ഹെന്റ്രിക്ക് ഇതു തന്നെ കിട്ടണം. മലയാളത്തിലെ ഏറ്റവും അഹങ്കാരിയായ നടനെ വെച്ച് ഇന്ത്യയിലെ ഏറ്റവും സ്റ്റൈലിഷ് ആയ സിനിമ എടുക്കാൻ പോയാൽ ഇങ്ങനെ ഇരിക്കും. പണ്ട് ഒരു യവനികയും മറു മലർച്ചിയുമൊക്കെ എടുത്തിട്ടുണ്ട് എന്ന് വെച്ച് ഇന്നു ഹെന്റ്രി പറയുന്ന പോലെയൊക്കെ മമ്മൂട്ടി കേൾക്കണം എന്ന് പറഞ്ഞാൽ എവിടുത്തെ ന്യായം. മലയാളത്തിന്റെ മെഗാസ്റ്റാറിനോട് അവിടേക്ക് ചാട് ഇവിടേക്ക് ചാട് എന്നൊക്കെ പറഞ്ഞാൽ ഉടനടി അതു പോലെ ചെയ്യാൻ വേറെ ആളെ നോക്കിയാൽ മതി. അത്ര നിർബന്ധമായിരുന്നെങ്കിൽ ഡ്യൂപ്പിനെ വെച്ച് ചെയ്യിക്കാമായിരുന്നല്ലോ. പോക്കിരി രാജയിലെ പാട്ട് സീനിൽ ചെയ്ത പോലെ. പാട്ട് സീനിൽ ഡ്യൂപ്പ് ഇടാമെങ്കിൽ പിന്നെ ആക്ഷൻ സീനിൽ ഇടാനാണോ വിഷമം. പിന്നെ മമ്മൂട്ടിക്ക് അഭിനയിക്കാൻ അറിയില്ല എന്ന കാര്യം. അത് 15 കോടി മുടക്കി വന്ദേമാതരം എടുത്ത് കഴിഞ്ഞപ്പോഴാണോ മനസ്സിലായത്. കഷ്ടം കേരളത്തിലെ എന്തിനു തമിഴ് നാട്ടിലെ വരെ കൊച്ച് കുട്ടികൾക്ക് അറിയാമല്ലോ മെഗാസ്റ്റാറിന്റെ അഭിനയം മോശമാണെന്ന്.അത് കൊണ്ടാണല്ലോ മമ്മൂട്ടിക്ക് ഇത്തവണ ദേശീയ അവാർഡ് കിട്ടാതെ പോയത്. യവനിക ഹിറ്റ് ആയത് അതിൽ ഭരത് ഗോപിയുടെ ഗംഭീര അഭിനയം കൊണ്ടാണു. അല്ലാതെ മമ്മൂട്ടി അതിൽ എന്ത് അഭിനയിച്ചു എന്നാണു പറയുന്നത്. മറുമലർച്ചി എന്തോ ഭാഗ്യത്തിനു ഹിറ്റ് ആയ പടമാണു. ആ സമയത്ത് ദേവയാനിക്ക് നല്ല പേരായിരുന്നു. അല്ലാതെ മമ്മൂട്ടിയെ അന്ന് ആരറിയാൻ. ഇനിയിപ്പോ പറഞ്ഞിട്ട് കാര്യമില്ല. 3 കൊല്ലം പെട്ടിയിൽ ഇരുന്ന് പടം റിലീസായി പൊട്ടി. സിനിമ കണ്ടവർ പറഞ്ഞത് ഇതിലും ഭേദം ഇത് പെട്ടിയിൽ തന്നെ ഇരിക്കുന്നതായിരുന്നു നല്ലത് എന്നാണു. ഹെന്റ്രി കഷ്ടപ്പെട്ട് എഴുതിയുണ്ടാക്കിയ ശക്തമായ തിരകഥ മമ്മൂട്ടി അഭിനയിച്ച് കുളമാക്കി. ടി അരവിദ് എന്ന ചെറുപ്പക്കാരന്റെ സ്വപ്നങ്ങൾ മമ്മൂട്ടി എന്ന നടന്റെ അഹന്ത മൂലം ചവിട്ടിയരക്കപ്പെട്ടു. ഇതിനൊക്കെ മമ്മൂട്ടി താങ്കളോട് ദൈവം ചോദിക്കും ദൈവം...!
*മെട്രിക്സ് മോഡൽ ആക്ഷൻ വരെ മമ്മൂട്ടിയെ വെച്ച് പ്ലാൻ ചെയത ഹെന്റ്രിയോട് ഇത് ചെയ്ത മമ്മൂട്ടി ഒരുകാലത്തും ഗുണം പിടിക്കില്ല ...!
**വന്ദേമാതരം കാണാത്തവർ ഉണ്ടെങ്കിൽ ഇതിനു മുൻപത്തെ പോസ്റ്റ് വായിക്കാം...!!
വന്ദേമാതരം...!
