്ഞ് പറഞ്ഞ് പഴകി പോയതിനാൽ ഈ സിനിമക്ക് ഒരു കാലിക പ്രസക്തി ഉണ്ടെന്ന് തോന്നുന്നില്ല. അനവസരത്തിൽ ആവശ്യത്തിൽ കൂടുതൽ ഭാവം ചില സമയങ്ങളിൽ പ്രകടിപ്പിക്കുന്നത് ഒഴിച്ച് നിർത്തിയാൽ വീണ എന്ന നായിക കഥാപാത്രത്തെ മീര ഗംഭീരമാക്കി. സ്വഭാവ നടനായും വില്ലനായും ഒരു പോലെ തിളങ്ങാന്‍ കഴിവുള്ള മനോജ് കെ ജയന്റെ കൈയ്യിൽ മീരയുടെ ഭർത്താവ് വേഷം ഭദ്രമായിരുന്നു. മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച രേവതിയും നെടുമുടിയും ജഗതിയുമെല്ലാം തങ്ങളുടെ വേഷങ്ങളോട് നീതി പുലർത്തി. ഒ എൻ വി രചിച്ച് സുരേഷ് മണിമല ഈണമിട്ട ഇതിലെ ഗാനങ്ങൾ പാട്ടിന്റെ പാലാഴി തീർക്കുന്നവ തന്നെയാണു. അഴകപ്പന്റെ ഛായഗ്രഹണം എടുത്തു പറയേണ്ട മറ്റൊന്നാണു. പക്ഷെ ഇത്രയും അനുകൂലഘടകങ്ങൾ ഉണ്ടായിട്ടും ഈ സിനിമ പ്രേക്ഷകർക്ക് ആസ്വാദകരമാക്കി മാറ്റുന്നതിൽ രാജീവ് അഞ്ചൽ പരാജയപ്പെട്ടു. ഗുരു എന്ന സിനിമയാണു തന്റെ മാസ്റ്റർ പീസ് എന്നു വിശ്വസിക്കുന്നത് കൊണ്ടാവും അതിനേക്കാൾ മികച്ച ഒരു സൃഷ്ടി ഉണ്ടാക്കുന്നതിനുള്ള ശ്രമം രാജീവ് അഞ്ചലിൽ നിന്ന് കാണാത്തത്. അദ്ദേഹത്തിന്റെ ഗുരുവും ഋഷി വംശവും മെയ്ഡ് ഇൻ യു എസ് എ യും മെല്ലാം ഇഷ്ടപ്പെട്ടവർക്ക് ഈ സിനിമ തിയറ്ററിൽ കണ്ടിരിക്കാം. ബട്ടർഫ്ലൈസും കാഷ്മീരവുമെല്ലാം എടുത്ത സംവിധായകനല്ലേ എന്ന് കരുതി പോയാൽ പൈലറ്റ്സ് കണ്ട ദുരനുഭവം ആയിരിക്കും ഉണ്ടാവുക..!


*ഇത്തരം സിനിമകൾക്ക് ആദ്യ ദിവസങ്ങളിൽ തന്നെ തണുപ്പൻ പ്രതികരണമാണു ലഭിക്കുന്നത്..!

**സൂപ്പർ സ്റ്റാർ ചിത്രങ്ങൾക്ക് മാത്രമേ കേരളത്തിൽ ഇനീഷ്യൻ കളക്ഷൻ ലഭിക്കുകയുള്ളു എന്ന്..!!

***അപ്പോൾ വിനയൻ ചിത്രത്തിനു ലഭിക്കുന്നതോ..? വിനയനും സൂപ്പർ സ്റ്റാറോ..!!!

അയ്യോ... യക്ഷി..!!



മലയാള സിനിമയിൽ വിനയൻ എന്നും ഒരു ഒറ്റയാനായിരുന്നു. ആരുടെയും അസിസ്റ്റന്റ് പോലുമാകാതെ ആദ്യമായി സിനിമ എടുത്ത ആ ഒരു നിശ്ചയദാർഡ്യം തന്നെയാണു വിനയനെ ഇന്നും മലയാള സിനിമയിൽ നില നിർത്തുന്നത്. സ്വന്തം കൂട്ടത്തിലൊരുത്തന്റെ ആത്മാഭിമാനത്തിനു മുറിവേറ്റപ്പോൾ മുന്നും പിന്നും ആലോചിക്കാതെ ഇവിടത്തെ മേലാളന്മാർക്ക് നേരെ യുദ്ധം പ്രഖ്യാപിച്ചതും ഈ തന്റേടം ഒന്നു കൊണ്ട് മാത്രമാണു. എന്നാൽ താൻ വളർത്തി വലുതാക്കി ജനപ്രിയ നടനായി മാറിയ അതേ നടന്റെ കുടില തന്ത്രങ്ങൾ മൂലം കൂടെ നിന്നവർ വരെ തള്ളി പറഞ്ഞപ്പോഴും വിനയൻ തളർന്നില്ല. മലയാള സിനിമയിലെ ദുഷ് പ്രവണതകൾക്കെതിരെ ശബ്ദമുയർത്തികൊണ്ട് സിനിമയിലെ താഴെ തട്ടിൽ പ്രവർത്തിക്കുന്ന വെള്ളി വെളിച്ചത്തിന്റെ ഗ്ലാമർ ഏല്ക്കാത്ത തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടി വിനയൻ നില കൊണ്ടു. വിവാദങ്ങളുണ്ടായപ്പോൾ പ്രമാണി ചമഞ്ഞ സംവിധായകന്റെയും എതിരാളിയുടെ ബോഡി ഗാർഡായി നിന്നവരുടെയുമൊക്കെ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞപ്പോൾ ഉള്ളു കൊണ്ട് വിനയൻ സന്തോഷിച്ചിരിക്കാം. സിനിമയിലാതെ കടന്നു പോയ 3 വർഷങ്ങൾ ആണു ഈ വിവാദങ്ങൾ വിനയനു സമ്മാനിച്ചത്. സൂപ്പർ താരങ്ങൾക്കെതിരെ ശബ്ദമുയർത്തി വിലക്കേറ്റുവാങ്ങിയ തിലകൻ വിനയനുമായി ചേർന്നത് സ്വഭാവികം മാത്രം. ഇനി വിനയൻ ഒരു മലയാള സിനിമ ചെയ്യില്ല അല്ലെങ്കിൽ ചെയ്യിക്കില്ല എന്ന് പരസ്യമായും രഹസ്യമായും പറഞ്ഞ് നടന്ന മലയാള സിനിമയിലെ പ്രഭുക്കന്മാരുടെ മുഖത്തേറ്റ കനത്ത അടിയാണു വിനയന്റെ പുതിയ സിനിമ.റാൻ മൂളികൾക്കും കാലു തിരുമലുകാർക്കും മാത്രമല്ല ഇവിടെ സിനിമ എടുക്കാൻ സാധിക്കുക്ക എന്ന് വിനയൻ തെളിയിച്ചിരിക്കുന്നു. റിലീസ് ചെയ്യാതിരിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും വിനയന്റെ യക്ഷി ഇന്ന് തിയറ്ററുകളിലെത്തി.
യക്ഷിയും ഞാനും.
പേരു സൂചിപ്പിക്കുന്നതു പോലെ ഇതൊരു യക്ഷി കഥയാണു. ആകാശഗംഗയിലൂടെയും വെള്ളി നക്ഷത്രത്തിലൂടെയുമൊക്കെ യക്ഷി കഥകൾ പറഞ്ഞിട്ടുള്ള വിനയൻ പക്ഷെ ഇവിടെ കരുതി വെച്ചിരിക്കുന്നത്. കാഴ്ചയുടെ വിസ്മയമാണു. ഗ്രാഫിക്സിന്റെ അനന്ത സാധ്യതകൾ ഉപയോഗപ്പെടുത്തി ഒരു മനോഹര ചിത്രം വിനയൻ മലയാളികൾക്ക് സമ്മാനിച്ചിരിക്കുന്നു. പട കൂട്ടിയവർക്കും മറുവശത്ത് ആയുധമെടുത്തവർക്കും ഇനി മടങ്ങാം. തങ്ങളുടെ സിനിമകൾ കളിക്കുന്ന ആളില്ലാ തിയറ്ററുകളുടെ മുന്നിൽ പോയി നിന്ന് ലജ്ജിച്ച് തലതാഴ്ത്താം. യക്ഷിയും ഞാനും കളിക്കുന്നിടങ്ങളിലെ ജനസമുദ്രം കണ്ട് നെടുവീർപ്പിടാം. ചാനൽ ചർച്ചകളിൽ പങ്കെടുത്ത് അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്നു എന്ന് പറഞ്ഞ് ഈ സിനിമയെ വിമർശിക്കാം. ഈ സിനിമ കൂവി തോല്പ്പിക്കാൻ വേണ്ടി ആളെ ഇറക്കാം. പോസ്റ്ററുകൾ വലിച്ച് കീറാം. ഇതിൽ കൂടുതൽ ഒന്നും ചെയ്യാൻ അവർക്ക് കഴിയില്ലല്ലോ..! അതെ വിനയൻ അത് തെളിയിച്ചിരിക്കുന്നു. വിവാദങ്ങളിലും പ്രതിസന്ധികളിലും തളരാതെ കരുത്തുറ്റ സിനിമയുമായി വിനയൻ മലയാള സിനിമയുടെ മുൻ നിരയിൽ വീണ്ടും തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണു.
ഈ സിനിമയ്ക്ക് ഒരുപാട് പോരായ്മകളുമുണ്ട്. പുതുമുഖങ്ങൾ കൊണ്ട് നിറഞ്ഞ ഇതിലെ പല കഥാപാത്രങ്ങളുടെ അഭിനയവും തികച്ചും അസഹനീയമായിരുന്നു. എന്നാല്‍ വിനയൻ ടച്ച് എന്ന് വിശേഷിപ്പിക്കുന്ന സവിശേഷത നായികയെ കൊണ്ട് അവതരിപ്പിച്ച് പല ഭാഗങ്ങളിലും വിനയൻ കൈയ്യടി നേടുന്നു. തിലകൻ തന്റെ ട്രേഡ് മാർക്ക് കഥാപാത്രവും കൊണ്ട് തന്നെ ആണു ഇത്തവണയും വന്നിരിക്കുന്നത്. ഒരു സമൂഹം മുഴുവനായും എതിരായി നില്ക്കുമ്പോൾ അഭിനയിക്കാൻ പുതുമുഖങ്ങളെ തിരഞ്ഞെടുക്കാൻ നിർബന്ധിതനായ വിനയന്റെ ഗതികേടിനെ ഓർത്ത് നമ്മുക്ക് ഈ കുറ്റങ്ങളും കുറവുകളും ക്ഷമിക്കാം. യക്ഷികഥകളിൽ വ്യത്യസ്ത കൈവരിക്കാൻ ഗ്രാഫിക്സിന്റെ സഹായം മാത്രമല്ല ശക്തമായ ഒരു തിരകഥ കൂടി വേണമായിരുന്നു എന്ന് വിനയനു തോന്നിയിരുന്നെങ്കിൽ സൂപ്പർ താരങ്ങളോട് ഏറ്റുമുട്ടിയാൽ പോലും വിജയം വരിക്കുമായിരുന്ന ഒരു സിനിമ മലയാളത്തിൽ പിറന്നേനെ. എന്തായാലും വിനയന്റെ ഈ തിരിച്ച് വരവ് നമ്മുക്ക് ആഘോഷിക്കാം കാരണം ഇത് ചതിയിലൂടെ രാജ്യം നഷടപ്പെട്ട ഒരു രാജാവിന്റെ നിലനില്പിനു വേണ്ടിയുള്ള ഒരു ഒറ്റയാൻ പോരാട്ടമാണു. അതിൽ നമ്മുക്കും പങ്കു ചേരാം. കേരളത്തിലെ മഹാന്മാരായ സിനിമാക്കാരുടെ രാത്രികൾ നിദ്രാവിഹീനമാക്കി കൊണ്ട് ഈ യക്ഷി ഇവിടെ കുറച്ച് നാൾ കാണുക തന്നെ ചെയ്യും...!

