RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

സ്പിരിറ്റ്. (Spirit)


പുകവലിയും മദ്യപാനവും ആരോഗ്യത്തിനു ഹാനികരം. മലയാള സിനിമ ചരിത്രത്തിൽ മദ്യപാന സീനുകൾ ഇത്രയധികമുള്ള ആദ്യത്തെ സിനിമ ആയിരിക്കും മോഹൻലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത സ്പിരിറ്റ്. കേരളത്തിൽ ഏറ്റവും ലാഭത്തിലോടുന്ന പൊതു മേഖല സ്ഥാപനമായ ബിവറേജസ് കോർപറേഷന്റെ നല്ലവരായ കസ്റ്റമേഴ്സ് ആയ മലയാളികളുടെ മദ്യാക്സക്തിയ്ക്കുള്ള ഒരു ഷോക്ക് ട്രീറ്റ്മെന്റ് എന്ന നിലയിൽ ഒരുക്കിയ ഈ ചിത്രത്തിൽ അത്തരം രംഗങ്ങൾ കൂടുതലായി വരുന്നത് ഒരു കുറ്റമല്ല.

സ്പിരിറ്റ്...! പേരു കേൾക്കുമ്പോൾ തന്നെ മലയാളികളുടെ മനസ്സിൽ വരിക പല പല നിറങ്ങളിൽ പല പല കുപ്പികളിൽ പല പല ബ്രാൻഡുകളിൽ നിറയുന്ന ലഹരി പകരുന്ന ആ പദാർത്ഥമാണു. അതെ സന്തോഷങ്ങൾക്കും സന്താപങ്ങൾക്കും എന്തിനു ഹർത്താലിനു വരെ മലയാളികൾ കൂട്ടു പിടിക്കുന്ന മദ്യം.

മാറുന്ന മലയാള സിനിമയിലെ മാറ്റങ്ങളുടെ കാരണവരായ
രഞ്ജിത്തിന്റെ അത്തരം ഒരു ചിത്രത്തിൽ നായകനായിട്ടില്ല തങ്ങളുടെ താരം എന്ന ആരാധകരുടെ വിഷമത്തിനു വിരാമമിടുകയാണു രഞ്ജിത്ത് സ്പിരിറ്റിലൂടെ. മോഹൻലാലിനെ അമാനുഷിക തലത്തിലേയ്ക്ക് ഉയർത്തിയ എഴുത്തുകാരനായ രഞ്ജിത്തിൽ നിന്ന് പണ്ടത്തെ പോലെ ഒരു ശക്തമായ കഥാപാത്രത്തെ ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. കാരണം നായകൻ പഴയ മോഹൻലാൽ ആണെങ്കിലും രഞ്ജിത്ത് ആളാകെ മാറിയിരിക്കുന്നു. നിസ്സഹായരായ നായകന്മാരുടെ കഥകൾ ഹൃദയസ്പർശിയായി പറയാൻ അദ്ദേഹവും പഠിച്ച് കഴിഞ്ഞിരിക്കുന്നു. ബാലചന്ദ്രനും പ്രാഞ്ചിയേട്ടനും ജയപ്രകാശും എല്ലാം അതിനുദാഹരണങ്ങളാണു.

സ്പിരിറ്റ് പറയുന്നത് ഒരു ആൽക്കഹോളിക്കായ മനുഷന്റെ കഥയാണു. കഥ എന്നു പറയുമ്പോൾ നിരവധി സംഘർഷഭരിതവും മെലോഡ്രാമ നിറഞ്ഞതും ഉദ്ദ്വേഗം നിറഞ്ഞതുമായ രംഗങ്ങളിലൂടെയൊന്നും കടന്നു പോകുന്നില്ല. വളരെ സിമ്പിളായി പറഞ്ഞാൽ ഒരു മുഴുക്കുടിയൻ തന്റെ മദ്യപാനം ഒരു വലിയ തെറ്റാണെന്ന് മനസ്സിലാക്കുകയും ഒരു സുപ്രഭാതത്തിൽ കുടി നിർത്തി നല്ലവനാകുകയും മദ്യപാനത്തിന്റെ ദൂഷ്യഫലം സമൂഹത്തെ അറിയിക്കാൻ ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്യുന്നു. ഈ പറഞ്ഞ സംഭവങ്ങൾ എങ്ങനെ എപ്പോൾ ഏത് രീതിയിൽ നടക്കുന്നു എന്നൊക്കെ അറിയാൻ താല്പര്യം ഉള്ളവർക്ക് സിനിമ കാണാം.

