താന്തോന്നി അവരുടെ ആഘോഷങ്ങളുടെ തുടക്കമായിരുന്നു. പോക്കിരി രാജ അവർക്ക് ഒരല്പ്പം ക്ഷീണം നൽകിയെങ്കിലും രാവണനിലൂടെ അവരത് പലിശയടക്കം തീർത്തു. അൻവർ ആദ്യ ദിവസം അവരെ ഒന്നു പരിഭ്രാന്തരാക്കിയെങ്കിലും മൂന്നാം ദിവസം മുതൽ അവരെ സന്തോഷത്തിന്റെ കൊടുമുടികളിലെത്തിച്ചു. ത്രില്ലർ വന്നതും പോയതും അധികമാരും അറിഞ്ഞിലെങ്കിലും അവരെ സംബന്ധിച്ച് ഒരു വൻ നേട്ടം തന്നെയായിരുന്നു.
അർജുനൻ സാക്ഷിയിൽ എത്തിയപ്പോൾ ഇതൊരു പതിവായി മാറി എന്ന് കണ്ടതോടെ ആഘോഷങ്ങൾ ഒരു ചടങ്ങ് പോലെയാക്കാൻ അവർ തിരുമാനിച്ചു. പക്ഷെ എല്ലാത്തിനും മറുപടിയുമായി കാലം കാത്തിരിക്കുകയായിരുന്നു. അവരുടെ കഷ്ടകാലം അവസാനം ഉറുമിയുടെ രൂപത്തിലാണു വന്നത്. ഉറുമി റിലീസ് ചെയ്ത് ആദ്യ ഷോ കഴിഞ്ഞതോടെ സ്വസ്ഥത നഷ്ടപ്പെട്ട അവർ തങ്ങളാലാവും വിധം ചെയ്യാവുന്നതെല്ലാം ചെയ്തിട്ടും ഫലം കാണാത്ത നിരാശയിൽപെട്ട് ഉഴലുകയാണു.. അവർ ?
അതെ മലയാള സിനിമയുടെ ചരിത്രം പരിശോധിച്ചാൽ ഒരു നടനെതിരെയും ഈ പറഞ്ഞ കൂട്ടം ഉണ്ടായതായി കാണാൻ കഴിയില്ല. ഒരു നടന്റെ സിനിമകൾക്കെതിരെ അയാളുടെ എതിരാളിയായ നടന്റെ ആരാധകർ പ്രവർത്തിക്കുന്നത് ശരിയെന്നു വെയ്ക്കാം. പക്ഷെ ഇവിടെ ഇക്കാലമൊക്കയും പൃഥ്വിരാജ് എന്ന നടന്റെ സിനിമകൾക്ക് നേരെ പ്രവർത്തിച്ചിരുന്നത് പൃഥ്വിരാജിനെ എതിരാളിയായി കാണുന്ന നടന്റെ ആരാധകർ മാത്രമല്ല, പൃഥ്വിരാജ് ഹേറ്റേഴ്സ് എന്ന് സ്വയം ഒരു ഓമന പേരുമിട്ടു കൊണ്ട് ഉണ്ടാക്കിയ കുറച്ചു പേരും കൂടിയാണു.
മലയാളികൾക്ക് അംഗീകരിക്കാൻ കഴിയാത്ത ഇത്തരം ഒരു കൂട്ടായ്മയിൽ പ്രവർത്തിക്കുന്നവരും അതിനു നേതൃത്വം കൊടുക്കുന്നവരും എന്തു മാത്രം അധഃപതിച്ച ,തീർത്തും തരം താണ ഒരു സംസ്കാരത്തിൽ നിന്ന് ഉടലെടുത്തവരായിരിക്കും എന്ന് നമ്മുക്ക് ഊഹിക്കാവുന്നതേ ഉള്ളു. പൃഥ്വിരാജിന്റെ സിനിമകൾക്കെതിരെ വ്യാജപ്രചരണങ്ങൾ നടത്താനും പൃഥ്വിരാജിന്റെ വ്യക്തിജീവിതത്തിൽ കരിവാരി തേക്കുന്നതിനും പ്രാധാന്യം കൊടുത്ത് പ്രവർത്തിച്ചിരുന്ന ഈ കൂട്ടത്തെ ഇനി എന്നന്നേക്കുമായി മറക്കാം. കാരണം എല്ലാവർക്കും എല്ലാത്തിനുമുള്ള മറുപടി ഉറുമി നൽകി കഴിഞ്ഞിരിക്കുന്നു
മലയാളത്തിലെ ആദ്യത്തെ ഗ്ലോബൽ സിനിമ..! ഇതായിരുന്നു ഉറുമിയുടെ നിർമ്മാണത്തിനു മുൻപ് ഇതിന്റെ അണിയറക്കാർ വിശേഷിപ്പിച്ചിരുന്നത്. മലയാളം, ഹിന്ദി, തമിഴ്, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ റിലീസ് ചെയ്യുന്ന, മലയാളിക്ക് എന്നെന്നും അഭിമാനിക്കാവുന്ന ഒരു ചിത്രം ഇതായിരുന്നു ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരുടെ സ്വപ്നം. ഇത് സാക്ഷാൽക്കരിക്കപ്പെട്ടു എന്ന് നമുക്ക് അഭിമാനത്തോടെ പറയാം. മറ്റ് ഭാഷകളിൽ ഇത് റിലീസ് ചെയ്ത് കാണികളെ വിസ്മയിപ്പിക്കുമ്പോൾ ഇത് ഞങ്ങളുടെ ഭാഷയിൽ ഉണ്ടായ സിനിമയാണു എന്ന് ഏത് മലയാളിക്കും വിളിച്ചു പറയാൻ ധൈര്യം നൽകുന്ന സിനിമ. ഉറുമി..!
അശോക എന്ന പാളിപ്പോയ ശ്രമത്തിന്റെ സംവിധായകൻ, സാധാരണ പ്രേക്ഷകനു തരിമ്പും മനസ്സിലാകാതെ പോയ ഐലൻഡ് എക്സ്പ്രസ്സ് എന്ന സിനിമയുമായി വന്ന തിരകഥകൃത്ത്. റിലീസിന്റെ അന്നത്തെ ആദ്യ ഷോ പോലും ഹൗസ്ഫുൾ ആക്കാൻ കഴിയാത്ത അർജുനൻ സാക്ഷിയിൽ എത്തി നിൽക്കുന്ന താരമൂല്യമുള്ള നായകൻ. ഇവർ മൂന്നും പേരും കൂടി ചേർന്ന് 20 കോടിയോളം മുതൽ മുടക്കിൽ ഒരു സിനിമ ചെയ്യുന്നു എന്ന് കേൾക്കുമ്പോഴെ പലരുടെയും നെറ്റി ചുളിഞ്ഞതാണു.അശോകയിൽ സംഭവിച്ചത് സന്തോഷ് ശിവൻ വീണ്ടും ആവർത്തിക്കും എന്നാണു മിക്കവരും കരുതിയത്. എന്നാൽ ഒരേ അബന്ധം ഒന്നിൽ കൂടുതൽ തവണ വിണ്ഢികൾ മാത്രമേ ആവർത്തിക്കാറുള്ളു എന്നത് വിധിയെഴുത്തുകാർ മറന്നു പോയി. ആഗസ്റ്റ് സിനിമയുടെ ബാനറിൽ പൃഥ്വിരാജിനെ നായകനാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്ത ഉറുമി ഒരു ഗംഭീര സിനിമ. ഇതിഹാസത്തിന്റെ പുതിയമുഖം.