*അഭിനയിക്കാൻ അറിയുന്നവർ അഭിനയിക്കാൻ തയ്യാറാവാത്തത് കൊണ്ടാണു പുതുമുഖങ്ങളെ അഭിനയിപ്പിച്ചതെന്ന് വിനയൻ...!!

**മലർവാടിയിൽ അഭിനയിച്ചതും പുതുമുഖങ്ങൾ ആയിരുന്നു..!!!

***ടൈറ്റിൽ കണ്ട് ആരും തെറ്റിദ്ധരിക്കരുതേ അയ്യേ എന്നല്ല അയ്യോ.. കയ്യോ യുടെ യ്യോ..!!!
!



വരവായ് ഓണക്കാല സിനിമകൾ.



അങ്ങിനെ വീണ്ടും ഒരു ഓണക്കാലം കൂടി കടന്നു വരുന്നു. ഒപ്പം ഓണക്കാല സിനിമകളും. ലോകമെമ്പാടുമുള്ള മലയാളികൾ ആഹ്ലാദപൂർവ്വം ആഘോഷിക്കുന്ന ഉത്സവമാണല്ലോ ഓണം. അത് കൊണ്ട് തന്നെ അതിനു മാറ്റു കൂട്ടുന്നതിൽ സിനിമകളും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഓണക്കാലം അടിച്ചു പൊളിക്കാൻ മനോഹര സിനിമകൾ ഇറങ്ങിയിരുന്ന ഒരു കാലഘട്ടം മലയാള സിനിമക്ക് ഉണ്ടായിരുന്നു. അവയെല്ലാം തകർത്ത് ഓടുകയും ചെയ്തിരുന്നു, സൂപ്പർ താരങ്ങൾ തങ്ങളുടെ വലിയ ചിത്രങ്ങൾ ഓണക്കാലത്തേക്ക് വേണ്ടി മാറ്റി വെക്കാറായിരുന്നു പതിവ്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിനിമയെ സംബന്ധിച്ച് ഓണം നിരാശാജനകമായാണു കടന്നു പോകുന്നത്. ഈ വർഷത്തെ സ്ഥിതിയും മറിച്ചല്ല. റമസാൻ വ്രതം അനുഷ്ഠിക്കുന്ന കാരണം മലബാർ മേഖലകളിൽ കളക്ഷൻ കുത്തനെ കുറയും എന്നതാണു ഈ സമയത്ത് സിനിമ റിലീസ് ചെയ്യുന്നതിൽ നിന്നും നിർമ്മാതാക്കളെ പിന്നോട്ടടിക്കുന്ന പ്രധാന ഘടകം. എന്തായാലും പഴയ കാല ഓണസ്മരണകൾ ഉള്ളിലൊതുക്കി കൊണ്ട് ഈ ഓണം നമ്മുക്ക് ഉള്ളത് കൊണ്ട് ആഘോഷിക്കാം. ഇത്തവണയും ലാൽ - മമ്മൂട്ടി ചിത്രങ്ങൾ ഓണത്തിനെത്തുന്നില്ല.ഒപ്പം ജയറാമും ദിലീപും പ്രത്വിരാജുമൊന്നും ഭാഗ്യപരീക്ഷണത്തിനൊരുങ്ങുന്നില്ല. 10 സിനിമകളാണു ഈ സീസണിൽ റിലീസിനു തയ്യാറെടുത്തിരിക്കുന്നത്. അതിൽ പ്സസ്ടു എന്ന യുവതാര ചിത്രം ഓണത്തിനു മുൻപേ തിയറ്ററുകളിൽ എത്തുകയും ഗംഭീര അഭിപ്രായം നേടി തിയറ്റർ വിടുകയും ചെയ്തു. അധികമാരെയും ആ സിനിമ ബുദ്ധിമുട്ടിച്ചില്ല. ഓണം റിലീസുകളിൽ ഏറ്റവും വലിയ സിനിമ എന്ന് വിശേഷിപ്പിക്കാവുന്നത് കന്യാകുമാരി എക്സ്പ്രസ് ആണു. ഈ ഓണത്തിനിറങ്ങുന്ന ഏക സൂപ്പർ താര ചിത്രവും ഇതു തന്നെ. ഏത് സാഹചര്യത്തിലും എപ്പോൾ വേണമെങ്കിലും റിലീസ് ചെയ്യാവുന്നതാണു സുരേഷ് ഗോപി സിനിമകൾ എന്നുള്ളത് കൊണ്ട് റമസാൻ ഒന്നും ഈ സിനിമക്ക് ഒരു വിഷയമേ അല്ല. മാർക്ക് ആന്റണിക്ക് ശേഷം ഒരു നീണ്ട ഇടവേള കഴിഞ്ഞ് TS സുരേഷ് ബാബുവും സുരേഷ് ഗോപിയും ഒന്നിക്കുമ്പോൾ ഓണം ആഘോഷിക്കാൻ കഴിയുന്ന ഒരു ഹിറ്റ് ചിത്രം പിറക്കട്ടെ എന്ന് നമ്മുക്കാശംസിക്കാം. റിലീസിനു മുൻപ് വിവാദം കൊണ്ട് നിറഞ്ഞ യക്ഷിയും ഞാനും ആണു മറ്റൊരു പ്രധാന സിനിമ. നിലവിലുള്ള വ്യവസ്ത്ഥിതിയെ മുഴുവൻ വെല്ലു വിളിച്ച് കൊണ്ട് സൂപ്പർ ഡയറക്ടർ വിനയൻ ഒരുക്കിയ ഈ പുതു മുഖ ചിത്രം മലയാള സിനിമയിലെ വെള്ളാനകൾക്കുള്ള ഒരു ചുട്ട മറുപടിയാവുമോ എന്ന് നമ്മുക്ക് കാത്തിരുന്നു കാണം. ട്രെയ്‌ലറുകൾ കാണുമ്പോൾ തോന്നുന്നത് മറുപടി ചുടാൻ വെച്ച വെള്ളത്തിൽ വിനയൻ അല്പം യൂക്കാലിപ്സ് ഇട്ടു കുളിക്കുന്നതായിരിക്കും നല്ലത് എന്നാണു. എന്തെങ്കിലുമാവട്ടെ വരാൻ ഉള്ളത് വഴിയിൽ തങ്ങില്ലല്ലോ..! മീരാജാസ്മിന്റെ മലയാളത്തിലേക്കുള്ള തിരിച്ച് വരവ് ആഘോഷിക്കുന്ന പാട്ടിന്റെ പാലാഴിയും ഈ ഓണത്തിനുണ്ട്. രാഞ്ജീവ് അഞ്ചൽ സംവിധാനം ചെയ്യുന്ന ഈ സിനിമയിലൂടെ രണ്ട് വർഷത്തെ ഇടവേളക്കു ശേഷം മീര വീണ്ടും മലയാളത്തിൽ സജീവമാവുകയാണു. സൂപ്പർ താരങ്ങളാണു മലയാള സിനിമയുടെ തകർച്ചക്ക് കാരണം എന്ന് വളരെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി കണ്ടു പിടിച്ച ശ്രീനിവാസനും തന്റെ ആത്മകഥ എന്ന ചിത്രവുമായി രംഗത്തുണ്ട്. ടെലിവിഷൻ ഷോകളിലൂടെ പ്രശസ്തനായ ഗോവിന്ദൻ കുട്ടി സംവിധാനം ചെയ്യുന്ന ത്രീ ചാർ സൗ ബീസ് എന്ന ചിത്രവും പ്രതീക്ഷക്കു വക നല്കുന്നുണ്ട്. ഇവയ്ക്കു പുറമെ ബിജു വർക്കിയുടെ ഓറഞ്ച്, ഇറ്റാലിയൻ നടൻ വിൻസൺ അഭിനയിക്കുന്ന നിറക്കാഴ്ച്ച വിനീതും ഭാമയും ഒന്നിക്കുന്ന നീലാമ്പരി, ബാല - മണിക്കുട്ടൻ ടീമിന്റെ ചാവേർ പട തുടങ്ങിയ നിർദോഷ സിനിമകളും മത്സര രംഗത്തുണ്ട്. സൂപ്പർ സ്റ്റാറും മെഗാസ്റ്റാറുമൊന്നുമില്ലാതെ ഓണം കടന്നു കടന്നു പോകുമ്പോൾ ഈ സിനിമകളിൽ ഏത് ഒന്നാം സ്ഥാനത്തെത്തുമെന്ന് നമ്മുക്ക് കാത്തിരുന്നു കാണാം..!

ഏവർക്കും ഓണാശംസകൾ..!!!

നടൻ സുബൈർ അന്തരിച്ചു.



മലയാള സിനിമയിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്ത നടൻ സുബൈർ ഹൃദയാഘാതം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. 48 വയസ്സായിരുന്നു.

ആദരാഞ്ജലികൾ...!!!

അഭിനവ പത്മരാജൻ...!

