
ഈ അടുത്ത കാലത്തായി ഇറങ്ങിയ മോഹൻലാലിന്റെ സിനിമകളെല്ലാം താഴെ പറയുന്ന രണ്ട് വിഭാഗത്തിൽ ഏതെങ്കിലുമൊന്നിൽ പെടുന്നവയായിരുന്നു.
1. ആരാധകർക്ക് മാത്രം സഹിക്കാൻ കഴിയുന്ന സിനിമ.
2. ആരാധകർക്ക് പോലും സഹിക്കാൻ കഴിയാത്ത സിനിമ.
ആരാധകരല്ലാത്ത പ്രേക്ഷകർക്ക് ഈ കാരണം കൊണ്ട് തന്നെ ലാലിന്റെ സിനിമകളോടുള്ള ആഭിമുഖ്യം വളരെയധികം കുറഞ്ഞിരുന്നു താനും. ആരാധകരും സാധാരണ പ്രേക്ഷകരും തന്റെ സിനിമകൾ കൈ വിട്ടു തുടങ്ങിയതോടെ നില നില്പ്പു തന്നെ ഭീഷണിയായ ഒരു ഘട്ടത്തിലാണു മോഹൻലാൽ ഇപ്പോൾ. അത് കൊണ്ട് തന്നെ മോഹൻലാലിനെ സ്നേഹിക്കുന്ന എല്ലാവരും ആകാംക്ഷയോടെ ഉറ്റു നോക്കിയിരുന്ന ഒരു ചിത്രമായിരുന്നു ശിക്കാർ. സുരേഷ് ബാബു തിരക്കഥയൊരുക്കി പത്മകുമാർ സംവിധാനം ചെയ്ത ഈ സിനിമയുടെ പ്രതീക്ഷകൾ റിലീസിനു മുൻപ് തന്നെ വനോളമുയർന്നിരുന്നു. ഈ പ്രേക്ഷക പ്രതീക്ഷകളെ മുഴുവനായും തൃപ്തിപ്പെടുത്തുന്ന സിനിമയാണു ശിക്കാർ..!. അതെ ഇനി മോഹൻലാലിനു സന്തോഷിക്കാം നിരനിരയായി വന്ന പരാജയങ്ങൾ ഇളക്കം വരുത്തിയ സൂപ്പർ സ്റ്റാർ പദവിയിൽ ഒന്നു കൂടി അമർന്നിരിക്കാം. അലക്സ്സാണ്ടറിനെയും ഒരുനാൾ വന്ന സിനിമയെയും ചൂണ്ടി കാണിച്ച് മോഹൻലാലിനു ഇനീഷ്യൽ പുള്ളിംഗ് നഷ്ടപ്പെട്ടു എന്ന് പറഞ്ഞ സിനിമ ലോകം ശിക്കാറിന്റെ ആദ്യ ദിവസത്തെ തിരക്ക് കണ്ട് ആശ്ചര്യപെടട്ടെ..! ശിക്കാർ മോഹൻലാലിന്റെ ഏറ്റവും നല്ല ചിത്രങ്ങളിൽ ഒന്നു എന്നൊന്നും പറയാൻ പറ്റില്ല. കാരണം ഇതിനേക്കാൾ ഒരുപാട് മികച്ച സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പക്ഷെ ശിക്കാർ നമ്മുക്ക് ഒരു പുത്തൻ അനുഭവം പകർന്നു തരും തീർച്ച. നക്സലിസത്തിന്റെയും ഈറ്റവെട്ടുക്കാരുടെയുമൊക്കെ പശ്ചാത്തലത്തിൽ മലയാള സിനിമക്ക് അന്യമായ കാഴ്ച്ചകളിലൂടെയാണു ശിക്കാറിന്റെ കഥ വികസിച്ച് പൂർണമാകുന്നത്. ശിക്കാർ ഒരു ദൃശ്യാനുഭവമാക്കിയതിൽ ഛായാഗ്രാഹകൻ മനോജ് പിള്ള പ്രത്യേകം അഭിനന്ദനമർഹിക്കുന്നു. തന്റെ മുൻ കാല രചനകളെ വെച്ച് നോക്കുമ്പോൾ വളരെ ഭേദപ്പെട്ട ഒരു തിരകഥ തയ്യാറാക്കിയ സുരേഷ് ബാബു ആണു ശിക്കാറിന്റെ മറ്റൊരു വിജയ ശില്‍പ്പി. കാരണം പത്മകുമാർ എന്ന സംവിധായകനു ശരാശരി തിരകഥ ഒരല്‍പ്പം കൂടി നന്നാക്കി സംവിധാനം ചെയ്യാൻ മാത്രമുള്ള കഴിവൊക്കെയെ ഉള്ളു. അതു കൊണ്ട് തന്നെ പരുന്തിനു വേണ്ടി ടി എ റസാക്ക് പടച്ചുണ്ടാക്കിയ തിരകഥ പോലെത്തെ ഒന്നായിരുന്നു സുരേഷ് ബാബുവിന്റെതെങ്കിൽ ഈ വർഷത്തെ ഏറ്റവും വലിയ ഫ്ലോപ്പുകളിൽ ഒന്നായി മാറിയേനെ ശിക്കാർ.