
അങ്ങിനെ വീണ്ടും ഒരു ഓണക്കാലം കൂടി കടന്നു വരുന്നു. ഒപ്പം ഓണക്കാല സിനിമകളും. ലോകമെമ്പാടുമുള്ള മലയാളികൾ ആഹ്ലാദപൂർവ്വം ആഘോഷിക്കുന്ന ഉത്സവമാണല്ലോ ഓണം. അത് കൊണ്ട് തന്നെ അതിനു മാറ്റു കൂട്ടുന്നതിൽ സിനിമകളും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഓണക്കാലം അടിച്ചു പൊളിക്കാൻ മനോഹര സിനിമകൾ ഇറങ്ങിയിരുന്ന ഒരു കാലഘട്ടം മലയാള സിനിമക്ക് ഉണ്ടായിരുന്നു. അവയെല്ലാം തകർത്ത് ഓടുകയും ചെയ്തിരുന്നു, സൂപ്പർ താരങ്ങൾ തങ്ങളുടെ വലിയ ചിത്രങ്ങൾ ഓണക്കാലത്തേക്ക് വേണ്ടി മാറ്റി വെക്കാറായിരുന്നു പതിവ്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിനിമയെ സംബന്ധിച്ച് ഓണം നിരാശാജനകമായാണു കടന്നു പോകുന്നത്. ഈ വർഷത്തെ സ്ഥിതിയും മറിച്ചല്ല. റമസാൻ വ്രതം അനുഷ്ഠിക്കുന്ന കാരണം മലബാർ മേഖലകളിൽ കളക്ഷൻ കുത്തനെ കുറയും എന്നതാണു ഈ സമയത്ത് സിനിമ റിലീസ് ചെയ്യുന്നതിൽ നിന്നും നിർമ്മാതാക്കളെ പിന്നോട്ടടിക്കുന്ന പ്രധാന ഘടകം. എന്തായാലും പഴയ കാല ഓണസ്മരണകൾ ഉള്ളിലൊതുക്കി കൊണ്ട് ഈ ഓണം നമ്മുക്ക് ഉള്ളത് കൊണ്ട് ആഘോഷിക്കാം. ഇത്തവണയും ലാൽ - മമ്മൂട്ടി ചിത്രങ്ങൾ ഓണത്തിനെത്തുന്നില്ല.ഒപ്പം ജയറാമും ദിലീപും പ്രത്വിരാജുമൊന്നും ഭാഗ്യപരീക്ഷണത്തിനൊരുങ്ങുന്നില്ല. 10 സിനിമകളാണു ഈ സീസണിൽ റിലീസിനു തയ്യാറെടുത്തിരിക്കുന്നത്. അതിൽ പ്സസ്ടു എന്ന യുവതാര ചിത്രം ഓണത്തിനു മുൻപേ തിയറ്ററുകളിൽ എത്തുകയും ഗംഭീര അഭിപ്രായം നേടി തിയറ്റർ വിടുകയും ചെയ്തു. അധികമാരെയും ആ സിനിമ ബുദ്ധിമുട്ടിച്ചില്ല. ഓണം റിലീസുകളിൽ ഏറ്റവും വലിയ സിനിമ എന്ന് വിശേഷിപ്പിക്കാവുന്നത് കന്യാകുമാരി എക്സ്പ്രസ് ആണു. ഈ ഓണത്തിനിറങ്ങുന്ന ഏക സൂപ്പർ താര ചിത്രവും ഇതു തന്നെ. ഏത് സാഹചര്യത്തിലും എപ്പോൾ വേണമെങ്കിലും റിലീസ് ചെയ്യാവുന്നതാണു സുരേഷ് ഗോപി സിനിമകൾ എന്നുള്ളത് കൊണ്ട് റമസാൻ ഒന്നും ഈ സിനിമക്ക് ഒരു വിഷയമേ അല്ല. മാർക്ക് ആന്റണിക്ക് ശേഷം ഒരു നീണ്ട