മുണ്ട് മടക്കിയിടുത്ത് മീശ പിരിച്ചു കൊണ്ട് വില്ലന്റെ അടുത്തേക്ക് ഡയലോഗുകളുമായി നടന്നടുക്കുന്ന ഫ്യൂഡൽ തമ്പുരാക്കന്മാരെ മലയാള സിനിമക്ക് സമ്മാനിച്ച എഴുത്തുകാരന്‍ ആണു രഞ്ജിത്ത്. പെരുവണാപുരത്തെ വിശേഷവും, നന്മനിറഞ്ഞവൻ ശ്രീനിവാസനും കൃഷ്ണഗുഡിയിലെ ഒരു പ്രണയകാലത്തുമൊക്കെ എഴുതിയ അതേ കൈകൾ തന്നെ ആണു മംഗലശേരി നീലകണ്ഠ്നെയും ആറാം തമ്പുരാനെയും നരസിംഹത്തേയും വല്യേട്ടനെയുമൊക്കെ സൃഷ്ടിച്ചത്. രഞ്ജിത്ത് വെട്ടിയിട്ട വഴിയിലൂടെ പിന്നീട് പലരും സഞ്ചരിച്ച് നോക്കിയെങ്കിലും അവർക്കാർക്കും ഈ പറഞ്ഞ അമാനുഷികത എത്തിപിടിക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിക്കാനായില്ല, എന്ന് മാത്രമല്ല സ്വയം പരിഹാസ്യരാവുന്ന അവസ്ഥയിൽ എത്തി ചേരുകയും ചെയ്തു. എന്നാൽ എഴുത്തുകാരനിൽ നിന്ന് സംവിധായകനിലേക്കുള്ള കൂടുമാറ്റത്തിൽ രഞ്ജിത്ത് തിരഞ്ഞെടുത്തത് ദേവാസുര യുദ്ധകഥയുടെ രണ്ടാം ഭാഗമായിരുന്നു. പ്രണയത്തിന്റെ പകയുടെ പ്രതികാരത്തിന്റെ പുതിയ കാല കഥ പറഞ്ഞ രാവണപ്രഭു മലയാള സിനിമ ചരിത്രത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായി മാറി. ഏതൊരു നവാഗത സംവിധായകനും കൊതിക്കുന്ന സ്വപ്ന സമാനമായ തുടക്കം. രാവണപ്രഭുവിന്റെ ചുവട് പിടിച്ച് അതേ അച്ചിൽ വാർത്ത ഒരുപാട് സിനിമകൾ രഞ്ജിത്തിനു ചെയ്യാമായിരുന്നു. പക്ഷെ അതിനു പകരം നല്ല സിനിമകളിലേക്ക് തിരിയുകയാണു ഈ കലാകാരൻ ചെയ്തത്. നല്ല സിനിമകളുടെ വക്താവാവണം എന്ന ആഗ്രഹം മാത്രമല്ല ഈ ചുവടുമാറ്റത്തിനു പിന്നിൽ. രാവണപ്രഭുവിൽ ഉണ്ടാക്കിയതിനേക്കാൾ അമാനുഷികത ഉണ്ടാക്കാൻ തല്കാലം തന്റെ തൂലികക്ക് ശേഷിയില്ല എന്ന ബുദ്ധിപരമായ തിരിച്ചറിവാണു സത്യത്തിൽ കാരണം. സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മലയാള സിനിമയിൽ ഒഴിഞ്ഞു കിടക്കുന്ന പത്മരാജന്റെ സിംഹാസനത്തിലേക്ക് നടന്നു കയറാനുള്ള ബോധപൂർവ്വമായോ അതോ അല്ലാതെയോ ഉള്ള ഒരു ശ്രമം രഞ്ജിത്തിന്റെ ഭാഗത്ത് നിന്നു ഉണ്ടാകുന്നതായി കാണാം . പക്ഷെ അത് ഫലത്തിൽ വരുന്നില്ല എന്നതാണു സത്യം. പ്രത്വിരാജ് എന്ന നടനെ മലയാള സിനിമക്ക് സമ്മാനിച്ച നന്ദനം ഒഴിച്ചു നിർത്തിയാൽ കഴിഞ്ഞ 8 വർഷങ്ങൾക്കിടയിൽ രഞ്ജിത്തിന്റെ ഒരു സിനിമ പോലും വിജയിച്ചിട്ടില്ല എന്നതാണു വാസ്തവം. പാലേരിമാണിക്യവും, കൈയൊപ്പും തിരകഥയുമെല്ലാം നിരൂപക ശ്രദ്ധ നേടിയെങ്കിലും പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുന്നതിൽ പരാജയപ്പെട്ടു. രഞ്ജിത്ത് ചുക്കാൻ പിടിച്ച കേരള കഫെയ്ക്കും സംഭവിച്ചത് ഇതു തന്നെ. ഇതിനിടയിൽ കോമേഴ്സ്യൽ ചേരുവകൾ നിറച്ച് കൊണ്ട് ഇറക്കിയ ചന്ദ്രോൽസവം, പ്രജാപതി, റോക്ക് n റോൾ, ബ്ലാക്ക് എന്നിവ ദയനീയ പരാജയമടയുകയും ചെയ്തു. ചുരുക്കത്തിൽ കലാമൂല്യമുള്ള സിനിമ എടുക്കുകയും അത് സാമ്പത്തിക വിജയം നേടുകയും ചെയ്യുന്ന പത്മരാജൻ സിനിമകളുടെ ശ്രേണിയിലേക്ക് എത്തിപ്പെടാൻ കഴിയുന്ന ഒരു സിനിമ പോലും രഞ്ജിത്തിൽ നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. എന്നാൽ അതിനുള്ള ശ്രമങ്ങളിൽ നിന്ന് രഞ്ജിത്ത് പിന്മാറുന്നില്ല എന്നതാണു സന്തോഷകരമായ കാര്യം. രഞ്ജിത്തിന്റെ ക്യാപ്പിറ്റോൾ തിയറ്റർ നിർമ്മിക്കുന്ന പുതിയ ചിത്രമായ പ്രാഞ്ചിയേട്ടൻ & ദി സെയിന്റ് എന്ന സിനിമ മുന്നോട്ട് വെക്കുന്നതും സാമൂഹ്യപ്രസക്തിയുള്ള കലാമൂല്യം നിറഞ്ഞ ഒരു വിജയ ചിത്രം എന്ന ആശയം തന്നെയാണു. മമ്മൂട്ടി തൃശൂർ ഭാഷ സംസാരിക്കുന്നു എന്ന പ്രത്യേകത കൊണ്ട് ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ട ഈ സിനിമ ഒരു വിജയ ചിത്രമായി തീരട്ടെ എന്ന് നമ്മുക്കാശംസിക്കാം. അത് കാലത്തിന്റെ ആവശ്യമാണു. കാരണം പത്മരാജൻ സിനിമകളിലെ പോലുള്ള സൗന്ദര്യം പുതിയ തലമുറകൾക്ക് പകർന്നു നല്കാൻ രഞ്ജിത്തിനെ പോലുള്ള എഴുത്തുകാർക്കെ കഴിയു..!


*ഇനിയൊരു മീശ പിരിപ്പൻ കഥാപാത്രത്തെ താൻ എഴുതിലെന്ന് രഞ്ജിത്ത്..!!

**എഴുതിയാ പിന്നങ്ങ്...!!!

ഞാനും എന്റെ സിനിമയും. ഒരു വലിയ സംഭവം.!


ഇന്ത്യൻ സിനിമയിലെ ഷോ മാൻ ആവുക എന്നതാണു പുള്ളിക്കാരന്റെ ഏറ്റവും വലിയ ആഗ്രഹം. അതു കൊണ്ടാണല്ലോ തെലുങ്കിൽ ഹിറ്റ് മേക്കർ ആയി തിളങ്ങി നില്ക്കുന്ന കാലത്ത് ബോളിവുഡിലേക്ക് ചേക്കേറിയത്. കക്ഷി വേറെ ആരുമല്ല. രംഗീല എന്ന സിനിമയിലൂടെ ഹിന്ദി സിനിമയെ ഇളക്കി മറിച്ച സാക്ഷാൽ രാം ഗോപാൽ വർമ്മ. രംഗീലക്ക് ശേഷം വീണ്ടും ഒരു പാട് തവണ RGV മാജിക്ക് ബോളിവുഡ് അത്ഭുതത്തോടെ നോക്കി കണ്ടു. സത്യ, കമ്പനി, ഭൂത്, സർക്കാർ തുടങ്ങിയ നിരവധി ഹിറ്റുകൾ. അപ്പോഴും ഷോമാൻ ആവുക എന്ന ആഗ്രഹം RGV കൈവിട്ടിരുന്നില്ല. ഹിന്ദി സിനിമയിലെ പരമോന്നത സ്ഥാനത്തെത്തണം എന്ന അടക്കാനാവാത്ത ആഗ്രഹത്തിന്റെ ഫലമാണു ഷോലെ എന്ന ഇതിഹാസ സിനിമ റീമേക്ക് ചെയ്യുന്നതിൽ രാംഗോപാൽ വർമ്മയെ കൊണ്ടെത്തിച്ചത്. പ്രേക്ഷകരുടെ മനസ്സിൽ മായാതെ നില്ക്കുന്ന ഷോലെയെ പുതിയ രൂപത്തിൽ എത്തിക്കുകയും അത് സ്വീകരിക്കപ്പെടുകയും ചെയ്താൽ ബോളിവുഡിലെ ചക്രവർത്തിയായി താൻ മാറും എന്ന കണക്കുകൂട്ടലുകൾക്കെടുവിൽ തിയറ്ററിലെത്തിയ ഷോലെ റീമേക്ക് ആഗിനു ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ അവസ്ഥ ആയിരുന്നു. അതിനു ശേഷം ബോളിവുഡ്, സിനിമ ഇറങ്ങുന്നതിനു മുൻപുള്ള RGV യുടെ വീരവാദങ്ങൾക്ക് ചെവി കൊടുക്കാതെയായി. ആഗിനു ശേഷം വന്ന സർക്കാർ രാജും ഫൂങ്കും കോട്രാക്ടും രണുമെല്ലാം പല്ലിന്റെ ശൗര്യം പണ്ടത്തെ പോലെ ഫലിക്കുന്നില്ല എന്ന് തെളിയിക്കുന്ന സിനിമകൾ ആയിരുന്നു. ഷോമാൻ ആവുക എന്ന സ്വപ്നം അകന്നു പോവുകയാണു എന്ന് മനസിലാക്കിയ രാം ഗോപാൽ വർമ്മ പിന്നെ മടിച്ചില്ല. ഉടനെ പുതിയ പ്രൊജക്ട് അനൗൺസ് ചെയ്തു രക്തചരിത. പേരു സൂചിപ്പിക്കുന്ന പോലെ തന്നെ രക്തചൊരിച്ചിൽ തന്നെയാണു സിനിമയുടെ കാതൽ. അധോലോക സിനിമകളും രാഷ്ട്രീയ സിനിമകളും RGV ചെയ്യുന്നതിൽ പുതുമ ഇല്ല. പക്ഷെ ഈ സിനിമയുടെ പ്രത്യേകത ഇതിനു രണ്ട് പാർട്ടുകൾ ഉണ്ട് എന്നതാണു. ആദ്യ ഭാഗം റിലീസ് ചെയ്ത് 3 ആഴ്ച്ച കഴിയുമ്പോൾ രണ്ടാം ഭാഗം റിലീസ് ചെയ്യും. ഇപ്പോൾ എന്തു പറയുന്നു. വർമ്മ ഒരു സംഭവം തന്നെ അല്ലേ. ഒരു സിനിമ ഇറക്കി വിജയിക്കാൻ ഒരോരുത്തർ കഷ്ടപ്പെടുമ്പോളാണു രണ്ടു പാർട്ടുകൾ ഇറക്കാനുള്ള ധൈര്യം RGV കാണിക്കുന്നത്. ശരിക്കും ഇദ്ദേഹം ഇന്ത്യൻ സിനിമയുടെ ഷോമാൻ ആവേണ്ട ആളു തന്നെ..!


