RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

അങ്ങാടി തെരു.


തർക്കങ്ങൾ കാരണം പുതിയ മലയാള സിനിമകളുടെ റിലീസുകൾ എല്ലാം മാറ്റി വെച്ചിരിക്കുകയാണു. ഈ വർഷത്തെ വിഷു അങ്ങിനെ ഒരു നനഞ്ഞ പടക്കമായി മാറി. ആഴ്ച്ചയിൽ 6 ദിവസവും സിനിമയ്ക്ക് പോകുന്ന ഞങ്ങളെപ്പോലുള്ളവരാണു ഇതിൽ ഏറ്റവും കൂടുതൽ നിരാശരായത്. എന്നാൽ ഇന്നലെ കണ്ട ഒരു തമിഴ് സിനിമ എല്ല്ലാ നിരാശകളെയും മായിച്ചു കളഞ്ഞു.
വെയിൽ എന്ന ചിത്രം സംവിധാനം ചെയ്ത വസന്ത ബാലന്റെ മൂന്നാമത്തെ സിനിമ അങ്ങാടി തെരു.
അടുത്ത കാലത്തായി തമിഴിൽ ഇറങ്ങിയ സുബ്രമണ്യപുരം, വെണ്ണിലാ കബടിക്കൂട്ടം, റെനിഗുഡ തുടങ്ങിയ സമൂഹത്തിലെ താഴേക്കിടയില്ലുള്ളവരുടെ കഥ പറയുന്ന പരീക്ഷണ ചിത്രങ്ങളുടെ ഗണത്തിൽ പെടുത്താവുന്ന സിനിമയാണു ഇത്. എന്നാൽ ഈ സിനിമകളിൽ നിന്നുമൊക്കെ അങ്ങാടി തെരുവിനെ വ്യത്യസ്ഥമാക്കുന്നത് ഈ സിനിമയിൽ യാതൊരു വ്യത്യസ്ഥതയും ഇല്ല എന്നതാണു. ഇതിലെ നായകൻ ഒരു തവണ പോലും അമാനുഷികനാവുന്നില്ല. ഒരിക്കൽ പോലും കഥ സ്വഭാവികത കൈ വിടുന്നില്ല. നമ്മുടെ നിത്യജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന അതേ സംഭവങ്ങൾ യാതൊരു പൊടിപ്പും തൊങ്ങലും കൂടാതെ അതേപടി അവതരിപ്പിച്ചിരിക്കുകയാണു സംവിധായകൻ.
ഇതിലെ നായകൻ പുതുമുഖമാണു. നായിക കട്രത് തമിഴ് എന്ന സിനിമയിൽ അഭിനയിച്ചിട്ടുള്ള അഞ്ജലി. വല്ലാത്തൊരു ഇഷ്ടം പ്രേക്ഷകർക്ക് തോന്നിപ്പിക്കും വിധത്തിലുള്ള അഞ്ജലിയുടെ അഭിനയമാണു ഈ സിനിമയിൽ എടുത്ത പറയേണ്ട മറ്റൊരു ഘടകം. അവൾ അപ്പടി ഒന്നും അഴകല്ലാ എന്ന് തുടങ്ങുന്ന ഗാനം സിനിമ കഴിഞ്ഞാലും നമ്മൾ മൂളിക്കൊണ്ടിരിക്കും.സാധാരണ തമിഴ് സിനിമകളിൽ കഥയുമായി യാതൊരു ബന്ധവും ഇല്ലാത്ത കോമഡി സീനുകൾ ഉണ്ടാവാറുണ്ട്. അതുപോലെ ഈ സിനിമയിലും കഥയുമായി ഒരു ബന്ധവും ഇല്ല എന്ന് തോന്നിപ്പിക്കുന്ന സീനുകൾ ഉണ്ട്. പക്ഷെ അത് ഈ സിനിമയെ കൂടുതൽ ആസ്വാദകരമാക്കുകയാണു ചെയ്യുന്നത്.ശരിക്ക് പറഞ്ഞാൽ നമ്മുക്ക് ചുറ്റും നടക്കുന്ന ജീവിതമല്ല ഈ സിനിമയിൽ. നമ്മുക്ക് ചുറ്റും നടന്നു കൊണ്ടിരിക്കുന്ന എന്നാൽ നമ്മുക്ക് കാണാൻ സാധിക്കാതെ പോകുന്ന ജീവിത സത്യങ്ങള്‍ ആണു ഇതിൽ. കഴിയുമെങ്കിൽ ഈ സിനിമ കാണുക.ഇതു ഒരു മഹത്തായ സിനിമ അല്ലെങ്കിൽ കൂടി ജനകനും പാപ്പി അപ്പച്ചയും പ്രമാണിയും ഒക്കെ കണ്ട് മരവിച്ചിരിക്കുന്ന സിനിമാ മനസാക്ഷിക്ക് വളരെയധികം ആശ്വാസം നല്കും ഈ സിനിമ തീർച്ച.

