RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

പ്രാഞ്ചിയേട്ടനും പിന്നെ ഇമ്മടെ സെയിന്റും..!


നല്ല സിനിമകൾക്ക് വേണ്ടി രഞ്ജിത്ത് വഴിമാറി നടക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലങ്ങളായി. കൈയ്യൊപ്പും തിരകഥയും പലേരി മാണിക്യവുമെല്ലാം ആ ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു. എന്നാൽ ഈ പറഞ്ഞ സിനിമകൾക്കൊന്നും ഒരു വലിയ തോതിൽ പ്രേക്ഷക പ്രീതി പിടിച്ചു പറ്റാനായില്ല. ഒരു ചെറിയ വിഭാഗം ആളുകളെ മാത്രം തൃപ്തിപ്പെടുത്താൻ ഉതകുന്നവയായിരുന്നു രഞ്ജിത്തിന്റെ ഈ ബുദ്ധി ജീവി സിനിമകൾ. തിയറ്ററുകൾ ഉത്സവപറമ്പുകളാക്കിയിട്ടുള്ള നിരവധി സിനിമകൾക്ക് തിരകഥ എഴുതിയിട്ടുള്ള രഞ്ജിത്ത് അത് കൊണ്ട് തന്നെ ഒരു കോമെഴ്സ്യൽ വിജയം ലക്ഷ്യമിട്ട് ഒരുക്കിയ സിനിമയാണു പ്രാഞ്ചിയേട്ടൻ & ദി സെയ്ന്റ്. മമ്മൂട്ടിയാണു ഇതിൽ പ്രാഞ്ചിയേട്ടനെ അവതരിപ്പിക്കുന്നത്. ഈ സിനിമയുടെ ഒരു പ്രത്യേകത ഇതിൽ മമ്മൂട്ടി തൃശൂർ ഭാഷ സംസാരിക്കുന്നു എന്നതാണു. രാജമാണിക്യം എന്ന സിനിമയുടെ പ്രത്യേകതയും മമ്മൂട്ടി ഒരു പ്രത്യേക ഭാഷ കൈകാര്യം ചെയ്യുന്നു എന്നത് തന്നെ ആയിരുന്നെങ്കിലും മമ്മൂട്ടിയുടെ ഭാഷാ ശൈലി മാറ്റി നിർത്തിയാൽ രാജമാണിക്യം ഒരു സാധാരണ സിനിമയായിരുന്നു. എന്നാൽ പ്രാഞ്ചിയേട്ടനിലൂടെ രഞ്ജിത്ത് ഒരു നല്ല കഥ കൂടി പറഞ്ഞു പോകാൻ ശ്രമിക്കുന്നുണ്ട്. തൃശൂർ ടൗണിലെ ധനികനായ വ്യാപാരിയായ ചിറമ്മൽ ഈനാശു ഫ്രാൻസിസ് എന്ന പ്രാഞ്ചിയേട്ടന്റെ കഥയാണു പ്രാഞ്ചിയേട്ടൻ & ദി സെയ്ന്റിൽ. മമ്മൂട്ടിയെ നായകനാക്കി വാണിജ്യ വിജയം ലഷ്യമാക്കി കൊണ്ട് ഒരു സിനിമ ഒരുക്കുമ്പോൾ തന്നെ കച്ചവട സിനിമയുടെ ചേരുവകൾ എന്ന് കല്പിച്ചു വെച്ചിരിക്കുന്ന സ്ഥിരം നമ്പറുകൾ ചിത്രത്തിൽ ഉൾപ്പെടുത്താൻ രഞ്ജിത്ത് തയ്യാറായിട്ടില്ല. ഗൗരവമേറിയ വിഷയം കൈകാര്യം ചെയ്യുന്ന സിനിമകളിൽ പോലും തറ കോമഡികളും ആരാധകരെ ഇളക്കാൻ അരക്കെട്ട് നൃത്തവും കാണിക്കാൻ നിർബന്ധിതരാവുന്ന ഇന്നത്തെ സംവിധായകരിൽ നിന്നും രഞ്ജിത്ത് വ്യത്യസ്ഥനാവുകയാണു. അത് തന്നെയാണു രഞ്ജിത്ത് എന്ന സംവിധായകന്റെ വിജയവും.