ആദ്യ പകുതിയിലെ ഇഴച്ചിലും മടുപ്പും മറികടന്ന് രണ്ടാം പകുതിയെലെത്തുമ്പോൾ മലയാളത്തിൽ അടുത്ത കാലത്തിറങ്ങിയ ഏറ്റവും നല്ല ത്രില്ലർ സിനിമകളിൽ ഒന്നായി മാറുന്നു ഈ സിനിമ. ആദ്യ പകുതി നിരാശാജനകമായിരുന്നെങ്കിലും സംഗതി സുരേഷ് ബാബുവിന്റെതായത് കൊണ്ട് അത് പോട്ടെന്ന് വെക്കാം. ഒരു പാട് താരങ്ങളുണ്ട് ഈ സിനിമയിൽ. ആവശ്യത്തിനും അനാവശ്യത്തിനും. പക്ഷെ മോഹൻലാലിന്റെയും പിന്നെ കുറച്ച് ഭാഗങ്ങളിൽ മാത്രം വരുന്ന സമുദ്രക്കനിയുടെയും അഭിനയമാണു ശിക്കാറിന്റെ ഹൈലൈറ്റ്. മലയാള സിനിമ ശരിയായി ഉപയോഗിക്കാത്ത നടിയായ അനന്യ ഈ സിനിമയിൽ തന്റെ വേഷം ഗംഭീരമാക്കിയിട്ടുണ്ട്. ഇനിയെങ്കിലും കേരളത്തിലെ സിനിമക്കാർ ഈ നടിക്ക് അർഹിക്കുന്ന സ്ഥാനം നല്കിയിരുന്നെങ്കിൽ..! സിനിമയുടെ പശ്ചാത്തല സംഗീതം അതി മനോഹരമായിരുന്നെങ്കിൽ പാട്ടുകൾ തീർത്തും മോശമാക്കി. സിനിമയുടെ സ്വഭാവത്തിനു യോജിച്ചതല്ലാത്തതു കൊണ്ടാകാം എല്ലാ പാട്ടുകളും മുഴച്ചു നിന്നതായാണു അനുഭവപ്പെട്ടത്. അതു പോലെ ഇത്തരം സിനിമകളിൽ കോമഡിക്കായി സുരാജിനെയും ജഗതിയെയും തിരുകി കയറ്റിയത് സംവിധായകന്റെ വിവരമിലായ്മയെ ആണു കാണിക്കുന്നത്. സംഘട്ടനരംഗങ്ങള്‍ പ്രത്യേകിച്ചും ക്ലൈമാക്സ്സിലെ ആരാധകരെ ഹരം കൊള്ളിക്കുന്നവ തന്നെ. മണിക്കൂറിനു ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന കലാഭവൻ മണി സിനിമയിൽ തന്റെ റോൾ എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കി വേണം ഡേറ്റ് നല്കാൻ, അല്ലെങ്കിൽ ഇതു പോലെ കാഴ്ച്ചക്കാരൻ ആയി നില്‍ക്കേണ്ടി വരും. അങ്ങനെ പഴാക്കാനുള്ളതല്ല മണിയുടെ വിലപ്പെട്ട സമയം. ലക്ഷി ഗോപാലസ്വാമി,സ്നേഹ, മൈഥിലി തുടങ്ങി നിരവധി സ്ത്രീകഥാപാത്രങ്ങളുണ്ട് ഈ സിനിമയിൽ, മുൻപ് പറഞ്ഞത് പോലെ ആവശ്യത്തിനും അനാവശ്യത്തിനും. എന്തായാലും.മോഹൻലാൽ ആരാധകർ തള്ളിപ്പറയാത്ത ഒരു സിനിമ ഒരുക്കാൻ കഴിഞ്ഞതിൽ പത്മകുമാറിനും താണ്ടവം എന്ന നാണക്കേടിൽ നിന്നും രക്ഷപ്പെട്ടതിൽ സുരേഷ് ബാബുവിനും ആശ്വസിക്കാം.ഒപ്പം ഏറെ നാളുകൾക്ക് ശേഷം ഒരു മികച്ച മോഹൻ ലാൽ സിനിമ കണ്ടു എന്ന ആശ്വാസം സാധാരണ പ്രേക്ഷകനും...!!!
