RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

മിസ് ലേഖ തരൂർ കാണുന്നത്.


സീരിയൽ രംഗത്തെ പ്രശസ്തനായ സംവിധായകൻ ഷാജിയെം സംവിധാനം ചെയ്ത സിനിമയാണു മിസ് ലേഖ തരൂർ കാണുന്നത്. എന്താണു മിസ് ലേഖ കാണുന്നത് എന്നറിയാനുള്ള ജിഞ്ജാസ കാരണമാണു മീര ജാസ്മിന്റെ മൈഗ്രയേൻ ബാധിച്ചത് പോലെയുള്ള മുഖഭാവത്തോട് കൂടിയ പോസ്റ്റർ കണ്ടിട്ട് കൂടി ഈ സിനിമയ്ക്ക് കയറിയത്.

ലേഖ തരൂർ ഐടീവി എന്ന പ്രശസ്ത ചാനലിലെ ഗോൾഡൻ ക്രൗൺ എന്ന പരിപാടിയുടെ അവതാരികയാണു. കുട്ടിക്കാലത്തെ കാഴ്ച്ച ശക്തി നഷ്ടപ്പെട്ട ലേഖയ്ക്ക് ഗണിതശാസ്ത്രത്തിൽ അപാരമായ പാണ്ഡിത്യമാണുള്ളത്. എത്രവലിയ വിഷമം പിടിച്ച കണക്കുകളും നിമിഷ നേരം കൊണ്ട് ലേഖ കണ്ടുപിടിക്കും. നഷ്ടപ്പെട്ട് പോയ കാഴ്ച്ച ശക്തി തിരിച്ച് കിട്ടാൻ പണ്ട് ഒരു പാട് തവണ ശസ്ത്രക്രിയകൾ നടത്തി നോക്കിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. പക്ഷെ അവസാനത്തെ ഒരു ശ്രമം എന്ന നിലയ്ക്ക് നടത്തിയ ഓപ്പറേഷനിൽ ലേഖയ്ക്ക് കാഴ്ച്ച ശക്തി തിരിച്ച് കിട്ടുന്നു.

സാധാരണ ആളുകൾ കാണുന്നതെല്ലാം ലേഖ കാണുന്നു. പക്ഷെ കൂട്ടത്തിൽ മറ്റുള്ളവർക്ക് കാണാൻ കഴിയാത്ത മരിച്ചു പോയവരെയും കാലനെയും ലേഖ കാണുന്നു. അങ്ങനെയൊരു ജീവിതം വളരെ ദുഃസഹമായിരിക്കും. മറ്റൊരാളോട് പറഞ്ഞ് മനസ്സിലാക്കാൻ കഴിയാത്ത ആ സാഹചര്യത്തെ ലേഖ എങ്ങനെ മറികടക്കുന്നു എന്നതാണു മിസ് ലേഖ തരൂർ കാണുന്നത് എന്ന സിനിമയിലൂടെ പറയുന്നത്.

ചൈനീസ് ചിത്രമായ ദി ഐ എന്ന സിനിമയിൽ നിന്ന് പ്രചോദനം ഉൾകൊണ്ടാണു ഈ സിനിമ എടുത്തിരിക്കുന്നത് എന്ന് ആദ്യമേ നല്ല അന്തസ്സായി എഴുതി കാണിക്കുന്നുണ്ട്. അങ്ങ് ലാറ്റിൻ അമേരിക്കൻ സിനിമകളിൽ നിന്നും ചുരണ്ടി ഇവിടെ വന്ന് ന്യൂജനറേഷനാക്കി മാറ്റുന്ന വിദ്വാന്മാർക്ക് ഷാജിയെം ഒരു അപവാദമാണു. നല്ല ഒരു ആശയം. മികച്ച അവതരണശൈലി ഇതെല്ലാം ഈ സിനിമയ്ക്കുണ്ട്. എന്നാൽ ആകെ ഒരു ന്യൂനതയെ ഈ സിനിമയ്ക്കുള്ളു. ദൗർഭാഗ്യകരമെന്ന് പറയട്ടെ ആ ഒരൊറ്റ ന്യൂനത കൊണ്ട് തന്നെ ഈ സിനിമ തീർത്തും അരോചകമായി തീരുകയാണു. ഇതിലെ കേന്ദ്ര കഥാപാത്രമായ ലേഖയെ അവതരിപ്പിച്ച മീര ജാസ്മിൻ ആണു ഈ സിനിമയുടെ പോരായ്മ.

ഒരു കാലത്ത് മലയാളത്തിലെ മികച്ച നടി എന്ന് പേരെടുത്തിരുന്ന ഈ നടി ഇപ്പോൾ തീർത്തും അസഹനീയമായ വിധത്തിലാണു അഭിനയിച്ച് പ്രേക്ഷകരെ വെറുപ്പിക്കുന്നത്. മേക്കപ്പിന്റെ അതിപ്രസരത്തിന്റെ കൂടെ നിലവാരമില്ലാത്ത അഭിനയം കൂടിയാവുമ്പോൾ ലേഖ തരൂർ കാണുന്നത് കാണാനുള്ള ശേഷി പ്രേക്ഷകനു നഷ്ടപ്പെടും. മീരയ്ക്ക് പകരം മറ്റേത് നടി ആയിരുന്നെങ്കിലും ഈ സിനിമയുടെ ഗതി ഇത്രയ്ക്ക് ദയനീയമാവില്ലായിരുന്നു. ഷാജിയെമിന്റെ ആദ്യ സിനിമ സെറീന വഹാബിനെ നായികയാക്കി ഒരുക്കിയ പരസ്പരം ആയിരുന്നു. ആ ചിത്രത്തിനു പക്ഷെ തിയറ്ററുകളില്ലെത്താനുള്ള ഭാഗ്യം ഇല്ലായിരുന്നു. രണ്ടാമത്തെ ചിത്രത്തിന്റെ സ്ഥിതി ഇങ്ങനെയുമായി. മിസ് കാസ്റ്റിങ്ങ് എന്ന പദത്തിന്റെ അർത്ഥം എന്താണു എന്ന് ശരിക്കും മനസിലാക്കണമെന്നുണ്ടെങ്കിൽ ഈ സിനിമ കാണാം..

0 comments:

Followers

 
Copyright 2009 b Studio. All rights reserved.