RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

Kasaba - Film Review


രൺജി പണിക്കരുടെ മകനായ നിഥിൻ രൺജി പണിക്കർ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത സിനിമയാ കസബ. നിഥിൻ തന്നെ തിരകഥ രചിച്ചിരിക്കുന്ന സിനിമയിൽ വരലക്ഷ്മി, സമ്പത്ത്, നേഹ സക്സേന എന്നിവർ പ്രധാന വേഷങ്ങളിലഭിനയിക്കുന്നു. ഒരു പോലീസ് സ്റ്റോറിയാണു കസബയിലൂടെ നിഥിൻ ഒരുക്കിയിരിക്കുന്നത്.

കഥ

സി ഐ രാജൻ സക്കറിയ.  ആളൊരു പ്രത്യേക ടൈപ്പ് ആണു. സഹ പോലീസുകാരുടെ ഭാഷയിൽ പറഞ്ഞാൽ കാർണിവലിനു സൂചിയേറുമായി നടക്കുന്ന ഒരു പോലീസ്.  ഐ ജിയോട് പ്രത്യേക അടുപ്പം ഉള്ളത് കൊണ്ട് രാജൻ സക്കറിയയുടെ അലസ സ്വഭാവവും കുരുത്തക്കേടുകളുമൊക്കെ വലിയ കാര്യമാക്കാതെ പോകുന്നു. 

അങ്ങനെയിരിക്കെ കേരള -കർണാടക ബോർഡറിലുള്ള  കാളിയൂരിലെ  ഒരു വേശ്യാലയത്തിൽ നിന്നും ഒരു പെൺകുട്ടിയെ രക്ഷിച്ച് കൊണ്ട് വരുന്ന സിറാജ് എന്ന കോളേജ് അധ്യാപകനെ അവിടുത്തെ സി ഐ കൊലപ്പെടുത്തി പെൺകുട്ടിയെ തിരികെ വേശ്യാലയത്തിൽ കൊണ്ട് ചെന്നാക്കുകയും പകരമായി അവിടുത്തെ നടത്തിപ്പുകാരി കമലയെ ആവശ്യപ്പെടുകയും ചെയ്യുന്നു, കമല അവിടുത്തെ വലിയ ഒരു പൊളിറ്റീഷ്യന്റെ വെപ്പാട്ടിയാണു. പരമേശ്വരൻ നമ്പ്യാർ, അയാൾ സി ഐ യുമായി സംഘട്ടനത്തിലേർപ്പെടുകയും സി ഐ നമ്പ്യാരെ കൊല്ലുമെന്ന ഘട്ടം വരികയും ചെയുമ്പോൾ കമല സി ഐയെ വെടി വെച്ച് കൊല്ലുന്നു.

 സി ഐ യുടെ ശരീരം പോസ്റ്റ്മാർട്ടത്തിനു കൊണ്ട് പോകുന്ന വാൻ പൊട്ടിത്തെറിച്ച് 6 പോലീസുകാരും ഐജിയുടെ മകനും പ്രതിശ്രുത വധുവും കൊല്ലപ്പെടുന്നു. ബാംഗ്ലൂരിൽ കല്യാണം ക്ഷണിക്കാൻ പോയ ഐ ജിയുടെ മകൻ എങ്ങനെ പോലീസ് വാനിൽ വെച്ച് കൊല്ലപ്പെട്ടു എന്ന് അന്വേഷിക്കാനായി രാജൻ സക്കറിയ കാളിയൂരിലെത്തുന്നു. 

വിശകലനം.

കൃത്യമായി പറഞ്ഞാൽ 2010 ൽ പുറത്തിറങ്ങിയ പോക്കിരി രാജയ്ക്ക് ശേഷം തിയറ്ററുകളെ ഇളക്കി മറിയ്ക്കാൻ തക്ക ശേഷിയുള്ള ഒരു മമ്മൂട്ടി പടം പിന്നീടുണ്ടായിട്ടില്ല. മമ്മൂട്ടിയെ കൊണ്ട് തീ പൊരി ഡയലോഗുകൾ പറയിപ്പിച്ച സാക്ഷാൽ രൺജി പണിക്കരുടെ മകൻ മമ്മൂട്ടിയുമായി ഒരു പടം ചെയ്യുന്നു എന്ന കേൾക്കുമ്പോൾ ആരാധകരുടെ മനസ്സിൽ തേവള്ളി പറമ്പിൽ ജോസഫ് അലക്സും ഭരത് ചന്ദ്രനുമൊക്കെ മിന്നി മായുന്നത് സ്വഭാവികം.

 കസബയുടെ ഫസ്റ്റ് ലുക്കിനോടനുബന്ധിച്ച്  പുറത്തിറങ്ങിയ ട്രോളുകൾ കാരണം മമ്മൂട്ടി സിനിമകൾ റിലീസ് ചെയ്യുന്നതിൽ വലിയ താല്പര്യം  കാണിക്കാത്ത പ്രേക്ഷകർ വരെ കസബയ്ക്കായി കാത്തിരുന്നു എന്നത് വേറെ ഒരു വശം. അങ്ങനെ എല്ലാം കൊണ്ടും മമ്മൂട്ടി ആരാധകർക്ക് ശുക്രൻ ഉച്ച സ്ഥായിയിൽ എത്തി നില്ക്കുന്ന ടൈം.  കസബ മമ്മൂട്ടി ആരാധകർക്ക് വേണ്ടി മമ്മൂട്ടി ആരാധകൻ സംവിധാനം ചെയ്ത സിനിമയാണെന്ന് ഒറ്റവാക്കിൽ പറയാം. 

