RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

മഞ്ചാടിക്കുരു


"ഗൃഹാതുരത്വം" ഈ വാക്കിന്റെ അർത്ഥം എന്താണു എന്ന് താങ്കൾക്ക് അറിയില്ല എങ്കിൽ ദയവ് ചെയ്ത് മഞ്ചാടിക്കുരു എന്ന സിനിമ കാണാൻ പോകരുത്. താങ്കളുടെ വിലപ്പെട്ട സമയം വെറുതെ പാഴാക്കി കളയുകയായിരിക്കും അത്. നമുക്കെല്ലാം ഒരു കുട്ടിക്കാലമുണ്ടായിരുന്നു. (നമ്മൾ എന്ന് വെച്ചാൽ ഒരു 1990 നു മുൻപ് ജനിച്ചവർക്ക്.) പാടവും പുഴയും കുളവും പശുക്കളും കവുങ്ങും തെങ്ങും മാവും മുത്തശ്ശനും മുത്തശ്ശിയും അമ്മാവന്മാരും അമ്മായിമാരും കൂട്ടുകാരും എല്ലാം ചേർന്ന അവധിക്കാലങ്ങൾ അടിച്ചു പൊളിച്ചിരുന്ന ഒരു കുട്ടിക്കാലം.

നഷ്ടപ്പെട്ടു പോയ ആ കുട്ടിക്കാലത്തിന്റെ നനുവാർന്ന ഓർമകളിലേക്കാണു മഞ്ചാടിക്കുരു നമ്മളെ കൂട്ടി കൊണ്ട് പോകുന്നത്. ഞാൻ ജനിച്ചത് ഈ നാട്ടിൽ അല്ല. വളർന്നതും പഠിച്ചതും ഇവിടെയല്ല പക്ഷെ ഈ നാടുമായി എന്നെ ചേർത്തു നിർത്തുന്ന ഒന്നുണ്ട് എന്ന് തുടങ്ങുന്ന പൃഥ്വിരാജിന്റെ വിവരണത്തോടെയാണു അഞ്ജലി മേനോൻ സംവിധാനം ചെയ്ത മഞ്ചാടിക്കുരു ആരംഭിക്കുന്നത്. കേരള കഫയിലെ ഹാപ്പി ജേർണി എന്ന സിനിമ സംവിധാനം ചെയ്ത് ശ്രദ്ധ നേടിയ സംവിധായകയാണു അഞ്ജലി മേനോൻ.

4 വർഷങ്ങൾക്ക് മുൻപ് പൂർത്തിയായ അഞ്ജലി മേനോന്റെ ആദ്യ ചിത്രമാണു മഞ്ചാടിക്കുരു. അതു കൊണ്ട് തന്നെ അന്തരിച്ച പ്രശസ്ത നടൻ ഭരത് മുരളിയേയും ഈ ചിത്രത്തിൽ കാണാം. തന്റെ മുത്തച്ചന്റെ മരണ വിവരം അറിഞ്ഞ് ദുബായിൽ നിന്ന് അമ്മയോടും അഛനോടും കൂടി നാട്ടിലെത്തുന്ന വിക്കി എന്ന കുട്ടിയുടെ കാഴ്ച്ചപാടിലാണു മഞ്ചാടിക്കുരു വികസിക്കുന്നത്. മരണവും അതിനു ശേഷമുള്ള 16 ദിവസങ്ങളുമാണു ചിത്രത്തിന്റെ ഇതിവൃത്തം. തിലകൻ, കവിയൂർ പൊന്നമ്മ, ഉർവ്വശി, റഹമാൻ, ജഗതി, ബിന്ദു പണിക്കർ,പൃഥ്വിരാജ് തുടങ്ങിയ വലിയ താരങ്ങളുണ്ടെങ്കിലും 4 കുട്ടികളാണു ഈ കഥയെ മുന്നോട്ട് നയിക്കുന്നത്.

ഇന്റർനെറ്റിലും പബ്ബുകളിലും ഹൗസ്ബോട്ടുകളിലുമൊക്കെ ഉല്ലാസം കണ്ടെത്തുന്ന ഇന്നത്തെ യോ യോ യുവത്വത്തിനു ഈ സിനിമ രസിക്കാതെ പോയാൽ അത് അവരുടെ കുറ്റമല്ല. കാരണം ഈ സിനിമ നൽകുന്ന അനുഭൂതി തിരിച്ചറിയാൻ അവർക്കിതു പോലെ ഒരു കുട്ടിക്കാലം ഉണ്ടായിരുന്നില്ലല്ലോ.ദൈവത്തിന്റെ സ്വന്തം നാടാവുന്നതിനു മുൻപുള്ള കേരളത്തിന്റെ കഥ പറയുന്ന ഈ കൊച്ചു ചിത്രം ഒരിക്കലും തിരിച്ചു വരാൻ സാധ്യതയില്ലാത്ത ആ നല്ല നാളുകളെ വെള്ളിത്തിരയിലെങ്കിലും നമുക്ക് കാണിച്ചു തരുന്നു.

തിങ്കളാഴ്ച്ച നല്ല ദിവസത്തിന്റെയും രാപ്പകലിന്റെയുമൊക്കെ ഒരു ശ്രേണിയിൽ വരുമെങ്കിലും ഇവയിൽ നിന്ന് മഞ്ചാടിക്കുരു വേറിട്ട് നിൽക്കുന്നത് ഇതിൽ വിക്കിയുടെ കണ്ണുകളിലൂടെയാണു കഥപറയുന്നത് എന്നത് കൊണ്ടാണു.തിരക്കേറിയ ഈ ജീവിത യാത്രയിൽ ഇങ്ങനെയും ചിലത് മറവിയിൽ പെട്ട് കിടക്കുന്നുണ്ടായിരുന്നു എന്ന് ഓർമ്മിപ്പിച്ചതിനു അഞ്ജലി മേനോനു ഒരായിരം നന്ദി.

0 comments:

Followers

 
Copyright 2009 b Studio. All rights reserved.