
ഇരിക്കുന്നതിനു മുൻപ് കാലു നീട്ടരുത് എന്ന് ഒരു പഴഞ്ചൊല്ലുണ്ട് മലയാളത്തിൽ. മലയാള സിനിമയിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ പൃഥ്വിരാജിനും സംഭവിച്ചത് ഇതാണു. മുൻ നിര താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും സൂപ്പർ താരപദവി കൈ വരിച്ചത് ആക്ഷൻ സിനിമകളിലൂടെയാണു എന്നത് കണ്ടിട്ടാവണം അതേ പാതയിൽ സഞ്ചരിക്കാൻ പൃഥ്വിരാജും തിരുമാനിച്ചത്. എന്നാൽ ജനങ്ങളുടെ ഹൃദയങ്ങളിൽ ഇടം നേടിയ ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്തിട്ടാണു ഇവർ സൂപ്പർ സ്റ്റാറും മെഗാസ്റ്റാറുമൊക്കെ ആയി തീർന്നത് എന്ന കാര്യം പൃഥ്വിരാജ് മനസ്സിലാക്കാതെ പോയി.
താര പദവി സ്വന്തമാക്കാൻ മോഹിച്ചു കൊണ്ട് ഇറക്കിയ പൃഥ്വിയുടെ 3 ബിഗ് ബഡ്ജറ്റ് ആക്ഷൻ സിനിമകളാണു 2010ൽ ബോക്സ് ഓഫീസ് പരാജയങ്ങളായി തീർന്നത്. സൂപ്പർ താരമല്ലാത്തവരും താരമൂല്യത്തിൽ തന്നേക്കാൾ പിന്നിലായവരും വലിയ വിജയങ്ങൾ കൈവരിക്കുന്നത് പൃഥ്വിക്ക് നോക്കി നില്ക്കേണ്ടി വന്നു. അത് കൊണ്ട് തന്നെ 2010 നല്കിയ കയ്പേറിയ അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് വളരെ ശ്രദ്ധാപൂർവ്വം സിനിമകൾ തിരഞ്ഞെടുത്ത് നീങ്ങിയാൽ മാത്രമേ തനിക്ക് നിലനില്പ്പുള്ളു എന്ന് തിരിച്ചറിഞ്ഞത് കൊണ്ടാവണം പാസഞ്ചർ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെയും നിരുപകരുടെയും പ്രശംസ ഒരു പോലെ നേടിയ രഞ്ജിത്ത് ശങ്കറുമായി ചേർന്ന് തന്റെ പതിവു ശൈലികളിൽ നിന്നു വേറിട്ട ഒരു സിനിമ ചെയ്യാൻ പൃഥ്വി തിരുമാനിച്ചത്.
ഒരു സാധാരണ ചിത്രമായി വന്ന് അസാധാരണ വിജയം നേടിയ സിനിമയാണു പാസഞ്ചർ. സിനിമയെടുക്കാൻ വർഷങ്ങളുടെ അനുഭവ സമ്പത്തും പ്രമുഖ സംവിധായകരുടെ അസി.ഡയറക്ടർ പദവിയുമൊന്നും ആവശ്യമില്ല പകരം കഴിവും നിശ്ചയദാർഢ്യവും മതി എന്നു പ്രവർത്തിയിലൂടെ തെളിയിച്ച രഞ്ജിത്ത് ശങ്കർ എന്ന യുവ സംവിധായകൻ ആയിരുന്നു ഈ വിജയത്തിനു പിന്നിലെ പ്രധാന ഘടകം.
പാസഞ്ചറിന്റെ വിജയത്തിനു ശേഷം നിരവധി ഓഫറുകൾ അദ്ദേഹത്തെ തേടിയെത്തിയെങ്കിലും വെറുതെ ഒരു സിനിമ എന്നതിനേക്കാൾ ചെയ്യുന്നത് ഒരു മികച്ച സിനിമയാവണം എന്ന തിരുമാനത്തിൽ രഞ്ജിത്ത് ശങ്കർ ഉറച്ചു നിന്നു. പാസഞ്ചറിനു ശേഷം രണ്ട് വർഷത്തെ ഇടവേള കഴിഞ്ഞ് പൃഥ്വിരാജിനെ നായകനാക്കി രഞ്ജിത്ത് ശങ്കർ സംവിധാനം നിർവ്വഹിച്ച സിനിമയാണു അർജുനൻ സാക്ഷി. ലോജിക്കില്ലാത്ത മൂന്നാം കിട കോമഡിയുടെയും പൊട്ടാത്ത ബോംബുകളുടെയും അധോലോക മാഫിയകളുടെയും മറ്റും പഴയ വീഞ്ഞുകൾ പുതിയ കുപ്പികളിലാക്കി വില്ക്കാൻ മലയാള സിനിമ പാടു പെടുമ്പോൾ, മടുപ്പിക്കുന്ന ഇത് ഗത്യന്തരമില്ലാതെ വിഴുങ്ങാൻ സിനിമ പ്രേക്ഷകർ നിർബന്ധിതരാകുമ്പൊൾ ജീവിത യാത്ഥാർത്യങ്ങളോട് ചേർന്നു നില്ക്കുന്ന സിനിമകൾ മലയാള സിനിമക്ക് തികച്ചും ഒരു ആശ്വാസം തന്നെയാണു. പാസഞ്ചറിലെതു പോലെ തന്റെ പുതിയ സിനിമയിലും സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയം തന്നെയാണു സംവിധായകൻ കൈകാര്യം ചെയ്യുന്നത്.
