മലയാളത്തിൽ ഇപ്പോൾ രണ്ടാം ഭാഗങ്ങളുടെയും റിമേക്കുകളുടെയും ചാകരയാണു.ആശയ ദാരിദ്രം കൊണ്ടാണു സിനിമക്കാർ ഈ വഴി സ്വീകരിക്കുന്നത് എന്നൊക്കെ പലരും പറഞ്ഞ് നടക്കുന്നുണ്ട്. പരദൂഷണക്കാരെ കൊണ്ട് തോറ്റു. അല്ലെങ്കിലും മലയാള സിനിമ നന്നാവുന്നത് ആർക്കും പിടിക്കില്ലല്ലോ. വർഷത്തിൽ ഇറങ്ങുന്ന 90 സിനിമകളിൽ 85 എണ്ണവും പൊളിഞ്ഞ് പണ്ടാരമടങ്ങിയാൽ എല്ലാവർക്കും സന്തോഷമായി. പ്രതിസന്ധി, വരൾച്ച എന്നൊക്കെ പറഞ്ഞു ഇരിക്കാമല്ലോ. സത്യത്തിൽ രണ്ടാം ഭാഗങ്ങളാണു നല്ലത്. അതാവുമ്പോൾ കഥാപാത്രങ്ങളെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ നേരിട്ട് കഥ പറയാം, വിജയിക്കുകയും ചെയ്യും. അപ്പോൾ സാഗർ എലിയാസ് ജാക്കിയും ബൽറാം VS താരദാസുമൊക്കെ പൊളിഞ്ഞില്ലേ എന്നൊന്നും ചോദിക്കരുത്. പരാജയങ്ങൾ വിജയത്തിന്റെ മുന്നോടിയാണു. ദാമോദരൻ മാഷ് തിരകഥ എഴുതി കൊണ്ടിരിക്കുകയാണു. അത് കഴിഞ്ഞാൽ IV ശശിയും മമ്മൂട്ടിയുമായി ഒരു വരവുണ്ട്.ബൽറാമിന്റെ പരാജയ ക്ഷീണം മുഴുവനായും തീർക്കും എന്നാണു ശശി സാർ പറയുന്നത്.(ലിബർട്ടി ബഷീറിനെ ഒരു വഴിക്കാക്കി. ഇനി ആരാണാവോ അടുത്ത ഇര..?) അങ്ങിനെയാണെങ്കിൽ സാഗർ എലിയാസ് ജാക്കിയുടെ ക്ഷീണവും തീർക്കണ്ടേ. വേണം അതു തന്നെയാണു പറഞ്ഞും വരുന്നത്. ഷാജി കൈലാസും - SN സ്വാമിയും വീണ്ടും ഒന്നിക്കുകയാണു. ഇത് പക്ഷെ പണ്ട് ഒന്നിച്ച പോലെയൊന്നും അല്ല. ഇത്തവണ മീശ പിരിക്കുന്നത് യൂണിവേഴ്സലും മെഗായുമൊന്നുമല്ല. സാക്ഷാൽ യുവ സൂപ്പർ സ്റ്റാർ ആണു. യുവ സൂപ്പറും സൂപ്പർ ഡയറക്ടറും കൂടി ഒന്നിച്ച ഒരു സിനിമ പാതി വഴിയിൽ കിടക്കുന്നുണ്ട്. അത് പൂര്ത്തിയാക്കത്തതിന്റെ പേരിൽ നിർമ്മാതാവ് പരാതിയുമായി നടക്കുന്നുണ്ട്. പക്ഷെ ഇതൊക്കെ നമ്മളെത്രെ കണ്ടതാ. ഇപ്പോഴാണെങ്കിൽ വെറും 85 ലക്ഷമേ ആ നിർമമാതാവിനു പോയുള്ളു പടം ഇറങ്ങിയാൽ 3 കോടിയും പോക്കാ. ഒരു സഹായം ചെയ്യാമെന്ന് വെച്ചപ്പോൾ... ജനകനു ശേഷം SN സ്വാമിക്കു നല്ല മാർക്കറ്റാ.. അതു കൊണ്ട് തന്നെ വളരെ പ്രത്യേകതയുള്ള കഥയാണ് സ്വാമി പ്രിത്വിരാജിനു വേണ്ടി ഒരുക്കാൻ പോക്കുന്നത്. 