വാസ്കോഡഗാമ ഇന്ത്യ സന്ദർശിച്ച കാലത്തെ സംഭവങ്ങളെ കൂട്ടിയിണക്കി കൊണ്ടാണു ഈ സിനിമ ഒരുക്കിയിരിക്കുന്നത്. അങ്ങനെ ആണെങ്കിലും പൂർണമായും ഒരു ചരിത്ര സിനിമ അല്ല ഇത്. ചരിത്രവും സമകാലീനതയും കൂട്ടിയിണക്കി കൊണ്ട് ഒരു ട്രീറ്റ്മെന്റ് ആണു സിനിമയിൽ. വാസ്കോഡഗാമയ്ക്കെതിരെ കേരളത്തിൽ നടക്കുന്ന പോരാട്ടങ്ങളാണു പ്രമേയം. കഥയെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ സിനിമയുടെ രസം കളയും എന്നതിനാൽ അതിലേയ്ക്ക് കടക്കുന്നില്ല. ചിറയ്ക്കൽ കേളു നായർ എന്ന നായക കഥാപാത്രത്തെ പൃഥ്വിരാജ് മികച്ചതാക്കി. പ്രഭുദേവ, നായികയായി അഭിനയിച്ച ജെനലീയ, ഗസ്റ്റ് റോളിൽ വരുന്ന ആര്യ, വാസ്കോഡഗാമയായി അഭിനയിച്ച നടൻ എന്നിവരെല്ലാം തങ്ങളുടെ വേഷങ്ങൾ നന്നാക്കി.
എടുത്ത് പറയേണ്ട മറ്റൊരു കഥാപാത്രം ജഗതിയുടെതാണു. വിദ്യാബാലന്റെ കഥാപാത്രത്തിനു പെർഫോമൻസിനു വകുപ്പൊന്നുമില്ലെങ്കിലും, എന്താണോ സന്തോഷ് ശിവൻ ഉദ്ദേശിച്ചത് അത് പൂർണമായും നിറവേറ്റിയിട്ടുണ്ട്. താബു ഒരു പാട്ടിൽ മാത്രമായി വന്നു പോയി. ഛായാഗ്രഹണത്തെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ.പശ്ചാത്തല സംഗീതവും സംഘട്ടനരംഗങ്ങളുടെ മികവുമെല്ലാം ഈ മലയാള സിനിമയെ ചിലപ്പോഴൊക്കെ ഒരു ഹോളിവുഡ് തലത്തിൽ എത്തിക്കുന്നുണ്ട്.പഴയകാലത്തെ വീണ്ടും സൃഷ്ടിക്കുന്നതിൽ ഇതിന്റെ കലാസംവിധായകനും വസ്ത്രാലങ്കാര വിഭാഗവും വിജയിച്ചിട്ടുണ്ട്. മൊത്തത്തിൽ ഉറുമി വളരെ മികച്ച സിനിമയാണു. നിങ്ങളുടെ കാശിനു സംതൃപ്തി നൽകുന്ന ഒരു ചിത്രം.
പക്ഷെ ഇങ്ങനെയൊക്കെ ആണെങ്കിലും ഗംഭീര സിനിമ എന്ന നിലയിൽ നിന്ന് മഹത്തരമായ സിനിമ എന്ന നിലയിൽ വാഴ്ത്തപ്പെടുമായിരുന്ന ഒന്നായിരുന്നു ഉറുമി. ശങ്കർ രാമകൃഷ്ണൻ എന്ന തിരകഥകൃത്തിന്റെ കഴിവിനെ ചോദ്യം ചെയ്യുകയല്ല, പക്ഷെ ഇത്തരമൊരു വലിയ സിനിമ ഒരുക്കാനുള്ള അനുഭവസമ്പത്ത് അദ്ദേഹത്തിനായിട്ടില്ല എന്നത് തിരകഥയിൽ പലയിടങ്ങളിൽ സംഭവിച്ചിരിക്കുന്ന പാളിച്ചകൾ നമുക്ക് മനസ്സിലാക്കിതരുന്നു. പക്ഷെ മലയാള സിനിമയിൽ വല്ലപ്പോഴും സംഭവിക്കുന്നതാണു ഇത്തരം ഗംഭീര സിനിമകളെങ്കിലും എന്നുള്ളത് കൊണ്ട് ഈ കുറവുകളെ നമുക്ക് കണ്ടില്ലെന്ന് നടിക്കാം.