തെളിവുകളില്ല എന്ന പേരിൽ CBI വരെ അന്വേഷിച്ച് തള്ളി കളഞ്ഞ കൊച്ചി ജില്ല കളക്ടറുടെ (മുകേഷ്) കൊലപാതകത്തിനു പിന്നിലെ ശരിയായ പ്രതികളെ സംബന്ധിച്ചുള്ള വിവരങ്ങൾ തനിക്ക് അറിയാം എന്ന് കാണിച്ച് അർജുനൻ എന്ന പേരിൽ ഒരാൾ അയക്കുന്ന കത്ത് ജേർണലിസ്റ്റ് ആയ അഞ്ജലിയുടെ (ആൻ) കൈവശം കിട്ടുന്നിടത്താണു അർജുനൻ സാക്ഷി ആരംഭിക്കുന്നത്. ഈ വിവരം പ്രസിദ്ധീകരിക്കുന്നതോടെ ആരാണു അർജുനൻ എന്ന ചോദ്യത്തിനു ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലായി മാധ്യമങ്ങളും, പോലീസും പിന്നെ കുറ്റവാളികളും.
ഇവിടെയ്ക്കാണു ആർക്കിടെക്റ്റ് റോയ് മാത്യു (പൃഥ്വി) കടന്നു വരുന്നത്. നമ്മുടെ ഇന്നത്തെ സമൂഹത്തിന്റെ ചിന്താഗതിയാണു അർജുനൻ സാക്ഷിയിലൂടെ സംവിധായകൻ വരച്ചു കാട്ടുന്നത്. അനീതികൾക്കും അക്രമങ്ങൾക്കുമെതിരെ കണ്ണടയ്ച്ചു കൊണ്ട് സ്വന്തം മാളികകളിൽ സുരക്ഷിതരാണു എന്ന് കരുതി സസുഖം വാഴുന്നവർ. റോയ് മാത്യുവും ഇവരിൽ ഒരാളാണു. എന്നാൽ യാദൃശ്ചികമായി റോയ് മാത്യു ആണു അർജുനൻ എന്ന് തെറ്റിദ്ധരിക്കപ്പെടുന്നു. കൊച്ചിയിലെ ട്രാഫിക്ക് ബ്ലോക്ക് ഒഴിവാക്കുന്നതിനായി ഒരു മെട്രോ കൊച്ചിയിൽ നടപ്പിലാക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങൾക്കിടയിലാണു കളക്ടർ കൊല്ലപ്പെടുന്നത്. ഇതിനു പിന്നിലുള്ളവരെ നിയമത്തിന്റെ മുന്നിലെത്തിക്കാൻ അർജുനൻ ആയി മാറുന്ന റോയ് മാത്യു നടത്തുന്ന പോരാട്ടങ്ങളിലൂടെയാണു സിനിമ മുന്നേറുന്നത്. ആരാണു യതാർഥ അർജുനൻ എന്ന സസ്പെൻസ് ആദ്യാവസാനം സിനിമയിൽ നിറഞ്ഞു നില്ക്കുന്നു.