1989 ൽ പുറത്തിറങ്ങിയ, മോഹൻലാലും മധുവും അവിസ്മരണീയമാക്കിയ ജോഷിയുടെ നാടുവാഴികൾ എന്ന സിനിമയുടെ രണ്ടാം ഭാഗം. ഷാജി കൈലാസ് ഒരു കഴിവുള്ള സംവിധായകൻ തന്നെ ആണു.നല്ല തിരകഥ കിട്ടാത്തത് കൊണ്ടാണു പടങ്ങളൊക്കെ പൊളിയുന്നത്. അതുപോലെ തന്റെ തിരകഥകൾ അതുപോലെ സിനിമയാക്കാൻ കഴിവുള്ള ഡയറക്ടർമാരെ കിട്ടാത്തത് ആണു SNസ്വാമിയുടെ പ്രശ്നം. കമലഹാസനും അമീർഖാനുമാവാൻ പഠിക്കുന്ന നമ്മുടെ യുവ സൂപ്പർ സ്റ്റാറിനാകട്ടെ ഒരു നല്ല സംവിധായകനെം തിരകഥാ കൃത്തിനെം ഒരുമിച്ച് കിട്ടാത്തത് ആണു നേരിടുന്ന പ്രധാന വെല്ലുവിളി. സംവിധായകൻ നന്നാവുമ്പോൾ തിരകഥ നന്നാവില്ല, തിരകഥ കൊള്ളാവുന്നതാണെങ്കിൽ സംവിധായകൻ അത് കൊള്ളമാക്കിയിട്ടുമുണ്ടാകും. ഇനി എങ്ങാനും ഭാഗ്യത്തിനു ഇത് രണ്ടും കൂടി ഒത്തു വന്നാല്ലോ. കൂടെ ഒരു മൂന്നു നാലു നായകന്മാരും കാണും ക്രെഡിറ്റ് കൈക്കലാക്കാൻ. അതുകൊണ്ടാണല്ലോ 10 കൊല്ലമായിട്ടും സ്വന്തം ക്രെഡിറ്റിൽ വിജയിപ്പിച്ച ഒരു സിനിമ ഇല്ലാത്തത്. എന്തായാലും എല്ലാവരുടേയും എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരമാവാൻ പോവുകയാണു.ഒരു ഹിറ്റ്മേക്കർ സംവിധായകനും ഒരു കരുത്തുറ്റ തിരകഥകൃത്തും ഒപ്പം ഒരു യുവ സൂപ്പർ സ്റ്റാറും ഒന്നിക്കുമ്പോൾ അതും മികച്ച ഒരു സിനിമയുടെ രണ്ടാം ഭാഗത്തിനു വേണ്ടിയാകുമ്പോൾ ഒരു മെഗാഹിറ്റ് സിനിമ തന്നെ നമ്മുക്ക് പ്രതീക്ഷിക്കാം..
*ദ്രോണയ്ക്കും അലിഭായിക്കും ടൈമിനുമൊക്കെ നമ്മൾ എന്തൊക്കെ പ്രതീക്ഷിച്ചതാ.. വല്ലതും നടന്നോ. അപ്പോള്‍ പിന്നെ ചുമ്മാ പ്രതീക്ഷിക്കുന്നതിനു എന്തരാണ് കുഴപ്പം..!
Subscribe to:
Post Comments (Atom)
4 comments:
കഥയാണ് യഥാര്‍ത്ഥ സുപര്‍ സ്റ്റാര്‍
@ poor -me
അതിനു ഇപ്പോഴത്തെ മലയാള സിനിമകളിൽ എവിടെ കഥ. എല്ലാം സൂപ്പറുകളുടെ കളിയല്ലേ..
സൂപ്പർ നായകൻ, സൂപ്പർ സംവിധായകൻ, സൂപ്പർ തിരകഥാകൃത്ത്, സൂപ്പർ നിർമ്മാതാവ്. അങ്ങിനെ...
അപ്പോൾ പടവും സൂപ്പർ
നല്ല സൂപ്പർ ഫ്ലോപ്പ്..
അതെ, പ്രതീക്ഷകള്‍ക്കെന്തിനാകുറവു വരുത്തുന്നത്...
അതെ ഷാജി കൈലാസിൽ നിന്ന് പ്രതീക്ഷിച്ചത് കൊണ്ടാണല്ലോ ഇന്ന് പല നിർമാതാക്കളും കുത്തു പാളയും ആയി നടക്കാൻ കാരണം..
Post a Comment