മലയാളത്തിൽ പോലീസ് കഥാപാത്രങ്ങൾ നായകന്മാരാകുന്ന സിനിമകൾ രണ്ട് തരത്തിലാണുള്ളത്. ഒന്ന് വില്ലൻ ആരാണെന്ന് ആദ്യമേ പറഞ്ഞ് അവസാനം വില്ലനെ കൊലപെടുത്തുന്ന രൺജി പണിക്കർ- ഷാജി കൈലാസ് സ്റ്റൈയിൽ. അടുത്തത് വില്ലൻ ആരാണെന്ന് അവസാനം വരെ സസ്പെൻസിൽ വെച്ച് ലാസ്റ്റ് ട്വിസ്റ്റിൽ പടം അവസാനിപ്പിക്കുന്ന സ്വാമി - കെ മധു സ്റ്റൈയിൽ. പുതിയ തലമുറയുടെ പ്രതിനിധിയായ നിഥിൻ രൺജി പണിക്കർ ഇതിലേത് വഴി സ്വീകരിക്കും എന്ന് കാത്തിരുന്ന പ്രേക്ഷകരെ ഞെട്ടിപ്പിച്ച് കൊണ്ട് ഒരു  ഐവി ശശി - ദാമോദരൻ ലൈനാണു കസബയിൽ കൊണ്ട് വന്നിരിക്കുന്നത്. 

ആദർശ ശാലിയായ പോലീസ് ഉദ്യോഗസ്ഥൻ, നെടു നീള ഡയലോഗുകൾ ഇതൊന്നും കസബയിലില്ല. ഇൻസ്പെക്ടർ ബൽറാമിനെ പോലെ രാജൻ സക്കറിയയും കുറച്ച് വശപിശകാണു. രാജൻ സക്കറിയ വൺ ലൈനിൽ ഡബിൾ മീനിംഗ് ഡയലോഗ് പറഞ്ഞ് കയ്യടി നേടുന്ന ആളാണു. സംവിധായകൻ പുതുമുഖമായത് കൊണ്ട് പടത്തിൽ മുഴുവൻ മമ്മൂട്ടിയുടെ വണ്മാൻ ഷോയാണു നടക്കുന്നത്. സിനിമകളുടെ പ്രോമോഷൻ ടോക്കുകളിൽ മറ്റാർക്കും സംസാരിക്കാൻ അവസരം നല്കാതെ സംസാരിച്ചു കൊണ്ടേയിരിക്കുന്ന അതേ രീതി ഈ സിനിമയിലും കാണാം. സമ്പത്തിനെ പോലെയുള്ള കരുത്തുറ്റ നടന്മാർക്ക് വരെ അതുകൊണ്ട് കാഴ്ച്ചകാരായി നില്ക്കേണ്ടി വന്നു.

 കൃത്യമായ കഥയോ തിരകഥയോ ഇല്ലാതെ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന സംഭവങ്ങളിലൂടെ മുന്നോട്ട് നീങ്ങുന്ന കസബയിലൂടെ   മമ്മൂട്ടിയുടെ ഏറെ നാളുകൾക്ക് ശേഷമുള്ള തകർപ്പൻ പ്രകടനം കാണാൻ ആഗ്രഹിക്കുന്ന ആരാധകരെ തൃപ്തിപ്പെടുത്താൻ സാധിച്ചു എന്നതിൽ നിഥിൻ രൺജി പണിക്കർക്ക് അഭിമാനിക്കാം. എന്നാൽ ആരാധകർ അല്ലാത്ത പ്രേക്ഷകർക്ക് കൂടി ഇഷ്ടപ്പെടുന്ന ഒരു സിനിമ ഒരുക്കാൻ miles to go before you sleep...!!

പ്രേക്ഷക പ്രതികരണം

മമ്മൂട്ടിയുടെ ആരാധകർ ആവേശതിമർപ്പോടെ പുറത്തിറങ്ങിയപ്പോൾ സ്ത്രീകളും കുട്ടികളുമായി വന്നവർ ജീവനും കൊണ്ട് തിയറ്റർ വിട്ടോടി..!!

ബോക്സോഫീസ് സാധ്യത

കസബ ട്രോളുകൾ കൊണ്ടുണ്ടായ ഗംഭീര ഇനീഷ്യലും ഫാൻസിന്റെ തള്ളിക്കയറ്റവും  കൊണ്ട് ഫാമിലി  സപ്പോർട്ടില്ലാതെ ഒരു സിനിമ എത്രത്തോളം പോകുമോ അത്രത്തോളം പോകും

റേറ്റിംഗ്:  2.5/ 5

അടിക്കുറിപ്പ്:

കാര്യമൊക്കെ ശരിയാണു.. രാജൻ സക്കറിയ വഷളനാണു.. എന്നു വെച്ച് ഇമ്മാതിരി അശ്ലീല ഡയലോഗുകൾ മമ്മൂക്ക പറഞ്ഞാൽ ഞങ്ങൾ സഹിക്കൂല്ല ലാലേട്ടനാണേൽ കയ്യടിച്ച് രസിക്കും എന്ന് ഒരു ഫാമിലി പറയാൻ പറഞ്ഞു...!!

0 comments:

Followers

 
Copyright 2009 b Studio. All rights reserved.