പഴശ്ശിരാജയുമായും വടക്കൻ വീരഗാഥയുമായും ഈ സിനിമയെ താരതമ്യം ചെയ്യുന്നതിൽ അർത്ഥമുണ്ടെന്ന് തോന്നുന്നില്ല. കാരണം ചരിത്രം ഒരിക്കലും ആവർത്തിക്കില്ല. ഇനി ആവർത്തിക്കുന്നുവെങ്കിൽ അത് ആദ്യത്തേതിന്റെ പ്രഹസനം മാത്രമായിരിക്കും..! മലയാള സിനിമയിൽ സിനിമ സംസ്കാരത്തിന്റെ ഒരു പുതിയ ചരിത്രം എഴുതി ചേർക്കുകയാണു ഉറുമി..!
*സൂരാജും സലീം കുമാറും ഇല്ല എന്നത് ഒരു ന്യൂനതയായി തോന്നുന്ന ചിലർക്ക് ഈ സിനിമ ഒരു പൊളി പടം,നിരാശപ്പെടുത്തി, വെറും വിഷ്വൽ ട്രീറ്റ് മാത്രം, കാശ് പോയി എന്നൊക്കെ തോന്നാം. അവരോടെല്ലാം കൂടി ഒരൊറ്റവാക്കേ പറയാനുള്ളു..!!
**കഷ്ടം..!!!
ആഗസ്റ്റ് 15
Posted in
Labels:
സിനിമ
Thursday, March 24, 2011

പതിവുകളൊന്നും തെറ്റിയില്ല. 2010 ന്റെ ആവർത്തനം തന്നെ. വീണ്ടുമൊരു ഷാജി കൈലാസ് ദുരന്തം. തുടർച്ചയായി ബിഗ്ബഡ്ജറ്റ് ചിത്രങ്ങൾ നിലയില്ലാതെ പൊട്ടിയിട്ടും വീണ്ടും വീണ്ടും സൂപ്പർതാരങ്ങളുടെഡേറ്റ് കിട്ടികൊണ്ടിരിക്കുന്ന മലയാളത്തിലെ ഏക സംവിധായകനാണു ശ്രീ ഷാജി കൈലാസ്. ഒരുകിടിലൻ സ്ക്രിപ്റ്റ് കിട്ടിയാൽ അത് തന്റെ സംവിധാന മികവ് കൊണ്ട് ഒരു മെഗാഹിറ്റാക്കി മാറ്റാൻ ഷാജികൈലാസിനു കഴിയും എന്ന വിശ്വാസമാണു ഇതിനു പിന്നിൽ. അങ്ങനെ പടങ്ങൾ ഇറങ്ങികൊണ്ടിരിക്കുന്നു, ഇറങ്ങുന്നവ പൊളിഞ്ഞു കൊണ്ടിരിക്കുന്നു.
S.N സ്വാമി. പണ്ട് ആന പുറത്തായിരുന്നു. ഇപ്പോൾ ആട്ടിൻ തൊഴിത്തിലാണു എന്നു മാത്രം. സാജന്റെതിരകഥയിലെ വിശ്വാസമില്ലായ്മ മൂലം രഘുപതിരാഘവരാജാറാം ഉപേക്ഷിക്കാൻ കാട്ടിയബുദ്ധിസാമർത്ഥ്യം എന്തു കൊണ്ട് ഷാജി കൈലാസിനു S.N സ്വാമിയുടെ കാര്യത്തിൽ ഇല്ലാതെ പോയി? സിനിമയുടെ കഥയെപറ്റി കൂടുതൽ പരാമർശിക്കുന്നില്ല. കാരണം ഇത് കാണുമ്പോൾ ഇതിലെ ഒരു സീൻനഷ്ടപ്പെട്ടാൽ ഇതിന്റെ മുഴുവൻ സസ്പെൻസും നിങ്ങൾക്ക് നഷ്ടപ്പെടും(സ്വാമി).
