RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ടാ തടിയാ


ഡാഡി കൂൾ ഒരബദ്ധമായിരുന്നു. സാൾട്ട് & പെപ്പർ ചക്ക വീണു ചത്ത മുയലും. നിരൂപക ലോകം ഒന്നടങ്കം വാഴ്ത്തിയ 22 ഫീമെയിൽ ആകട്ടെ അങ്ങ് ഹോളിവുഡിൽ നല്ല വെവരമുള്ള സായിപ്പന്മാർ പടച്ചുണ്ടാക്കിയതിനെ ഉഡായിപ്പിൽ അടിച്ചെടുത്ത് ഒപ്പിച്ചതും. അതു കൊണ്ട് തന്നെ ന്യൂജനറേഷൻ സിനിമകളിലെ ഏറ്റവും ഗ്ലാമറുള്ള സംവിധായകൻ ശ്രീ ആഷിക്ക് അബുവിന്റെ ശരിക്കുമുള്ള ക്രാഫ്റ്റ് എന്താണെന്ന് തെളിയിക്കപ്പെടേണ്ട സിനിമയായിരുന്നു ടാ തടിയാ. 

ആൻ മെഗാമീഡിയയുടെ ബാനറിൽ ആന്റോ ജോസഫ് നിർമ്മിച്ച ടാ തടിയാ എന്ന ചിത്രം തടിയന്മാരുടെ ജീവിതത്തിലേക്കാണു വിരൽ ചൂണ്ടുന്നത്. പൊണത്തടിയന്മാർ സമൂഹത്തിൽ അനുഭവിക്കുന്ന വിഷമതകൾ എല്ലാം നർമ്മത്തിൽ ചാലിച്ച് ഒരുക്കിയ ഒരു ബഡ്ഡി സ്റ്റൈയിൽ ചിത്രം എന്ന് ഒറ്റ നോട്ടത്തിൽ തോന്നാമെങ്കിലും സംഗതി ഇതൊന്നുമല്ല. പണ്ട് മലയാളത്തിൽ വിനയൻ സാർ എടുത്ത് പ്രയോഗിച്ച് ഒരുപാട് വട്ടം വിജയം കണ്ട ഫോർമുല ആഷിക്ക് അബു ഒരു ന്യൂജനറേഷൻ രീതിയിൽ പരീക്ഷിച്ചിരിക്കുകയാണു. 

വൈകല്യങ്ങൾ വിഷയങ്ങളാക്കി കൊണ്ട് ഹിറ്റുകൾ ഒരുക്കിയ വിനയൻ ചിത്രങ്ങൾ വിജയങ്ങൾ കണ്ടത് ചിത്രത്തിലെ കഥാപാത്രങ്ങൾ അനുഭവിക്കുന്ന വൈകല്യത്തിന്റെ വിഷമതകൾ നമ്മുടേത് കൂടിയാണു എന്ന തോന്നൽ നമ്മുക്കിടയിൽ ഉണ്ടാക്കിയെടുത്തത് കൊണ്ടാണു. അങ്ങനെയൊരു കരുത്ത് ഈ ചിത്രത്തിനു ഇല്ലാതെ പോയി എന്നതാണു ടാ തടിയാ എന്ന ചിത്രത്തിന്റെ പ്രധാന ന്യൂനത. 

മലയാള സിനിമയിൽ സമൂലമായ മാറ്റം വരണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഒരു സിനിമക്കാരനാണു ആഷിക്ക് അബു. തന്റെ ചിത്രങ്ങളിലൂടെയെല്ലാം അദ്ദേഹം അതിനു ശ്രമിക്കുകയും ചെയ്യുന്നുണ്ട്. പരമ്പരാഗത സിനിമ രീതികളിൽ നിന്ന് മാറി തന്നെയാണു ടാ തടിയാ എന്ന സിനിമ തുടങ്ങുന്നത് തന്നെ. ആദ്യ സീനിൽ തന്നെ ഇത് ചിത്രത്തിന്റെ തുടക്കമല്ല ഇത് ക്ലൈമാക്സ് ആണു എന്ന് പറയുന്നിടത്ത് തുടങ്ങി ഒരു ആഷിക്ക് അബു ടച്ച്. 

പടം പുരോഗമിക്കുത്തോറും അത് നിലനിർത്താനായെങ്കിലും അവസാനം നമ്മുടെ സ്ഥിരം മലയാള സിനിമകളുടെ വഴിയെ പോകാൻ സംവിധായകൻ നിർബദ്ധിതനാവുകയാണു. വിനയൻ ഫോർമുലയോടൊപ്പം ഇന്ന് നമ്മുടെ നാട്ടിൽ പരസ്യങ്ങളുടെ അകമ്പടിയോടെ വിറ്റഴിക്കപ്പെടുന്ന സൗന്ദര്യവർദ്ധക വസ്തുകളുടെ സത്യാവസ്ഥ പുറത്ത് കൊണ്ട് വരിക എന്ന സാമൂഹ്യ ദൗത്യം കൂടി ഈ സിനിമയിൽ നിർവ്വഹിക്കപ്പെടുന്നുണ്ട്. എന്നാൽ തടിയന്മാരുടെ വിഷമതകൾക്കാണോ അതോ ഇന്ദുലേഖ പോലുള്ള ഉത്പന്നങ്ങൾക്കെതിരെയുള്ള മുന്നറിയിപ്പിനാണോ സിനിമയിൽ മുൻ തൂക്കം എന്ന് ചോദിച്ചാൽ വ്യക്തമായി നിർവ്വചിക്കപ്പെടാനാവാത്തതാണു സിനിമയുടെ അടുത്ത ന്യൂനത. 

