
ആദ്യ ചിത്രമായ മറവത്തൂർകനവിലൂടെ തന്നെ മലയാള സിനിമക്ക് ഏറെ പ്രതീക്ഷിക്കാവുന്ന സംവിധായകനാണു താനെന്ന് തെളിയിച്ചയാളാണു ലാൽ ജോസ്. മനോഹരമായ വിഷ്വലുകളിലൂടെ കഥ പറയുന്ന മലയാളത്തിലെ ചുരുക്കം ചില സംവിധായകരിൽ ഒരാൾ. നല്ല ഒരു കഥ കിട്ടിയാൽ അതിൽ അതീവ താല്പരനായി സിനിമയെടുക്കാൻ ഒരുങ്ങുന്ന ഒരാളാണു ലാൽ ജോസ്. ലാൽ ജോസിന്റെ ഈ സ്വഭാവം തന്നെയാണു അദ്ദേഹത്തിന്റെ വൻ വീഴ്ച്ചകൾക്കും തിരിച്ചു വരവിനും കാരണമായിട്ടുള്ളത്. രണ്ടാം ഭാവം എന്ന ബിഗ് ബഡ്ജറ്റ് ചിത്രം ബോക്സ് ഓഫീസിൽ തകർന്നു തരിപ്പണമായിട്ടും ചേക്കിലെ കള്ളനെ വിശ്വസിച്ച് ലാൽ ജോസ് രഞ്ജൻ പ്രമോദിനു വീണ്ടും ഒരു അവസരം കൂടി കൊടുത്തിലായിരുന്നെങ്കിൽ മീശമാധവൻ എന്ന മെഗാ ഹിറ്റ് പിറക്കില്ലായിരുന്നു. നല്ല കഥകൾ വെച്ച് സിനിമ തുടങ്ങുകയും എന്നാൽ അത് ഒരു വൃത്തിയായ തിരകഥയാക്കാൻ പറ്റാതെ പോയതു കൊണ്ടും പരാജയപ്പെട്ട ലാൽ ജോസ് ചിത്രങ്ങളായിരുന്നു പട്ടാളവും രസികനും. എന്നാൽ എല്ലാ പരാജയങ്ങളെയും മറവിയിലേക്ക് പിന്തള്ളി കൊണ്ട് ക്ലാസ്മേറ്റ്സും അറബികഥയിലൂടെയും ലാൽ ജോസ് വീണ്ടും ഹിറ്റ് മേക്കറായി. പക്ഷെ മുല്ലയിൽ ലാൽ ജോസിനു വീണ്ടും പിഴച്ചു. മറ്റൊരു ബോക്സ് ഓഫീസ് ദുരന്തം. മുല്ലയുടെ തിരകഥകൃത്തുമായി വീണ്ടും ലാൽ ജോസ് ഒന്നിക്കുമ്പോൾ ആളുകൾ മീശമാധവൻ ചരിത്രം ആവർത്തിക്കുമോ എന്ന് സംശയിക്കുന്നത് സ്വാഭാവികം. എന്തായാലും പേരിൽ തന്നെ തുടങ്ങുന്ന വ്യത്യസ്ഥതയുമായി മറ്റൊരു ലാൽ ജോസ് ചിത്രം കൂടി റിലീസ് ചെയ്തു. എൽസമ്മ എന്ന ആൺ കുട്ടി. നടൻ അഗസ്റ്റിന്റെ മകൾ ആൻ ആണു ഇതിലെ നായിക കഥാപാത്രമായ എൽസമ്മയെ അവതരിപ്പിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്, നെടുമുടി വേണു , ജഗതി എന്നു വേണ്ട സകലമാന താരങ്ങളുമുണ്ട് എൽസമ്മയിൽ, പോരാത്തതിനു രണ്ട് മൂന്ന് ഇറക്കുമതികൾ വേറെയും. എന്നത്തേയും പോലെ നിഷ്കളങ്കരായ നാട്ടിൻ പുറത്തിന്റെ കഥയാണു ലാൽ ജോസ് എൽസമ്മയിലൂടെ പറയുന്നത്. എൽസമ്മ എന്ന ആൺകുട്ടി എന്നതാണല്ലോ സിനിമയുടെ പേരു അതു കൊണ്ട് തന്നെ എൽസമ്മയിൽ ഒരു ആൺകുട്ടിയുടെ സ്വഭാവരീതികൾ അവതരിപ്പിക്കാൻ ലാൽ ജോസ് പരമാവധി ശ്രമിച്ചിട്ടുണ്ട്. തന്നാൽ കഴിയുന്ന രീതിയിൽ ആൻ അത് ഭംഗിയാക്കിയിട്ടുമുണ്ട്. ഒരു പുതുമുഖ നടിയിൽ നിന്നും കള്ളി ചെല്ലമ്മയിലെ ഷീലയുടെ അഭിനയം പോലൊന്ന് പ്രതീക്ഷിക്കുന്നത് ശരിയല്ലല്ലോ. ഈയ്യിടെ തുടർച്ചയായി ഹിറ്റ് സിനിമകളിൽ അഭിനയിക്കാൻ ഭാഗ്യം ലഭിക്കുന്ന കുഞ്ചാക്കോക്ക് നല്ലൊരു വേഷം തന്നെയാണു ഇതിൽ ലഭിച്ചിരിക്കുന്നത്. പാലുണിയെ ആളുകൾ അത്ര പെട്ടെന്നൊന്നും മറക്കില്ല. കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും മുഴുവൻ കൈയ്യടിയും നേടിയിരിക്കുന്നത് ഇന്ദ്രജിത്താണു. ഇന്ന് മലയാള സിനിമയിലെ യുവതാരങ്ങളില്‍ കോമഡി ഇത്ര മനോഹരമായി കൈകാര്യം ചെയ്യുന്നതിൽ ഒന്നാം സ്ഥാനത്താണു ഇന്ദ്രജിത്ത്.ജയസൂര്യ പോലും ഒരു മൂന്നടി പിറകിലേ വരു. ജഗതിക്ക് കൊള്ളാവുന്ന ഒരു വേഷം ഇതിലുണ്ട്. സുരാജിനെ പോലുള്ളവരെ ഉപയോഗിക്കാതെ കോമഡി വിഭാഗം കൈകാര്യം ചെയ്യാൻ ലാൽ ജോസിനെ പോലുള്ള സംവിധായകരെങ്കിലും ശ്രമിച്ചാൽ നന്നായിരുന്നു. മുല്ലയിൽ നിന്നും പാഠം ഉൾക്കൊണ്ട് ഒരു മനോഹരമായ തിരകഥ സിന്ധുരാജ് എൽസമ്മയിൽ ഒരുക്കിയിട്ടുണ്ട്. പക്ഷെ മനോഹരമെന്ന് സ്വയം തോന്നിയാൽ മാത്രം പോരല്ലോ കാണുന്നവർക്ക് കൂടി അങ്ങിനെ അനുഭവപ്പെടണമല്ലോ, അതില്ല എന്നതാണു ദുഖകരമായ വസ്തുത.ലാൽ ജോസ് സിനിമകളിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണു അതിലെ മനോഹര ഗാനങ്ങൾ.അതു കൊണ്ട് തന്നെ വിദ്യസാഗറിനെ കൈവിട്ടതോർത്ത് ഇനി ലാൽ ജോസിനു വിലപിക്കാം.പക്ഷെ എല്ലാ ന്യൂനതകളും അവഗണിച്ച് മികച്ച പരസ്യതന്ത്രങ്ങളുടെ പിൻബലത്തോടെ ശിക്കാറിനോടും പ്രാഞ്ചിയേട്ടനോടും ഏറ്റുമുട്ടാൻ ധൈര്യ സമ്മേതം മുന്നോട്ട് വന്ന എൽസമ്മയെ കുടുംബ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ഏതായാലും ഒരു വിജയ ചിത്രം സമ്മാനിക്കാൻ കഴിഞ്ഞതിൽ ലാൽ ജോസിനു അഭിമാനിക്കാം. പക്ഷെ കെട്ടുറുപ്പുള്ള ഒരു തിരകഥ തന്നെയാണു ഒരു വിജയ ചിത്രത്തിന്റെ അടിസ്ഥാനം എന്ന കാര്യം ഇനിയൊരിക്കൽ കൂടി ലാൽ ജോസ് മറന്നാൽ രണ്ടാം ഭാവങ്ങളും മുല്ലയുമൊക്കെ വീണ്ടും ആവർത്തിക്കും..!
*അതിനു ഒരു സിനിമ സൂപ്പർ ഹിറ്റ് ആവാൻ അതൊരു മഹാ സംഭവം ആവണമെന്നൊന്നുമില്ല..!
**അതേത് സിനിമ..??..
2 comments:
തന്നെ. രണ്ടു പൊളിപ്പടങ്ങളെ അപേക്ഷിച്ച് ആണ്‍കുട്ടി തന്നെ. കിളവന് പടങ്ങള്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലേക്ക് തള്ളപ്പെട്ടത് അത്ര രസിക്കുന്നില്ല അല്ലെ? പോട്ടെ, യഥാര്‍ത്ഥ്യം ചിലപ്പോള്‍ അങ്ങനെയാണ്.
ലാല്‍ജോസും രഞ്ജിത്തും മലയാള സിനിമയെ രക്ഷപ്പെടുതിയെന്കില്...
Post a Comment