RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ഹോട്ടൽ കാലിഫോർണിയ


അടിച്ചു മാറ്റിയതല്ലങ്കിൽ അനൂപ് മേനോൻ എഴുതിയ മനോഹരമായ ഒരു തിരകഥയാണു ഹോട്ടൽ കാലിഫോർണിയയുടെത്. പക്ഷെ നിർഭാഗ്യം എന്ന് പറയട്ടെ സംവിധാന മികവ് കൊണ്ട് അതങ്ങ് നശിപ്പിച്ച് ഇല്ലാതാക്കി കളഞ്ഞു. ജയസൂര്യയെ നായകനാക്കി നല്ലവനും അനൂപ് മേനോനെ നായകനാക്കി നമ്മുക്ക് പാർക്കാനും സംവിധാനം ചെയ്ത അജി ജോൺ ആണു ഈ ക്രൂരകൃത്യത്തിന്റെ സൂത്രധാരൻ.

ഈ രണ്ട് സിനിമകളും രണ്ട് ദിവസം പോലും തിയറ്ററിൽ ഓടാത്തവയാണു. അതായത് പടം നല്ലതാണോ ചീത്തയാണോ എന്ന് ആളുകൾ തിയറ്ററിൽ വന്ന് കണ്ട് വിലയിരുത്താൻ പോലും മിനക്കെടാതിരുന്ന ചിത്രങ്ങൾ. ഒറ്റയ്ക്ക് നിന്നാൽ കെട്ടിവെച്ച കാശ് പോലും കിട്ടില്ല എന്ന് രാഷ്ട്രീയക്കാരെ പറ്റി പറയാറുള്ളത് പോലെ ഒറ്റയ്ക്ക് നായകനായി അഭിനയിച്ചാൽ ആദ്യ ആഴ്ച്ചയിൽ തന്നെ ഹോൾഡ് ഓവർ ബഹുമതി കിട്ടുന്ന നടനാണു അനൂപ് മേനോൻ. ജയസൂര്യയും ഒട്ടും മോശമല്ല. പക്ഷെ ഇവർ രണ്ട് പേരും കൂടി ഒരുമിച്ച് അഭിനയിച്ചാൽ ആദ്യ ദിവസത്തെ ഷോയ്ക്ക് എങ്കിലും ആളു കയറും. പടം നല്ലതാണെങ്കിൽ പിന്നെ ഹിറ്റ് ഉറപ്പാണു.

ഒരു ദിവസം നടക്കുന്ന ഒരുപാട് സംഭവങ്ങളെ കോർത്തിണയ്ക്കി കൊണ്ട് ഹോളിവുഡ് സ്റ്റൈയിലിൽ ഒരു മലയാള പടം ഒരുക്കിയിരിക്കുകയാണു ഹോട്ടൽ കാലിഫോർണിയയിൽ.  എയർപോർട്ട് ജിമ്മി, പ്രേം സാഗർ എന്ന സിനിമ നടൻ, സ്വപ്ന എന്ന സീരിയൽ നടി, കമലം എന്ന അരക്കിറുക്കുള്ള കോടീശ്വരി, അബി മാത്യു എന്ന ബിസിനസ്കാരൻ, തരുൺ സിംഗ് എന്ന രാഷ്ട്രീയ നേതാവ്, റഫീക്ക് എന്ന ഒരു പാവം ഗൾഫ്കാരൻ, ശശിപിള്ളൈ പിന്നെ സിറ്റി പോലീസ് കമ്മീഷണർ (ജോജി), തീവ്രവാദി സംഘം (നന്ദു) അങ്ങനെ ഒരുപാട് പേരുടെ ജീവിതത്തിലെ സംഭവങ്ങളുടെ ആവിഷ്കാരം. ഉദ്ദേശിച്ചത് ട്രാഫിക്ക് ആണെങ്കിലും എടുത്ത് വന്നപ്പോൾ ത്രീ കിംഗ്സ് ആയി പോയി.

 ജയസൂര്യ കിടുക്കി കളഞ്ഞു. ഒരൊറ്റ കോമഡി പോലും പറയാതെ ശരിക്കും റഫ് കഥാപാത്രം. അനൂപ് മേനോൻ ഒക്കെ പണ്ടത്തെ ചങ്കരൻ തന്നെ. ഹണി റോസ് എന്തിനാവോ എന്തോ.. സൈജു കുറുപ്പ് തരക്കേടില്ല. ബാക്കി എല്ലാവരും ഒരുവിധം നന്നായി തന്നെ ഒപ്പിച്ചിട്ടുണ്ട്. എടുത്ത് പറയേണ്ടത് കമ്മീഷ്ണർ ആയി അഭിനയിച്ച ജോജിയുടെ പ്രകടനമാണു. ബാബു രാജിനുമാത്രം സാധിക്കുന്ന ഒന്നല്ല കോമഡി എന്ന് ഇതിലൂടെ ജോജി തെളിയിച്ചു. ഇനിയെങ്കിലും നല്ല തിരകഥകൾ നല്ല സംവിധായകരെ കൊണ്ട് ചെയ്യിക്കാൻ അനൂപ് മേനോൻ ശ്രദ്ധിച്ചാൽ നന്ന്. അല്ലെങ്കിൽ എന്ത് സ്വന്തമായങ്ങ് സംവിധാനിച്ച് കൂടെ...!!

0 comments:

Followers

 
Copyright 2009 b Studio. All rights reserved.