*ഇതിനെയായിരിക്കുമല്ലേ ഒരു വെടിക്ക് രണ്ടു പക്ഷി എന്ന് പറയുന്നത്..!!

**പ്രൊഡ്യൂസറുടെ വെടി തീരാതിരുന്നാൽ മതിയായിരുന്നു..!!!

ആരാണീ കമലഹാസൻ...??


അല്ല അറിയാമേലാഞ്ഞിട്ടു ചോദിക്കുവാ.. ആരാണീ കമലഹാസൻ. ഈ കമലഹാസൻ എന്നു പറയുന്ന ആൾ അല്പാചിനോയെ പോലെ അല്ലെങ്കിൽ മർലിൻ ബ്രാൻഡോയെ പോലെ ലോക പ്രശസ്തനായ ഒരു നടനാണോ. പറയു. ഇദ്ദേഹത്തിനു ഏതെങ്കിലും തവണ ഓസ്കാർ ലഭിച്ചിട്ടുണ്ടോ.? അവാർഡ് പോട്ടെ ഒരു നോമിനേഷൻ എങ്കിലും..?? ഇല്ല.. പിന്നെ ഇങ്ങനെയുള്ള ഒരാളെ എന്ത് അടിസ്ഥാനത്തിലാണു കേരള ഗവണ്മെന്റ് ആദരിക്കുന്നത്. ആദരിക്കണമെങ്കിൽ എത്രയോ മഹാന്മാരായ കലാകാരന്മാർ ഇവിടെ അമ്മയിലുണ്ട്. അവരെയൊക്കെ വിളിച്ച് ഒരു പൊന്നാട അണിയിച്ചു കൂടെ. പണ്ട് കുറച്ച് മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എന്ന് വിചാരിച്ച് ചുമ്മാ അങ്ങ് വിളിച്ച് ആദരിക്കുകയാണു പോലും. അങ്ങിനെയാണെങ്കിൽ തമിഴ് സിനിമയിൽ അഭിനയിച്ചതിന്റെ പേരിൽ മമ്മൂട്ടിക്കും ലാലിനും ജയറാമിനെയും പ്രിത്വിയെയുമൊക്കെ തമിഴ് നാട് ഗവണ്മെന്റ് ആദരിക്കേണ്ടതല്ലേ. എന്തിനു ദിലീപ് വരെ അഭിനയിച്ചിട്ടുണ്ട് തമിഴ് സിനിമയിൽ. അവരിതൊന്നും ചെയ്യാത്ത സ്ഥിതിക്ക് നമ്മൾ കമലഹാസനെ ആദരിക്കുന്നത് ഒട്ടും ശരിയല്ല. അതു കൊണ്ട് തന്നെ കമലഹാസനെ ആദരിക്കുന്ന ചടങ്ങിൽ നിന്നും അമ്മ സംഘടന വിട്ടു നില്ക്കും എന്ന പ്രസിഡന്റ് ഇന്നസെന്റിന്റെ പ്രസ്താവനക്ക് അഭിനന്ദനങ്ങള്‍. സംഘടനയായാൽ ഇങ്ങനെ തന്നെ വേണം. ഇങ്ങോട്ടില്ലാത്ത ബഹുമാനം ഒരിക്കലും അങ്ങോട്ടും പാടില്ല. അല്ല, അല്ലെങ്കിലും ആരാണീ കമലഹാസൻ..!

*ഒരു യൂണിവേഴ്സൽ ഹീറോ വന്നിരിക്കുന്നു. ഇവിടെ ഞങ്ങൾക്കുമുണ്ട് ഒരു ഒന്നാന്തരം യൂണിവേഴ്സൽ സ്റ്റാർ. അതിന്റെ അത്രക്കും വരുമോ...???

മദിരാശിപട്ടണം..!


13 സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇന്നും തമിഴ് സിനിമയിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കാൻ കഴിയാത്ത നടനാണു ആര്യ. ബാലയുടെ നാൻ കടവുൾ അപഹരിച്ചത് ഈ നടന്റെ കരിയറിലെ വിലപ്പെട്ട 3 വർഷങ്ങൾ ആയിരുന്നു. മുൻ നിരയിലേക്ക് ഉയരുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്ന നാൻ കടവുൾ നിരൂപകരുടെ പ്രശംസ ഏറ്റുവാങ്ങിയെങ്കിലും ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. ഒരു ഫിലിം ഫെയർ അവാർഡ് പോലും ആര്യക്ക് നേടി കൊടുക്കാൻ നാൻ കടവുളിനായില്ല. അതിനു ശേഷം വന്ന സർവ്വവും പരാജയപ്പെട്ടതോടെ ആര്യയുടെ കരിയർ റിവേഴ്സ് ഗിയറിൽ ആയി. എന്നാൽ ഒടുവിൽ പുറത്തിറങ്ങിയ മദിരാശി പട്ടണം എന്ന ചിത്രം ആര്യയെ വീണ്ടും തമിഴകത്തെ തിരക്കുള്ള താരമാക്കി മാറ്റിയിരിക്കുകയാണു. കീരിടം എന്ന അജിത്ത് സിനിമ സംവിധാനം ചെയ്ത വിജയുടെ മൂന്നാമത്തെ സിനിമയാണു മദിരാശിപട്ടണം. സ്വാതന്ത്രസമരകാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ ആണു ഈ സിനിമ നടക്കുന്നത്. ഒരു ലഗാൻ ടച്ച് തോന്നുമെങ്കിലും അതിൽ നിന്ന് വ്യത്യസ്തമായ ഒരു അനുഭവം നമ്മുക്ക് നല്കാൻ സംവിധായകനു കഴിഞ്ഞിട്ടുണ്ട്. ബ്രീട്ടിഷുകാരിയായ ഒരു വൃദ്ധയുടെ ചെന്നൈയിലേക്കുള്ള യാത്രയോടെയാണു ഈ സിനിമ തുടങ്ങുന്നത്. ആമി എന്ന അവർ തലച്ചോറിനേറ്റ ക്ഷതം മൂലം ഏത് സമയത്തും മരണത്തെ അഭിമുഖീകരിക്കുന്ന അവസഥയിലാണു. പക്ഷെ അവർക്ക് മദിരാശിയിലേക്ക് പോകണം എന്ന് വാശിപിടിക്കുന്നു. ഒരിക്കൽ തന്റെ മനസ്സ് കവർന്ന പരിത്തിയെ കാണാനാണു വീണ്ടും ഈ യാത്ര. അങ്ങിനെ കൊച്ചുമകളുടെയൊപ്പം അവർ മദിരാശിയിൽ എത്തുന്നു. 1947ൽ ഇന്ത്യക്ക് സ്വാതന്ത്രം കിട്ടിയ രാത്രിയിൽ ആണു അവർ അവസാനമായി കണ്ടു മുട്ടുന്നത്. 63 വർഷങ്ങൾക്ക് ശേഷം വീണ്ടും പുതിയ മദിരാശിയിലേക്ക് വരുമ്പോൾ പരുത്തി എന്ന പേരു അല്ലാതെ മറ്റൊന്നും ആമിക്ക് അറിയില്ല. ചെന്നൈയിലെ അവരുടെ ഗൈഡിന്റെ സഹായത്തോടെ അവർ പരുത്തിയെ തേടിയുള്ള അന്വേക്ഷണം ആരംഭിക്കുന്നു. അവരുടെ ഓർമകളിലൂടെയാണു പിന്നീട് കഥ വികസിക്കുന്നത്. ആമി ആദ്യമായി ഇന്ത്യയിലേക്ക് വരുന്നതും പരുത്തിയെ കണ്ട് മുട്ടുന്നതും അവർ തമ്മിൽ പ്രണയത്തിലാവുന്നതും എല്ലാം വളരെ മനോഹരമായി സംവിധായകൻ പകർത്തിയിരിക്കുന്നു. പഴയ മദിരാശിയെ പുനർജീവിപ്പിച്ചെടുത്തതിൽ കലാസംവിധായകനു 100 ൽ നൂറുമാർക്കും. GV പ്രകാശ് കുമാറിന്റെ സംഗീതം ഈ സിനിമയെ കൂടുതൽ ആസ്വാദകരമാക്കുന്നു. ചെറുപ്പക്കാരിയായ ആമിയുടെ ട്രാൻസലേറ്റർ ആയി വരുന്നത് നമ്മുടെ പ്രിയപ്പെട്ട നടൻ കൊച്ചിൻ ഹനീഫയാണു.അദ്ദേഹത്തിന്റെ അവസാന സിനിമ കൂടിയാണു ഇത്. പരുത്തിയെ ആമി കണ്ടെത്തുമോ എന്നതാണു ഈ സിനിമയുടെ ക്ലൈമാക്സ്. നമ്മുക്കറിയാം ഇത്തരം സിനിമകളുടെ അവസാനം എങ്ങനെ ആയിരിക്കും എന്ന്. 63 വർഷങ്ങൾക്കു ശേഷമുള്ള പുനസമാഗമം സാധ്യമാകുക എളുപ്പമല്ല എന്ന കാര്യം മനസ്സിൽ ഉറപ്പിച്ചു കൊണ്ട് തന്നെയാണു നമ്മൾ ഈ സിനിമ കാണുക. പക്ഷെ അവിടെയാണു സംവിധായകൻ പ്രേക്ഷകന്റെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നത്.ഇവിടെ ആമിയും പരുത്തിയും തമ്മിൽ കണ്ടു മുട്ടുന്നു. അത് എങ്ങനെ എന്നറിയാൻ നിങ്ങൾ ഈ സിനിമ പോയികാണുക. ലോല ഹൃദയമുള്ളത് കൊണ്ടായിരിക്കാം ക്ലൈമാക്സ് സീനിൽ ഞങ്ങളുടെ കണ്ണു നിറഞ്ഞ് പോയി. അങ്ങാടി തെരുവിനു ശേഷം മനസ്സ് നിറഞ്ഞ് കണ്ട ഒരു സിനിമ . മദിരാശിപട്ടണം..! ഈ സിനിമയിൽ നിറഞ്ഞ് നില്ക്കുന്ന രണ്ട് കഥാപാത്രങ്ങൾ മാത്രമേ ഉള്ളു. ആമിയും പരുത്തിയും. ആമിയെ അവതരിപ്പിച്ച ആമി ജാക്സൺ എന്ന നടി ഏറ്റവും മികച്ച രീതിയിൽ തന്നെ അത് അവതരിപ്പിച്ചു. അതു പോലെ ആര്യ. തമിഴ് സിനിമയിൽ വെള്ളാരം കണ്ണുകളുള്ള സുന്ദരനായ ഈ ചെറുപ്പക്കാരൻ ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങൾ കീഴടക്കും എന്ന് വ്യക്തമാക്കികൊണ്ടാണു മദിരാശിപട്ടണം അവസാനിക്കുന്നത്...!
ഒരുപാട് നാളുകൾക്ക് ശേഷം കണ്ട ഒരു നല്ല സിനിമ ..!!