ഇടവേള കഴിഞ്ഞ് TS സുരേഷ് ബാബുവും സുരേഷ് ഗോപിയും ഒന്നിക്കുമ്പോൾ ഓണം ആഘോഷിക്കാൻ കഴിയുന്ന ഒരു ഹിറ്റ് ചിത്രം പിറക്കട്ടെ എന്ന് നമ്മുക്കാശംസിക്കാം. റിലീസിനു മുൻപ് വിവാദം കൊണ്ട് നിറഞ്ഞ യക്ഷിയും ഞാനും ആണു മറ്റൊരു പ്രധാന സിനിമ. നിലവിലുള്ള വ്യവസ്ത്ഥിതിയെ മുഴുവൻ വെല്ലു വിളിച്ച് കൊണ്ട് സൂപ്പർ ഡയറക്ടർ വിനയൻ ഒരുക്കിയ ഈ പുതു മുഖ ചിത്രം മലയാള സിനിമയിലെ വെള്ളാനകൾക്കുള്ള ഒരു ചുട്ട മറുപടിയാവുമോ എന്ന് നമ്മുക്ക് കാത്തിരുന്നു കാണം. ട്രെയ്‌ലറുകൾ കാണുമ്പോൾ തോന്നുന്നത് മറുപടി ചുടാൻ വെച്ച വെള്ളത്തിൽ വിനയൻ അല്പം യൂക്കാലിപ്സ് ഇട്ടു കുളിക്കുന്നതായിരിക്കും നല്ലത് എന്നാണു. എന്തെങ്കിലുമാവട്ടെ വരാൻ ഉള്ളത് വഴിയിൽ തങ്ങില്ലല്ലോ..! മീരാജാസ്മിന്റെ മലയാളത്തിലേക്കുള്ള തിരിച്ച് വരവ് ആഘോഷിക്കുന്ന പാട്ടിന്റെ പാലാഴിയും ഈ ഓണത്തിനുണ്ട്. രാഞ്ജീവ് അഞ്ചൽ സംവിധാനം ചെയ്യുന്ന ഈ സിനിമയിലൂടെ രണ്ട് വർഷത്തെ ഇടവേളക്കു ശേഷം മീര വീണ്ടും മലയാളത്തിൽ സജീവമാവുകയാണു. സൂപ്പർ താരങ്ങളാണു മലയാള സിനിമയുടെ തകർച്ചക്ക് കാരണം എന്ന് വളരെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി കണ്ടു പിടിച്ച ശ്രീനിവാസനും തന്റെ ആത്മകഥ എന്ന ചിത്രവുമായി രംഗത്തുണ്ട്. ടെലിവിഷൻ ഷോകളിലൂടെ പ്രശസ്തനായ ഗോവിന്ദൻ കുട്ടി സംവിധാനം ചെയ്യുന്ന ത്രീ ചാർ സൗ ബീസ് എന്ന ചിത്രവും പ്രതീക്ഷക്കു വക നല്കുന്നുണ്ട്. ഇവയ്ക്കു പുറമെ ബിജു വർക്കിയുടെ ഓറഞ്ച്, ഇറ്റാലിയൻ നടൻ വിൻസൺ അഭിനയിക്കുന്ന നിറക്കാഴ്ച്ച വിനീതും ഭാമയും ഒന്നിക്കുന്ന നീലാമ്പരി, ബാല - മണിക്കുട്ടൻ ടീമിന്റെ ചാവേർ പട തുടങ്ങിയ നിർദോഷ സിനിമകളും മത്സര രംഗത്തുണ്ട്. സൂപ്പർ സ്റ്റാറും മെഗാസ്റ്റാറുമൊന്നുമില്ലാതെ ഓണം കടന്നു കടന്നു പോകുമ്പോൾ ഈ സിനിമകളിൽ ഏത് ഒന്നാം സ്ഥാനത്തെത്തുമെന്ന് നമ്മുക്ക് കാത്തിരുന്നു കാണാം..!
ഏവർക്കും ഓണാശംസകൾ..!!!
1 comments:
നന്ദി, അപ്ഡേറ്റുകൾക്ക്!
Post a Comment