ആഗസ്റ്റ് 1 എന്ന സിനിമയുടെ അതേ ചുവടുപിടിച്ചാണു സ്വാമി ഈ സിനിമയുടെയും തിരകഥ ഒരുക്കിയിരിക്കുന്നത്. ആഗസ്റ്റ് 1 ലെ വില്ലൻ വേഷം ഈ സിനിമയിൽ കൈകാര്യം ചെയ്തിരിക്കുന്നത് സിദിഖ് ആണു. ട്വിസ്റ്റുകളുടെ കാലമായത് കൊണ്ട് സിനിമയുടെ അവസാനത്തിൽ ഒരു ഗംഭീര സസ്പെൻസ് പ്രേക്ഷകർക്കായി ഒരുക്കിയിട്ടുണ്ട്. S.N സ്വാമിയുടെ കരുത്തുറ്റ തിരകഥ ഷാജി കൈലാസ് അത്യുഗ്രമായി സംവിധാനം ചെയ്ത് അതിലെ മമ്മൂട്ടിയുടെ മാസ്മരിക പ്രകടനം കണ്ട് സിനിമയുടനീളം കോരിത്തരിച്ചിരിക്കുന്ന കാണികൾ ഈ ക്ലൈമാക്സ് കൂടി കാണുമ്പോൾ അത്ഭുതപരതന്ത്രരാകുമെന്നും അത് വഴി മലയാളത്തിലെ എക്കാലത്തെയും വലിയ കുറ്റാന്വേഷണ സിനിമ എന്ന പട്ടവും ദ്രോണ മൂലം ഒഴിഞ്ഞ പണപ്പെട്ടിയിൽ കോടികൾ വന്ന് കുമിഞ്ഞു കൂടുമെന്നുമൊക്കെ അരോമ മണി എന്ന നിർമ്മാതാവ് സ്വപ്നം കണ്ടിരിക്കണം.
ഇതുപോലെ ഒരു ഗംഭീര സ്ക്രിപ്റ്റ് കണ്ട ഉടൻ ദ്രോണ എടുത്ത് കട്ടപുറത്ത് കയറിയ അരോമ മണിസാറിനെ വിളിച്ച് ഷാജി കൈലാസിനെ കൊണ്ട് ഇത് ഡയറക്ട് ചെയ്യിപ്പിച്ച് അതിൽ നായകനായി അഭിനയിച്ച മമ്മൂട്ടിയെ പറഞ്ഞാൽ മതി. ഈ കാലത്ത് ആരെയും സഹായിക്കാൻ പോകരുത് എന്ന് ഇതിലൂടെ മമ്മൂക്ക മനസ്സിലാക്കിയാൽ നന്ന്.
*ഉദയ്-സിബിയെ കളിയാക്കുന്നവരോട് ഒരു വാക്ക്...!
**എങ്ങനെയെങ്കിലും അവരുടെ കാലോ കൈയ്യോ പിടിച്ച് ഒരു തിരകഥ ഒപ്പിക്കാൻ നോക്ക്, എങ്കിൽ ഫീൽഡിൽ പിടിച്ച് നിൽക്കാം..!!
***കാര്യം കാണാൻ കഴുത കാലും പിടിക്കുന്ന പോലെ..!!!
കൃസ്ത്യൻ ബ്രദേഴ്സ്
Posted in
Labels:
സിനിമ
Friday, March 18, 2011

റോയൽ സ്റ്റാർ ദിലീപ്, ആക്ഷൻ ഹീറോ സുരേഷ് ഗോപി, സുപ്രീം സ്റ്റാർ ശരത്ത് കുമാർ പിന്നെ നായകനായി യൂണിവേഴ്സൽ സ്റ്റാറും. സംവിധാനം സാക്ഷാല്‍ ജോഷി,നായികമാരായി ലക്ഷ്മി റായ്, കാവ്യ, കനിഹ,ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവർ. ഒപ്പം സഹ അഭിനേതാക്കളായി മലയാളത്തിലെ ഒട്ടു മിക്ക പ്രമുഖനടീനടന്മാരും. പക്ഷെ ഒരു മലയാള സിനിമ വിജയിക്കാൻ ഇന്നത്തെ സവിശേഷ സാഹചര്യത്തിൽ ഇതൊന്നും പര്യാപ്തമല്ല. ബ്ലോക്ക് ബസ്റ്റർ സിനിമക്ക് വേണ്ട അടിസ്ഥാനഘടകം ഈ സിനിമയിൽ ഇല്ലെങ്കിൽ മേൽ പറഞ്ഞ അലങ്കാരങ്ങളെല്ലാം വെറും കെട്ടു കാഴ്ച്ചകളായി മാറും.