കോടീശ്വരനാണെങ്കിലും പ്രാഞ്ചിയേട്ടന്റെ ഒരു സാധാരണക്കാരനായ ഒരു മനുഷ്യനാണു. ഈ സാധാരണത്വം സിനിമയിൽ ഉടനീളം പാലിക്കാൻ രഞ്ജിത്തിനു സാധിച്ചിട്ടുണ്ട്. എന്ത് കൊണ്ട് മമ്മൂട്ടി രഞ്ജിത്ത് സിനിമകളിൽ സ്ഥിരമായി പ്രത്യക്ഷപ്പെടുന്നു എന്ന ചോദ്യത്തിനു ഉത്തരമാണു ഈ ചിത്രം. വളരെ മനോഹരമായിട്ടാണു മമ്മൂട്ടി ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു പക്ഷെ ഇന്ന് മലയാളത്തിൽ അരി പ്രാഞ്ചി എന്ന കഥാപാത്രം അവതരിപ്പിക്കാൻ ഏറ്റവും യോഗ്യൻ മമ്മൂട്ടി തന്നെ. മലയാള സിനിമയിൽ അധികമൊന്നും പരീക്ഷിച്ചിട്ടില്ലാത്തതാണു മമ്മൂട്ടി -ഇന്നസെന്റ് കൂട്ടുകെട്ട്. തിയറ്ററുകളിൽ ചിരിയുടെ മാലപ്പടക്കമുയർത്തിയാണു പ്രേക്ഷകർ ഇതിനെ വരവേറ്റത്. മലയാള സിനിമയിലെ ക്ലാസ് കോമേഡിയൻ താൻ തന്നെയാണെന്ന് ഒരിക്കൽ കൂടി ഇന്നസെന്റ് തെളിയിച്ചു. ഫ്ലാഷ്ബാക്കിൽ തുടങ്ങുന്ന സിനിമ ആദ്യ പകുതിയിലെ രസകരമായ മൂഹുർത്തങ്ങൾക്കു ശേഷം രണ്ടാം പകുതിയിൽ ഒരല്പ്പം ഗൗരവമേറിയ തലത്തിലേക്ക് കിടക്കുകയും പ്രേക്ഷകനെ ഒട്ടും മുഷിപ്പിക്കാതെ മനോഹരമായി തന്നെ അവസാനിപ്പിക്കുകയും ചെയ്യുന്നു. വന്നും പോയും കൊണ്ടിരിക്കുന്ന ഒരു പാട് താരങ്ങളുണ്ടെങ്കിലും പ്രാഞ്ചിയേട്ടനിൽ മമ്മൂട്ടി തന്നെ താരം. 500 പേർക്ക് 5000 രൂപ വീതം നല്കി സഹായിക്കുന്നതിനേക്കാൾ ഒരാളെയെങ്കിലും ജീവിതത്തിന്റെ വെള്ളി വെളിച്ചത്തിലേക്ക് കൈപിടിച്ച് നടത്തുന്നതാണു നല്ലത് എന്ന നല്ലൊരു സന്ദേശം നല്കി കൊണ്ട് സിനിമ അവസാനിക്കുമ്പോൾ രഞ്ജിത്തിനും ഒപ്പം മമ്മൂട്ടിക്കും അഭിമാനിക്കാം ഈ അടുത്ത കാലത്ത് മലയാളത്തിൽ ഇറങ്ങിയതിൽ വെച്ച് ഏറ്റവും മികച്ച സിനിമ തങ്ങളുടേതാണെന്നോർത്ത്..!

