RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

5 സുന്ദരികൾ


ഒരുപാട് സംവിധായകർ ചേർന്നു ഒരു സിനിമ.. ഇങ്ങനെ ഒരു അനുഭവം കേരള കഫേയിലൂടെ ഒരിക്കൽ മലയാളികൾ കണ്ടറിഞ്ഞിട്ടുള്ളതാണു. പ്രഗത്ഭരായ പല സംവിധായകരും അവരുടെ വളരെ മികച്ച ചിത്രങ്ങളും ഉണ്ടായിരിന്നിട്ട് പോലും ആ സിനിമയ്ക്ക് തിയറ്ററുകളിൽ തണുത്ത പ്രതികരണമാണു ലഭിച്ചത്. അതുകൊണ്ട് തന്നെയാണു അതേ പാത പിൻ തുടർന്ന് പെട്ടെന്ന് പുതിയ സിനിമകൾ ഉണ്ടാവാതിരുന്നതും.

എന്നാൽ മാറുന്ന മലയാള സിനിമയിൽ ഇങ്ങനെ ഒരു പരീക്ഷണത്തിന്റെ സാധ്യത തിരിച്ചറിഞ്ഞിട്ട് തന്നെയാണു അമൽ നീരദ് 5 സുന്ദരികൾ എന്ന പുതിയ സിനിമ ഒരുക്കിയിരിക്കുന്നത്. മലയാളത്തിലെ പ്രഗത്ഭരായ 5 സംവിധായകർ ഒരുമിക്കുന്ന സിനിമ. ഷൈജു ഖാലിദ്, സമീർ താഹിർ, ആഷിക്ക് അബു, അമൽ നീരദ് , അൻവർ റഷീദ് എന്നീ പുതുതലമുറയുടെ പൾസ് കൃത്യമായി തിരിച്ചറിയാൻ കഴിയുന്ന 5 സംവിധായകർ ഒരു സിനിമ സംവിധാനം ചെയ്യുന്നു എന്ന് പറയുമ്പോൾ പ്രേക്ഷകനു വല്ലാതങ്ങ് ആശിച്ച് പോകും..!

പരസ്പര ബന്ധമില്ലാത്ത 5 ഷോർട്ട് ഫിലിമുകൾ. സേതുലക്ഷ്മി, ഇഷ,ഗൗരി, കുള്ളന്റെ ഭാര്യ, ആമി ഇങ്ങനെ 5 സുന്ദരികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി കൊണ്ട് 5 സംവിധായകർ സംവിധാനം ചെയ്ത 20 മിനുട്ടോളം ദൈർഘ്യം വരുന്ന 5 കഥകൾ. അതാണു 5 സുന്ദരികൾ എന്ന സിനിമ. കേരളകഫയിൽ നിന്ന് 5 സുന്ദരികളെ വ്യത്യസ്തമാക്കുന്ന ഒരു ഘടകം ഈ സിനിമ കഴിയുന്നത് വരെ ആരൊക്കെയാണു ഒരോ കഥകളും സംവിധാനം ചെയ്തിരിക്കുന്നത് എന്ന് അറിയാൻ കഴിയുക ഇല്ല എന്നതാണു. അതു കൊണ്ട് തന്നെ ഒരോ ഷോർട്ട് ഫിലിം കഴിയുമ്പോഴും നമ്മൾ മനസ്സിൽ പ്രതീക്ഷിക്കും ഇത് ചെയ്തിരിക്കുന്നത് ഇന്നയാളാണു എന്ന്. എന്നാൽ സിനിമ അവസാനിച്ചത് കണക്ക് കൂട്ടലുകൾ എല്ലാം തെറ്റിച്ച് കൊണ്ടാണു.

 ഈ 5 ഷോർട്ട് ഫിലിമുകളിൽ ഏറ്റവും മികച്ച് നിന്നത് ദുൽഖർ അഭിനയിച്ച കുള്ളന്റെ ഭാര്യയും ഏറ്റവും മോശമായത് കാവ്യ അഭിനയിച്ച ഗൗരിയുമാണു. ഇതിൽ കുള്ളന്റെ ഭാര്യ സംവിധാനം ചെയ്തിരിക്കുന്നത് അമൽ നീരദും ഗൗരി സംവിധാനം ചെയ്തിരിക്കുന്നത് ആഷിക്ക് അബുവുമാണു എന്നറിയുന്നിടത്താണു നേരത്തെ പറഞ്ഞ കണക്ക് കൂട്ടലുകളുടെ പ്രസക്തി. ശക്തമായ ഒരു തിരകഥ ഇല്ല എങ്കിൽ ആഷിക്ക് അബു എന്ന സംവിധായകൻ വട്ട പൂജ്യമാണു എന്ന് ഈ സിനിമ തെളിയിക്കുകയാണു.