6 comments:

ശ്രീക്കുട്ടന്‍ said...

ഇതു ഈ ചിത്രത്തെക്കുറിച്ചുള്ള ഒരു നിരൂപണമായിട്ടു കൂട്ടാമോ. വളരെ നല്ല ചിത്രമെന്ന അഭിപ്രായമാണു പൊതുവേ ഈ ചിത്രത്തെക്കുറിച്ചു.

b Studio said...

ഇത് ഒരിക്കലും ഒരു നിരൂപണമായി കൂട്ടരുത് പിന്നെ വളരെ നല്ല അഭിപ്രായം തന്നെയാണു ഞങ്ങൾക്കും. അത് തന്നെയാണല്ലോ പറഞ്ഞിരിക്കുന്നതും.

nandakumar said...

ചിത്രത്തെക്കുറിച്ച് നല്ല അഭിപ്രായം കേട്ടിരുന്നു. അമാനുഷിക ചിത്രങ്ങള്‍ ഇറങ്ങുന്ന തമിഴ് സിനിമയില്‍ തന്നെയാണ് ഈ പരീക്ഷണങ്ങളും എന്നുള്ളത് അടിവരയിട്ടു പറയണം. ഈ സിനിമകള്‍ മലയാള പ്രേക്ഷകരേക്കാള്‍ മലയാള സിനിമാ പ്രവര്‍ത്തകരേയാണ് കാണിക്കേണ്ടത്. അവരാണല്ലോ കുണ്ടുകുളത്തിലെ തവളകള്‍!!

b Studio said...

എന്ത് കാര്യം..! തമിഴിലും തെലുങ്കിലും എന്തിനു കന്നഡയിൽ വരെ മികച്ച സിനിമകൾ ഇറങ്ങിതുടങ്ങിയിരിക്കുന്നു. നമ്മളോ വല്ലപ്പോഴും ഇറങ്ങുന്ന പാലേരി മാണിക്യം,ഭ്രമരം പോലുള്ള സൃഷ്ടികളെ വരെ ഉദാത്തമെന്ന് കൊട്ടിഘോഷിച്ച് പണ്ട് ഉണ്ടായിട്ടുള്ള ആ തഴമ്പിൽ തടവി നിർവൃതി അടയേണ്ട ഗതികേടിലും..!

ഷാജി.കെ said...

നിരൂപണമായി ഒന്നും എഴുതിയില്ലെങ്കിലും ഇത് നന്നായിട്ടുണ്ട്. ഒരു നല്ല സിനിമയെ ആളുകള്‍ക്ക് പരിചയപെടുത്തുന്നു. അഭിനന്ദനങ്ങള്‍.

ഷാജി ഖത്തര്‍.

b Studio said...

നന്ദി,സിനിമ ഞങ്ങളുടെ കാഴ്ച്ചപാടിൽ നല്ലതാണോ ചീത്തയാണോ എന്ന് മാത്രമേ ഇവിടെ എഴുതുന്നുള്ളു. എല്ലാ സിനിമയും കാണുന്നതു കൊണ്ട് നല്ല സിനിമയെ ആളുകൾ തിരിച്ചറിയാതെ പോകരുത് എന്ന് കരുതി.

Followers

 
Copyright 2009 b Studio. All rights reserved.