പൃഥ്വിയുടെ കരിയറിലെ ശക്തമായ ഒരു കഥാപാത്രമാണു റോയ് മാത്യു. തന്റെ അഭിനയ മികവ് കൊണ്ട് ആ വേഷം ഗംഭീരമാക്കാൻ പൃഥ്വിക്ക് സാധിച്ചിട്ടുണ്ട്.എൽസമ്മ ഫെയിം ആനിനു കാര്യമായി പെർഫോം ചെയ്യാൻ ഇല്ലായിരുന്നുവെങ്കിലും ഉള്ളത് അധികം ബോറാക്കാതെ അഭിനയിച്ചിട്ടുണ്ട്. ഒരു നീണ്ട താര നിര തന്നെ ചിത്രത്തിലുണ്ട്. വില്ലൻ വേഷങ്ങളിൽ എത്തുന്ന ബിജു മോനോൻ, സുരേഷ് കൃഷ്ണ,ആനന്ദ്,നിയാസ് എന്നിവരും പൃഥ്വിയുടെ സുഹൃത്തായി വിജീഷും നല്ല പ്രകടനം കാഴ്ച്ച വെച്ചിട്ടുണ്ട്. കുറച്ചെയുള്ളെങ്കിലും ജഗതിയും മുകേഷും തങ്ങളുടെ റോളുകൾ ഭംഗിയാക്കി. ചിത്രത്തിന്റെ ഹൈലറ്റ് ആകുമെന്ന് കരുതപ്പെട്ടിരുന്ന 40 ലക്ഷം രൂപ ചിലവാക്കി ചിത്രീകരിച്ച കാർ ചേസ് പക്ഷെ പ്രേക്ഷകരിൽ കാര്യമായ പ്രതികരണം ഒന്നും ഉള്ളവാക്കിയില്ല.
ആദ്യ സിനിമ മികച്ചതായത് കൊണ്ട് തന്നെ രഞ്ജിത്ത് ശങ്കർ എന്ന സംവിധായകനിൽ പ്രതീക്ഷ അമിതമായിരുന്നു. പാസഞ്ചറിനെക്കാൾ വലിയ ബഡ്ജറ്റിൽ ഒരു സിനിമ ചെയ്യുമ്പോൾ അത് ഒരു വിജയ ചിത്രമാക്കി മാറ്റി തന്റെ കാലിബർ, താൻ ഒരു വൺഫിലിം വണ്ടർ മാത്രമല്ല എന്ന് തെളിയിക്കേണ്ട ബാധ്യത സംവിധായകനു ഉണ്ടായിരുന്നു. ഒരു വലിയ താരനിരയും അജയനൻ വിൻസ്ന്റ് പോലുള്ള മികച്ച അണിയറ പ്രവർത്തകരും വ്യത്യസ്ഥമായ ഒരു പ്രമേയവും ഉണ്ടായിട്ടു പോലും ഈ ചിത്രം പ്രേക്ഷകർ സ്വീകരിക്കുമോ എന്ന ചോദ്യം, ആരാണു അർജുനൻ എന്ന ചോദ്യത്തോടൊപ്പം തന്നെ ഉയർന്നു നില്ക്കുന്നു. ഈ സിനിമ എല്ലാ തരം പ്രേക്ഷകരും കാണണം എന്ന ഉദ്ദേശത്തോട് കൂടിയാണു എടുത്തിരിക്കുന്നതെങ്കിൽ, ഇതിന്റെ ഉയർന്ന മുതൽ മുടക്ക് തിയറ്ററിൽ നിന്നു തന്നെ തിരിച്ചു പിടിക്കണം എന്നതാണു ഇതിന്റെ അണിയറക്കാരുടെ ലക്ഷ്യം എങ്കിൽ അത് പൂർണ്ണമായും നിറവേറ്റാൻ ഈ സിനിമക്ക് കഴിഞ്ഞിട്ടില്ല എന്നതാണു ഖേദകരമായ വസ്തുത. കാരണം പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ച് സിനിമകൾ എടുത്താലെ അവർ അതിനെ സ്വീകരിക്കു. അല്ലെങ്കിൽ സ്വന്തം അഭിരുചികൾ പ്രേക്ഷകർക്ക് സ്വീകാര്യമാക്കാനുള്ള കഴിവുണ്ടാകണം. ഇല്ലെങ്കിൽ എത്ര വലിയ സ്റ്റാർ അഭിനയിച്ചാലും എത്ര വലിയ ഡയറക്ടറുടെ പടമായാലും ജനം തിരസ്കരിച്ചു കളയും.
അർജുനൻ സാക്ഷി വിജയിച്ചാലും ശരി പരാജയപ്പെട്ടാലും ശരി,ചിരിപ്പിക്കുന്ന സിനിമകൾ ഉണ്ടാകുന്നതിനോടൊപ്പം തന്നെ ചിന്തിപ്പിക്കുന്ന സിനിമകളും ഉണ്ടാവേണ്ടത് നമ്മുടെ സിനിമയുടെ വളർച്ചയ്ക്ക് ആവശ്യമാണു. ഇല്ലെങ്കിൽ മെഗാഹിറ്റുകൾ എന്ന പേരിൽ പരിചയപ്പെടുത്തി കൊണ്ട് കാണിക്കുന്ന പല ചിത്രങ്ങൾക്ക് നേരെയും വരും തലമുറ കാർക്കിച്ച് തുപ്പുന്നത് കുനിഞ്ഞ ശിരസ്സോടു കൂടി ഏറ്റു വാങ്ങേണ്ടി വരും...!