*സിനിമ കണ്ട് കണ്ണു നനയുന്നത് ആദ്യത്തെ സംഭവമല്ല. പക്ഷെ അതൊക്കെ കയ്യിലിരുന്ന കാശും വിലപ്പെട്ട സമയവും കളഞ്ഞത് ഇതിനു വേണ്ടിയായിരുന്നല്ലോ എന്ന് ഓർത്തിട്ടായിരുന്നു എന്ന് മാത്രം..!!!

ശ്രീനിയാണു താരം..!


അങ്ങിനെ പറയാൻ മലയാള സിനിമക്ക് ഒരു ശ്രീനിവാസനെ ഉള്ളു. എങ്ങനെ പറയാൻ എന്നാവും അല്ലേ. മലയാള സിനിമയുടെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം മുൻ നിരതാരങ്ങളാണെന്ന് തുറന്നു പറയാനുള്ള ചങ്കൂറ്റം ശ്രീനിവാസനു മാത്രമേ ഉള്ളു. മുൻ നിരതാരങ്ങൾ എന്നു പറയുമ്പോൾ രണ്ട് മുൻ നിരതാരങ്ങളെ ഇന്ന് മലയാളത്തിൽ ഉള്ളു. മമ്മൂട്ടിയും മോഹൻലാലും. അവരെ ചുറ്റി പറ്റിയാണു ഇന്നു മലയാള സിനിമ കറങ്ങുന്നത്. അങ്ങിനെയിരിക്കുമ്പോളാണു ഇത്ര ധൈര്യത്തിൽ അവർക്കെതിരെ ശബ്ദിക്കാൻ ശ്രീനിക്ക് കഴിയുന്നത്. സിനിമകൾ പൊളിയുന്നത് കാര്യമാകാതെ വീണ്ടും വീണ്ടും അഭിനയിച്ച് ഇവർ മലയാള സിനിമയെ വഴിതെറ്റിക്കുകയാണു എന്നാണു ശ്രീനിവാസന്റെ ആരോപണം. കൂടാതെ സിനിമ സംഘടനകളുടെ തലപ്പത്തിരിക്കുന്നവർ യാതൊരു പണിയുമില്ലാത്തവരാണു എന്ന് വരെ പറഞ്ഞ് കളഞ്ഞിരിക്കുന്നു കക്ഷി. ശ്രീനിവാസനു ഇനി എന്തും പറയാം. കാരണം സ്വയം തിരകഥ എഴുതി ഈ പറഞ്ഞ മുൻ നിരതാരങ്ങളിൽ ഒരുതാരത്തിനെ സൈഡ് റോളിലും താൻ മുഖ്യ വേഷത്തിലും അഭിനയിച്ച സിനിമ പുള്ളിക്കാരൻ കണ്ട് കാണും. ഉടനെ ഉണ്ട് കൊണ്ടിരുന്ന നായർക്ക് വന്നപ്പോലെ ഒരു വെളിപ്പാട് ഉണ്ടായിക്കാണും. ഈ മുൻ നിരതാരങ്ങൾ ഒന്നും ഇല്ലായിരുന്നെങ്കിൽ...! ഭാര്യ സഹോദരൻ ആദ്യമായി സംവിധാനം ചെയ്ത സിനിമയിൽ അതിഥി വേഷത്തിൽ മുൻ നിരതാരമല്ലാത്ത ഒരു നടനെ എന്തു കൊണ്ട് ശ്രീനിവാസൻ അഭിനയിപ്പിച്ചില്ല.. ശ്രീനിവാസൻ - ലാൽ കൂട്ടുകെട്ട് വിജയങ്ങൾ സമ്മാനിക്കും എന്ന് പ്രതീക്ഷയിൽ ഒരുനാൾ വരും പിടിച്ച മണിയൻപിള്ള രാജുവിനോട് എട്ട് പടങ്ങൾ പൊട്ടിയ താരത്തിനു 9 മത്തെ പടം വിജയിപ്പിക്കാനുള്ള തിരകഥ എഴുതാൻ തന്നെ കിട്ടില്ല എന്ന് പറയാനുള്ള ആർജ്ജവം ശ്രീനിവാസനു എന്തേ ഇല്ലാതെ പോയി. അപ്പോൾ കാര്യങ്ങൾ ഇങ്ങനെയാണു. മലയാള സിനിമയിൽ മാറ്റത്തിന്റെ ശംഖ് നാദം മുഴങ്ങി തുടങ്ങി എന്ന് അദ്ദേഹത്തിനു മനസ്സിലായി. ഇപ്പോഴുള്ള വ്യവസ്ഥിതിയുടെ ഭാഗമായ താൻ ഇതിനു മാറ്റം വരുമ്പോൾ പിന്തള്ളപ്പെടുമോ എന്ന് ശ്രീനിവാസൻ ഭയപ്പെടുന്നു. പ്രത്യേകിച്ചും ഒരുനാൾ വരുമിന്റെ തിരകഥയും അതിലെ ശ്രീനിയുടെ അഭിനയവും കണ്ട് പ്രേക്ഷകർ നെറ്റി ചുളിച്ച സാഹചര്യത്തിൽ..!. അത് കൊണ്ട് തന്നെ മലയാള സിനിമയുടെ ഈ നവീകരണത്തിനു ഞാൻ ആണു തുടക്കമിടുന്നത് എന്ന് കാണിക്കാനും അതു വഴി ഇത്ര നാൾ ഇരുന്ന ആ ബുദ്ധി ജീവി കസേരയിൽ ഒന്നു കൂടി മൂട് ഉറപ്പിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായി കണ്ടാല്‍ മതി ഇതെല്ലാം..!!

*അല്ല നമ്മളെന്തിനാ ഇത്രക്കും കാട് കയറി ചിന്തിക്കുന്നേ..! ഒരു നാൾ വരും പൊളിഞ്ഞ് പാളിസായതിന്റെ ചമ്മൽ മറക്കാൻ പത്രസമ്മേളനത്തിൽ രണ്ട് വലിയ വാചകങ്ങൾ തട്ടി വിട്ടതായിരിക്കും പുള്ളി. അങ്ങേരാരാ മോൻ..!!

ഉരുകുമോ ഈ മഞ്ഞ്..!


5 വർഷത്തിനിടയ്ക്ക് 32 സിനിമകൾ. അതിൽ 3 എണ്ണം ഒഴിച്ച് ബാക്കിയെല്ലാം കനത്ത പരാജയങ്ങൾ. ഒരു നടൻ എന്നന്നേക്കുമായി സിനിമാ രംഗത്തു നിന്നും പുറത്താവാൻ ഇതൊക്കെ ധാരാളം .. പക്ഷെ നമ്മുടെ നായകൻ ഇന്നും മലയാള സിനിമയിൽ തിളങ്ങി നില്ക്കുന്നു. റിലീസ് ദിവസമടക്കം ഒരു ഷോ പോലും house full ആവാത്തത്ര ജനപ്രീതിയായിട്ടു പോലും 10ഓളം സിനിമകളാണു ഇദ്ദേഹത്തിന്റെതായി റിലീസും കാത്ത് പെട്ടികളിൽ വിശ്രമിക്കുന്നത്.. 15 ഓളം സിനിമകളിൽ ആണു ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്..അതും വൻ സംവിധായകരുടെ സിനിമകൾ. ഇതൊക്കെ പോരാഞ്ഞിട്ട് 2015 വരെ ഡേറ്റ് ഇല്ല എന്നതു കൂടി അറിയുമ്പോഴാണു നമ്മൾ സമ്മതിച്ചു പോകുക ദേശിയ പുരസ്ക്കാരം വരെ നേടിയിട്ടുള്ള ഈ നടൻ മലയാള സിനിമയിലെ ജീവിക്കുന്ന ഇതിഹാസം തന്നെയാണു എന്ന്‍.....!

ഇത് ഇപ്പോഴത്തെ കഥ.

എന്നാൽ ഇതിനേക്കാളൊക്കെ മുൻപ് മലയാള സിനിമ അടക്കി ഭരിച്ചിരുന്നത് ഈ താരവും കൂടി ചേർന്നായിരുന്നു.

