RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

റിംഗ് ടോണ്‍ .


മലയാള സിനിമ പ്രതിസന്ധിയിലാണല്ലോ അപ്പോൾ നമ്മുടെ പൈസ വെറുതെ അന്യാഭാഷാ ചിത്രങ്ങൾ കൊണ്ടു പോകണ്ട എന്ന് കരുതിയാണു രാജ് നീതിയും റിംഗ്ടോണും കൂടി ഒരുമിച്ച് റിലീസ് ചെയ്തപ്പോൾ റിംഗ്ടോണിനു പോയത്. അല്ലാതെ ആ സിനിമ നല്ല സിനിമയാകുമെന്നോ അല്ലെങ്കിൽ കാശ് മുതലാകുമെന്നോ എന്നുള്ള ഒരു ദു:ചിന്തയും ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പടം കഴിഞ്ഞ് പുറത്തെക്കിറങ്ങി വരുമ്പോൾ ഒരു വിഷമവും തോന്നിയില്ല. ബുള്ളറ്റ് നമ്മൾ സഹിച്ചിരിക്കുന്നു പിന്നെയാണു ഒരു റിംഗ്ടോൺ. സംവിധായകൻ പുതുമുഖമായതു കൊണ്ടുള്ള പരിചയ കുറവ് കൊണ്ടാണു ഈ സിനിമ ഇങ്ങനെ ആയത് എന്ന് പറയാൻ പറ്റില്ല. കാരണം മറവത്തൂര്‍ കനവും ഉദയനാണു താരവും എടുക്കുന്ന സമയത്ത് ലാൽ ജോസും റോഷൻ ആൻഡ്രൂസും പുതുമുഖങ്ങൾ ആയിരുന്നല്ലോ. പിന്നെ പ്രൊഡ്യൂസർക്ക് ഒരു വലിയ അബദ്ധം പറ്റി. ബാലക്ക് പകരം പ്രിഥിരാജിനെ അഭിനയിപ്പിച്ചാല്‍ മതിയായിരുന്നു. ഇപ്പോഴത്തെ ഒരു ട്രെന്റ് അനുസരിച്ച് പടം മെഗാ ഹിറ്റ് ആയേനെ. പക്ഷെ 3 കൊല്ലം മുൻപ് ഷൂട്ടിംഗ് തുടങ്ങിയ പടത്തിനു ഇപ്പോഴത്തെ ട്രെന്റ് അനുസരിച്ച് കാസ്റ്റിങ്ങ് നടത്താൻ പറ്റില്ലല്ലോ. അതു കൊണ്ട് നിർമാതാവിനു പറ്റിയ ആ അബദ്ധം നമ്മുക്ക് അങ്ങ് ക്ഷമിക്കാം.ബാലയെക്കുറിച്ച് പറയാനാണെങ്കിൽ ഇതിനോടകം 20 സിനിമകളിൽ ഈ ചെറുപ്പക്കാരൻ അഭിനയിച്ചു കഴിഞ്ഞു. ആദ്യ സിനിമയായ കളഭം മുതൽ ഒടുവിൽ റിലീസ് ആയ റിംഗ്ടോൺ വരെ ആകുമ്പോൾ താൻ എവിടെ എത്തി നില്‍ക്കുന്നു എന്ന് സ്വയം ചിന്തിക്കുന്നത് നല്ലതായിരിക്കും. മേഘാനായർ ആണു ഇതിലെ നായിക. ഇത്തരത്തിലുള്ള ബോറൻ സിനിമകൾ ഉണ്ടാക്കുമ്പോള്‍ ചുരുങ്ങിയ പക്ഷം അല്പമെങ്കിലും ഭംഗിയുള്ള നായികയെ അഭിനയിപ്പിക്കാൻ സംവിധായകൻ ശ്രദ്ധിക്കണം. അതെങ്കിലും ഒരല്പ്പം ആശ്വാസം പകരുന്ന ഒന്നാണു. പക്ഷെ ഇവിടെ ആ ഭാഗ്യം പോലും ഇല്ലാതെ പോയി. ഈ സിനിമയിൽ പതിവു പോലെ സുരേഷ് ഗോപി അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ ആണു. സുരേഷ് ഗോപിയോട് ഞങ്ങൾക്ക് പറയാനുള്ളത് അങ്ങയുടെ കമ്മീഷണറും ഏകലവ്യനും ലേലവുമെല്ലാം ഒരുപാട് തവണ ടിവിയിൽ കണ്ട് ആസ്വദിച്ചിട്ടുള്ളവർ ആണു ഞങ്ങൾ. പത്രവും തെങ്കാശിപ്പട്ടണവുമെല്ലാം തിയറ്ററിൽ ചെന്ന് ആഘോഷമാക്കിയിട്ടുള്ളവരാണു ഞങ്ങൾ. താങ്കൾ സിനിമ ഇല്ലാതെ വീട്ടിൽ ഇരുന്ന കാലത്ത് ഇറങ്ങിയ ബെൻ ജോൺസൺ കണ്ട് മലയാള സിനിമയിലെ കരുത്തനായ പോലീസ് ഓഫീസറുടെ കുറവ് ഇപ്പോൾ ഉണ്ട് എന്ന് തിരിച്ചറിഞ്ഞവരാണു ഞങ്ങൾ. രണ്ടാം വരവിൽ ഭരത് ചന്ദ്രനായി താങ്കൾ വന്നപ്പോൾ ആർപ്പുവിളികളോടെ തിയറ്ററിൽ എതിരേറ്റവരാണു ഞങ്ങൾ. പിന്നെ ബുള്ളറ്റും പതാകയും കാഞ്ചിപുരവുമായൊക്കെ വന്ന് നിരാശപ്പെടുത്തിയെങ്കിലും മടുക്കാതെ വീണ്ടും താങ്കളുടെ സിനിമകൾ കണ്ടു കൊണ്ടിരിക്കുന്ന ഞങ്ങളോട്.. ഈ ചതി വേണ്ടായിരുന്നു. ഇങ്ങനെ വീണ്ടും ആവര്‍ത്തിച്ചാല്‍ നാളെ ഒരു ശക്തമായ സിനിമയുമായി താങ്കൾ വന്നാലും ആരും തിരിഞ്ഞു നോക്കും എന്ന് കരുതുന്നില്ല.