മോഹൻലാലിന്റെ രഘുനന്ദൻ എന്ന (അദ്ദേഹം ആരാണെന്ന് ചോദിച്ചാൽ വ്യക്തമായ ഒരു ഉത്തരമില്ല ഒരു വലിയ സംഭവമാണു അത്രതന്നെ) ഇപ്പോൾ സ്പിരിറ്റ് എന്ന നോവൽ ഇംഗ്ലീഷിൽ എഴുതുന്ന ആളാണു ആദ്യം പറഞ്ഞ ആ മുഴുക്കുടിയൻ. ഒരു ടീവി ചാനലിൽ ഷോ ദ് സ്പിരിറ്റ് എന്ന പേരിൽ ഒരു ഉഗ്രൻ പ്രോഗ്രാം ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ അങ്ങേരു ചെയ്യുന്നുണ്ട്. വിവാഹ മോചിതനായ രഘുനന്ദനന്റെ ബെസ്റ്റ് ഫ്രൺസ് തന്റെ ആദ്യ ഭാര്യ മീരയും(കനിഹ) മീരയുടെ ഇപ്പോഴത്തെ ഭർത്താവ് അലക്സ്സിയുമാണു(ശങ്കർ രാമകൃഷ്ണൻ). അതെങ്ങനെ നടക്കും എന്ന് ചിന്തിക്കുന്നവർ ഓർക്കുക രഘുനന്ദൻ ഒരു വലിയ സംഭവമാണു.

വൈകീട്ട് മാത്രമല്ല വെളുക്കുമ്പോൾ തന്നെ ആഘോഷം തുടങ്ങുന്ന നമ്മുടെ നായകൻ രഘുനന്ദനന്റെ ജീവിതത്തിലെ മദ്യപാനാ ആസക്തിയുടെ ആഘോഷമാണു ആദ്യ പകുതി. രണ്ടാം പകുതിയിൽ അയാളുടെ മദ്യത്തിൽ നിന്നുള്ള മോചനവും പിന്നെ ആ ഷോക്ക് ട്രീറ്റ്മെന്റും.ഇനി ഈ ഷോക്ക് ട്രീറ്റ്മെന്റ് കൊണ്ട് ഏതെങ്കിലും ഒരു കുടിയനെങ്കിലും കുടി നിർത്തിയാൽ അണിയറപ്രവർത്തകർ കൃതാർത്ഥരായി..!(22 ഫീമെയിൽ കണ്ട് ചതിയന്മാർ ആയ കാമുകന്മാരെല്ലാം നന്നായ പോലെ).

നായക കഥാപാത്രമായി മോഹൻലാൽ ജീവിച്ചു എന്ന് തന്നെ പറയാം. അത്രക്ക് ഉജ്ജ്വലമായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. കനികക്കും ശങ്കർ രാമകൃഷ്ണനും കാര്യമായി ചെയ്യാൻ ഒന്നുമുണ്ടായിരുന്നില്ല. വളരെ നാളുകൾക്ക് ശേഷം മധുവിനും ഒരു നല്ല വേഷം സ്പിരിറ്റിലൂടെ ലഭിച്ചു. എന്നാൽ തിലകനെ പോലെ ഒരു വലിയ നടനെ വളരെ ചെറിയ ഒരു റോളിൽ ഒതുക്കിയത് കഷ്ടമായി പോയി. ടിനി ടോം പതിവ് രജ്ഞിത്ത് ചിത്രങ്ങളിലെ പോലെ തിളങ്ങി. നന്ദുവിന്റെ റോളും എടുത്തു പറയേണ്ട ഒന്നാണു. ചെറുതെങ്കിലും സിദ്ദാർത്ത് നന്നാക്കി. ഗാനങ്ങളിൽ മഴയിൽ വിരിയുന്ന എന്നു തുടങ്ങുന്ന ഗാനം ഹൃദ്യമായി. മികച്ച ഛായാഗ്രഹണം ചിത്രത്തെ ആസ്വാദകരമാക്കുന്നു.