Posted in
Labels:
സിനിമ
Saturday, September 18, 2010

എന്നാൽ ക്ലൈമാക്സ് ചിത്രീകരണത്തിനു നാവിക സേന അനുമതി നല്കിയില്ല എന്ന് പറഞ്ഞ് വീണ്ടും സിനിമ നീണ്ടു. അവസാനം വന്ദേമാതരത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ഈ വരുന്ന വെള്ളിയാഴ്ച്ച ചിത്രം തിയറ്ററുകളിൽ എത്തും. ഒരു മികച്ച ആക്ഷൻ ത്രില്ലർ സിനിമ കാണാൻ എല്ലാവരും കാത്തിരുന്നു. അങ്ങിനെ വെള്ളിയാഴ്ച്ച വന്നെത്തി. പക്ഷെ വന്ദേമാതരം വന്നില്ല. പിന്നെയും ഒരുപാട് വെള്ളിയ്യാഴ്ച്ചകൾ കടന്നു പോയി. കാത്തിരുന്ന പ്രേക്ഷകന്റെ ക്ഷമയുടെ നെല്ലിപലകയും അതിന്റെ അപ്പുറവും കടന്നു. എന്നിട്ടും വന്ദേമാതരം വന്നില്ല. ഒടുവിൽ അതു സംഭവിച്ചു. റംസാൻ റിലീസാവും എന്ന് പറഞ്ഞെങ്കിലും വന്ദേമാതരം ആയത് കൊണ്ട് ആരും അതത്ര കാര്യമാക്കിയില്ല. വന്നാൽ വന്നു അത്ര തന്നെ. അതു പോലെ തന്നെ സംഭവിച്ചു. സിനിമ റംസാനു റിലീസ് ആയില്ല. വീണ്ടും ഒരാഴ്ച്ച കൂടി കഴിഞ്ഞ് 17 നു പടം തിയറ്ററുകളിൽ എത്തി. മമ്മൂട്ടിയുടെ തന്നെ മറ്റൊരു ചിത്രമായ പ്രാഞ്ചിയേട്ടൻ നല്ല അഭിപ്രായം നേടി തിയറ്ററുകളിൽ ആദ്യ വാരം തികയ്ക്കുന്നതിനിടയിൽ ആണു വന്ദേമാതരത്തിന്റെ റില്ലീസ്.വൈകുന്ന സിനിമകൾ തകരും എന്ന മലയാള സിനിമയിലെ പ്രതിഭാസം ഒരിക്കൽ കൂടി വെളിവാക്കുന്നതായിരുന്നു റിലീസ് ദിവസം തന്നെ വന്ദേമാതരത്തിനു ലഭിച്ച തണുത്ത പ്രതികരണം. അനുദിനം ടെക്നോളജി മാറികൊണ്ടിരിക്കുന്ന ഈ കാലത്ത് ഒരു വർഷം പെട്ടിയിലിരുന്ന ടെക്നോളജിയുമായി ഇറങ്ങിയാൽ എന്ത് സംഭവിക്കും അത് തന്നെ വന്ദേമാതരത്തിനും സംഭവിച്ചു. പിന്നെ എടുത്ത് പറയേണ്ട ഒരു പ്രത്യേകത ഇത് തമിഴ് പ്രേക്ഷകരെ ലക്ഷ്യമിട്ട് കൊണ്ട് ഇറക്കിയ സിനിമയാണു. 15 കോടി ബഡ്ജറ്റ് ഉള്ള സിനിമ കേരളത്തിൽ വിതരണക്കാരനു വിറ്റത് 1.5 കോടിക്കാണു എന്നതിൽ നിന്നു തന്നെ ഇത് വ്യക്തമാണു. ഇംഗ്ലീഷ് സിനിമ തമിഴിൽ ഡബ്ബ് ചെയ്ത് കാണുന്ന തമിഴർക്ക് ഇതൊരു പക്ഷെ അത്ഭുതമായേക്കാം. പക്ഷെ മലയാളികളെ സംബന്ധിച്ചിടത്തോളം വന്ദേമാതരം തിയറ്ററിനുള്ളിൽ അസഹിഷ്ണുത സൃഷ്ടിക്കുന്ന ഒരു സിനിമയാണു. ബ്രഹമാണ്ഡ ചിത്രം എന്ന് വിശേഷിപ്പിച്ച് ഇറക്കിയ ഈ സിനിമയിൽ മമ്മൂട്ടിയും അർജുനും തുല്യ വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. തമിഴ് പ്രേക്ഷകരെ കൈയ്യിലിടുക്കേണ്ടത് കൊണ്ടാവാം അർജുനു ഒരല്പം മുൻ തൂക്കം കൊടുത്തിട്ടുണ്ട്. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലു വിളിയായ തീവ്രവാദം തന്നെയാണു ഈ സിനിമയുടെയും വിഷയം. രാജ്യ സ്നേഹം മുതലെടുത്ത് കൊണ്ട് ഹിറ്റുകളായ ഒരു പാട് സിനിമകൾ ഉണ്ടായിട്ടുണ്ട്. സൈന്യത്തിലെ നെഞ്ചിൽ ഇടനെഞ്ചിൽ എന്ന് തുടങ്ങുന്ന ഗാനം കേൾക്കുമ്പോൾ ദേശഭക്തി ഉണരാത്ത ആരാണുള്ളുത്..? റോജയിൽ ഇന്ത്യൻ പതാക കത്തിക്കുമ്പോൾ അരവിന്ദ് സ്വാമി അത് കെടുത്തുന്ന രംഗം കണ്ട് രക്തം തിളക്കാത്തതായി ആരെങ്കിലുമുണ്ടോ..? ഇനിയുമുണ്ട് നിരവധി ഉദാഹരണങ്ങൾ. ഇത്രയും കോടി മുടക്കി ഇങ്ങനെ ഒരു സിനിമ ചെയ്യാൻ ഇറങ്ങി പുറപ്പെടുമ്പോൾ ഇത്തരത്തിൽ ഒരു സീൻ എങ്കിലും ഈ സിനിമയിൽ ഉണ്ടാകേണ്ടതായിരുന്നു.നിർമ്മാതാവും രചയിതാവും കൂടിയായ ഹെന്റ്രി അത് തീർച്ചയായും ശ്രദ്ധിക്കണമായിരുന്നു. സാധാരണ ഈ വക കാര്യങ്ങൾ നോക്കേണ്ടത് സംവിധായകനാണു. പക്ഷെ സംവിധാനം എന്താണു എന്ന് വന്ദേമാതരം ചെയ്തു മനസ്സിലാക്കിയ ടി അരവിന്ദിനെ ഈകാര്യത്തിൽ കുറ്റം പറയാൻ പറ്റില്ല. അർജുൻ ഈ സിനിമയിൽ നല്ല പ്രകടനമാണു കാഴ്ച്ച വെച്ചിരിക്കുന്നത്. കേരളത്തിലെ പ്രേക്ഷകർ കൂവുമെങ്കിലും തമിഴ് നാട്ടിൽ കൈയ്യടി നേടാനുള്ള ആക്ഷൻ രംഗങ്ങൾ ഇതിലുണ്ട്. മമ്മൂട്ടി എന്ന നടന്റെ ബിഗ് ബഡ്ജറ്റ് സിനിമ എന്ന് കരുതി കാണാൻ പോകുന്ന അദ്ദേഹത്തിന്റെ ആരാധകർക്ക് വേണ്ടി ഒന്നും തന്നെ ഈ സിനിമയിൽ കരുതി വെച്ചിട്ടില്ല. കുറ്റവാളിയെ കൊണ്ട് സത്യം പറയിക്കുന്നതിനു വേണ്ടി ഒരു രസകരമായ പരീക്ഷണം ഈ സിനിമയിൽ നടത്തുന്നുണ്ട്. ആ ഭാഗങ്ങൾ മാത്രമാണു കുറച്ചെങ്കിലും നിലവാരം പുലർത്തുന്നത്. ദുബായ് പോലുള്ള അനുഭവങ്ങളുള്ള മമ്മൂട്ടി ഇനിയെങ്കിലും ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ അതീവ ജാഗ്രത പുലർത്തണം. അല്ലെങ്കിൽ ഇതു പോലുള്ള വൻ ബോക്സ് ഓഫീസ് ദുരന്തങ്ങൾ ഇനിയും ആവർത്തിക്കും. എന്തായാലും യവനിക എടുത്ത ഹെന്റ്രി എന്ന പേരുമാറി വന്ദേമാതരം ഹെന്റ്രി എന്ന പേരിൽ ആയിരിക്കും ഹെന്റ്രി ഇനി അറിയപ്പെടുക. കാരണം വൻ വിജയങ്ങളും വൻ പരാജയങ്ങളും എന്നും ഓർമ്മിക്കപ്പെടും. അങ്ങനെ മലയാള സിനിമ എന്ന മുങ്ങി കൊണ്ടിരിക്കുന്ന പായ്ക്കപ്പലിലേക്ക് ഒരംഗം കൂടി..!