1993ൽ ഏകലവ്യനിലൂടെ സുരേഷ് ഗോപി സൂപ്പർ സ്റ്റാർ പദവിയിലേക്കുയർന്ന കാലത്ത് സുരേഷ് ഗോപിയുടെ ഏറ്റവും പ്രിയപ്പെട്ട സഹപ്രവർത്തകനായിരുന്നു മമ്മൂട്ടി. തനിക്ക് വേണ്ടി ഉണ്ടാക്കിയ വേഷത്തിലേക്ക് മമ്മൂട്ടി സുരേഷ് ഗോപിയെ നിർദ്ദേശിച്ചതു പോലും അതിനു തെളിവാണു. മമ്മൂട്ടി സൂപ്പർ സ്റ്റാറിൽ നിന്നും മെഗാസ്റ്റാറിലേക്ക് ഉയർന്നപ്പോഴും മോഹൻലാൽ യൂണിവേഴ്സൽ സ്റ്റാർ ആയപ്പോഴും ഈ സൗഹൃദം അതു പോലെ തന്നെ തുടർന്നു. പക്ഷെ ഇനി തോക്കെടുക്കില്ല എന്ന് ശപഥം ചെയ്ത് കൊണ്ട് സുരേഷ് ഗോപി സിനിമ ഫീൽഡിൽ സജീവമാകാതിരുന്ന 5 കൊല്ലം കൊണ്ട് ഈ കാര്യങ്ങൾക്കെല്ലാം മാറ്റം വന്നു. തന്റെ ഇടവേളക്ക് കാരണക്കാരൻ ആരാണെന്ന് സുരേഷ് ഗോപി ഇതു വരെയും ആരോടും പറഞ്ഞിട്ടില്ല. പക്ഷെ സംശയത്തിന്റെ മുനകൾ മമ്മൂട്ടിക്ക് നേരെ ചൂണ്ടാനായിരുന്നു പലർക്കും ആവേശം. പഴശി രാജയിൽ നിന്ന് സുരേഷ് ഗോപി ഒഴിവായതോടെ ആ സംശയം ബലപ്പെട്ടു. എന്താണു ഇരുവരും തമ്മിലുള്ള പ്രശ്നം എന്ന് രണ്ടു പേരും ഇതു വരെ പറഞ്ഞിട്ടില്ല. അതു പറയാതിടത്തോളം കാലം അതങ്ങനെ രഹസ്യമായിട്ട് തന്നെ ഇരിക്കും. ഇരുവരും തമ്മില്ലുള്ള ഭിന്നത രൂക്ഷമാണെന്ന് പ്രചരിച്ചത് വീണ്ടും ഒരു ഡ്രീം പ്രൊജക്ടിൽ നിന്ന് സുരേഷ് ഗോപി പിന്മാറി എന്ന വാർത്ത വന്നതോടെയാണു. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും രൺജി പണിക്കരും ഒന്നിക്കുന്ന കിംഗ് & ദി കമ്മീഷണർ എന്ന ചിത്രം. മലയാള സിനിമയിലെ ഏറ്റവും ഫയർ ബ്രാന്റ് ആയ രണ്ട് കഥാപാത്രങ്ങൾ സ്ക്രീനിൽ ഒന്നിക്കുമ്പോൾ അതൊരു ഷുവർ ബെറ്റ് ആയിരിക്കും എന്നതിൽ ഒരു സംശയവുമില്ല. എന്നാൽ കമ്മീഷണറാവാൻ സുരേഷ് ഗോപി ഇല്ല പകരം ആ വേഷം പ്രത്വിരാജ് ചെയൂന്നു എന്ന പുതിയ വിശേഷം കേട്ടവർ ഉറപ്പിച്ചു ഇനി ഒരിക്കലും ഒരു മമ്മൂട്ടി -സുരേഷ് ഗോപി ചിത്രം സാധ്യമാകുകയില്ല എന്ന്. കാരണം ഭരത് ചന്ദ്രനെ കൈവിടാൻ സുരേഷ് ഗോപി തയ്യാറാവണമെങ്കിൽ ഒരിക്കലും ക്ഷമിക്കുവാൻ കഴിയാത്ത എന്തോ ഒന്ന് അവർക്കിടയിൽ ഉണ്ടായിട്ടുണ്ട്. പക്ഷെ സിനിമയിൽ സ്ഥിരമായ പിണക്കങ്ങൾ ഇല്ല എന്ന് വീണ്ടും തെളിയിച്ചു കൊണ്ട് ഇരുവരും തമ്മില്ലുള്ള അകല്ച്ചക്ക് ഒരു അയവ് വന്നിരിക്കുകയാണു. മമ്മൂട്ടിയെ പ്രകീർത്തിച്ചു കൊണ്ട് സുരേഷ് ഗോപി സംസാരിച്ചത് അവർ തമ്മിലുള്ള അകലം കുറയുന്നു എന്നതിന്റെ തെളിവാണു. രാമരാവണന്റ് പ്രമോഷനു വേണ്ടി നടത്തിയ വാർത്ത സമ്മേളനത്തിലാണു സുരേഷ് ഗോപി മമ്മൂട്ടിയെ ഒരല്പ്പം സുഖിപ്പിച്ച് സംസാരിച്ചത്. മമ്മൂട്ടി ഇതു വരെ സുരേഷ് ഗോപിയെ പറ്റി മോശമായി ഒന്നും പറഞ്ഞിട്ടില്ല. മമ്മൂട്ടിയിൽ നിന്ന് താൻ അകലുന്നു എന്ന തോന്നൽ ഉണ്ടാക്കിയത് സുരേഷ് ഗോപി തന്നെ ആണു. അതു കൊണ്ട് തന്നെ അടുക്കേണ്ട ബാധ്യതയും അദ്ദേഹത്തിന്റെതാണു. കാരണം കളിയാട്ടത്തിലെ ദേശിയ അവാർഡിന്റെ പേരിൽ അല്ല കമ്മീഷണറിലെ ഭരത് ചന്ദ്രനിലൂടെ ആയിരിക്കും താൻ പിന്നീട് അറിയപ്പെടുക എന്ന് സുരേഷ് ഗോപിക്ക് നന്നായിട്ടറിയാം. അനാവശ്യമായ പിടിവാശിക്ക് വേണ്ടി അത് പ്രത്വിരാജിനു വിട്ടു കൊടുത്ത് ആ വേഷം യുവ സൂപ്പർ സ്റ്റാർ എങ്ങാനും ഹിറ്റ് ആക്കിയാൽ...!
പണ്ടേ ദുർബല പിന്നെ ഗർഭിണി കൂടി ആയാലുള്ള അവസ്ഥ..!!

*മുഖസ്തുതിയിൽ വീഴാത്ത ആരാണു ഉള്ളത്. പ്രത്യേകിച്ചും നമ്മുടെ മെഗാസ്റ്റാർ..!!!



Once Upon a Time in Mumbaai


അധോലോകത്തിന്റെ കഥ പറയുന്ന സിനിമകൾ ബോളിവുഡിൽ പുതുമയല്ല. രാംഗോപാൽ വർമ്മ സിനിമകളും ദീവാറും ഡോണുമെല്ലാം പറഞ്ഞത് അധോലോകത്തിന്റെ ഇരുണ്ട ഇടനാഴികളെ കുറിച്ചായിരുന്നല്ലോ. ഏറ്റവും പുതിയതായി ഇറങ്ങിയ "Once Upon a Time in Mumbaai" എന്ന സിനിമ ഇതിൽ നിന്നും വ്യത്യസ്തമാകുന്നത് ഒരു കാലത്തെ ബോബയിലെ അധോലോക രാജാവായി വാണിരുന്ന ഹാജി മസ്താന്റെ കഥ അതേ രൂപത്തിലും ഭാവത്തിലും അവതരിപ്പിക്കുന്നു എന്നതു കൊണ്ടാണു. ഹാജി മസ്താന്റെ കഥാപാത്രം ഇവിടെ സുൽത്താൻ മിസ്ര ആയി അവതരിപ്പിക്കുന്നത് അജയ് ദേവ് ഗൺ ആണു. രൺ ദീപ് ഹൂഡയുടെ പോലീസ് ഇൻസ്പെക്ടറുടെ വാക്കുകളിലൂടെ ആണു ഈ സിനിമ പുരോഗമിക്കുന്നത്. നമ്മുടെ ഇപ്പോഴത്തെ മലയാള സിനിമകളെ പോലെ നായകന്റെ കുട്ടിക്കാലം ആണു ആദ്യം. പക്ഷെ ഭാഗ്യത്തിനു ഇവിടെ കുടിപ്പകയോ ഉത്സവമോ കൈയബദ്ധത്തിൽ സംഭവിക്കുന്ന കൊലപാതകമോ ഒന്നും ഇല്ല.( മലയാള സിനിമയിൽ അതൊക്കെ ഉണ്ടെങ്കില്ലല്ലേ പിന്നീട് നായകൻ വലുതായിട്ട് ഒരു പ്രതികാരത്തിനു സ്കോപ്പ് ഉള്ളു). ചെറുപ്പത്തിൽ മുംബൈയിൽ എത്തിപ്പെടുന്ന നായകൻ അവിടെ കഷട്പ്പെട്ട് ബുദ്ധിമുട്ടി ജീവിക്കുന്നു. പക്ഷെ പാവങ്ങളോടുള്ള കരുണ നായകനു അന്നു മുതല്ക്കേ ഉണ്ട്. അങ്ങനെ ചെറിയ കള്ളക്കടത്തിലൂടെയും മറ്റും ആ ബാലൻ വലുതാവുന്നു. മുംബൈ നഗരത്തിലെ സുൽത്താൻ ആയി മാറുന്നു സുൽത്താൻ മിസ്ര..! കള്ളക്കടത്ത് ചെയ്യുമ്പോഴും ജനങ്ങൾക്ക് ദോഷകരമായ കാര്യങ്ങൾ ചെയ്യാതിരിക്കാൻ സുൽത്താൻ ശ്രദ്ധിച്ചിരുന്നു. ഇനി ഇമ്രാൻ ഹാഷ്മിയുടെ ഷൊയ്ബ് ഖാന്റെ വരവാണു. ഇമ്രാൻ ഹാഷ്മി ദാവൂദ് ഇബ്രാഹിമിന്റെ പ്രതിരൂപമായിട്ടാണു പ്രത്യക്ഷപ്പെടുന്നത്. . ഒരു പോലീസ്കാരന്റെ മകനാണു ഷൊയ്ബ്. ചെറുപ്പം മുതല്ക്കേ കുരുത്തകേടുകളുടെ കൂട്ടുക്കാരൻ. വലുതായപ്പോൾ ഉയരങ്ങളിലെത്താൻ വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവനായി. അങ്ങിനെ ഷൊയ്ബ് സുൽത്താൻ മിസ്രയുടെ കൂടെ കൂടുന്നു. പിന്നെ എല്ലാം പഴയതു പോലെ തന്നെ. പാലു കൊടുത്ത കൈക്ക് തന്നെ ഷൊയ്ബ് തിരിഞ്ഞു കൊത്തുന്നു. അവസാനം സുൽത്താൻ മിസ്ര ഷൊയ്ബിന്റെ വെടിയേറ്റ് മരിക്കുന്നു. ഇതിനിടയിൽ സുൽത്താനും സിനിമ നടി റെഹാനയുമായുള്ള ബന്ധവും ഷൊയ്ബിന്റെ പ്രണയവുമെല്ലാം ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട്. ഒരു സാധാരണ ഹിന്ദി സിനിമയിൽ കാണുന്ന ചടുലതയോ ത്രസിപ്പിക്കുന്ന രംഗങ്ങളോ ഒന്നും ഈ സിനിമയിൽ ഇല്ല. ദീർഘമായ സംഭാഷണങ്ങളിലൂടെ ആണു സിനിമ മുന്നോട്ട് പോകുന്നത്. പഴയ മുംബൈ നഗരവും വസ്ത്രധാരണ രീതിയുമെല്ലാം പുനരാവിഷ്ക്കരിക്കുന്നതിൽ അണിയറക്കാർ വിജയിച്ചിട്ടുണ്ട്. പ്രവചനാതീതമായ കഥാഗതിയായതിനാൽ ചില ആളുകൾക്ക് ഈ സിനിമ ഇഷ്ടപ്പെടാൻ വഴി കാണുന്നില്ല. പക്ഷെ ഞങ്ങള്‍ക്ക് ഈ സിനിമ ഇഷ്ടപ്പെട്ടു. എന്തായാലും ഞങ്ങളെ സമ്മതിക്കണം ഹിന്ദി അറിയാതിരുന്നിട്ടു കൂടി കഥ മനസ്സിലാക്കി എടുത്തല്ലോ..!!