*രാജൻ പി ദേവിനെ വീണ്ടും വെള്ളിത്തിരയിൽ കാണാം ഈ സിനിമയിൽ..

8 comments:

Vinu said...

ഇത്തരത്തിലുള്ള സിനിമകൾ ആരും കാണാൻ പോകരുത്. നിങ്ങൾ ഇതിനെയൊക്കെ പ്രോൽസാഹിപ്പിച്ചാൽ ഇതുപോലെയുള്ള ചവറു സിനിമകൾ ഇനിയും മലയാളത്തിൽ ഇറങ്ങും എന്തിനാണു വെറുതെ

പിപഠിഷു said...

ലാല്‍ ജോസിന്റെ ആദ്യ സിനിമ ഒരു മരവത്തൂര്‍ കനവ്‌ അല്ലേ? :)

ഞാന്‍ റിംഗ് ടോണ്‍ ഇപ്പൊ കണ്ടതെ ഉള്ളൂ... :-|

Rejeesh Sanathanan said...

ഇതിലെ ഒരു പാട്ട് ടിവിയില്‍ കണ്ടു. കണ്ണു നിറഞ്ഞുപോയി.......:)

b Studio said...

@Vinu
സിനിമ നല്ലതാണോ ചീത്തയാണോ എന്ന് അറിഞ്ഞതിനു ശേഷം മാത്രം സിനിമ കാണാൻ പോകുന്ന ആളുകൾ ഉണ്ടല്ലോ.
അവർക്ക് അത് അറിയാൻ വേണ്ടിയെങ്കിലും ഇത്തരത്തിലുള്ള സിനിമകൾ ആരെങ്കിലും കാണേണ്ടേ

@പിപഠിഷു
ഞാന്‍ റിംഗ് ടോണ്‍ ഇപ്പൊ കണ്ടതെ ഉള്ളൂ... :-|

കണ്ടിട്ട് സന്തോഷമായല്ലോ.അല്ലേ :)

@ മാറുന്ന മലയാളി
ഒരു പാട്ട് കണ്ടപ്പോൾ താങ്കളുടെ കണ്ണു നിറഞ്ഞു അപ്പോൾ ഇത് മുഴുവനും തിയറ്ററിൽ ഇരുന്നു കണ്ട ഞങ്ങളുടെ അവസ്ഥ എന്തായിരുന്നു എന്ന് ഊഹിക്കാമല്ലോ.