അവിടെയാണു ഉദയ്കൃഷ്ണ-സിബി കെ തോമസിന്റെ പ്രസക്തി. ട്വന്റി-ട്വന്റി, പോക്കിരി രാജ എന്നീ മൾട്ടീ സ്റ്റാർ ചിത്രങ്ങൾക്ക് തിരകഥയൊരുക്കി വിജയം സമ്മാനിച്ച ഈ ടീം കൃസ്ത്യൻ ബ്രദേഴ്സിലൂടെയും അത് ആവർത്തിക്കുകയാണു. മലയാളത്തിലെ മൂന്ന് മുൻ നിര നായകന്മാരും ശരത്ത് കുമാറും ഒന്നിക്കുന്ന ഈ ചിത്രത്തിൽ ഒരോ താരത്തിന്റെയും ആരാധകരെ പൂർണമായും തൃപ്തിപ്പെടുത്തുന്ന തരത്തിൽ സിനിമയൊരുക്കാൻ ഇതിന്റെ അണിയറക്കാർക്ക് കഴിഞ്ഞിട്ടുണ്ട്. മറ്റൊരു ട്വന്റി-ട്വന്റി പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകർ നിരാശപ്പെടുകയില്ല എന്ന് സാരം.
ഭൂമാഫിയയും പിന്നെ ഒരു തട്ടികൊണ്ടു പോകലും ട്വിസ്റ്റും ഫ്ലാഷ് ബാക്കും അങ്ങനെ സാധാരണ ചേർക്കാറുള്ള എല്ലാ മിശ്രിതങ്ങളും ചേർന്നതാണു ഇതിന്റെ കഥ. തിരകഥ ഉദയ്-സിബിയുടെതാണെങ്കിൽ പിന്നെ സിനിമയിൽ ലോജിക്ക് തിരയേണ്ടതില്ല എന്ന് എല്ലാ പ്രേക്ഷകർക്കും അറിയാം. അത് അറിഞ്ഞു കൊണ്ട് തന്നെയാണു എല്ലാവരും സിനിമ കാണാൻ എത്തുന്നതും. കണ്ട് പഴകിയ സീനുകൾ വീണ്ടും പൊടി തട്ടിയെടുത്ത് പ്രേക്ഷകരെ ആവേശഭരിതരാക്കുന്ന ചെപ്പടി വിദ്യ ഇത്തവണയും വെന്നിക്കൊടി പാറിച്ചിരിക്കുന്നു. ഫൈറ്റ്, സോഗ്സ്, ഡയലോഗ്സ് ഇതെല്ലാം ആവശ്യത്തിനും ചേർത്ത് പാകപ്പെടുത്തിയെടുത്ത തിരകഥ മികച്ച രീതിയിൽ തന്നെ സിനിമയാക്കാൻ സംവിധായകൻ ജോഷിക്കു കഴിഞ്ഞിട്ടുണ്ട്
"ക്രിസ്റ്റി വർഗ്ഗീസ് എന്ന നായക കഥാപാത്രമായി ആരാധകരുടെ ലാലേട്ടൻ തകർത്താടിയിരിക്കുന്നു. ഇത്തരം റോളുകൾ കൈകാര്യം ചെയ്യാൻ എന്നും മലയാള സിനിമയിൽ ഒരു താരമേ ഉള്ളു അത് മോഹൻലാൽ മാത്രമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു" എന്നൊക്കെ കടുത്ത ലാൽ ആരാധകർക്ക് പറഞ്ഞ് ആശ്വസിക്കാനുള്ള വകുപ്പ് ഈ സിനിമയിൽ ഉണ്ട്. വളരെ നാളുകൾക്ക് ശേഷം തങ്ങളുടെ താരത്തിന്റെ ഒരു ചിത്രത്തിനു ഹൗസ് ഫുൾ കിട്ടിയല്ലോ എന്നോർത്ത് സുരേഷ് ഗോപിയുടെ ആരാധകർക്കും (?) സന്തോഷിക്കാം.