*Beyond the myth... lies Mumbais greatest betrayal..!!!

പെൺപട്ടണം


സ്ത്രീ കഥാപാത്രങ്ങൾക്ക് വേണ്ടത്ര പ്രാധാന്യമുള്ള സിനിമകൾ ഉണ്ടാവുന്നില്ല, നായികമാർ കേവലം നിഴൽ മാത്രമായി പോകുന്നു എന്നൊക്കെയുള്ള പരാതികൾക്കുള്ള പരിഹാരമാണു ഈ സിനിമ എന്നു കരുതിയിട്ടാണു ആരെങ്കിലും പെൺപട്ടണം കാണാൻ പോകുന്നതെങ്കിൽ ആ സമയം വെറുതെ കളയാതിരിക്കുന്നതാവും നല്ലത്. സ്ത്രീകൾക്ക് ആവോളം പ്രാധാന്യം നല്കികൊണ്ടു ധാരാളം സീരിയലുകൾ വരുന്നുണ്ടല്ലോ അതും കണ്ട് സ്വീകരണ മുറിയിൽ കഥ പറഞ്ഞിരിക്കുന്നതാണു ഉത്തമം. ഇനി അതല്ല, യാതൊരു മുന്വ് വിധികളും കൂടാതെ ഒന്നു റിലാക്സ് ചെയ്യുക എന്നതാണു ഉദ്ദേശമെങ്കിൽ ഈ സിനിമ കാണാം. ടി എ റസാക്ക് എന്ന പേരു ഇനിയൊരിക്കലും സ്ക്രീനിൽ തെളിഞ്ഞു കാണുകയുണ്ടാവില്ല എന്ന് കരുതിയതാണു. പക്ഷെ അത്ഭുതം വീണ്ടും തിരകഥ , സംഭാഷണം T A റസാക്ക് എന്നെഴുതി കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി. സത്യം. ഒരു നിമിഷം രമേശനും പരുന്ത് പുരുഷോത്തമനുമൊക്കെ മനസ്സിലൂടെ മിന്നി മറഞ്ഞു. പിന്നെ ഒരു സമാധാനം ഉണ്ടായിരുന്നത് കഥ രഞ്ജിത്തിന്റെയാണല്ലോ. മാത്രമല്ല പുരുഷ കേസരിയുടെ പടങ്ങൾ ഒന്നും പോസ്റ്ററിൽ കണ്ടതുമില്ല. ഉള്ളതാകട്ടെ നാലു പെണ്ണുങ്ങളും . മാലിന്യങ്ങൾ നീക്കുന്ന കുടുംബശ്രീ പ്രവർത്തകരുടെ കഥയാണു ഈ പെൺപട്ടണത്തിലൂടെ പറയുന്നത്. നിത്യേന രാവിലെ നമ്മൾ കാണുന്ന ഇവരുടെ ജീവിതത്തിന്റെ നേർക്കാഴ്ച്ചകളും അവർ നേരിടുന്ന പ്രശ്നങ്ങളും അതിന്റെ പരിഹാരങ്ങളും അതുണ്ടാക്കുന്ന പ്രതിഫലനങ്ങളുമൊക്കെയായി സിനിമ ഇങ്ങനെ കൊഴുത്ത് മുന്നേറുകയും പ്രതീക്ഷിച്ചതു പോലെ തന്നെ അതി ഗംഭീരമായി അവസാനിക്കുകയും ചെയ്യുന്നു. പ്രധാന വേഷങ്ങളിൽ അഭിനയിച്ച രേവതിയും, ശ്വേതാ മേനോനും kpac ലളിതയും വിഷ്ണുപ്രിയയുമെല്ലാം തങ്ങളുടെ വേഷങ്ങൾ മികച്ചതാക്കിയിട്ടുണ്ട്. പ്രിത്വിരാജിനു ശേഷം ആരു എന്ന ചോദ്യത്തിനു മറുപടിയായി ചിലർ ചൂണ്ടിക്കാണിച്ച കൈലേഷ് ആദ്യ ചിത്രത്തിനു ശേഷം ഈ സിനിമയിൽ ഒരു വേഷം ചെയ്യുന്നുണ്ട്.ഇങ്ങനെ ചെറിയ ചെറിയ വേഷങ്ങൾ ചെയ്ത് ചെയ്ത് ഒരു നാൾ ഈ ചെറുപ്പക്കാരൻ ഒരു വലിയ സ്റ്റാർ ആകുമായിരിക്കും അല്ലേ..!. വിം എം വിനു എന്ന സംവിധായകൻ തുടർച്ചയായി സിനിമകൾ ചെയ്യുന്ന ഒരാള്‍ അല്ല . എങ്കിലും വർഷം ഒരു സിനിമ എങ്കിലും ചെയ്യാൻ അദ്ദേഹം ശ്രമിക്കാറുണ്ട്. എന്നാൽ പിന്നെ ആ ചെയ്യുന്ന ഒരെണ്ണം നേരെ ചെവ്വെ ചെയ്തിരുന്നെങ്കിൽ...!!
രഞ്ജിത്ത് ആണു ഈ സിനിമയുടെ കഥ രചിച്ചിരിക്കുന്നത്.തിരകഥ എഴുതാൻ അറിയാത്തത് കൊണ്ടല്ല രഞ്ജിത്ത് ആ പണി T A റസാക്കിനെ ഏല്പിച്ചത് എന്ന് നമ്മുക്കെല്ലാവർക്കും അറിയാം. ചില്ലപ്പോൾ ഒരു നല്ല കഥ കിട്ടിയാൽ മികച്ച തിരകഥ ഉണ്ടാക്കാൻ റസാക്കിനു കഴിയും എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലോ അതോ വിം എം വിനുവിന്റെ അഭിരുചിക്കനുസരിച്ച് എഴുതാൻ രഞ്ജിത്തിനു കഴിയാത്തത് കൊണ്ടോ ആയിരിക്കാം അങ്ങിനെ ചെയ്തത്. എന്തായാലും തന്നെ ഏല്‍പ്പിച്ച പണി നല്ല വെടിപ്പായിട്ട് പണ്ടത്തെ പോലെ തന്നെ റസാക്ക് ചെയ്തിരിക്കുന്നു. അന്തിമ ഫലം പട്ടണം വഴിക്ക് വർണചിത്ര സുബൈറിനു കുറച്ച് ലക്ഷങ്ങൾ പോയി കിട്ടി.. ശുഭം..!


*യുവ സൂപ്പർ സ്റ്റാറിനെ നായകനാക്കിയുള്ള ചിത്രത്തിന്റെ പണിപ്പുരയിലാണു റസാക്ക് ഇപ്പോൾ എന്ന്...!!

**ദൈവമേ...............!!!

സ്മരണ വേണമെടോ.... സ്മരണ..!!


അല്ലെങ്കിലും വിക്രം നന്ദിയുള്ളവനാ.. അല്ലാതെ പിന്നെ ഇത്രയും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടൻ സൗജന്യമായിട്ട് ഒരു മലയാള സിനിമയിൽ അഭിനയിക്കാം എന്ന് സമ്മതിക്കുമോ. അതും പണ്ട് കുറച്ച് സഹനട വേഷങ്ങളിലും പിന്നെ ഒരു നായക വേഷത്തിലും അഭിനയിക്കാൻ സാധിച്ചു എന്നതിന്റെ പേരിൽ..! ഒരിക്കലുമില്ല എല്ലാ താരങ്ങൾക്കും ഒരു നല്ല മാതൃകയാണു അദ്ദേഹം കാണിച്ചിരിക്കുന്നത്. ഉയരങ്ങളിൽ എത്തുമ്പോൾ പലരും പിന്നിട്ട വഴികൾ മനപൂർവ്വം മറന്നു കളയുന്നത് സാധാരണമാണു.വിക്രം അതിൽ നിന്നും വ്യത്യസ്ത്ഥനാവുകയാണു. കഠിനധ്വാനം കൊണ്ട് മാത്രം താര പദവിയിലേക്കുയർന്ന ഈ നല്ല നടനു എല്ലാവിധ ആശംസകളും നമ്മുക്ക് നേരാം.
എന്തൊക്കെ പറഞ്ഞാലും മലയാള സിനിമക്ക് ഇപ്പോൾ നല്ല കാലമാണു. ബോളിവുഡിലെയും കോളിവുഡിലേയും വമ്പൻ താരങ്ങൾ നമ്മുടെ സിനിമകളിൽ വന്ന് ഫ്രീ ആയി അഭിനയിക്കുക എന്ന് പറയുമ്പോൾ തന്നെ അവർ നമ്മുക്ക് തരുന്ന പരിഗണന എത്രത്തോളം ആണെന്ന് നമ്മുക്ക് മനസ്സിലാക്കാം.
നമ്മുടെ സ്വന്തം താരങ്ങൾ ഇതൊക്കെ കാണുന്നുണ്ടാവുമോ എന്തോ..?
ഇതു പോലെ തങ്ങളെ വളർച്ചയിൽ പങ്കു വഹിച്ചവരെ ഇപ്പോൾ കണ്ടാൽ തിരിഞ്ഞു പോലും നോക്കാത്തവരാണു ചില താരങ്ങൾ. ലോഹിതദാസ് എന്ന മഹാനായ എഴുത്തുകാരന്റെ കാര്യം തന്നെ നമ്മുക്ക് അറിയാവുന്നതാണല്ലോ. മമ്മൂട്ടിയും മോഹൻലാലും ഇന്നീ നിലയിൽ എത്തിയതിന്റെ പ്രധാന കാരണക്കാരിൽ ഒരാളായ ലോഹിയെ അവസാനകാലത്ത് ഡേറ്റ് നല്കി സഹായിക്കാൻ ഇവർ രണ്ടു പേരും ഉണ്ടായില്ല എന്നത് വിഷമകരമായ സത്യമാണു. കടപാടിന്റെയും സുഹൃത്ത് ബന്ധത്തിന്റെയും പേരില്‍ ഒക്കെയാണ് മോഹൻലാൽ പല സിനിമകളിലും അഭിനയിക്കുന്നത് എന്നൊക്കെ പറഞ്ഞ് കേൾക്കുന്നുണ്ടെങ്കിലും അതൊക്കെ പരാജയ ചിത്രങ്ങളുടെ കാരണങ്ങളിൽ നിന്നും സ്വയം ഒളിച്ചോടാനുള്ള ന്യായീകരണങ്ങൾ മാത്രമാണു. അതു പോലെ ദിലീപ്. കരിയറിന്റെ തുടക്കത്തിൽ തന്നെ നായകനാക്കി സിനിമകളെടുത്തവർക്ക് ഇന്നൊരു അവസരം നല്കിയാൽ അവരും രക്ഷപ്പെട്ടു പോയെനെ. പിന്നെ ദിലീപിനെ ഈ കാര്യത്തിൽ കുറ്റപ്പെടുത്താനും പറ്റില്ല. കാരണം കക്ഷി തന്നെ സ്വയം രക്ഷപ്പെടാനുള്ള തന്ത്രപാടിൽ ആണു. അപ്പോഴാണു മറ്റുള്ളവരുടെ കാര്യം നോക്കാൻ പറയുന്നത്. ചിലപ്പോള്‍ ഇതുമൊരു കെട്ടി ചമച്ച വാർത്തയാവാനും സാധ്യത ഉണ്ട്. എന്തു തന്നെ ആയാലും ഓർമകൾ ഉണ്ടായിരിക്കണം...!!

