RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

താങ്ക്യു / Thank you


മാസാമാസം സിനിമ എടുക്കുന്നത് കൊണ്ടാണു എന്ന് തോന്നുന്നു. വികെപിയുടെ പടങ്ങൾ കാണാൻ പണ്ടുള്ളതു പോലെ ഒരു താല്പര്യം ഇല്ല. അതു കൊണ്ട് തന്നെയാണു ഈ ആഴ്ച്ച ഇറങ്ങിയ എ ബി സിഡിയും ലെഫ്റ്റ് റൈറ്റുമെല്ലാം കണ്ടിട്ടും വികെപി പുതിയതായു സംവിധാനം ചെയ്ത് ജയസൂര്യ നായകനായി അഭിനയിച്ച താങ്ക്യു എന്ന സിനിമയിൽ നിന്ന് ഒഴിഞ്ഞ് നിന്നത്.

എന്നാൽ ഈ സിനിമയെ പറ്റി ഇറങ്ങിയ ഒരു റിവ്യുവിൽ ഈ വർഷം ഇറങ്ങിയ ഏറ്റവും മികച്ച ചിത്രം എന്ന ഒരു അഭിപ്രായ പ്രകടനം കണ്ടു. അത് കണ്ട് കഴിഞ്ഞപ്പോൾ പിന്നെ ഈ സിനിമ കാണാതിരിക്കാൻ പറ്റില്ല എന്നായി. കടുത്ത മഴയെ വകവെയ്ക്കാതെ നേരെ തിയറ്ററിലേക്ക് വെച്ചു പിടിച്ചു. റിലീസ് ചെയ്ത് മുന്നാമത്തെ ദിവസം തന്നെ ചിത്രം 4 ഷോ എന്നത് 2 ഷോ ആയി മാറിയിരുന്നു. ജയസൂര്യ ഒറ്റയ്ക്ക് നായകനായി അഭിനയിക്കുന്ന സിനിമകളെല്ലാം ഇതേ പോലെ ഉള്ളവയായതിനാൽ അതിൽ അത്ഭുതം തോന്നിയില്ല.

അങ്ങനെ സിനിമ തുടങ്ങി. തിരുവനന്തപുരം നഗരത്തിൽ എത്തുന്ന ഒരു ചെറുപ്പക്കാരൻ പോലീസ് വയർലെസ്സ് തട്ടി എടുക്കുകയും രണ്ടിടങ്ങളിൽ ബോംബ് വെച്ചിട്ടുണ്ട് എന്ന് പോലീസിനെ അറിയിക്കുകയും ചെയ്യുകയാണു. നഗരത്തെ മുഴുവൻ മുൾമുനയിൽ നിർത്തുന്ന ഈ അഞ്ജാതനെ തേടി പോലീസ് പരക്കം പായുന്നു. ഒടുവിൽ വയർലെസ്സ് സെറ്റ് കണ്ടെടുക്കുമ്പോൾ അഞ്ജാതാൻ ടെലിവിഷനിൽ പ്രത്യക്ഷപ്പെടുകയാണു. ഇയാൾ ആരു എന്തിനു എങ്ങനെ എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം അയാൾ തന്നെ ടെലിവിഷനിലൂടെ ജനങ്ങളോട് പറയുകയാണു.

ജയസൂര്യയാണു ഈ സിനിമയിൽ നായകനായി അഭിനയിച്ചിരിക്കുന്നത്. മൈന ഫെയിം സേതു, കൈലാഷ് എന്നിവരും ഹണി റോസ് വളരെ ചെറിയ ഒരു വേഷത്തിലും സിനിമയിൽ ഉണ്ട്. ഒരു വലിയ മാറ്റത്തിനു തുടക്കമാവേണ്ട സമയമായി എന്ന സന്ദേശമാണു ഈ സിനിമ നൽകുന്നത്. എന്നാൽ മേലനങ്ങാതെ സോഷ്യൽ നെറ്റ്വർക്ക് സൈറ്റുകളിൽ സമൂഹിക അനീതികൾക്കെതിരെ ഘോരാഘോര പോസ്റ്റുകൾ ഇടുകയും മൂക്കിൻ തുമ്പത്ത് നടക്കുന്നതിനെ കണ്ടില്ലെന്ന് നടിക്കുകയും കണ്ടാൽ തന്നെ ഫോട്ടോ എടുത്ത് ഫേസ്ബുക്കിലിട്ട് ലൈക്കും ഷെയറും കൂട്ടാൻ ശ്രമിക്കുന്നവർക്ക് ഇത്തരം സിനിമകൾ കാണാനോ ഇതിനെ പറ്റി ചർച്ച ചെയ്യാനോ താല്പര്യം ഉണ്ടാവാൻ സാധ്യത കുറവാണു.

അതു കൊണ്ട് തന്നെ ഈ സന്ദേശം വേണ്ട വിധത്തിൽ ജനങ്ങളിലേക്ക് എത്തുമോ എന്നതും സംശയമാണു. എന്നിരുന്നാലും സംവിധായകൻ വികെപി, തിരകഥകൃത്ത് അരുൺ ലാൽ, ജയസൂര്യ നിങ്ങൾക്ക് ഒരു വലിയ കയ്യടി, ക്ലൈമാക്സ് കഴിഞ്ഞതിനു ശേഷവും സംവിധായകൻ നമ്മുക്കായി ഒരു സർപ്രൈസ് കാത്തു വെച്ചിട്ടുണ്ട്. എ വെനസ്ഡേ എന്ന ഹിന്ദി ചിത്രത്തിന്റെ ഒരു വിദൂര ഛായ ആദ്യം തോന്നാമെങ്കിലും വികെപി സിനിമയെ മറ്റൊരു തലത്തിലേക്കാണു ഉയർത്തിയിരിക്കുന്നത്. ഈ സിനിമ നിങ്ങൾ കണ്ടില്ല എങ്കിൽ അതിനർത്ഥം ഈ വർഷം ഇതു വരെ ഇറങ്ങിയതിൽ വെച്ചേറ്റവും സാമൂഹ്യ പ്രതിബന്ധതയുള്ള സിനിമ നിങ്ങൾ കണ്ടിട്ടില്ല എന്നതാണു..!!

0 comments:

Followers

 
Copyright 2009 b Studio. All rights reserved.