*ഒറ്റവാക്കിൽ കൂതറ എന്ന് എഴുതി അവസാനിപ്പിക്കേണ്ട ആവശ്യമേ ഉള്ളു. പക്ഷെ നമ്മള് ഭാരതീയർ ഏറ്റവും കൂടുതൽ ബഹുമാനം കൊടുക്കുന്ന ഒരു വാക്കാണു ഈ സിനിമയുടെ പേരു എന്നത് കൊണ്ടു മാത്രം ഇത്രയും എഴുതി..!!
ദേശിയ ചലച്ചിത്ര അവാര്ഡ് - 2009
Posted in
Labels:
സിനിമ
Wednesday, September 15, 2010
ഒടുവിൽ അതു തന്നെ സംഭവിച്ചു. സംസ്ഥാന അവാർഡ് കമ്മിറ്റി തള്ളിക്കളഞ്ഞ കുട്ടി സ്രാങ്കിനു 2009ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള അവാർഡ്. പാ യിലെ അഭിനയത്തിനു അമിതാബ് ബച്ചൻ മികച്ച നടൻ. തോറ്റത് ഒരാൾ മാത്രം അല്ല തോല്പിച്ചത് ഒരാളെ മാത്രം മലയാളത്തിന്റെ മഹാനടനെ, മമ്മൂട്ടിയെ. കുട്ടി സ്രാങ്ക് ഒരു മികച്ച ചിത്രം തന്നെ പക്ഷെ കുട്ടി സ്രാങ്കിനു അവാർഡ് കൊടുത്ത് ഷാജി എൻ കരുണിനോട് മുൻ വർഷത്തെതിനു നന്ദി കാണിച്ച ഉത്തരേന്ത്യൻ ലോബി കണ്ടില്ലെന്ന് നടിച്ചത് മമ്മൂട്ടിയുടെ ഏറ്റവും മികച്ച വേഷങ്ങളെയാണു. പാ യിലെ അമിതാബിന്റെ അഭിനയത്തേക്കാൾ ഒരുപാട് ദൂരം മുന്നിൽ നില്ക്കുന്ന അഹമ്മദ് കുട്ടി ഹാജിയെയും കുട്ടി സ്രാങ്കിനെയുമെല്ലാം തഴഞ്ഞ് മികച്ച നടനായി തന്റെ പ്രിയപ്പെട്ട നടനായ അമിതാഭിനെ തിരഞ്ഞെടുത്ത തിരുമാനം അംഗീകരിക്കുമ്പോൾ ജൂറി ചെയർമാൻ രമേഷ് സിപ്പിക്ക് തെല്ലും കുറ്റബോധം തോന്നിയിട്ടുണ്ടാകില്ല.കാരണം അതാണു സിനിമയുടെ രാഷ്ട്രീയം. കഴിഞ്ഞ വർഷം ദേശീയ അവാർഡിൽ തഴയപ്പെട്ടെങ്കിലും ഇപ്രാവശ്യം മികച്ച പ്രകടനം മലയാള സിനിമ നടത്തിയുട്ടുണ്ട്. 12 അവാർഡുകളാണു ഇത്തവണ മലയാള സിനിമ നേടിയത്.
മികച്ച സിനിമ - കുട്ടിസ്രാങ്ക്
മികച്ച തിരകഥ - എം ഫ് മാത്യൂസ് (കുട്ടി സ്രാങ്ക്)
മികച്ച ഛായാഗ്രാഹണം -അഞ്ജലി ശുക്ല (കുട്ടി സ്രാങ്ക്)
വസ്ത്രാലങ്കാരം - ജയകുമാർ (കുട്ടി സ്രാങ്ക്)
കുട്ടികളുടെ ചിത്രം - കേശു
മികച്ച മലയാള ചിത്രം- പഴശിരാജ
ശബ്ദലേഖനം - റസൂൽ പൂക്കുട്ടി (പഴശിരാജ)
പശ്ചാത്തല സംഗീതം - ഇളയരാജ (പഴശിരാജ)
സ്പെഷ്യൽ ജൂറി അവാർഡ് - പത്മപ്രിയ (പഴശിരാജ)
സ്പെഷ്യൽ ജൂറി അവാർഡ് എഡിറ്റിംഗ് - ശ്രീകർ പ്രസാദ് (പഴശി രാജ, കുട്ടി സ്രാങ്ക് ,കമീനേ)
കേൾക്കുന്നുണ്ടോ എന്ന ചിത്രത്തിലെ അഭിനയത്തിനു ഹസ്നയ്ക്ക് ബാല നടിയ്ക്കുള്ള പ്രത്യേക പുരസ്കാരം
സി എസ് വെങ്കിടേശ്വരനു ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ജൂറി പുരസ്കാരം
കിട്ടിയ 12 അവാർഡുകളിൽ നാലെണ്ണം വീതം പഴശിരാജയും കുട്ടിസ്രാങ്കും കൂടി പങ്കുവെച്ചു. ശുഭം.
മറ്റ് പ്രധാന അവാർഡുകൾ
മികച്ച സംവിധായകൻ - ഋതു പർണ ഘോഷ് (അബോഹോമാൻ ബംഗാളി ചിത്രം)
മികച്ച നടി - അനന്യ ചാറ്റർജി (അബോഹോമാൻ )
മികച്ച സംഗീത സംവിധായകൻ - അമിത് ത്രിവേദ് (ദേവ് ഡി)
മികച്ച ഹിന്ദി ചിത്രം -പാ
മികച്ച തമിഴ് ചിത്രം - പസങ്ക
ജനപ്രിയ ചിത്രം - 3 ഇഡിയറ്റ്സ്.
