RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ഞാനും എന്റെ സിനിമയും. ഒരു വലിയ സംഭവം.!


ഇന്ത്യൻ സിനിമയിലെ ഷോ മാൻ ആവുക എന്നതാണു പുള്ളിക്കാരന്റെ ഏറ്റവും വലിയ ആഗ്രഹം. അതു കൊണ്ടാണല്ലോ തെലുങ്കിൽ ഹിറ്റ് മേക്കർ ആയി തിളങ്ങി നില്ക്കുന്ന കാലത്ത് ബോളിവുഡിലേക്ക് ചേക്കേറിയത്. കക്ഷി വേറെ ആരുമല്ല. രംഗീല എന്ന സിനിമയിലൂടെ ഹിന്ദി സിനിമയെ ഇളക്കി മറിച്ച സാക്ഷാൽ രാം ഗോപാൽ വർമ്മ. രംഗീലക്ക് ശേഷം വീണ്ടും ഒരു പാട് തവണ RGV മാജിക്ക് ബോളിവുഡ് അത്ഭുതത്തോടെ നോക്കി കണ്ടു. സത്യ, കമ്പനി, ഭൂത്, സർക്കാർ തുടങ്ങിയ നിരവധി ഹിറ്റുകൾ. അപ്പോഴും ഷോമാൻ ആവുക എന്ന ആഗ്രഹം RGV കൈവിട്ടിരുന്നില്ല. ഹിന്ദി സിനിമയിലെ പരമോന്നത സ്ഥാനത്തെത്തണം എന്ന അടക്കാനാവാത്ത ആഗ്രഹത്തിന്റെ ഫലമാണു ഷോലെ എന്ന ഇതിഹാസ സിനിമ റീമേക്ക് ചെയ്യുന്നതിൽ രാംഗോപാൽ വർമ്മയെ കൊണ്ടെത്തിച്ചത്. പ്രേക്ഷകരുടെ മനസ്സിൽ മായാതെ നില്ക്കുന്ന ഷോലെയെ പുതിയ രൂപത്തിൽ എത്തിക്കുകയും അത് സ്വീകരിക്കപ്പെടുകയും ചെയ്താൽ ബോളിവുഡിലെ ചക്രവർത്തിയായി താൻ മാറും എന്ന കണക്കുകൂട്ടലുകൾക്കെടുവിൽ തിയറ്ററിലെത്തിയ ഷോലെ റീമേക്ക് ആഗിനു ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ അവസ്ഥ ആയിരുന്നു. അതിനു ശേഷം ബോളിവുഡ്, സിനിമ ഇറങ്ങുന്നതിനു മുൻപുള്ള RGV യുടെ വീരവാദങ്ങൾക്ക് ചെവി കൊടുക്കാതെയായി. ആഗിനു ശേഷം വന്ന സർക്കാർ രാജും ഫൂങ്കും കോട്രാക്ടും രണുമെല്ലാം പല്ലിന്റെ ശൗര്യം പണ്ടത്തെ പോലെ ഫലിക്കുന്നില്ല എന്ന് തെളിയിക്കുന്ന സിനിമകൾ ആയിരുന്നു. ഷോമാൻ ആവുക എന്ന സ്വപ്നം അകന്നു പോവുകയാണു എന്ന് മനസിലാക്കിയ രാം ഗോപാൽ വർമ്മ പിന്നെ മടിച്ചില്ല. ഉടനെ പുതിയ പ്രൊജക്ട് അനൗൺസ് ചെയ്തു രക്തചരിത. പേരു സൂചിപ്പിക്കുന്ന പോലെ തന്നെ രക്തചൊരിച്ചിൽ തന്നെയാണു സിനിമയുടെ കാതൽ. അധോലോക സിനിമകളും രാഷ്ട്രീയ സിനിമകളും RGV ചെയ്യുന്നതിൽ പുതുമ ഇല്ല. പക്ഷെ ഈ സിനിമയുടെ പ്രത്യേകത ഇതിനു രണ്ട് പാർട്ടുകൾ ഉണ്ട് എന്നതാണു. ആദ്യ ഭാഗം റിലീസ് ചെയ്ത് 3 ആഴ്ച്ച കഴിയുമ്പോൾ രണ്ടാം ഭാഗം റിലീസ് ചെയ്യും. ഇപ്പോൾ എന്തു പറയുന്നു. വർമ്മ ഒരു സംഭവം തന്നെ അല്ലേ. ഒരു സിനിമ ഇറക്കി വിജയിക്കാൻ ഒരോരുത്തർ കഷ്ടപ്പെടുമ്പോളാണു രണ്ടു പാർട്ടുകൾ ഇറക്കാനുള്ള ധൈര്യം RGV കാണിക്കുന്നത്. ശരിക്കും ഇദ്ദേഹം ഇന്ത്യൻ സിനിമയുടെ ഷോമാൻ ആവേണ്ട ആളു തന്നെ..!


*ഇതിനെയായിരിക്കുമല്ലേ ഒരു വെടിക്ക് രണ്ടു പക്ഷി എന്ന് പറയുന്നത്..!!

**പ്രൊഡ്യൂസറുടെ വെടി തീരാതിരുന്നാൽ മതിയായിരുന്നു..!!!

0 comments:

Followers

 
Copyright 2009 b Studio. All rights reserved.