രഞ്ജിത്തിന്റെ മുൻപത്തെ ചിത്രങ്ങളായ പ്രാഞ്ചിയേട്ടൻ, ഇന്ത്യൻ റുപ്പി പോലത്തെ ഒരു സിനിമ പ്രതീക്ഷിച്ചാണു നിങ്ങൾ പോകുന്നതെങ്കിൽ നിരാശപ്പെടും. ഇനി അതല്ല രാവണപ്രഭുവോ നരസിംഹവുമാണു നിങ്ങളുടെ മനസ്സിലെങ്കിൽ വളരെയധികം നിരാശപ്പെടും. കാരണം ഇതൊരു ഡോക്യുമെന്ററി സിനിമയാണു. എന്നാൽ ആ അവതരണ രീതി ആളുകൾക്ക് രസിക്കുന്ന രീതിയിൽ ഒരുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഡോക്യുമെന്ററി എങ്ങനെ രസകരമാകും എന്ന് നെറ്റിചുളിക്കുന്നവർക്കുള്ള ഉത്തരം രചന, സംവിധാനം രഞ്ജിത്ത്..!!

*നിരവധി നല്ല സിനിമകൾ പൊട്ടി പൊളിയുകയും നിരവധി ലോകത്തോര ചവറുകൾ ബ്ലോക്ബസ്റ്ററുമായിട്ടുള്ള നമ്മുടെ നാട്ടിൽ സ്പിരിറ്റ് ഒരു ലഹരി പോലെ പടർന്നു കയറാനുള്ള സാധ്യത ഇല്ലാതില്ലാതില്ല..!!!!

**മായാമോഹിനി എന്ന മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ക്രാപ്പുകളിലൊന്ന് ഏറ്റവും വലിയ മെഗാഹിറ്റായതിനു ശേഷം ഒരു സിനിമ വിജയിക്കുമോ പരാജയപ്പെടുമോ എന്ന അഭിപ്രായ പ്രകടനം ഉപേക്ഷിച്ചു..!!!!!

4 comments:

Anonymous said...

കാണാനോ വേണ്ടയോ എന്ന് മനസ്സിലായില്ല , വരികള്‍ക്കിടയിലൂടെ വായിക്കണം , പണ്ടേ മോഹന്‍ ലാല്‍ , രഞ്ജിത്ത് വിരുദ്ധന്‍ ആണല്ലോ , എന്നാലും പറയാന്‍ വല്ലതും ഉണ്ടെങ്കില്‍ അത് തുറന്നു പറയണം അല്ലാതെ അയയില്‍ ഇട്ട കോണകം പോലെ റിവ്യൂ എഴുതരുത്

Anonymous said...

അയയില്‍ ഇട്ട കോണകം പോലെ റിവ്യൂ എഴുതരുത് padavum angane thanneyanu.. :)

Joselet Joseph said...

അല്ല, വാട്ട്ഈസ്‌ ദിസ്‌ "കോണകം"? ആന്‍ഡ്‌ പുരപ്പുറം?

Anonymous said...

പണ്ടൊക്കെ സ്റ്റുഡിയോ നന്നായി വിമര്‍ശിക്കും കൊള്ളില്ലെങ്കില്‍ കൊള്ളില്ലെന്ന് പറയും , ഇതില്‍ കൊള്ളില്ല എന്ന് വുംഗ്യം എന്നാല്‍ അത് പറയാന്‍ ഒരു പേടി ഇതാണ് വായിച്ചപ്പോള്‍ തോന്നിയത് , അതാണ്‌ അയയില്‍ ഇട്ട കോണകം ഉപയോഗിച്ചത്, പടം പകുതി റോക്ക് ആന്‍ഡ്‌ റോള്‍ , ചന്ദ്രോല്‍ സവം തുടങ്ങിയവയിലെ മോഹന്‍ ലാലും (റീ മിക്സ്) രണ്ടാം പകുതി ഉപദേശ പ്രസംഗവും ആണെന്ന് പറയാം , പടം ഒരു സ്യൂഡോ ബുജി പടം , തട്ടിപ്പ് , ഇങ്ങിനെ ഓപ്പണ്‍ ആയി പറയാത്തതില്‍ ആണ് പരാതി സ്റ്റുഡിയോ തെറ്റിദ്ധരിക്കരുത്

Followers

 
Copyright 2009 b Studio. All rights reserved.