മമ്മൂട്ടിയ്ക്ക് അർഹതപ്പെട്ട അവാർഡ് നിഷേധിക്കപ്പെട്ടത് നാളെ ഒരുപക്ഷെ വിവാദമായേക്കാം. പക്ഷെ അമിതാബിനെ സംബന്ധിച്ചിടത്തോളം ഒരു ദേശീയ അവാർഡ് കിട്ടാനുള്ള ഏറ്റവും നല്ല അവസരം തന്നെ ആയിരുന്നു ഇത്.അത് കൊണ്ട് തന്നെ ഇനിയും ഒരുപാട് തവണ ദേശീയ അവാർഡിനായി മൽസരിക്കാൻ കരുത്തും കാലവും ബാക്കിയുള്ള നമ്മുടെ പ്രിയപ്പെട്ട നടന്റെ ഈ നിഷേധിക്കപ്പെട്ട അവാർഡിനെ പറ്റിയുള്ള വേദന നമ്മുക്ക് സന്തോഷത്തോടെ മറക്കാം..!
മികച്ച സിനിമ - കുട്ടിസ്രാങ്ക്
മികച്ച തിരകഥ - എം ഫ് മാത്യൂസ് (കുട്ടി സ്രാങ്ക്)
മികച്ച ഛായാഗ്രാഹണം -അഞ്ജലി ശുക്ല (കുട്ടി സ്രാങ്ക്)
വസ്ത്രാലങ്കാരം - ജയകുമാർ (കുട്ടി സ്രാങ്ക്)
കുട്ടികളുടെ ചിത്രം - കേശു
മികച്ച മലയാള ചിത്രം- പഴശിരാജ
ശബ്ദലേഖനം - റസൂൽ പൂക്കുട്ടി (പഴശിരാജ)
പശ്ചാത്തല സംഗീതം - ഇളയരാജ (പഴശിരാജ)
സ്പെഷ്യൽ ജൂറി അവാർഡ് - പത്മപ്രിയ (പഴശിരാജ)
സ്പെഷ്യൽ ജൂറി അവാർഡ് എഡിറ്റിംഗ് - ശ്രീകർ പ്രസാദ് (പഴശി രാജ, കുട്ടി സ്രാങ്ക് ,കമീനേ)
കേൾക്കുന്നുണ്ടോ എന്ന ചിത്രത്തിലെ അഭിനയത്തിനു ഹസ്നയ്ക്ക് ബാല നടിയ്ക്കുള്ള പ്രത്യേക പുരസ്കാരം
സി എസ് വെങ്കിടേശ്വരനു ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ജൂറി പുരസ്കാരം
കിട്ടിയ 12 അവാർഡുകളിൽ നാലെണ്ണം വീതം പഴശിരാജയും കുട്ടിസ്രാങ്കും കൂടി പങ്കുവെച്ചു. ശുഭം.
മറ്റ് പ്രധാന അവാർഡുകൾ
മികച്ച സംവിധായകൻ - ഋതു പർണ ഘോഷ് (അബോഹോമാൻ ബംഗാളി ചിത്രം)
മികച്ച നടി - അനന്യ ചാറ്റർജി (അബോഹോമാൻ )
മികച്ച സംഗീത സംവിധായകൻ - അമിത് ത്രിവേദ് (ദേവ് ഡി)
മികച്ച ഹിന്ദി ചിത്രം -പാ
മികച്ച തമിഴ് ചിത്രം - പസങ്ക
ജനപ്രിയ ചിത്രം - 3 ഇഡിയറ്റ്സ്.
മമ്മൂട്ടിയ്ക്ക് അർഹതപ്പെട്ട അവാർഡ് നിഷേധിക്കപ്പെട്ടത് നാളെ ഒരുപക്ഷെ വിവാദമായേക്കാം. പക്ഷെ അമിതാബിനെ സംബന്ധിച്ചിടത്തോളം ഒരു ദേശീയ അവാർഡ് കിട്ടാനുള്ള ഏറ്റവും നല്ല അവസരം തന്നെ ആയിരുന്നു ഇത്.അത് കൊണ്ട് തന്നെ ഇനിയും ഒരുപാട് തവണ ദേശീയ അവാർഡിനായി മൽസരിക്കാൻ കരുത്തും കാലവും ബാക്കിയുള്ള നമ്മുടെ പ്രിയപ്പെട്ട നടന്റെ ഈ നിഷേധിക്കപ്പെട്ട അവാർഡിനെ പറ്റിയുള്ള വേദന നമ്മുക്ക് സന്തോഷത്തോടെ മറക്കാം..!
എൽസമ്മ ആൺകുട്ടി തന്നെ..?
Posted in
Labels:
സിനിമ
Monday, September 13, 2010

ആദ്യ ചിത്രമായ മറവത്തൂർകനവിലൂടെ തന്നെ മലയാള സിനിമക്ക് ഏറെ പ്രതീക്ഷിക്കാവുന്ന സംവിധായകനാണു താനെന്ന് തെളിയിച്ചയാളാണു ലാൽ ജോസ്. മനോഹരമായ വിഷ്വലുകളിലൂടെ കഥ പറയുന്ന മലയാളത്തിലെ ചുരുക്കം ചില സംവിധായകരിൽ ഒരാൾ. നല്ല ഒരു കഥ കിട്ടിയാൽ അതിൽ അതീവ താല്പരനായി സിനിമയെടുക്കാൻ ഒരുങ്ങുന്ന ഒരാളാണു ലാൽ ജോസ്. ലാൽ ജോസിന്റെ ഈ സ്വഭാവം തന്നെയാണു അദ്ദേഹത്തിന്റെ വൻ വീഴ്ച്ചകൾക്കും തിരിച്ചു വരവിനും കാരണമായിട്ടുള്ളത്. രണ്ടാം ഭാവം എന്ന ബിഗ് ബഡ്ജറ്റ് ചിത്രം ബോക്സ് ഓഫീസിൽ തകർന്നു തരിപ്പണമായിട്ടും ചേക്കിലെ കള്ളനെ വിശ്വസിച്ച് ലാൽ ജോസ് രഞ്ജൻ പ്രമോദിനു വീണ്ടും ഒരു അവസരം കൂടി കൊടുത്തിലായിരുന്നെങ്കിൽ മീശമാധവൻ എന്ന മെഗാ ഹിറ്റ് പിറക്കില്ലായിരുന്നു. നല്ല കഥകൾ വെച്ച് സിനിമ തുടങ്ങുകയും എന്നാൽ അത് ഒരു വൃത്തിയായ തിരകഥയാക്കാൻ പറ്റാതെ പോയതു കൊണ്ടും പരാജയപ്പെട്ട ലാൽ ജോസ് ചിത്രങ്ങളായിരുന്നു പട്ടാളവും രസികനും. എന്നാൽ എല്ലാ പരാജയങ്ങളെയും മറവിയിലേക്ക് പിന്തള്ളി