*അപ്പോൾ ഭ്രമരത്തെ കടത്തി വെട്ടുമെന്നാണോ..!
**ശിവൻ കുട്ടി ‘വേ’ ബലരാമൻ ‘റെ’...!!
8 comments:
സന്തോഷമായി ഗോപിയേട്ടാ. സന്തോഷമായി. ആദ്യമായിട്ടാണു ഈ ബ്ലോഗ്ഗിൽ ഒരു മോഹൻലാൽ സിനിമ നല്ലതാണു എന്ന് പറയുന്നത്. യാതൊരു വഴിയും കാണാത്ത കാരണം സമ്മതിച്ചതാവും അല്ലേ. ശിക്കാർ അപ്പോൾ തകർത്തു.
ശിക്കാർ എന്ന ഫ്ലോപ്പ് പ്രതീക്ഷിച്ച ഒരു ലാലേട്ടൻ ആദാധകന്റെ സന്തോഷം..സംഗതി കലക്കി ...
തീയറ്ററില്‍ നിന്നും വരുന്ന ഒന്ന് രണ്ടു പേരോട് ഞാന്‍ ചോദിച്ചിരുന്നു...സെക്കന്‍ഡ് ഹാഫ് കലക്കി എന്ന് തന്നെയാണ് പറഞ്ഞത് ... കുറച്ചു സുഹൃത്തുക്കള്‍ ഇഷ്ട്ടപ്പെട്ടു എന്നും പറഞ്ഞു .
മറ്റു രണ്ടു സിനിമകളും കൂടെ നന്നാവട്ടെ. >>സിനിമയുടെ പശ്ചാത്തല സംഗീതം അതി മനോഹരമായിരുന്നെങ്കിൽ പാട്ടുകൾ തീർത്തും മോശമാക്കി<< ചെവിയില്‍ പഞ്ഞി തിരുകി വെച്ചാണോ കേട്ടത്? മനോഹരമായ പാട്ടുകള്‍ ആണ് സിനിമയില്‍ ഉള്ളത്(എന്തെ എന്നോടൊന്നും എന്ന പാട്ടിന്റെ വരികളും നല്ലത്) ...ഇതെന്റെ മാത്രം അഭിപ്രായം ഒന്നുമല്ല...പക്ഷെ ഗാനചിത്രീകരണം ടിവിയില്‍ കണ്ടപ്പോള്‍ മോശമായി തോന്നി...എന്തായാലും അടുത്ത ആഴ്ച കാണുന്നുണ്ട്.
കുറെക്കാലത്തിനു ശേഷം ഒരു മലയാളസിനിമ നല്ലതാണെന്ന് എഴുതിക്കണ്ടല്ലോ... എന്തായാലും കണ്ടേക്കാം.
എന്തായാലും വലിയ തിരക്ക് തന്നെ .. ടിക്കറ്റ് കിട്ടിയില്ല .. ബാക്കി കണ്ടിട്ട് പറയാം
പടം തരക്കേടില്ല. ഒരുനാര് വരും അലക്സാണ്ടര്‍ എന്നിവ വെച്ചു നോക്കുമ്പോള്‍ സൂപ്പര്‍ സിനിമ. പാട്ട് എനിക്ക് ടിവിയില്‍ കണ്ടപ്പോള്‍ നല്ല ഇഷ്ടപെട്ടതായിരുന്നു. സിനിമയില്‍ എന്തോ ബോര് ആയിതോന്നി.
സുരേഷ് ബാബു വില്‍ ഏറെ പ്രതീക്ഷിച്ച് ഒരുപാട് നിരാശപ്പെടുത്തിയ താണ്ഡവത്തിന്റെ ഓര്‍മ്മ ഉള്ളതു കൊണ്ട് സത്യത്തില്‍ അത്ര വല്യ പ്രതീക്ഷ ഇല്ലായിരുന്നു.
ആദ്യ പ്രതികരണങ്ങള്‍ പ്രതീക്ഷ നല്കുന്നു... നല്ല സിനിമകള്‍ ഉണ്ടാകട്ടെ.
this movie creating history
Post a Comment