നായകനായി അഭിനയിച്ച ശേഖർ മേനോൻ തന്റെ അരങ്ങേറ്റം ഗംഭീരമാക്കി. ശ്രീനാഥ് ഭാസി എന്ന ചെറുപ്പക്കാരനു മുമ്പിൽ മലയാള സിനിമയുടെ വാതായനങ്ങൾ മലർക്കെ തുറക്കപ്പെടുന്ന ചിത്രമാണു ടാ തടിയാ. ആൻ അഗസ്റ്റിൻ തന്റെ വേഷം മികച്ചതാക്കിയിലെങ്കിലും മോശമാക്കിയില്ല. നിവിൻ പോളിക്ക് നായക വേഷത്തേക്കാൾ ഇണങ്ങുക വില്ലൻ വേഷങ്ങളായിരിക്കും. മറ്റ് താരങ്ങളായ മണിയൻപിള്ള രാജു, ഇടവേള ബാബു, ശ്രീരാമൻ തുടങ്ങിയവരെല്ലാം കാണികളെ രസിപ്പിച്ചു.

ഛായാഗ്രഹണം,ഗാനങ്ങൾ എല്ലാം മികച്ചു നിന്നഈ സിനിമ സംവിധായകൻ ഒരല്പം കൂടി ധീരമായ സമീപനം സ്വീകരിച്ചിരുന്നെങ്കിൽ വളരെയേറെ ശ്രദ്ധിക്കപ്പെടുമായിരുന്ന ഒന്നാകുമായിരുന്നു.. ഇതിപ്പോ സിനിമയിലെ പാട്ടു പോലെ പടം ആവറേജാണു ബായ്...

* ലോകത്ത് കഷണ്ടിക്ക് മരുന്നു കണ്ട് പിടിച്ചിട്ടില്ല എന്ന് എല്ലാവർക്കും അറിയാം എന്നിട്ടും ഇന്ദുലേഖയും ധാത്രിയുമെല്ലാം ചൂടപ്പം പോലെ വിറ്റഴിയുന്നു..!


** അതിപ്പോ ഫെയിർ & ലവ്ലി തേച്ചാൽ വെളുക്കുമായിരുന്നെങ്കിൽ ആഫ്രിക്കയിൽ ഒരൊറ്റ കറുത്ത വർഗ്ഗക്കാരനുമുണ്ടാകിലായിരുന്നല്ലോ..!!

1 comments:

SAJU R thottappally said...

ഈ സിനിമയെ ഞാന്‍ ഇങ്ങനെ വായിക്കുന്നു

ആഷിക് അബു മലയാളിയോട് ധൈര്യ സമേതം പിന്തുടരാന്‍ ആവശ്യപ്പെടുന്ന മുദ്രാവാക്യം ആണ് " ടാ തടിയാ " എന്ന ചലച്ചിത്രം ,മലയാളി പ്രധാനമായും തന്റെ അഴകളവുകളിലും രൂപ ഭാവങ്ങളിലും വികസിതമായ അസ്തിത്വം തേച്ചു മാച്ചു കളഞ്ഞു സുന്ദരനാകാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് , നമ്മുടെ അപകര്‍ഷതാബോധത്തിന്റെ ഹിമാലയന്‍ സൌധങ്ങളിലാണ് പലരും കച്ചോടം പോടീ പൊടിക്കുന്നത് ;വട്ടായി പോകുന്നതും നമ്മള്‍ തന്നെയാണ് . അവിടെ വാനം നീലയാണെന്നും, ഇലകളുടെ പച്ച നിറം തന്നെയാണ് അതിന്റെ അസ്തിത്വം എന്നും പൂക്കളുടെ നിറ വൈവിധ്യമാണതിന്റെ വ്യത്യസ്തത എന്ന തിരിച്ചറിയുമ്പോളാണ്, നമുക്ക് ഞാന്‍ ഇങ്ങനെ ആണെന്നും അതിനു നിനക്ക് എന്താണെന്നും എന്റെ രൂപ വ്യത്യാസങ്ങള്‍ ചുരണ്ടി തിന്നരുതെന്നും ഘടാഘടിയന്മാരായ കമ്പനികളോട് ഉറക്കെ ആവശ്യപ്പെടാന്‍ കഴിയുന്നത് . ഈ പഞ്ച് തന്നെയാണ് "ടാ തടിയ" എന്നോട് പറഞ്ഞത് . പാമ്പും ,പല്ലിയും, ചീങ്കണ്ണിയും ഒക്കെ ഒരു മനസമാധാനക്കേടുമില്ലാതെ വസിക്കുന്ന ഈ ഭൂമിയില്‍ അഴകളവുകളിലെ ദിവ്യാനുപാതമളന്നിരിക്കാതെ ജന്മസിദ്ധമായ കഴിവ് പ്രകടിപ്പിക്കാന്‍ ലേപനങ്ങളേശാത്ത മണ്ടേലാണ് ബുദ്ധി എന്ന് ഓര്‍മിപ്പിക്കേണ്ടി വരുന്നു .
കൂടുതല്‍ മാമ്പൂക്കള്‍ ബ്ലോഗില്‍ ..

Followers

 
Copyright 2009 b Studio. All rights reserved.