കൊണ്ട് ക്ലാസ്മേറ്റ്സും അറബികഥയിലൂടെയും ലാൽ ജോസ് വീണ്ടും ഹിറ്റ് മേക്കറായി. പക്ഷെ മുല്ലയിൽ ലാൽ ജോസിനു വീണ്ടും പിഴച്ചു. മറ്റൊരു ബോക്സ് ഓഫീസ് ദുരന്തം. മുല്ലയുടെ തിരകഥകൃത്തുമായി വീണ്ടും ലാൽ ജോസ് ഒന്നിക്കുമ്പോൾ ആളുകൾ മീശമാധവൻ ചരിത്രം ആവർത്തിക്കുമോ എന്ന് സംശയിക്കുന്നത് സ്വാഭാവികം. എന്തായാലും പേരിൽ തന്നെ തുടങ്ങുന്ന വ്യത്യസ്ഥതയുമായി മറ്റൊരു ലാൽ ജോസ് ചിത്രം കൂടി റിലീസ് ചെയ്തു. എൽസമ്മ എന്ന ആൺ കുട്ടി. നടൻ അഗസ്റ്റിന്റെ മകൾ ആൻ ആണു ഇതിലെ നായിക കഥാപാത്രമായ എൽസമ്മയെ അവതരിപ്പിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്, നെടുമുടി വേണു , ജഗതി എന്നു വേണ്ട സകലമാന താരങ്ങളുമുണ്ട് എൽസമ്മയിൽ, പോരാത്തതിനു രണ്ട് മൂന്ന് ഇറക്കുമതികൾ വേറെയും. എന്നത്തേയും പോലെ നിഷ്കളങ്കരായ നാട്ടിൻ പുറത്തിന്റെ കഥയാണു ലാൽ ജോസ് എൽസമ്മയിലൂടെ പറയുന്നത്. എൽസമ്മ എന്ന ആൺകുട്ടി എന്നതാണല്ലോ സിനിമയുടെ പേരു അതു കൊണ്ട് തന്നെ എൽസമ്മയിൽ ഒരു ആൺകുട്ടിയുടെ സ്വഭാവരീതികൾ അവതരിപ്പിക്കാൻ ലാൽ ജോസ് പരമാവധി ശ്രമിച്ചിട്ടുണ്ട്. തന്നാൽ കഴിയുന്ന രീതിയിൽ ആൻ അത് ഭംഗിയാക്കിയിട്ടുമുണ്ട്. ഒരു പുതുമുഖ നടിയിൽ നിന്നും കള്ളി ചെല്ലമ്മയിലെ ഷീലയുടെ അഭിനയം പോലൊന്ന് പ്രതീക്ഷിക്കുന്നത് ശരിയല്ലല്ലോ. ഈയ്യിടെ തുടർച്ചയായി ഹിറ്റ് സിനിമകളിൽ അഭിനയിക്കാൻ ഭാഗ്യം ലഭിക്കുന്ന കുഞ്ചാക്കോക്ക് നല്ലൊരു വേഷം തന്നെയാണു ഇതിൽ ലഭിച്ചിരിക്കുന്നത്. പാലുണിയെ ആളുകൾ അത്ര പെട്ടെന്നൊന്നും മറക്കില്ല. കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും മുഴുവൻ കൈയ്യടിയും നേടിയിരിക്കുന്നത് ഇന്ദ്രജിത്താണു. ഇന്ന് മലയാള സിനിമയിലെ യുവതാരങ്ങളില് കോമഡി ഇത്ര മനോഹരമായി കൈകാര്യം ചെയ്യുന്നതിൽ ഒന്നാം സ്ഥാനത്താണു ഇന്ദ്രജിത്ത്.ജയസൂര്യ പോലും ഒരു മൂന്നടി പിറകിലേ വരു. ജഗതിക്ക് കൊള്ളാവുന്ന ഒരു വേഷം ഇതിലുണ്ട്. സുരാജിനെ പോലുള്ളവരെ ഉപയോഗിക്കാതെ കോമഡി വിഭാഗം കൈകാര്യം ചെയ്യാൻ ലാൽ ജോസിനെ പോലുള്ള സംവിധായകരെങ്കിലും ശ്രമിച്ചാൽ നന്നായിരുന്നു. മുല്ലയിൽ നിന്നും പാഠം ഉൾക്കൊണ്ട് ഒരു മനോഹരമായ തിരകഥ സിന്ധുരാജ് എൽസമ്മയിൽ ഒരുക്കിയിട്ടുണ്ട്. പക്ഷെ മനോഹരമെന്ന് സ്വയം തോന്നിയാൽ മാത്രം പോരല്ലോ കാണുന്നവർക്ക് കൂടി അങ്ങിനെ അനുഭവപ്പെടണമല്ലോ, അതില്ല എന്നതാണു ദുഖകരമായ വസ്തുത.ലാൽ ജോസ് സിനിമകളിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണു അതിലെ മനോഹര ഗാനങ്ങൾ.അതു കൊണ്ട് തന്നെ വിദ്യസാഗറിനെ കൈവിട്ടതോർത്ത് ഇനി ലാൽ ജോസിനു വിലപിക്കാം.പക്ഷെ എല്ലാ ന്യൂനതകളും അവഗണിച്ച് മികച്ച പരസ്യതന്ത്രങ്ങളുടെ പിൻബലത്തോടെ ശിക്കാറിനോടും പ്രാഞ്ചിയേട്ടനോടും ഏറ്റുമുട്ടാൻ ധൈര്യ സമ്മേതം മുന്നോട്ട് വന്ന എൽസമ്മയെ കുടുംബ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ഏതായാലും ഒരു വിജയ ചിത്രം സമ്മാനിക്കാൻ കഴിഞ്ഞതിൽ ലാൽ ജോസിനു അഭിമാനിക്കാം. പക്ഷെ കെട്ടുറുപ്പുള്ള ഒരു തിരകഥ തന്നെയാണു ഒരു വിജയ ചിത്രത്തിന്റെ അടിസ്ഥാനം എന്ന കാര്യം ഇനിയൊരിക്കൽ കൂടി ലാൽ ജോസ് മറന്നാൽ രണ്ടാം ഭാവങ്ങളും മുല്ലയുമൊക്കെ വീണ്ടും ആവർത്തിക്കും..!
*അതിനു ഒരു സിനിമ സൂപ്പർ ഹിറ്റ് ആവാൻ അതൊരു മഹാ സംഭവം ആവണമെന്നൊന്നുമില്ല..!
**അതേത് സിനിമ..??..
പ്രാഞ്ചിയേട്ടനും പിന്നെ ഇമ്മടെ സെയിന്റും..!