എടുത്തു പറയേണ്ട മറ്റൊരു നായകൻ ദിലീപ് ആണു. കിംഗ് ഓഫ് വറൈറ്റി എന്ന അറിയപ്പെടുന്ന ജനപ്രിയനായകൻ കോമഡിയിലെ വ്യത്യസ്ത ഭാവങ്ങളുടെ രാജാവ് എന്ന തന്റെ സ്ഥാനപേരു ശരിവെയ്ക്കുന്ന തരത്തിലുള്ള അഭിനയമാണു പുറത്തെടുത്തിരിക്കുന്നത്. ട്വന്റിട്വന്റിയിലെ പോലെ തന്നെ ലാലിന്റെ അനിയൻ വേഷം മികച്ചതാക്കാൻ ദിലീപിനു കഴിഞ്ഞിട്ടുണ്ട്. സിനിമയിലെ മറ്റ് ഹാസ്യ താരങ്ങളുടെ നമ്പറുകളെല്ലാം നനഞ്ഞ പടക്കങ്ങളായി മാറുമ്പോൾ കോമഡി വിഭാഗത്തിനു ആശ്വാസം പകരുന്ന പ്രകടനമാണു ദിലീപ് നടത്തിയിരിക്കുന്നത്. ഇതിൽ ദിലീപിന്റെ ആരാധകർക്കും സന്തോഷിക്കാം. ചെറുതെങ്കിലും ശരത്ത് കുമാർ തന്റെ വേഷം നന്നായി തന്നെ അവതരിപ്പിച്ചു. അപ്പോൾ ശരത്ത് കുമാർ ഫാൻസിനും സന്തോഷിക്കാം.
അങ്ങനെ എല്ലാ താരങ്ങളുടെയും ഫാൻസിനു സന്തോഷിക്കാൻ ഇടനൽകി കൊണ്ട് സിനിമ പൂർത്തിയാവുമ്പോൾ നല്ല സിനിമയുടെ ആരാധകർക്ക് സന്തോഷിക്കാനാകുമോ എന്ന ചോദ്യം മാത്രം ബാക്കിയാവുന്നു. വല്ലപ്പോഴും ഒരു പ്രാഞ്ചിയേട്ടനോ ട്രാഫിക്കോ മാത്രം കണ്ട് തൃപ്തിയടയാൻ വിധിക്കപ്പെട്ട ഈ വിഭാഗത്തിന്റെ ഉത്തരത്തിനു ഇന്നത്തെ മലയാള സിനിമയിൽ പ്രസക്തി ഇല്ലാതെയായിരിക്കുന്നു. കാരണം ഇത് സിനിമയാണു സിനിമ, കോടികൾ കൊണ്ടുള്ള ചൂതാട്ടം, ഇവിടെ ജയിക്കുന്നവൻ മാത്രം വാഴുന്നു. എന്തായാലുംവൻ ബഡ്ജറ്റിൽ വർണചിത്ര സുബൈറും എ വി അനൂപും ചേർന്ന് നിർമ്മിച്ച ഈ ചിത്രം ഈ അവധിക്കാലത്തെ ആഘോഷമായി മാറും എന്ന് തീർച്ചയാണു.
*25നു പെരുമാൾ റിലീസ് ചെയ്യാൻ തിയറ്റർ കിട്ടുമോ ആവോ..?
**സിംഹം സിംഗിളാ വരും...!!
Subscribe to:
Posts (Atom)