വിനയന്‍ said...

"മലയാള സിനിമ പ്രതിസന്ധിയിലാണല്ലോ അപ്പോൾ നമ്മുടെ പൈസ വെറുതെ അന്യാഭാഷാ ചിത്രങ്ങൾ കൊണ്ടു പോകണ്ട എന്ന് കരുതിയാണു"---അതിനു വേണ്ടത് നല്ലവ ഇറങ്ങുകയും, അവയെ നാലാളുകളോട് പറഞ്ഞു പ്രോത്സാഹിപ്പിക്കുകയും ആണ്. മാത്രവുമല്ല മോശം എന്ന് പ്രവചിക്കാന്‍ കഴിയുന്ന ഇത്തരം സിനിമകള്‍ കാണാതിരിക്കുകയും ആണ്. ഈ ഒരു സിനിമ നല്ലതാണോ എന്നറിയാന്‍ ഒരു പ്രേക്ഷകന് റിവ്യൂ വരാന്‍ വരെ കാത്തിരിക്കേണ്ട ആവശ്യം ഉണ്ടോ?!

b Studio said...

@വിനയന്‍

ഈ നല്ലവ ഇറങ്ങുന്നത് എങ്ങനെയാണു അറിയുക സുഹൃത്തേ.. അതിനു ആരെങ്കിലും ഒരാളെങ്കിലും പടം പോയി കാണേണ്ടേ.
എങ്കില്ലല്ലേ അയാൾക്ക് നാലാളുകളോട് പറഞ്ഞു പ്രോത്സാഹിപ്പിക്കാൻ കഴിയു.

മോശം എന്ന് എങ്ങനെയാണു താങ്കൾ ഇറങ്ങുന്നതിനു മുൻപേ പ്രവചിച്ചത്. ഇതു പോലെയുള്ള മുൻ വിധികൾ ഉള്ള പ്രേക്ഷക സമൂഹമുള്ളത് കൊണ്ടാണു TD ദാസൻ പോലുള്ള സിനിമകൾ തിയറ്ററിൽ പരാജയമടയുന്നത്. സിനിമ നല്ലതാണോ എന്ന് അറിയാൻ റിവ്യു വരാൻ കാത്തിരിക്കുകയല്ല വേണ്ടത് അത് തിയറ്ററിൽ പോയി കാണുകയാണു വേണ്ടത്.
പിന്നെ സിനിമ ഒരു പാഷൻ ആയതു കൊണ്ട് റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും ഞങ്ങൾ കാണാറുണ്ട്.

കുര്യച്ചന്‍ said...

കോട്ടയത്ത് ഈ സിനിമയുടെ ഇന്‍റര്‍വെല്‍ സമയത്ത് കാണികള്‍ തീയേറ്റര്‍ അടിച്ചു തകര്ത്തു എന്നൊരു വാര്‍ത്ത കേറ്റ് ശരിയാണോ എന്നറിയില്ല പക്ഷേ ഈ ബ്ലോഗും ഇതിലെ കമേന്‍റും കണ്ടപ്പോള്‍ ആ വാര്‍ത്ത ശരിയാവനെ ഇടയുള്ളൂ. ബ്ലോഗിന് ആശംസകള്‍.

ദീപക്‌ said...

'പിന്നെ പ്രൊഡ്യൂസർക്ക് ഒരു വലിയ അബദ്ധം പറ്റി. ബാലക്ക് പകരം പ്രിഥിരാജിനെ അഭിനയിപ്പിച്ചാല്‍ മതിയായിരുന്നു. ഇപ്പോഴത്തെ ഒരു ട്രെന്റ് അനുസരിച്ച് പടം മെഗാ ഹിറ്റ് ആയേനെ.'
പ്രിഥ്വിയെ നന്നായി താങ്ങുന്നുണ്ടല്ലോ... ഇനി ഈ സിനിമ മിനിസ്ക്രീനിൽ വന്നാൽ പോലും കാണില്ല... സുരേഷ്‌ ഗോപി ഇങ്ങനെയാണേൽ അഭിനയം നിർത്തണം....അല്ല പിന്നെ...

Followers

 
Copyright 2009 b Studio. All rights reserved.