Posted in
Labels:
സിനിമ
Friday, September 10, 2010

ഒരു പ്രേക്ഷക കമന്റ് - രഞ്ജിത്ത് ഒരു നല്ല സംവിധായകൻ ആണു. പക്ഷെ ഒരു നല്ല സംവിധായകനിൽ നിന്നും മഹാനായ സംവിധായകൻ ആവാൻ രഞ്ജിത്ത് ഇനിയും ഒരുപാട് വളരേണ്ടിയിരിക്കുന്നു. ഇത് രഞ്ജിത്ത് എന്ന് മനസ്സിലാക്കുന്നുവോ. അന്ന് മാത്രമേ മഹത്തായ കലാസൃഷ്ടി എന്ന് സ്വയം വിചാരിച്ചു കൊണ്ട് ഇറക്കുന്ന ഇത്തരം സിനിമകൾ മഹത്തരം എന്ന് പ്രേക്ഷകർക്ക് കൂടി തോന്നുകയുള്ളു.
*അതിനിവിടപ്പോ ആരാ ഒരു മഹാനായ സംവിധായകൻ..!!
**ഷാജി കൈലാസ് അല്ലാതാരാ..!!!
ശിക്കാര് - The Hunt Begins...!!!
Posted in
Labels:
സിനിമ
Thursday, September 9, 2010

ഈ അടുത്ത കാലത്തായി ഇറങ്ങിയ മോഹൻലാലിന്റെ സിനിമകളെല്ലാം താഴെ പറയുന്ന രണ്ട് വിഭാഗത്തിൽ ഏതെങ്കിലുമൊന്നിൽ പെടുന്നവയായിരുന്നു.
1. ആരാധകർക്ക് മാത്രം സഹിക്കാൻ കഴിയുന്ന സിനിമ.
2. ആരാധകർക്ക് പോലും സഹിക്കാൻ കഴിയാത്ത സിനിമ.
ആരാധകരല്ലാത്ത പ്രേക്ഷകർക്ക് ഈ കാരണം കൊണ്ട് തന്നെ ലാലിന്റെ സിനിമകളോടുള്ള ആഭിമുഖ്യം വളരെയധികം കുറഞ്ഞിരുന്നു താനും. ആരാധകരും സാധാരണ പ്രേക്ഷകരും തന്റെ സിനിമകൾ കൈ വിട്ടു തുടങ്ങിയതോടെ നില നില്പ്പു തന്നെ ഭീഷണിയായ ഒരു ഘട്ടത്തിലാണു മോഹൻലാൽ ഇപ്പോൾ. അത് കൊണ്ട് തന്നെ മോഹൻലാലിനെ സ്നേഹിക്കുന്ന എല്ലാവരും ആകാംക്ഷയോടെ ഉറ്റു നോക്കിയിരുന്ന ഒരു ചിത്രമായിരുന്നു ശിക്കാർ. സുരേഷ് ബാബു തിരക്കഥയൊരുക്കി പത്മകുമാർ സംവിധാനം ചെയ്ത ഈ സിനിമയുടെ പ്രതീക്ഷകൾ റിലീസിനു മുൻപ് തന്നെ വനോളമുയർന്നിരുന്നു. ഈ പ്രേക്ഷക പ്രതീക്ഷകളെ മുഴുവനായും തൃപ്തിപ്പെടുത്തുന്ന സിനിമയാണു ശിക്കാർ..!. അതെ ഇനി മോഹൻലാലിനു സന്തോഷിക്കാം നിരനിരയായി വന്ന പരാജയങ്ങൾ ഇളക്കം വരുത്തിയ സൂപ്പർ സ്റ്റാർ പദവിയിൽ ഒന്നു കൂടി അമർന്നിരിക്കാം. അലക്സ്സാണ്ടറിനെയും ഒരുനാൾ വന്ന സിനിമയെയും ചൂണ്ടി കാണിച്ച് മോഹൻലാലിനു ഇനീഷ്യൽ പുള്ളിംഗ് നഷ്ടപ്പെട്ടു എന്ന് പറഞ്ഞ സിനിമ ലോകം ശിക്കാറിന്റെ ആദ്യ ദിവസത്തെ തിരക്ക് കണ്ട് ആശ്ചര്യപെടട്ടെ..! ശിക്കാർ മോഹൻലാലിന്റെ ഏറ്റവും നല്ല ചിത്രങ്ങളിൽ ഒന്നു എന്നൊന്നും പറയാൻ പറ്റില്ല. കാരണം ഇതിനേക്കാൾ ഒരുപാട് മികച്ച സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പക്ഷെ ശിക്കാർ നമ്മുക്ക് ഒരു പുത്തൻ അനുഭവം പകർന്നു തരും തീർച്ച. നക്സലിസത്തിന്റെയും ഈറ്റവെട്ടുക്കാരുടെയുമൊക്കെ പശ്ചാത്തലത്തിൽ മലയാള സിനിമക്ക് അന്യമായ കാഴ്ച്ചകളിലൂടെയാണു ശിക്കാറിന്റെ കഥ വികസിച്ച് പൂർണമാകുന്നത്. ശിക്കാർ ഒരു ദൃശ്യാനുഭവമാക്കിയതിൽ ഛായാഗ്രാഹകൻ മനോജ് പിള്ള പ്രത്യേകം അഭിനന്ദനമർഹിക്കുന്നു. തന്റെ മുൻ കാല രചനകളെ വെച്ച് നോക്കുമ്പോൾ വളരെ ഭേദപ്പെട്ട ഒരു തിരകഥ തയ്യാറാക്കിയ സുരേഷ് ബാബു ആണു ശിക്കാറിന്റെ മറ്റൊരു വിജയ ശില്പ്പി. കാരണം പത്മകുമാർ എന്ന സംവിധായകനു ശരാശരി തിരകഥ ഒരല്പ്പം കൂടി നന്നാക്കി സംവിധാനം ചെയ്യാൻ മാത്രമുള്ള കഴിവൊക്കെയെ ഉള്ളു. അതു കൊണ്ട് തന്നെ പരുന്തിനു വേണ്ടി ടി എ റസാക്ക് പടച്ചുണ്ടാക്കിയ തിരകഥ പോലെത്തെ ഒന്നായിരുന്നു സുരേഷ് ബാബുവിന്റെതെങ്കിൽ ഈ വർഷത്തെ ഏറ്റവും വലിയ ഫ്ലോപ്പുകളിൽ ഒന്നായി മാറിയേനെ ശിക്കാർ.