അഭിനയത്തിൽ ഏറ്റവും മുന്നിൽ നിന്നത് ഫഹദ് ഹാസിൽ ആയിരുന്നു. അൻവർ റഷീദിന്റെ ആമിയിലെ നായകനായി ഫഹദ് മികച്ച് നിന്നു. ഫഹദ് കഴിഞ്ഞാൽ പിന്നെ സേതുലക്ഷ്മിയിലെ ആൺകുട്ടിയും പെൺകുട്ടിയുമാണു അഭിനയത്തിൽ ശ്രദ്ധേയമായത്. എന്നാൽ എടുത്ത് പറയേണ്ടത് ദുൽഖറിന്റെ സാന്നിധ്യമാണു. ഒരു ഡയലോഗ് പോലുമില്ലാതെ മുഴുവൻ വോയ്സ് ഓവറിലും ഭാവങ്ങളിലുമാണു ദുൽഖർ സിനിമയിൽ. എന്നിട്ടും കാണികളുടെ പ്രശംസ പിടിച്ചു പറ്റാൻ സാധിച്ചു എന്നതിൽ അമൽ നീരദിനും വലിയ ഒരു പങ്കുണ്ട്. ഇഷയിൽ അഭിനയിച്ച നടി തരക്കേടിലായിരുന്നു അതിലെ നായകൻ നവീൻ ഇപ്പോഴും തട്ടത്തിന്റെ മറയത്തിൽ തന്നെയാണു. ഇടയ്ക്ക് നേരവും.

ഏറ്റവും അവസാനമേ ബിജുമേനോന്റെയും കാവ്യയുടേയും പ്രകടനം വരുന്നുള്ളു എന്നത് അവരുടെ കഴിവ് കേട് കൊണ്ടല്ല മറിച്ച് അവർക്കാ ഷോർട്ട് ഫിലിമിൽ അത്രയേ ചെയ്യാനുണ്ടായിരുന്നു എന്നത് കൊണ്ടാണു. സിനിമയുടെ നിയതമായ ഒരു രൂപമില്ല എന്നതു കൊണ്ടും 5 വ്യത്യസ്ത ഷോർട്ട് ഫിലിമുകളായത് കൊണ്ടും ഒരോ ഷോർട്ട് ഫിലിമിനും റേറ്റിംഗ് കൊടുക്കാൻ നിർബന്ധിതമാവുകയാണു. റേറ്റുംഗുകളുടെ ആകെ തുക സിനിമയുടെ റേറ്റിംഗ് ആയി കണക്കാക്കാവുന്നതാണു.
1. കുള്ളന്റെ ഭാര്യ - 8/10
2. സേതു ലക്ഷി - 6/10
3. ഇഷ - 5.5 /10
4. ആമി - 5 /10
5. ഗൗരി - 2/10

അപ്പോൾ സിനിമയുടെ റേറ്റിംഗ് 5.3/10. 

ഒരു ബന്ധവുമില്ലെങ്കിൽ ഈ ഷോർട്ട് ഫിലിമുകൾ ഒരുമിച്ചാക്കി എന്തിനു സിനിമയാക്കി എന്ന് ഏതെങ്കിലും സാധാരണ പ്രേക്ഷകൻ ചോദിച്ചാൽ അതിനുത്തരം ഇതാണു. സിനിമയാക്കാതെ ഷോർട്ട് ഫിലിമുകൾ യുട്യൂബിൽ ഇട്ടാൽ ഒരൊറ്റ കുട്ടിയും കാണാൻ പോകുന്നില്ല.. കാരണം ഷോർട്ട് ഫിലിമുകൾ നല്ല അന്തസ്സായിട്ട് ചെയ്യാൻ അറിയുന്ന ഒരുപാട് പേർ നമ്മുടെ നാട്ടിലുണ്ട്. അവരത് വൃത്തിയായിട്ട് ചെയ്യുന്നുമുണ്ട്. അതു കൊണ്ടാണു അമൽ നീരദ് ഇതൊരു സിനിമയാക്കിയത്. അങ്ങനെ നാലാളു കേറി 10 കാശ് കിട്ടിയാൽ എന്താ പുളിക്കോ..??
5 സുന്ദരികൾ എന്ന പേരിട്ടിട്ട് സിനിമ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ഒരു സുന്ദരി പോലും മനസ്സിൽ തങ്ങി നിൽക്കുന്നില്ല എന്നതാണു ദുഃഖകരമായ വസ്തുത. അത് തന്നെയാണു ഈ സിനിമയുടെ പരാജയവും..!

0 comments:

Followers

 
Copyright 2009 b Studio. All rights reserved.