*കാസിനോവ ചെയ്തു കഴിഞ്ഞാണു ഈ പ്രൊജക്ട് എന്ന്.....!!!.

**അപ്പോൾ മിക്കവാറും.................!!!!

കുട്ടി സ്രാങ്ക് ഹൃദയങ്ങളുടെ നാവികന്‍ !!!


രഞ്ജിത്തിന്റെ മമ്മൂട്ടി ചിത്രമായ കയ്യൊപ്പിന്റെ പരസ്യങ്ങളിൽ ശ്രദ്ദേയമായ ഒരു വാചകമുണ്ട്.മമ്മൂട്ടി എന്ന സൂപ്പർതാരത്തിന്റെ ആരാധകരോട് ഒരപേക്ഷ ഇത് നിങ്ങൾ കാണേണ്ട സിനിമയല്ല. മമ്മൂട്ടി എന്ന മഹാ നടന്റെ ആരാധകരോട് ഒരു അഭ്യർത്ഥന ഇത് നിങ്ങൾ തീർച്ചയായും പലവട്ടം കാണേണ്ട സിനിമ. ഇത്തരത്തിലുള്ള ഒരു പരസ്യവാചകം അന്വർത്ഥമാകുന്ന തരത്തിലുള്ള ഒരു മമ്മൂട്ടി സിനിമ ഇനിയും ഇറങ്ങിയിട്ടില്ലെങ്കിലും കുട്ടി സ്രാങ്ക് കണ്ടിരുന്നപ്പോൾ തോന്നിയത് ഇത് മമ്മൂട്ടി എന്ന നല്ല നടനെ സ്നേഹിക്കുന്ന പ്രേക്ഷകർ ഒരു വട്ടം എങ്കിലും കാണേണ്ട ഒരു സിനിമയാണു എന്നാണു. കോമാളി വേഷങ്ങളും കാമ്പില്ലാത്ത നായക കഥാപാത്രങ്ങളും കെട്ടിയാടുന്നതിനിടയിൽ ഈ നടനു തന്റെ അഭിനയ ചാതുര്യം മാറ്റുരയ്ക്കാൻ ലഭിച്ച ഒരു അവസരമാണു കുട്ടി സ്രാങ്ക്. എന്നാൽ ലോക പ്രശസ്ത സംവിധായകൻ ഷാജി N കരുണും മമ്മൂട്ടിയും കൂടി ഒന്നിക്കുമ്പോൾ കലാമൂല്യമുള്ള ഒരു മികച്ച സിനിമ പ്രതീക്ഷിച്ചെത്തുന്നവർക്ക് നിരാശ സമ്മാനിച്ചു കൊണ്ടാണു കുട്ടി സ്രാങ്ക് എന്ന സിനിമ കടന്നു പോകുന്നത്. വാനപ്രസ്ഥം എന്ന സിനിമയ്ക്കു ശേഷമുള്ള നീണ്ട ഇടവേള ഷാജി N കരുൺ എന്ന സംവിധായകന്റെ വളർച്ചക്ക് സഹായകരമായില്ല എന്ന് വേണം കരുതാൻ.

കുട്ടി സ്രാങ്ക് എന്ന കഥാപാത്രത്തെ മൂന്ന് വ്യത്യസ്ത കോണുകളിൽ അവതരിപ്പിക്കുന്നതിലൂടെ മലയാളികൾക്ക് ഒരു പുത്തൻ അനുഭവം സമ്മാനിക്കാൻ ഷാജി N കരുൺ ശ്രമിച്ചെങ്കിലും അത് കാണികളിൽ അനുഭവപ്പിക്കാൻ തക്ക വിധത്തിലുള്ള ഒരു കരുത്ത് ഈ സിനിമക്കില്ല. ഷാജിയുടെ മുൻ സിനിമകളുടെ പിന്നണിയിലെ ചുക്കാൻ ആയിരുന്ന രഘുനാഥ് പാലേരിയുടെ അഭാവം ഈ സിനിമയിൽ മുഴച്ച് നില്ക്കുന്നു. കുട്ടി സ്രാങ്കിനെ അവതരിപ്പിച്ച മമ്മൂട്ടിക്ക് ഈ വേഷം വലിയൊരു വെല്ലു വിളി ആയിരുന്നില്ല. എന്നാൽ വാനപ്രസ്ത്ഥം എന്ന സിനിമയിൽ മോഹൻലാൽ എന്ന നടനെ ആ കഥാപാത്രത്തിനു വേണ്ടി മുഴുവനായും ചൂഷണം ചെയ്ത ഷാജി N കരുണിനു കുട്ടി സ്രാങ്കിലെത്തിയപ്പോൾ അതിനു 100% കഴിയാതെ പോയി. അത് കൊണ്ട് തന്നെയാണു ചില സമയങ്ങളിലെ മമ്മൂട്ടിയുടെ അഭിനയം പ്രേക്ഷകനു വിരസതയുളവാക്കി മാറ്റുന്നത് ആയത്. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ അവതരിപ്പിച്ചവർ മികച്ചു തന്നെ നിന്നു. അതിൽ എടുത്ത് പറയേണ്ട അഭിനയം കാഴ്ച്ച വെച്ചത് സുരേഷ് കൃഷ്ണയാണു. ഈ നടനിൽ നിന്നും ഇനിയുമൊരുപാട് മലയാളികൾക്ക് പ്രതീക്ഷിക്കാം എന്നാണു കുട്ടി സ്രാങ്ക് തെളിയിക്കുന്നത്. അഞ്ജലി ശുക്ലയുടെ ഛായഗ്രഹണം 3 ഋതുക്കളുടെ സൗന്ദര്യം ഒപ്പിയെടുക്കുന്നതിൽ വിജയിച്ചിട്ടുണ്ട്.6 കോടിയോളം രൂപ മുടക്കി കൊണ്ട് ഒരു നല്ല സിനിമ നിർമ്മിക്കാനും അത് മുപ്പതിൽ പരം തിയറ്ററുകളിൽ പ്രദർശിപ്പിക്കാനും റിലയൻസ് കാണിച്ച താല്പര്യത്തിനു അഭിനന്ദനങ്ങൾ..!. ഹൃദയങ്ങളുടെ നാവികൻ എന്ന് വിശേഷിപ്പിച്ചു കൊണ്ട് പുറത്തിറങ്ങിയ കുട്ടി സ്രാങ്ക് പ്രേക്ഷക ഹൃദയങ്ങളിൽ അത്ര കണ്ട് സ്ഥാനം പിടിക്കാഞ്ഞതിന്റെ കാരണം മനസ്സിലാക്കി ഇനിയുമൊരുപാട് നല്ല സിനിമകൾ ചെയ്യാനും അവയെല്ലാം ലോക പ്രശ്സതി നേടുന്നതിനോടൊപ്പം സാധാരണ പ്രേക്ഷകനു കൂടി ആസ്വദിക്കാൻ കഴിയെട്ടെ എന്നും നമ്മുക്ക് ആശംസിക്കാം. അഞ്ചോളം ഫിലിം ഫെസ്റ്റുകളിൽ പ്രദർശിപ്പിക്കുകയും പ്രശംസകളേറ്റു വാങ്ങുകയും ചെയ്ത ഈ സിനിമയുടെ നേരെ കേരളത്തിലെ പ്രേക്ഷകർ മുഖം തിരിച്ച് കളഞ്ഞതിൽ അത്ഭുതപ്പെടാനൊന്നുമില്ല. പോക്കിരി രാജയും പാപ്പി അപ്പച്ചയുമൊക്കെ തിയറ്റർ നിറഞ്ഞ് ഓടുന്നുണ്ടല്ലോ..!


*എന്നാലും ഇത്ര നല്ല പടമായിട്ടു പോലും സംസ്ഥാന അവാർഡിൽ കുട്ടി സ്രാങ്കിനെ തഴഞ്ഞത് മോശമായി പോയെന്ന്...!!

**അവാർഡ് പടം എന്നു പറഞ്ഞാൽ അവാർഡ് പടം പോലെ ഇരിക്കണം. അല്ലാതെ പാട്ടും ഡാൻസും ഡയലോഗുമൊക്കെ ഉള്ള സിനിമക്ക് അവാർഡ് കൊടുക്കാൻ ജൂറി എന്താ പൊട്ടന്മാരോ...!!!

Followers

 
Copyright 2009 b Studio. All rights reserved.