ഒരു പ്രേക്ഷക കമന്റ് - രഞ്ജിത്ത് ഒരു നല്ല സംവിധായകൻ ആണു. പക്ഷെ ഒരു നല്ല സംവിധായകനിൽ നിന്നും മഹാനായ സംവിധായകൻ ആവാൻ രഞ്ജിത്ത് ഇനിയും ഒരുപാട് വളരേണ്ടിയിരിക്കുന്നു. ഇത് രഞ്ജിത്ത് എന്ന് മനസ്സിലാക്കുന്നുവോ. അന്ന് മാത്രമേ മഹത്തായ കലാസൃഷ്ടി എന്ന് സ്വയം വിചാരിച്ചു കൊണ്ട് ഇറക്കുന്ന ഇത്തരം സിനിമകൾ മഹത്തരം എന്ന് പ്രേക്ഷകർക്ക് കൂടി തോന്നുകയുള്ളു.


*അതിനിവിടപ്പോ ആരാ ഒരു മഹാനായ സംവിധായകൻ..!!

**ഷാജി കൈലാസ് അല്ലാതാരാ..!!!

6 comments:

Anonymous said...

"ഈ അടുത്ത കാലത്ത് മലയാളത്തിൽ ഇറങ്ങിയതിൽ വെച്ച് ഏറ്റവും മികച്ച സിനിമ തങ്ങളുടേതാണെന്നോർത്ത്..!"
തനി കൂതറ പടമാവും

ശ്രീ said...

രഞ്ജിത് പ്രതീക്ഷ കാത്തു... അല്ലേ?

Pony Boy said...

രഞ്ജിത്ത് ഒന്നാം നമ്പർ എഴുത്തുകാരനാണ്...പക്ഷേ ഒരു നല്ല സംവിധായകനിലേക്ക് ഏറെ ദൂരം നടക്കേണ്ടിയിരിക്കുന്നു ആള്..
ചന്ദ്രോത്സവത്തിലും പ്രജാപതിയിലും പറ്റിയ പാളിച്ചകൾ തിരിച്ചറിഞ്ഞ് രഞ്ജിത്ത് മാറിയെന്നു പ്രതീക്ഷിക്കുന്നു..


പൊട്ടി പാളീസായി നിൽക്കുകയാണെങ്കിലും രഞ്ജിത്തിന്റെ കഥാകൾ ചെയ്യാൻ പറ്റിയ ഏക ഡിറക്ടർ ഷാജിയാണ്..അതാണ് കോംബിനേഷൻ...എന്നാലും അലിഭായിയും ടൈമും മറ്റും ടിവിയിൽ കാണുമ്പോൾ പുള്ളിയോടുള്ള ഇറിറ്റേഷൻ കൂടികൂടിവരുന്നു...

Vinu said...

ശിക്കാർ ലാലിന്റെ അടുത്ത കാലത്തെ ഒരു മികച്ച സിനിമ. പ്രാഞ്ചി ഈ അടുത്ത കാലത്തിറങ്ങിയ ഏറ്റവും മികച്ച സിനിമ . അപ്പോഴും മമ്മൂട്ടിയെ സുഖിപ്പിച്ച് മുന്നിൽ നിർത്താതെ സമാധാനം ഇല്ല അല്ലെ.

Dr.Jishnu Chandran said...

ഈ പ്രാവശ്യം ഒരു കുറവും പടത്തില്‍ കണ്ടില്ല അല്ലെ...........? ഹ ഹ

അപ്പൂട്ടൻ said...

പ്രാഞ്ചിയേട്ടനായി മമ്മൂട്ടി തൃശൂർ ഭാഷ സംസാരിക്കുന്നു എന്ന് കേട്ടപ്പോൾ അൽപം ആശങ്കയുണ്ടായിരുന്നു. രാജമാണിക്യം മോഡൽ വളിപ്പുകൾ മാത്രമായി വന്നിരുന്നുവെങ്കിൽ ഒട്ടും കുറവല്ലാത്ത നിരാശ തോന്നിയേനെ.
പക്ഷെ മമ്മൂട്ടി തന്റെ റോൾ ഭംഗിയാക്കി. സിനിമയിലെ തൃശൂർ ഭാഷക്കാർ ഉപയോഗിക്കുന്ന പല ഫ്രേസുകളും ഒഴിവാക്കി സ്ലാങ്ങിൽ തന്നെ പിടിച്ചുന്നിന്നതിന്‌ മമ്മൂട്ടിയേയും മറ്റുതാരങ്ങളേയും രഞ്ജിത്തിനേയും അഭിനന്ദിച്ചേ മതിയാവൂ.
ഞാനിതു കണ്ടത്‌ തൃശൂരിലെ രാംദാസ്‌ തിയേറ്ററിൽ നിന്നാണ്‌. തൃശൂരുകാർക്കുപോലും ഇതിൽ അധികം തെറ്റ്‌ കണ്ടെത്താനായില്ല. (എനിക്ക്‌ എന്നതിന്റെ വള്ളുവനാടൻ വകഭേദമായ "യ്ക്ക്‌" ഒന്നുരണ്ടുതവണ വന്നു എന്നതാണ്‌ ഒരാൾ കണ്ടെത്തിയത്‌, പിന്നെ ഖുശ്ബുവിനുവേണ്ടി ഡബ്‌ ചെയ്ത ആർട്ടിസ്റ്റും സിദ്ദിഖും അത്ര കൺസിസ്റ്റന്റ്‌ അല്ലായിരുന്നു. അവർ എഡിക്കേഷൻ ഉള്ളവരായതിനാൽ അംഗീകരിക്കാം)

Followers

 
Copyright 2009 b Studio. All rights reserved.