RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

താപ്പാന


8 സിനിമകൾ നിരനിരയായി പരാജയപ്പെട്ടാൽ ഏത് മെഗാസ്റ്റാറായാലും ഫീൽഡ് ഔട്ടിന്റെ വക്കത്ത് എത്തും എന്നത് ഉറപ്പാണു..! എന്നാൽ മമ്മൂട്ടി എന്ന മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാറിന്റെ കാര്യം അങ്ങനെയല്ല.. പരാജയങ്ങളുടെ പടുക്കുഴിയിൽ പലവട്ടം വീണു പോയിട്ടും ഒരിക്കലും തിരിച്ചു വരില്ല എന്ന് സിനിമ പണ്ഡിതർ വിധിയെഴുതിയിട്ടും ഫിനിക്സ് പക്ഷിയെ പോലെ കുതിച്ചുയർന്നതാണു മമ്മൂട്ടിയുടെ ചരിത്രം. ഒന്നല്ല പലവട്ടം. അതു കൊണ്ട് തന്നെ താൽക്കാലികമായ വന്നു പോയ പരാജയങ്ങൾ മമ്മൂട്ടി എന്ന മഹാനടനെയും അദ്ദേഹത്തിന്റെ ലക്ഷക്കണക്കിനു വരുന്ന ആരാധകരെയും നിരാശരാക്കിയില്ല.

മലയാള സിനിമയിൽ തനിക്ക് മുൻപ് നിന്നിരുന്നവരെയും തനിക്ക് ശേഷം വന്നവരെയുമെല്ലാം തന്റെ കീഴിൽ അല്ലെങ്കിൽ തോളിനു താഴെ മാത്രം നിർത്തി കൊണ്ട് എന്നും ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മമ്മൂട്ടിക്ക് ഇത്തവണത്തെ പരാജയ പരമ്പരകൾക്ക് വിരാമമിട്ട് വിജയം സമ്മാനിച്ച ചിത്രത്തിന്റെ പേരു താപ്പാന എന്നായത് തികച്ചും യാദൃശ്ചികം മാത്രമായിരിക്കും..!

ഗ്യാലക്സി ഫിലിംസിന്റെ ബാനറിൽ മിലൻ ജലീൽ നിർമ്മിച്ച് സിന്ധുരാജിന്റെ തിരകഥയിൽ ജോണീ ആന്റണി സംവിധാനം ചെയ്ത സിനിമയാണു താപ്പാന. ഇൻസ്പെക്ടർ ഗരുഡ്, പട്ടണത്തിൽ ഭൂതം തുടങ്ങിയ ചവറു സിനിമകളിൽ തളച്ചിടപ്പെടാനുള്ളതല്ല തന്റെ പ്രതിഭ എന്ന് സൈക്കിളിലൂടെയും പിന്നെ മാസ്റ്റേഴ്സിലൂടെയും തെളിയിച്ച ജോണി ആന്റണി അത് അടിവരയിടുകയാണു താപ്പാനയിലൂടെ.

പുതിയ മുഖം, എൽസമ്മ എന്ന ആൺ കുട്ടി ഈ രണ്ട് ചിത്രങ്ങളും മതി സിന്ധുരാജ് എന്ന തിരകഥാകൃത്ത് അതിനു മുൻപ് എഴുതിയ എല്ലാ തിരകഥകളുടെയും പാപം കഴുകി കളയാൻ. ഒരു ലളിതമായ ത്രെഡിൽ നിന്ന് ഏകദേശം രണ്ടര മണിക്കൂർ ആളുകളെ രസിപ്പിക്കുന്ന ഒരു തിരകഥയെഴുതുക വഴി ഹാട്രിക്ക് വിജയം നേടിയിരിക്കുകയാണു സിന്ധുരാജ്.

താപ്പാന.. പേരു സൂചിപ്പിക്കുന്നത് പോലെ ഇതൊരു ആനകഥയല്ല, ആനകാര്യങ്ങളുമല്ല. ആനയോളം സ്നേഹം മനസ്സിൽ സൂക്ഷിക്കുന്ന സാംസണിന്റെ കഥയാണു. ദിലീപ്, സുരാജ്, സലീം കുമാർ, ജഗതി, ജഗദീഷ്, ഇന്നസെന്റ്, ഹരിശ്രീ അശോകൻ പിന്നെ ന്യൂ ജനറേഷൻ കോമേഡിയൻ സ്റ്റാർ ബാബുരാജ്, ബിജുമേനോൻ ഇവരൊന്നുമില്ലാത്ത ഒരു കോമഡി സിനിമ ഇക്കാലത്ത് സങ്കൽപ്പിക്കാൻ കഴിയുമോ..? ഒറ്റവാക്കിൽ പറഞ്ഞാൽ അതാണു താപ്പാന..!

ജയിൽ വാസം കഴിഞ്ഞ് പുറത്തിറങ്ങുന്ന സാംസൺ അതേ ജയിലിൽ നിന്ന് ഇറങ്ങുന്ന മല്ലികയുമായി അപ്രതീക്ഷിതമായി ഒന്നിക്കേണ്ടി വരികയും മല്ലികയുടെ നാട്ടിലേക്ക് കൂടെ പോവുകയും പിന്നെ അവിടെ നടക്കുന്ന സംഭവങ്ങളുമാണു താപ്പാനയുടെ ഇതിവൃത്തം. സാംസണായി മമ്മൂട്ടിയും മല്ലികയായി ചാർമിയും വേഷമിടുന്നു. വില്ലൻ വേഷത്തിൽ എത്തുന്നത് മുരളി ഗോപിയാണു. കലാഭവൻ ഷാജോൺ, വിജയരാഘവൻ തുടങ്ങിയവരും മുഖ്യവേഷത്തിലഭിനയിക്കുന്നു.