ആദ്യ പകുതിയിലെ ഇഴച്ചിലും മടുപ്പും മറികടന്ന് രണ്ടാം പകുതിയെലെത്തുമ്പോൾ മലയാളത്തിൽ അടുത്ത കാലത്തിറങ്ങിയ ഏറ്റവും നല്ല ത്രില്ലർ സിനിമകളിൽ ഒന്നായി മാറുന്നു ഈ സിനിമ. ആദ്യ പകുതി നിരാശാജനകമായിരുന്നെങ്കിലും സംഗതി സുരേഷ് ബാബുവിന്റെതായത് കൊണ്ട് അത് പോട്ടെന്ന് വെക്കാം. ഒരു പാട് താരങ്ങളുണ്ട് ഈ സിനിമയിൽ. ആവശ്യത്തിനും അനാവശ്യത്തിനും. പക്ഷെ മോഹൻലാലിന്റെയും പിന്നെ കുറച്ച് ഭാഗങ്ങളിൽ മാത്രം വരുന്ന സമുദ്രക്കനിയുടെയും അഭിനയമാണു ശിക്കാറിന്റെ ഹൈലൈറ്റ്. മലയാള സിനിമ ശരിയായി ഉപയോഗിക്കാത്ത നടിയായ അനന്യ ഈ സിനിമയിൽ തന്റെ വേഷം ഗംഭീരമാക്കിയിട്ടുണ്ട്. ഇനിയെങ്കിലും കേരളത്തിലെ സിനിമക്കാർ ഈ നടിക്ക് അർഹിക്കുന്ന സ്ഥാനം നല്കിയിരുന്നെങ്കിൽ..! സിനിമയുടെ പശ്ചാത്തല സംഗീതം അതി മനോഹരമായിരുന്നെങ്കിൽ പാട്ടുകൾ തീർത്തും മോശമാക്കി. സിനിമയുടെ സ്വഭാവത്തിനു യോജിച്ചതല്ലാത്തതു കൊണ്ടാകാം എല്ലാ പാട്ടുകളും മുഴച്ചു നിന്നതായാണു അനുഭവപ്പെട്ടത്. അതു പോലെ ഇത്തരം സിനിമകളിൽ കോമഡിക്കായി സുരാജിനെയും ജഗതിയെയും തിരുകി കയറ്റിയത് സംവിധായകന്റെ വിവരമിലായ്മയെ ആണു കാണിക്കുന്നത്. സംഘട്ടനരംഗങ്ങള് പ്രത്യേകിച്ചും ക്ലൈമാക്സ്സിലെ ആരാധകരെ ഹരം കൊള്ളിക്കുന്നവ തന്നെ. മണിക്കൂറിനു ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന കലാഭവൻ മണി സിനിമയിൽ തന്റെ റോൾ എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കി വേണം ഡേറ്റ് നല്കാൻ, അല്ലെങ്കിൽ ഇതു പോലെ കാഴ്ച്ചക്കാരൻ ആയി നില്ക്കേണ്ടി വരും. അങ്ങനെ പഴാക്കാനുള്ളതല്ല മണിയുടെ വിലപ്പെട്ട സമയം. ലക്ഷി ഗോപാലസ്വാമി,സ്നേഹ, മൈഥിലി തുടങ്ങി നിരവധി സ്ത്രീകഥാപാത്രങ്ങളുണ്ട് ഈ സിനിമയിൽ, മുൻപ് പറഞ്ഞത് പോലെ ആവശ്യത്തിനും അനാവശ്യത്തിനും. എന്തായാലും.മോഹൻലാൽ ആരാധകർ തള്ളിപ്പറയാത്ത ഒരു സിനിമ ഒരുക്കാൻ കഴിഞ്ഞതിൽ പത്മകുമാറിനും താണ്ടവം എന്ന നാണക്കേടിൽ നിന്നും രക്ഷപ്പെട്ടതിൽ സുരേഷ് ബാബുവിനും ആശ്വസിക്കാം.ഒപ്പം ഏറെ നാളുകൾക്ക് ശേഷം ഒരു മികച്ച മോഹൻ ലാൽ സിനിമ കണ്ടു എന്ന ആശ്വാസം സാധാരണ പ്രേക്ഷകനും...!!!
*അപ്പോൾ ഭ്രമരത്തെ കടത്തി വെട്ടുമെന്നാണോ..!
**ശിവൻ കുട്ടി ‘വേ’ ബലരാമൻ ‘റെ’...!!
വേണു നാഗവള്ളി അന്തരിച്ചു.
Posted in
Labels:
സിനിമ

പ്രശസ്ത സംവിധായകനും, തിരകഥാകൃത്തും നടനുമായിരുന്ന വേണു നാഗവള്ളി അന്തരിച്ചു. ഇന്ന് പുലർച്ച 1.30 യോടെ കിംസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
1978ൽ പുറത്തിറങ്ങിയ ഉൾക്കടൽ ആണു ആദ്യ ചിത്രം. 2009ൽ ഇറങ്ങിയ ഭാഗ്യദേവത വരെ നിരവധി ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. സുഖമോ ദേവി, സർവ്വകലാശാല ഏയ് ഓട്ടോ, ലാൽ സലാം തുടങ്ങിയ മികച്ച ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തവയാണു. ഭാര്യ സ്വന്തം സുഹൃത്ത് ആണു അദ്ദേഹം സംവിധാനം ചെയ്ത അവസാന ചിത്രം. സുഖമോ ദേവിയുടെ രണ്ടാം ഭാഗം ചെയ്യണമെന്നത് വേണു നാഗവള്ളിയുടെ ആഗ്രഹമായിരുന്നു. അത് പൂർത്തിയാക്കാനാവാതെ ആ നല്ല കലാകാരൻ യാത്രയായി..!
ആദരാഞ്ജലികൾ..!!
വരുന്നു റംസാൻ പോരാട്ടം..!!
