RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ലേഡീസ് & ജെന്റില്മാൻ.


ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാലും സിദ്ദിഖും ഒന്നിക്കുന്ന ചിത്രമാണു ലേഡീസ് & ജെന്റില്മാൻ. ആശീർവാദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആന്റ്ണി പെരുബാവൂർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം വിഷുവിനു ഒരു ഉത്സവ പ്രതീതിയാണു സമ്മാനിക്കുന്നത്. സിദ്ദിഖ് തന്നെ രചന നിർവ്വഹിച്ചിരിക്കുന്ന ചിത്രം കുടുംബങ്ങൾക്കും ചെറുപ്പക്കാർക്കും ഫാൻസിനുമെല്ലാം ഇഷ്ടപ്പെടുന്ന രീതിയിലാണു ഒരുക്കിയിരിക്കുന്നത്. ടൈറ്റിൽ സോംഗ് മുതൽ സിനിമ അവസാനിക്കുന്നത് വരെ പ്രേക്ഷകർ തിയറ്ററിൽ മതിമറന്നാസ്വദിക്കുകയാണു എന്നൊക്കെ പറയണമെങ്കിൽ കണ്ണു പൊട്ടനായിരിക്കണം കാണുന്ന ആൾ. ഇതൊരുമാതിരി ഇന്നത്തെ ചിന്താവിഷയത്തെ സ്പിരിറ്റിൽ മുക്കിയെടുത്ത പോലത്തെ ഒരു അവിഞ്ഞ സാധനം.

ചന്ദ്രബോസ്, എല്ലാവരും ബോസ് എന്ന് വിളിക്കണം അതാണു ലേഡീസ് & ജന്റില്മാനിലെ നായക കഥാപാത്രം. സാക്ഷാൽ ലാലേട്ടൻ. ആൾ ഫുൾ ടൈം തണ്ണിയിലാണു. പക്ഷെ പതിവ് പോലെ ആൾ വളരെ ജീനിയസാണു. മറ്റുള്ളവരുടെ ജീവിതത്തിലെ പ്രശ്നങ്ങൾ വെറും 7 ദിവസം കൊണ്ട്, അത് എത്ര വലുതായാലും സോൾവ് ചെയ്ത് കൊടുക്കുന്ന മഹാനുഭാവാലു. അദ്ദേഹത്തിന്റെ സന്തത സഹചാരിയാണു മണി. കലാഭവൻ ഷാജോൺ അവതരിപ്പിക്കുന്ന കഥാപാത്രം.

 ചന്ദ്രബോസിന്റെ ജീവിതത്തിലേക്ക് അവിചാരിതമായി കടന്നു വരുന്ന ശരത്ത് എന്ന ചെറുപ്പക്കാരന്റെ പ്രശ്നത്തിൽ ബോസ് ഇടപ്പെടുകയും അത് വഴി ജോ, അനു, ചിനു എന്നീ ലേഡീസുമായുള്ള സമ്പർക്കങ്ങളും (തെറ്റിദ്ധരിക്കരുത്) ഡൈവേഴ്സ് സാഹചര്യത്തിൽ നിൽക്കുന്ന ഭാര്യ അച്ചുവുമായുള്ള സല്ലാപങ്ങളുമൊക്കെയാണു ചിത്രത്തിന്റെ കാതൽ.

 വർഷങ്ങൾക്ക് മുൻപ് ക്രോണിക്ക് ബാച്ചിലർ എന്ന ചിത്രം സംവിധാനം ചെയ്തപ്പോൾ സിദ്ദിഖ് നേരിട്ട ഏറ്റവും വലിയ വിമർശനങ്ങളിൽ ഒന്ന് ആ സിനിമയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നില്ല എന്നായിരുന്നു. അതായത് കാലോചിതമായ മാറ്റങ്ങൾ അംഗീകരിക്കാൻ സിദിഖിന്റെ പഴഞ്ചൻ മനസ്സിനു കഴിഞ്ഞിട്ടില്ല എന്ന്.. അതിനൊരു മറുപടിയായിട്ടാവണം തന്റെ അടുത്ത ചിത്രമായ ബോഡി ഗാർഡിൽ സിദ്ദിഖ് മൊബൈൽ തന്നെ ഒരു പ്രധാന കഥാപാത്രമാക്കിയത്. 2013ല് ലേഡീസ് & ജെന്റില്മാനിൽ എത്തിയപ്പോൾ ഐടി കമ്പനികളുടെ കിടമത്സരങ്ങളാണു സിദിഖ് പ്രമേയമാക്കിയത്.