മമ്മൂട്ടിയുടെ നായികയായി ചാർമിയോ എന്ന് നെറ്റി ചുളിക്കുന്നവരോട് ഒരു വാക്ക്.. മമ്മൂക്ക ഒടുക്കത്തെ ഗ്ലാമറാണു മക്കളെ...!!

കണ്ണൂർ ജയിലിൽ നിന്ന് ആരംഭിക്കുന്ന സിനിമ കരപ്പ എന്ന മനോഹരഗ്രാമത്തിൽ അവസാനിക്കുന്നതു വരെയുള്ള ദൃശ്യങ്ങൾ അതി മനോഹരമായി പകർത്തിയിട്ടുണ്ട്. ചിത്രത്തിൽ ആകെ ഒരു ഗാനമേ ഉള്ളു. ഊരും പേരും പറയാതെ എന്ന് തുടങ്ങുന്ന ആ സുന്ദരഗാനം ക്ലൈമാക്സിൽ വീണ്ടും വരുമ്പോൾ തിയറ്ററിൽ ഉണ്ടാകുന്ന കയ്യടി മാത്രം മതി ആ ഗാനത്തിന്റെ സ്വീകാര്യത മനസ്സിലാക്കാൻ.

തെലുങ്കിൽ തുണിയഴിച്ച് തുള്ളുക എന്ന കർത്തവ്യം മാത്രം നിറവേറ്റാറുള്ള ചാർമിക്ക് തനിക്ക് കിട്ടിയ ഈ നല്ല റോളിനോട് മികച്ച രീതിയിൽ നീതി പുലർത്താൻ സാധിച്ചിട്ടുണ്ട്. വില്ലനായെത്തിയ മുരളി ഗോപി മോശമാക്കിയില്ലെങ്കിലും രസികനിൽ ആരംഭിച്ച അതേ മാനറിസങ്ങൾ തന്നെ ഇപ്പോഴും ഒരു മാറ്റവുമില്ലാതെ തുടരുന്നു. ചിത്രത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ കോമഡി ട്രാക്കിൽ നിന്ന് വഴുതിമാറാതെ കഥ മുന്നോട്ട് കൊണ്ടു പോകുന്നതാണു ചിത്രത്തിന്റെ മറ്റൊരു പ്ലസ് പോയിന്റ്.

താപ്പാന ഒരു മാസ് കോമഡി എന്റർടെയ്നർ ഒന്നുമല്ല. അവിചാരിതമായ ട്വിസ്റ്റുകളോ സംഭവവികാസങ്ങളോ ചിത്രത്തില്ലില്ല. പക്ഷേ ഓർഡിനറി പോലെ കുടുംബ സമ്മേതം ധൈര്യമായി തിയറ്ററിൽ പോയി കണ്ടിരുന്ന് ആസ്വദിക്കാവുന്ന ഒരു നല്ല ചിത്രം...! ഒരു സീനിലും മാതാപിതാക്കൾക്ക് കുട്ടികളുടെ കണ്ണോ ചെവിയോ പൊത്തേണ്ടി വരില്ല..!!

ഇത്തരമൊരു സീസണിൽ ഫാമിലിയെ തിയറ്ററിൽ എത്തിക്കാനുള്ള എന്ത് ഘടകമാണു ഈ ചിത്രത്തിൽ ഉള്ളത് എന്ന് സംശയിക്കുന്നവർക്കുള്ള ശക്തമായ മറുപടി തന്റെ ഗംഭീര പ്രകടനത്തിലൂടെ മമ്മൂട്ടി നൽകുന്നു..!! അത് തന്റെ കാലം കഴിഞ്ഞു എന്ന് അലമുറയിടുന്നവർക്കുള്ള ഒരു താക്കിത് കൂടിയാണു. ഇതൊക്കെ നുമ്മ ഒരുപാട് കണ്ടതാ..!!!!

3 comments:

Anonymous said...

താപ്പാനയെ പറ്റി ഫാന്‍സിനു പോലും വലിയ അഭിപ്രായമില്ലല്ലോ നെറ്റില്‍ ആകെ കണ്ട പോസിടീവ് റിവ്യൂ ഇതാണ് , സിന്ധുരാജില്‍ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല മായാവിയും ലൌഡ് സ്പീക്കറും റീമിക്സ് ചെയ്ത് ഒരു തട്ടിക്കൂട്ട് പടം എന്നാണ് എല്ലാവരും പറയുന്നത് , പിന്നെന്താ സ്റ്റുഡിയോ നിങ്ങള്‍ക്ക് ഇത്ര നല്ല അഭിപ്രായം

b Studio said...

@ സുശീലന്‍ മറ്റുള്ളവർ എന്ത് പറയുന്നു എന്ന് നോക്കിയിട്ടല്ലല്ലോ നമ്മൾ നമ്മുടെ അഭിപ്രായം പറയേണ്ടത്.

Vineeth vava said...

ഇതൊരു ഫാന്‍ റിവ്യു ആയിപ്പോയി...

Followers

 
Copyright 2009 b Studio. All rights reserved.