Posted in
Labels:
സിനിമ
Friday, September 3, 2010

അങ്ങിനെ പ്രതീക്ഷിച്ചത് പോലെ നിരാശാജനകമായി തന്നെ മലയാള സിനിമയുടെ ഇത്തവണത്തെയും ഓണക്കാലം കടന്നു പോയി. ഹിറ്റുകൾ ഒന്നും പിറന്നില്ല എന്ന് മാത്രമല്ല, പ്രേക്ഷകർ സിനിമ കാണുന്നത് തന്നെ വെറുത്ത് പോകുന്ന തരത്തിലുള്ള 3 ചാർ സൗ ബീസ് തുടങ്ങിയ ദുരന്തങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വരിക കൂടി ചെയ്തു ഈ ഓണക്കാലം. മലബാർ മേഖലയിലെ കളക്ഷൻ ഒരു സിനിമയുടെ വിജയത്തിൽ വലിയ പങ്കു വഹിക്കുന്നുണ്ട് എന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണു. അതു കൊണ്ട് തന്നെ റംസാന് ഒരു വലിയ പോരാട്ടത്തിനു മലയാള സിനിമ സാക്ഷ്യം വഹിക്കാൻ പോകുകയാണു. ഒരിക്കൽ കൂടി മലയാള സിനിമയിലെ വമ്പന്മാർ തമ്മിൽ നേർക്ക് നേർ ഏറ്റുമുട്ടുന്നു. മമ്മൂട്ടിയും മോഹൻലാലും. ഇവരുടെ ചിത്രങ്ങൾ ഒരുമിച്ച് റിലീസ് ചെയ്യുന്നത് അക്ഷരാർത്ഥത്തിൽ മലയാള സിനിമക്ക് ഉത്സവം തന്നെയാണു. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും റമസാൻ ചിത്രങ്ങൾ മെഗാസ്റ്റാറിനും സൂപ്പർ സ്റ്റാറിനും നിർണായകമാണു. മമ്മൂട്ടിയുടെ രണ്ട് ചിത്രങ്ങളാണു റമസാനു റിലീസ് ചെയ്യുന്നത്. രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടൻ & ദി സെയ്ന്റും മമ്മൂട്ടി - അർജുൻ ഒന്നിക്കുന്ന ബഹുഭാഷ ചിത്രമായ വന്ദേമാതരവും. പോക്കിരി രാജയുടെ വൻ വിജയത്തിന്റെ തിളക്കത്തിൽ മിന്നി നിൽക്കുന്നുണ്ടെങ്കിലും ദ്രോണയും പ്രമാണിയും ചൂണ്ടിക്കാണിച്ചു കൊണ്ട് സ്വന്തമായി സിനിമ വിജയിപ്പിക്കാൻ കഴിയുന്നില്ല എന്ന ആരോപണം നേരിട്ടു കൊണ്ടിരിക്കുകയാണു മമ്മൂട്ടി. അതിനെ മറികടക്കണമെങ്കിൽ മമ്മൂട്ടിക്ക് പ്രാഞ്ചിയേട്ടൻ വിജയിച്ചേ തീരു. ഇതിനോടകം തന്നെ പുറത്ത് വന്നു കഴിഞ്ഞ പ്രാഞ്ചിയേട്ടന്റെ സ്റ്റിൽസും ട്രെയിലറുമെല്ലാം മമ്മൂട്ടി ആരാധകരുടെ പ്രതീക്ഷ വാനോളമുയർത്തിയിട്ടുണ്ട്. ഒപ്പമിറങുന്ന മറ്റൊരു മമ്മൂട്ടി ചിത്രമായ വന്ദേമാതരത്തിന്റെ കാര്യത്തിൽ പക്ഷെ അമിത പ്രതീക്ഷകളില്ല. കോടികൾ ചിലവിട്ട് നിർമിച്ച സിനിമയാണെങ്കിലും വൈകുന്ന സിനിമകൾ തകരുന്ന പ്രതിഭാസമുള്ള മലയാള സിനിമയിൽ വന്ദേമാതരത്തിന്റെ ഭാവി എന്താകുമെന്ന് കണ്ടു തന്നെ അറിയണം. പത്മകുമാർ സംവിധാനം ചെയ്ത ശിക്കാർ ആണു ലാലിന്റെ റംസാൻ ചിത്രം. . മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ഫ്ലോപ്പുകളിൽ ഒന്നായ പരുന്തിന്റെ സംവിധായകനും മോഹൻലാലിന്റെ തന്നെ താണ്ടവ രചന നടത്തിയ തിരകഥാകൃത്തും ഒന്നിക്കുമ്പോൾ ഒരു മെഗാ വിജയത്തിൽ കുറഞ്ഞതൊന്നും ഇവരെ രക്ഷിക്കില്ല. മലയാള സിനിമക്ക് പരിചിതമല്ലാത്ത ലൊക്കേഷനുകളിൽ ചിത്രീകരിച്ച ശിക്കാർ ഒരു സൂപ്പർ ഹിറ്റ് ആകും എന്ന് തന്നെയാണു പൊതുവെയുള്ള വിലയിരുത്തൽ. ഇതിലെ ഗാനങ്ങളെല്ലാം ഹിറ്റ് ചാർട്ടിൽ മുൻ നിരയിൽ എത്തി കഴിഞ്ഞു. തുടർച്ചയായി പരാജയങ്ങൾ നേരിട്ട് കൊണ്ടിരിക്കുന്ന മോഹൻലാലിനു നഷ്ടപ്പെട്ടു പോയ ഇനീഷ്യൽ പുള്ളിംഗ് തിരിച്ചു പിടിക്കാനും അതു വഴി ഒരു മെഗാ ഹിറ്റ് മലയാള സിനിമയിൽ പിറക്കാനും ശിക്കാർ ഇടയാക്കട്ടെ എന്ന് നമ്മുക്ക് ആശംസിക്കാം.
അതികായന്മാരുടെ ഈ മത്സരത്തിനിടയിൽ ഒരു ചിത്രം കൂടി റംസാനു എത്തുന്നുണ്ട്. ലാൽ ജോസിന്റെ എൽസമ്മാ എന്ന ആൺകുട്ടി. കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തും പുതുമുഖ നടി ആനും ഒന്നിക്കുന്ന ഈ ചിത്രവും റിലീസിനു മുൻപേ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞതാണു. സൂപ്പർ താരങ്ങൾക്കൊപ്പം യുവതാര ചിത്രം റിലീസ് ചെയ്ത് ലാൽ ജോസ് ഇതിനു മുൻപും വിജയം നേടിയിട്ടുണ്ട്. ഒപ്പമിറങ്ങിയ സൂപ്പർ സ്റ്റാർ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ മൂക്കും കുത്തി വീണപ്പോൾ സർവ്വകാല വിജയം നേടിയ ചിത്രമായിരുന്നു ക്ലാസ്മേറ്റ്സ്. ആ ലാൽ ജോസ് മാജിക്ക് വീണ്ടും ആവർത്തിക്കുമോ എന്ന് ചലചിത്ര ലോകം ഉറ്റു നോക്കി കൊണ്ടിരിക്കുന്നു. എന്തായാലും റംസാൻ ചന്ദ്രിക തെളിയുമ്പോൾ ആരുടെ മുഖത്താണു വിജയത്തിന്റെ മന്ദഹാസം വിടരുക എന്നറിയാൻ ഇനി ഏതാനും നാളുകൾ മാത്രം.! കാത്തിരിക്കാം ആ വീറുറ്റ പോരാട്ടത്തിന്റെ നാളുകൾക്കായി..!!
Subscribe to:
Posts (Atom)