 പത്മപ്രിയ, മമത്, മിത്രാ കുര്യൻ, മീരാ ജാസ്മിൻ തുടങ്ങിയ വനിത രത്നങ്ങൾ ജന്റില്മാന്റെ കൂടെ അഭിനയിക്കാനുണ്ട്. സിനിമയുടെ കഥയെ കുറിച്ച് പറയുകയാണെങ്കിൽ അത് ഒരു ഒന്നൊന്നര കഥയാണു. രണ്ട് കിടിലൻ ട്വിസ്റ്റുകളൊക്കെയുണ്ട്. അതൊക്കെ കാണുമ്പോൾ കണ്ണ് നിറഞ്ഞ് പോകും. സത്യം. ഒരു നാടൻ പാട്ടോട് കൂടിയാണു സിനിമ ആരംഭിക്കുന്നത് (അത് വിവരമുള്ളവർ പണ്ടെങ്ങാണ്ടോ എഴുതി വെച്ചത്) പിന്നെ അങ്ങോട്ട് അപാര കോമഡിയാണു. ഒരോ സീനിലും കോമഡി.ചിരിച്ച് ചിരിച്ച് എന്റെ അമ്മോ..

 സിദിഖ് വളരെ കഷ്ടപ്പെട്ട് കാലങ്ങളെടുത്ത് എഴുതി വെച്ച ഈ കോമഡി സീനുകൾ അഭിനേതാക്കൾ അവതരിപ്പിക്കുന്നത് കാണുമ്പോൾ ഇതിൽ കൃഷ്ണകുമാർ അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്ന ഡയലോഗ് ആരും പറഞ്ഞ് പോകും. കലാഭവൻ ഷാജോണിന്റെ മണിയാണു ഏക ആശ്വാസം. ഇനി കുറച്ച് കാലത്തേക്ക് നല്ല കഥാപാത്രങ്ങൾ അവതരിപ്പിക്കാനുള്ള ഭാഗ്യം ഷാജോണിനു കിട്ടട്ടെ. മനോജ് കെ ജയൻ, ശിവജി ഗുരുവായൂർ എന്നിവരും ചിത്രത്തിലുണ്ട്.

 പണ്ടെ ദുർബല പിന്നെ ഗർഭിണിയും എന്ന് പറഞ്ഞ പോലെയാണു സിനിമയിലെ ഗാനങ്ങൾ. സിദിഖിന്റെ സിനിമകളിലെ ഏറ്റവും മോശം ഗാനങ്ങൾ ഉള്ള ചിത്രം എന്ന ബഹുമതി ഇനി ലേഡീസ് & ജന്റില്മാനു സ്വന്തം. ചന്ദ്രബോസ് എന്ന മുഴുക്കുടിയനും ജീനിയസും സർവ്വോപരി കോടീശ്വരനുമായ നായകനെ ലാലേട്ടൻ മികച്ചതാക്കി. ലേഡീസാരും മോശമാക്കിയില്ല. മീരാജാസ്മിനൊക്കെ അങ്ങ് അഭിനയിച്ച് തകർത്തില്ലേ. പടം കണ്ട് കഴിഞ്ഞപ്പോൾ ഒരു കാര്യം ഉറപ്പായി. സിദിഖ് എന്ന സംവിധായകന്റെ പേരിലുള്ള വിശ്വാസം കൊണ്ട് ഈ ചിത്രം ഓടുകയാണെങ്കിൽ ഓടും. പക്ഷെ ഇതോടെ അതും പോയി കിട്ടി. അങ്ങനെ ഈ വിഷു ബംബർ തോമയ്ക്ക്...

2 comments:

ശ്രീ said...

വിഷു ബമ്പര്‍ തോമായ്ക്കോ? ഹെന്റമ്മേ!

Anonymous said...

ആളൊഴിഞ്ഞ തിയറ്ററുകളിൽ കിതയ്ക്കുന്ന ഇമ്മാനുവലും, ഫാൻസ് പോലും കയ്യറാൻ മടിക്കുന്ന ലേഡീസ് & ജന്റില്മാനും കൂടി സൗണ്ട് തോമാ എന്ന ചിത്രത്തിനു ആ വിഷു ബമ്പർ നേടി കൊടുത്തു. മലയാള സിനിമയുടെ ഗതികേടെ..

Followers

 
Copyright 2009 b Studio. All rights reserved.